Vineeth

സംസ്കാരത്തിന്റെ നവീകരണങ്ങള്‍

ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍. അതുകൊണ്ട് തന്നെ അവരുടെ സംസ്കാരമാണ് നാളത്തെ സംസ്കാരവും. ഓരോ സംസ്കാരങ്ങളുടെ പിറവിക്ക് പിന്നിലും ഒരുപാട് ശീലങ്ങളുണ്ട്. ആ ശീലങ്ങളിലൂടെ പല നവീകരണപ്രക്രിയകള്‍ക്കും കീഴ്പ്പെട്ടാണ് ഓരോ സംസ്കാരവും ജന്മമെടുക്കുന്നത്. ആ ശീലങ്ങളെ തന്നെ തരം തിരിക്കുകയാണെങ്കില്‍ ഒരുപാട് ഘടകങ്ങളെ നമുക്കതില്‍ കാണാനാവും. കാഴ്ചയുടെയും,കേള്‍വിയുടെയും,ഭാഷയ്ക്കപ്പുറം നില്‍ക്കുന്ന പ്രതിഭാഷയുടെയുമെല്ലാം ശീലങ്ങള്‍ ഇതിന് പുറകില്‍ ഒന്നൊന്നായി കടന്നുവരുന്നുണ്ട്.

എന്താണ് ഇന്ന് വളര്‍ന്നു വരുന്ന ഒരു തലമുറയുടെ സംസ്കാരം എന്നാണ് നമ്മള്‍ അന്വേഷിക്കേണ്ടത്. ആ അന്വേഷണങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത് നാളെകളിലാണ്. ഓരോ മനുഷ്യനും നാളെകള്‍ എന്നത് പ്രതീക്ഷകളുടെ ഇടത്താവളങ്ങളാണല്ലോ. ആ പ്രതീക്ഷയുടെ ഇടത്താവളങ്ങള്‍ ശുഭകരമാവണമെന്നുണ്ടെങ്കില്‍ നാം ഇന്നുകളില്‍ തന്നെ അന്വേഷണങ്ങളുടെ ആദ്യഘട്ടം ആരംഭിച്ചിരിക്കണം.

എന്തിനേയും ഏതിനേയും ന്യൂജനറേഷന്‍ സിംഫണികളിലേക്ക് വലിച്ചിടുന്നതിന് മുന്‍പ് എന്താണ് ന്യൂജനറേഷന്‍ സിംഫണി എന്ന് നാം കണ്ടെത്തണം. എങ്ങനെയാണ് നാം ന്യൂജനറേഷനെ നിര്‍വചിക്കുക? സാധ്യമല്ലാത്ത ഒരു കാര്യമാണത്. എല്ലാ കാലഘട്ടത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ് ന്യൂജനറേഷന്‍. കൃത്യമായ ഇടവേളകളില്‍, വ്യത്യസ്തമായ പെരുമാറ്റ രീതികളാലും ശൈലികളാലും സമൂഹത്തില്‍ ഇടപെട്ട് പോരുന്ന ഒരു വര്‍ഗ്ഗ(Class)മാണത്. ഭൗതികമായ എന്തിനെയും പോലെത്തന്നെ ആ 'ന്യൂ' നീണ്ട ഒരു കാലയളവിന് ശേഷം 'ഓള്‍ഡ്' ആയി മാറുകയും ചെയ്യുന്നു. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ ശീലിച്ചുവരുന്ന ഒരു സംവിധാനശ്രേണിയെ റദ്ദ് ചെയ്ത് മറ്റൊന്നിലേക്ക് വഴിവെട്ടിക്കടന്നു പോവുന്ന ഒരു സമൂഹമാണ് ന്യൂജനറേഷന്‍.

നാം ജീവിച്ചുവരുന്ന വര്‍ഗ്ഗസമൂഹത്തെ ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വര്‍ഗ്ഗമെന്നും പഴയ വര്‍ഗ്ഗമെന്നും രണ്ടയി തിരിക്കാം. ഈ രണ്ട് വിഭാഗത്തിന്റെയും ചിന്തകളും ആശയങ്ങളും നിലപാടുകളും അത്യധികം വൈരുദ്ധ്യങ്ങളോട് കൂടിയവയായിരിക്കും. ഒരു കുട്ടിയുടെ സ്വഭാവരൂപീകരണം നടക്കുന്നത് മുതല്‍ അവന്റേതായ ഒരു വര്‍ഗ്ഗബോധം അവനെ നയിക്കാന്‍ തുടങ്ങും. ആ ബോധത്തിലേക്ക് അവന്‍ കടക്കുമ്പോഴെല്ലാം പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സമൂഹമാണ് അവന് ചുറ്റുമുള്ളതെങ്കിലും കൃത്യമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അവന്‍ അവയെയെല്ലാം മറികടക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

