Sangeeth K

ആ പാര്‍ട്ടി; ആം ആദ്മി അല്ല 

ഏതൊരു ശരാശരി ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ പരിമിതി എന്തെന്നാല്‍ അവന്‍ ഏതൊന്നിനെയും അതിന് അനുയോജ്യമായ മാനദണ്ഡങ്ങളാല്‍ വിലയിരുത്തുന്നതില്‍ നിരന്തരം പരാജയപ്പെടുന്നു എന്നുള്ളതാണ്. ഈ മനോഭാവത്തില്‍ നിന്നാണ് ആണ് മിസൈല്‍ സാങ്കേതികവിദ്യയെ പറ്റി അഭിപ്രായം അറിയുന്നതിനായി സിനിമാ താരത്തിന്റെ ബ്ലോഗെഴുത്തിനെ ആശ്രയിക്കുകയും സിനിമ അഭിനയത്തെ പറ്റി അഭിപ്രായം അറിയാന്‍ രാഷ്ട്രീയക്കാരന്റെ നിരൂപണം വായിക്കുകയും ചെയ്യുന്ന മനോനില ഉണ്ടാവുന്നത്.


അത്തരത്തില്‍ നാം തെറ്റായി വിശകലനം നടത്തുന്ന ഒന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍. രാഷ്ട്രീയത്തിന്റെ അടിസ്ഥാന സംവര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടാണോ നാം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാര്‍ക്കിടുന്നത് എന്ന കാര്യം പുനര്‍വിചിന്തനം അര്‍ഹിക്കുന്ന ഒരു അടിയന്തര പ്രശ്‌നമാണ്. ഡല്‍ഹിയിലെ ആം ആദ്മി പ്രതിഭാസത്തെ ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ ബദലായി ആയി അവതരിപ്പിക്കാന്‍ തോന്നുന്നതും ഇത്തരമൊരു ചിന്താഗതിയില്‍ നിന്ന് ആവാനാണ് സാധ്യത.


2


ഇന്ത്യന്‍ (അ)രാഷ്ട്രീയ ചക്രവാളത്തില്‍ വന്നുദിച്ച പുതിയ ധ്രുവനക്ഷത്രം ആണ് ആം ആദ്മി പാര്‍ട്ടി. പേരിനെ ഏതാണ്ട് അന്വര്‍ത്ഥമാക്കുന്ന നേതൃനിരയും അതിശക്തമായ അഴിമതിവിരുദ്ധ പ്രതിച്ഛായയും ആംആദ്മി പാര്‍ട്ടിയെ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റു നോക്കുന്ന ഒരു രാഷ്ട്രീയ മുന്നേറ്റമായി മാറ്റിയിട്ടുമുണ്ട്. ഫാസിസത്തിന്റെ കേളി കൊട്ടില്‍ അസ്വസ്ഥമായിക്കൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം അവരില്‍ ഒരു ബദല്‍ തിരഞ്ഞു പോയാല്‍ അതില്‍ അസ്വാഭാവികതകള്‍ ഏതുമില്ലതാനും . എന്നാല്‍ ഒരു ഫാസിസ്റ്റ് വിരുദ്ധ ബദല്‍ എന്ന അസ്ഥിത്വം ആരോപിക്കുന്നതിനുമുമ്പ് ആം ആദ്മി പാര്‍ട്ടിയെ ഫാസിസ്റ്റ് വിരുദ്ധ സങ്കേതങ്ങള്‍ ഉപയോഗിച്ച് വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. വസ്തുതാപരമായി നോക്കിയാല്‍ ഒരു ഫാസിസ്റ്റ് വിരുദ്ധ മുന്നണി/ബദലായി പരിഗണിക്കപ്പെടാന്‍ ഉള്ള അടിസ്ഥാന മാനദണ്ഡം ഫാസിസത്തിന്റെ രോഗാതുരതകളെ ചികിത്സിക്കാനുള്ള മരുന്ന് കയ്യില്‍ ഉണ്ടോ എന്നുള്ളതാണ്. ഒരു ഫാസിസ്റ്റ് വിരുദ്ധ ബദല്‍ എന്ന നിലയില്‍ ഫാസിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളോട് പ്രയോഗരീതികളോട് ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം/ നിലപാട് പരിശോധിച്ചാല്‍ ഈ വിഷയത്തില്‍ വ്യക്തത കൈവരുന്നതാണ്.


