മിലിട്ടറി റിക്രൂട്ട്മെന്റിന്റെ ഫിസിക്കല്‍ ടെസ്റില്‍ പരാജയപ്പെട്ട് സങ്കടത്തോടും അപമാനത്തോടും മാധവന്‍ പൊള്ളുന്ന നട്ടുച്ചയ്ക്ക് നഗരത്തില്‍ നട്ടം തിരിയുകയായിരുന്നു. അസ്വസ്ഥത ഉരുണ്ടുരുണ്ട് കൂടി അവന്റെ മനസ്സ് ഒരു വഴിക്കെത്തിയിരുന്നു. ഒരു മിനിസൊമാലിയയാരുന്നു മാധവന്റെ ജീവതം. ഭക്ഷ്യപ്രതിസന്ധിയും സാമ്പത്തികപ്രതിസന്ധിയും ഒരിക്കലും വിട്ടുമാറാത്ത അസുഖങ്ങളായി അവനേയും അവന്റെ കുടുംബത്തേയും വിടാതെ പിന്തുടര്‍ന്നിരുന്നു. അത് പരിഹരിക്കപ്പെടാനുള്ള ഒടുക്കത്തെ ഒരു മാര്‍ഗ്ഗമായിരുന്നൂ മിലിട്ടറി റിക്രൂട്ട്മെന്റ്. പ്രായപരിധി നോക്കിയാല്‍ ഇതവന്റെ അവസാനത്തെ ചാന്‍സായിരുന്നു. പരാജയങ്ങളുടെ ഒരു മെഗാസീരിയില്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന ഇങ്ങനെയൊരു ജീവിതമെന്തിന് എന്നാലോചിച്ചപ്പോള്‍ ഇപ്പോള്‍ കരഞ്ഞേക്കുമെന്ന് അവന് തോന്നി. നഗരവും ആളുകളും വെറും രൂപങ്ങളായി തോന്നി അവന്. ആളുകളില്‍ പല തവണ തട്ടി അവനും തട്ടേറ്റവരും വീഴാന്‍ പോവുകയും എവിടെ നോക്കിയാണെടോ നടക്കുന്നത് എന്ന ഉച്ചവിളികള്‍ അവന് കേള്‍ക്കേണ്ടി വരികയും ചെയ്തു. സങ്കടം കുറച്ചടക്കാന്‍ ജിസം സിനിമയുടെ പോസ്റ്റര്‍ നോക്കിനില്‍ക്കവെയാണ് ഒരു ചുവന്ന ആള്‍ട്ടോ അവന് മുന്നില്‍ സഡണ്‍ ബ്രേയ്ക്കിട്ടത്. അടുത്ത ചീത്തവിളിക്കായിരിക്കുമെന്ന് പ്രതീക്ഷിച്ച് കറുത്തഗ്ളാസ്സ് തുറക്കുന്നതും കാത്ത് ഭവ്യതയോടെ അവന്‍ നിന്നു. കറുത്ത ചില്ല് പാതി തുറന്ന് കറുത്ത കണ്ണടയിട്ട ഒരു കറുത്ത തല അവനിലേക്ക് ജിറാഫായി.
അവന് തലയാട്ടി.
-എന്നെ മനസ്സിലായില്ലേ..
ഇല്ല എന്ന് അവന്‍ തലയാട്ടി.
-വാ കയറ്, പതിയെ മനസ്സിലാവും..
മടിച്ചുനില്‍ക്കാതെ മാധവന്‍ മുന്നില്‍ തന്നെ കയറി. കാര്‍ അടിച്ചുവിട്ടപ്പോള്‍ കറുപ്പുകാരന്‍ കണ്ണട ഊരി വിരലിലിറുക്കി അവനെ വീണ്ടും നോക്കി. അവനും നോക്കി.
-എടാ കുമാരാ... കുഞ്ഞിക്കുഞ്ഞിക്കുറുക്കാ...
മാധവന്‍ അറിയാതെ അവന്റെ ഗിയറിന് മേല്‍ വെച്ച കൈ പിടിച്ച് ഒരു തിരി. വണ്ടി ഒന്ന് പാളിയെങ്കിലും കുമാരന്റെ സാമര്‍ത്ഥ്യത്തില്‍ വണ്ടി നിയന്ത്രണം വീണ്ടെടുത്തു.
