M A Baby

മന്‍സൂര്‍ : ഹൃദയത്തിലെ ഉണങ്ങാത്ത വേദന

മന്‍സൂര്‍ ഹൃദയത്തിലെ ഉണങ്ങാത്ത ഒരു വേദനയായി മാറിയിരിക്കുന്നു. ദു:ഖങ്ങള്‍ ഉള്ളിലൊതുക്കിയ ആ പുഞ്ചിരിയും കലയുടെ ലോകത്തില്‍ ചെയ്തു തീര്‍ക്കാനുള്ള കടമകളെപ്പറ്റിയുള്ള ആവേശം തുളുമ്പുന്ന ചര്‍ച്ചകളും മനസ്സില്‍ നിറയുന്നു. അഭിനയകലയ്ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ട മന്‍സൂറുമായുള്ള സ്നേഹനിര്‍ഭരമായ സൌഹൃദത്തിനു കാരണം ലോകപ്രശസ്ത നര്‍ത്തകന്‍ നവതേജ് സിങ് ജൊഹറും മാനവീയവുമാണ്. പുതിയ സഹസ്രാബ്ദത്തിലേക്ക് മനുഷ്യരാശി കാലെടുത്തു വയ്ക്കുന്ന യുഗസംക്രമവേളയെ അവിസ്മരണീയമാക്കുവാന്‍ നായനാര്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമായിരുന്നു മാനവീയം എന്ന പ്രസ്ഥാനം . അതിനു രൂപം നല്‍കുന്ന കാര്യം സാംസ്കാരികവകുപ്പുമന്ത്രി സ: ടി.കെ യുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. 1999 നവംബര്‍ 1 ന് ആ സാംസ്കാരിക പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്ന വേളയില്‍ ഒരു നൃത്ത സംഗീതശില്‍പ്പം അവതരിപ്പിക്കണമെന്ന് നിശ്ചയിച്ചു. ഒ.എന്‍.വി. സാര്‍ രചിച്ച് രമേശ് നാരായണന്‍ സംഗീതം പകര്‍ന്ന് നവതേജ് സിങ് ജൊഹര്‍ സാക്ഷാത്കരിച്ച മാനവീയം നൃത്ത സംഗീതശില്‍പ്പത്തിലെ ഏറ്റവും സര്‍ഗാത്മകവും ചടുലവുമായ സാന്നിധ്യങ്ങളില്‍ ഒന്നായിരുന്നു മന്‍സൂര്‍ ; ഒരു കൂട്ടം യുവകലാകാരന്‍മാരില്‍ നിന്ന് നവതേജ് കണ്ടെത്തിയ പ്രതിഭാശാലി. ആ നൃത്ത സംഗീതശില്‍പ്പാവിഷ്ക്കാരത്തിന്റെ ആദ്യാവസാനങ്ങളില്‍ ശ്രദ്ധ ചെലുത്തി സംവിധായകന്റെ കണ്ണും കാതും ഹൃദയവുമായി പ്രവര്‍ത്തിച്ചു നമ്മുടെ മന്‍സൂര്‍.

മാനവരാശിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ രൂപകങ്ങളിലൂടെയും സംഗീത നൃത്തച്ചുവടുകളിലൂടെയും അനുഭവവേദ്യമാക്കിയ ആ സാംസ്ക്കാരിക സൃഷ്ടി ആസ്വാദകരുടെ ഹൃദയത്തില്‍ അഗാധമായി സ്പര്‍ശിക്കുകയുണ്ടായി . എന്നാല്‍ , അതിന്റെ അവതരണം കേരളത്തിന്റെ മുക്കിലം മൂലയിലും എത്തിക്കണമെന്ന ആഗ്രഹം അന്ന് ഭാഗികമായി മാത്രമേ നടന്നുള്ളു. കഴിഞ്ഞ കുറേ മാസങ്ങളായി മന്‍സൂര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന കാര്യം മാനവീയത്തിന്റെ പുനരാവിഷ്കാരവും പുനരവതരണവുമായിരുന്നു. നവതേജ് സിങ് ജൊഹറുമായി ഇക്കാര്യം പലവട്ടം ചര്‍ച്ച ചെയ്യുകയുണ്ടായി. സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതൃത്വവുമായി നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ഒരാശയം, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ ഒരു സ്ഥിരം നൃത്ത സംഗീതശില്‍പ്പസംഘം രൂപപ്പെടുത്തുക എന്നതായിരുന്നു. ഇടക്കാലത്ത് ഛായാമുഖിയുടെ അവതരണാനന്തരമുണ്ടായ വാഹനാപകടത്തിലേറ്റ ഗുരുതരമായ പരിക്ക്, മന്‍സൂറിന്റെ ജീവിതത്തില്‍ വലിയൊരു ആഘാതവും വഴിത്തിരുവുമായി മാറുകയുണ്ടായി. ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വരുന്ന കലാകാരന്റെ വിശേഷിച്ച് നൃത്തവും അഭിനയവും സ്വന്തം ആത്മാവിഷ്ക്കാരമായി സ്വീകരിച്ച ആളിന്റെ അവസ്ഥ കൂറ്റന്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍, കൃത്രിമക്കാലിന്റെ സഹായത്താല്‍ അവിശ്വസനീയമായ ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്കും കലാജീവിത്തിലേക്കും തിരിച്ചു വരാന്‍ മന്‍സൂര്‍ ധീരമായി മുതിര്‍ന്നു. അതിനുള്ള ചെറിയൊരു കൈത്താങ്ങും പ്രചോദനവുമായി മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ചലച്ചിത്ര അക്കാദമിയില്‍ നല്‍കിയ ജോലി ഊന്നുവടിയാക്കി; അഭിമാനിയായ ആ അഭിനേതാവ് സ്വന്തം ജീവിത വേദനകളെ മരുന്നാക്കി മാറ്റി.

ഗവണ്‍മെന്റ് മാറ്റം, ചലച്ചിത്ര അക്കാദമിയിലെ കൈത്താങ്ങ് തട്ടിത്തെറിപ്പിച്ചു. ജീവിതം കലയ്ക്ക് സമര്‍പ്പിച്ച ഒരു യുവ പ്രതിഭാശാലി; കൃത്രിമക്കാലില്‍ വേദനിച്ച് സഞ്ചരിക്കാന്‍ നിര്‍ബന്ധിതനായ ഒരു സാഹസിതന്‍ ഇത്തിരിക്കൂടി മനുഷ്യത്വവും കാരുണ്യവും അര്‍ഹിക്കുന്നില്ലേ എന്ന വിനീതമായ അന്വേഷണം അക്ഷരാര്‍ത്ഥത്തില്‍ വനരോദനമായി മാറി. എന്നിട്ടും കൂട്ടുകാര്‍ അഭയമൊരുക്കി സംരക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ, തലയിടിച്ചുള്ള ഒരു വീഴ്ച്ച ചിതറിച്ചുകളഞ്ഞ തലച്ചോര്‍ നമ്മുടെ പ്രിയപ്പെട്ട മന്‍സൂറിനെ കലാലോകത്തു നിന്നു തട്ടിയെടുത്തു കളഞ്ഞു, എന്നന്നേക്കുമായി.