സാര്‍സ്സ് കോവ് 2 എന്ന വയറസ്സ് ഉണ്ടാക്കുന്ന കൊറോണ വൈറസ് ഡിസീസ് 2019 ( കോവിഡ്19) എന്ന പകര്‍ച്ച വ്യാധി ചൈനയിലെ ഹ്യുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ പൊട്ടി പുറപ്പെട്ടിട്ട് നാലു മാസം കഴിഞ്ഞെയുള്ളു. ഇതിനകം 40 ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം വന്നു. 3 ലക്ഷത്തിനടുത്ത് ആളുകള്‍ മരിച്ചു ഇന്ത്യയില്‍ 75000 ത്തിലധികം പേര്‍ക്ക് രോഗം വരുകയും 2500 ല്‍ പരം ആളുകള്‍ മരിക്കുകയും ചെയ്തു.
ഇന്ന് ലോകത്തിലെ ഒരു വിധം എല്ലാവരുടെയും മുന്നിലുള്ള ചോദ്യം ഇത് എപ്പോള്‍ എങ്ങിനെ എവിടെ ചെന്നവസാനിക്കും എന്നുള്ളതാണ്. ഇത്തരം പാന്‍ഡമിക്കുകളുടെ മുന്‍ കാല ചരിത്രം പരിശോധിച്ചും കോവിഡ് 19 ന്റെ സവിശേഷ സ്വഭാവം പരിഗണിച്ചും ചില സാദ്ധ്യതകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
പ്രധാനമായി മൂന്ന് വഴികള്‍
ആദ്യ രണ്ടെണ്ണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വഴിയും മറ്റേത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെങ്കില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന അവസ്ഥയുമാണ്. ഈ വഴികള്‍ വിശദീകരിക്കുന്നതിനു മുന്‍പ് ഹേര്‍ഡ് ഇമ്യൂണിറ്റി എന്ന പ്രതിഭാസത്തെ മനസ്സിലാക്കുന്നത് നല്ലതാണ്.
ഹേര്‍ഡ് ഇമ്യൂണിറ്റി
ഒരു രോഗത്തിനെതിരെയുള്ള രോഗ പ്രതിരോധ ശക്തി ( ഇമ്മ്യുണിറ്റി) ഒരു സമൂഹത്തിലെ ഒരു നിശ്ചിത ശതമാനത്തില്‍ അധികം പേര്‍ നേടിയാല്‍ അതിന്റെ സംരക്ഷണം ആ സമൂഹത്തിലെ രോഗ പ്രതിരോധ ശക്തി നേടാത്തവര്‍ക്കും ലഭിക്കുന്ന പ്രതിഭാസത്തെയാണു ഹേര്‍ഡ് സംരക്ഷണം അഥവാ ഹേര്‍ഡ് ഇമ്യുണിറ്റി എന്ന് പറയുന്നത്. ഇമ്യൂണിറ്റിയുള്ളവര്‍ ചുറ്റുമുള്ളത് കൊണ്ട് നടുവിലുള്ള ഇമ്യൂണിറ്റിയില്ലാത്ത ആളിലേക്ക് രോഗ വ്യാപനം നടക്കുന്നില്ല.
അതാത് രോഗാണുവിന്റെ വ്യാപന ശേഷിക്കനുസരിച്ചാണു സമൂഹത്തില്‍ എത്ര ശതമാനം പേര്‍ക്ക് ഇമ്യുണിറ്റി ലഭിച്ചാലാണ് അത് ഹേര്‍ഡ് ഇമ്യുണിറ്റിയിലേക്ക് നയിക്കുക എന്ന് കണക്കാക്കുന്നത്. ഉദാഹരണത്തിനു ഒരു രോഗി 1015 പേര്‍ക്ക് രോഗ വ്യാപനം ചെയ്യുന്ന മീസല്‍സിനു ഹേര്‍ഡ് ഇമ്മ്യുണിറ്റി ലഭിക്കാന്‍ 9095 % പേര്‍ക്ക് ഇമ്യുണിറ്റി കിട്ടണം. പോളിയോവിനു ഇത് 8085% മതിയാകും. കോവിഡ് രോഗി ശരാശരി 2.5 ആളുകള്‍ക്ക് രോഗം കൊടുക്കുന്നു എന്നാണു കണക്ക്. അപ്പോള്‍ കോവിഡിനു ഹേര്‍ഡ് ഇമ്യുണിറ്റി കിട്ടാന്‍ 6065% ആളുകള്‍ക്ക് ഇമ്യുണിറ്റി കിട്ടിയാല്‍ മതി.
