K G Suraj

ജന്ദർമന്ദർ ഓർമ്മിപ്പിക്കുന്നത്

സ്വതന്ത്ര ഇന്ത്യ അതിന്റെ 76 വർഷക്കാലത്തെ സംഭവബഹുലമായ രാഷ്ട്രീയ ചരിത്രത്തിൽ ഇദംപ്രഥമമായി സമാനതകളില്ലാത്തൊരു ജനകീയ സമരത്തിന് സാക്ഷ്യം വഹിച്ചു. 2024 ഫെബ്രുവരി മാസം 08 ന് ദൽഹിയിലെ ജന്ദർമന്ദറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ മന്ത്രിമാരും എം എൽ എ മാരും എം പി മാരും ചേർന്നാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാനും സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിൻ്റെ വികസനത്തിനു തടയിടാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരായ അവകാശ പോരാട്ടങ്ങൾക്ക് തുടർച്ച കുറിച്ച് ധർണ്ണാ സമരം സംഘടിപ്പിച്ചത്. കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനം അവസാനിപ്പിക്കണം, കേരളത്തിന്റെ വികസനം അട്ടിമറിയ്ക്കരുത് തുടങ്ങിയ ജീവൽ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് സംഘടിപ്പിയ്ക്കപ്പെട്ട ചരിത്ര സമരത്തിൽ രാജ്യമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ വിവിധ നിലകളിൽ പങ്കുചേർന്നു. സാമ്പത്തിക ഉപരോധങ്ങളിലൂടെ കേരളത്തെ തകർക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരായ ശക്തമായ പ്രതിഷേധമായി ജന്തർമന്ദർ സമരം മാറി. ഗ്രാന്റുകൾ തടഞ്ഞും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും വികസന പദ്ധതികൾ നിരാകരിച്ചുമുള്ള മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങളെ ബഹുജനസമക്ഷം തുറന്നു കാട്ടുന്ന ഐതിഹാസിക പ്രക്ഷോഭമായി ജന്തർമന്ദർ സമരം മാറി.

 

ഫെഡറലിസം സംരക്ഷിയ്ക്കാൻ ..വരൂ പോരാടാം .. 

 

ഫെഡറലിസം സംരക്ഷിയ്ക്കാൻ പോരാടുക എന്ന ബാനറേന്തിയാണ് മുഖ്യമന്ത്രി, മന്ത്രിമാർ, എം പി മാർ എന്നിവർ സമരകേന്ദ്രത്തിലെത്തിയത്. ധർണ്ണാ സമരം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷനായി. സി. പി. ഐ (എം) രാജ്യസഭാ നേതാവ് എളമരം കരീം സ്വാഗതം പറഞ്ഞു. സി. പി. ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ഡി എം കെ പ്രതിനിധിയായി എത്തിയ തമിഴ്നാട് മന്ത്രി പഴനിവേൽ ത്യാഗരാജ് എന്നിവർ പങ്കാളികളായി. സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര നീക്കങ്ങളെ പ്രതിപക്ഷ സംസ്ഥാനങ്ങൾ യോജിപ്പോടെ നേരിടണമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ജമ്മു കാശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, രാജ്യസഭാ അംഗവും എസ് പി നേതാവുമായ കപിൽ സിബൽ തുടങ്ങി രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കൾ, വിവിധ സംസ്ഥാനങ്ങളിലെ ഭരണകർത്താക്കൾ അടക്കമുള്ളവർ സമരത്തെ അഭിവാദനം ചെയ്തു. സമരത്തെ അഭിവാദനം ചെയ്തു. സമരത്തെ പിന്തുണച്ചുകൊണ്ടുള്ള തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെതിരെ ഒറ്റക്കെട്ടായി പൊരുതാൻ പ്രതിപക്ഷ പാർട്ടി നേതാക്കൾ ആഹ്വാനം ചെയ്തു. ഇന്ത്യാ കൂട്ടായ്മയെ ശക്തിപ്പെടുത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിവിധനേതാക്കൾ അഭിനന്ദിച്ചു. സീതാറാം യെച്ചൂരി, സി. പി. ഐ ജനറൽ സെക്രട്ടറി ഡി രാജ, ഡി എം കെ നേതാവ് തിരുച്ചി ശിവ, വി സി കെ എം പി തോൾ തിരുമവളവൻ, ജോസ് കെ മാണി എം പി, ജോൺ ബ്രിട്ടാസ് എം പി, എൽ ഡി എഫ് കൺവീനർ എം വി ജയരാജൻ അടക്കമുള്ളവർ അഭിവാദനം ചെയ്തു. സി. പി. ഐ (എം) പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന സർക്കാർ ദില്ലി പ്രതിനിധി കെ വി തോമസ്, എൻ സി പി നേതാവ് പി സി ചാക്കോ എന്നിവരും പങ്കെടുത്തു.


