നവംബര്‍ 8, 2012
പ്രിയ സഹോദരി,
ഇതെഴുതുബോള്‍ നീ ഒരു പക്ഷേ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലായിരിക്കും. ഇരുട്ടിന്റെ കിരാതശക്തികള്‍ക്കെതിരെ ധീരമായി നിലകൊണ്ട്, വികലമായ വിശ്വാസബോധം തീര്‍ത്ത കാട്ടുജന്തുക്കളുടെ വെടിയേറ്റ് ചികിത്സാലയത്തില്‍ സ്വന്തം ജീവനു വേണ്ടി പിടയുന്ന അസാമാന്യ വ്യക്തിത്വത്തിന്റെ മുമ്പില്‍ നമിച്ചുകൊണ്ട്തുടങ്ങട്ടെ. ആരാണ് മലാല യൂസഫ് സായ് ? സ്വന്തം നാടിന്റെ ഭരണം രണ്ടുവര്‍ഷം താലിബാന്‍ എന്ന ഇരുട്ടിന്റെ ഉപാസകരുടെ വരുതിയില്‍ ആയിരുന്നപ്പോള്‍ വെളിച്ചത്തിന്റെ പുറം ലോകം പെണ്‍ സമൂഹത്തിന് നിഷേധിക്കപ്പെട്ടപ്പോള്‍ പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നത് തെറ്റാണെന്ന് വിധിക്കപ്പെട്ടപ്പോള്‍.... ഇരുട്ടിലേക്ക് ഒതുക്കപ്പെട്ടതിന്റെ വേദനയും പ്രതിഷേധവും കേവലം പതിനൊന്നാമത്തെ വയസ്സില്‍ ഡയറിക്കുറിപ്പുകളായി കുറിച്ചുകൊണ്ട്, സ്ത്രീത്വത്തിന്റെ അന്തസ്സിന്റെ പ്രതീകമായിക്കൊണ്ട് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ധീരമായി പ്രതികരിച്ച് താലിബാന്‍ എന്ന മത ഭീകരവാദ പ്രസ്ഥാനത്തിന്റെ കണ്ണിലെ കരടായി മാറിയ ഒരു കൊച്ചു പെണ്‍കുട്ടി.
താലിബാന്റെ കാട്ടാളത്തത്തിനെതിരെ വെളിച്ചത്തിന്റെ മാര്‍ഗ്ഗദീപമായി മാറി പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ നിന്നുള്ള ഈ ഡയറിക്കുറിപ്പുകള്‍. ഇസ്ലാമിക ശരീഅത്ത് നടപ്പിലാക്കിയ താലിബാന്‍ കാലത്ത് (സെപ്റ്റംബര്‍ 1996- ഒക്‌റ്റോബര്‍ 2011) അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് തൊഴിലും സാമൂഹിക ജീവിതവും എല്ലാം നിഷേധിച്ചു. 'അനിസ്ലാമികം' എന്നായിരുന്നു ആ ഭീകര ഭരണകൂടം അതിനു നിരത്തിയ കാരണം. വിശുദ്ധ ഗ്രന്ഥമായ ഖുറാനില്‍ വിദ്യാഭ്യാസത്തിന് ആണ്‍ പെണ്‍ ഭേദം കല്‍പ്പിച്ചിട്ടില്ല. മതങ്ങള്‍ നന്‍മയിലേക്കുള്ള വഴികാട്ടിയാണെന്നാണ് ജനങ്ങള്‍ പൊതുവേ വിശ്വസിക്കുന്നത്. എന്നാല്‍ മതത്തിന്റെ തെറ്റായ വായനയും അത് തീര്‍ക്കുന്ന വികലമായ ബോധവും മനുഷ്യനെ കാടത്തത്തിലേക്ക് തിരിച്ചു നയിക്കും എന്നതിന്റെ തെളിവാണ് താലിബാനും അതുപോലുള്ള സങ്കുചിത മത ഭീകരവാദ പ്രസ്ഥാനങ്ങളും. മാനവികതയെ കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചുമൊക്കെ വാചാലമാവുന്നതല്ലാതെ ഒരു പുരോഗതിയും നടപ്പിലാക്കാന്‍ സമ്മതിക്കാത്ത തികഞ്ഞ യാഥാസ്ഥിതികരാണ് എല്ലാ മത സംഘടനകളും. മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം പോലും ഇന്ന് സ്ത്രീകള്‍ക്ക് അനുവദനീയമല്ലാതായിരിക്കുന്നു. ഞങ്ങള്‍ എല്ലാ തീവ്രവാദത്തിനും എതിരാണെന്ന് നിരന്തരം പ്രസംഗിക്കുകയും എന്നാല്‍ എല്ലാ പിന്തിരിപ്പന്‍ സമീപനങ്ങള്‍ക്കും നിശബ്ദമായ പിന്തുണ നല്‍കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് എല്ലാ മതമേധാവികളും പിന്തുടരുന്നത്. ഇസ്ലാമിക വിശ്വാസത്തിന്റെ പേരില്‍ താലിബാന്‍ തീവ്രവാദികള്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ സമുദായ നേതാക്കളോ രാഷ്ട്രീയ നേതാക്കളോ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹവും ഭീതിജനകവുമാണ്. താലിബാന്‍ എന്ന പ്രസ്ഥാനം സമൂഹത്തില്‍ പടര്‍ത്തുന്ന കാടത്തത്തിനെതിരെ ചിന്തിക്കുകയും ഉറക്കെ പറയുകയും ചെയ്തു എന്നതാണ് മലാലയുടെ കുറ്റം.
