ആര്‍ദ്രതയുടെ നീര്‍ത്തടങ്ങള്‍
കവിത എന്നും ആര്‍ദ്രതയുടെ നീരുറവകളാണ്. കണ്ണുനീരും കിനാക്കളും മോഹങ്ങളും പ്രതികാരവും പ്രതീക്ഷയും ആക്ഷേപവും നാട്യവും നടനവും ഇളകിയാട്ടങ്ങളും നവരസങ്ങളുമൊക്കെ മനസ്സില്‍ മുളയ്ക്കുമ്പോള്‍ മാനവികതയുടെ നീരുറവകള്‍ ഉണരുന്നു. ആദി മുതല്‍ ഇന്നുവരെ കവി നമുക്ക് അനുഭവേദ്യമാക്കിത്തരുന്നത് ഇതാണ്.
വിമര്‍ശകര്‍ പല കാലഘട്ടത്തിലും കവിതയെ പല കാവ്യധാരാപ്രസ്ഥാനങ്ങളായി വിഭജിച്ചുനിര്‍ത്തിയിട്ടുണ്ട്. എങ്കിലും അതില്‍ നിറഞ്ഞുനില്‍ക്കുന്നത് പ്രകൃതിയുടെയും മനുഷ്യന്റെയും നിത്യതാളസമ്മേളനമാണ്. ഓര്‍മയുടെ മുറിപ്പാടുകള്‍, അനുഭവങ്ങളുടെ തീക്ഷ്ണത, പ്രകൃതിയുടെ സാന്ത്വനം, പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും ദ്വന്ദാത്മകത എല്ലാം ഗോപകുമാറിന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
'ഒറ്റപ്പെടലിന്റെ/ശൂന്യതയില്‍ നിന്നും/ഒരു നേര്‍ത്ത/മഴത്തുള്ളി/പുതുവര്‍ഷത്തില്‍/മഞ്ഞുതുള്ളിപോലെ/ഹൃദയത്തിന്റെ/കോണിലേക്ക്/ഇറ്റിറ്റുവീണു.'
ഓരോ തുള്ളിയും അനുഭവസാന്ദ്രമായ ആവര്‍ത്തന പുതുമയാണ്.
അതിര്‍വരമ്പുകളില്ലാത്ത സ്നേഹത്തെ അനുഭവിക്കാന്‍ സ്വപ്നം കാണുകയാണ് കവി. അനശ്വരതയിലേക്ക് അനന്തതയോളം ചൂഴ്ന്നിറങ്ങുമ്പോള്‍ കവിമനസ്സില്‍ നിഴല്‍പോലെ ചാറ്റുന്ന കവിതയോട് ഏകാന്തമായി അറിയാതെ കലഹിച്ചുപോകുന്നു.
പ്രകൃതിയും സ്നേഹവും മാനവികതയും ചരിത്രത്തിന്റെ ശോണിമയാര്‍ന്ന സ്വപ്നങ്ങളും നൂല്‍നാഴിഴയില്‍ ഇണചേര്‍ന്നുകിടക്കുകയാണ്. അത് വിവിധ വര്‍ണങ്ങളില്‍ ഇളകാന്‍ ശ്രമിക്കുന്നുണ്ട്. അതാണ് കവിതയുടെ ജീവന്റെ സ്വച്ഛന്ദത.
ലിഖിതമായ കവിതക്കും പാടിനീട്ടുന്ന കവിതയ്ക്കും താളത്തിനും അര്‍ത്ഥത്തിനും സുബോധത്തിന്റെ സുഗന്ധമുണ്ടാകും. പ്രാദേശിക രുചിഭേദങ്ങള്‍ ഗോപകുമാറിന്റെ കവിതയ്ക്ക് അന്യമല്ല. കവിത തന്നെ ഇവിടെ ഒരു പ്രതികരണമായി മാറുന്നുണ്ട്.
"തകരഷീറ്റുകള്‍ക്കുമീതെ മഴക്കല്ലുകള്‍ വീണതറിഞ്ഞെങ്കിലും രാത്രിയായതിനാല്‍ ഒന്നിനെയും കാണാന്‍ കഴിഞ്ഞില്ല''. ഇതില്‍ വര്‍ത്തമാനത്തിന്റെ അതിതീവ്രരൌദ്രതാളം നീളേ കാണുന്നു.
