ദില്ലി : 2015, ആഗസ്റ്റ് 15
ചെംകോട്ട മൈതാനിയിലെ സ്വാതന്ത്രത്തിന്റെ അറുപത്തിയൊന്‍പതാം വാര്‍ഷികാഘോഷവേള. നൂറ്റി ഇരുപത്തിയഞ്ചു കോടി ഇന്ത്യന്‍ ജനതയെ അഭിവാദനം ചെയ്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി രണ്ടായിരത്തി ഇരുപത്തിരണ്ടോടെ സഫലീകൃതമാകുന്ന വികസിത ഇന്ത്യയെന്ന സ്വപ്നത്തെക്കുറിച്ചും സ്വാതന്ത്രത്തിന്റെ മഹത്വത്തെക്കുറിച്ചും വാചാലനാകുന്നു.
പൂനെ ഫിലിം ഇന്‍സ്സ്റ്റിട്ട്യൂട്ട് സ്റ്റുഡന്റ് ഹോസ്റ്റല്‍ : ആഗസ്റ്റ് 18 : അര്‍ദ്ധരാത്രി
മണിക്കൂറുകള്‍ക്കിപ്പുറം പൂനെ ഫിലിം ആന്റ് ട്ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയുടെ (F.T.I.I) ഹോസ്റ്റല്‍ ഇടനാഴികളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ബൂട്ടുകളുടെ ഒച്ച .. മുറികള്‍ വളഞ്ഞ് പതിനഞ്ചിലധികം വരുന്ന വിദ്യാര്‍ത്ഥികളെ ക്രിമിനലുകളെപ്പോലെ അറസ്റ്റു ചെയ്ത് സൈറണ്‍ മുഴക്കിപ്പാഞ്ഞു പോകും ഇടിവണ്ടികള്‍. ..
' നല്ല ദിനങ്ങളെ'ക്കുറിച്ചുള്ള മനംകുളിര്‍ക്കുന്ന പ്രഖ്യാപനങ്ങളുടേയും അനുബന്ധളുടേയും 'രസങ്ങള്‍ക്കിടയിലും' ഇതരമേഖലകളെന്നപോലെ രാജ്യത്തിന്റെ സാംസ്ക്കാരിക ലോകവും അപ്രഖ്യാപിതമായൊരു ഭരണകൂടപ്രയോജിത ഫാസിസത്തിനെതിരായ പോരാട്ടങ്ങളിലാണ്. സാമൂഹ്യമാറ്റങ്ങള്‍ സാധ്യമാക്കുന്ന ഏറ്റവും ശക്തിമത്തും ചലനാത്മകവുമായ മാധ്യമമെന്ന നിലയില്‍ സിനിമയ്ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സുപ്രധാനമായ പങ്കാണുള്ളത്. നൂറു ദശകങ്ങള്‍ പിന്നിടുന്ന ഇന്ത്യന്‍ സിനിമ അടയാളപ്പെടുത്തുന്നതും നാടിന്റെ പുകള്‍പെറ്റ ബഹുസ്വരതയല്ലാതെ മറ്റൊന്നാകുന്നില്ല. സവിശേഷമായ ഇന്ത്യന്‍ സാമൂഹിക ക്രമത്തെ മതാധിഷ്ഠിത ദേശീയതയാക്കി പരിവര്‍ത്തനപ്പെടുത്തുന്നത്തിന്റെ ഭാഗമായി സാംസ്ക്കാരിക മേഖലയില്‍ ത്വരിതവേഗയില്‍ കേന്ദ്ര സര്‍ക്കാര്‍ കാവിവത്ക്കരണം നടപ്പിലാക്കുകയാണ്.
വിഖ്യാതമായ പൂനയിലെ ഫിലിം ആന്റ് റ്റെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യ പരിപൂര്‍ണ്ണമായും സംഘ് പരിവാര്‍ നിയന്ത്രണത്തിലേയ്ക്ക് എത്തിച്ചു കഴിഞ്ഞു. സംസ്ക്കാരത്തിന്റെ അടിസ്ഥാന ശിലകളെന്ന നിലയില്‍ കലയും സാഹിത്യവും ,സിനിമയുമെല്ലാം കാലാകാലങ്ങളില്‍ സംഘടിത മതങ്ങളുടേയും ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളുടേയും അധിനിവേശങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
ചരിത്രപരമായ പ്രാധാന്യം
ലോക പ്രസിദ്ധ സാംസ്ക്കാരിക അക്കാദമിക കേന്ദ്രം എന്ന നിലയിലും ചലച്ചിത്രത്തെ ഗൗരവപൂര്‍വ്വം പഠന വിധേയമാക്കുകയും സംവേദനത്തിന്റെ പ്രഥമ മാധ്യമമെന്ന നിലയില്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പ്രതിഭാധനയൗവ്വനത്തിന്റെ സുപ്പ്രധാന വൈജ്ഞാനിക കേന്ദ്രമെന്ന നിലയില്‍ പൂനെ ഫിലിം ആന്റ് റ്റെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ചരിത്രപരമായ പ്രാധാന്യമാണുള്ളത്.
1960 ല്‍ മുന്‍ പ്രഭാത് സ്റ്റുഡിയോ പരിസരത്ത് സ്ഥാപിതമായ എഫ് .ടി.ഐ.ഐ സമ്പന്നമായ ഇന്ത്യന്‍ സിനിമാ പൈതൃകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്‍സ്റ്റിട്ട്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ചലച്ചിത്രങ്ങള്‍ക്ക് ദേശീയ/ സാര്‍വ്വദേശീയ ചലച്ചിത്രോത്സവങ്ങളില്‍ ഒട്ടനവധിയായ അംഗീകാരങ്ങളാണ് ലഭ്യമാകുന്നത്.സിനിമ / കല / സാഹിത്യം / സംസ്ക്കാരം തുടങ്ങിയ മേഖലകളില്‍ സ്തുതര്‍ഹ്യമായ സംഭാവനകള്‍ നല്‍കിയ അന്‍വര്‍ ജമാല്‍ കിദ്വായ്, എസ് . എം. എച്ച് ബുര്‍ണെ, ആര്‍. കെ. ലക്ഷ്മണ്‍, ശ്യാം ബെനഗല്‍, മൃണാള്‍ സെന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മഹേഷ് ഭട്ട് , ഗിരീഷ് കര്‍ണാട്, വിനോദ് ഖന്ന, യൂ ആര്‍. അനന്തമൂര്‍ത്തി, സയ്ദ് അക്തര്‍ മിര്‍സ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാസമ്പന്നമായ എഫ് .ടി.ഐ.ഐ യുടെ പുതിയ ഡയറക്ടറായി ടീവി സീരിയലിലെ യുധിഷ്ഠിരവേഷം കൈകാര്യം ചെയ്ത പരിചയം മാത്രമുള്ള യോഗീന്ദ്ര ചൗഹാനെ ആര്‍.എസ്.എസ്സ് പ്രവര്‍ത്തകനെന്ന മാനദണ്ഡം മാത്രം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരിയ്ക്കുകയാണ്.