ഉദാഹരണത്തിന് നിങ്ങളുടെ കുട്ടി ടി.വി കാണുകയാണെന്നിരിക്കട്ടെ. അവനെ/അവളെ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. കാര്‍ട്ടൂണ്‍ കാണുന്ന ഒരു കുട്ടിയാണെങ്കില്‍ കൂടി അവരുടെ ചാനലുകള്‍ അന്യഭാഷകളിലൂടെ സഞ്ചരിച്ചുകൊണ്ടെയിരിക്കും. കാഴ്ചയുടെ പുതുമകളിലാണ് അവര്‍ അഭിരമിക്കുന്നത്. ആ കഴ്ചയുടെ സംസ്കാരത്തില്‍ നിന്നുകൊണ്ട് അന്യമായ ഒരു ഭാഷയെ തന്നെ അവര്‍ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നതും നിങ്ങള്‍ക്ക് കാണാം. താന്‍ കാണുന്ന ഓരോന്നും അവര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. എന്തിന് കേവലം ഒരു പരസ്യത്തില്‍ പറയുന്നത് പോലും നിങ്ങളുടെ കുട്ടി ചിലപ്പോള്‍ മനഃപ്പാഠമാക്കും. അതുകൊണ്ട് തന്നെ അവന്/അവള്‍ക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരുമാണ്. ഇക്കൂട്ടര്‍ വളര്‍ന്നു വരുന്ന ഓരോ ഘട്ടങ്ങളെയും പരിശോധിക്കുകയാണെങ്കില്‍ പലതാം രീതികള്‍/ശീലങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഈ മാറിക്കൊണ്ടിരിക്കുന്ന ശീലങ്ങളിലൂടെയാണ് ഇവര്‍ ഇവരുടെ സംസ്കാരത്തെ നവീകരിച്ചുകൊണ്ടിരിക്കുന്നതും. ഈ നവീകരണപ്രക്രിയയില്‍ ഇവര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നുണ്ടെങ്കിലും കോട്ടങ്ങളാണേറെ എന്ന് വളരെ വിഷമത്തോട് കൂടിത്തന്നെ പറയട്ടെ. അടിസ്ഥാനപരമായ ഒരു ശിക്ഷണസമ്പ്രദായവുമില്ലാതെ പൊരുതിക്കയറുന്ന ഒരു കൂട്ടരില്‍ നിന്ന് ഇത്രയുമല്ലാതെ നമുക്കൊന്നും പ്രതീക്ഷിക്കാനുമാവില്ല.

യുവത്വം ഒരു കാഹളമാണ്. ഓരോ ഇടവേളകളില്‍ പുറപ്പെടുവിക്കുന്ന ലളിതമായ ഒരു ശബ്ദമല്ല അത്. ഉച്ചത്തിലും അത്യുച്ചത്തിലും ഇടയ്ക്ക് അലറിക്കരഞ്ഞും പുഞ്ചിരിച്ചുമൊക്കെ കടന്നുപോവുന്ന ഒരു അവസ്ഥയാണത്. നിയതമായ ഒരു പ്രതലത്തിലല്ല അതിന്റെ സഞ്ചാരം. അതുകൊണ്ട് തന്നെ അത് നിയന്ത്രണവിധേയവുമല്ല താനും. ഉണര്‍ന്നെണീക്കുന്ന ഓരോ ദിവസവും അവര്‍ക്ക് ക്കീഴ്പ്പെടുത്താനുള്ളതാണ്; ഓരോ പോരാട്ടങ്ങളാണ്. അത് എന്തിനുവേണ്ടിയുള്ള പോരാട്ടമാണ് എന്ന ഒരു ചോദ്യം ഈ പ്രസ്താവന ബാക്കി വയ്ക്കുന്നുണ്ട്. അത് പരിശോധിക്കുമ്പോള്‍ ബാഹ്യമായ ചുറ്റുപാടിനെ ആശ്രയിച്ച് നില്‍ക്കുന്ന സ്വന്തം ആവശ്യങ്ങള്‍ക്കായാണ് അവര്‍ പോരാടുന്നത് എന്ന് നമുക്ക് കാണാനാവും. പുതുമഴയ്ക്ക് ശേഷം മണ്ണില്‍ നിന്ന് പിറവിയെടുക്കുന്ന പാറ്റകളെ കണ്ടിട്ടില്ലേ, വെളിച്ചത്തിലേക്ക് പാഞ്ഞടുത്ത് പരാജയപ്പെട്ട് പിടഞ്ഞുവീഴുന്ന ഈയാമ്പാറ്റകള്‍, അവയെപ്പോലാണിവര്‍. പൊരുതാനവര്‍ക്ക് ലക്ഷ്യമുണ്ട്. പക്ഷേ, ആ ലക്ഷ്യസ്ഥാനത്തിന്റെ പ്രായോഗികവശത്തെക്കുറിച്ച് അവരൊരിക്കലും ബോധവാന്മാരല്ല.

