Shaji Thakidiyil

ഒരു ഫോട്ടോയ്ക്ക് ഓര്‍മ്മപ്പെടുത്താനുള്ളത്

ആദ്യമായി ഫോട്ടോഗ്രഫിയോട് കമ്പം തോന്നിയതെപ്പോഴാണ്? 9ആം ക്ളാസ്സില്‍ വച്ചു തന്നെ . സംശയമില്ല. ജീവിതത്തില്‍ പലതും സൌകര്യപൂര്‍വ്വം മറക്കുകയും ഒരിക്കലും മറന്നു പോകരുതെന്നാഗ്രഹിച്ച കാര്യങ്ങളൊക്കെ സൌകര്യമോ ആഗ്രഹമോ മാനിക്കാതെ എന്നെ വിട്ടു പോയിട്ടും ഉറഞ്ഞു കൂടിയ ചിലതുണ്ട് , അതില്‍ ഒന്നാണ് ഫോട്ടൊഗ്രഫി.

9ല്‍ പഠിക്കുമ്പോഴാണ് സ്കൂളില്‍ ഫോട്ടൊഗ്രഫി ക്ളബ് ആരംഭിച്ചത്.

അന്നത്തെ പ്രശസ്ത നടി ജലജയാണ് സ്കൂള്‍ അസംബ്ളിയില്‍ വെച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പല ക്ളബുകളുണ്ടായിരുന്നു. അതില്‍ ഒന്നു മാത്രമാണു അതുമെന്ന് കരുതി ആദ്യമൊന്നും ശ്രദ്ധിക്കാനേ പോയില്ല. ഫുഡ് ക്ളബിലായിരുന്നു ചേര്‍ന്നത്. പടിക്കെട്ടിന്റെ ചുവട്ടിലെ ഇടമായിരുന്നു Dark room. പേരു പോലെ തന്നെ ഒന്നാന്തരമൊരു ഇരുട്ടു മുറി. ഡിജിറ്റലൊക്കെ വരുന്നതിനു മുന്‍പുള്ള കാലം . പ്രോസെസ്സിങ്ങ്..ഡവലപ്പിങ്ങ് അങ്ങനെയെന്തൊക്കെയോ ആ ഇരുളടഞ്ഞ മുറിയില്‍ നടക്കാറുണ്ടെന്ന് ക്ളബിലെ അംഗങ്ങളായ കൂട്ടുകാരില്‍ നിന്നറിഞ്ഞിരുന്നു. ഒരു പുരോഹിതനായിരുന്നു ക്ളബ്ബിന്റെ ജീവാത്മാവും പരമാത്മാവും. അദ്ദേഹം ഞങ്ങളെ ഏത് വിഷയമാണ് പഠിപ്പിച്ചന്നോ , പേരെന്താണെന്നു പോലും അന്നും ഇന്നും അറിയില്ല. വര്‍ഷത്തില്‍ അധികവും അദ്ദേഹം റോമിലായിരിക്കും.

ഉച്ചയ്ക്കാണ് ചില പുസ്തകങ്ങളൊക്കെ പുറത്തിറങ്ങിയിരുന്നത്. അതുവരെ ചിലരുടെയൊക്കെ ബാഗുകളില്‍ പതുങ്ങിയിരിക്കും.പുറത്തിറങ്ങുന്നതുവരെ ആരുടെ ബാഗിലാണ് പതിയിരിക്കുന്നത് എന്നറിയില്ലെങ്കിലും ചിലരുടെ ബാഗുകളോട് ഞങ്ങള്‍ക്ക് വലിയ ആദരവും ബഹുമാനവുമായിരുന്നു. ആരെങ്കിലും ആ ബാഗില്‍ അറിയാതെ ചവിട്ടിപ്പോയാല്‍ പിന്നെ അവന്റെ നെഞ്ചില്‍ കയറിയിരുന്ന് 101 കലത്തില്‍ പൊങ്കാലയിട്ടാലെ ഞങ്ങള്‍ അടങ്ങുകയുള്ളൂ.

