കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിലുള്ള വാക്സിൻ വിതരണം തീർത്തും മന്ദഗതിയിലായതോടെ കൊവിഡ് - 19 ന്റെ മൂന്നാം തരംഗ പ്രവേശന കാലയളവിലും കേളത്തിലടക്കം വാക്സിനേഷൻ പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി അനുവദിക്കപ്പെട്ട 50 ലക്ഷം ഡോസ് വാക്സിനിൽ കേരളത്തിന് ലഭിച്ചത് കേവലം 23,770 ഡോസ് മാത്രമായിരുന്നു. മൂന്നാംതരംഗം സംബന്ധിച്ച് ലോക ആരോഗ്യ സംഘടന, കേന്ദ്ര ആരോഗ്യ ശിശു ക്ഷേമ വകുപ്പ് എന്നിവയുടെ ശക്തമായ മുന്നറിയിപ്പുകളുണ്ടായിട്ടും കേന്ദ്ര സർക്കാരിന്റെ ആസൂത്രണമില്ലാത്തതും പക്ഷപാതപരവുമായ വാക്സിൻ നയം വാക്‌സിനേഷന്റെ വേഗം കുറച്ചിരിക്കുന്നു. അനുബന്ധമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ അത്യന്തം ഭീതിതമായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
2021 ജൂലൈ മാസത്തിലെ സംസ്ഥാനത്തെ പ്രതിദിന കൊവിഡ്ബാധിതരുടെ എണ്ണം പതിനായിരങ്ങളിലാണ്. ടി.പി.ആർ നിരക്ക് 10. % ന് മുകളിലെത്തിയിരിക്കുന്നു. പ്രതിദിനം നാലരലക്ഷത്തിലധികം ഡോസ് വാക്സിൻ വിതരണം ചെയ്ത് ലോക മാതൃകയായ സംസ്ഥാനമാണ് കേരളം. 1.29 കോടി പേർക്ക് ആദ്യഡോസും 56 ലക്ഷംപേർക്ക് രണ്ടാം ഡോസുമാണ് ഇതുവരെ നൽകിയിട്ടുള്ളത്. 36.95 ശതമാനം പേരാണ് ഇതിനോടകം വാകിസിനേഷനിലൂടെ കടന്നുപോയത്. ജനസംഖ്യാനുപാതികമായി ദേശീയ ശരാശരിയേക്കാൾ ഉയർന്ന തോതാണിത്. രണ്ടാം ഡോസിൽ ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ വാക്സിനേഷൻ തോത്.
വിവരാവകാശ രേഖകൾ പറയുന്നത്
വിരമിച്ച കരസേനാ കാമന്റർ ലോകേഷ് ബത്രയ്‌ക്ക് വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം 2021 മാർച്ച് 12നും മെയ് അഞ്ചിനും ഇടയിൽ കേന്ദ്ര സർക്കാർ വാക്‌സിൻ വാങ്ങുന്നതു സംബന്ധിച്ച ഓർഡറുകൾ ഒന്നും തന്നെ നൽകിയിട്ടില്ല. വാക്‌സിൻ സംഭരണത്തിന്റെ ചുമതലയുള്ള HLL Lifecare Limited ലൂടെ കേന്ദ്രസർക്കാർ വാക്‌സിൻ കമ്പനികൾക്ക് നൽകിയ ഓർഡറുകളുടെ വിശദാംശങ്ങളിൽ മാർച്ച് 12 ന് കൊവിഷീൽഡ് വാക്‌സിന്റെ 10 കോടി ഡോസിന് ഓർഡർ നൽകിയിട്ടുണ്ട്. തുടർന്ന് നൽകിയത് മെയ് അഞ്ചിനാണ്. കൊവാക്‌സിനും ഇതേ ദിവസങ്ങളിലാണ് ഓർഡർ നൽകിയിരിക്കുന്നത്.