അരാഷ്ട്രീയമായിപ്പോവുന്ന ക്യാമ്പസുകള്‍ എന്ന് പലരും മുറവിളി കൂട്ടാറുണ്ട്. പക്ഷേ, ക്യാമ്പസുകള്‍ ഒരിക്കലും അരാഷ്ട്രീയമായിട്ടില്ല, അരാഷ്ട്രീയമായി മാറുകയുമില്ല. അവര്‍ അരാഷ്ട്രീയരാണ് എന്ന് പറയുന്നവര്‍ക്ക്, തങ്ങളുടെ രാഷ്ട്രീയ നിര്‍വചനങ്ങള്‍ക്കുള്ളില്‍ അവരെ കിട്ടുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഈ ക്യാമ്പസുകളെ അരാഷ്ട്രീയ ക്യാമ്പസുകളായി ഇക്കൂട്ടര്‍ മുദ്രകുത്തുന്നത്. അങ്ങനെ വരുമ്പോള്‍ ആ രാഷ്ട്രീയവും ന്യൂജനറേഷനായി മാറുകയാണിവിടെ. അതിനെക്കുറിച്ച് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. ഒരു ക്യാമ്പസിലേക്കോ/സ്കൂളിലേക്കോ നിങ്ങള്‍ കടന്നു ചെല്ലുമ്പോള്‍ നിരവധി സംഘങ്ങളെ നിങ്ങള്‍ക്കവിടെ കാണാനാവും. നേരിട്ട് നിങ്ങള്‍ക്ക് കാണാനായില്ലെങ്കിലും വിഷമിക്കേണ്ട. അവിടെയുള്ള ഏതെങ്കിലും ചുവരുകളില്‍ നിങ്ങള്‍ക്കവരെ കാണാനാവും. പല പേരുകളില്‍, വേഷങ്ങളില്‍, ആശയങ്ങളില്‍ അവരവിടെ ഒരുമിച്ച് നില്‍ക്കുന്നുണ്ടാവും. എന്താണ് ഇത്തരം സംഘങ്ങ്ലുടെ പ്രസക്തി അല്ലെങ്കില്‍ എന്താണ് ഇവരുടെ നിലപാട് എന്ന നമ്മള്‍ പരിശോധിച്ചാല്‍ വെല്ലുവിളികളും നിലനില്പിനായുള്ള സംഘട്ടനങ്ങളും മാത്രമേ ഇവരുടെ അജണ്ടകളിലും പൂര്‍വ്വകാലചരിത്രങ്ങളിലും നമുക്ക് കാണാനാവൂ. യൂറോപ്പിലെ സ്ട്രീറ്റ് ഗ്യാങ്ങുകള്‍ക്ക് സമാനമായ ഇത്തരം സംഘങ്ങള്‍ പുറത്ത് നിന്ന് നോക്കുമ്പോള്‍ അരാഷ്ട്രീയതയുടെ ഉത്പന്നങ്ങളാണെങ്കില്‍, ഇവര്‍ക്കിത് ഇവരുടേതായ രാഷ്ട്രീയമായി മാറുന്നു. ഇതേ രാഷ്ട്രീയം തന്നെയാണ് പ്രാദേശികമായി നമ്മള്‍ പരിശോധിക്കുമ്പോഴും യുവാക്കളില്‍ നമുക്ക് കാണാനാവുക. ഈ സംഘം ചേരലുകളുടെയെല്ലാം പൊതുസ്വരം വെല്ലുവിളിയുടേത് മാത്രമായി വരുന്നു. അങ്ങനെ പുതിയ തലമുറയില്‍ ക്രിയാത്മകത നഷ്ടപ്പെടുകയും ഹിംസാത്മകത കടന്നുവരികയുമാണ് എന്ന് പറയുമ്പോല്‍ എങ്ങനെയാണ് അതിനെ തിരസ്കരിച്ച് മുന്നോട്ട് പോവാന്‍ കഴിയുക?

എന്തിനേയും വെല്ലുവിളിക്കുക എന്നത് ഈ തലമുറയുടെ അടയാളമാണോ എന്ന് വരെ ഈ ഒരു ഘട്ടത്തില്‍ സംശയിക്കാം. വ്യവസ്ഥാപിതമായ പല രീതികളെയും ഇവര്‍ വെല്ലുവിളിക്കുന്നുണ്ട്. ആശയപരമായി ഇടപെടാന്‍ കഴിയാത്ത പലയിടങ്ങളിലും ഈ തലമുറ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇടപെട്ട് സമൂഹത്തെ വെല്ലുവിളിക്കുന്ന കാഴ്ചകള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. പലപ്പോഴും 'തെറിച്ച പിള്ളേര്. എന്നും മറ്റും പറഞ്ഞ് ഒരു ശല്യഭാഷയില്‍ ഇവരെ ഒഴിവാക്കുമ്പോള്‍ ഇവര്‍ പ്രകടിപ്പിക്കുന്നത് ഇവരുടേതായ ഒരു സ്വത്വപ്രകാശനമാണെന്ന് നാം ബോധപൂര്‍വ്വം മറക്കുകയാണ്. അതുകൊണ്ട് തന്നെ ആ ഒരു സാംസ്കാരികത്തുടര്‍ച്ചയെ അഹങ്കാരത്തിന്റെയോ അതിക്രമത്തിന്റെയോ പുതിയൊരു ചട്ടക്കൂടിലേയ്ക്ക് നാം മാറ്റിയെഴുതുന്നു. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച പഴയ സമൂഹത്തിന്റെ ഇടപെടലുകള്‍ നടക്കുന്നതും.

