വിക്ടര്‍ ജോര്‍ജ് ഒരു ഭീകര മനുഷ്യനായിരുന്നു നേരില്‍ കാണും വരെ. 97 ല്‍ കോട്ടയത്തു ദേശാഭിമാനിയില്‍ ജോലി ലഭിക്കുമ്പോള്‍ പത്രങ്ങളുടെ തറവാട് മാത്രമായിരുന്നില്ല മാധ്യമ പ്രവര്‍ത്തനത്തിലെ കാരണവന്മാരെന്നു പറയാവുന്നവരുടെ ഒരു കൂട്ടം കൂടി ആയിരുന്നു അവിടം. ഫോട്ടോഗ്രാഫര്‍മാരില്‍ മനോരമ വര്‍ഗ്ഗീസേട്ടനും ദീപിക ജോസേട്ടനും ആയിരുന്നു തലമുതിര്‍ന്നവര്‍. പിന്നീട് , ഇന്നും ചെറുപ്പക്കാരായിരിക്കുന്ന ദാസേട്ടനും ദീപിക തോമാച്ചനും രാജീവും tk പ്രദീപും, മനോരമ പ്രദീപും ദീപിക അനിലും രൂപത്തിലും ഭാവത്തിലും പരിസ്ഥിതിവാദിയായ സുനിലേട്ടനും എന്നുതുടങ്ങി ഒരുപറ്റം. അവര്‍ക്കൊക്കെ ഇടയില്‍ തികച്ചും വ്യത്യസ്ഥരായ 2 പേര്‍.
രൂപം കൊണ്ടും ഭാവം കൊണ്ടും അവരുടെ ഫ്രെയിമുകള്‍ പോലെ എല്ലാരില്‍ നിന്നും വളരെ വ്യത്യസ്ഥരായ ഇവരുടെ ഒറ്റനോട്ടത്തിലെ പ്രേത്യകത ബ്രാന്‍ഡഡ് ഷര്‍ട്ടും ഹെയര്‍ സ്‌റ്റൈലും യമഹ ബൈക്കും ഫ്‌എം 2 കാമറ യും അങ്ങനെ പട്ടിക നീളും. അതില്‍ ആദ്യം പരിചയക്കാരനായത് ഹരിയേട്ടനെ ആയിരുന്നു, അങ്ങനെയായിരുന്നു ആ മനുഷ്യന്‍ എവിടെയും ഇടിച്ചുകയറും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ബലമായി സുഹൃത്താകും നേരെ തിരിച്ചൊരു സ്വഭാവവും ആയി ഒരു ഒതുങ്ങിയ ശാന്തനായ (പടമെടുപ്പു കാര്യത്തില്‍ മാത്രം ആ ശാന്തത ഇല്ലാട്ടോ) ചെറിയൊരു മനുഷ്യന്‍ ഘനഗംഭീരമായൊരു പേരുമായി അങ്ങനെ അജാനബാഹുവായിനിന്നു.
യാത്രകള്‍ ആയിരുന്നു വിരുദ്ധ സ്വഭാവക്കാരായിരുന്ന ഇവരെ അത്രമേല്‍ അടുപ്പിക്കുന്ന ഘടകം വിക്ടര്‍ വിളിച്ചാല്‍ ഏതു പാതിരക്കും എങ്ങോട്ടെന്ന് പോലും ചോദിക്കാതെ ഇറങ്ങി ചെല്ലാന്‍ ഹരി തയ്യാറായിരുന്നു … യാത്രയില്‍ ഉടനീളം തമാശകള്‍ പറഞ്ഞു കുലുങ്ങി ചിരിച്ചു ഹരിയും ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചു വിക്ടറെട്ടനും അതായിരുന്നു അവരുടെ യാത്രകളുടെ ഒരു പ്രത്യേകത വളരെ ഹോം വര്‍ക്ക് ചെയ്തു ഫ്രെയിമില്‍ വരണ്ട കാക്കയെ പോലും മനസ്സില്‍ കുറിച്ച് പടമെടുക്കാന്‍ പോകുന്ന വിക്ടറെട്ടന്ടെ ഒരു നിഴല്‍ ആയിരുന്നു ഹരിയേട്ടന്‍ …. ഈ വര്ഷം വിക്ടറെട്ടനെ അനുസ്മരിക്കുമ്പോള്‍ ഹരിയെക്കൂടി ഓര്‍ക്കാതെ പോകാന്‍ ആവാത്തത് ഇന്ന് ഹരിയും നമുക്കൊപ്പമില്ലാത്തതിനാലാണ്.
