K G Suraj

നിദ്ര

“We don't see things as they are; we see them as we are.”
Anaïs Nin

 

റബ്ബര്‍ മരങ്ങള്‍ ഇടതൂര്‍ന്ന ഇരുട്ടിലൂടെ പാതി മുറിഞ്ഞും അമര്‍ന്നും നിരങ്ങിയും ഒരു ശ്വാസം കുതിയ്ക്കുന്നു. കാതടിയ്പ്പിയ്ക്കും ശബ്ദത്തില്‍ തലങ്ങും വിലങ്ങും വെളിച്ചം ചിതറിച്ചൊരു വാഹനം ആ ചെറുപ്പക്കാരനെ പിന്‍തുടരുന്നുണ്ട് . തിട്ടപ്പെടുത്താനാകാത്ത വിധം നിമിഷങ്ങള്‍ക്കപ്പുറം ചക്ക്രങ്ങള്‍ അവനു മീതെ ഒരു വട്ടം നടന്നമര്‍ന്നു .ആശുപത്രിസ്ട്രക്ക്ച്ചര്‍ശാസ്ത്രക്രിയാ മുറിനിറകണ്ണുകളോടെ അനുധാവനം ചെയ്യുമൊരു പെണ്‍കുട്ടി .

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനവും മുഖ്യ വേഷവും നിര്‍വ്വഹിച്ച പ്രഥമ ചിത്രം ' നിദ്ര ' പ്രേക്ഷനെയുണര്‍ത്തുന്നതീവിധമാണ്.

രാജുവിനെ നമുക്കൊട്ടും പരിചയമുണ്ടാകാനിടയില്ല. അല്ലെങ്കില്‍ തന്നെ കവറേജൂകള്‍ക്കുള്ളിലുള്ളവരെപ്പോലും മറന്നു പോകുമ്പോള്‍ എങ്ങിനെയാണ് ' ഔട്ടായിപ്പോയവരെ' അറിയുക . സൂചിപ്പിച്ചതു പോലെ കഥാപാത്രം ഒരൊന്നൊന്നര ഒറ്റയാനാണ് . ജര്‍മ്മനിയില്‍ ഉപരിപഠനം, ഗവേഷണം. അടിമുടി പരിസ്ഥിതിവാദി. അതെല്ലാം വ്യക്തി ജീവിതത്തില്‍ പ്രയോഗിയ്ക്കുന്നത്തില്‍ ബദ്ധശ്രദ്ധന്‍. അന്തര്‍മുഖന്‍ ..അസാരം കള്ള് .. പൊടി..പുസ്തകങ്ങള്‍ ... യാത്ര .. സ്വപ്നാടനം.. സ്വന്തം മുറിയ്ക്കുള്ളില്‍ ഒരു കുഞ്ഞു പരീക്ഷണശാല. ചന്ദ്രനിലേയ്ക്ക് ആളെ അയയ്ക്കുന്നുവത്രേ .ഇപ്പോള്‍ പുള്ളിക്കാരനെ മനസ്സിലായിട്ടുണ്ടാകുമല്ലോ..'നമ്മള്‍' വട്ടു കേസെന്ന് ആഴത്തില്‍ ചാപ്പ കുത്താറുള്ള താടി - മുടി സന്നാഹങ്ങളുമായൊരുവന്‍ സമ്പത്തിനും സൌകര്യങ്ങള്‍ക്കും അശേഷമില്ല ലോഭം.

ധനികന്‍ .. വിളി പ്പാടകളെ ഭൃത്യരു ള്ളവന്‍ . എങ്കിലും ടിയാനിഷ്ടം ബുദ്ധ വഴിയത്രേ. വിദേശത്തെ പഠനത്തിനിടയിലാണ് അമ്മയുടെ മരണം. പഠനം മുടങ്ങാതിരിയ്ക്കാന്‍ ബന്ധുക്കളത് അറിയിച്ച തേ യില്ലത്രേ . ഇതിനിടയിലെപ്പെഴോ വിവരമറിഞ്ഞ് പടിപ്പു പാതി വഴിയിലാക്കി രാജു നാട്ടിലെത്തി. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട ആഘാതമാണ് രാജുവിന്റെ മാനസിക നില തകര്‍ത്തത് .

ചികിത്സ

മുറിയില്‍ ഒറ്റയ്ക്കിരിപ്പ്

അങ്ങനെ അവന്റെ ലോകം അവന്റേതു മാത്രമായി.

ഒറ്റച്ചാട്ടം

അശ്വതിയെ എല്ലാവരുമറിയും. ചുറുചുറുക്കും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള ചന്തമുള്ളൊരു പെണ്‍കുട്ടി. അഭ്യസ്ത വിദ്യ , അപരന്റെ വേദനകളില്‍ ഹൃദയം ചേര്‍ക്കുന്നവള്‍. അതിഭാവുകത്വം അശേഷം അവശേഷിപ്പിയ്ക്കാത്ത പുരോഗമന സ്വഭാവമുല്ലോരു നാട്ടിന്‍പുറനന്മ . (സത്യന്‍ അന്തിക്കാടു മോഡല്‍ അല്ല). രാജുവിന്റെ ബാല്യ കൌമാരങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചവള്‍. പച്ചയ്ക്കു പറഞ്ഞാല്‍ ‘ആത്മ ഗഡി’… അവന്റെ ജര്‍മ്മന്‍ നാളുകളാണ് അവര്‍ക്കിടയിലെ ആദ്യത്തെ അകലം. രാജുവിന്റെ മനോനിലകളിലെ കയറ്റിറക്കങ്ങള്‍ അവള്‍ക്കപരിചിതമല്ല.

ഇരുവശങ്ങളിലും പരന്നു നീണ്ട കോള്‍ നിലങ്ങള്‍ . നെല്‍ മണമുള്ളോരു കാറ്റ് നടുവില്‍ നീണ്ടു നിവര്‍ന്നൊരു പാടം. കൈവരികള്‍ക്കരികു ചേര്‍ന്ന് രാജുവും അശ്വതിയും .. ഓര്‍മ്മകളിലൂടെ രണ്ടു മീനുകള്‍ വെള്ളത്തിലേയ്ക്ക് ഒറ്റച്ചാട്ടം. ബ്ലും. സ്ക്രീനിന്റെ സമചതുരത്തില്‍ കാനപ്പെട്ടൊരു റോയല്‍ എന്‍ഫീല്‍ഡ് പുക പറത്തി മുന്നോട്ട് . അശ്വതി അവനെ മുക്കെപ്പിടിച്ചിരുന്നു. പതിവുകളിലെന്നോണം അവരും വിവാഹിതരാകുന്നു.