ഒരു പൂച്ച അതിനെതിരെ വരുന്നതിനെ അല്പനേരം ശ്രദ്ധിച്ചിരിക്കും. തനിക്കതിനെ എതിരിടാനാവില്ലെന്ന പൂര്‍ണ്ണബോധ്യം വന്നാല്‍ അത് പിന്തിരിഞ്ഞോടുകയും ചെയ്യും. അതുപോലെയാണ് ഇന്നത്തെ യുവത്വം. എന്തിന്യും നേരിടാന്‍ അവര്‍ സജ്ജരാണ്. പക്ഷേ, വിജയം ഉറപ്പാണെങ്കില്‍ മാത്രമേ അവരതിന് മുതിരൂ എന്ന് മാത്രം. വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിച്ച്, സമയക്രമത്തിലൂടെയും പരിശീലനത്തിലൂടെയുമെല്ലാം എത്തിച്ചേരേണ്ട വഴികളിലേക്ക് അവര്‍ ഒരിക്കലും താത്പര്യം കാണിക്കുകയില്ല. ഇന്‍സ്റ്റന്റ് മേക്കിങ്ങ്, അത് മാത്രമാണ് അവരുടെ ലക്ഷ്യം. സംഘശക്തിയിലൂടെ ലക്ഷ്യത്തിലെത്തുക എന്നതാണ് പുതിയ തലമുറയുടെ രീതി. സംഘശക്തി എന്ന പദം തന്നെ അവരിലേക്ക് വരുന്നത് തനിച്ച് നില്‍ക്കാനാവില്ല എന്ന ബോധത്തില്‍ നിന്നാണ്. തനിച്ച് നില്‍ക്കാനാവില്ല എന്നതല്ല, മറിച്ച് തനിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് അവരുടെ പ്രശ്നം എന്നുള്ളത് അവര്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല.

ഒരു കമ്പ്യൂട്ടറില്‍ ഫുട്ബോള്‍ കളിക്കുന്നതിനും ഒരു മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനും ഇടയില്‍ വിശാലമായൊരു ഇടമുണ്ട്. ആ ഒരു ഇടമാണ് പുതുതലമുറ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഫുട്ബോള്‍ എന്നത് ഒരു ടീം ഗെയിമാണ്. ആ ടീം ഗെയിമാണ് ഒരു കമ്പ്യൂട്ടറില്‍ അവന്‍ ഒറ്റയ്ക്ക് കളിച്ച് ജയിക്കുന്നത്. എന്നാല്‍ ഒരു മൈതാനത്തില്‍ അവനൊരിക്കലും ഒറ്റയ്ക്ക് കളിച്ച് ജയിക്കാന്‍ കഴിയില്ല. അവനെപ്പോലെത്തന്നെ ജയിക്കണമെന്ന വാശിയോടെ അവന്റെ ടീമംഗങ്ങള്‍ കൂടി കളിച്ചാലെ അവന് ജയിക്കാനാവൂ. ഈ ഇടങ്ങളിലൊക്കെയാണ് പുതിയ തലമുറ വൈരുദ്ധ്യങ്ങളിലേക്കകപ്പെട്ടു പോവുന്നത്. വേണ്ടയിടങ്ങളിലവര്‍ സംഘശക്തിയും കായികശക്തിയും ഉപേക്ഷിക്കുകയും മറ്റിടങ്ങളില്‍ അനാവശ്യമായി അത് ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ഇവരുടേതായ ഒരു പൊതുശീലമാണ്. ഈ ഉള്‍വലിവുകള്‍ ഇവര്‍ പലതരത്തിലും പ്രകടിപ്പിക്കാറുമുണ്ട്. സാമൂഹികവും, രാഷ്ട്രീയവുമായ സന്ദര്‍ഭങ്ങളില്‍, ഒരു പൊതുസമൂഹത്തെ പ്രതിനിധാനം ചെയ്യേണ്ടി വരുമ്പോള്‍ അതിന്റെ മുന്‍ നിരയിലേക്ക് വരാതെ സ്വയം പുറകിലോട്ട് മാറുകയും, ഗത്യന്തരമില്ലാതെ മുന്നിലെത്തുമ്പോള്‍ കൃത്രിമമായി നിമ്മിച്ചെടുത്ത തങ്ങളുടെ പൊതുബോധത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുകയും ചെയ്യുന്ന ദയനീയമായ കാഴ്ച പലയിടങ്ങളിലും നമുക്ക് കാണാന്‍ സാധിക്കും. ഇത്തരത്തിലുള്ള അനിശ്ചിതത്വത്തിലുള്ള സങ്കീര്‍ണ്ണതകളെ സ്വീകരിക്കാന്‍ കഴിയാത്ത ഈ തലമുറ കാഴ്ചയില്‍ 'റഫ്' ആണെങ്കിലും സമീപനങ്ങളില്‍ വളരെ 'സോഫ്റ്റ്' ആണെന്ന് മാത്രം.