കുമാരന്‍ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ടിരുന്നു.
-എന്നാലും കുമാരാ.. നീ ഇങ്ങനെ കാറെല്ലം ഓടിച്ച്.. ഈശ്വരാ, എനിക്ക് ഒറ്റപ്പിടി വിശ്വസിക്കാനാവുന്നില്ല..
ബ്രേയ്ക്കി•ല്‍ എപ്പോഴും ഒരു കാല് വെക്കണമെന്നത് പോലെ കുമാരന്‍ ചിരി നിര്‍ത്തിയില്ല. കുമാരന്റെ മഞ്ഞപ്പല്ലുകള്‍ കാട്ടിയുള്ള വളിച്ച ചിരിയായിരുന്നു അവന്റെ ട്രേഡ് മാര്‍ക്കെന്ന് മാധവന്‍ ഓര്‍ത്തു.
ഓര്‍ത്തുതുടങ്ങിയാല്‍ തുടര്‍ച്ച എന്തായാലുമുണ്ടാവുമല്ലോ.
1998-ല്‍ കാലിച്ചാംപൊതി എന്ന വെളിച്ചം നേരെയെത്താത്ത സ്ഥലത്ത് നിന്ന് നെഹ്റു കോളേജിലേക്ക് വീട്ടുകാരുടെ പ്രതീക്ഷകളുടെ ഭാരവും പേറി പ്രീഡിഗ്രിക്കാരനായെത്തിയ കാലത്താണ് മാധവന്‍ കുമാരനെ പരിചയപ്പെടുന്നത്. നഗരം നഗരം മഹാസാഗരം എന്ന പാട്ട് അന്ന് കേട്ടിരുന്നില്ലെങ്കിലും നഗരം കണ്ട് മാധവന്‍ ശരിക്കും അന്തണവരം വിട്ട സമയം. കോളേജിലെ പോഷ്കുട്ടികള്‍, വ്യത്യസ്തവസ്ത്രരീതികള്‍, സംസാരങ്ങള്‍. അപകര്‍ഷത എന്ന അടിസ്ഥാന സ്വാഭാവം സട കുടഞ്ഞെഴുന്നേറ്റ് ആടിത്തുടങ്ങിയപ്പോള്‍ രണ്ടാമത്തെ പീരീഡ് കഴിയുമ്പോഴേക്കും ക്ളാസ്സും കട്ട് ചെയ്ത് അവന്‍ വീട്ടിലേക്ക് നിഷ്ക്രമിച്ച് തുടങ്ങി. എന്താടാ ക്ളാസ്സില്ലേ എന്ന് പശുവിനെ അഴിച്ച് കൊണ്ട് വരുന്ന അമ്മ ചോദിക്കുമ്പോള്‍, 'ഹൊ, ഇന്നും എസ്എഫ് ഐ സമരം..' എന്ന ഉത്തരം അഴിച്ച് വിട്ട് അവന്‍ മുറിയിലേക്ക് നിശബ്ദനാകും.
ദിവസങ്ങള്‍ കൊഴിഞ്ഞുകൊഴിഞ്ഞ് പോകുന്നു. മറ്റുള്ളവര്‍ ഗ്രാവിറ്റേഷനും ന്യൂട്ടന്റെ നിയമങ്ങളുമായി അന്താരാഷ്ട്രചര്‍ച്ച നടത്തുമ്പോള്‍ മാധവന്‍ കെ.എസ്.യു വക 'ശശീന്ദ്രന്‍ കാരക്കടവത്ത് സ്മാരക ബസ്സ്സ്റ്റോപ്പി'ല്‍ നാട്ടിലേക്കുള്ള ബസ്സ് കാത്തുനില്ക്കും. അങ്ങനെ കാലം കടന്നു പോകുന്ന നേരമാണ് കുമാരനെ പരിചയമാവുന്നത്. പറഞ്ഞ് വരുമ്പോള്‍ കുമാരന്‍ മാധവന്റെ ക്ളാസ്സിലാണ്.