ഇസ്ലാം സ്ത്രീകള്‍ക്ക് അനുവദിച്ച വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടതിനെയാണ് മലാല ചോദ്യം ചെയ്തത്. മലാല പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ ചാരയായി, തങ്ങളുടെ പ്രസ്ഥാനത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് അവള്‍ മരണം അര്‍ഹിക്കുന്നു എന്നാണ് താലിബാന്റെ ന്യായവാദം. മാനവികതക്കുവേണ്ടി, തുല്യതക്കുവേണ്ടി, ജനാധിപത്യ പുരോഗമന ആശയങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നത് വിശ്വാസ വിശുദ്ധമായ പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ സ്വാധീനമായിട്ടാണ് ഈ കൂട്ടര്‍ കരുതുന്നത്. പാക്കിസ്ഥാന്‍ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ഈ പെണ്‍ക്കുട്ടിയെ വധിക്കന്‍ ശ്രമിക്കുന്ന കിരാതര്‍ ഏത് വിശ്വാസത്തിന്റെ പേരിലാണ് മാപ്പര്‍ഹിക്കുന്നത്?. സ്ത്രീ വിദ്യാഭ്യാസത്തെ ഹറാമാക്കിയതിലൂടെയും വിദ്യാലയങ്ങള്‍ നശിപ്പിച്ചതിലൂടെയും മലാലയെ വെടിവെച്ചതിലൂടെയും താലിബാന്‍ ആവിഷ്‌ക്കരിച്ച 'മതനിന്ദ' എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ വിശ്വാസികളെ ഇളക്കി മറിക്കാത്തത്?.
താലിബ് എന്ന അറബി വാക്കിന് വിദ്യാര്‍ഥി എന്നാണ് അര്‍ഥം. തുര്‍ക്കി ഭാഷയിലെ ബഹുവചന പര്യായം കൂട്ടി ചേര്‍ത്താണ് വിദ്യാര്‍ത്ഥികള്‍ എന്ന അര്‍ഥത്തില്‍ താലിബാന്‍ എന്നു പ്രയോഗിക്കുന്നത്. വനിതാ വിദ്യാഭ്യാസത്തെ നിരോധിക്കുന്ന സംഘം എങ്ങിനെയാണാവോ വിദ്യാര്‍ത്ഥികളാവുക?. അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ് വാഴ്ചയെ ആയുധം കൊണ്ട് തുരത്തുന്നതിന് യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ വേണ്ടി അമേരിക്കയുടെ മുന്‍കൈയില്‍ ആരംഭിച്ച മതപാഠശാലകള്‍ ഉത്പാദിപ്പിച്ച ഭീകരവാദികളാണ് താലിബാന്‍. അവര്‍ ഇസ്ലാം മതം പഠിച്ചത് ഖുറാനില്‍ നിന്നോ നബിചര്യയില്‍ നിന്നോ അല്ല. അമേരിക്കയില്‍ നിന്നാണ്. യാഥാസ്ഥിതികതയും മരണസന്നദ്ധതയും ഹിംസയും ഇസ്ലാമിക ജിഹാദിന്റെ പേരില്‍ അവരെ പഠിപ്പിച്ചെങ്കില്‍ മാത്രമേ അന്ന് അമേരിക്കയുടെ കാര്യം നടക്കുമായിരുന്നുളളു. അത് നടന്നു. ഇന്നും താലിബാന്റെ ആ കലി ഇറങ്ങിയിട്ടില്ല. മത ഭീകര വാദിക്ക് മറ്റെന്ത് മനസ്സിലായാലും മതങ്ങളെയോ മനുഷ്യനെയോ മനസ്സിലാക്കാന്‍ സാധിക്കില്ല എന്നവര്‍ തെളിയിച്ചു.
