Lisha V N

ഫേസ്ബുക്കില്‍ അമ്മിഞ്ഞവിപ്ലവം

പെണ്ണ് വാ തുറക്കുമ്പോഴേക്കും അഞ്ചുകാശിനു വിലയില്ലാത്ത പിച്ചഫെമിനിസം എന്ന് പുച്ഛിച്ചു തള്ളുന്നവരോട് ഞങ്ങള്‍ക്കൊന്നും പറയാനില്ല. കാരണം,ഇത് പൊങ്ങച്ചക്കച്ചകളില്‍ മൂടിപ്പുതച്ച് അരമനകളിലിരുന്ന്‍ വീമ്പു പറയുന്ന സൊസൈറ്റി കൊച്ചമ്മമാരുടെ ഷോ ഓഫ് അല്ല; ഞങ്ങള്‍ പെണ്ണുങ്ങള്‍ ,പെണ്ണുങ്ങളായി ഇരുന്നുകൊണ്ടുതന്നെ ശക്തി തെളിയിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.

അ അമ്മ അമ്മിഞ്ഞ എന്ന പേജിന്‍റെ വിജയം എല്ലാ അമ്മമക്കളുടെയും വിജയമായിത്തീരുകയാണ് .അമ്മിഞ്ഞപ്പാല്‍ കുടിച്ചു വളര്‍ന്ന എല്ലാ മക്കള്‍ക്കും വേണ്ടിയുള്ള ഞങ്ങളുടെ ഈ എളിയ പരിശ്രമം ഒറ്റ ദിവസം കൊണ്ട് പതിനായിരം പേരിലേയ്ക്ക് എത്തി എന്നത് ഒരിക്കലും ഞങ്ങളുടെ മാത്രം വിജയമായികാണാന്‍ ആഗ്രഹിക്കുന്നില്ല; മനസ്സില്‍ ഇത്തിരി നന്മ ബാക്കിയുള്ള , അമ്മമണം ഓര്‍മ്മയിറമ്പുകളില്‍ എന്നും പൂക്കാലമാക്കി ആഘോഷിക്കുന്ന എല്ലാവരുടെയും വിജയമാണിത്; അമ്മമക്കളുടെ വിജയം .

goo.gl/rZurj

കുഞ്ഞിന്‍റെ അവകാശമാണ് അമ്മിഞ്ഞപ്പാല്‍. അത് ഓരോ കുഞ്ഞിനും നിര്‍ബന്ധമായും ആറുമാസം വരെയെങ്കിലും നല്‍കുന്നതിനും പിന്നീട് രണ്ടു വര്‍ഷത്തോളം തുടരുന്നതിനും അമ്മമാരെ എങ്ങനെ പ്രേരിപ്പിക്കാം എന്ന ഒരു ലഘുചിന്തയില്‍ നിന്നാണ് ഈ പേജിന്‍റെ ഉദ്ദീപ്തമായ തുടക്കം.ഓണ്‍ലൈന്‍ സജീവസാനിധ്യങ്ങളായ ഒരുപാട് അമ്മമാരും ചേച്ചിമാരും അനിയത്തിമാരും പിന്നെ എഴുത്തുകാരികളായ സോണി ഡിത്ത്, സില്‍സില കുഞ്ഞഹമ്മദ് കാലടി , ഹണി ഭാസ്കരന്‍, ജ്യോതി രാജീവ്‌ , ഇന്ദു പിണറായി , ധന്യ നാരായണന്‍നായര്‍, ബിജിലി സുരേഷ് , ഇന്ദു മേനോന്‍എന്നിവരും ഞാനും അടങ്ങുന്ന ഒരു സൗഹൃദസംഘത്തിന്‍റെ ഒരാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കും ശ്രമങ്ങള്‍ക്കും ശേഷമാണ് മെയ്‌ എട്ടിന് പേജ് പബ്ലിഷ് ചെയ്തത്. പേജ് കവര്‍, ലോഗോ എന്നിവ ഡിസൈന്‍ ചെയത അനീഷ്‌ അരവിന്ദ് ,ഓറിയോണ്‍ ചമ്പടിയില്‍എന്നിവരുടെ സ്നേഹവും മറക്കാവുന്നതല്ല.

കുഞ്ഞുങ്ങളുടെ മുലകുടി പ്രോത്സാഹിപ്പിക്കാന്‍ അമ്മമാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുക, അമ്മമാരാവാന്‍ കൊതിച്ചിട്ടും അത് കഴിയാത്തവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉള്ള പിന്തുണ നല്‍കുക, അനാഥരായ കുരുന്നുബാല്യങ്ങള്‍ക്ക്‌ വിദ്യാഭ്യാസം, ഭക്ഷണം താമസം തുടങ്ങിയ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനു കൂടെ നില്‍ക്കുക എന്നതൊക്കെയാണ് ഈ പെണ്‍കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങള്‍. വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുമായി ചേര്‍ന്ന് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു വേണ്ട കാര്യങ്ങള്‍ ഭാവിയില്‍ നടപ്പില്‍ വരുത്തുന്നതായിരിക്കും

കണ്ടുമടുത്ത തരത്തിലുള്ള ഒരു സാധാരണ പേജ് ആയി തള്ളിക്കളയാന്‍ ഉള്ള ഒന്നല്ല ഈ പരിശ്രമം. കുഞ്ഞുങ്ങളിലൂടെ, അമ്മപ്പാല്‍മണനന്മകളിലൂടെ സമൂഹത്തിന്‍റെ ഓരോ തായ് വേരിലും നടത്താനുദ്ദേശിക്കുന്ന ശുദ്ധീകരണപ്രക്രിയയുടെ ശുഭാരംഭം കൂടിയാകുന്നു ഇത്.