സംഘം ചേരുമ്പോള്‍ കടന്നാക്രമിക്കുകയും ഒറ്റപ്പെടുമ്പോള്‍ പിന്‍വലിയുകയുമെന്ന സാമാന്യതത്വത്തിലാണ് ഇവരുടെ മുന്നോട്ടുള്ള പ്രയാണം. പക്ഷേ, ഈ സംഘത്തില്‍ നിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞാല്‍ സ്വന്തമായ ഒരു തീരുമാനമെടുക്കാനുള്ള കഴിവ് പോലും ഇവരില്‍ വളരെ പരിമിതമായെ കാണാനാവൂ. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പിടിച്ചുകയറി മുന്നോട്ട് പോവുകയും, അധികാരത്തിന്റെ പൊതുശീലങ്ങളിലേക്ക് കയറിയിരുന്ന് സമൂഹത്തെ കൊഞ്ഞനം കുത്തുകയും ചെയ്ത് ഇവര്‍ തങ്ങളുടെ രാഷ്ട്രീയവും സ്വത്വവുമെല്ലാം പ്രദര്‍ശിപ്പിക്കുമ്പോള്‍ നിലച്ചുപോവുന്നത് പുത്തന്‍ തലമുറയുടെ സാമൂഹികബോധമാണ്. പെരുമാറ്റത്തിന്റെ കീഴ്വഴക്കങ്ങളെ പാടെ ധിക്കരിക്കുകയും, മറുവാക്കുകളിലൂടെയും എതിര്‍ വാദങ്ങളിലൂടെയും ന്യായാന്യായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്ത് ഒരു പാരമ്പര്യത്തെ ഇവര്‍ റദ്ദ് ചെയ്യുന്നു.

കെട്ടുകാഴ്ചകളില്‍ ഭ്രമിക്കുകയും, ആ ഭ്രമത്തില്‍ നിന്ന് ഒരു ജീവിതം കെട്ടിപ്പൊക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ തലമുറയുടെ ഒരു രീതി. അവയിലൂടെ കടന്നുവരുന്നത് മൂലധനശക്തികളുടെ വാണിജ്യതാത്പര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇവര്‍ സ്വയമറിയാതെ മൂലധനശക്തികളുടെ കയ്യിലെ ടൂളുകളായി മാറുന്നു. ഈ ടൂളുകള്‍ ഉപയോഗിച്ചാണ് അവര്‍ പിന്നീട് അവരുടെ വിപണികള്‍ പിടിച്ചടക്കുന്നത്. ഇത് ഒരു ചാക്രികപ്രവര്‍ത്തനമാണ്. കൃത്യമായി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഇത് കടന്നുപോവുകയും അവസാനം അത് തന്നിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു. ഈ ചാക്രികത മുന്നോട്ട് പോവുമ്പോള്‍ അവന്റെ/അവളുടെ താത്പര്യങ്ങള്‍ക്ക് മാത്രമെ അവര്‍ മുന്‍ഗണന കൊടുക്കൂ. അവിടെ സമൂഹത്തിന്റെയോ അവരോടടുത്ത് നില്‍ക്കുന്നവരുടെയോ താത്പര്യങ്ങള്‍ക്ക് ഒരു വിലയും അവര്‍ കല്പിക്കുന്നില്ല. അതായത് ഒരു പൊതുബോധത്തിനും കീഴ്പ്പെടാതെ അവന്‍ അവന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും, അതിനൊരു ഫാസിസ്റ്റ് സ്വഭാവം കൈവരുകയും ചെയ്യും.

പൊതുബോധത്തിന് കീഴ്പ്പെടാത്ത മനസ്സുള്ളതുകൊണ്ടാണ് അവന്/അവള്‍ക്ക് ഭീതിരഹിതമായ ഒരു ജീവിതം സാധ്യമാവുന്നത് എന്ന് കാണാനാവും. ഇരുട്ടിലേക്കും, ഒറ്റപ്പെട്ട വഴിയിലേക്കും ആരും എതിര്‍ത്തില്ലെങ്കില്‍ അവര്‍ ഇറങ്ങിപ്പോവാന്‍ തയ്യാറാണ്. സമൂഹത്തിലെ പല യാഥാര്‍ത്ഥ്യങ്ങളും അവര്‍ അംഗീകരിക്കുന്നില്ല എന്ന് വരുന്നു. അങ്ങനെ വരുമ്പോള്‍ അവരുടെ വിശ്വാസസംഹിതകള്‍ മതബോധങ്ങളാലും യാഥാസ്ഥിതികബോധങ്ങളാലും വളരെ രൂക്ഷമായ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.