(ഓരോ ക്ളാസ്സിലും 80-ല്‍ അധികം പേരുണ്ടാവും. അതുകൊണ്ട് തന്നെ അന്യോന്യം പരിചയപ്പെടാനുള്ള സാദ്ധ്യത കുറവാണ്. ക്ളാസ് കട്ട് ചെയ്താലും ആരും അറിയാനും പോകുന്നില്ല. അവസാനം എടുത്ത്പോയേക്കാവുന്ന ഗ്രൂപ്പ്ഫോട്ടോ നോക്കി, ഇവന്‍ എന്റെ ക്ളാസ്സില്‍ ഉണ്ടായിരുന്നല്ലേ എന്ന് കുറേക്കാലം കഴിഞ്ഞ് അതിശയപ്പെടാം എന്നേയുള്ളൂ.) അവനും മാധവനെപ്പോലെ പ്രത്യയശാസ്ത്രപരമായി ക്ളാസ്സുകളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ കട്ട് ചെയ്ത് കറങ്ങിനടക്കുകയാണ്. എളേരിത്തട്ടിലാണ് വീട് എന്നത് കൊണ്ട് കോളേജില്‍ എത്താന്‍ വൈകും. നേരത്തേ പോയാലും വീട്ടിലെത്താനും വൈകും. കരിക്കിട്ട പോലെ കറുത്ത ഉടലില്‍ കനല്‍ക്കട്ട പോലെ ചുവന്ന് കലങ്ങിയ കണ്ണുകളും ബ്രസീലിന്റെ ഫുട്ബോള്‍ ജഴ്സികള്‍ പോലെ മഞ്ഞ പിടിച്ച് നിരന്ന് നില്‍ക്കുന്ന പല്ലുകളും അവന്റെ ലാന്റ് മാര്‍ക്കുകളായി. തങ്ങള്‍ കണ്ടുമുട്ടാന്‍ വൈകിയല്ലോ എന്ന് അവര്‍ പരസ്പരം മൌനത്തില്‍ പറഞ്ഞു.
മാധവന്‍ ഇറങ്ങുമ്പോഴായിരിക്കും കുമാരന്‍ എത്തുക. 'ക്ളാസ്സില്‍ പോകേണ്ടേ..?' എന്ന് മാധവന്‍ ചോദിക്കുമ്പോള്‍ കുമാരന്‍ ഒരു വലിയ ചിരി ചിരിക്കും. പിന്നെയൊന്നുമാലോചിക്കാതെ അവര്‍ തീര്‍ത്ഥങ്കരക്കുളക്കരയിലിരുന്ന് ലോകത്തിന്റെ പോക്കിനെക്കുറിച്ച് ഘോരഘോരം സംസാരിക്കും. തീര്‍ത്ഥങ്കരഷാപ്പില്‍ നിന്ന് അവര്‍ കൈയ്യിലുള്ള പൈസയ്ക്ക് കള്ളുകുടിച്ചു. കുറുക്കന്‍ എന്ന് മാധവന്‍ കുമാരന് വിളിപ്പേരിട്ടു. പേര് പോലെ സ്ത്രീവിഷയത്തില്‍ കുമാരന്‍ ശരിക്കും കുറുക്കനായിരുന്നു. ഒരു പെണ്ണും അവന്റെ മുഖത്ത് നോക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും വിരലിലെണ്ണാന്‍ കഴിയാത്ത വിധം സ്ത്രീകളുമായി അവന് അടുത്തബന്ധമുണ്ടായിരുന്നു. ഇതെങ്ങെനെ സാധിച്ചെടുക്കുന്നതെന്നോര്‍ത്ത് മാധവന്‍ എപ്പോഴും അല്‍ഭുതപ്പെടാറുണ്ട്. മറ്റേക്കഥകളുടെയും മറ്റേ സംഭവങ്ങളുടേയും ഒടുങ്ങാത്ത ഖനിയായിരുന്നു അവന്‍. രണ്ടെണ്ണം അകത്ത് ചെന്നാല്‍ കുമാരന്‍ എല്ലാം പറയും. കാമം വന്ന് മാധവന്‍ ഷാപ്പിന്‍കരയിലെ തെങ്ങിനെ ചേര്‍ത്തുപിടിച്ച്
'കുഞ്ഞിക്കുഞ്ഞി കുറുക്കാ
നിനക്കെന്തു ബെരുത്തം
എനിക്കന്റേട്ടാ
തലക്കുത്തും പനിയും
അയിനെന്തു ബൈദ്യം
അതിനുണ്ടു ബൈദ്യം
കണ്ടത്തില്‍ പോണം
കക്കിരി പറിക്കണം
കറമുറ തിന്നണം
പാറമ്മല്‍ പോണം
പറ പറ തൂറണം
കൂക്കി വിളിക്കണം
കൂ കൂ കൂ കൂ...' എന്ന് കൂക്കുക പതിവായിരുന്നു.