ഫാസിസ പഠനധാരയുടെ പതിവായി പരിഗണിക്കപ്പെടുന്ന റോബര്‍ട്ട് പാക്സ്റ്റണ്‍ ഫാസിസത്തിന്റെ ചില അടിസ്ഥാനചിന്താപദ്ധതികളെ പരിചയപ്പെടുത്തുന്നുണ്ട്. ഏതൊരു ഫാസിസ്റ്റ് പാര്‍ട്ടിയുടെയും, ഫാസിസത്തിന്റെ തന്നെയും നിലനില്‍പ്പ് ഇതിനെ മുന്‍നിര്‍ത്തിയാണ്. ഈ വിഷയങ്ങളില്‍ നടത്തുന്ന പ്രതിരോധമാണ് സൈദ്ധാന്തികമായും പ്രായോഗികമായും ഒരു ഫാസിസ്റ്റ് വിരുദ്ധ ബദലിന് അവശ്യം വേണ്ട രാഷ്ട്രീയ മൂലധനം.


51Kg8VOEV9L._SX322_BO1,204,203,200_


പാക്സ്റ്റണ്‍ ഫാസിസത്തിന്റെ അടിസ്ഥാന പ്രമാണമായി കാണുന്നത് രാഷ്ട്രത്തിനുള്ളിലെ ഒരു വിഭാഗത്തിന്റെ സമുന്നതത്വവാദം ആണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടന്നുവരവ്, ഇന്ത്യയില്‍ ഫാസിസത്തിന്റെതു കൂടി ആവുന്നത് ഇക്കാരണം കൊണ്ടാണ്. ചരിത്രത്തിന്റെ പിന്‍ബലം ഏതുമില്ലാത്ത മിത്തുകളുടെ ചരിത്രവല്‍ക്കരണത്തിലൂടെയും, സത്യാനന്തര രാഷ്ട്രീയത്തിന്റെ എല്ലാ നൂതന സങ്കേതങ്ങളെയും പരമാവധി ഉപയോഗിച്ചുകൊണ്ടും സംഘപരിവാര്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രേമിക്കുന്ന ഇ അജണ്ട അതുകൊണ്ട് തന്നെ അതീവ ഗൗരവം ഉള്ളതും അടിയന്തര പ്രതിരോധം അര്‍ഹിക്കുന്നതും ആണ്. കാരണം മതേതരത്വത്തിന്റെ മതിലില്‍ ഇതുണ്ടാക്കുന്ന വിടവ് രാജ്യത്തിന്റെ അസ്ഥിവാരം തകര്‍ക്കാന്‍ തീര്‍ത്തും പര്യാപ്തമാണ്. ഹിന്ദുത്വത്തെ മുന്‍ നിര്‍ത്തിയിട്ടുള്ള ഉള്ള ആര്‍എസ്എസ്- ബിജെപി സഖ്യത്തിന്റെ ഈ പ്രചാരവേലകള്‍ക്ക് ലഭിക്കുന്ന പൊതു സ്വീകാര്യതയുടെ യുടെ അനന്തരഫലം മതന്യൂനപക്ഷങ്ങളുടെയും കീഴാള സമൂഹങ്ങളുടെയും സമ്പൂര്‍ണമായ ആയ പാര്‍ശ്വവല്‍ക്കരണം ആണ്. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന വെറുപ്പിന്റെ, അപരവല്‍ക്കരണത്തിന്റെ ഈ സാംസ്‌കാരിക മണ്ഡലങ്ങളെ സ്വാംശീകരിക്കാന്‍ പോന്ന ഒരു ഭരണകൂടം കൂടിയാകുമ്പോള്‍ പ്രശ്‌നത്തിന്റെ ആഴവും വ്യാപ്തിയും ക്രമാതീതമായി വര്‍ദ്ധിക്കുന്നു. പിറന്ന മണ്ണില്‍ നവോത്ഥാന ത്തിലൂടെയും ഭരണഘടനാ മൂല്യങ്ങളിലൂടെയും തങ്ങള്‍ക്കു കൈവന്ന മുന്നേറ്റം പൂര്‍ണമായും നഷ്ടപ്പെട്ടു അവര്‍ രണ്ടാം തരം പൗരന്മാരായി പരിണമിക്കുന്നു. ഇന്ത്യയെന്ന രാജ്യത്തിന്റെ ചരിത്ര പ്രവാഹത്തില്‍ നിരന്തരം പിന്തള്ളപ്പെട്ട ഈ സമൂഹങ്ങളുടെ യഥാര്‍ത്ഥ രാഷ്ട്രീയ പ്രശ്‌നങ്ങളോടുള്ള ആംആദ്മിയുടെ നിലപാടുകള്‍ അങ്ങേയറ്റം ഉപരിപ്ലവവും അപര്യാപ്തവുമാണ്. അഖലക്കിലൂടെയും, ഗോരക്ഷകരയിലൂടെയും, പൗരത്വഭേദഗതിയിലൂടെയും സുസ്പഷ്ടമാക്കുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ ഈ വെളിപെടലിനോട് മുഖം തിരിച്ചു കൊണ്ടു മാത്രമാണ് ആണ് എന്നും ആം ആദ്മിയുടെ നില.