HLL Lifecare Limited വാക്‌സിനുകൾക്ക് ഓർഡറുകൾ നൽകിയിട്ടേ ഇല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നത്. എന്നാൽ മാധ്യമറിപ്പോർട്ടുകളെ അപ്പാടെ നിഷേധിച്ച് മെയ് - ജൂലൈ മാസങ്ങളിലേക്കുള്ള വാക്‌സിൻ ഡോസുകൾക്കായുള്ള ഓർഡറുകളും അഡ്വാൻസും ഏപ്രിൽ 28 ന് തന്നെ കമ്പനികൾക്ക് കൈമാറിയിരുന്നു എന്നാണ് മെയ് മൂന്നിന് കേന്ദ്ര സർക്കാർ പ്രസ്താവന നടത്തിയത്. സർക്കാരിന്റെ ഈ അവകാശവാദവും തെറ്റാണെന്നാണ് ലോകേഷ് ബത്രയ്‌ക്ക് ലഭ്യമായ വിവരാവകാശരേഖ സാക്ഷ്യം ചെയ്യുന്നു. ഇവയെല്ലാം കേന്ദ്രസർക്കാരിന്റെ വാക്സിൻ സംഭരണ - വിതരണ നയവുമായി ബന്ധപ്പെട്ട കുറ്റകരമായ അനാസ്ഥയുടേയും കൊടിയ പക്ഷപാതത്വത്തിന്റേയും സംസാരിയ്ക്കുന്ന തെളിവുകളായി മാറുന്നു.
'ഡാറ്റാമീറ്റി'ന്റെ കണക്കുകൾ
വിവര ശേഖരണ പ്രസ്ഥാനമായ 'ഡാറ്റാമീറ്റിന്റെ കണക്കുകൾ പ്രകാരം ഓക്സിജൻ ക്ഷാമത്തിന്റെ ഭാഗമായി മെയ് 27 വരെ രാജ്യത്ത് 619 കൊവിഡ് രോഗികളെങ്കിലും മരണപ്പെട്ടിട്ടുണ്ട് . ഗോവ - 83. കേരളത്തില്‍ ഇത്തരം ഒരു മരണവും നടന്നിട്ടില്ലെന്ന് ആന്ധ്രപ്രദേശിലും മധ്യപ്രദേശിലും 65 പേര്‍ വീതം, കര്‍ണാടക - 61 , ഡല്‍ഹിയിലും മഹാരാഷ്ട്രയിലും 59 പേര്‍ വീതം, ഉത്തര്‍പ്രദേശ് - 51 , തമിഴ്നാട്- 48, ഹരിയാന - 22, ജാര്‍ഖണ്ഡ്- 21, ബിഹാര്‍- 20 തുടങ്ങിയ നിലയിലാണ് മരണം കൂടുതല്‍ നടന്ന മറ്റു സംസ്ഥാനങ്ങളിലെ എണ്ണം. രാജസ്ഥാനില്‍ 12 പേരും പഞ്ചാബില്‍ ആറുപേരും മരിച്ചു. കേരളത്തിൽ ഓക്സിജൻ ക്ഷാമത്തിന്റെ ഭാഗമായി മരണങ്ങൾ ഒന്നും തന്നെയില്ല. രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം ഏറ്റവും രൂക്ഷമായ കാലത്ത് ഓക്സിജന്‍ക്ഷാമത്തിന്റെ ഭാഗമായി ആരും മരണപ്പെട്ടിട്ടില്ലെന്ന കേന്ദ്ര സർക്കാർ വാദം ഇതോടെ അമ്പേ പൊളിയുകയാണ്.