ഒരു ദിവസം കുമാരന്‍ മാധവനോട് പറഞ്ഞു: നീ മറ്റന്നാള്‍ ഏളേരീല് വാ. പൊട്ടന്‍തെയ്യംണ്ട്. ഞാനാ കെട്ടുന്നേ..
മാധവന്‍ ത്രസിച്ചു.
-അപ്പൊ മട്ട് നക്കാനും പെണ്ണുങ്ങളെ വളക്കാനും മാത്രോല്ല.. തെയ്യം കെട്ടാനും നെനക്കറിം...
അവന്‍ ചിരിച്ചു.
അവന്‍ മാധവന് ടൌണില്‍ നിന്ന് എളേരിലേക്കുള്ള ബസ്സിന്റെ സമയവും വീട്ടിലേക്കെത്തെണ്ട വഴിയും കൃത്യമായി വരച്ചും എഴുതിയും തന്നു. അന്ന് ഇന്നത്തെപ്പോലെ മൊബൈലൊന്നും സര്‍വ്വവ്യാപിയായിട്ടില്ലല്ലോ.
''വരൂടാ..' എന്നുറപ്പ് കൊടുത്ത് ബസ്സില് കയറിയ മാധവനെ കാത്ത് അച്ചാച്ചന്‍ കാഞ്ഞങ്ങാട് സിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റകാനായി ശ്വാസം ഉച്ചത്തില്‍ വലിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു.
പിന്നെ മാധവന്‍ അവനെ കണ്ടിട്ടില്ല. കുമാരന്‍ കോളേജില്‍ വന്നില്ല. അവനില്ലാത്തതിന്റെ ഏകാന്തത തീര്‍ക്കാന്‍ മാധവന്‍ സ്വയം ക്ളാസ്സുകളിലേക്ക് തള്ളിക്കയറ്റി. കഷ്ടിമുഷ്ടി പ്രീഡിഗ്രി കടന്നും കൂടി.
അതിന് ശേഷം 8 വര്‍ഷങ്ങള്‍. മാധവന്‍ ഇപ്പോഴും അന്നത്തെ മാധവന്‍ തന്നെ. ഇപ്പോഴും അച്ചാച്ചന്റെ സൈറണ്‍വിളി തന്നെയാണ് മാധവന്റെ പുലര്‍ച്ചകളെ ധന്യമാക്കുന്നത്. കടം വാങ്ങലും തിരിച്ചുകൊടുക്കാതിരിക്കലും തന്നെയാണ് ഇപ്പോഴും മാധവന്റെ ദിനചര്യ. രണ്ടറ്റത്തുള്ള ജീവിതത്തെ കൂട്ടിമുട്ടിക്കുകയെന്നതാണ് മാധവന്റെ പെടാപ്പാട്. എന്നാലും കുമാരാ, നിന്റെയീ മാറ്റം.. എന്റെ പള്ളീ...
-നീയിതെങ്ങെനെ ഇവിടെ...
ഓര്‍മയില്‍ നിന്ന് തിരിച്ചുവന്നയുടനെ മാധവന്‍ കുമാരനോട് ചോദിച്ചു.
കുമാരന്‍ ഉത്തരം പറയും മുമ്പേ അവന് തുടരെത്തുടരെ ഫോണുകള്‍ വന്നു. റെസ്റ്റോറന്റില്‍ എത്തും വരെ അത് നീണ്ടു. ബാലന്‍സില്ലാത്ത പട്ടിയെയെറിയാന്‍ അനുയോജ്യമായ തന്റെ ഫോണിലേക്കും കുമാരന്റെ കറുത്ത ഫോണിലേക്കും മാധവന്‍ മാറിമാറിനോക്കി ഒരു നിശ്വാസം പൊഴിച്ചു.
-നിനക്കെന്താ വേണ്ടേ..
ഫോണ്‍ മേശ മേല്‍ വെച്ച് കുമാരന്‍ ചോദിച്ചു.
-എന്തും.. നിന്റെയിഷ്ടം..
-വോഡ്ക പറ്റുമല്ലോ..
-എന്തും ഏതും പോതും..