പൊതുബോധശീലങ്ങളും, സ്വയം സൃഷ്ടിച്ചെടുത്ത സദാചാരസംഹിതകളും നിഷ്ക്കാസനം ചെയ്യപ്പെട്ട ഒരു സമൂഹമാണ് ഇവരുടേത്. ആ പൊതുബോധശീലങ്ങളുടെ നിഷ്കാസനത്തില്‍ ഇവരില്‍ ഉടലെടുക്കുന്ന ഒരു പ്രതിഭാഷാസംസ്കാരമുണ്ട്. അത് ഭാഷയെ അട്ടിമറിക്കുകയല്ല ചെയ്യുന്നത്. മറിച്ച് ഭാഷാപ്രയോഗത്തെയാണത് അട്ടിമറിക്കുന്നത്. ഭാഷ എവിടെ,എങ്ങനെ പ്രയോഗിക്കണമെന്ന സാമാന്യബോധത്തെ അത് നിരാകരിക്കുകയും സ്വയമാര്‍ജ്ജിച്ചെടുത്ത വഴികളിലൂടെ അവരുടെ ഭാഷ കയറുപൊട്ടിച്ചോടുന്ന ഒരു പശുവായി മാറുകയും ചെയ്യുന്നു. ഈ ഒരു രീതിയില്‍ സ്വന്തബന്ധങ്ങള്‍ക്കും പ്രായഭേദങ്ങള്‍ക്കും അത് ഒരു മൂല്യവും കല്പിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് കയറുപൊട്ടിച്ചോടുന്ന പശുവിന് പുറകെ വടിയെടുത്തോടുന്ന ആളെപ്പോലെ നമ്മള്‍ ഇവര്‍ക്ക് പുറകെ പാഞ്ഞുകൊണ്ടിരിക്കുന്നതും.

അവരെടുക്കുന്ന ഓരോ നിലപാടുകളും അവരെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്വപ്രഖ്യാപനങ്ങളാണ്. അതിനെ നമ്മള്‍ ചോദ്യം ചെയ്യുമ്പോള്‍, നാം ചോദ്യം ചെയ്യുന്നത് അവരുടെ സംസ്കാരത്തെയാണ്. ആ ചോദ്യം ചെയ്യലുകളില്‍ അവര്‍ അവരുടെ നിലപാടുകള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും അത് എന്ത് വില കൊടുത്തും നടപ്പാക്കാണ്‍ ശ്രമിക്കുകയും ചെയ്യുന്നു. ഒരു കുട്ടി അവന്റെ മാതാപിതാക്കളോട് ഒരു കാര്യം ആവശ്യപ്പെടുമ്പോള്‍ അതുമായി തന്റെ മാതാപിതാക്കള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് അവന്‍ വളരെ കൃത്യമായി നിരീക്ഷികൂകയും മറ്റവസരങ്ങളില്‍ അവന്‍ ഈ നിലപാടുകളെ പ്രയോജനപ്പെടുത്തുന്നതും ഇന്ന് ഏതൊരു വീട്ടിലും നാം സര്‍വ്വസാധാരണമായി കാണുന്ന ഒരു കാഴ്ചയാണ്. അവന്‍ ഉന്നയിച്ച ആവശ്യം നേടിയെടുക്കുന്നതിനായി പല മാര്‍ഗ്ഗങ്ങളും അവന്‍ സ്വീകരിക്കും. നുണകള്‍ കൊണ്ട് പണിത പാലങ്ങളിലൂടെയും ഭീഷണികള്‍ നിറഞ്ഞ പാതകളിലൂടെയുമുള്ള സഞ്ചാരം അതിന് വേണ്ടി അവന്‍ സഞ്ചരിക്കും.

ഇന്ന്-എന്ന ഏകപ്രതലത്തില്‍ മാത്രമാണ് പുതിയ തലമുറ ജീവിക്കുന്നത്. ഇന്നത്തേക്ക് ശേഷം എന്ത് എന്ന ഒരു ചോദ്യം പോലും അവരില്‍ അവശേഷിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കലാലയജീവിതത്തിന്‍ ശേഷം ഒരു ടീം സര്‍ക്കിളില്‍ നിന്ന് പിന്‍വലിയുകയും സ്വന്തം ജീവിതത്തിനകത്തേക്ക് കടക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അവനിലെ നാളെകള്‍ ഉണരുകയുള്ളൂ. അതുവരെ അവന്‍ ഇന്നിന്റെ മാത്രം പക്ഷിയായി അലഞ്ഞുനടക്കുന്നു. അതുവരെ ഏതൊരു പ്രവര്‍ത്തിയിലേക്ക് കടക്കുമ്പോഴും അതിന്റെ അവസാനഫലമെന്താവുമെന്നതിനെ കുറിച്ച് മാത്രമേ അവന്‍ ആലോചിക്കൂ. അതിന്റെ ഭവിഷ്യത്തുകളും അനന്തരഫലങ്ങളും എന്തായിരിക്കുമെന്ന് അവരുടെ ചിന്തകളിലേക്ക് പോലും കടന്നുവരുന്നില്ല എന്നുള്ളത് ഒരു നഗ്നസത്യമാണ്. അതിലേക്ക് കടക്കാത്തതുകൊണ്ട് മാത്രമാണ് പുതിയ തലമുറയുടെ സംസ്കാരം വയലന്‍സിന്റെ കൂടി സംസ്കാരമായി മാറുന്നതും.