സ്നേഹം ഭ്രാന്താണ് ..’ ജലമായിരുന്നെങ്കില്‍ , അവന്‍ അവളെ കുടിച്ചു വറ്റിച്ചേനെ ‘

വ്യവസ്ഥാപിതമായ വിവാഹങ്ങളിലെ വധൂവരന്‍മ്മാരുടെ ആദ്യ രാത്രി എങ്ങിനെയാകണം ? പിന്‍പറ്റുന്ന പാരമ്പര്യങ്ങള്‍ക്കനുസൃതമായി ആചാരാനുഷ്ടാനങ്ങളിലും വിഴുങ്ങല്‍ – വഴങ്ങല്‍ രീതികളിലും മാറ്റങ്ങളുണ്ടാകാം. മതമേതുമാകട്ടെ മാറ്റുകുറയാതെ തുടരുന്നതൊന്നുണ്ട്. അതു മറ്റൊന്നല്ല. അവരൊരുമിച്ചു വളര്‍ന്നവരാകാം ഒത്തുറങ്ങിയിരിയ്ക്കാം …അതെന്തു കുന്തവുമാകട്ടെ. ‘ ആ രാത്രിയില്‍ ‘, അവള്‍ അവനു മുന്‍പില്‍ പരിക്ഷീണയാകുകയും നാണം അഭിനയിയ്ക്കുകയും വേണം.

ഏട്ടത്തിയമ്മ ഗ്ലാസു നിറയെ പാലുമായാണ് അശ്വതിയെ മണിയറയിലേയ്ക്കു പറഞ്ഞയച്ചത് . മുല്ലപ്പൂമെത്ത, പതുപതുത്ത കട്ടില്‍ , പഴം , പച്ചക്കറി , പവിഴം അനുബന്ധാനുസാരികള്‍.. അവനും അവള്‍ക്കും ‘ഉള്ളിലൊരു ലഡ്ഡു പൊട്ടി’..

 

രാജു : ഇതാര് പട്ടുശ്രീ പാല്‍ ഗ്ലാസോ ഇതെന്താ സിനിമയോ ?

അശ്വതി : അതോ, സിനിമയായാലും ജീവിതമായാലും ഫസ്റ്റ് നൈറ്റ് ഇങ്ങനെ തന്നാ…

നിന്നേം എന്നേം കൊണ്ടിതൊന്നും മാറ്റാന്‍ പറ്റൂല്ല ഹോ ഒരു പരിഷ്ക്കാരി

മുറിയുടെ കൃതൃമത്വം ചാടിക്കടന്ന് ഇരുവരും ‘ഒറിജിനലായി’ ഉള്ളിലേയ്ക്ക് …

അലഞ്ഞു തിരിയുന്ന പുസ്തകങ്ങള്‍ …

ഗിറ്റാര്‍ ..

മേശ നിറഞ്ഞു കവിഞ്ഞ പരീക്ഷണോപാധികള്‍

മൈക്ക്രോച്ചിപ്പുകള്‍

ഓരോ മുറിയും അതിലടങ്ങിയവരെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നു.

ചിലപ്പോള്‍ പൊട്ടിച്ചിരിച്ച് ..

അല്ലെങ്കില്‍ ഒന്നും മിണ്ടാതെ ..

ഒരിയ്ക്കലെങ്കിലും കരയുകയോ തലതല്ലി ച്ചിരിയ്ക്കുകയോ ചെയ്യാത്ത മുറികള്‍ക്ക് നല്ല ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. സ്നേഹം തുള്ളിമാരുന്നായും കരുതല്‍ ചിലതരം ഗുളികക ളായും കൈയ്യകലത്തുണ്ടായാല്‍ മതി. ഗോവന്‍ രാത്രികളുടെ പ്രധാന സവിശേഷത ഉന്മാദങ്ങളിലേയ്ക്കു നടത്തുന്ന സംഗീതമാണ്. ആസിഡ് റോക്കിലും ടെക്കണോവിലും പ്രായ ലിംഗഭേദങ്ങള്‍ സ്വയമലിഞ്ഞപ്രത്യക്ഷമാകുന്നു. രാജുവിന്റെ മുറിയിലെ പാശ്ചാത്യ സംഗീതം മേല്ലെ മുറുമുകി ത്തു ടങ്ങി. അവന്‍ അവളെ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിയ്ക്കുന്നു. അപരിചിതത്വത്തിന്റെ പരിമിതികളെ സ്നേഹം കഴിവുകളുടെ രൂപത്തില്‍ അപൂര്‍വ്വം ആ ശ്ലേഷിയ്ക്കാറുണ്ട് . ഡ്രമ്മും ഗിറ്റാറും മറ്റനേകം വാദ്യങ്ങളും രൂക്ഷരൂഡതാള ങ്ങ ളില്‍ അലറിത്തുടങ്ങി. രൌദ്ര സംഗീതവും തുളയുന്ന വെളിച്ച വിന്ന്യാസങ്ങളും സ്നേഹം തിലയ്പ്പിയ്ക്കും വന്യതയും രാജുവിന്റെ മനോഗതികളെ അനിയന്ത്രിതമാക്കി. ആവേശങ്ങളുടെ പാരമ്യങ്ങള്‍ക്കൊടുവില്‍ അശ്വതി ഉയരമുള്ളൊരു കണ്ണാടിയിലേയ്ക്ക് എടുത്തെറിയപ്പെടുന്നു. തികഞ്ഞ കയ്യടക്കത്തോടെയാണ് സ്നേഹത്തിന്റെ ഭ്രാന്തമായ വൈവിധ്യങ്ങളെ സിദ്ധാര്‍ഥ് ഭരതന്‍ അവതരിയ്പ്പിക്കുന്നത്.

കാമുകിയ്ക്കു പിറന്നാള്‍ ദിനത്തില്‍ ഒട്ടുമാവിന്‍ തൈ വളര്‍ത്തി സമ്മാനിച്ച കാമുകന്റെ കഥ സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട് . മാവിന്‍ചുവട്ടില്‍ വിരല്‍ കീറി എന്നും ചോര തളിയ്ക്കുമായിരുന്നത്രേ . ഒരു നാള്‍ അവളുടെ മുറ്റത്തതു കായ്ച്ചു തുടങ്ങുമ്പോള്‍ അച്ചന്റെ മണമുള്ള മാങ്ങകള്‍ കുട്ടികള്‍ക്കു കഴിയ്ക്കാമല്ലോ. മാവ് പൂത്തോ കായ്ച്ചോ ..മാങ്ങ തിന്നതാര് …ഇത്തരം ആലോചാനകളി ലേയ്ക്കു പോകുന്നതിനും പഴങ്കഥയിലെ ‘ പൊട്ടക്കാമുകന്റെ’ മെഡുലാ ഒബ്ലാംകട്ട കൃത്യമായി പ്രവര്‍ത്തിയ്ക്കുന്നുണ്ടോ എന്നത് ടോസ് ചെയ്തു തീരുമാനിയ്ക്കുന്നതിനു മുന്‍പേ അശ്വതിയുടെ ചോര ചീറ്റുന്ന കയ്യിലേയ്ക്കു നോക്കാം. അവളാകെ പകച്ചു പോയിരിയ്ക്കുന്നു. മുറിവിനു മീതെ ഒരുകഷ്ണം തുണി പൊതിഞ്ഞിട്ടുണ്ട്‌. രാജുവിന് വല്ലാത്ത കുറ്റബോധമുണ്ട്. അവന്റെ മുഖം പരിഭ്രമി ച്ചി രിയ്ക്കുന്നു. ഇപ്പോള്‍ രാജു ഉറങ്ങുകയാണ് . ഒരു കൈക്കുഞ്ഞിനെപ്പോലെ അവളുടെ നെഞ്ചില്‍ കണ്ണു ചേര്‍ത്ത് …സ്നേഹം ഒരുതരം ഭ്രാന്തെന്ന്‍ അവളും തിരിച്ചറിയാന്‍ തുടങ്ങിയിരിയ്ക്കുന്നു. വിഭ്രാന്തികളില്‍ അലിഞ്ഞു കുതിരാനും ..