കൊവിഡ് 19 - കേരളം പ്രതിരോധിയ്ക്കുന്നതെങ്ങനെ
കേരളത്തിൽ ആദ്യമായി കൊവിഡ് - 19 റിപ്പോർട്ട് ചെയ്യപ്പെട്ട 2020 ജനുവരി 30 ന് ആലപ്പുഴ എൻ ഐ വി യിൽ മാത്രമാണ് കൊവിഡ് - 19 പരിശോധനാ സംവിധാനം നിലവിലുണ്ടായിരുന്നത്. എന്നാൽ ഇന്നത് സംസ്ഥാനമാകെ ലഭ്യമായിരിക്കുന്നു. 23 സർക്കാർ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുൾപ്പെടെ 33 കേന്ദ്രങ്ങളിൽ കൊവിഡ്-19 ആർ ടി പി സി ആർ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ഇതോടൊപ്പം 800 ൽ അധികം സർക്കാർ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജൻ, എക്സ്പെർട്ട്/സിബിനാറ്റ്, ട്രൂനാറ്റ് പരിശോധനകൾ നടത്തുന്നുണ്ട്. പ്രതിദിന പരിശോധനകളുടെ എണ്ണം 1,50,000 വരെ ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഹോം ക്വാറന്റൈൻ ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. റൂം ക്വാറന്റൈന് ഡോക്ടറുടേയും ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കുന്ന ഏക സംസ്ഥാനവും കേരളമാണ്. സംസ്ഥാനത്ത് രണ്ടായിരത്തോളം ആശുപത്രിയിലാണ് കോവിഡ് ചികിത്സയുള്ളത്. ഐ സി യു കിടക്ക ഒഴികെ 1,21,815 കിടക്കകളുണ്ട്. ഇതിൽ 66,101 കിടക്കക്കകളിൽ രോഗികളുണ്ട്. ആകെയുള്ള രോഗികളുടെ 54.-2 ശതമാനമാണിത്.
സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ചടുലമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധനയാണ് നടക്കുക. ആദ്യ ദിവസം 1.25 ലക്ഷം പേരേയും തുടർന്ന് 2.5 ലക്ഷം പേരേയും പരിശോധിക്കും. തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങള്‍ വിശകലനം ചെയ്ത് കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ 34 ശതമാനം കുറവാണെന്ന Indian Council of Medical Research ന്റെ സിറോപ്രവലൻസ് പഠനം കൊവിഡ് - 19 പ്രതിരോധ പ്രവർത്തന രംഗത്തെ സംസ്ഥാന സർക്കാരിന്റെ കരുതലിലും ജാഗ്രതയ്ക്കുമുള്ള അംഗീകാരം കൂടിയാകുന്നു . ഐ സി എം ആർ റിപ്പോർട്ട് പ്രകാരം കേരളത്തിൽ രോഗബാധയുണ്ടായവർ 42.7 ശതമാനം മാത്രമാണ്. ദേശീയ ശരാശരി 67. 6 ശതമാനം. സമ്പർക്ക വിലക്ക് നടപ്പാക്കിയ രീതി, സമ്പർക്കമുണ്ടായവരെ കണ്ടെത്തൽ, ടെസ്‌റ്റുകളിലൂടെ രോഗികളെ കണ്ടെത്തി ഏകാന്തപരിചരണത്തിലാക്കിയത്, ക്ലസ്‌റ്ററുകൾ തുടക്കത്തിലേ കണ്ടെത്തിയുള്ള പ്രതിരോധനടപടി, ‘ബ്രെയ്‌ക്ക് ദ ചെയിൻ ’ പദ്ധതി തുടങ്ങിയവയെല്ലാം റിപ്പോർട്ടിൽ അഭിനന്ദിയ്ക്കപ്പെട്ടിട്ടുണ്ട്.