സ്റ്റീം റോളര്‍
ഉജ്വലമായ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ വിനിമയ കേന്ദ്രമെന്ന നിലയിലെ എഫ് .ടി.ഐ.ഐയ്യുടെ അസ്തിത്വത്തെ തകര്‍ത്ത് സിനിമാ / ടെലിവിഷന്‍ രംഗത്ത് കാവിവത്ക്കരണത്തിലൂടെ സാംസ്ക്കാരിക ഫാസിസം നടപ്പിലാക്കാമെന്ന ഗൂഡലക്ഷ്യമാണ് നിയമനത്തിനു പിന്നിലുള്ളത്. നിയതമായ യോഗ്യതകളൊന്നുമില്ലാത്ത ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരെ എഫ് .ടി.ഐ.ഐ വിദ്യാര്‍ത്തികള്‍ സംഘടിപ്പിച്ചു വരുന്ന വിഭിന്ന സമരങ്ങള്‍ രണ്ടുമാസത്തിലധികമായ് തുടരുന്ന സാംസ്ക്കാരിക രാഷ്ട്രീയ സാഹചര്യത്തിലാണ് കാവി ഭരണകൂടം പ്രതിഷേധങ്ങള്‍ക്കുമേല്‍ സ്റ്റീം റോളര്‍ പ്രയോഗം ആരംഭിയ്ക്കുന്നത്.
വനിതാ പോലീസ് ഒഫീസര്‍മാര്‍ / പുരുഷ - വനിതാ ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ , ഡയറക്ര്‍ എന്നിവരുടെ അസാന്നിധ്യത്തില്‍ Deccan Gymkhana പോലീസ്, അര്‍ദ്ധരാത്രി ഹോസ്റ്റല്‍ വളഞ്ഞ് നടത്തിയ അറസ്റ്റോടെ നിയമത്തിന്റെ സകല സീമകളും ലംഘിക്കപ്പെട്ടിരിയ്ക്കുന്നു. രാഷ്ട്രീയ അടിയന്തിരാവസ്ഥയേക്കാള്‍ ഭീകരവും ഭീതിതവുമായ ആര്‍. എസ്.എസ് പ്രയോജിത ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഗജേന്ദ്ര ചൌഹാന്‍ അധികാരത്തിന്റെ കാവിപ്പട്ടില്‍ അമര്‍ന്നിരിപ്പ് തുടരുന്നു.
ഉചിതമായ മാതൃകകളിലൂടെ രാജ്യത്തെ ചലച്ചിത്ര - ടെലിവിഷന്‍ മേഖലകളില്‍ പാഠ്യപദ്ധതികള്‍ രൂപപ്പെടുത്തുകയും ബന്ധപ്പെട്ടവയുടെ നിലവാരം ബിരുദ / ബിരുദാനന്തര കോഴ്സുകളിലൂടെ ഉറപ്പിയ്ക്കുക, ഇന്ത്യന്‍ സിനിമയുടേയും ടെലിവിഷന്‍ പരിപാടികളുടേയും സാങ്കേതിക മികവ് ഉയര്‍ത്തുകയും കലാസൌന്ദര്യം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുക, പരിശീലനം ലഭിച്ചവരിലൂടെ നിരന്തരമെന്നോണം പ്രസ്തുത മേഖലകളില്‍ പുതിയ ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും ഉറപ്പു വരുത്തുക തുടങ്ങി ദൃശ്യ-ശ്രവ്യ മേഖലകളെ പൊതുസമൂഹത്തിനനുഗുണമാംവിധം വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കൃതമായ എഫ്.ടി.ഐ.ഐയെ മതമൗലികവാദികളില്‍ നിന്നും മോചിപ്പിയ്ക്കേണ്ടത് ഭരണഘടനയുടെ അന്തസ്സത്ത കാത്തു രക്ഷിയ്ക്കുന്നതിനും സമാധാനപൂര്‍ണ്ണമായ സാമൂഹികക്രമത്തിനും അത്യന്താപേക്ഷിതമാകുന്നു. അതുകൊണ്ടു തന്നെ സമാന ദിശയിലുള്ള എല്ലാവിധ പോരാട്ടങ്ങളേയും അക്ഷരം മാസികയും സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറര്‍ സ്റ്റഡീസും ഉപാധിരഹിതമായി പിന്തുണയ്ക്കുന്നു.
പദ്ധതികള്‍ ; ആലോചനകള്‍
ഹിന്ദുരാഷ്ട്രവാദമുയര്‍ത്തി 1925 സെപ്തംബര്‍ 27 ന് കേശവ ബല്‍റാം ഹെഗ്ഡേവാര്‍ നാഗ്പ്പൂരില്‍ സ്ഥാപിച്ച ആര്‍ . എസ് എസിന്റെ (രാഷ്ട്രീയ സ്വയം സേവക് സംഘ്) ഏറ്റവും ഉയര്‍ന്നനയരൂപീകരണ സമിതിയാണ് എ.പി.ബി.എസ് (അഖില ഭാരതീയ പ്രതിനിധി സഭ) . 2015 മാര്‍ച്ച് 13 നു ചേര്‍ന്ന സമിതിയുടെ വാര്‍ഷിക യോഗറിപ്പോര്‍ട്ട് , തങ്ങളുടെ രാഷ്ട്രീയ രൂപമായ ബി.ജെ.പിയേയും (ഭാരതീയ ജനതാ പാര്‍ട്ടി) പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോദിയേയും മുക്തകണ്ഠം പ്രശംസിയ്ക്കുന്നു.