നവസാങ്കേതികതയും അത് പിന്‍പറ്റിക്കൊണ്ട് വരുന്ന അലസതയും ഓരോ ഘട്ടത്തിലും ഇക്കൂട്ടരെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വിശാലമായ ഒരു കലാ-കായികസംസ്കാരം നമുക്കുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ മൈതാനമധ്യങ്ങളില്‍ ആര്‍ത്തുല്ലസിച്ചിരുന്നവര്‍ വെറും കളി ഉദ്ദേശിച്ച് മാത്രം വന്നിരുന്നവരായിരുന്നില്ല. അത് അവരുടെ കൂട്ടായ്മയ്ക്കും പങ്കുവക്കലിനും കൂടിയുള്ള ഒരു ഇടമായിരുന്നു. ആ ഇടങ്ങള്‍ ഇന്ന് പ്രൊഫഷണല്‍ അത്ലറ്റുകള്‍ കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. ഈ പൊതുഇടം നഷ്ടപ്പെട്ട അവര്‍ തങ്ങളുടെ കൂട്ടായ്മകള്‍ക്ക് കണ്ടെത്തിയത് നവസാങ്കേതിക വിദ്യകള്‍ സമ്മാനിച്ച സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലാണ്. അവിടെയാണിവരുടെ സന്തോഷവും സങ്കടവും പങ്കു വയ്ക്കുന്നത്. അവിടെയാണിവര്‍ കൃഷിയിറക്കുന്നത്, വിളവെടുക്കുന്നത്, ഉല്ലസിക്കുന്നത്.

കച്ചവടസംസ്കാരത്തെപ്പോലും തങ്ങളുടേതായ രീതിയില്‍ ഈ തലമുറ അട്ടിമറിച്ചിട്ടുണ്ട്. ഒരു കേന്ദ്രീകൃതവിപണിയില്‍ നിന്ന് റിബേറ്റുകള്‍ക്കും, ഡിസ്കൗണ്ടുകള്‍ക്കും,ഓഫറുകള്‍ക്കും പുറകെയാണ് അവര്‍ സഞ്ചരിക്കുന്നത്. ചെറുകിട സ്ഥാപനത്തിലെ ഗുണമേന്മയുള്ളതായ ഒരു ഉത്പന്നത്തേക്കാള്‍ അവര്‍ക്ക് പ്രിയം കുത്തകവ്യാപാര കേന്ദ്രങ്ങളുടെ റീട്ടെയില്‍ സ്റ്റോറുകളോടും,ഇ-ഷോപ്പിങ്ങിനോടുമാണ്. വീട്ടില്‍ തന്നെ ഇരുന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ഒരു രീതി ഇന്ന് മിക്ക ചെറുപ്പക്കാരും പിന്തുടര്‍ന്ന് വരുന്നു. വിരല്‍ത്തുമ്പുകൊണ്ട് നല്‍കുന്ന ഓരോ ഓര്‍ഡറും വീടിന് മുന്നിലെത്തുകയും, അതിനെല്ലാം തന്നെ വിവിധ തരത്തിലുള്ള പേയ്മെന്റ് സ്കീലുകള്‍ നല്‍കുകയും ചെയ്യുമ്പോള്‍ നമ്മുടെ മറവികളിലേക്ക് കുടിയേറുന്നത് പ്രാദേശികമായി കണ്ടുവന്നിരുന്ന ചെറുകിട കച്ചവടസ്ഥാപനങ്ങളും അവിടത്തെ പറ്റുപുസ്തകങ്ങളാണ്.

യാഥാസ്ഥിതികബോധങ്ങള്‍ നിര്‍മ്മിച്ച ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിലനില്‍ക്കാതെയാണ് ഇന്നത്തെ തലമുറ വളര്‍ന്നുവരുന്നത്. അവരുടെ ചിന്തകളും, നിലപാടുകളുമെല്ലാം പുരോഗമനപരമാണെങ്കിലും അവയിലെല്ലാം കാണുന്നത് ഒരു അസ്തിത്വത്തിന്റെ പ്രശ്നമാണ്. തങ്ങളെ ഒരു ഭൂരിപക്ഷവിഭാഗത്തിന് മുന്നില്‍ അഭിസംബോധന ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. അതൊരു വലിയ പ്രതിസന്ധിയാണ്. ഒരു അച്ഛന്റെ, മക്കള്‍ എന്ന സങ്കല്പങ്ങളെ, ടീച്ചറുടെ, വിദ്യാര്‍ത്ഥികള്‍ എന്ന സങ്കല്പങ്ങളെ, മുതിര്‍ന്നവരുടെ, കുട്ടികള്‍ എന്ന സങ്കല്പങ്ങളെ എല്ലാം ഇവര്‍ അട്ടിമറിക്കുകയും ഇവര്‍ക്ക് മുന്നില്‍ തങ്ങള്‍ എങ്ങനെ സ്വത്വപ്രകാശനം നടത്തണാമെന്നറിയാതെ നില്‍ക്കുകയും ചെയ്യുന്ന ഒരവസ്ഥയുണ്ടല്ലോ. അതാണ് ഇന്ന് ഇവര്‍ക്കിടയില്‍ കാണുന്ന ഒരു വലിയ പ്രശ്നം.