സ്വപ്നങ്ങളില്‍ പോലും വ്യവസായം കാണുകയും വാണിജ്യങ്ങളില്‍ അഭിരമിയ്ക്കുകയും ലാഭത്തെ മാത്രം ഭോഗിയ്ക്കുകയും ചെയ്യുന്നവരെ കണ്ടി ട്ടുണ്ടോ? അവരുടെ മനസ്സുകള്‍ വിപണി സൂക്തങ്ങളാല്‍ നിശചിതമായിരിയ്ക്കും . ബന്ധങ്ങളില്‍ വാക്കില്‍ ശ്വാസത്തില്‍ പ്രവൃത്തിയില്‍ അവര്‍ കച്ചവടം മാത്രം ചെയ്തുകൊണ്ടിരിയ്ക്കും. അത്തരമൊരാളാണ് രാജുവിന്റെ ജേഷ്ഠന്‍ വിശ്വന്‍. ചേരുംപടിയെന്നോണം ഭാര്യ, സില്‍ബന്തികള്‍ , അനുചരന്‍മ്മാര്‍ . വീട്ടിനുള്ളിലെ അന്തര്‍നാടകങ്ങളെല്ലാം അറിയുമ്പോഴും പക്ഷാഘാതത്തിന്റെ പരുക്കില്‍ വീല്‍ ചെയര്‍ ജീവിതം നയിയ്ക്കുന്ന നിസ്സഹായനായ അച്ഛന്‍. ഒറ്റ മേല്‍ക്കൂരയ്ക്ക് കീഴിലെ ഒരുപാടു വിപരീതങ്ങള്‍ .

അശ്വതിയ്ക്ക് അമ്മ മാത്രമാണുള്ളത്; കുടുംബശ്രീയുടെ സജീവ പ്രവര്‍ത്തക. രാജുവിന്റെ വീട്ടിലെ ഡ്രൈവറായിരുന്നു അച്ഛന്‍. രാജുവിന്റെ അച്ഛന്‍ മുന്‍കൈ എടുത്താണ് ആ വിവാഹം നടത്തിയത്. അമ്മയ്ക്ക് ആ ബന്ധം അത്ര തൃപ്തികരമായിരുന്നില്ല. രാജു – അശ്വതി ദമ്പതികളുടെ ഔദ്യോഗിക കുടുംബപശ്ചാത്തലം ഈ നിലയില്‍ ചിത്രം വരച്ചിടുന്നു. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും വൈവിധ്യമാര്‍ന്ന അടഞ്ഞ ഇടങ്ങളിലേയ്ക്ക് പതച്ചാര്‍ക്കുന്ന ജലമെന്ന പോലെ കഥാപാത്രങ്ങള്‍ പ്രേക്ഷകനിലേയ്ക്ക് അതിവേഗം സന്നിവേശം ചെയ്യുന്നു. അങ്ങിനെ അവരവര്‍ക്ക് ചുറ്റുമുള്ളവരെ ഓര്‍ത്തെടുപ്പിയ്ക്കുന്നതിനും അനുഭവിപ്പിയ്ക്കുന്നതിനും സംവിധായകനാകുന്നു.

അശ്വതിയുടെ അമ്മ

ചിത്രം സൂചിപ്പിയ്ക്കുന്നതുപോലെ അശ്വതിയുടെ അമ്മ, കുടുംബശ്രീ പ്രവര്‍ത്തകയാണ്. പങ്കാളിയുടെ അസാന്നിധ്യത്തിലും പരിമിതമായ ഭൌതിക സാഹചര്യങ്ങളിലും ജീവിതം മുന്നോട്ടു നീക്കാന്‍ അവരെറെ കഷ്ടപ്പെടുന്നുണ്ടെങ്കിലും കുടുംബശ്രീ പദ്ധതിയിലൂടെ ആ അമ്മയും മറ്റനേകം അമ്മമാരെപ്പോലെ സ്വയംപര്യാപ്തതായിലേയ്ക്കു നടന്നടുക്കുന്നു. മകളെ നന്നായ് പഠിപ്പിച്ച് അന്തസ്സായി ജീവിയ്ക്കുന്നു.

സാരോപദേശങ്ങളുടേയോ നെടുനീളന്‍ ഡയലോഗുകകളുടേയോ (രഞ്ചിപ്പണിയ്ക്കര്‍ സിനിമകളിലെ ചില സുരേഷ് ഗോപിമാര്‍ ) മാതൃകാ വീരപുരുഷ രക്ഷക ബിംബങ്ങളുടേയോ പൊയ്ക്കാലുകളില്ലാതെ തികച്ചും അബോധമായി, എന്നാല്‍ കൃത്യതയോടെ ‘നിദ്ര’ പകരുന്ന ചില സന്ദേശങ്ങളുണ്ട്. കേരളീയ സാമൂഹ്യ പുരോഗതിയെ മുന്നോട്ടു നയിയ്ക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഔപചാരിക അനൌപചാരിക വിദ്യാഭ്യാസ ധാരകള്‍ വഹിച്ച പങ്ക് സുപ്രധാനമാനല്ലോ . തൊണ്ണൂറുകളുടെ ആദ്യപാദത്തോടെയാണ് കേരളത്തില്‍ ‘സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം’, ആരംഭിയ്ക്കുന്നത്. സമൂഹത്തിന്റെ സമസ്ത മേഖലകളുടേയും പൂര്‍ണ്ണ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണ സാക്ഷരമാക്കുകയായിരുന്നു പദ്ധതിയുടെ ലക്‌ഷ്യം . പ്രായ ലിംഗ വര്‍ണ്ണ വര്‍ഗ്ഗ ഭേദമെന്യേ കേരളത്തിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ വളര്‍ച്ചയില്‍ പദ്ധതി നിര്‍ണ്ണായക സ്വാധീനമാകുകയും മലയാളിയുടെ ചിന്താശേഷിയെ ചലനാത്മകമാക്കുകയും ചെയ്തു.