1


രോഹിത് വെമുലയുടെ വീട് സന്ദര്‍ശിച്ചത്തിലൂടെ കെജ്രിവാള്‍ ഇന്ത്യയില്‍ ഒരു ഫാസിസ്റ്റ് വിരുദ്ധ ചേരിയെ നയിക്കാന്‍ സര്‍വാത്മനാ യോഗ്യത നേടുന്നു എന്ന് ധരിച്ച് അവശായവര്‍ മനസ്സിലാക്കേണ്ടത് അത്തരമൊരു ട്രാജഡിയില്‍ അനുശോചനം രേഖപ്പെടുത്തുക എന്നതിലുപരിയായി ഇന്ത്യയുടെ ദളിത് വിഭാഗങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളോട് ഐക്യപ്പെടുകയായിരുന്നു അരവിന്ദ് കെജ്രിവാള്‍ ഇതിലൂടെ എന്നു വിശ്വസിക്കാന്‍ അനിതരസാധാരണമായ രാഷ്ട്രീയ നിഷ്‌കളങ്കത്വം ആവശ്യമാണ്. ഇന്ത്യന്‍ ബുദ്ധിജീവി വര്‍ഗ്ഗം ഏറ്റെടുക്കുകയും ഇടതുപക്ഷം, പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്ത ഒരു വിഷയത്തിന്‍മേല്‍ സാന്ദര്‍ഭികമായി ഇടപെട്ടു എന്നതൊഴിച്ചാല്‍, തൊട്ടിയില്‍ തുടങ്ങി ഗവേഷകരില്‍ വരെ ശ്രേണി ബന്ധമായി തുടരുന്ന ഇന്ത്യന്‍ കീഴാള സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളോട് ആം ആദ്മി തീരെ സംവാദിച്ചിട്ടില്ല എന്ന് കാണാവുന്നതാണ്. കേജ്രിവാളിന്റെ ന്യൂനപക്ഷ സ്‌നേഹത്തിന്റെ മകുടോദാഹരണമായി പരിഗണിക്കുന്നത് അദ്ദേഹം ഗുലാം അലിയെ ഡല്‍ഹിയില്‍ പാടാന്‍ അനുവദിച്ചു എന്നതാണ്.അതിനെ ആവേശപൂര്‍വ്വം കൈകൊണ്ട ഒരു രാഷ്ട്രീയ കൗശലം എന്നതിലുപരി, രാഷ്ട്രീയ ഇസ്ലാം കാലങ്ങളായി മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളോടുള്ള ഐക്യപ്പെടലായി വ്യാഖ്യാനിക്കുക സാധ്യമല്ല.