അവകാശ പോരാട്ടങ്ങൾക്ക് കേരളം എന്തിന് ദില്ലിയിലേക്ക് പോകുന്നു.

അതിനാധാരമായ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളെന്ത്.

കേരളത്തോട് കേന്ദ്ര ബിജെപി - ആർ എസ് എസ് സർക്കാർ കൈക്കൊള്ളുന്ന സമീപനങ്ങൾ അവഗണയല്ല;

മറിച്ച് പ്രതികാരം തന്നെയെന്ന് കണക്കുകൾ ഉദ്ധരിച്ച് കേരള ജനത മറുപടി നൽകുന്നു.

രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായി കേരളത്തിന്റെ വായ്പാപരിധി 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നു . വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം മൂലധന ചിലവിനായി കിഫ്ബി മുഖാന്തിരം മാറ്റിവയ്ക്കാനും സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ കുടിശ്ശിക കൂടാതെ നല്‍കാന്‍ കെഎസ്എസ്പിഎല്‍ കമ്പനി വഴി ധനസമാഹരണം നടത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സദുദ്ദേശപരമായ ശ്രമങ്ങളെ മറയാക്കിയാണ് ഇത്തരമൊരു നീക്കം നടന്നിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 281 പ്രകാരം പാര്‍ലമെന്‍റിന്റെ ഇരുസഭകളെയും അറിയിച്ച വ്യവസ്ഥകള്‍ മറികടകടന്നുകൊണ്ടാണ് ഈ നടപടികളെന്നത് കേരളത്തിനുമേലുള്ള കേന്ദ്ര സർക്കാരിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തെ മറയില്ലാതെ തുറന്നുകാട്ടുന്നു.

 

ഇന്ത്യൻ യൂണിയന്റെ അലകും പിടിയുമായ മതനിരപേക്ഷത, ജനാധിപത്യം, സംസ്കാരത്തിന്റെ ചാലക ശക്തിയായ ബഹുസ്വരത എന്നിവകളെല്ലാം ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കുന്നതിനുവേണ്ടി ആർ എസ് എസിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പി യിൽ നിന്നും ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ സർക്കാരിൽ നിന്നും കനത്ത വെല്ലുവിളികൾ നേരിടുകയാണ്. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ കാലം മുതല്‍ ജനാധിപത്യ ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച ബഹുസ്വര മൂല്യങ്ങളുടെ സന്ധിബന്ധങ്ങളിൽ ഭൂരിപക്ഷ വർഗ്ഗീയ അജണ്ടകൾ അടിച്ചേൽപ്പിയ്ക്കുന്ന ആസൂത്രിത പദ്ധതികളാണ് കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ അടിവേരറുക്കുന്ന സംഘപരിവാർ നയങ്ങൾ.

ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത സമ്പൂർണ്ണമായും ചോർത്തി ആർ എസ് എസ്സിന്റെ വെറുപ്പും വിദ്വേഷവും ഉള്ളടക്കമായ തത്വ സംഹിത 'വിചാര ധാര' പകരം വെയ്ക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു. സങ്കീർണ്ണവും സവിശേഷവുമായ സൂചിത സാംസ്കാരിക സാഹചര്യങ്ങളിലാണ് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടിയാണ് കേരളം ദില്ലിയിൽ സഹനം ചെയ്യുന്നത്.