രാഷ്ട്രീയ രംഗത്തെ ദേശീയ വീക്ഷണത്തിന്റെ ഫലങ്ങളെസംബന്ധിച്ച് കൂലംകഷമായി വിശകലനം ചെയ്യുന്ന ഉള്ളടക്കം ഹിന്ദു രാഷ്ട്രം സ്ഥാപിയ്ക്കുന്നതിനുള്ള ആശയപരവും പ്രായോഗികവുമായ തന്ത്രങ്ങള്‍ ആരായുകയും അവതരിപ്പിയ്ക്കുകയും ചെയ്യുന്നു.
ആര്‍. എസ്. എസ് രൂപരേഖ
" 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ ഭാരതം രാഷ്ട്രീയ പക്വത കാട്ടിയിയ്ക്കുകയാണ്. ഭാരതീയ ചിന്തയും ആശയസംഹിതകളും പിന്‍തുടരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെഅധികാരത്തിലെത്തിച്ചിരിയ്ക്കുന്നു. ഭാരതീയ തത്വശാസ്ത്രത്തിനനുസൃതമായ നിലയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനാകുന്ന ഒരു സംഘം ദീര്‍ഘനാളുകള്‍ക്കുശേഷം കേന്ദ്രത്തില്‍അധികാരത്തിലെത്തിയിരിയ്ക്കുകയാണ്. അതുകൊണ്ടു തന്നെ നയരൂപകര്‍, ചിന്തകര്‍, വിദഗ്ധര്‍, തുടങ്ങിയവരുടെ സമതുലിതമായ ചിന്തയുടേയും ആലോചനകളുടേയും ഭാഗമായിസമയബന്ധിതമായ പദ്ധതികള്‍ ആവിഷ്ക്കരിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുമെന്ന് സ്വാഭാവികമായും പ്രതീക്ഷിയ്ക്കപ്പെടുന്നു. വികസനത്തെ മഹത്തായ ഭാരതീയചിന്തകരുടേയും ജ്ഞാനികളുടേയും നിര്‍വ്വചനങ്ങള്‍ക്കനുസൃതമായി വികസിപ്പിയ്ക്കുകയും ഭാരതീയ ജീവിതശൈലിയും മൂല്യവും അതിനനുസൃതമാക്കുകയും ചെയ്യേണ്ടതുണ്ട്.സാംസ്കാരിക മേഖലയ്ക്ക് തികഞ്ഞ പ്രാധാന്യമാണ് ആ നിലയില്‍ നല്‍കേണ്ടത്.
ഭാരതീയ തത്വശാസ്ത്രം, ആചാരങ്ങള്‍, സദാചാരമൂല്യങ്ങള്‍ , സമ്പന്നമായ സംസ്ക്കാരം തുടങ്ങിയവയെല്ലാംലോകത്തെ തന്നെ നിയന്ത്രിയ്ക്കുകയും നയിയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ സമുന്നതമായ ഭാരതീയ സവിശേഷതകളിലൂടെയാണ് സര്‍ക്കാര്‍ ലോകത്തിനു മുന്നില്‍പ്രതിനിധാനം ചെയ്യപ്പെടേണ്ടത്. രാജ്യമാസകലം സംഘകാര്യങ്ങളിലും ഹിന്ദുത്വ ചിന്തകളിലും വിശ്വാസം വര്‍ദ്ധിച്ചു വരികയാണ്. അതുകൊണ്ടു തന്നെ പ്രവര്‍ത്തനങ്ങള്‍വിപുലീകരിയ്ക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. എല്ലാം ജാഗ്രതയോടെ ആസൂത്രണം ചെയ്യപ്പെടുകയാണെങ്കില്‍ അതിവിദൂരമല്ലാതെ മികച്ച ഫലങ്ങളുണ്ടാക്കാനാകും.സമൂഹത്തിന്റെ സമസ്തമേഖലകളിലും ഹിന്ദുരാഷ്ട്ര സങ്കല്‍പ്പം നടപ്പിലാക്കി ക്രിയാത്മകശക്തിയായി ലോകത്തിനു മുന്നില്‍ മാറാം."
പ്രതിവേദന്‍ (Prativedan )
അഖിലഭാരതീയ പ്രതിനിധി സഭ
13 മാര്‍ച്ച് 2015
(സംക്ഷിപ്തം)
ബഹുസ്വരതയ്ക്കുമേല്‍ ചായുന്ന കാവിമരം
ഇന്ത്യയെന്നാല്‍ ഹിന്ദുമതമെന്നും ഇന്ത്യക്കാരെന്നാല്‍ ഹിന്ദുക്കളെന്നും / ഹിന്ദുക്കളാകണമെന്നവിധവുമുള്ള അത്യന്തം അപകടകരമായ സാംസ്ക്കാരിക തീവ്ര ദേശീയ വാദമുയര്‍ത്തുന്ന ആര്‍. എസ്. എസ് , രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും ജനാധിപത്യ / മതേതരത്വ / സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കും ഭീഷണിയുയര്‍ത്താനാരംഭിച്ച് ദശകങ്ങള്‍ക്കിപ്പുറം രാജ്യം സ്വാതന്ത്രത്തിന്റെ 69 വത്സരങ്ങളിലൂടെ കടന്നുപോകുകയാണ്.
ഭരണഘടന അനുശാസിയ്ക്കും വിധം ചിന്തയ്ക്കും - ആവിഷ്ക്കാരത്തിനും - വിശ്വാസത്തിനും - മതത്തിനും - ആരാധനയ്ക്കുമുള്ള സ്വാതന്ത്രം പരിരക്ഷിച്ച് പൌരന്റെ മൌലികാവകാശങ്ങള്‍ ഉറപ്പാക്കേണ്ട ഭരണകൂടം സെക്കുലര്‍ മൂല്യങ്ങളെയപ്പാടെ ഉന്മൂലനം ചെയ്ത് ഹിന്ദുരാഷ്ട്രനിര്‍മ്മിതിയുടെ പറ്റില്‍ ചങ്ങാത്ത മുതലാളിത്തത്തിന് രാജ്യത്തിന്റെ സമസ്ത മേഖലകളേയും ഉപാധിരഹിതമായി തുറന്നു കൊടുക്കുന്നതിനോടൊപ്പം ഹിന്ദുരാഷ്ട്ര സൃഷ്ടിക്കായി ഇതര മതവിഭാഗങ്ങളുടെമനുഷ്യാവകാശങ്ങളെ കാറ്റില്‍പറത്തി രാജ്യത്ത് വര്‍ഗ്ഗീയത പരിപോഷിപ്പിയ്ക്കുന്നത്തിനുള്ള ആസൂത്രിതമായ പരിശ്രമങ്ങള്‍ സംഘ് പരിവാറിന്റെ കാര്‍മ്മികത്വത്തില്‍ ശക്തമാകുകയാണ്.