ദീര്‍ഘ കാലം നല്ല രോഗ പ്രതിരോധ ശക്തി (ഇമ്യുണിറ്റി) നല്‍കുന്ന വാക്‌സിന്‍ വികസിപ്പിക്കാന്‍ കഴിയുകയും അത് ലോകത്തിലെ വലിയ ഒരു ജന വിഭാഗത്തിനു കുറഞ്ഞ കാലം കൊണ്ട് കൊടുക്കാന്‍ സാധിക്കുകയും ചെയ്താല്‍ പാന്‍ഡമിക്ക് ഇല്ലാതെയാകും.
ഒരു സമൂഹത്തില്‍ 6065% ലധികം പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചാല്‍ തന്നെ ഹേര്‍ഡ് ഇമ്യുണിറ്റി എന്ന പ്രതിഭാസം കാരണം പാന്‍ഡമിക്ക് നിലക്കാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാകാന്‍ ഇനിയും 612 മാസം വരെ വേണ്ടി വരും എന്നാണു സൂചന.
ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗ വ്യാപനം തടയാനുള്ള പ്രത്യേക കണ്ടെയ്ന്മന്റ് പ്രവര്‍ത്തനങ്ങള്‍ വഴി പാന്‍ഡമിക്കിനെ ഇല്ലാതാക്കാന്‍ ചിലപ്പോള്‍ സാധിച്ചേക്കാം. 2003 ല്‍ സാര്‍സ്സ് അങ്ങിനെയാണു ഇല്ലാതെയായത്. കേരളവും ഇന്ത്യയും മറ്റ് ലോക രാജ്യങ്ങളുമെല്ലാം ഇതാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുനത്. ശാരീരിക അകലം പാലിക്കുക , മാസ്‌ക്ക് ധരിക്കുക , സോപ്പും ഹാന്റ്‌സാനിറ്റൈസര്‍ ഉപയോഗിക്കുക, അസുഖം വന്നവര്‍ക്ക് 14 ദിവസത്തെ ഐസൊലേഷന്‍ റെഡ് സോണില്‍ നിന്ന് വന്നവര്‍ക്ക് 14 ദിവസത്തെ ക്വാറെന്റൈന്‍ എന്നിവയെല്ലാം വ്യക്തിഗത കണ്ടേയ്ന്‍മന്റ് പ്രവര്‍ത്തനങ്ങളാണ്.
നിയമങ്ങള്‍ വഴി വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു എന്ന് ഉറപ്പാക്കല്‍ വ്യാപകവും വേഗത്തിലുമുള്ള ടെസ്റ്റിംഗ്, കോണ്ടാക്റ്റ് റ്റ്രേസിങ്ങ്, ഐസൊലേഷന്‍ ഉറപ്പാക്കല്‍ സമൂഹം മുഴുവന്‍ അടച്ചിടുന്ന രീതിയിലുള്ള ലോക്ക് ഡൗണ്‍ എന്നിവയെല്ലാം സാമുഹിക കണ്ടേയ്ന്‍മന്റ് പ്രവര്‍ത്തനങ്ങളാണ്. തെക്കന്‍ കൊറിയയും തായ്‌വാനും മറ്റും ഈ കണ്ടെയ്ന്‍മന്റ് വഴിയാണു പാന്‍ഡമിക്കിനു കടിഞ്ഞാണിട്ടത്. കാര്യമായ ലോക്ക് ഡൗണ്‍ ഇല്ലാതെ തന്നെ അവര്‍ക്ക് അത് സാധിച്ചു. ചൈന കണ്ടെയ്ന്‍മന്റും ശക്തമായ ലോക്ക് ഡൗണും കൂടി ചെയ്താണ് ഒരു വിധം പകര്‍ച്ച വ്യാധിയെ വരുതിയിലാക്കിയത്. കേരളവും ബോധവല്‍ക്കരണവും കൊണ്ടാക്റ്റ് റ്റ്രേസിംഗും ലോക്ക് ഡൗണും വഴിയാണു ഒരുവിധം ഇപ്പോള്‍ കോവിഡിനെ പിടിച്ച് കെട്ടിയിരിക്കുന്നത്.