കേന്ദ്ര ബി ജെ പി സർക്കാർ കേരളത്തെ ശ്വാസം മുട്ടിയ്ക്കുന്നതെങ്ങനെ.

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരമാണ് ധനകാര്യ കമ്മീഷനുകൾ പ്രവർത്തിയ്ക്കുന്നത്. പാർലമെന്റിന്റെ നിർദ്ദേശാനുസരണം രാഷ്ട്രപതിയാണ് ധനകാര്യ കമ്മീഷൻ രൂപീകരിക്കുക. കേന്ദ്ര-സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്കു മേൽനോട്ടം വഹിയ്ക്കുകയുമാണ് കമ്മീഷന്റെ പ്രധാന കർത്തവ്യം.

കേന്ദ്ര ബി ജെ പി സർക്കാരിന്റെ പത്താം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം കേരളത്തിനുള്ള ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ അവകാശമായ കേന്ദ്ര വിഹിതം 3.81 ശതമാനമായിരുന്നു. പതിനാലാം ധനകാര്യ കമ്മീഷൻ കാലയളവിൽ അത് 2.5 ശതമാനമായി. പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലയളവിൽ അത് 1.9 ശതമാനമായി വെട്ടിക്കുറച്ചു. പ്രസ്തുത ഇനങ്ങളിൽ 18,000 കോടി രൂപയാണ് കേരളത്തിന് നഷ്ടമായത്. ജി എസ് റ്റി നഷ്ടപരിഹാരം നിർത്തിയതിന്റെ ഭാഗമായി 12,000 കോടി രൂപ വീണ്ടും കുറച്ചു. റവന്യൂ ഗ്രാന്റ് ഇനത്തിൽ 8400 കോടി രൂപയാണ് വെട്ടിച്ചുരുക്കിയത്. ന്യായമായ വായ്പാ അനുമതി നിഷേധിച്ച് 19,600 കോടി നഷ്ടമാക്കി. ഈ നിലയിൽ കേരളത്തിന്റെ വരുമാനത്തിൽ 57,400 കോടി രൂപയുടെ കുറവാണ് ആകെ സംഭവിച്ചത്.

കേന്ദ്ര സർക്കാർ കേരളത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതത്തിൽ കുടിശിക വരുത്തിയ ഇനങ്ങൾ ഏതെല്ലാം.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ - ശമ്പള പരിഷ്ക്കരണം : 750.93 കോടി രൂപ.
ആരോഗ്യ ഗ്രാന്റ് : 174.06 കോടി
സാമൂഹ്യ ക്ഷേമ പെൻഷനുകൾ : 579.95 കോടി
സിറ്റി ഗ്രാന്റ് : 51.6 കോടി
നെല്ല് സംഭരണം : 746.63 കോടി
മൂലധന നിക്ഷേപം : പ്രത്യേക ഗ്രാന്റ് : 1925.00 കോടി

കേന്ദ്ര സർക്കാർ കേരളത്തിന് നൽകാതെ പിടിച്ചു വെച്ചിരിയ്ക്കുന്നത് : 4224.87 കോടി രൂപ.

ഇതടക്കം കേന്ദ്ര സർക്കാർ കേരളത്തിന് നൽകാനുള്ള 61.624 കോടി രൂപ സമയബന്ധിതമായി
കിട്ടിക്കഴിഞ്ഞാൽ ധനപ്രതിസന്ധി പരിപൂർണ്ണമായും പരിഹരിക്കപ്പെടും.

നികുതി വിഹിതത്തിൽ കേരളത്തോടുള്ള നരേന്ദ്ര മോദി സർക്കാർ നയമെന്ത്.

നികുതി പിരിവിലൂടെ കേരളം ഒരു രൂപ കേന്ദ്രത്തിന് നൽകുമ്പോൾ അതിൽ കേന്ദ്രം തിരികെ നൽകുന്നത് 25 പൈസയാണ്. ഒരു രൂപയ്ക്ക് 25 പൈസ. അതേ സമയം കർണ്ണാടകത്തിന് ഒരു രൂപ അൻപത് പൈസ തിരികെ നൽകുന്നു. ഉത്തർ പ്രാദേശിന്‌ ഒരു രൂപയ്ക്ക് 1.69 രൂപയാണ് തിരികെ ലഭിയ്ക്കുന്നത്. സൂചിത താരതമ്യം കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള കനത്ത വേർതിരിവിന്റെയും വിവേചനത്തിന്റേയും പ്രത്യക്ഷ ഉദാഹരണമല്ലാതെ മറ്റൊന്നല്ല.