മൂന്നാം തരംഗത്തെയും നമ്മളതിജീവിക്കും
രാജ്യം കോവിഡ് മൂന്നാംതരംഗത്തെ നേരിടേണ്ടിവരുമെന്ന വിദഗ്ധാഭിപ്രായം മുൻനിർത്തി പ്രതിരോധിക്കുന്നതിനുള്ള ശാസ്ത്രീയമായ ഒരുക്കങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാമെന്ന നിലയിലെ പഠനങ്ങളുള്ളതിനാൽ എല്ലാ ജില്ലകളിലും ശിശുരോഗ തീവ്രപരിചരണ സംവിധാനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്. 'നവജാത ശിശുക്കൾക്കും കുട്ടികൾക്കുമായി പ്രത്യേകം ഐസിയു ഒരുക്കും. ജില്ലകളിൽ കുട്ടികളുടെ ചികിത്സയ്‌ക്കായി നോഡൽ ആശുപത്രി സജ്ജമാക്കും. ഈ ആശുപത്രികളിലടക്കം ഓക്‌സിജൻ ലഭ്യത ഉറപ്പാക്കും. 18 വയസ്സിനുമുകളിലുള്ളവരിൽ വാക്‌സിൻ വിതരണം വേഗം പൂർത്തിയാക്കും. നിലവിൽ മുൻഗണനാ വിഭാഗത്തിനാണെങ്കിലും വൈകാതെ എല്ലാവർക്കും വാക്‌സിൻ ലഭിക്കും. 40 വയസ്സിന് മുകളിലുള്ളവർക്ക് ജൂലൈ 15 നകം ആദ്യ ഡോസ് വാക്‌സിൻ നൽകും. ഈ നിലയിൽ കൂട്ടായ ഇതോടെ സാമൂഹ്യ പ്രതിരോധശേഷി കൈവരിച്ച് കൊവിഡിനെ അതിജീവിക്കുന്നതിനുള്ള തീവ്രയജ്ഞമാണ് സർക്കാർ നടത്തുന്നത്.
കൊവിഡ് - 19 ന്റെ രണ്ടാം തരംഗത്തിൽ 43,000 ത്തിലധികം പേർക്കുവരെ പ്രതിദിനം രോഗം ബാധിച്ചിരുന്നു. 21 മുതൽ 30 വയസ്സ് വരെയുള്ളവരിലാണ് കൂടുതൽ രോഗവ്യാപനമുണ്ടായതെന്ന് ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ സൂചന നൽകുന്നു. പ്രസ്തുത പ്രായപരിധിയിൽ 2,61,232 പേർക്കാണ് രോഗം ബാധിച്ചത്. 31 മുതൽ 40 വയസ്സുവരെയുള്ള 2,52,935 പേർക്കും 41 മുതൽ 50 വയസ്സുവരെയുള്ള 2,33,126 പേരും രോഗബാധിതരായി. രണ്ടാംതരംഗം കൂടുതലായും ചെറുപ്പക്കാരെയും മധ്യവയസ്കരെയുമാണ് ബാധിച്ചത്. മരണനിരക്ക് കൂടുതൽ 81 മുതൽ 90 വയസ്സുവരെയുള്ളവരിലായിരുന്നു (2.93 ശതമാനം). പ്രസ്തുത പ്രായപരിധിയിലെ 17,105 പേർക്ക് രോഗം ബാധിച്ചു. 502 പേർ മരിച്ചു. 71 മുതൽ 80 വയസ്സുവരെയുള്ളവരിൽ മരണനിരക്ക് 1.94 ശതമാനവും 91 മുതൽ 100 വയസ്സുവരെയുള്ളവരിൽ 1.55 ശതമാനവുമാണ്. ആദ്യ തരംഗത്തിൽ ഇത് 12,000 മാത്രമായിരുന്നു. മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയ്‌ക്കുക എന്നതാണ് സർക്കാരിന്റെ പരമപ്രധാന ലക്‌ഷ്യം. രണ്ടാം തരംഗം ശക്തിയാർജ്ജിച്ച മെയ് പകുതിയിൽ സംസ്ഥാനത്ത് പ്രതിദിനം 4.45 ലക്ഷം രോഗികൾ വരെ ചികിത്സയിലുണ്ടായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിലൂടെയാണ് വ്യാപനനിരക്ക് നിയന്ത്രിച്ചു നിർത്തുന്നതിനായത്. അങ്ങനെ കിടക്ക, ഐ സി യു, വെന്റിലേറ്റർ, ഓക്‌സിജൻ കിടക്ക എന്നിവ ഉറപ്പുവരുത്തുന്നതിനുമായി.