'ഗുല്മകായി' എന്ന തൂലികാ നാമത്തിലാണ് മലാല ബി.ബി.സി. യ്ക്കു വേണ്ടി ഡയറിക്കുറിപ്പുകള്‍ എഴുതിയത്. ഏവരുടെയും മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന ആ ഡയറിക്കുറിപ്പിലെ ഒരു ചെറിയ ഭാഗം ഇവിടെ കൊടുക്കുന്നു. 'എന്റെ ബാപ്പ പറയുകയാ. ഒരാള് കുറച്ച് ദിവസം മുമ്പ് എന്റെ ഡയറി പ്രസിദ്ധീകരിച്ചത് വായിച്ചിട്ട് പറഞ്ഞത്രേ .... ദേ ഏതോ ഒരു കുട്ടി എഴുതിയിരിക്കുന്നത് കണ്ടോ ? അത്ഭുതമായിരിക്കുന്നു എന്ന്. അത് സ്വന്തം മകള് എഴുതിയതാണെന്ന് പറയാന്‍ പോലും കഴിയാതെ ബാപ്പ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു' ആയുധങ്ങളുടെ വെടിയൊച്ചകളാല്‍ മുഖരിതമായ ഒരുപാട് രാത്രികളുടെ കഥകള്‍ ഈ ഡയറിക്കുറിപ്പുകള്‍ പറയുന്നു. പാകിസ്ഥാനില്‍ തന്നെ 2007-ല്‍ മൂടുപടം ധരിക്കാത്തതിന്റെ പേരില്‍ പഞ്ചാബ് പ്രവിശ്യയിലെ സാമൂഹിക ക്ഷേമമന്ത്രിയായ സിലഹുമ ഉസ്മാന്‍ എന്ന 35-കാരിയെ വധിക്കുകയുണ്ടായി. തൊട്ടടുത്തു തന്നെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയും വധിക്കപ്പെട്ടു. മുസ്ലീം സ്ത്രീകളുടെ ദുരവസ്ഥ ആരംഭിച്ചത് ഇസ്ലാം പൗരോഹിത്യത്തിന്റെ കൈയിലകപ്പെടുകയും മതവിശ്വാസമാകെ മതരാഷ്ട്രവാദമായി ചുരുക്കപ്പെടുകയും ചെയ്തതോടെയാണ്.
ഖുര്‍ ആനും ഹദിസുകളും ദുര്‍വ്യാഖ്യാനം ചെയ്ത് സ്ത്രീയുടെ മനുഷ്യാവകാശത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. എന്തായാലും ഇന്ന് പാകിസ്ഥാന്‍ വിശ്വാസികളില്‍ ഭൂരിപക്ഷവും ഭിന്നതകള്‍ മറന്ന് ഈ കൊച്ചുമിടുക്കിയുടെ ധീരതയെ വാഴ്ത്തുന്നു. അവളുടെ ജീവനെടുക്കാനുള്ള ഹീനശ്രമത്തിന് എതിരായ കടുത്ത പ്രതിഷേധം പാകിസ്ഥാനിലെങ്ങും അലയടിക്കുന്നു. മറ്റു പല ഭരണകൂടങ്ങളും ഔദ്യോഗികമായി പ്രതിഷേധിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണകൂടം ഒരു പ്രതിഷേധവും അറിയിച്ചതായി ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. താലിബാനോളം അല്ലെങ്കില്‍ അതിലേറെ ഭീകരസ്വഭാവമുള്ള സംഘടനകള്‍ നമ്മുടെ നാട്ടില്‍ നിര്‍ഭയം അഴിഞ്ഞാടുന്നു. ഇടതുപക്ഷ ജനാധിപത്യ-മതേതര ശക്തികള്‍ കണ്ണ് തുറന്നില്ലെങ്കില്‍ ഒത്തിരി മലാലമാര്‍ ഇവിടെയും ആവര്‍ത്തിക്കും. സഹോദരീ. ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടചരിത്രത്തില്‍ എന്നുമെന്നും നിന്റെയീ കൊച്ചുപോരാട്ടം ഓര്‍മ്മിക്കപ്പെടും. മാനവികതയ്ക്കും മനുഷ്യന്റെ പുരോഗതിയ്ക്കും വിഘാതമായി വളരുന്ന കിരാതവര്‍ഗ്ഗങ്ങളായ താലിബാനെതിരെയുള്ള ഈ മനുഷ്യാവകാശ പോരാട്ടം എല്ലാ മതഭീകരതയുടെയും നാശത്തിന്റെ തുടക്കമാവട്ടെ.ഒരായിരം അഭിവാദ്യങ്ങള്‍.