വിദ്യാഭ്യാസത്തെ വര്‍ഗ്ഗീയവത്ക്കരിയ്ക്കുന്നതെങ്ങനെ
ആര്‍ എസ് എസ്സ്ന്റെ രണ്ടാം സര്‍സംഘ് ചാലക്ക് മാധവ് സദാശിവ് ഗോള്‍വള്‍ക്കര്‍ ഹിന്ദു രാഷ്ട്രം സ്ഥാപിതമാക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയ സംഘ് പരിവാര്‍ 'ബൈബിള്‍', വിചാരധാരക്കനുസൃതമായി (Bunch of Thoughts) രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഉത്തമോദാഹരണങ്ങളിലൊന്നാണ് 2015 മാര്‍ച്ച് 13 നു ചേര്‍ന്ന എ.പി.ബി.എസ് വാര്‍ഷികയോഗറിപ്പോര്‍ട്ട് . ആര്‍.എസ് . എസ് നിരവധിയായ പരിവാര്‍ സംഘടനകളുടെ കൂട്ടായ്മയാണ്. തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ ആധിപത്യംനിലനിര്‍ത്തുന്നതിന് ആശയരംഗത്ത് മേല്‍ക്കോയ്മ ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസം , ചരിത്രം, കല, സാഹിത്യം, സിനിമ, സംസ്ക്കാരം, ബൌദ്ധികമണ്ഡലങ്ങള്‍, പുരാവസ്തു ഗവേഷണം,ആരോഗ്യരംഗം, മാധ്യമം തുടങ്ങി ഭിന്ന മേഖലകളെ സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുന്നു.
സംഘതാത്പ്പര്യാനുസരണം ജില്ലാ തലങ്ങളില്‍ തന്നെ ചരിത്രരചനയ്ക്കായുള്ള പ്രത്യേകസമിതികള്‍ , വിദ്യാലയങ്ങള്‍, പ്രസിദ്ധീകരണശാലകള്‍ (പ്രിന്റ് / ഓണ്‍ ലൈന്‍), ക്ഷേത്ര പുനുരുദ്ധാരണ സമിതികള്‍, സാഹിത്യ പദങ്ങള്‍ തുടങ്ങിയവയെല്ലാം ഭിന്ന പേരുകളില്‍ സജീവമായ്ഇടപെടുന്നു. വിദ്യാഭ്യാസമേഖലയെ നന്നായി ഉപയോഗിച്ചു കൊണ്ട് പരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ 1942 മുതല്‍ തന്നെ ആരംഭിച്ചിരുന്നതായി കാണാം. സരസ്വതി ശിശുമന്ദിര്‍/ ജ്ഞാനഭാരതി തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലകള്‍ ലക്‌ഷ്യം വെയ്ക്കുന്നത് തികഞ്ഞ മതവെറിയന്മാരായ തലമുറയെവാര്‍ത്തെടുക്കുകയും ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയ്ക്കായി അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നുമല്ല.
ഇവയ്ക്കാകെ നേത്രുത്വം നല്‍കുന്ന അഖിലേന്ത്യാസംവിധാനമാണ് വിദ്യാഭാരതി ശിക്ഷാ സംസ്ഥാന്‍. വിദ്യാഭ്യാസത്തിന്റെ ഭാരത / ദേശീയ / ആത്മീയവത്ക്കരണം മുഖ്യ അജണ്ടയായ ശിക്ഷാ സംസ്ഥാന്‍ സംസ്കൃത ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതിനും വേദോപനിഷത്തുകളുടെ പഠനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുക തുടങ്ങിയ അജണ്ടകളുമായി പ്രവര്‍ത്തിയ്ക്കുന്നു.
ശാസ്ത്രമെന്നാല്‍ അന്ധവിശ്വാസങ്ങളിലേയ്ക്കുള്ള പിന്‍നടപ്പല്ല!
മിത്തുകളേയും മനോകല്‍പ്പനകളേയും ശാസ്ത്രീയമെന്നോണം അവതരിപ്പിച്ച് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജനപ്രിയവും ജനകീയവുമാക്കുന്നതിനള്ള വിവിധതരം നാടകങ്ങളാണ്രാജ്യത്തിന്റെ പൊതു സമ്പത്ത് കൊള്ളയടിച്ച് സംഘ് പരിവാര്‍ സംഘടിപ്പിച്ചു കൊണ്ടിരിയ്ക്കുന്നത്.
102 ആമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ (Indian Science Congress ) കാലിന ക്യാമ്പസ്സില്‍ നടന്ന (മുംബൈ) വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിയ്ക്കപ്പെട്ട പ്രബന്ധങ്ങളില്‍ പലതും സാമാന്യയുക്തിയെ തന്നെ ചോദ്യം ചെയ്യുന്നവയായിരുന്നുവെന്ന് ശാസ്ത്രലോകവും മാധ്യമങ്ങളും പക്ഷരഹിതമായി വിലയിരുത്തുന്നു. ശാസ്ത്ര സാങ്കേതികത ; മാനവിക മുന്നേട്ടറ്റത്തിന് എന്ന വിഷയത്തെ അധികരിച്ച സെമിനാര്‍ പരമ്പരകളില്‍ ബി.സി 7000 ല്‍ വിമാനങ്ങള്‍ നിര്‍മ്മിയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു എന്നും വായുവില്‍ സഞ്ചരിയ്ക്കുന്ന വാഹനം എന്ന് വിമാനത്തെ നിര്‍വ്വചിയ്ക്കുകയും ഗ്രഹാന്തരയാത്രയ്ക്കടക്കം അവ പ്രയോജനപ്പെടുത്തിയിരുന്നു എന്ന നിലയിലെ ക്യാപ്റ്റന്‍.
