Goury Nandana

സ്നേഹം ജ്വാലയാകുമ്പോള്‍

യഥാര്‍ത്ഥമെന്നും മായികമെന്നും ആരോ വേര്‍തിരിച്ച ലോകങ്ങളുടെ അതിര്‍ വരമ്പുകള്‍ കൂട്ടി മുട്ടുന്നയിടം ഏതാണോ എന്തോ? എന്നെ സംബന്ധിച്ചിടത്തോളം തമ്മില്‍ തിരിവില്ലാതെ പടര്‍ന്നു കിടക്കുന്നു ഇവ രണ്ടും. പലപ്പോഴും ജീവിക്കുന്നത് എവിടെയാണെന്നതും മാറിപ്പോകുന്നു. അയഥാര്‍ത്ഥം എന്നു കല്‍പ്പിച്ചു സംശയത്തോടെ നോക്കാന്‍ മറ്റുള്ളവര്‍ പ്രേരിപ്പിക്കുന്ന ഇ ലോകത്തിന്‍റെ കനിവുറവകള്‍ വറ്റാതെ ചുരന്നു നില്‍ക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ചും.

കാലില്‍ ഗൗരവപ്പെട്ട ഒരു കീറി മുറിക്കലിന് ശേഷം വിശ്രമമെന്ന പേരില്‍ മടി പിടിച്ചിരുന്ന എന്നെ ജനുവരി പതിനേഴിന് വയനാട്ടിലെത്തിച്ചത് ആയിടെ മാത്രം പരിചയപ്പെട്ട ഹബി എന്നു വിളിക്കപ്പെടുന്ന ഹബീബും സ്നേഹജ്വാല എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയിലെ മറ്റു സുഹൃത്തുക്കളുമാണ്. ഇ ലോകത്തില്‍ ഏവര്‍ക്കും പരിചിതരായ നിരക്ഷരന്‍ (മനോജ് ),ഷാജി മുള്ളൂക്കാരന് , അതുല്യ ശര്‍മ്മ, ആഷ്ലി, ഉമ കെ പി ഇങ്ങനെ കുറേ നല്ല മനസ്സുകളുടെ ഒരു കൂട്ടമാണ്‌ സ്നേഹജ്വാല. നിത്യ വൃത്തിയ്ക്കു വിഷമിക്കുന്ന അനേകം കുടുംബങ്ങള്‍ക്ക് ഫുഡ്‌ കിറ്റുകള്‍ വിതരണം നടത്തുക, ചികിത്സാ സഹായം ആവശ്യമുള്ളവര്‍ക്ക് അതു എത്തിക്കുക, പഠനത്തിനോ തൊഴില്‍ കണ്ടെത്തുന്നതിനോ ആണ്‌ സഹായം വേണ്ടതെങ്കില്‍ അതിനും സ്നേഹജ്വാല തയാറാണ്.

"ഇ" ലോകത്തില്‍ ഏവര്‍ക്കും പരിചിതരായ നിരക്ഷരന്‍ (മനോജ് ) ,ഷാജി മുള്ളൂക്കാരന്‍ , അതുല്യ ശര്‍മ്മ, ആഷ്ലി, ഉമ കെ പി ഇങ്ങനെ കുറേ നല്ല മനസ്സുകളുടെ ഒരു കൂട്ടമാണ്‌ സ്നേഹജ്വാല. നിത്യ വൃത്തിയ്ക്കു വിഷമിക്കുന്ന അനേകം കുടുംബങ്ങള്‍ക്ക് ഫുഡ്‌ കിറ്റുകള്‍ വിതരണം നടത്തുക, ചികിത്സാ സഹായം ആവശ്യമുള്ളവര്‍ക്ക് അതു എത്തിക്കുക, പഠനത്തിനോ തൊഴില്‍ കണ്ടെത്തുന്നതിനോ ആണ്‌ സഹായം വേണ്ടതെങ്കില്‍ അതിനും സ്നേഹജ്വാല തയാറാണ്.