കേന്ദ്ര സർക്കാരും കോൺഗ്രസ്സും അവകാശപ്പെടുന്നതുപോലെ കേരളം കരകയറാനാകാത്ത വിധം കടക്കെണിയിലാണോ.

നുണയാണത്.

കേന്ദ്രത്തിന്റെ പൊതുകടം : 156 ലക്ഷം കോടിയാണ്. അത് വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. കേരളത്തിന്റെ പൊതു കടം 3 ലക്ഷം കോടിയായിരുന്നു. എൽ ഡി എഫ് സർക്കാരിന്റെ സുസ്ഥിരമായ ധനകാര്യ മാനേജ്‌മെന്റിലൂടെ അത് 2. 38 ലക്ഷം കോടിയായി കുറച്ചുകൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞു. ബി ജെ പി ഭരിയ്ക്കുന്ന ഗുജറാത്ത് സംസ്ഥാനത്തിന്റെ പൊതുകടം 10 ലക്ഷം കോടിയും കർണാടകത്തിന്റെ പൊതുകടം 9 ലക്ഷം കോടിയുമാണ്. ഇതേക്കുറിച്ച് ചർച്ചകളില്ല; ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കു മേൽ കേന്ദ്ര സർക്കാരിന്റെ കടമെടുപ്പ് പരിധി നിശ്ച്ചയങ്ങളുമില്ല. കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്നും ന്യായമായും ലഭ്യമാകേണ്ട തടഞ്ഞുവെയ്ക്കപ്പെട്ട സാമ്പത്തിക / നികുതി വിഹിതങ്ങൾ യഥാസമയം കൊടുത്തു തീർക്കുന്നതോടെ
അവസാനിയ്ക്കുന്നത് മാത്രമാണ് കേരം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ.

കൊല്ലാനാകില്ല .. തോല്പിയ്ക്കാനും ..

2021-22 സാമ്പത്തിക വർഷ കാലയളവിൽ കേരളം ശക്തമായ തിരിച്ചുവരവ് നടത്തിയതായി ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് കണക്കുകൾ ഉദ്ധരിച്ച് സൂചിപ്പിയ്ക്കുന്നുണ്ട്. സാമ്പത്തിക വളർച്ചയിൽ കേരളത്തിന്റെ ആഭ്യന്തര ഉൽപാദനവർദ്ധനവ് മുൻവർഷത്തേക്കാൾ 12.01 ശതമാനം രേഖപ്പെടുത്തി.. 2012-13 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്.

1. കോവിഡിന് ശേഷം സംസ്ഥാനം സ്വീകരിച്ച ഉത്തേജക പദ്ധതികള്‍ വളര്‍ച്ചക്ക് സഹായകമായി.

2. 20,000 കോടിയുടെ സാമ്പത്തിക പാക്കേജുകളും വ്യവസായത്തിനായുള്ള 5650 കോടിയുടെ പാക്കേജും വളർച്ചക്ക് സഹായകമായി.

3. കൃഷിയും അനുബന്ധപ്രവൃത്തികളും വ്യവസായവും വളര്‍ച്ച രേഖപ്പെടുത്തി. 17.3 ശതമാനമാണ് വ്യവസായ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഈ മേഖലകളില്‍ വളര്‍ച്ച നെഗറ്റീവായിരുന്നു.

4. 12.86 % വർധനവ് റവന്യൂ വരുമാനത്തില്‍ രേഖപ്പെടുത്തി.

5. ധനകമ്മി 3.91 ആയി കുറഞ്ഞു. ധനകമ്മിയും മൊത്ത ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം 4.11 ശതമാനമായി കുറഞ്ഞു.

6. റവന്യൂ കമ്മിയും മൊത്ത ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.29 ശതമാനം കുറഞ്ഞു.