ആനന്ദബോദാസിന്റെ പ്രബന്ധം, പുല്ലും വൈയ്ക്കോലും തിന്ന് സ്വര്‍ണ്ണം ഉത്പ്പാദിപ്പിയ്ക്കുന്ന പശുക്കള്‍ അന്ന് ജീവിച്ചിരുന്നു എന്ന നിലയിലുള്ള പ്രബന്ധം അടക്കം ശാസ്ത്രതത്വങ്ങളെ പരിപൂര്‍ണ്ണമായും നിരാകരിയ്ക്കുന്നതും കൂട്ടായ പ്രയത്നങ്ങളിലൂടെ ലോക മാനവികത ഇതപര്യന്തം ആര്‍ജ്ജിച്ചെടുത്ത വിജ്ഞാനത്തെ അപ്പാടെ നിരാകരിയ്ക്കുകയും നിസാരവത്ക്കരിയ്ക്കുകയും ചെയ്യുന്നവയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടകളായ സ്വച്ച് ഭാരത് അഭിയാന്‍ / മേക്ക് ഇന്ത്യാ കാംപെയ്ന്‍ തുടങ്ങിയവയെ ചര്‍ച്ചകളുടേയും പ്രഭാഷണങ്ങളുടേയും രൂപത്തില്‍ അവതരിപ്പിയ്ക്കുക കൂടി ചെയ്തതോടെ ശാസ്ത്ര കോണ്‍ഗ്രസ്സ് കാവിരാഷ്ട്രീയം പരിപോഷിപ്പിയ്ക്കുന്നതിനുള്ള മറ്റൊരു വിചാരകേന്ദ്രം മാത്രമായി ചുരുങ്ങുകയായിരുന്നു.
ചരിത്രത്തെ ബലാല്‍ക്കാരം ചെയ്യും വിധം
വിദ്യാഭ്യാസമേഖലയിലേതെന്നപോലെ ചരിത്രത്തേയും അടിമുടി ഹൈന്ദവവത്ക്കരിക്കുന്നതിനുള്ള നിഗൂഡപദ്ധതികള്‍ ആര്‍ . എസ് . എസ്സിന്റെ സുപ്രധാന പരിപാടികളിലൊന്നാണ്. വൈദേശികര്‍ക്കെതിരായ ഹിന്ദുക്കളുടെ ഉപരോധമാണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രമെന്ന് വ്യാഖ്യാനിച്ച് ഇന്നലകളെ കെട്ടുകഥകള്‍/ കിംവതന്തികള്‍/ തുടങ്ങിയവയുടെ തടങ്കലിലാക്കുന്ന ഹിംസാത്മകവും നഗ്നവുമായ ബലാല്‍ക്കാരമാണ് 'ചരിത്ര രേഖകള്‍' എന്ന പേരില്‍ സാധ്യമാമിടങ്ങളിലെല്ലാം കുത്തിനിറയ്ക്കുന്നത്. സംസ്ക്കാരത്തിന്റെ ആധാരശിലകളിലൊന്നായ ചരിത്രത്തെ ഹിപ്പ്നോട്ടൈസ് ചെയ്ത് രാഷ്ട്രീയ ലാഭമുണ്ടാക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പ്പായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍ ആര്‍. എസ്. എസ്സുകാരായ ചരിത്രകാരന്മാരാല്‍കേന്ദ്ര സര്‍ക്കാര്‍ പുനസംഘടിപ്പിച്ചു കഴിഞ്ഞു.
യുക്തിപൂര്‍വ്വക ശാസ്ത്രീയ ചരിത്രരചനയും ചരിത്രത്തിന്റെ വ്യാഖ്യാനം, ചരിത്രകാരന്മാര്‍ക്ക് ആശയ സംവാദനത്തിനുള്ള പൊതുവേദി, വേണ്ടത്ര ശ്രദ്ധ കിട്ടാത്ത മേഖലകളില്‍ ചരിത്രഗവേഷണം പ്രോത്സാഹിപ്പിയ്ക്കുകയും ത്വരിതപ്പെടുത്തുകയും , സംയോജിപ്പിക്കുകയും ചെയ്യുക, ഗവേഷണം സമതുലിതമായി എല്ലാ മേഖകളിലും എത്തുന്നു എന്നുറപ്പുവരുത്തുക, ചരിത്രഗവേഷണത്തിന് ആവശ്യമായ അംഗീകാരം ഉറപ്പു വരുത്തുകയും ഗവേഷണ ഫലം പ്രചരിപ്പിയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെസ്വയംഭരണാധികാരങ്ങളുള്ള കൌണ്‍സിലിനെ കാവിവത്ക്കരിച്ചതോടെ ബഹുസ്വരതയുടേതായിരുന്ന നാടിന്റെ യഥാര്‍ത്ഥചരിത്രം വിഷലിപ്തമായ കാവി മൗലികവാദത്തിന്റെപ്രഭവകേന്ദ്രമാകുമെന്നതില്‍ സംശയമില്ല. ചരിത്രത്തെ കാവിവത്ക്കരിയ്ക്കുന്നത്തിനുള്ള നീക്കങ്ങളുടെ ആദ്യപടിയെന്ന നിലയില്‍ ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ റൊമിലാ ഥാപ്പര്‍,ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ള 21 ചരിത്രകാരന്മാരെ ഐ സി എച്ച് ആര്‍ പ്രസിദ്ധീകരണങ്ങളുടെ ഉപദേശകസമിതിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. കേരളത്തിലെ ആര്‍. എസ്.എസ്സ് ബുദ്ധിജീവി - സാംസ്ക്കാരികകൂട്ടായ്മയായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരെയടക്കം പ്രസ്തുത സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .ഇവരുള്‍പ്പടെ 16 ആര്‍. എസ്സ്. എസ്സ് ചരിത്രകാരന്മാരെയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
ചരിത്രത്തിന്റെ ഹൈന്ദവവത്ക്കരണം ലക്ഷ്യമാക്കിപ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ സംഘടനയായ അഖില്‍ ഭാരതീയ് ഇതിഹാസ് സങ്കലന്‍ യോജനയുടെ ( എ.ബി.ഐ.എസ്.വൈ) നേതാക്കന്മാമാരാണ് ഇവരിലധികവും. കാവിവത്ക്കരണനീക്കങ്ങളില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ ചരിത്രകാരനും ഐ.സി. എച്ച്. ആര്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രൊഫസര്‍.ഗോപിനാഥ്രവീന്ദ്രന്‍ , ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യൂ ചീഫ് എഡിറ്റര്‍ സഭ്യസച്ചി ഭട്ടാചാര്യ തുടങ്ങിയവര്‍ രാജി വെച്ചിട്ടുണ്ട്. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സിലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നും വ്യതിചലിച്ച് ഭൂതകാലത്തില്‍ ഹിന്ദുക്കള്‍ക്കുള്ള സ്ഥാനം മഹത്വവത്ക്കരിക്കുന്നതിനുള്ള മനപ്പൂര്‍വ്വമായ ശ്രമങ്ങളുടെ ആകെത്തുകയാക്കി ഗവേഷണപ്രവര്‍ത്തനങ്ങള്‍മാറപ്പെടുന്നതോടെ ചരിത്രം സമ്പൂര്‍ണ്ണമായി ഹൈന്ദവവത്കൃതമാകുന്നു.