പശ്ചിമ യൂറോപ്പും യു എസ് ഏ യിലെ കിഴക്കന്‍ തീര സംസ്ഥാനങ്ങളും കുറേ ഏറെ കാലം ഒന്നും ചെയ്തില്ല. പിന്നിട് കണ്ടെയ്ന്‍മന്റും ലോക്ക് ഡൗണും തുടങ്ങി. അപ്പോഴേക്കും ഏറെ വൈകി.
3. സ്വാഭാവിക അന്ത്യം
കാര്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാത്ത സാഹചര്യത്തില്‍ ഉണ്ടാകുന്നതാണ് ഇത്. രോഗബാധ വഴി ഒരു പ്രത്യേക ശതമാനത്തില്‍ അധികം ആളുകള്‍ക്ക് ഇമ്യൂണിറ്റി കിട്ടിയാല്‍ പാന്‍ഡമിക്ക് ഇല്ലാതെയാകും. ( ഹേര്‍ഡ് സംരക്ഷണം) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എന്‍ഡമിക്കായി കുറച്ചൊക്കെ രോഗ വ്യാപനം പിന്നെയും നടന്നു കൊണ്ടേയിരിക്കാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ മരണ നിരക്ക് കൂടുതലുള്ള രോഗമാണെങ്കില്‍, അല്ലെങ്കില്‍ മരണ നിരക്ക് കുറവാണെങ്കിലും വളരെ അധികം ആളുകളില്‍ വ്യാപിക്കാന്‍ കഴിവുള്ള കോവിഡ്19 പോലുള്ള പാന്‍ഡമിക്കാണെങ്കില്‍ , മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായിരിക്കും. സമൂഹത്തിനു തങ്ങാനാകാത്ത രീതിയിലുള്ള പ്രഹരമായിരിക്കും. 1918 ലെ ഇന്‍ഫ്‌ലുന്‍സ പാന്‍ഡമിക്ക് അങ്ങിനെയാണു അവസാനിച്ചത്. വാക്‌സിന്‍ ഇതുവരെ ഇല്ലാത്തത് കൊണ്ട് ഒന്നാമത്തെ വഴി നമുക്ക് ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ മൂന്നാമത്തെ വഴി പോലെ ഒന്നും ചെയ്യാതിരുന്നാല്‍ അതിവേഗ സമൂഹ രോഗവ്യാപനവും ലക്ഷ കണക്കിനു മരണങ്ങളും നമ്മളെ തളര്‍ത്തും. അപ്പോള്‍ നമുക്ക് പ്രധാനമായും ചെയ്യാനുള്ളത് രണ്ടാമത്തെ വഴിയിലൂടെ രോഗ വ്യാപനം തടയാനുള്ള പ്രത്യേക കണ്ടെയ്ന്മന്റ് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പാന്‍ഡമിക്കിനെ ഇല്ലാതാക്കാനുള്ള ശ്രമം മാത്രമാണ്.
എന്നാല്‍ പകുതിയോളം രോഗ ബാധിതര്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ രോഗ വ്യാപനം നടത്തുന്ന കോവിഡ് പാന്‍ഡമിക്കിനെ ഇല്ലാതാക്കാന്‍ കണ്ടെയ്ന്‍മന്റ് പ്രവര്‍ത്തനങ്ങള്‍ വഴി വളരെ ബുദ്ധിമുട്ടാണ്. നിയന്ത്രിക്കാനെ സാധിക്കു. തെക്കന്‍ കൊറിയയിലും ചൈനയിലും വീണ്ടും രോഗം പൊട്ടിപുറപ്പെടുന്ന വാര്‍ത്ത നാം കഴിഞ്ഞ ദിവസങ്ങളില്‍ വായിച്ചല്ലോ. സിംഗപ്പൂരിലും രണ്ടാം വേവ് ശക്തമാണ്.
ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുന്നതുവരെ രോഗാണുവിന്റെ വ്യാപനം സമൂഹത്തില്‍ നടന്നു കൊണ്ടേയിരിക്കാനാണ് സാദ്ധ്യത. കണ്ടെയ്ന്മന്റ് പ്രവര്‍ത്തനങ്ങളിലൂടെ ബന്ധപ്പെട്ടത് നിയന്ത്രിച്ച് നിര്‍ത്താമെങ്കിലും കുറച്ച് പേരെങ്കിലും രോഗാബാധിതരായിക്കൊണ്ടെയിരിക്കും. അപ്പോള്‍ കണ്ടെയ്ന്മന്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മരണ നിരക്ക് ഏറ്റവും കുറക്കുവാനും ശ്രമിക്കേണ്ടി വരും. കോവിഡിന്റെ ഒരു പ്രത്യേകത പ്രായമുള്ളവരിലും ഇതര രോഗങ്ങള്‍ ഉള്ളവരിലുമാണു കാര്യമായ മരണങ്ങള്‍ കാണുന്നത് എന്നാണ്. അവിടെയാണു റിവേഴ്‌സ് ക്വാറെന്റെനിന്റെ പ്രാധാന്യം. മരണ നിരക്ക് കൂടാന്‍ സാധ്യതയുള്ളവരില്‍ രോഗവ്യാപനം നടക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. കണ്ടെയ്ന്മന്റ് വഴി തടയാന്‍ സാധിക്കാത്ത രോഗ വ്യാപനം ആരോഗ്യമുള്ള ചെറുപ്പക്കാരില്‍ ഒതുക്കാന്‍ പറ്റിയാല്‍ മരണ നിരക്ക് വളരെ കുറക്കാനാകും. ഇതിനു ടെസ്റ്റ് ട്രേസ് ഏസൊലേഷന്‍ സംവിധാനം ശക്തമാകണം.
യൂറോപ്പിലും യു എസ് ഏ യിലും രോഗ വ്യാപനം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറഞ്ഞ് വരുന്നത് ഹേര്‍ഡ് ഇമ്യുണിറ്റി കാരണമാണോ ? ആകാന്‍ സാദ്ധ്യതയില്ല. 60% ആളുകള്‍ക്കൊന്നും അവിടെ കോവിഡ് വന്നിട്ടില്ല. എന്നാല്‍ രോഗം വന്ന് ഇമ്യൂണിറ്റി ലഭിച്ച അളുകളുടെ എണ്ണം ഒരു നഗരത്തില്‍ കൂടുമ്പോള്‍ രോഗ വ്യാപന തോത് ആ സ്ഥലത്ത് കുറയുന്നതായി കണ്ടിട്ടുണ്ട്. ഒപ്പം ലോക്ക് ഡൗണും മറ്റ് കണ്ടെയ്ന്‍മന്റ് പ്രവര്‍ത്തനങ്ങളും വേനല്‍ കാലത്തിന്റെ വരവും രോഗ വ്യാപനം കുറച്ചിട്ടുണ്ടാവാം. എന്നാല്‍ വരുന്ന ശീതകാലത്ത് രോഗം വീണ്ടും വര്‍ദ്ധിച്ച തോതില്‍ വ്യാപിക്കാനാണു സാദ്ധ്യത.