സമാനമായ നിലയില്‍ കേരളത്തിനു പൊതുവിലും സ്ത്രീ സമൂഹത്തിനു വിശേഷിച്ചും സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷയും അന്തസ്സും ഉറപ്പു വരുത്തുകയും സ്ത്രീശാക്തീകരണരംഗത്ത് വിപ്ലവം സൃഷ്ടിയ്ക്കുകയും ചെയ്ത ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളുടെ നേതൃത്വത്തില്‍ വാര്‍ഡു തലത്തില്‍ മുതല്‍ സംഘടിപ്പിയ്ക്കപ്പെടുന്ന ജനസഭകളുടെ നിയന്ത്രണത്തില്‍ ജനാധിപത്യപരമായി സംഘടിപ്പിയ്ക്കപ്പെടുന്ന ചെറുതും വലുതുമായ സ്ത്രീകൂട്ടായ്മകളാണ് പ്രസ്ഥാനത്തിന്റെ ശക്തി. ജാമിലും സ്ക്വാഷിലും അച്ചാ റി ലുമാരം ഭിച്ച് ശാസ്ത്ര സാങ്കേതിക വിവര വിജ്ഞാന മേഖലകളിലടക്കം മികച്ചതും ഗുണനിലവാരമുല്ലതുമായ സേവനമെത്തിയ്ക്കാന്‍ കുടുംബശ്രീയ്ക്കാകുന്നു. അങ്ങനെ സംഘടിതവും ആത്മാര്‍ഥവുമായ ശ്രമങ്ങളിലൂടെ താന്താങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും വിലപേശല്‍ ശേഷിയാര്‍ജ്ജിയ്ക്കുന്നതിനും, പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കടന്നെത്തുന്നതിനും, സാമ്പത്തികമായും സാമൂഹ്യമായും സ്വയംപര്യാപ്തമാകുന്നതിനും നമ്മുടെ സഹോദരിമാര്‍ക്കാകുന്നു. ചിത്രം സൂചിപ്പിയ്ക്കുന്നതുപോലെ അശ്വതിയുടെ അമ്മ, കുടുംബശ്രീ പ്രവര്‍ത്തകയാണ്. പങ്കാളിയുടെ അസാന്നിധ്യത്തിലും പരിമിതമായ ഭൌതിക സാഹചര്യങ്ങളിലും ജീവിതം മുന്നോട്ടു നീക്കാന്‍ അവരെറെ കഷ്ടപ്പെടുന്നു ണ്ടെ ങ്കിലും കുടുംബശ്രീ പദ്ധതിയിലൂടെ ആ അമ്മയും മറ്റനേകം അമ്മമാരെപ്പോലെ സ്വയംപര്യാപ്തതായിലേയ്ക്കു നടന്നടുക്കുന്നു. മകളെ നന്നായ് പഠിപ്പിച്ച് അന്തസ്സായി ജീവിയ്ക്കുന്നു.

മധുവിധു

മലയാളികളുടെ പൂജവെയ്പ്പ് ഉത്തരേന്ത്യയുടെ ദസ്റയാണ്. ആഘോഷങ്ങള്‍ ബഹുഭൂരിപക്ഷവും അങ്ങിനെയാണ്. ദേശാനുസരണം പേരിലും ഉള്ളടക്കത്തിലും മാറ്റങ്ങളുള്‍ക്കൊണ്ട് അതതു വേഷം ധരിച്ചുകൊണ്ടിരിയ്ക്കും. ദസ്റ മംഗള കര്‍മ്മങ്ങള്‍ക്കുത്തമമെന്നാണ് വിശ്വാസ മതം. അതുകൊണ്ടു തന്നെ ഉത്തരേന്ത്യയില്‍ ഒക്ടോബര്‍ മുതല്‍ വിവാഹങ്ങളുടെ സീസ ണ്‍ ആരംഭിയ്ക്കുകകായി. നവംബര്‍ മുതല്‍ ആ ആറേഴുമാസക്കാലം കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൊയ്ത്തുത്സവമാണ്. പലതരം പാക്കേജുകളില്‍ ഒറ്റയ്ക്കും കൂട്ടായുമാവര്‍ മധുവിധുവിനെത്തുന്നു. കടല്‍ത്തീര / മലയോര വിനോദ സാങ്കേതങ്ങള്‍, കായലിലെ ഹൌസ് ബോട്ട് സവാരി.. കേരളത്തിന്റെ സഞ്ചാര ഭൂപടം ഈ നാളുകളില്‍ ഹിന്ദി സംസാരിയ്ക്കുന്നു.

കലപില ഹിന്ദി പേശും പെണ്‍കൊടിക്കൈകള്‍

മൈലാഞ്ചിച്ചി ത്രങ്ങളാല്‍ അലങ്കൃതമായിരിയ്ക്കും

ഒരുപാടു കുപ്പിവളകള്‍ ചിരി ച്ചു കൊണ്ടിരിയ്ക്കും

തോന്നുന്നിടങ്ങളില്‍ കയറും ,

വിലപേശി ശശിയയണ്ണന്മാരെ വല്ലാതെ വലയ്ക്കും ..

ചിലപ്പോളൊന്നും വാങ്ങാതെ മുങ്ങും ..

വാടക വണ്ടികളില്‍ കറങ്ങും

ചില വിരുതന്‍ സാരഥികള്‍

ഇടയ്ക്കിടെ ഒളികണ്ണി ടും

അപ്പോളവള്‍, അവനെച്ചുംബിയ്ക്കാനായുകയാകും ..

കണ്ണു മണത്തവന്‍ കണ്ണാടി ദിശ മാറ്റും …..

ഓര്‍ക്കുന്നുണ്ടോ താങ്കളുടെ ഹണീമൂണിനെക്കുറിച്ച് ? ഐസ്ക്ക്രീമും – പോപ്പ്ക്കോണും – ബദാം ഹല്‍വ്വയും, നാരങ്ങ വെള്ളവും മ്യൂസിയവും .. ഒരു സ്മൈല്‍ പ്ലീസും നസീര്‍ സാര്‍ സിനിമയും ഉടുപ്പി ഹോട്ടലിലെ മസാല ദോശയും ; അതേകദേശം ഇങ്ങനെയൊക്കെ തന്നെയല്ലേ …

ഇനി ചെരുമുറക്കാര്‍ക്കു പറയാം . . ; ആലോചിയ്ക്കാറുണ്ടോ അതെവിടെയാകണമെന്നതിനെക്കുറിച്ച് ?

മനാലി .. ഡാര്‍ജ്ജിലിങ്ങ് ..അതോ മഞ്ഞു റയുന്ന ഏതോ തണുത്ത രാജ്യം .. ?

പ്ലാനിങ്ങ് എന്തുമാകട്ടെ , അതശ്വതി – രാജു ദാമ്പതികളുടെതിനു സമാനമാകാന്‍ ഒരുവഴിയുമില്ല.