അവര്‍ പ്രസിദ്ധീകരണളുടെ നിയന്ത്രണം പിടിയ്ക്കുമ്പോള്‍
കേന്ദ്ര ഗവണ്‍മെന്റ് അപ്പെക്ക്സ് സ്ഥാപനമായ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ, രാജ്യത്തെ ഏറ്റവും പ്രമുഖവും മികച്ച വിതരണ ശൃംഖലകളാല്‍ ആസൂത്രിതവുമായ പ്രസിദ്ധീകരണശാലയാണ്. ഉന്നത വിദ്യാഭ്യാസ മാനവവിഭവശേഷി വകുപ്പ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന ബുക്ക് ട്രസ്റ്റിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കി ബന്ധപ്പെട്ടസംവിധാനത്തിലൂടെ കാവിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിനുള്ള കുത്സിതനീക്കങ്ങളുടെ ആദ്യപടിയാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പ്രമുഖ നോവലിസ്റ്റുംമലയാളിയുമായ സേതുവിനെ ഒഴിവാക്കി പ്രസ്തുത സ്ഥാനത്ത് ആര്‍. എസ്. എസ് മുഖപ്പത്രം ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ബല്‍ദേവ്ശര്‍മ്മയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് .
ജനതയെ വായനയോട് ആഭിമുഖ്യമുള്ളവരാക്കുക, മികച്ച ആംഗലേയ സാഹിത്യം ലഭ്യമാക്കുക, ഹിന്ദി അടക്കമുള്ള ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യം മിതമായ നിരക്കുകളില്‍ലഭ്യമാക്കുക, പ്രസ്തുത ആശയങ്ങള്‍ മുന്‍നിര്‍ത്തി പുസ്തകമേളകളും സെമിനാറുകളും സംഘടിപ്പ്യ്ക്കുക തുടങ്ങിയ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെഅടിമുടി വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കുമായി ഉപയോഗിയ്ക്കുന്നതിലൂടെ മറയില്ലാത്തവിധം മതസ്പര്‍ദ്ധ വ്യാപിപ്പിയ്ക്കുന്നതിനുള്ള പദ്ധതികളാണ് ബി.ജെ.പി യിലൂടെ സംഘ്പരിവാര്‍ സജ്ജമാക്കുന്നത്.
വൈജ്ഞാനികതയെ നിശബ്ദമാക്കുന്നതെങ്ങനെ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് രാജ്യത്തിന്റെ അക്കാദമിക മേഖലയ്ക്ക് നല്‍കുന്ന സംഭാവനകള്‍ സ്തുത്യര്‍ഹമാണ്. രാജ്യത്തിന്റെ മുന്‍ പ്രസിഡ് പ്രൊഫ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗം കാലപരിഗണനകള്‍ക്കതീതമായി പ്രാധാന്യമര്‍ഹിയ്ക്കുന്നു. " വൈവിധ്യങ്ങളുടേതായ സംസ്ക്കാരങ്ങളുടേയും നാഗരികതകളുടേയും വിവിധങ്ങളായ കാഴ്ചച്ചപ്പാടുകളുടേയും സമ്മിശ്രമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു പ്രത്യേക വിശ്വാസം എല്ലാവരും പിന്‍തുടരേണ്ടതില്ല. പകരം അഭിപ്പ്രായങ്ങളിലെ വൈവിധ്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ പരസ്പ്പരബഹുമാനം പുലര്‍ത്തുകയാണ് വേണ്ടത്.