വീട്ടില്‍ നിന്ന് ചേച്ചി വിളിച്ചു. എടാ.. ബാങ്കില്‍ നിന്ന് നോട്ടീസ് വന്ന്ട്ട്ണ്ട്. പലിശ അടച്ചുതീര്‍ത്തില്ലേല് വേറെ വഴി നോക്കംന്നാ...
മീറ്റിംഗിലാണ്, ഇപ്പൊ വിളിക്കാംന്ന് പറഞ്ഞ് മാധവന്‍ കട്ട് ചെയ്തു.
കുമാരന്‍ മാധവനെത്തന്നെ ഉറ്റുനോക്കി.
-നിന്റെ കാര്യങ്ങള് പറയെടാ കേള്‍ക്കട്ടെ..
-എന്ത് പറയാന്‍ടാ.. ഇത് തന്നെ, ജോലിക്കായുള്ള തെണ്ടല്‍. അച്ചാച്ചന്റെ അസുഖം, ചേച്ചിയുടെ കല്ല്യാണക്കാര്യം. പൈസ തൊട്ട് തീണ്ടിട്ടിയില്ലാത്ത ഏത് മലയാളിയും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തന്നെ. പണമെന്നത് വെറുമൊരു കടലാസ് കഷണങ്ങളാണേലും ബന്ധങ്ങളൊക്കെയുണ്ടാവണേല്‍ അതില്ലാതെ പറ്റില്ലെടാ...
രണ്ടെണ്ണം അടിക്കുന്നത് വരെ കുമാരന്‍ ഒരക്ഷരം ശബ്ദിച്ചില്ല. ഇവനോട് എന്ത് ചോദിക്കേണ്ടു എന്ന് മാധവന്‍ ഇതികര്‍ത്തവ്യാമൂഢനായി.
ഒന്ന് തല കുലുക്കിയപ്പോള്‍ അവന്‍ മൂഡിലായി. അവന്‍ പഴയ കുമാരനായി.
-എത്ര കാലായിടാ കാണാഞ്ഞിട്ട്.. അന്ന് തെയ്യത്തിന് വരാംന്ന് പറഞ്ഞിട്ട് നീ വന്നില്ലല്ലോ...
അവന്‍ പരിഭവത്തിന്റെ കണ്ണിറുക്കി. ചിക്കന്റെ കാല് ദേഷ്യത്തില്‍ കടിച്ചുവലിച്ചു.
മാധവന്‍ അച്ചാച്ചന്‍മഹാത്മമ്യം വിവരിച്ചു.
-അന്ന് നീ വരാത്തത് എന്തായാലും നന്നായി. തട്ട്മ്മ കേറ്ന്നേന് മുമ്പ് ഉഷാറിന് വേണ്ടി ഞാന്‍ അരക്ക്ളാസ് റാക്ക് കയിച്ചു. പിന്നെ എന്തിന് പറയ്ന്ന് തല പൊന്ത്ന്നില്ല. ഫിറ്റ് കേറി വയനാടന്‍ചുരം പോലെ വളയലായി നാവ്. കിട്ടീ തല്ല്. തല്ല്ന്ന് പറഞ്ഞാല്‍ എമ്മാതിരി തല്ലാണ്. കണ്ണീന്ന് അനന്തകോടി നക്ഷത്രങ്ങളാ പാറിപ്പറന്നുകളിച്ചത്..
മാധവന്‍ ചിരിച്ചു.
-ആ തല്ലോട് കൂടി ഞാന്‍ കയ്ച്ചലായി. പിന്നെ എളേരീല് നിന്നില്ല. മാനക്കേട് മൂത്ത് നാട് വിട്ടു. കുറച്ചുകാലം മംഗലാര്ത്തായിരുന്നു. ഇവിടെയെത്ത്യതോടെയാണ് കാര്യങ്ങള് പച്ച പിടിച്ചുതൊടങ്ങ്യത്..
-ഇവിടെത്തീട്ടെങ്ങെനെ..?
കുമാരന്‍ ചിരി അവസാനിപ്പിച്ചു.
അവന്‍ തന്റെ വില കൂടിയ മൊബൈല്‍ ഉയര്‍ത്തിക്കാണിച്ചു.
-ഇത് തന്ന്യാ എന്റെ പണി..