കൊവിഡ് - 19 : ലോക്ക് ഡൗൺ കാലയളവിലെ സർക്കാർ സമാശ്വാസ പദ്ധതികൾ
ഇതര സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി കൊവിഡ് - 19 അനുബന്ധ അടച്ചുപൂട്ടലിൽ ഭക്ഷ്യക്ഷാമമടക്കമുള്ള പ്രതിസന്ധികൾ നേരിടുന്നതിനായി അർത്ഥപൂർണ്ണമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത്. കൊവിഡ് രോഗികൾ, വീടുകളിൽ നിരീക്ഷണത്തിലുള്ളവർ, ക്ഷേമ പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ പത്ത് ദുർബലവിഭാഗങ്ങളിലെ ൽ അർഹർക്കാണ് ഈവിധം ഭക്ഷണം ലഭ്യമാകുക. ഭക്ഷണം ആവശ്യമുള്ള കിടപ്പുരോഗികൾ, സാന്ത്വന ചികിത്സയിലുള്ളവർ, മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലുള്ളവർ, പട്ടികജാതി, പട്ടികവർഗ കോളനികളിലുള്ളവർ എന്നിവരും അർഹതാപട്ടികയുടെ ഭാഗമാണ്. കൊവിഡ് 19 അനുബന്ധ ലോക്ക് ഡൗൺ കാലത്തെ ഭക്ഷ്യ പ്രതിസന്ധി മറികടക്കാൻ ആരംഭിച്ച അതിജീവന സൗജന്യ ഭക്ഷ്യക്കിറ്റിലൂടെ 85 ലക്ഷം കുടുംബങ്ങളാണ് പിന്തുണയ്ക്കപ്പെട്ടത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന സൗജന്യ ക്ഷേമ പദ്ധതികളിലൂടെ 88 ലക്ഷം കുടുംബങ്ങളിലേയ്ക്ക് സൗജന്യ ഭക്ഷ്യക്കിറ്റെത്തും. കോവിഡ് പശ്ചാത്തലത്തിൽ, എല്ലാ ക്ഷേമനിധി ബോർഡുകളുടെയും പെൻഷൻ 2021 ഓഗസ്റ്റ് മാസം വരെ മസ്റ്ററിങ് ഇല്ലാതെ നൽകാൻ നൽകുന്നതിനും വിധവ പെൻഷന് പുനർ വിവാഹിതയല്ല / വിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ് ഓഗസ്റ്റ് മാസം വരെ സമർപ്പിക്കേണ്ടതില്ല എന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 14,67,054 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുക.