അദ്ദേഹത്തിന്റെ വിശാലമായ കാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ തത്വശാസ്ത്രമാനങ്ങളെ പൊതുവില്‍ ഗവേഷണവിധേയമാക്കുകയും ലോക സ്ഥിതിഗതികള്‍ വിലയിരുത്തുകയുമെല്ലാം ചെയ്യുന്ന വൈജ്ഞാനിക പഠന കേന്ദ്രമെന്ന നിലയില്‍ തികഞ്ഞ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിനെ അടിമുടി കാവിവത്ക്കരിയ്ക്കുന്നത്തിന്റെ ഭാഗമായി ആര്‍. എസ്.എസ് പിന്തുണയ്ക്കുന്ന പ്രൊഫ. ചന്ദ്രകല പാടിയയെ സുപ്രധാന സ്ഥാനത്തേയ്ക്ക് നിയമിച്ചു കഴിഞ്ഞു. നയങ്ങള്‍ നടപ്പിലാക്കുന്നതിലെ ഭിന്നതയുടെ ഭാഗമായി നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ റവന്യൂ സെര്‍വ്വീസ് ഓഫീസര്‍ സുനീല്‍ വര്‍മ്മ രാജിവെച്ചു കഴിഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ പുത്തന്‍ വിദ്യാഭ്യാസ നയം
വിദ്യാഭ്യാസരംഗത്തെ ആര്‍. എസ്. എസിന്റെ വരേണ്യവത്ക്കരണനീക്കങ്ങള്‍ക്ക് സുവ്യക്തമായ ആസൂത്രണ സ്വഭാവമാണുള്ളത്. കേന്ദ്രമാനവവിഭവശേഷിവകുപ്പു മന്ത്രി സ്മൃതി ഇറാനിയുടെ നേത്രുത്വത്തില്‍ അധികാരത്തിലേറിയ ആറുമാസക്കാലയളവിനുള്ളില്‍ ആറുതവണയാണ് 11ഓളം മേഖലകളെ പ്രതിനിധാനം ചെയ്യുന്ന ആര്‍. എസ്. എസ് നേതാക്കളുമായി യോഗം ചേര്‍ന്ന്വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കേണ്ട അജണ്ടകള്‍ നിശ്ചയിച്ചത്. സര്‍ക്കാരും ബി.ജെ.പിയുമായുള്ള സമ്പര്‍ക്കം സജീവമാക്കുന്നതിനായി ആര്‍. എസ്,എസ് തങ്ങളുടെ മുന്‍നിര സംഘടനകളെആര്‍ത്തിക്ക് സമൂഹ് (Arthik Samooh), സേവാ സമൂഹ് (Sewa Samooh), ശിക്ഷാ സമൂഹ് (Shiksha Samooh), സുരക്ഷാ സമൂഹ് (Suraksha Samooh), ജന്‍ സമൂഹ് (Jan Samooh) വിചാര്‍ സമൂഹ് (Vichar Samooh) എന്നിങ്ങനെ ആറായി വര്‍ഗ്ഗീകരിയ്ക്കുകയും വകുപ്പു മന്ത്രിയ്ക്ക് ആര്‍. എസ്. എസ് ആഗ്രഹിയ്ക്കുന്ന നിലയില്‍ നിര്‍ദ്ദേശങ്ങള്‍ കൈമാറുകയും അത് നടപ്പില്‍ വന്നുവോഎന്നുറപ്പാക്കുകയും ചെയ്യും.
ഇവയുടെ എല്ലാം തുടര്‍ച്ചയെന്നോണം സംഘ് പരിവാര്‍ താത്പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന നിലയിലെ നിരവധിയായ തീരുമാനങ്ങളാണ് നടപ്പിലാക്കപ്പെടുന്നത്.കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മ്മന്‍ ഭാഷ മൂന്നാം ഭാഷയായി തിരഞ്ഞെടുക്കുന്നതിനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം നിരാകരിക്കപ്പെട്ടുകഴിഞ്ഞു. അവിടങ്ങളില്‍ ഇന്ത്യന്‍ ഭാഷകള്‍വിശേഷിച്ച് സംസ്കൃതം മാത്രമേ മൂന്നാം ഭാഷയായി ഇനി മുതല്‍ പഠിക്കാനാകുകയുള്ളൂ. ഡിസംബര്‍ 2014 ല്‍ സംഘ് പരിവാര്‍ സംഘടനകളുടെ നേത്രുത്വത്തില്‍ മധ്യപ്രദേശിലെ ഉജ്ജൈനിയില്‍നടന്ന ദേശീയ സെമിനാര്‍ "സ്വാതന്ത്രാനന്തരം വിദ്യാഭ്യാസ കമ്മീഷനുകളുടെ പ്രാധാന്യം - പ്രസക്തി -ശുപാര്‍ശകള്‍ " എന്നതിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണം,മൂല്യാധിഷ് ഠിത വിദ്യാഭ്യാസം, ശാസ്ത്രവും അധ്യാത്മികതയും, പരീക്ഷാ സമ്പ്രദായം, അധ്യാപക പരിശീലനവും ഗവേഷണവും തുടങ്ങിയവയെ സംബന്ധിച്ച സംഘ വിദ്യാഭ്യാസപദ്ധതികളുടെ നയരൂപീകരണവേദിയായി.
സെപ്റ്റംബറില്‍ ജൈപ്പൂരില്‍ “Regulatory mechanism in higher education' എന്ന വിഷയത്തെ ആസ്പ്പമാക്കി നടന്ന രഹസ്യസ്വഭാവമുള്ള യോഗം, ദില്ലിയില്‍നടന്ന ത്രിദിന ലോക ഹിന്ദു സമ്മേളനവുമായി ബന്ധപ്പെട്ട് 'ഹിന്ദു വിദ്യാഭ്യാസത്തെ' സംബന്ധിച്ചു സംഘടിപ്പിക്കപ്പെട്ട സമ്മേളനം തുടങ്ങിയവയിലൂടെ ഉരുത്തിരിയുന്ന ശുപാര്‍ശകളുടെആകെത്തുകയാകും നരേന്ദ്രമോദി സര്‍ക്കാരിന്റെ പുത്തന്‍ വിദ്യാഭ്യാസ നയം. എന്‍. സി. ഇ. ആര്‍. ട്ടി ( National Council of Educational Research and Training ) , സി .ബി. എസ്. സി ( Central Board of Secondary Education) തുടങ്ങിയ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തുകൊണ്ട് ട്ടെക്ക്സ്റ്റ് ബുക്കുകളുടെ ഉള്ളടക്കങ്ങളിലടക്കം കാവി നിറയ്ക്കുവാനുള്ള നീക്കംശക്തമാകുകയാണ്. എന്‍. സി. ഇ. ആര്‍. ട്ടി / സി .ബി. എസ്. സി മേധാവികളുടെ നിയമനത്തില്‍ ആര്‍. എസ്. എസ് കൃത്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സിലര്‍മാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജി/ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്/ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്ക്നോളജി തുടങ്ങിയവയുടെ ഡയറക്ടര്‍മാര്‍, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിവധ സ്ഥാപനങ്ങളുടെ ബോര്‍ഡ് അംഗങ്ങള്‍ / തലവന്മാര്‍ തുടങ്ങിയവയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നത്തിനുള്ള ശ്രമങ്ങള്‍ അനുസ്യൂതം തുടരുകയാണ്. ബി.ജെ.പി ഭരണം നിര്‍വ്വഹിയ്ക്കുന്ന ഹരിയാനയില്‍ Dinanath Batra എന്ന പേരില്‍ അധ്യാപക പരിശീലന സഹായിയും പാഠ്യപദ്ധതിയും ഇതിനോടകം ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ആര്‍. എസ്.എസ്സും എ.ബി.വി.പിയും (അഖില ഭാരതീയ വിദ്യാര്‍ത്ഥിപരിഷത്ത്) ഇന്ത്യന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതുക്കിയ പാഠ്യപദ്ധതിയും പുതിയ എന്‍.സി.ഇ.ആര്‍.റ്റി ട്ടെക്സ്റ്റ് പുസ്തകങ്ങളും ആവശ്യപ്പെട്ട് സമ്മര്‍ദ്ദമുയര്‍ത്തിക്കഴിഞ്ഞു. Dr Babasaheb Ambedkar Marathwada University ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ മറാത്ത് വാദാ സര്‍വ്വകലാശാലാ സെനറ്റംഗം ഗജ്നനന്‍ സനപ് സര്‍ക്കാരിനെഴുതിയ വിദ്യാഭ്യാസം രംഗത്തെ തിരുത്തലുകള്‍ ആവശ്യപ്പെട്ടുകൊണ്ടും ചരിത്രത്തില്‍ ശിവജി, സവര്‍ക്കര്‍, മഹാത്മാ ജ്യോതിറാവു ഫൂലെ, ഷാഹുജി മഹാരാജ് തുടങ്ങിയവരുടെ പ്രാധാന്യം പ്രമുഖമാക്കുംവിധം ക്രമീകരിക്കണമെന്നും ആവശ്യപ്പെടുന്ന കത്ത് സംഘ് പരിവാര്‍ അജണ്ടകളുടെ കൃത്യത വ്യക്തമാക്കുന്നതാണ്.