നമ്മുടെ നാട്ടില്‍ സമൂഹത്തെ പൂര്‍ണ്ണമായി അടച്ചിടുന്ന ലോക്ക് ഡൗണ്‍ പോലെയുള്ള നടപടികള്‍ അനന്തമായി നീട്ടിയത് കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. അങ്ങിനെ ചെയ്താല്‍ ദാരിദ്ര്യവും പട്ടിണിയും മറ്റ് രോഗങ്ങളും എല്ലം കൂടി കോവിഡിനേക്കാള്‍ നാശം വിതക്കും. രാജ്യം മുഴുവനുള്ള ലോക്ക് ഡൗണ്‍ ഒഴിവാക്കി വ്യക്തിഗതവും സാമുഹികവുമായ എല്ലാ കണ്ടെയ്ന്‍മന്റ് പ്രവര്‍ത്തനങ്ങളും നാം തുടരുക തന്നെ വേണം. ആവശ്യമെങ്കില്‍ ചില ഹോട്ട് സ്‌പോട്ടുകളില്‍ മാത്രം കുറച്ച് ദിവസത്തെക്ക് കഠിന നിയന്ത്രണങ്ങളാകാം.
കോവിഡ് 19 ന്റെ അവസാനം വാക്‌സിന്‍ വഴിയാകാനാണു സാദ്ധ്യത. 2021 പകുതിയാകുമ്പോഴേക്കും അത് സംഭവിക്കാം. ഇതു വരെ സാര്‍സ്സ് കോവ് 2 വൈറസ്സില്‍ അതിന്റെ സ്വഭാവം മാറ്റുന്ന ജനിതക മാറ്റങ്ങള്‍ ( മ്യുട്ടേഷന്‍സ് ) വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്ല, അതിനു സമയം കൂടുതല്‍ ഏടുക്കും. എന്നാല്‍ വാക്‌സിന്‍ വികസനം വളരെ വൈകിയാല്‍ മ്യൂട്ടെഷനുകള്‍ അതിന്റെ ഫലപ്രാപ്തി കുറക്കാം.
അതിനു മുന്‍പ് തന്നെ ചില പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മന്റ് വഴി രോഗവ്യാപനം ഇല്ലാതാക്കാന്‍ കുറച്ച് കാലത്തേക്ക് സാധിച്ചു എന്ന് വരാം. അത് പോലെ മെച്ചപ്പെട്ട ചികില്‍സ രീതികള്‍ കൊണ്ടും റിവേഴ്‌സ് കാറെന്റൈന്‍ കൊണ്ടും മരണ നിരക്ക് കുറക്കാന്‍ സാധിച്ചേക്കാം. മ്യൂട്ടേഷന്‍ വഴി രോഗാണുവിന്റെ വീര്യം കുറഞ്ഞാല്‍ മരണ നിരക്ക് കുറയാം. കാലവസ്ഥ വ്യതിയാനങ്ങള്‍ കാരണം ഈ വരും മാസങ്ങളില്‍ രോഗവ്യാപനത്തില്‍ കാര്യമായ ഏറ്റകുറച്ചിലുകളും പ്രതീക്ഷിക്കാം.
രാജ്യം മുഴുവനുള്ള ലോക്ക് ഡൗണ്‍ ഒഴിവാക്കി വ്യക്തിഗതവും സാമുഹികവുമായ എല്ലാ കണ്ടെയ്ന്‍മന്റ് പ്രവര്‍ത്തനങ്ങളും തുടരുക തന്നെ വേണം. ആവശ്യമെങ്കില്‍ ചില ഹോട്ട് സ്‌പോട്ടുകളില്‍ മാത്രം കുറച്ച് ദിവസത്തെക്ക് കഠിന നിയന്ത്രണങ്ങളാകാം. എന്നാല്‍ മറ്റ് അസുഖങ്ങള്‍ കൊണ്ടുള്ള മരണങ്ങളും രോഗാതുരതയും വര്‍ദ്ധിക്കാതിരിക്കാനും നാം പ്രത്യേകം ശ്രദ്ധിക്കണം. വാക്‌സിന്‍ വരുന്ന വരെ കണ്ടെയ്ന്‍മന്റ്,ടെസ്റ്റ് ട്രെസ് ഐസൊലെറ്റ്, റിവേഴ്‌സ് ക്വാറെന്റീന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്താല്‍ മാത്രമേ കോവിഡ്19 ല്‍ നിന്ന് വലിയ പരിക്കുകളില്ലാതെ നമുക്ക് രക്ഷപ്പെടാന്‍ സാധിക്കു.