ചില ചതിയന്മാര്‍ ഉണ്ടായിരുന്നു. ആദ്യം അവര്‍ക്ക് വേണം. വായിച്ചു കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് തരും. ഞങ്ങള്‍ വായിച്ചു എരിപൊരി കൊള്ളാന്‍ തുടങ്ങുമ്പോള്‍ തലകള്‍ക്കു മുകളില്‍ നിന്നൊരു കൈ പരുന്ത് പോലെ താണുവന്ന് കൊത്തിയെടുക്കും. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ കൈയുടെ പുറകില്‍ ക്ളാസ്സ് ടീച്ചര്‍ ബാബു സാറിന്റെയോ ,പി.റ്റി . സാറിന്റെയോ മുഖം തെളിയും .പിന്നെ ആ പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് നെടുവീര്‍പ്പ് മാത്രമായി മാറും. ചില ദിവസങ്ങളില്‍ കൈയുടെ ഉടമസ്ഥന്‍ ഫോട്ടോഗ്രഫി അച്ചനായിരിക്കും. റാഞ്ചിയെടുത്താലും കുറച്ചു കഴിയുമ്പോള്‍ മേലാല്‍ ഈ വക സാധനങ്ങള്‍ ക്ളാസ്സില്‍ കണ്ടുപോകരുത് എന്ന താക്കീതോടെ തിരികെ തരും. ഞങ്ങള്‍ പരസ്പരം പറയും.

"അച്ചന്‍ കാണുമ്പോലെ അല്ല; വിദേശത്തൊക്കെ സ്ഥിരം പോകുന്നതു കൊണ്ട് വളരെ broad minded ആണ്”.

അദ്ദേഹത്തിന് പല അഭ്യാസങ്ങളുമറിയാം. ഗ്രൌണ്ടിന്റെ അങ്ങേ മൂലയിലുള്ള ഉപകരണങ്ങളില്‍ അച്ചന്‍ പല അഭ്യാസങ്ങളൂം കാണിക്കും . ഒളിമ്പിക്സിനു ടി.വി.യില്‍ കണ്ടിട്ടുള്ള അഭ്യാസങ്ങള്‍ കണ്ടു ഞങ്ങള്‍ പലപ്പോഴും വായും പൊളിച്ചു നിന്നിട്ടുണ്ട്.

10 A ക്കാരുമായുള്ല match . Last Over.... Last wicket...ഞാന്‍ ക്രീസില്‍. ജയിക്കാന്‍ 3 റണ്‍സ്. കുതിര ജോണ്‍സന്റെ over . അവന്‍ ബോള്‍ എടുത്താല്‍ 3 കാര്യങ്ങള്‍ ഉറപ്പ് . ഒന്നുകില്‍ സ്റ്റമ്പ് ഒടിഞ്ഞിരിക്കും , അല്ലെങ്കില്‍ ബാറ്റ്സ് മാന്‍ കുറഞ്ഞത് 1 ആഴ്ചത്തേക്കെങ്കിലും ഗ്രൌണ്ടിന്റെ ഭാഗത്തേയ്ക്ക് പോലും വരില്ല . ഇനി കണ്ണുംപൂട്ടി അടിക്കുന്നതിനിടയില്‍ ബാറ്റില്‍ കൊണ്ടാല്‍ റോക്കറ്റ് പോലെ ബോള്‍ ഒരു പോക്ക് പോകും എന്നിട്ട് ഭദ്രമായി ആരുടെയെങ്കിലും കൈകളില്‍ എത്തും.

ഒന്നാന്തരമൊരു കുതിര ! ഒരു വരവുണ്ട് , കുതിച്ചു ചാടിപ്പറന്ന് ….

ഹോ !! അതോര്‍ക്കുമ്പോള്‍ ഇപ്പോഴും നെഞ്ച് പട പടാന്ന് …..

മാല്‍ക്കം മാര്‍ഷലെന്നു വിളിച്ചാല്‍ അവന്റെ കുതിര മുഖം വിടരും. ബൌളു ചെയ്യാന്‍ തുടങ്ങുമ്പോള്‍ ആദ്യമൊക്കെ ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് " എടാ മാല്‍ക്കം മാര്‍ഷലെ ഒന്നു പതുക്കെ എറിയടാ" . ഇത് കേള്‍ക്കുമ്പോള്‍ അവന്‍ പതുക്കെ എറിയുമെന്നു കരുതുന്നതൊക്കെ വെറുതെ. ദുഷ്ടന്‍ ഒരു മയവും കാണിക്കില്ല. മാച്ചുള്ള ദിവസങ്ങളില്‍ ഒരിക്കല്‍ പോലും അവന്‍ സൈക്കളോടിച്ചു വീട്ടില്‍ പോയിരുന്നില്ല , ഉരുട്ടിയേ പോയിട്ടുള്ളൂ . ആരെങ്കിലും കാറ്റഴിച്ചു വിട്ടിട്ടുണ്ടാകും .