7. പ്രതിശീർഷ മൊത്ത ആഭ്യന്തര ഉത്പന്നത്തിലും വർധനയുണ്ടായി. 2021–22ൽ ഇത് 1,62,992 രൂപയാണ്. ദേശീയ തലത്തിലെ ശരാശരി ആളോഹരി വരുമാനത്തെക്കാൾ കൂടുതലാണ് കേരളത്തിലെ ഒരാളുടെ ശരാശരി വരുമാനം.

മുൻവർഷത്തെ ബജറ്റിലെ കണക്കുകളനുസരിച്ച് തനതു നികുതി വരുമാനവും നികുതിയേതര വരുമാനവും വർധിച്ച് സംസ്ഥാനത്തിന്റെ മൊത്തവരുമാനം 19.94 ശതമാനം വർധിക്കുമെന്ന് സർവേയിൽ പറയുന്നു. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ സംയുക്ത വാർഷിക വളർച്ച 11.40 ശതമാനം ആണ്.

സാമ്പത്തിക ഉപരോധങ്ങളിലൂടെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ശിഥിലപ്പെടുത്തി സമ്പൂർണ്ണമായും നിലംപരിശാക്കാമെന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രതികാര നടപടികളുടെ പശ്ചാത്തലത്തിലാണ് കേരളം ഈ വിധം അഭൂതപൂർവ്വമായ സാമ്പത്തിക വളർച്ച നേടിയിരിക്കുന്നത്.
കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളായ റയിൽവേ സോൺ, എയിംസ് തുടങ്ങിയവ പരിപൂർണ്ണമായും അവഗണിക്കപ്പെട്ടിരിക്കുന്നു. കോച്ച് ഫാക്ടറി പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. തൊട്ടറിയാനാകുന്ന അവഗണകളുടേയും അവസര നിഷേധങ്ങളുടേതും വൈരനിര്യാതന ദുഷ്ലാക്കുകളുടേതുമായ പ്രസ്തുത സാഹചര്യത്തിലും പ്രതിരോധമുയർത്തേണ്ട കേരളത്തിലെ യു ഡി എഫ് എം പി മാർ പാർലമെന്റിൽ നിശബ്ദമായിരുന്ന് കേന്ദ്ര ബി ജെ പി സർക്കാരിന്റെ കേരള വിരുദ്ധതയ്ക്ക് പിന്തുണ ഉറപ്പാക്കുകയാണ്. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തെ സംയുക്തമായി അറിയിക്കണമെന്ന പൊതുആവശ്യം പോലും നിർദ്ദാക്ഷണ്യം അവഗണിയ്ക്കപ്പെട്ടിയ്ക്കുന്നു.

വസ്തുതകൾ ഇതായിരിക്കെ അവയെല്ലാം മറച്ചുപിടിയ്ക്കുന്നതിനായി എൽ ഡി എഫ് സർക്കാരിനെ പൊതുവിലും മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിച്ചും ഒറ്റതിരിഞ്ഞാക്രമിച്ച് സമ്മിതി തകർക്കുന്നതിനുള്ള ആസൂത്രിത പദ്ധതികളാണ് ബി ജെ പി - കോൺഗ്രസ് - കോർപ്പറേറ്റ് വലതുപക്ഷ മാധ്യമ അച്ചുതണ്ടിന്റെ കാർമ്മികത്വത്തിൽ അനസ്യൂതം പുരോഗമിക്കുന്നത്. ഫെഡറൽ തത്വങ്ങളുടെ പ്രഥമ ലംഘകനായി സംസ്ഥാന ഗവർണർ സംഘപരിവാരത്തിന്റെ റബർ സ്റ്റാമ്പ് എന്നോണം കുത്സിത പ്രവർത്തനങ്ങൾക്ക് നേതൃത്വമാകുന്നു.