രാജസ്ഥാനിലെ സര്‍വ്വകലാശാലകളിലും സമാനമാംവിധം ആര്‍.എസ്.എസ് പിന്തുണയ്ക്കുന്ന വൈസ് ചാന്‍സിലര്‍മാരെ തത്വദീക്ഷയില്ലാത്തവിധം അടിച്ചേല്‍പ്പിക്കല്‍ നടപടി തുടരുകയാണ്. മധ്യപ്രദേശിലും സ്ക്കൂള്‍ പാഠ്യപദ്ധതിയില്‍ വലിയ മാറ്റങ്ങളാണ് നടപ്പില്‍ വരപ്പെട്ടത്. അക്ബറിനെക്കുറിച്ചുണ്ടായിരുന്ന ഭാഗമാകെ ശിവജിക്കായി വെട്ടിച്ചുരുക്കപ്പെട്ടു. ഭഗവദ്ഗീത പാഠ്യപദ്ധതിയുടെ ഭാഗമായ് മാറി. ഛത്തിസ്ഗഡിലും സമാനമായ നീക്കങ്ങള്‍ നടന്നുവരികയാണ്. ഗുജറാത്തില്‍ സര്‍വ്വ മേഖലകളിലും കാവിവത്ക്കരണം ശക്തമാകുകയാണ്. Dinanath Batra അധ്യാപക പരിശീലന സഹായിയും പാഠ്യപദ്ധതിയും വ്യാപകമായി നടപ്പിലാക്കപ്പെട്ടു. സംസ്ഥാന സ്ക്കൂള്‍ ട്ടെക്ക്സ്റ്റ് ബുക്ക് ബോര്‍ഡ് നേരിട്ടു തന്നെ 9 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇത് അനുബന്ധ സാഹിത്യമായി 42,000 സര്‍ക്കാര്‍ പ്രൈമറി / സെക്കന്ററി സ്ക്കൂളുകളില്‍ സൗജന്യമായി വിതരണം ചെയ്യപ്പെട്ടു. സമാന കാലയളവില്‍ തന്നെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്ത് ഗുജറാത്ത് / എം എസ് / വീര്‍ നര്‍മാഡ് സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സിലര്‍മാരുമായി വിദ്യാഭ്യാസ നയങ്ങള്‍ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി.
കാവിവത്ക്കരണത്തെ പ്രതിരോധിയ്ക്കാം; ജനാധിപത്യം സംരക്ഷിയ്ക്കാന്‍
സംഘ് പരിവാര്‍ തങ്ങളുടെ വിദ്യാഭ്യാസ / സാംസ്ക്കാരിക പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി രാജ്യത്തിന്റെ സെക്കുലര്‍മൂല്യങ്ങളെ അപ്പാടെ അപകടപ്പെടുത്തുകയാണ്. ഭിന്ന മത വിശ്വാസികള്‍ / നാസ്തികര്‍ തുടങ്ങി , നികുതിയൊടുക്കുന്ന ഓരോരുത്തരും പൊതു ഖജനാവിലേയ്ക്കു മുതല്‍ക്കൂട്ടുന്ന സമ്പത്താകെ വര്‍ഗ്ഗീയതയ്ക്കായി ദുര്‍വ്യയം ചെയ്യപ്പെടുന്നു . ഇതര വിശ്വാസങ്ങളെ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുന്ന നിഷ്കളങ്കരായ ബഹുഭൂരിപക്ഷം ഹിന്ദു മതസ്ഥരുടേതടക്കം പ്രഛന്നപ്രതിനിധാനം ലാക്കാക്കുന്ന ആര്‍.എസ്.എസ്, പൊതുജീവിതത്തിനും സാമൂഹ്യനീതിയ്ക്കും ജനാധിപത്യത്തിനും മാത്രമല്ല മാനവികതയ്ക്കും കനത്ത വെല്ലുവിളിയാണ് . ഇന്ത്യയെന്നാല്‍ ഹിന്ദുവല്ല ;ഹിന്ദുരാഷ്ട്രവുമല്ല എന്നതാകണം ഉയരേണ്ട / ഉയര്‍ത്തേണ്ട സാമാന്യബോധം. അതിന് മാനഭംഗം ചെയ്യപ്പെടാത്ത ചരിത്രമുണ്ടാകണം.. വിഷലിപ്തമാകാത്ത വിദ്യാഭ്യാസം വേണം ; വളച്ചൊടിയ്ക്കലുകളില്ലാത്ത ചരിത്രവും .. . അതിനായുള്ള ഓരോ ചെറു സമരങ്ങളിലും ഉപാധിരഹിതമായി ഐക്യപ്പെടുകയും കാവിഭീകരതയെ അതിജീവിയ്ക്കുകയും ചെയ്യാം.