അങ്ങനെ പണിതുടങ്ങിയപ്പോള്‍ ഓരോ ദിവസവും അയാള്‍ അത്ഭുതമാവുകയായിരുന്നു .. ഒരുമിച്ചു പോയിനിന്നെടുത്ത ഒരുപിടി പരിപാടികള്‍ തികച്ചും വ്യത്യസ്തമായ അസാധ്യ ചിത്രങ്ങളുമായി ഓരോ ദിവസവും മനോരമയൂടെ ഒന്നാം പേജില്‍ വിക്ടര്‍ ജോര്‍ജ് എന്ന പേര് അങ്ങനെ നിറഞ്ഞു നിന്നു. അതിലേറെ അമ്പരപ്പിക്കുന്നത് ഇടയ്ക്കിടെ ഓരോ യാത്രകള്‍ കഴിഞ്ഞെത്തി അതിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ ആയിരുന്നു. ഈ തിരക്കിനിടയില്‍ എങ്ങനെ ഈ യാത്ര ഒക്കെ ഒപ്പിക്കുന്നു എന്നെ ഒരമ്പരപ്പ് (പിന്നെ എത്രയോകഴിഞ്ഞാണ് മനസിലായത് ഈ യാത്രകള്‍ക്കെല്ലാം കൃത്യമായ ഒരു ഇന്‍ഫൊര്‍മെര്‍ ഉണ്ടായിരുന്നു എന്ന്. പോയ സ്ഥലത്തൊക്കെ തനിക്കുവേണ്ട ഒരു ചിത്രം വല്ലതും ഉണ്ടെങ്കില്‍ അറിയിക്കാന്‍ ഒരു ബന്ധം എന്നും വിക്ടറേട്ടന്‍ കരുതിവെച്ചു. തേക്കടിയിലെ കണ്ണനെപ്പോലെ… അവസാനം വെണ്ണിയാനി മലയിലെ ഉരുള്‍പൊട്ടല്‍ പുലര്‍ച്ച വിളിച്ചറിയിച്ച സ്ഥലവാസി ജോയി യെപോലെ).
ഒരു ഫോട്ടോ ജേര്ണലിസ്റ്റിനു വേണ്ട പ്രധാന ഗുണങ്ങള്‍ ഒരു സ്ഥലത് എത്തിയാല്‍ തനിക്കു വേണ്ട വാര്‍ത്ത എന്ത് എന്ന് തിരിച്ചറിയുന്ന ജാഗ്രതയും അത് ഏറ്റവും നന്നായി കമ്മ്യൂണികേറ്റു ചെയ്യിക്കാന്‍ കഴിയുന്ന ഫ്രെയിം സെന്‍സ് പിന്നെ കൈയിലിരിക്കുന്ന ക്യാമറ അതുപയോഗിക്കാന്‍ വേണ്ട സൂഷ്മത എന്നിവയാണ്. അന്ന് ഫിലിം ക്യാമറകളുടെ കാലത്തു വളരെ ചിലവേറിയ ഒരു കല ആയിരുന്നു ഫോട്ടോഗ്രാഫി ചിത്രമെടുത്താല്‍ ഫിലിം വാഷിംഗ് പ്രിന്റിങ്, ഡെവലപ്പ് ചെയ്തു നെഗറ്റീവ് കാണും വരെ ഉള്ള ഒരു ചങ്കിടിപ്പ് !