മാധവനൊന്നും മനസ്സിലായില്ല. അവന്‍ കുമാരനെ മിഴിച്ച് നോക്കി.
-കുരുത്തം കെട്ട പെണ്ണുങ്ങള്‍ ഈ നാട്ടില് നല്ലോണമുണ്ടല്ലോ. ഒന്നറിഞ്ഞ് ഇറങ്ങിയാ സംഗതി ക്ളീന്‍.. അതിനുള്ള വഴിയാണീ സാധനം...
മാധവന് അപ്പോഴും ഒന്നും മനസ്സിലായില്ല.
-കാര്യം തെളിച്ചുപറ...
-ഈ പൊട്ടന്‍.. പെണ്ണുങ്ങളെ പ്രേമിപ്പിക്കുക. അവരെ കടത്തുക. അത്ര തന്നെ. കഷ്ടപ്പാട് കൊറേയ്ണ്ട്. ന്നാലും നമ്മ്ടെ ട്രാക്കിലേക്ക് അവളുമാര് കയറിക്കൊള്ളും. അവളേയും കൊണ്ട് ഒളിച്ചോടുന്നു. വീട്ടുകാരെയൊക്കെ നിഷേധിച്ച് വിപ്ളവം ചെയ്തൂ എന്ന ഭാവത്തോടെയുള്ള അവളുമാര്ടെ അപ്പൊഴത്തെ ഇരിപ്പ് കാണുമ്പം ചിരി വരും. ഞാന്‍ ഒന്നും ചെയ്യേണ്ടതില്ല. അവര് പറയ്ന്ന ഹോട്ടലില്‍ ഒരു രാത്രി അവളോടൊത്ത് കഴിഞ്ഞാ മതി. പിന്നെല്ലം മേലുദ്യോഗസ്ഥരാ തീരുമാനിക്കുന്നത്..
മാധവനില്‍ ഒരു ആളല്‍ പടര്‍ന്നു.
കുമാരന്‍ അടുത്ത പെഗ്ഗ് ഒറ്റവലിക്ക് തീര്‍ത്തു.
-ഇപ്പോ ഞാന്‍ പ്രമോഷനായെടാ. പെണ്ണുങ്ങള്‍ടെ പിറകേ നടക്കേണ്ട. അതിന് എനിക്ക് കീഴില്‍ ആളുകളായി. അവര് വളച്ചോണ്ട് വരുന്ന പെണ്ണുങ്ങളെ മൊകളിലേക്ക് കയറ്റിവിട്ടാല്‍ മാത്രം മതി... സുഖം പരിപാടി..
മാധവന്റെ തൊണ്ടയിലെ വെള്ളം വറ്റി.
-നല്ല ബിസ്സിനസ്സാടാ.. ഒടുങ്ങാത്ത ത്രില്ലാണ് ഇതിന്റെ കെമിസ്ട്രി. നേക്ക് അറിഞ്ഞ് കളിക്കാനറിയണം പക്ഷേ. എനിക്ക് പെണ്ണുങ്ങളില്‍ പണ്ടേ രണ്ട് കണ്ണുള്ളത് നിനക്കും അറിയാവുന്ന പരസ്യമാണല്ലോ...
ഒരു സവാളക്കഷണം കുമാരന്‍ വായിലേക്കിട്ടു. മാധവന് ചര്‍ദ്ദിക്കാന്‍ മുട്ടി.
-ഒന്നിനെക്കുറിച്ചും ആലോചിക്കാണ്ടിരുന്നാല്‍ സുഖാടാ... പരമസുഖം.. നിനക്ക് ഇന്ററസ്റുണ്ടേല്‍ അറിയിക്കൂ.. ഞാന്‍ കമ്പിനിയില്‍ പറയാം. ഡബ്ള്‍ഡമാക്ക കമ്മീഷനാണ്‍ടാ... നിന്റെ ഫിനാന്‍ഷ്യല്‍ ക്രൈസിസെല്ലാം ഡപ്പേന്ന് സോള്‍വാകും...
മാധവന്‍ ഒന്ന് ചിരിച്ചു. എസിയുടെ വലിയ തണുപ്പിലും അവന്‍ വിയര്‍ത്തു.