അശ്വതിയെ മുന്നിലിരുത്തി അവന്റെ സൈക്കിള്‍ പറന്നു തുടങ്ങി. മരങ്ങള്‍ .. പാടങ്ങള്‍ .. കൈവേലികള്‍ … അതിരുകള്‍ .. മുളങ്കാടുകള്‍ .. എല്ലാം പിന്നിട്ട് അതിവിശാലമായൊരു പുഴയിലേയ്ക്ക്. അവിടെ അവര്‍ക്കു മാത്രം സഞ്ചരിയ്ക്കാന്‍ പണികഴിപ്പി ച്ചെ ന്നോ ണം ചെറുതാമൊരു വഞ്ചി. തുഴയെ റിഞ്ഞവര്‍ ഒരുകര പിടിച്ചു . അരികില്‍ ഒരു റബര്‍മരക്കാട് ..ഒട്ടുപാല്‍ മണം.. കല്ലുമു ള്‍ വഴിയിലൂടവന്‍ അവളെ എവിടേയ്ക്കോ കൊണ്ടു പോകുന്നു.

വഴിയരികിലെ ഉരുളന്‍ കല്ലുകള്‍ക്കിടയില്‍ നിന്നൊരു സീല്‍ക്കാരം…

ആകാശം വരച്ചി ടുമൊരു വന്‍ പരുന്ത് .. അശ്വതിയോന്നു ഞെട്ടി..

രാജു : ഭയക്കേണ്ട എല്ലാവരും കൂട്ടുകാരാണ്

മരങ്ങള്‍ അടുക്കി നിര്‍മ്മിച്ചോരു ചെറുവീട് ..

നിറയെ പുസ്തകങ്ങള്‍ ..പൂച്ചെടികള്‍ ..

പലവര്‍ണ്ണക്കിളികള്‍ ..ഇതാണ് രാജുവിന്റെ ‘ഡ്രീം ഹോം’ ..

നിരീക്ഷണങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത അവന്റെ മാത്രം ‘തനിയിടം’

ഭാവുകത്വം അതിന്റെയുന്‍മാദങ്ങളില്‍ തീപൂട്ടി നൃത്തം ചെയ്യമ്പോള്‍ മാത്രം സംഭവിയ്ക്കുന്നത്.

പിടിച്ചടക്ക ലുകളില്‍ , വിദ്വേഷങ്ങളില്‍ , കപടതകളില്‍ നിന്നെല്ലാം വിവസ്ത്രപ്പെടുന്നതിനുള്ളൊരു അതിജീവനശ്രമം ..

‘അശ്വതി ഹാപ്പിയാണ്’ ..

രാജുവിന്റെ വീട്ടുമുറ്റത്തെ കൃതൃമ പുല്‍ത്തകിടിയിലേയ്ക്ക് നമുക്കൊന്ന് സൂം – ഇന്‍ ചെയ്യാം. മാരത്തണ്‍ ചര്‍ച്ചകള്‍ ..ജേഷ്ഠനും കൂട്ടുകാരുമാണവര്‍. രാജുവിന്റെ സ്വപ്നഭവനമടങ്ങുന്ന എസ്റ്റേറ്റ് ഒരുത്തരാധുനിക ടൂറിസ്റ്റ് റിസോര്‍ട്ടാക്കുകയാണ് ലക്ഷ്യം. കോടികളുടെ പദ്ധതി. പണം മുടക്കാന്‍ വിദേശിയുമുണ്ടാത്രേ. പുഴയുടെ സ്വച്ചന്തത ഭേദിച്ച് ഒരു മോട്ടോര്‍ ബോട്ട്. ഒരുവന്റെ ബൈനോക്കുലറില്‍ തീരമണല്‍പ്പരപ്പില്‍ ജലം ചേര്‍ന്നാലിംഗനബദ്ധമായ രണ്ടു ശരീരങ്ങള്‍. ബോട്ടിന്റെ കാതടിയ്പ്പിയ്ക്കും കടകടയോച്ച.. വെടി കൊണ്ടവരെന്നോണം ..രാജുവും രാധയും കാടുകയറാന്‍ തുടങ്ങി.

ചില പ്രതിനിധാനങ്ങള്‍

രാജുവിന്റെ വഞ്ചിയും ജേഷ്ഠന്റെ ബോട്ടും പ്രതിനിധാനം ചെയ്യുന്ന രണ്ടു തരം സംസ്ക്കാരങ്ങളുണ്ട് . ഇവയിലൊന്ന് പ്രകൃതിയുടെ സ്വാഭാവികതകളോട് അങ്ങേയറ്റം ഇഴചേര്‍ന്നു നില്‍ക്കുമ്പോള്‍, അപരന്‍, മാംസത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന കത്തി പോല്‍ ‘ജലസ്ഥിതിയുടെ’ ഉള്ളുകളിലേയ്ക്ക് ഇന്ധനം തുപ്പി മലീമസമാക്കുകയും ആവാസവ്യവസ്ഥിതിയുടെ ജൈവിക കൃമങ്ങളെ ശബ്ദ /സാന്നിധ്യങ്ങളാല്‍ ബലാല്‍ക്കാരം ചെയ്യുകയും ചെയ്യുന്നു. ജലം മാധ്യമാമാക്കുന്ന രണ്ടിനം വാഹനങ്ങളെ ബിംബവല്‍ക്കരിക്കുന്നതിലൂടെ പരിസ്ഥിതിയ്ക്കുമേലുള്ള യന്ത്രവല്‍കൃത സമൂഹത്തിന്റെ (മുതലാളിത്തം) അനിയന്ത്രിതവും അപകടകരവുമായ കടന്നുകയറ്റങ്ങളെ ബൌദ്ധികനാട്യങ്ങളുടെ കാര്‍ക്കശ്യങ്ങളില്ലാതെ ഏറ്റവും ഫലവത്തായി സംവിധായകന്‍ ദൃശ്യവല്‍ക്കരിയ്ക്കുന്നു. ആധുനിക മനുഷ്യന്റെ സമ്പത്തിനോടുള്ള ഒടുങ്ങാത്ത ആസക്തിയും ദുരയുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്ന സാമൂഹ്യപ്രശ്നങ്ങളിലൊന്ന് .

