ഏതോ ഫിലിം ഫെസ്റ്റിവലിന് ത്സായ് മിംഗ് ലിയാങ്ങ് ന്റെ (tsai ming liang) "ദി വാക്കര്‍ " എന്ന 25 മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം 2012 -ല്‍ കണ്ടത് പെട്ടെന്ന് ഒരു നിമിഷം അപ്പാടെ ഓര്‍ത്തു ഞാനിപ്പോള്‍ .. ഓര്‍മ്മയുടെ എല്ലാ പാളികളിലും ആ നഗ്നപാദനായ സന്യാസി നടന്നു കൊണ്ടേ ഇരിക്കുകയാണിപ്പോള്‍ .. ഇനി കുറെ ദിവസത്തേക്ക് അയാള്‍ നടന്നുകൊണ്ടെയിരിക്കും ഉയിരിലും മേലും ആകെയാകെ.
ചെരിപ്പുകളെ കുറിച്ചു വായിച്ചു വായിച്ചെത്തിയപ്പോള്‍ കാലുകളില്‍ ചോരയുടെ പശിമ ഒഴുകുന്നതറിയാനും ഒട്ടിപ്പിടിക്കുവാനും തുടങ്ങിയാല്‍ പിന്നെ ത്സായ് മിംഗ് ലിയാങില്‍ എത്തുകയല്ലാതെ എനിക്ക് എന്ത് രക്ഷ.. നഗ്നപാദന്റെ ഉടലുകലാവാം..ഒച്ചിന്റെ ചലനങ്ങളാവാം.. പതിയെ തടി കയ്ച്ചിലാക്കാം..
ഗാസയെ കുറിച്ചു എനിക്കറിയില്ല.. അതെവിടെയാണ്? ഇറോമിനെ എനിക്ക് അറിയില്ല...അവള്‍ ആരാണ്..
ഇന്നും ഞാന്‍ അലിഫ് ഷായുടെ കവിതകള്‍ വായിക്കാന്‍ എടുത്തുവച്ചതായിരുന്നു.. കുറച്ചു ദിവസമായി ഞാനിതു കൂടെ കൊണ്ട് നടക്കുന്നു .. കവിതയിലേക്ക് നടന്നു തുടങ്ങുമ്പോള്‍ വരികള്‍ പെട്ടെന്ന് അസ്വസ്ഥത സൃഷ്ടിക്കും.. മടക്കിവക്കാന്‍ തോന്നും.. മധുര മനോജ്ഞമായി പാടുന്ന പൂങ്കുയില്‍ അല്ല ഇയാള്‍ .. ലോകത്തിന്റെ ദുരിത/പാപക്കാഴ്ചകള്‍ ,മുതുകിലേറ്റിയ ഒട്ടകമായായിട്ടാണ് ഇയാള്‍. ചുട്ടു പഴുത്ത മണല്ക്കാടുകളെ നടന്നു തീര്‍ക്കുന്നത്... വായിക്കുമ്പോള്‍ മനസിലേക്ക് മണല്‍ കാറ്റടിയ്ക്കുന്നത് സ്വാഭാവികം . ചിലപ്പോള്‍ കാലുകള്‍ ചോരയില്‍ കുതിരുന്നതും..
അറബിയിലെ ആദ്യത്തെ അക്ഷരമാണ് അലിഫ്..
പക്ഷെ, അലിഫിന്റെ അക്ഷരങ്ങള്‍ , സമകാലലോകത്തിന്റെ ഏങ്കോണിപ്പുകാഴ്ചകളിലേക്കെല്ലാം ചിറകു വിരിക്കാന്‍ മുഴുവന്‍ വരികളിലൂടെയും ശ്രമിക്കുന്നുണ്ട്.. എങ്ങനെ പരിശ്രമിച്ചിട്ടും കവിത എഴുതാതിരിക്കാന്‍ അയാള്‍ക്ക് കഴിയുന്നേയില്ല.. ഒട്ടകങ്ങളുടെ ദാഹങ്ങളെ കുറിച്ചു പറഞ്ഞു തുടങ്ങുമ്പോഴും കവിതയുടെ മരുഭൂവിലൂടെ എത്ര യാത്രകള്‍ക്ക് വേണ്ടിയും സദാസന്നദ്ധമായി മഷി നിറച്ചു കാത്തു നിക്കുന്നു അയാള്‍ .
അലിഫ് എന്ന പേര് ഒട്ടും യാദൃശ്ചികമേയല്ല അയാള്‍ക്ക്..
ഇനി കഥയില്ല മൊഴിയുമില്ല ,മരിച്ചാല്‍ മതി എന്ന് ഷഹ്രസാദായി പാടുമ്പോഴും, 'ഹേയ് ഖുറം നിങ്ങള്‍ ഉറക്കമായോ?' എന്ന് അയാളുടെ വരികള്‍ ലോകത്തെ തോണ്ടി വിളിക്കും.. വീണവരെ ചാരിയിരുത്താന്‍ വേദങ്ങളും ഉപകരിക്കുമെന്നു വിളിച്ചുപറയും...
നമ്മള്‍ കണ്ണടച്ചു/ കാതടച്ചു കൊണ്ടേയിരിക്കും..ബ്രസീലിനും അര്‍ജന്റീനക്കും വേണ്ടി ഫ്ലെക്സുകള്‍ വെക്കും..