ഫസ്റ്റ് ബോള്‍ ഏതു വഴി പോയെന്ന് കണ്ടില്ല. ഒരു ആന വൈഡ് . സെക്കന്റ് ബോളിനു കുതിര ചുര മാന്താന്‍ പോയ നേരത്തിനാണ് നമ്മുടെ ഫൊട്ടൊഗ്രഫി അച്ചന്റെ പാരലല്‍ ബാറിലെ അഭ്യാസം ശ്രദ്ധിച്ചത് . കൈകുത്തി കാലുകളുയര്‍ത്തി വായുവില്‍ അച്ചനൊരു കരണം മറിച്ചില്‍ . പ്രായം അന്‍പതിനു മേലെയുള്ള അച്ചനാ .

"ഹെന്റമ്മോ "

വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല , വിളിച്ചു പോയി. ഒപ്പം മാടനടിച്ചിട്ടതു പോലെയുള്ള വീഴ്ചയും.

ബോധം വന്നപ്പോള്‍ കുറെ തലകള്‍ മാത്രം കണ്ടു. അച്ചന്‍ വെള്ളം കൊണ്ട് നെറ്റി തിരുമ്മിത്തരുന്നു. എല്ലാവരും കരുതിയത് ഏറ് കൊണ്ടാണ് വിളിച്ചു പോയതെന്നാ . കുതിര പാഞ്ഞു വന്നതൊന്നും ഞാനറിഞ്ഞില്ല. അതോടു കൂടി ക്രിക്കറ്റ് കളി അവസാനിച്ചു.

ഒരിക്കല്‍ ,ഇന്റര്‍വെല്ലിനു ബെല്ലടിക്കുമ്പോള്‍ സ്ഥിരമായി എന്നെ അടിച്ചിട്ടോടാറുള്ളവന്റെ പുറകെ ഓടി നിരാശനായി മടങ്ങുമ്പോഴായിരുന്നു ഓഫീസ് റൂമിനു മുന്‍പില്‍ കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നതു കണ്ടത്. ഓഫീസ് റൂമെന്നു കേള്‍ക്കുന്നതേ എല്ലാര്‍ക്കും ഭയമായിരുന്നു. പേടിപ്പെടുത്തുന്ന ഒരു നിശ്ശബ്ദതയും തണുപ്പും എപ്പോഴും അവിടെ ഉണ്ടാകും.

നോട്ടീസ് ബോര്‍ഡില്‍ കണ്ണെത്തിക്കാനുള്ള തിരക്കാണ് .ഒരുവിധം ഇടിച്ചു തള്ളിക്കയറി ഞാനും നോക്കി. നോട്ടീസ് ബോര്‍ഡ് നിറയെ റഷ്യന്‍ സാംസ്കാരികോല്‍സവത്തിന്റെ മനോഹരങ്ങളായ ചിത്രങ്ങള്‍. അക്കാലത്ത് എല്ലാ മാസവും മുടങ്ങാതെ വീട്ടില്‍ എത്തിക്കൊണ്ടിരുന്ന "Soviet Union" എന്ന മാസികയില്‍ റഷ്യന്‍ ബാലെയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അവയ്ക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത നോട്ടീസ് ബോര്‍ഡിലെ ഫോട്ടോയ്ക്കുണ്ടായിരുന്നു. വേദിയുടെ തൊട്ടു മുന്പിലായി നിലത്തിരുന്ന് മുകളിലേയ്ക്ക് ഫോക്കസ് ചെയ്തെടുത്തവയായിരുന്നു അവയെല്ലാം.