പിന്നെയും കുമാരന്‍ പറഞ്ഞുകൊണ്ടിരുന്നു. തന്റെ കൈയ്യിലേക്ക് വന്ന പെണ്ണുങ്ങളെക്കുറിച്ച്. അവര്‍ ഉണ്ടാക്കിയ സുഖത്തെക്കുറിച്ച്. തനിക്ക് കൈവന്ന സൌഭാഗ്യങ്ങളെക്കുറിച്ച്. കേള്‍ക്കുന്തോറും മാധവന് കുമാരനോടുള്ള ഭീത വര്‍ദ്ധിച്ച് കൊണ്ടിരുന്നു. എങ്ങനെയെങ്കിലും ഇവിടെ നിന്ന് പോയിക്കിട്ടിയാല്‍ മതിയെന്നായി മാധവന്.
ഒടുവില്‍ വൈകുന്നേരത്തോടെ കുമാരന്‍ മാധവനെ റെയില്‍വേസ്റ്റേഷനില്‍ ഇറക്കിവിട്ടു. നൂറിന്റെ രണ്ട് നോട്ടുകള്‍ ബലത്തില്‍ കുമാരന്‍ മാധവന്റെ കീശയില്‍ പിടിപ്പിച്ചു.
വെയിലൊടുങ്ങിയിരുന്നു. നിരത്തിലൂടെ പോകുന്ന വാഹനങ്ങള്‍ ലഹരിയില്‍ ഇരട്ടിയാര്‍ജ്ജിച്ചു. ട്രെയിന്‍ വരുന്നത് വരെ കുമാരന്‍ മാധവനൊപ്പം നിന്നു. കയറുന്നതിന് മുമ്പ് മാധവനോട് കുമാരന്‍ ഒച്ച താഴ്ത്തി: ഞാന്‍ ബാറില്‍ വെച്ച് പറഞ്ഞത് നീ പുറത്ത് പറഞ്ഞാല്‍ മാധവാ, എനിക്ക് ഒന്നും സംഭവിക്കില്ല. നിനക്കെന്തേലും സംഭവിക്കും...
കുമാരനെ നോക്കിയാല്‍ ഭയന്ന് താന്‍ ഇല്ലാതാവുമെന്ന് മാധവന് തോന്നി. ട്രെയിനില്‍ കയറി അവന്‍ മുഖം തറയിലേക്കുറപ്പ് സീറ്റില്‍ കുത്തിയിരുന്നു.
വീട്ടിലേക്കുള്ള വരമ്പ് കയറുമ്പോള്‍ വാഴക്കണ്ടത്തില്‍ നിന്ന് കുറുക്ക•ാര്‍ ഉച്ചത്തില്‍ ഓരിയിടാന്‍ തുടങ്ങി. ഏറെക്കാലമായല്ലോ കുറുക്ക•ാരുടെ ഓരിയിടല്‍ കേള്‍ക്കാതായിട്ടെന്ന് മാധവന്‍ ഓര്‍ത്തു. വരമ്പില്‍ വഴുതാതിരിക്കാന്‍ ആവത് ശ്രദ്ധിച്ച് നടന്നെങ്കിലും മാധവന്‍ വീണു. ചളിയില്‍ കാല്‍ പൂഴ്ന്നു. പുല്ലിന്‍തലപ്പുകളിലിരുന്ന് മിന്നാമിനുങ്ങുകള്‍ മാധവന് നേര്‍ക്ക് ടോര്‍ച്ചടിച്ചു.
ഉമ്മറത്ത് നിന്ന് കാല് കഴുകുമ്പോള്‍ ചേച്ചി പുറത്തേക്ക് വന്നു.
-കുറേ നേരായിടാ ഒരറിയാത്ത നമ്പറിന്ന് മിസ്സ്കോള്‍ വരുന്ന്. ബാലന്‍സില്ലാത്തോണ്ട് ഞാന്‍ വിളിക്കാന്‍ പോയില്ല... ആരപ്പാ അത്...
കൈകളില്‍ കോരിയെടുത്ത വെള്ളത്തിലേക്ക് കണ്ണുകളിട്ട് മാധവന്‍ തെല്ലിട നിന്നുപോയി. കൈ വിറച്ചു, വെള്ളം വിടവകുളിലൂടെ ഊര്‍ന്നുപോയി.
വാഴക്കണ്ടത്തില്‍ നിന്ന് കുറുക്ക•ാരുടെ ഓരിയിടല്‍ ഇപ്പോഴും കേള്‍ക്കാം.