'സുരേഷ്, മൈതീന്‍, റപ്പായി' ; പേരെന്തുമാകട്ടെ..ആദ്യം കാണുന്ന പത്ത് സുഹൃത്തുക്കളെ നിരീക്ഷിയ്ക്കാം.. ഉറപ്പായും അവരിലൊരാള്‍ മറ്റു തൊഴിലിനോടോപ്പമോ സഹ-വ്യവസായമെന്ന നിലയിലോ 'real estate facilitation' - ല്‍ വ്യാപൃതനായിരിയ്ക്കും.' ചുരുങ്ങിയ സമയം ...കുറഞ്ഞ അധ്വാനം... കൂടുതല്‍ ലാഭം', ഇതാണ് ഈ 'വ്യവസായത്തിന്റെ' പ്രധാന പ്രത്യേകത . വാക്ക്ചാതുര്യവും ആകര്‍ഷണീയമായ പെരുമാറ്റവും അഭിലഷണീയം അവയവങ്ങളില്‍ 'നാവു' മാത്രം നിരക്കി നല്ല മെച്ചമുണ്ടാക്കുന്ന ടി സമ്പ്രദായം മുതലാളിത്ത വികസ്വ്യര സാമ്പത്തിക കൃമങ്ങളുടെ പൊതു സവിശേഷതയത്രേ. പ്രമേയം വ്യക്തമാക്കുന്നതു പോലെ കുടുംബത്തിന്റെ പൊതു ഉടമസ്ഥതയിലുള്ള ഭൂമി (എസ്റ്റേറ്റ് ) രാജുവിന്റെ ജേഷ്ഠന്‍വിശ്വന്‍ തന്നിഷ്ടപ്പ്രകാരം വിനോദസഞ്ചാര വ്യവസായത്തിനായി ഉപയോഗപ്പെടുത്താനോരുങ്ങുകയാണ് . ടൂറിസ്റ്റുകള്‍ക്കായുള്ള വില്ലകളടങ്ങുന്ന കോടികളുടേതായ പങ്കുകച്ചവടത്തിലെ സുപ്പ്രധാന നിക്ഷേപകന്‍ ഏതോ ഒരു വിദേശിയാണത്രേ. നാടിന്റെ സര്‍വ്വസ്വവും മൂലധനശക്തികള്‍ക്കു തീറെഴുതി പരമമായ പരമാധികാരവും സ്വാശ്രയത്വവും അടിയറ വെയ്ക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളുടെ കാണാക്കെണികളിലേയ്ക്ക് ചിത്രം ആകുലതകളോടെ പ്രേക്ഷകനെ നയിയ്ക്കുന്നു.'

ഒരു പതിവ് പ്രഭാതം; സൈക്കിളിലും വഞ്ചിയിലുമായവര്‍ 'ഡ്രീം ഹോമി' ലേയ്ക്കു തിരിയ്ക്കുന്നു. വഴിയരികിലെ കല്‍ക്കൂനകളില്‍ നിന്നും സ്നേഹസീല്‍ക്കാരങ്ങലില്ല. വട്ടം പറക്കുന്ന പരുന്തും പരിഭ്രാന്തനാണ്. അലറുന്ന ഈര്‍ച്ച വാളുകള്‍ ..മരങ്ങള്‍ നിലം തല്ലും ശബ്ദം .. അവന്‍ സൂക്ഷിച്ചു നോക്കി. . പാമ്പിനെയവര്‍ കൊന്നുതള്ളിയിരിയ്ക്കുന്നു. ജേഷ്ഠനും കൂട്ടുകാരുമാടകം വലിയൊരു സംഘമുണ്ട്. അവരെല്ലാം നിരത്തി വെടിപ്പാക്കുകയാണ്. അശ്വതിയുടെ കൈരെഖകളിലാണ് രാജുവിന്റെ നെഞ്ചു പിടയ്ക്കുന്നത്. അവനിലെ ഉരുള്‍പൊട്ടലുകള്‍ ഉള്‍ക്കിടിലത്തോടെയവള്‍ തിരിച്ചറിയുന്നു. നിലം തല്ലിപ്പൊട്ടിച്ച കുപ്പി കൊണ്ടവന്‍ തലങ്ങും വിലങ്ങും വീശി. ഒരാള്‍ വീണിരിയ്ക്കുന്നു. ജേഷ്ഠനും പരിയ്ക്കുണ്ട്. അശ്വതിയുടെ കരയും കടലും ആകാശവും ഒരുപോലെ പമ്പരം കറങ്ങി.

രാജുവിനെ ആശുപത്രിയിലാക്കിയിരിയ്ക്കുന്നു. അവന്റെ തലച്ചോറിലേയ്ക്ക് ഹൈ - വോള്‍ട്ടെജു വൈദ്യുതിയാണ് കടത്തിവിടുന്നത്. ഇനി ചിലപ്പോള്‍ പ്രതികരണമേ ഉണ്ടാകില്ലത്രേ. അശ്വതിയ്ക്കൊപ്പം അമ്മയുണ്ടാശുപത്രിയില്‍ . അവനെയുപേക്ഷിയ്ക്കാന്‍ അവള്‍ക്കുമേല്‍ ഒരുപാട് സമ്മര്‍ദ്ദങ്ങള്‍.. അതെന്തുതന്നെയായാലും ജലമൂലകങ്ങള്‍ പോലെ പരസ്പ്പരപൂരകങ്ങളാണവര്‍; ഒരിയ്ക്കലും വേര്‍പിരിയാനാകാത്തവര്‍

നിര്‍ജ്ജീവാവാസ്ഥയിയിലെ പങ്കാളിയ്ക്കൊപ്പമുള്ള ജീവിതം വിവരണാതീനമായിരിയ്ക്കും . ഒന്നുറപ്പുണ്ട് , അത്തരം വേളകളില്‍ യഥാര്‍ത്ഥ സ്നേഹമെന്തെന്ന് ഉറപ്പായും തിരിച്ചറിയപ്പെടും. ഇരുകാലുകള്‍ക്കും സ്വാധീനം നഷ്ടമായ ഭാര്യയെ ഒക്കത്തിരുത്തി താനുള്ളിടത്തെല്ലാം ഒപ്പം കൂട്ടിയ ഒരു മഹാനായ ഭര്‍ത്താവിനെക്കുറിച്ച് എവിടെയോ വായിച്ചതോര്‍ക്കുന്നു. അദ്ദേഹത്തിനായുരാരോഗ്യസൌഖ്യങ്ങളുണ്ടാകട്ടെ....

വിരലടയാളം

അവരുടെ മുറിയിലിപ്പോള്‍ മുറുകുന്ന സംഗീതമോ വെളിച്ചവിന്യാസങ്ങളുടെ താള കൃമങ്ങലോ ഇല്ല. രാജു നിശ്ചലനാണ് . കുളിമുറിയിലെ ട്ടാപ്പു തുറന്നിട്ടവള്‍ അലറിക്കരഞ്ഞു. അടക്കിപ്പിടിച്ചിരുന്നതെല്ലാം ഉരുക്കിക്കളഞ്ഞു. അവളുടെ ഗര്‍ഭാശയ ഭിത്തികളില്‍ അവന്റെ വിരലടയാളങ്ങള്‍. .. രാജുവിനെ അവളതറിയിച്ചു കഴിഞ്ഞു.. നിശ്ചലമായ അവന്റെ കണ്ണുകളില്‍ ചില തിരയനക്കങ്ങള്‍… ചുമരുകളുടെ തടവ്‌ ഭേദിച്ച് വീണ്ടുമൊരു ‘ഡ്രീം ഹോം’, യാത്ര. അവിടെ അവന്‍, എവിടത്തെക്കാ ളേറെ ശാന്തനായിരിയ്ക്കുമല്ലോ .. സൈക്കിളോടിച്ചതും തുഴയെറിഞ്ഞതും അവള്‍ തന്നെ. പുഴ, അവരെ ഒത്ത നടുവിലേയ്ക്കെത്തിച്ചിരിയ്ക്കുന്നു. അവനിലെ നിര്‍വ്വികാരത അശ്വതിയെയും ചെറുവഞ്ചിയേയും ഒരുപോലെ ഉലച്ചു. മറിഞ്ഞ വഞ്ചിയുടെ ശരീരത്തില്‍ കൈകള്‍ കോര്‍ത്തവര്‍ ആലിംഗനബദ്ധരാകുന്നു . നീലിച്ച പുഴയടിവാരത്തു നിന്നും അവരുടെ ശ്വാസം കുമിളകളായുയര്‍ന്നു. ജലത്തിന്റെ മണ്ണില്‍ നിയന്ത്രണങ്ങലില്ലാത്ത രണ്ടു പക്ഷികള്‍…. ആകാശത്തിന് അതിരുകള്‍ നഷ്ടമായിരിയ്ക്കുന്നു…… പറന്നു പോമൊരു കഴുകന്‍ ..