സ്നേഹജ്വാല ഏറ്റെടുത്ത് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന വയനാട്ടിലെ പുല്‍പ്പറ്റയ്ക്കടുത്തുള്ള കൊമ്മഞ്ചേരി എന്ന ആദിവാസി കോളനിയില്‍ ചെന്ന് അവിടുത്തെ സ്ഥിതി എന്താണെന്ന് നേരിട്ട് അറിയുക, ഒപ്പം സംഭരിച്ചു വെച്ചിരിക്കുന്ന കുറച്ചു ഭക്ഷണ സാധനങ്ങള്‍ ,വസ്ത്രങ്ങള്‍ ഒക്കെ അവിടെയെത്തിക്കുക എന്നിവയൊക്കെയായിരുന്നു അന്നത്തെ യാത്രയുടെ ലക്ഷ്യം. പത്തില്‍ താഴെ മാത്രം കുടുംബങ്ങള്‍ കഴിയുന്ന ഒരു കോളനിയാണ് കൊമ്മഞ്ചേരിയിലേത്. അവരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുഞ്ഞമ്മദ്ക്കാ എന്ന മനുഷ്യന്‍ . ഈ കോളനിയിലേക്ക് വേണ്ടുന്ന കാര്യങ്ങള്‍ ഇതു വരെ എത്തിച്ചു കൊണ്ടിരുന്നതും ഇദ്ദേഹം മാത്രമാണ്. തീര്‍ത്തും നിസ്വാര്‍ഥനായി തന്റെ ജീവിതം ആദിവാസികളുടെ നന്മക്കായി ഉഴിഞ്ഞു വെച്ചിരിക്കുന്നു.ആദിവാസികളുടെ നന്മയ്ക്കായി ഉഴിഞ്ഞു വെച്ചിരിക്കുന്നു കുഞ്ഞമ്മദ്ക്ക .ഏതു സമയത്തും ആനകളെ പ്രതീക്ഷിക്കാവുന്ന വഴിയിലൂടെ ജീപ്പിലിരുന്ന് തെന്നിത്തെറിക്കുമ്പോള്‍ , അട്ടകള്‍ നിറഞ്ഞ ഈ പാത ആഴ്ച്ചയിലൊരിക്കലെങ്കിലും നടന്നു തന്നെ നീങ്ങുന്ന കാര്യം നിസ്സാരമായി വിവരിക്കുന്ന കുഞ്ഞഹമ്മദിക്കക്ക് എന്റെ നോട്ടത്തില്‍ ഉയരം ആകാശത്തോളം.

ഒരു ആദിവാസി കോളനി എന്നത് നിങ്ങളുടെ സങ്കല്‍പ്പത്തില്‍ എങ്ങനെയാണ് എന്നെനിക്കറിയില്ല.അടിസ്ഥാന സൗകര്യങ്ങള്‍ എന്നതിനും ഇവിടെയെത്തുമ്പോള്‍ നിര്‍വചനം വല്ലാതെ മാറുന്നുണ്ട്. ഏതായാലും മെട്രോ നഗരത്തിലെ ഒരു നിര്‍മ്മാണ തൊഴിലാളിയായ എനിക്ക് മുഖത്തിന്‌ നേരെ കിട്ടിയ ആദ്യത്തെ അടിയായി ആ കുടിലുകളുടെ കാഴ്ച... ഒരാള്‍ക്ക്‌ നിവര്‍ന്നു നില്‍ക്കാന്‍ പോലും ഇടയില്ലാത്തവ ..  നമ്മുടെ പരിസരങ്ങളില്‍ പട്ടിക്കു താമസിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന കൂടുകള്‍ പോലും ഇവരുടെ വീടുകളേക്കാള്‍ എത്രയോ ഭേദമാണ്??  നാലടിയിലധികം പൊക്കമില്ലാത്ത ആ മുളംകൂട്ടിനുള്ളിലും അന്തേവാസികളുടെ എണ്ണം ഏറെയാണ്‌. ... എന്നിട്ടും അവര്‍ക്കാരോടും പരാതിയില്ല. പ്രാഥമിക ആവശ്യങ്ങള്‍ക്കായി കാടിനെ തന്നെ ആശ്രയിക്കുന്ന അവര്‍ക്ക് ആകെയുള്ള ഒരു ആഡംബരം ഭംഗിയായി കല്ലുകള്‍ കൊണ്ട് കെട്ടി സംരക്ഷിക്കുന്ന കിണര്‍ മാത്രമാണ്. ഇവരോടാണ് വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയേണ്ടത്.