ഇവരുടെ വേഗതയ്ക്ക് ഒപ്പമെത്താനാവാത്ത ഒരു വിഭാഗവുമായി ആശയവിനിമയം നടത്താനാവുന്നില്ല എന്ന ഒരു പ്രായോഗിക കാരണം വച്ച് ഇതിനെതിരെ വാദിക്കാനാവും. എന്നാല്‍ കാലഹരണപ്പെട്ട പല സങ്കല്പങ്ങളെയും നാം നമ്മുടെ പൊതുമണ്ഡലത്തില്‍ നിന്ന് എടുത്തെറിയേണ്ട സമയമായിരിക്കുന്നു എന്ന ഒരു വശം കൂടി ഇത് വെളിവാക്കുന്നുണ്ട്. എന്നാല്‍ അതിന് മുതിരാതെ എല്ലായ്പ്പോഴും അവരെ കുറ്റപ്പെടുത്തുന്നതിലും ചില ദാര്‍ശനിക പ്രശ്നങ്ങളുണ്ട്.

അതായത്, ഒരു പൊതുനിരത്തിലൂടെ പുത്തന്‍ സാങ്കേതികതയോടു കൂടി പുറത്തിറക്കിയ വാഹനം അമിതവേഗത്തില്‍ കടന്നുപോയി അപകടത്തില്‍ പെട്ടാല്‍ ഇന്നത്തെ സമൂഹം കുറ്റപ്പെടുത്തുന്നത് വേഗതയെയും വാഹനം നിയന്ത്രിച്ചിരുന്നവനെയുമാണ്. ഒരിക്കലും വാഹനം സഞ്ചരിച്ച സാഹചര്യത്തെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യില്ല. ആ റോഡിന്റെ അവസ്ഥയെക്കുറിച്ചോ,സമീപത്ത് കൂടി കടന്നുപോയ വാഹനത്തെക്കുറിച്ചോ നമ്മള്‍ ആലോചിക്കാറില്ല. ഒരുപക്ഷേ അക്കാരണങ്ങള്‍ കൊണ്ടു കൂടിയാവാം അവന്‍ അപകടത്തില്‍ പെട്ടത്. എന്നാല്‍ ഇതൊന്നും നോക്കാതെ ആ വാഹനത്തിന്റെ വേഗതയെക്കുറിച്ച് മാത്രം നമ്മള്‍ ചര്‍ച്ച ചെയ്യുന്നു. പുത്തന്‍ സാങ്കേതികതയോടെയുള്ള വാഹനം അതിന്റെ പ്രവര്‍ത്തനക്ഷമതയ്ക്കനുസരിച്ചാണല്ലോ സഞ്ചരിക്കുക. അതിന് അതിന്റേതായ ഒരു വേഗത/ശക്തിയായിരിക്കും. അത് കണ്ടിട്ടായിരിക്കും അവന്‍ ആ വാഹനം വാങ്ങുന്നതും. അതുകൊണ്ട് അവന് അതുപോലെ സഞ്ചരിച്ചേ പറ്റൂ. എന്നാല്‍ അവന്‍ ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ അവന് ആ അപകടം ഒഴിവാക്കാന്‍ കഴിയും. അങ്ങനെ ഒരു അപകടത്തെ കുറിച്ച് അവന്‍ ബോധവാനാണെങ്കില്‍ മാത്രമേ അവന് ശ്രദ്ധിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ അവന്റെ മുന്നില്‍ ആക്കെയുണ്ടാവുക അവന്റെ ലക്ഷ്യസ്ഥാനം മാത്രമായിരിക്കും. ഇതേ രീതി തന്നെയാണ് ഇവരുടെ ജീവിതത്തിനുമുള്ളത്.

ഒരു പുത്തന്‍ സംസ്കാരം ആര്‍ജ്ജിച്ചെടുക്കുന്ന ഒരുപാട് കഴിവുകളുണ്ട്. ആ കഴിവുകളുടെയെല്ലാം പാരസ്പര്യത്തിലൂന്നിയാണ് ആ സംസ്കാരം വളര്‍ന്നു വരുന്നതും. അതുകൊണ്ട് തന്നെ ആ പാരസ്പര്യത്തെക്കുറിച്ച് നമ്മള്‍ സന്ദേഹപ്പെടുകയും അതിന്റെ അനിശ്ചിതത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോള്‍ നാം നമ്മെത്തന്നെ മുന്നോട്ടോ പിന്നോട്ടോ പോകാതെ ഒരു കയറില്‍ കെട്ടിയിടുകയാണ്. വികലമായ ഒരു സാമൂഹ്യബോധമായി പുതിയ സംസ്കാരത്തെ ചിത്രീകരിക്കുകയും തങ്ങള്‍ ശീലിച്ചതാണ് ഉത്കൃഷ്ടമെന്നു വാദിക്കുകയും ചെയ്യുമ്പോഴാണ് പുതുതലമുറയുടെ സംസ്കാരം ഒരു വെല്ലുവിളിയായി മാറുന്നതും അവര്‍ക്ക് അവരുടെ രാഷ്ട്രീയമായി അത് പ്രഖ്യാപിക്കേണ്ടി വരികയും ചെയ്യുന്നത്.