കൊവിഡ് 19 ന്റെ ഭാഗമായി ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കേരളത്തിൽ സ്ഥിരതാമസക്കാരായ 32000 കലാകാർക്കും അനുബന്ധ പ്രവർത്തകർക്കും പ്രതിമാസം 1000 രൂപ വീതം രണ്ടു മാസക്കാലയളവിലേയ്ക്ക് സർക്കാർ അടിയന്തിര സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ ഇനത്തിൽ 640 ലക്ഷം രൂപയാണ് ചെലവഴിയ്ക്കപ്പെട്ടത്. 2020 - 21 സാമ്പത്തിക വർഷത്തിൽ സാംസ്കാരിക വകുപ്പിന്റെ ഭാഗമായുള്ള വിവിധ അക്കാദമിയുടെ പദ്ധതി വിഹിതങ്ങളിൽ നിന്നുള്ള ധന പുനർവിനിയോഗങ്ങളിലൂടെയാണ് പ്രസ്തുത തുക കണ്ടെത്തിയത്. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിലൂടെ 4323 കലാപ്രവർത്തകർക്കാണ് 2000 രൂപ വീതം വിതരണം ചെയ്യപ്പെട്ടത്. ഈ ഇനത്തിൽ 86.46 ലക്ഷം രൂപയാണ് ബോർഡിന്റെ തനത് ഫണ്ടിൽ നിന്നും ധനസഹായമായി നൽകിയത് . അവശേഷിയ്ക്കുന്ന കലാകാർക്ക് 1000 രൂപ വീതം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. സാംസ്കാരിക വകുപ്പ്, അക്കാദമികൾ എന്നിവകളിലൂടെയുള്ള സമാശ്വാസ ധനസഹായങ്ങൾക്ക് യഥാസമയം അപേക്ഷ നൽകാൻ കഴിയാതെ പോയവരും നാളിതുവരെ ഒരുവിധ സഹായവും ലഭ്യമാകാത്തവരുമായ 30000 കലാകാർക്കും അനുബന്ധ പ്രവർത്തകർക്കും 1000 രൂപവീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച് വിതരണം ചെയ്തത്. ഈ ഇനത്തിൽ 3 കോടി രൂപയാണ് ചെലവഴിയ്ക്കപ്പെട്ടത്.
കോവിഡ് രണ്ടാം തരംഗത്തിന്‍റെ ഭാഗമായി പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളര്‍ക്കായി എൽ ഡി എഫ് സർക്കാരിന്റെ 5650 കോടി രൂപയുടെ അനുബന്ധ പാക്കേജാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. കേന്ദ്ര - സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നും എടുക്കുന്ന 2 ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സര്‍ക്കാര്‍ ആറുമാസത്തേക്ക് വഹിക്കും. ആകെ 2,000 കോടി രൂപ വലിപ്പമുള്ള വായ്പാ പദ്ധതിക്കുള്ള പലിശയിളവാണിത് . ഇതിലൂടെ ഒരു ലക്ഷം പേര്‍ക്കാണ് സൗജന്യം ലഭ്യമാകുക.
സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കിയിരിക്കുന്നു. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് (എം.എസ്.എം.ഇ) കെട്ടിടനികുതി ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കിയിട്ടുണ്ട്. പ്രസ്തുത സ്ഥാപനങ്ങൾക്ക് സൂചിത കാലയളവിലെ ഇലക്ട്രിസിറ്റി ഫിക്സഡ് ചാര്‍ജ്ജും സര്‍ക്കാര്‍ വാടകയും ഒഴിവാക്കിയിട്ടുണ്ട്. 20.1.2021 മുതൽ അടവ് മുടക്കമായ കെ എസ് എഫ് ഇ നൽകിയ എല്ലാ ലോണുകളുടെയും പിഴപലിശ സെപ്തംബർ 30 വരെ ഒഴിവാക്കി നൽകും. ചിട്ടിയുടെ കുടിശ്ശികക്കാർക്ക് കാലാവധി അനുസരിച്ച് സെപ്തംബർ 30 വരെയുള്ള അമ്പതു മുതൽ നൂറു ശതമാനം വരെ പലിശയും പിഴപലിശയും ഒഴിവാക്കി നൽകും. 20.1.2021 മുതൽ അടവ് മുടക്കമായ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാർക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നൽകും. 30.9.2021 വരെ ചിട്ടിപിടിച്ച ചിറ്റാളന്മാർക്ക് ഡിവിഡന്റ് നഷ്ടപ്പെടില്ല. കൊവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്‍കുന്ന അഞ്ചു ശതമാനം നിരക്കില്‍ ഒരു ലക്ഷം രൂപ വരെ നല്‍കുന്ന ലോണിന്റെ കാലാവധിയും 30.9.2021 വരെ നീട്ടി നൽകിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ വ്യവസായ പുനരുജ്ജീവനത്തിനായി കെ എഫ് സിയിലൂടെ ജൂലൈയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പുറമെ മൂന്ന് പദ്ധതികൾ കൂടി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
സ്റ്റാർട്ടപ്പ് കേരള പദ്ധതി.