ജോസഫ് ഗീബല്‍സ്

പൊതുസമൂഹം എപ്പോഴും ഭൂരിപക്ഷത്തിന്റെ ഇംഗിതാനുസരണം നിര്‍മ്മിതമായിരിയ്ക്കും. രുചികരമാല്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരേയും പൊതു വ്യവസ്ഥിതിയില്‍ നിന്നും വേറിട്ടു ജീവിയ്ക്കുന്നവരേയും അതെപ്പോഴും വേട്ടയാടിക്കൊണ്ടിരിയ്ക്കും.സ്പാര്‍ട്ടക്കസ്സും, പ്രോമിത്യൂസും, ഗലീലിയോയും, ചെഗുവേരയുമടക്കം ചരിത്രവും ഇതിഹാസങ്ങളും വേട്ടയാടപ്പെട്ടവരുടേതു കൂടിയാണ്. ‘നിദ്ര’യിലെ രാജുവും ഭൂരിപക്ഷ സമ്മര്‍ദ്ദങ്ങടേയും നിഷ്തൂര നിരീക്ഷണങ്ങളുടേയും നിരന്തര പീഡനങ്ങളുടേയും രക്തസാക്ഷിയാണ്. അവരെപ്പോഴും അങ്ങിനെയാണ്, വേറിട്ടവരെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരിയ്ക്കും. വഴങ്ങുന്നില്ലെങ്കില്‍ കൂട്ടായപഹസിയ്ക്കും ; ഒറ്റപ്പെടുത്തും. എന്നിട്ടും അടിമപ്പെടുന്നില്ലെന്നു കണ്ടാല്‍ നല്ല നൊസ്സാരോപിയ്ക്കും. കെട്ടുകഥകളും കിംവദന്തികളും കല്‍പ്പിതകഥകളും മെനയും. സാധ്യമായ മാര്‍ഗ്ഗങ്ങളിലെല്ലാം പരസ്യം നടത്തും. മുയലിനെ എരുമയും , എരുമയെ പേപ്പട്ടിയുമാക്കി സമര്‍ഥമായ് അരുംകൊല ചെയ്യും . ഗീബല്‍സിന്റെ പിന്‍മുറക്കാര്‍ … അവരെണ്ണംകൊണ്ടെപ്പോഴും ഉയര്‍ന്നു നില്‍ക്കും. കാരണം അവരാണല്ലോ വിഭവങ്ങള്‍ ഏകപക്ഷീയമായി അനുഭവിയ്ക്കുകയും അധികാരം കൈയ്യടക്കുകയും ചെയ്തിരുന്നത്. ഭൂരിപക്ഷത്തിന്റെ മാനിഫെസ്റ്റോകള്‍ക്ക് വിധേയമാകാത്തവരുടെ പൊതുപ്രതിനിധാനമായി മാറാന്‍ കഴിയുന്നു എന്നതാണ് ‘നിദ്ര’യുടെ സുപ്പ്രധാന സവിശേഷത.

സിദ്ധാര്‍ഥന്‍; ഭരതനെ പുനര്‍നിര്‍മ്മിച്ച വിധം

എണ്‍പതുകളിലാണ് മലയാളിക ളു ടെ എക്കാലത്തേയും പ്രിയങ്കരനായ സംവിധായകന്‍ ഭരതന്‍ ‘ നിദ്ര ‘ അനിയിച്ചൊരുക്കുന്നത്. വിജയ്‌ മേനോനും ശാന്തി കൃഷ്ണയും മുഖ്യ വേഷങ്ങളി ലഭിനയിച്ച ചിത്രം ക്ലാസിക്കുകളുടെ പട്ടികയിലാണ് ഇടം പിടിച്ചത് . മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കാലത്തിന്റെ മാറ്റങ്ങള്‍ മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ മറ്റൊരു ‘നിദ്ര ‘ പുനര്‍ നിര്‍മ്മിക്കുബോള്‍ റീമേക്കുക ളോട് പൊതുവില്‍ മമത കാട്ടാത്ത മലയാള സിനിമാ ലോകം കരഘോഷത്തോടെയാണ് ചിത്ത്രത്തെ വരവേല്‍ക്കുന്നത്. സിദ്ധാര്‍ഥ് ഭരതനും റിമാ കല്ലിങ്കലുമാണ് മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അഭിനയമോ യാഥാര്‍ … മോ എന്ന്‍ സന്ദേഹിപ്പിക്കും വിധം ഇരുവരും സ്വന്തം ഭാഗങ്ങള്‍ ഗംഭീരമാക്കിയിരിക്കുന്നു. ഇന്ത്യന്‍ കോഫീ ഹൌസിലോ ഏതോ ഫിലിം ഫിലിം ഫെസ്റ്റിവല്‍ / നാടകോത്സവ വേദികളിലോ കണ്ടു മറന്നൊരു നിഷേധിയായ ബുദ്ധിജീവിയെ ‘ രാജുവിലൂടെ’ സിദ്ധാര്‍ഥ് ഓര്‍മ്മിപ്പിക്കുബോള്‍, അശ്വതിയിലൂടെ റിമ, ബുദ്ധികൂര്‍മ്മതയും ആകര്‍ഷണീയതയും ഒത്ത്തുചെര്‍ന്നൊരു പ്രൊഫഷനല്‍ കോളേജ് വിദ്യാര്‍ഥിനിയെ അനുസ്മരിപ്പിക്കുന്നു.