ഫാസിസത്തിന്റെ അടുത്ത് സങ്കേതമായി പാക്സ്റ്റ്ന്‍ മുന്നോട്ടുവയ്ക്കുന്നത് ഇര വാദവും അതിലൂടെ തങ്ങളെ ഇരകള്‍ ആക്കിയ ശത്രുക്കളോടും, അവരുടെ അനന്തര തലമുറകളോടുമുള്ള അനീതികള്‍ക്ക് ലഭിക്കുന്ന നീതീകരണവുമാണ്. തീര്‍ത്തും ഏകപക്ഷീയമായി, ഒരു ജനതയുടെ വികാരവിചാരങ്ങളെ പാടെ തമസ്‌കരിച്ചു കൊണ്ട് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനും, സ്വന്തം രാജ്യത്തെ ഒരുവിഭാഗം ജനങ്ങളെ സമ്പൂര്‍ണമായി അപരവല്‍കരിക്കുമെന്ന് ഉറപ്പുള്ള ഒരു പൗരത്വ നിയമഭേദഗതിയെ യാതൊരു ചര്‍ച്ചകളും കൂടിയാലോചനകളും കൂടാതെ നടപ്പിലാക്കാനും മോദി - ഷാ സഖ്യത്തെ പ്രേരിപ്പിച്ചത് ഈ ഇരവാദസിദ്ധാന്തം തങ്ങളുടെ പ്രവര്‍ത്തികളെ ഉപാധിരഹിതമായി നീതികരിക്കും എന്ന തിരിച്ചറിവ് ഒന്ന് കൊണ്ട് മാത്രമാണ്. പൗരത്വ പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രമായ സംസ്ഥാനത്തെ മുഖ്യമന്ത്രി കൂടിയായ ശ്രീ കെജരിവാള്‍ അപരവല്‍ക്കരണം നേരിടുന്ന ഇന്ത്യന്‍ മുസ്ലിം സമൂഹത്തോട് എത്രമാത്രം ഐക്യപ്പെട്ടു എന്നത് പരിശോധിച്ചാല്‍ അദ്ദേഹത്തെ ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ അമരത്തേക്ക് ആനയിക്കുന്നതിലെ വിരോധാഭാസം കുറച്ചു കൂടി വ്യക്തമാകും. മനീഷ് സിസോദിയയേയും, ഷാഹിന്‍ ബാഗ് ഉള്‍പ്പെടുന്ന പ്രദേശത്തെ പാര്‍ട്ടി എംഎല്‍എ ആയ അമനത്തുള്ളാ ഖാനെയും അവിടെ പറഞ്ഞുവിട്ട് ഒരു രാഷ്ട്രീയ പ്രശ്‌നത്തിന് അരാഷ്ട്രീയ പരിഹാരം കാണാന്‍ ശ്രമിക്കുകയായിരുന്നു കെജ്രിവാള്‍. പ്രത്യയശാസ്ത്ര പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു പാര്‍ട്ടിയെ ആയിരുന്നു കെജ്രിവാള്‍ നയിച്ചിരുന്നത് എങ്കില്‍ ആരു പോയി എന്നത് പ്രസക്തം ആകുമായിരുന്നില്ല എന്നാല്‍ കേവലം ഒരാളുടെ വ്യക്തി പ്രഭാവത്തില്‍ രൂപംകൊള്ളുകയും അതിനു മുകളിലേക്ക് അധികമൊന്നും വളരുകയും ചെയ്തിട്ടില്ല ആം ആദ്മി പാര്‍ട്ടിയില്‍ പ്രസ്ഥാനത്തിന്റെ ഐക്യപ്പെടലിനേക്കള്‍ പ്രസക്തമാക്കുക കേജ്രിവാളിന്റെ ഐക്യപ്പെടല്‍ ആണ്. ഇത് തിരിച്ചറിഞ്ഞിട്ടും ഒരു ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ തിരഞ്ഞെടുപ്പ് നേരിടുന്ന മുഖ്യമന്ത്രിയുടെ അവസരവാദപരവും കുറ്റകരമായ മൗനമാണ് ഇന്ത്യയുടെ അഭിനവ ഫാസിസ്റ്റ് വിരുദ്ധ പോരാളി ഇവിടെ സ്വീകരിച്ചത് എന്ന് കാണാന്‍ സാധിക്കും.