ഒരു കോടി രൂപ വരെ കോളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന 'സ്റ്റാർട്ടപ്പ് കേരള' വായ്പാപദ്ധതി .ഇതിനായി കെഎഫ്സി 50 കോടി രൂപ മാറ്റി വയ്ക്കും.
വ്യവസായ എസ്റ്റേറ്റിലെ സംരംഭങ്ങൾക്കുള്ള ഉള്ള പ്രത്യേക വായ്പാപദ്ധതി.
സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്ന പ്രത്യേക വായ്പാപദ്ധതി. 20 കോടി വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയിൽ, 500 കോടി രൂപ മാറ്റി വയ്ക്കും.
മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി രണ്ടാം ഭാഗം.
ഒരു കോടി വരെ 5% പലിശയിൽ വായ്പ നൽകുന്ന ഈ പദ്ധതിയിൽ ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ, അടുത്ത അഞ്ച് വർഷം കൊണ്ട് 2500 പുതിയ വ്യവസായ യൂണിറ്റുകൾക്ക് വായ്പ അനുവദിക്കും. 50 വയസ്സിൽ താഴെയുള്ള യുവസംരംഭകർക്ക് ആണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വർഷംതോറും 2000 പുതു സംരംഭകരെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി അതിൽ പ്രാപ്തരായവരെ കണ്ടെത്തിയാണ് വായ്പ അനുവദിക്കുക. ഇതിനായി മുന്നൂറു കോടി രൂപ ചെലവാക്കും. ഇതിനെല്ലാം പുറമെയാണ് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റ് മാസം ഒരുമിച്ച് നല്‍കുന്നത്. ഇതുവഴി 1700 കോടി രൂപ ജനങ്ങളുടെ കൈയില്‍ നേരിട്ട് എത്തുന്നു.ഇതിനു പുറമേ ഓണത്തിന് അനുവദിക്കുന്ന സ്പെഷ്യല്‍ ഭക്ഷ്യ കിറ്റിനു 526 കോടി രൂപ ചെലവാക്കും .
രോഗവ്യാപനം കുറയാത്തതെന്തുകൊണ്ട്
രണ്ടാം തരംഗത്തിന്റെ അവസാനപാദത്തിലും കൊവിഡ് - 19 ന്റെ വ്യാപനം സംസ്ഥാനത്ത് കുറയാത്തതിന്റെ കാരണങ്ങൾ വിഭിന്നങ്ങളാണ്. ജനസാന്ദ്രത ഏറ്റവും അധികമുള്ള കേരളത്തിൽ ഒരു സ്ക്വയർ കിലോമീറ്റർ പരിധിയിൽ 859 ളം മനുഷ്യരാണ് അധിവസിയ്ക്കുന്നത്. ജനസാന്ദ്രത, ജനസംഖ്യയിലെ വയോജനങ്ങളുടെ ഉയർന്ന അനുപാതം, ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനവ്, രണ്ടാംതരംഗത്തിൽ പ്രത്യക്ഷപ്പെട്ട വ്യാപനസാധ്യത ഏറെയുള്ള ഡെൽറ്റ വൈറസ് എന്നിവകളെല്ലാം കൊവിഡ് - 19 ന്റെ കനത്ത ആഘാതങ്ങളിലേക്ക് കേരളത്തെ നയിക്കേണ്ടതായിരുന്നുന്നെങ്കിലും നിയന്ത്രണം ജാഗ്രത എന്നിവകളിലൂടെ മരണ നിരക്ക് ഉയരാതെ പിടിച്ചുനിർത്തുന്നതടക്കം സംസ്ഥാനത്തിനു കഴിഞ്ഞു.