രാഷ്ട്രീയ സമരങ്ങളും നിയമ പോരാട്ടങ്ങളും

കേരളത്തിന്റെ വിഖ്യാതമായ ജന്തർമന്ദർ ധർണ്ണാസമരം രാഷ്ട്രീയമായ പ്രതിരോധവും മുന്നറിയിപ്പുമാണെങ്കിൽ സമാന്തരമായി കരുത്തുറ്റൊരു നിയമ പോരാട്ടത്തിനുകൂടി സംസ്ഥാന സർക്കാർ മുൻകൈ എടുത്തിരിക്കുന്നു. കേന്ദ്ര സർക്കാർ ഫെഡറൽ ഭരണ ഘടനയെ ലംഘിച്ചുവെന്നും സാമ്പത്തിക കാര്യങ്ങളിൽ ഇടപെട്ട് തുച്ഛമായ വിഭവങ്ങളുള്ള ഒരു ചെറിയ സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കുന്നുവെന്നും കാണിച്ച് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. ' ഒരു ഫെഡറൽ ഭരണസംവിധാനത്തിൽ ഒരു സംസ്ഥാനത്തിന് അതിൻ്റെ ബജറ്റും കടമെടുപ്പും തയ്യാറാക്കി കൈകാര്യം ചെയ്യുന്നതിലൂടെ അതിൻ്റെ ധനകാര്യം നിയന്ത്രിക്കാനുള്ള പ്രത്യേക അധികാരമുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഓപ്പൺ മാർക്കറ്റ് ഉൾപ്പെടെ എല്ലാ സ്രോതസ്സുകളിൽ നിന്നും കടമെടുക്കുന്നത് പരിമിതപ്പെടുത്തുന്ന വിധത്തിലാണ് കേന്ദ്രം സംസ്ഥാനത്തിന് മേൽ നെറ്റ് ബോറോയിംഗ് സീലിംഗ് (എൻബിസി) ഏർപ്പെടുത്തിയിരിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ക്കെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 131-ാം അനുച്ഛേദം അനുസരിച്ചായിരുന്നു ഹര്‍ജി. 

'വാർഷിക ബജറ്റുകളിലെ പ്രതിജ്ഞാബദ്ധത നിറവേറ്റാൻ കഴിയാത്തത് സംസ്ഥാനത്തെ ജനങ്ങൾക്ക്, വിശിഷ്യാ ദരിദ്രർക്കും ദുർബലർക്കും, വിവിധ ഗുണഭോക്തൃ ഗ്രൂപ്പുകൾക്കും, സംസ്ഥാന സർക്കാർ ജീവനക്കാർക്കും, ക്ഷേമ പദ്ധതികൾ വഴി സംസ്ഥാനം നൽകാനുള്ളത് വലിയ കുടിശ്ശികയാണ്. സൂചിത വിഭാഗങ്ങളിലെ പെൻഷൻകാരും അതിൻ്റെ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്കുള്ള കുടിശ്ശികയും യൂണിയൻ കടമെടുക്കൽ പരിധി ഏർപ്പെടുത്തിയതിനെ തുടർന്നുള്ള സാമ്പത്തിക ഞെരുക്കത്തിന്റെ ഭാഗമായി കുമിഞ്ഞുകൂടുകയാണ്. 31.10. 2023 ലെ കണക്കുകൾ പ്രകാരം 26,226 കോടി രൂപയുടെ അടിയന്തിര ആവശ്യമാണ് സംസ്ഥാനത്തിനുള്ളത്'.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചും ഓഖി, പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളേയും നിപ്പ , കൊവിഡ് അടക്കമുള്ള മഹാമാരികളേയും അതിജീവിച്ചും കോർപ്പറേറ്റ് വലതുപക്ഷത്തിന്റെ നുണപ്രചാരവേലകളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപ്പിച്ചുമെല്ലാമാണ് കേരളത്തിലെ ഒന്നാം പിണറായി വിജയൻ സർക്കാർ ഭരണമികവിന്റെഅടിസ്ഥാനത്തിൽ വീണ്ടും അധികാരത്തിലെത്തിയത്.

വായ്പാപരിധി വെട്ടിക്കുറച്ചത് സംബന്ധിച്ച് സംസ്ഥാനം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന കേസ് പിൻവലിച്ചാൽ മാത്രമേ  സംസ്ഥാനത്തിന് നൽകാനുള്ള 13000 കോടി രൂപ നല്കുകയുള്ളൂ എന്ന നിലപാടാണ് മോദി സർക്കാർ നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ഭീഷണിയിലൂടെ ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനമപ്പാടെ അതിലംഘിച്ച് സംസ്ഥാനങ്ങളെ വരുതിയിലാക്കുന്നതിനുള്ള സാമ്പത്തിക ഫാസിസമാണിത്. 