പ്രണയവും രതിയും ലൈംഗികതയും അതിമനോഹരമായി ചിത്രീകരിക്കുന്നവയാണ് ഭരതന്‍ ചിത്രങ്ങളി ലേറെയും. പ്രേക്ഷകര്‍ മലയാളികളാ ണെ ന്നോര്‍ക്കണം അതുകൊണ്ടു തന്നെ വൈകാരിക സന്ദര്‍ഭങ്ങള്‍ ചിത്രീകരിക്കുബോള്‍ തികഞ്ഞ അച്ചടക്കവും കലാപരതയും നിര്‍ബന്ധം. സംഭവം ‘വികാരനിര്‍ഭരമെങ്കില്‍’, പ്രേക്ഷകരത് കൂകി വെളുപ്പിക്കുകയോ അതിവേഗം ഉച്ചപ്പടമാക്കുകയോ ചെയ്യും. രതിയുടേയും ലൈം ഗി ക തയുടേയും ഏറ്റവും നിഷ്കളങ്കവും ഊര്‍ജ്ജസ്വലവുമായ ഭാവങ്ങള്‍ വികാരതീവ്രമായി എന്നാല്‍ തികഞ്ഞ കൈയ്യടക്കത്തോടെയാണ് സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്. ഇത് സ്വാഭാവികമായും പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ സ്വയം നവീകരിക്കുകയും പക്വമാക്കുകയും ചെയ്യുന്നു. ചുബനം , ആലിംഗനം തുടങ്ങി പ്രമേയമാവശ്യപ്പെടുന്ന ‘intimate’ സന്ദര്‍ഭങ്ങളിലെല്ലാം ഒരപശബ്ദം പോലുമുയരാതെ തിയറ്റര്‍ ഒന്നാകെ ഉയര്‍ന്ന ആസ്വാദനക്ഷമതയോടെ ഇതാസ്വദിക്കുന്നു. വിവേചനങ്ങ ളില്ലാതെ മലയാളിയുടെ ഭാവുകത്വത്തെ തൃ പ്തിപ്പെടുത്തുന്നതില്‍ അഭിനേതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും സിദ്ധാര്‍ഥ് വിജയിച്ചിരിക്കുന്നു. ചലച്ചിത്രകലയുടെ ഇരുവഴികളിലും തികഞ്ഞ അവധാനതയോടെ അദ്ദേഹം യാത്ര ചെയ്യുന്നു. പ്രമുഖ അഭി നേത്രി കെ പി ഏ സി ലളിതയാണ് അശ്വതിയുടെ അമ്മവേഷമഭി നയിക്കുന്നത്. അതു ജോറായെ ന്ന ത് പ്രത്യേകം പറയേണ്ടതില്ലല്ലോ . ജിഷ്ണു രാഘവന്‍ (രാജുവിന്റെ ജേഷ്ഠന്‍ ), തലൈവാസല്‍ വിജയ്‌ (അച്ഛന്‍ ), സരയു ( ജേഷ്ഠന്റെ ഭാര്യ) തുടങ്ങിയവരെല്ലാം അവരവരുടെ കഥാപാത്രങ്ങ ളോട് തികഞ്ഞ നീതി പുലര്‍ത്തുന്നു.

ജിന്നു കുടിയിരിക്കുന്നു

 


സമീര്‍ താഹിറിന്റെ ക്യാമറക്ക് ജീവനുള്ളൊരു ലെന്‍സുണ്ട് . അതല്ലെങ്കില്‍ കുറഞ്ഞ പക്ഷം ഉള്ളിലൊരു ജിന്നു കുടിയിരിക്കുന്നു . കവിത പോലെ മനോഹരങ്ങളായ ഫ്രെയ്മുകള്‍ .. അതിനുള്ളിലെ നിരന്തര പരീക്ഷണ ശ്രമങ്ങള്‍ . താഹിറിന് നെഞ്ചു കൊണ്ടൊരു ഷേക്ക്ഹാന്റ്. എഡിറ്റിങ്ങിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ഒരുതുള്ളി ശബ്ദം പോലും അധികമില്ലാതെ പ്രസ്തുത യജ്ഞം ബാവാന്‍ ശ്രീകുമാര്‍ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ആദ്യാന്തം സം വേദി പ്പിക്കുന്ന ഉന്മാദത്തിന്റേതായൊരു തലമുണ്ട്. അതിനൊത്തവണ്ണം പ്രശാന്ത് പിള്ള പാശ്ചാത്തല സംഗീതമൊരുക്കുബോള്‍ ചലച്ചിത്ര ഗാന ശാഖക്ക് പുതുമ സമ്മാനിച്ച ജാസി ഗിഫ്റ്റ് ഇമ്പമാര്‍ന്ന ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നു.ഒരുമണിക്കൂര്‍ നാല്‍പ്പത്തിയഞ്ചു മിനുട്ട് ദൈര്‍ഖ്യമുള്ള ഈ വര്‍ണ്ണ ചിത്രത്തിന് പ്രമുഖ യുവ കഥാകാരന്‍ സന്തോഷ്‌ ഏച്ചിക്കാനം തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. A മുതല്‍ Z വരെ ഓരോരുത്തര്‍ക്കും സംഘടനകളുള്ള കോടികളുടെ ‘വ്യവസായമായ’ മലയാള ചലച്ചിത്ര ഭൂപടം മാറ്റങ്ങള്‍ക്കു വിധേയമാകുകയാണ് . നിലവാരമുള്ള ലോ ബഡ്ജറ്റ് ചിത്രങ്ങ ളുടെ നല്ല കാലം വന്നെത്തിയിരിക്കുന്നു . താരങ്ങളും ഫാന്‍സ്‌ അസോസിയേഷന്‍ ആരവങ്ങളും കാട്ടിക്കൂട്ടലുകളും ഒന്നുമില്ലെങ്കിലും തിയറ്ററുകള്‍ നിറഞ്ഞോടി ത്തുടങ്ങുന്നു. നല്ല സിനിമകളുണ്ടാകണമെങ്കില്‍ ലാഭം (മാത്രമോ) ഇതര മോഹങ്ങളോ ഇല്ലാത്ത പ്രതിഭാധനരായ നിര്‍മ്മാതാക്കളുണ്ടാകണം. ഒപ്പം പരീക്ഷണങ്ങള്‍ക്കു തയ്യാറായ മികവുറ്റ കലാ സംഘവും. ആ അര്‍ത്ഥത്തില്‍ ‘നിദ്ര’യുടെ നിര്‍മ്മാതാക്കള്‍ ‘LUCSAM Creation’s’ അഭിനന്ദനമര്‍ഹിക്കുന്നു.

കള്ളു ഷാപ്പൊന്നുണ്ട് ..

കോളേജുമൊന്നുണ്ട്..

ഇനി സിനിമയൊന്നാകാം ..

പോരട്ടേ പണമിത്തിരി ..

കലയോടോ , കലാകാരന്മാരോടോ അശേഷം ആഭിമുഖ്യമോ ഉത്തരവാദിത്വമോ ഇല്ലാത്ത ‘ ഇത്തിള്‍’ നിര്‍മ്മാതാക്കളേയും താരപ്പുലികളേയും ആസ്വാദകസമൂഹം തിരിച്ചറിയേണ്ടതുണ്ട് . എങ്കില്‍ മാത്രമേ സിനിമ കാലത്തെ അടയാളം ചെയ്യൂ . ജീവിതത്തിന്റെ പര്യായമാകൂ. പ്രേക്ഷകന്‍ സ്ഥിരമായ്‌ കണ്‍തുറന്നിരിക്കൂ.