കേസുകൾ കണ്ടെത്തി റിപ്പോർട്ടു ചെയ്യുന്നതിലുള്ള സംവിധാനങ്ങളുടെ ജാഗ്രത, സൗജന്യ ചികിത്സ, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികവ്, ഇതര മേഖലകളിലെന്ന പോലെ ഉയർന്ന ആരോഗ്യ സാക്ഷരത, വാക്സിനേഷനുള്ള സ്വയം സന്നദ്ധവും വർദ്ധിച്ചതുമായ പങ്കാളിത്തം ഇവയെല്ലാം രോഗികളുടെ എണ്ണം മരണ നിരക്ക് തുടങ്ങിയവകളിൽ കൃത്യമായി പ്രതിഫലിയ്ക്കുന്നു. സമാനമായ നിലയിലെ കൃത്യതയാർന്ന കണക്കുകളുടേയും വിവരങ്ങളുടേയും സംശ്ലേഷണം ശാസ്ത്രീയമായ നിലയിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കാത്തതിന്റെ പശ്ചാത്തലത്തിലടക്കമാണ് കേരളത്തിന്റെ രോഗവ്യാപനതോത് കുറയുന്നില്ലയെന്നോ കുറയ്ക്കാനാകുന്നില്ലെന്നോ എല്ലാമുള്ള നിലകളിലെ നിരീക്ഷണങ്ങൾ ഉയരുന്നത്.
ഭരണഘടനയുടെ 21-ാം അനുച്ഛേദം
കേന്ദ്ര സർക്കാരിന്റെ Ministry of Health and Family Welfare ന്റെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് കൊവിഡ് - 19 സംബന്ധമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ലോക ആരോഗ്യ സംഘടന, MoHFW, പൊതുജനാരോഗ്യ വിദഗ്ധർ തുടങ്ങിയവർ കൊവിഡ് - 19 സാഹചര്യങ്ങൾ സംബന്ധിച്ച് വിവിധ ഘട്ടങ്ങളിലായി നടത്തിയ നിരീക്ഷണങ്ങൾ അതീവ ഗൗരവമുള്ളതാണ്. 'കൊവിഡ് 19 പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച് വിവിധ സംസ്ഥാനങ്ങളിൽ ആൾക്കൂട്ടങ്ങൾ വ്യാപകമാകുന്നു.രാജ്യത്ത് കൊവിഡ് 19 മൂന്നാം തരംഗം അനിവാര്യവും ആസന്നവുമാണ്. പ്രസ്തുത സാഹചര്യത്തിൽ വിനോദ സഞ്ചാരം, തീര്‍ത്ഥയാത്ര, മതാചാരങ്ങൾ തുടങ്ങി വിവിധ നിലകളിലെ ഒത്തുചേരലുകൾ ഏതാനും മാസങ്ങൾ കൂടി മാറ്റി വെയ്ക്കണം' തുടങ്ങിയവയാണത്.
“Protection of Life and Personal Liberty: No person shall be deprived of his life or personal liberty except according to procedure established by law.”
ഇത്തരമൊരു സാഹചര്യത്തിലാണ് മതപരമായ ആചാരങ്ങളേക്കാൾ പ്രധാനപ്പെട്ടതാണ് ജീവിക്കാനുള്ള പൗരന്റെ അവകാശം എന്ന സുപ്രീം കോടതി വിധി ഏറെ പ്രസക്തമാകുന്നത്. പൗരന്റെ ആരോഗ്യമാണ് പരമപ്രധാനം; എല്ലാ പൗരന്മാരെയും ബാധിക്കുന്ന ഒന്നാണിത്. ഭരണഘടനയുടെ ഒരുപത്തിയൊന്നാം അനുച്ഛേദം ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തേക്കാൾ പ്രധാനമല്ല, മറ്റൊന്നുമെന്നും സുപ്രീം കോടതി സുവ്യക്തമാക്കുന്നു.
ഓരോരുത്തരും എല്ലാവർക്കും വേണ്ടി