ചിത്രത്തിന്റെ ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല എന്നതായിരുന്നു വിക്ടറിന്‍ടെ രീതി. മണിക്കൂറുകളോളം ഡാര്‍ക്‌റൂമില്‍ ഡേവ് ലപ്പിങ്ങിനും പ്രിന്റിങിനും ചിലവഴിച്ചിരുന്നു. ട്രാന്‍സ്‌പെരന്‍സി ഫിലിമിലായിരുന്നു മഴയുടെ അസ്സൈന്മേന്ടു ചെയ്തിരുന്നത് ov വിജയന്ടെ ഖസാക്കിന്ടെ ഇതിഹാസം ചിത്രീകരിക്കാന്‍ ഏതാണ്ട് പൂര്‍ണമായി ചിത്രീകരിക്കേണ്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തിയ 3 ഓളം പുസ്തകങ്ങല്‍ ഒരു മാഗസിന്‍ടെ ഇന്റര്‍വ്യൂ വിനായി പോയ ശ്രീകുമാറിന്റെ കാട്ടി കൊടുത്തതു പറഞ്ഞു കേട്ടിട്ടുണ്ട്.
മഴ ചെയ്തു തീര്‍ത്ത ശേഷം തുടങ്ങാനിരുന്ന പ്രോജെക്ട് മരണ ശേഷം മഴയുടെ തോഴനായും കണ്ണീര്‍ മഴയായും ഒക്കെ ഒഴുകിയ വിക്ടര്‍ യഥാര്‍ത്ഥത്തില്‍ പ്ലാന്‍ ചെയ്ത ഒരു പ്രൊജക്റ്റ് മാത്രമായിരുന്നു മഴ. ഒരിക്കല്‍ സംസാരത്തിനിടെ വിവാഹ ഫോട്ടോഗ്രാഫി മാറേണ്ട കാലം കഴിഞ്ഞെന്നും പരമ്പരാഗത രീതിയില്‍ പള്ളിലച്ചനെപ്പോലെയോ കാര്‍മികളെ പോലെയോ പറഞ്ഞു arrange ചെയ്ത് എടുക്കേണ്ട രീതി മാറി ഫ്രീയായി അവരുടെ വിവാഹ ദിവസത്തിന്റെ സന്തോഷം ആണ് ചിത്രീകരിക്കേണ്ടതെന്നും അത്തരം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ആല്‍ബം ഉണ്ടാക്കണം എന്നും 20 വര്ഷം മുന്‍പേ ആവേശപൂര്‍വം എനിക്ക് മുന്നില്‍ ഇരുന്നു സംസാരിച്ച വിക്ടറെട്ടനെ ഇപ്പൊ ഞാന്‍ ഓര്‍മിക്കുക ക്യാന്‍ഡിഡ് ഫോട്ടോ ഉള്‍പ്പെടുത്തി പഴയ ആല്‍ബം concept ല്‍ നിന്നും പാടേ മാറി നാമിന്നു കാണുന്ന ഉജ്വല ആല്‍ബം വര്‍ക്കുകള്‍ കാണുമ്പൊള്‍ ആണ്. ആ മനുഷ്യനിലെ പ്രതിഭയുടെ ദീര്‍ഘവീക്ഷണം അതായിരുന്നു 2000 ആണ്ട് പിറന്ന ദിവസത്തെ മനോരമയുടെ ഒന്നാം പേജ് ചിത്രം ഓര്‍മിക്കുമ്പോള്‍ (ചുളിഞ്ഞ മുഖമുള്ള ഒരുവൃദ്ധ മാതാവ് തന്റെ പേരമകന്ടെ കുഞ്ഞിക്കാല്‍ മുത്തുന്ന ചിത്രം ) ഡല്‍ഹിയിലെ ദേശിയ നീന്തല്‍ മത്സരത്തില്‍ സ്വര്ണത്തിലേക്കു കുതിക്കുന്ന മകളെ പ്രോത്സാഹിപ്പിക്കുന്ന ‘അമ്മ , ഇടുക്കി ഡാം 92 ഇത് തുറക്കുമ്പോള്‍ വെള്ളം ഒഴുകി ഇറങ്ങുന്ന ചിത്രം, ഒഴിഞ്ഞ വയറുമായി ആളൊഴിഞ്ഞ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വാരിയെല്ലുകള്‍ കാണിച്ചു വിരസമായ ക്രിക്കറ്റ് കളി പ്രതിഭലിപ്പിച്ച ചിത്രം , ഐംകൊമ്പു ബസ് അപകടത്തില്‍ അപകടസ്ഥലത് ഒരു വളഞ്ഞ മരക്കൊമ്പില്‍ പിടിച്ചുനില്‍ക്കുന്ന കുറേ കൈകളും ഇടയില്‍ ഒരു ജിഞാസ മുറ്റിയ മുഖവും അങ്ങനെ ഒട്ടനവധി ഉജ്വല ചിത്രങ്ങള്‍ വിക്ടര്‍ എന്ന ഫോട്ടോഗ്രാഫറെ അടയാളപ്പെടുത്തുന്നു.