ഞങ്ങള്‍ തിരക്ക് കൂട്ടുന്നതു കണ്ട് ചില അധ്യാപകരും എന്താ സംഗതി എന്നറിയാന്‍ വേണ്ടി വന്നു നോക്കും. പിന്നെ ഒരലര്‍ച്ചയാണ് ; “ പോയിനെടാ ക്ളാസ്സില്‍ " . ഞങ്ങള്‍ ഓടും. ഓട്ടത്തിനിടയില്‍ ചിലരുടെയൊക്കെ പാന്റ്സില്‍ ചൂരല്‍ വന്നു വീഴും. പിറ്റേന്നും ഇന്റര്‍വെല്ലിനു ഞങ്ങള്‍ പോയി നോക്കും ,പുതിയവ കാണാന്‍ . മിക്കവാറും കാണാന്‍ കഴിയാറില്ല .അതിനു മുന്പേ പാന്റ്സില്‍ ചൂരല്‍ വീണിട്ടുണ്ടാകും. അങ്ങനെ ഒരാഴ്ച .

ആ ഒരാഴ്ച ഞങ്ങളെ അലട്ടിയിരുന്ന 3 ചോദ്യങ്ങളുണ്ടായിരുന്നു.

പുതിയവ വരുമ്പോള്‍ പുറന്തള്ളപ്പെടുന്ന തലേ ദിവസത്തെ ഫൊട്ടോകള്‍ എങ്ങോട്ടാണ് പോകുന്നത് ? നോട്ടീസ് ബോര്‍ഡിലെ ചിത്രങ്ങള്‍ കാണാന്‍ മറ്റധ്യാപകര്‍ അനുവദിക്കാത്തതെന്തു കൊണ്ട് ? ചിത്രങ്ങള്‍ ഞങ്ങള്‍ കാണാന്‍ പാടില്ലാത്തതാണെങ്കില്‍ ഞങ്ങളെ അടിച്ചോടിക്കുന്നതിനു പകരം അവ നീക്കം ചെയ്യാത്തതെന്തു കൊണ്ട്? ആദ്യത്തെ ചോദ്യത്തിനുത്തരം കണ്ടു പിടിക്കാന്‍ പാഴ്ക്കടലാസുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നിടത്ത് പരതിയെങ്കിലും ഉത്തരം കിട്ടിയില്ല.

രണ്ടാമത്തെ ഉത്തരം 'അസൂയ ' എന്ന് ഗ്രൂപ്പ് ഡിസ്കഷന്‍ നടത്തി കണ്ടെത്തി.

മൂന്നാമത്തെ ഉത്തരം , മാനേജുമെന്റില്‍ വലിയ പിടിപാടും സ്ഥാനവുമൊക്കെയുള്ള അച്ചന്റെ ഫൊട്ടോകള്‍ എടുത്തു മാറ്റാന്‍ തക്ക ധൈര്യമൊന്നും അവിടെയാര്‍ക്കുമില്ല എന്ന് നിരീക്ഷണ വിശകലനങ്ങള്‍ കൊണ്ട് ഞങ്ങള്‍ കണ്ടെത്തി .

വര്‍ഷങ്ങള്‍ക്കു ശേഷം അതേ നോട്ടീസ് ബോര്‍ഡ് നോക്കി ഞാന്‍ നിന്നിട്ടുണ്ട്. എന്തൊക്കെയോ അറിയിപ്പുകള്‍ മാത്രം.

"എല്ലാവരും എത്തി. നമുക്ക് തുടങ്ങാം സാര്‍" .

3.30 ആണ് കമ്മിറ്റിയെങ്കിലും 4 മണിയാകും തുടങ്ങാന്‍. അധ്യാപക സംഘടനാ പ്രവര്‍ത്തകനായി സ്റ്റാഫ് റൂമിലേയ്ക്ക് കയറിച്ചെല്ലുമ്പോള്‍ കാണുന്ന ചില മുഖങ്ങള്‍ക്കു മുന്നില്‍ ഞാന്‍ പഴയ ആ 9 ആം ക്ളാസ്സുകാരന്‍ മാത്രമായി മാറും.

ഫൊട്ടൊഗ്രാഫിയോട് പ്രണയം ജനിപ്പിച്ച ആ അച്ചന്‍ ഇന്നില്ല. 6-2-2015 ലെ മലയാള മനോരമ പത്രം കണ്ടപ്പോള്‍  ആ പുരോഹിതനെ ഓര്‍ത്തു പോയി.