896416-659377-modi-kejriwal


പാക്സ്റ്റണ്‍ മുന്നോട്ടുവയ്ക്കുന്ന ഫാസിസത്തിന്റെ അടുത്ത സങ്കേതം മോദിക്ക് എന്നപോലെ കെജ്രിവാളിനും ഭൂഷണം ആണ് എന്നതാണ് രസകരമായ കാര്യം. അത് പുരുഷനായ ഒരു സ്വാഭാവിക നേതാവിന് ലഭിക്കുന്ന ഉപാധികളില്ലാത്ത പിന്തുണയാണ്. മോദിയെ പോലെ കേജരിവാളും ഈ ഫാസിസ്റ്റ് സങ്കേതത്തിന്റെ ഗുണഭോക്താവ് ആണ്. ശക്തമായ ഒരു രണ്ടാംനിര നേതൃത്വമോ, പ്രസക്തമായ ഒരു സംസ്ഥാന ഘടകമോ കേജ്രിവാളിന് കീഴില്‍ ഉണ്ടാകുന്നില്ല എന്ന വസ്തുത കൂടി ഇതിനോട് ചേര്‍ത്തു വായിക്കണം. ആം ആദ്മി വിട്ടവരുടെ വാദങ്ങള്‍ കൂടെ മുഖവിലക്കെടുത്താല്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ പ്രകടമായ അഭാവം അവിടെയും ദൃശ്യമാണ്. മോദി രാഷ്ട്രത്തിന്റെ രക്ഷകനായി ആഘോഷിക്കപ്പെടുമ്പോള്‍ കെജ്രിവാള്‍ ഡല്‍ഹിയുടെ രക്ഷകന്‍ ആയി മാറുന്നു. വ്യക്തിപൂജ എന്ന ഭരണഘടന വിരുദ്ധ വികാരത്തിന്റെ ഗുണഭോക്താക്കളാണ് രണ്ടു പേരും എന്ന് കാണാം. ഒരു വിഭാഗം മനുഷ്യരുടെ ഇടയില്‍ മാത്രം വളരുന്ന അതിരുകവിഞ്ഞ സാഹോദര്യ ബോധവും, സ്വന്തം വിചാര ശേഷിയും വിവേകവും പോലും സംഘത്തിന് പണയം വെക്കുന്നതും എല്ലാം ഫാസിസത്തിന് വഴിവയ്ക്കുമെങ്കിലും ആദ്യം പരാമര്‍ശിച്ചവയെ പോലെ ഒരു രാഷ്ട്രീയ മണ്ഡലത്തില്‍ അല്ല ഇവയുടെ നില, മറിച്ച് മനുഷ്യമനോഭാവങ്ങളില്‍ ആണ് അതിനാല്‍ തന്നെ അവബോധപരമായ പരിഹാരമാര്‍ഗ്ഗങ്ങളും ഭരണഘടന ധാര്‍മികതയുടെയും കൃത്യമായ ചരിത്ര ബോധത്തിന്റെയും പ്രചരണത്തിലൂടെ പരിഹാരം കാണാവുന്നതുമാണ് ഈ പ്രശ്‌നം. ഈ അരാഷ്ട്രീയ ഫാസിസ്റ്റ് മണ്ഡലത്തില്‍ ഭരണഘടന വിദ്യാഭ്യാസം ഗൗരവതരമാക്കാനുള്ള കെജ്രിവാളിന്റെ ശ്രമങ്ങള്‍ക്ക് വിജയസാധ്യത കൈവരുന്നുണ്ട്.