അറംപറ്റിയപോലെ തൊടുപുഴയില്‍ ഒരു കാര്‍ഗില്‍ ജാവന്ടെ സംസ്കാരത്തിന് എത്തിച്ച മൃദദേഹത്തിനു മുന്നില്‍ പൊട്ടിക്കരയുന്ന ഭാര്യയുടെ ചിത്രം ഒരുപക്ഷെ മലയാള പത്രങ്ങളില്‍ ആദ്യമായി അച്ചടിച്ച് വന്ന റിയാക്ഷന് ചിത്രങ്ങളില്‍ അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. വാതുറന്നു പൊട്ടിക്കരയുന്ന ഒരു സ്ത്രീയുടെ നിസഹായത അങ്ങനെ വികൃതമായി പത്രത്തില്‍ അച്ചടിക്കാമോ എന്നായിരുന്നു ചര്‍ച്ചയിലെ പ്രധാന തര്‍ക്കവിഷയം. കാര്‍ഗില്‍ യുദ്ധം അനാഥമാക്കുന്ന നിരപരാധികളായ കുടുംബങ്ങളുടെ നിസ്സഹായത കാട്ടുന്നതിനെ ആ ചിത്രത്തിനായി എന്ന നിലയില്‍ ചര്‍ച്ച അവസാനിച്ചു. പിന്നീട് അത് ഒരു ശൈലിയായി എല്ലാവരും സ്ഥാനത്തും അസ്ഥാനത്തും ഒക്കെ പൊട്ടിക്കരച്ചില്‍ പടങ്ങള്‍ വലിച്ചു നീട്ടി ഒന്നാം പേജുകളില്‍ കൊടുക്കാന്‍ തുടങ്ങി. ഒടുവില്‍ വെണ്ണിയാനി മലയില്‍ നിന്നും കാണാതായി 3 ദിവസങ്ങള്‍ക്കു ശേഷം ഒരു വൈകുന്നേരം കണ്ടെടുത്ത വിക്ടറെട്ടനെ കരിപ്പാല്‍ ആശുപത്രി മോര്‍ച്ചറിയില്‍ രാത്രി കൊണ്ടുവരുമ്പോള്‍ ഇപ്പോഴും മനസ്സില്‍ നിന്നും വിട്ടുപോകാത്ത ഈറ വലിച്ചു പിളര്ക്കുന്നപോലെ ഒരു നിലവിളിയോടെ പ്രിയപെട്ടവരുടെ കൈകളിലേക്ക് വീണുകരയുന്ന വിക്ടറെട്ടന്ടെ പ്രിയപ്പെട്ട ഇറ്റയെയും പത്രത്താളില്‍ അടിച്ചു വരുന്നതിനുമുന്നേ നിസ്സഹായനായി തികട്ടിവന്ന കരചില്‍ കടിച്ചമര്‍ത്തി സാക്ഷിയാവേണ്ടിയും വന്നു.
19 വര്‍ഷങ്ങള്‍ക്കിപ്പുറം വിക്ടറെട്ടനെ ഓര്‍മ്മിക്കുമ്പോള്‍ ദുഖത്തിനപ്പുറം പ്രതീക്ഷ നല്‍കുന്ന നീല്‍ വിക്ടര്‍ എന്ന byline , മനോരമയില്‍ തന്നെ ഇന്റേണ്ഷിപ്പ് കാലത്ത് അടിച്ചുവന്ന ചിത്രങ്ങള്‍ ട്രാവലര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന അവനെടുത്ത മഴചിത്രങ്ങള്‍ … പ്രിയപ്പെട്ട വിക്ടറേ ട്ടന്ടെ ഓര്‍മ്മകള്‍ അവനു കരുത്താകും എന്നും …