കവിതയുടെയും കവിയുടെയും അകപ്പൊരുളില്‍ അറിയാതെ ഒഴുകുന്ന നീര്‍ഗമനിയാണ് സ്നേഹം. അതാകട്ടെ തീക്ഷ്ണമായ് കൊതിച്ചതും അതിതീക്ഷ്ണമായ് നല്‍കിയതും രക്തംകൊണ്ട് കുറിച്ച് ഹൃദയത്തെ പകുത്ത് മുറിച്ചതുമാണ്. ഗോപകുമാറിന്റെ ഇത്തരം വരികളെ മാനവികമെന്നോ രാഷ്ട്രീയമെന്നോ വേര്‍തിരിക്കാനാകാതെ നാം അനുഭവിക്കേണ്ടി വരുന്നു. സ്നേഹം നിഗൂഢമായ് ഒളിപ്പിക്കേണ്ടിവരുന്നു. ഇത് മനുഷ്യന്റെ സഹജലക്ഷണവുമാണ്. വാക്കുകള്‍ക്കപ്പുറത്തും വരികള്‍ക്കിടയിലുമായി പറയാന്‍ കഴിയാതെ വരുമ്പോള്‍ അത് കവിതയായ് മലര്‍പൊട്ടി വിടരും. ഇതറിഞ്ഞിട്ടും തിരിച്ചറിയാതെ പോകുമെന്ന് ഗോപകുമാര്‍ തന്റെ വരികളിലൂടെ ഉറപ്പിച്ച് പറയുന്നു.
ഒരു നൂറ് പൂക്കള്‍ നിറമറിയാതെ ഗോപകുമാറിന്റെ കവിതകളില്‍ കരയുന്നത് നാം കാണുന്നു. അപ്പോഴും പ്രതീക്ഷകളുടെ വിണ്ണില്‍ പൂത്തുലയും താരകങ്ങള്‍ മനുഷ്യമനസ്സിന്റെ മണ്ണിലൊരായിരം സ്വപ്നങ്ങളെറിഞ്ഞുകൊടുക്കുകയാണ്.
അഗ്നിയില്‍ കുരുത്ത പ്രതീക്ഷതന്‍ മുകുളങ്ങള്‍ ഒരുറക്കം തേടി ചെറുമരണത്തിലേക്ക് വഴുതി വീഴുന്നതായി കവി കാണുന്നു. എന്നിട്ടും വറ്റാത്ത പ്രതീക്ഷയില്‍ വിങ്ങുകയാണ് കവിഹൃദയം.
താരകങ്ങള്‍ തിളങ്ങുകയും അണയുകയും കാണുന്നത് നമുക്ക് ആകാശക്കാഴ്ചകളാണ്. പക്ഷേ കവി കാറ്റിനും മഴക്കും മുമ്പേ ഇത് കാണേണ്ടിവരുന്നു. എന്നിട്ടും കവി വെട്ടം തിരയുകയാണ്. അണയാത്ത കണ്ണിന്റെ പ്രതീക്ഷയിലാണ് കവി.
ഒരിളം കവിയുടെ കാലത്തിലേക്കുള്ള പ്രവേശനമാണ് ഈ സമാഹാരം. തളിരിലകളില്‍ ജീവന്റെ പുഴുക്കള്‍ കൊത്തരുത്. അത് കുരുന്നിലേ കരിയും. മനസ്സിന്റെ താളബോധവും ഒടുങ്ങാത്ത ആര്‍ദ്രതയും കവിതയായ് മാറുമ്പോള്‍ നാമൊന്ന് കാത്തിരിക്കണം. വെട്ടി അഗ്നിയിലേക്കിടേണ്ടതല്ല കവിത. അതും പുതുക്കവിത. മലയാളത്തിന്റെ രണ്ട് കാലഘട്ടത്തെ മാറിമാറി നിഴല്‍പോലെ ഈ കവിതയില്‍ പ്രതിഫലിക്കുന്നു. ഒരു തുടക്കക്കാരന്റെ അശ്രാന്തമനസ്സിന്റെ അടങ്ങാത്ത ആവേശത്തെ നെഞ്ചിലേറ്റുക.