കടമെടുപ്പ് പരിധി : കേന്ദ്ര സർക്കാർ നിലപാട് തള്ളി സുപ്രീം കോടതി.
പരാജയത്തിൽ പതറി മോദി സർക്കാർ.
 

ന്യായമായ കടമെടുപ്പ് പരിധി വെട്ടികുറച്ചതുമായി ബന്ധപ്പെട്ട്  കേന്ദ്ര സർക്കാരിനെതിരെ  സുപ്രീംകോടതിയിൽ കേരളം നൽകിയ ഹർജിയിൽ . കേരളത്തിന് അവകാശപ്പെട്ട 13608 കോടി ഉടൻ അനുവദിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്.  കേരളം ഉന്നയിച്ച  ആവശ്യങ്ങൾക്കുമേൽ  സംബന്ധിച്ച് അടിയന്തിര പ്രാധാന്യത്തോടെ ചർച്ച നടത്തി തീരുമാനം കൈക്കൊള്ളണമെന്നും  കേരളത്തിൻ്റെ അന്യായം  പിൻവലിക്കണമെന്ന ആവശ്യം കേന്ദ്രം പിൻവലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജന്ദർമന്ദറിലെ ഐതിഹാസിക സമരത്തിലൂടെ അടക്കം കേരളം ഉന്നയിച്ച കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം സംബന്ധിച്ച പ്രശ്‍നങ്ങൾ എല്ലാം തന്നെ ന്യായമാണെന്നതിന്റെ കൃത്യമായ ഉദാഹരണമായി സുപ്രീം കോടതി വിധി മാറുന്നു. 

ജന്ദർമന്ദറിൽ നിന്നും ലോക് സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം

കേന്ദ്ര ബി ജെ പി സർക്കാരിന്റെ കേരളവിരുദ്ധ പ്രതികാര നടപടികളുടെ ഭാഗമായാണ് സാമ്പത്തിക പ്രതിസന്ധികൾ രൂപപ്പെട്ടതെന്ന് മന്ത്രിസഭ ഒന്നാകെ സംസ്ഥാനത്തെ 140 അസംബ്ലി നിയോജക മണ്ഡലങ്ങളിലും ചെന്നെത്തി  നടത്തിയ നവകേരള സദസ്സുകളിലൂടെ ബഹുജനങ്ങളോട് പങ്കുവെയ്ക്കാനും ബോധ്യപ്പെടുത്താനുമായത് മോദി സർക്കാരിനെതിരായ ജനകീയ രോഷത്തിന്റെ ശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. ബി ജെ പി യുടെ കേരളവിരുദ്ധ നിലപാടിന് പൂർവ്വാധികം ശക്തിയായ പിന്തുണ നൽകുന്ന  കേരളത്തിലെ കോൺഗ്രസ്സിന്റെ ഇരട്ട മുഖം അനാവരണം ചെയ്യപ്പെടുന്നതിനും ജന്ദർമന്ദറിലെ കേരള സമരം കാരണമായി. പതിനെട്ടാം ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ സമരങ്ങളുടെ ചരിത്രത്തിലെ സുപ്രധാന ഏടുകളിൽ ഒന്നായ ജന്ദർമന്ദർ പോരാട്ടം സവിശേഷമായ പങ്കുവഹിക്കും. കേന്ദ്ര ബി ജെ പി സർക്കാരിന്റെ കേരളത്തിനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്കുമേലുള്ള കടന്നാക്രമണങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾ ശിഥിലപ്പെടുത്തുന്നതിനുള്ള അനൈതിക നീക്കങ്ങൾക്കും ഇവയ്ക്കാകെ കൂട്ടുനിൽക്കുന്ന കോൺഗ്രസ്സിനുമെതിരായ ജനവിധിയായി ലോക്സഭാ തെരഞ്ഞെടുപ്പ് മാറും.