ഈ കോളനിയിലെ കുട്ടികളാരും സ്കൂളില്‍ പോകാറില്ല. ആനയിറങ്ങുന്ന വഴികളും വീട്ടിലെ കഷ്ടപ്പാടുകളും കാരണം സ്കൂള്‍ അവര്‍ക്ക് കൈയെത്താ ദൂരെയാണ്.അവര്‍ പഠിക്കണം എന്നു മാതാപിതാക്കള്‍ക്കുമില്ല ആഗ്രഹം. പഴയ ആചാരങ്ങളെ അതേപടി പിന്തുടരാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് പഠനത്തിന്‍റെ പ്രാധാന്യം ഒട്ടു ബോധ്യമായിട്ടുമില്ല. ഏതു കടുത്ത ആരോഗ്യ പ്രശ്നങ്ങളിലും ആധുനിക വൈദ്യസഹായം സ്വീകരിക്കുകയെന്നത്‌ ഇവര്‍ക്കിപ്പോഴും താല്‍പ്പര്യമില്ലാത്ത കാര്യം ആണ്‌. പ്രസവകാര്യത്തില്‍ ഉള്‍പ്പടെ . പ്രസവം ഒരു അസുഖമല്ല എന്ന ന്യായം ഉന്നയിച്ചാല്‍ പോലും മറക്കാന്‍ ഒട്ടും കഴിയാത്ത ഒരു കാഴ്ചയുണ്ട്. ആ സമയത്തെ അപാകത മൂലം , സമയത്ത് വൈദ്യസഹായം ലഭിക്കാതിരുന്നത് മൂലം,ഇഴഞ്ഞു നടക്കുന്ന, കണ്ടാല്‍ രണ്ടു വയസ്സ് പോലും തോന്നാത്ത ബിജു മോന്‍ . അവനും ഇപ്പോഴത്തെ അനിയത്തിക്കും ഇടയില്‍ അവന്‍റെ അമ്മ ബിന്ദു പ്രസവിച്ചത് ആറു തവണ . അതില്‍ ജീവിച്ചിരിക്കുന്നത്‌ രണ്ടു പേര്‍ .. വളരെ സാധാരണമായ ഒരു കാര്യം പോലെയാണ് ആ സ്ത്രീ തന്‍റെ നാലു മക്കളുടെ മരണത്തെ കുറിച്ച് പറഞ്ഞത്.

പുറം ലോകത്തിന്‍റെ സ്വാധീനം ഏറ്റവും നന്നായി ഉള്‍ക്കൊണ്ടിരിക്കുന്നത് ഇവിടുത്തെ ആണുങ്ങള്‍ തന്നെയാണ്. അപൂര്‍വ്വമായി ജോലി ചെയ്തു കിട്ടുന്നതും സര്‍ക്കാര്‍ സഹായത്തോടെ കുഞ്ഞമ്മദ്ക്കാ സംഘടിപ്പിച്ചു കൊടുക്കുന്നതുമായി കൈയില്‍ പണമായി ലഭിക്കുന്നതെന്തും പോകുന്നത് ഒരേയൊരു വഴിയിലൂടെ തന്നെ. ലഹരിയ്ക്ക് കാടെന്നോ നാടെന്നോ ആദിവാസിയെന്നോ നാട്ടുവാസിയെന്നോ ഭേദമില്ലല്ലോ? ലഹരിയ്ക്ക് അടിപ്പെട്ടു ആനത്താരയില്‍ ബോധം കെട്ടുറങ്ങിയ രണ്ടു പേരുടെ ജീവന്‍ ആന ദാനം ചെയ്തിട്ടും മടിയിലുണ്ടായിരുന്ന പണം കാലി മേയ്ക്കാനിറങ്ങിയ നാഗരികര്‍ അപഹരിച്ച സംഭവവും കുഞ്ഞമ്മദ്ക്ക വിവരിക്കുന്നത് കേട്ടു. ദയ പലപ്പോഴും കാടിന്‍റെ മാത്രം നിയമമാണല്ലോ,അല്ലേ?
കുറച്ചു സമയം അവരോടു സംസാരിച്ച്, കൊണ്ട് വന്ന ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അവര്‍ക്ക് കൊടുത്ത്, വീണ്ടും വാരാമെന്നൊരു വാക്കു പറഞ്ഞ് അവിടെ നിന്നിറങ്ങുബോള്‍ സത്യമായും എനിക്ക് തലയുയര്‍ത്താനാവുമായിരുന്നില്ല. നഷ്ടപ്പെടുന്ന ഇത്തിരി സ്വാതന്ത്ര്യങ്ങളുടെ പേരില്‍ വാളുമുയര്‍ത്തി പൊരുതാനിറങ്ങുന്ന എനിക്ക് മുന്നില്‍ നരച്ചു പിഞ്ചിയ ഉടുപ്പുമിട്ട്‌ സമയത്തിനു ഭക്ഷണമില്ലാതെ, സ്കൂളിന്റെ പടി കാണാതെ ആതിരയും നന്ദനയും. പ്രസവിച്ച്,ഒരാഴ്ച പോലും തികയാത്ത പെണ്‍കുഞ്ഞിനേയും മാറോട് ചേര്‍ത്ത് ബിന്ദു. നരച്ച കണ്ണുകളില്‍ സംശയവുമായി പുറം നാട്ടുകാരെ തുറിച്ചു നോക്കുന്ന പേരറിയാ മുത്തശി..
എന്‍റെ ശിരസ്സിപ്പോഴും താഴ്ന്നു തന്നെയിരിക്കുന്നു...