“ജീവിതത്തിലെ ഗണ്യമായ സമയം ഏകാകിയായിരിക്കുക എന്നതു വളരെ പ്രധാനമാണ്. നിങ്ങളുടെ ആന്തരികതയുമായി ബന്ധം സ്ഥാപിക്കാന്‍ ഇതു സഹായിക്കും. സ്വന്തം ആത്മീയ നവീകരണത്തില്‍ താത്പര്യമുണ്ടെങ്കില്‍ ബാഹ്യലോകത്തിന്റെ ശ്രദ്ധ തിരിക്കലുകളില്ലാതെ ഇങ്ങനെ തന്നോടു തന്നെ ബന്ധത്തിലായിരിക്കുന്നത് വളരെ പ്രധാനമാണ്.
സമുദ്രയാത്രകള്‍ കൊണ്ട് സമൂഹത്തെ പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നാവികോദ്യോഗസ്ഥനായ അഭിലാഷ് ടോമി ഇങ്ങനെ ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു. എന്നാല്‍ സാധാരണ മനുഷ്യന് ഏകാന്തത അത്ര സുഖകരമായ അനുഭൂതിയൊന്നുമല്ല പ്രദാനം ചെയ്യുന്നത്.
തമിഴ്നാട്ടില്‍ കോവിഡ് സംശയിച്ചു ഐസൊലേഷനിലാക്കിയിരുന്ന വ്യക്തി ശരീരത്തില്‍ നൂല്‍ബന്ധമില്ലാതെ വീട്ടില്‍ നിന്നിറങ്ങി റോഡില്‍ ഓടി ഒരു, പ്രായമായ സ്ത്രീയെ കടിച്ചു കൊന്നു. കേരളത്തില്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്ന പോലീസുദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. ഇത്തരം വാര്‍ത്തകള്‍ കോവിഡ് 19 വ്യാപന കാലഘട്ടത്തില്‍ കേട്ട് തുടങ്ങി .ഇത്തരം വാര്‍ത്തകള്‍ വന്നു തുടങ്ങും മുന്‍പ് തന്നെ മാനസികാരോഗ്യ വിദഗ്ധര്‍ ഇത്തരം വ്യക്തികളുടെ മാനസികാരോഗ്യത്തിന് ഊന്നല്‍ കൊടുത്തു കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്ന് നിഷ്കര്‍ഷിച്ചിരുന്നു. എന്തുകൊണ്ട് മനുഷ്യര്‍ ഇത്തരത്തില്‍ പെരുമാറുന്നു എന്നതിന് വ്യക്തമായ കാരണങ്ങളുണ്ട് . .
മനുഷ്യന് ഏറ്റവും ബുദ്ധിയും കഴിവും ഉള്ള ഒരു ജീവിയായാണ് സ്വയം അവകാശപ്പെടുക എന്നാല്‍, ലോകത്തിലെ ഏറ്റവും നിസ്സഹായനായ ജീവിയാണ് അവന് . ജനിക്കുമ്പോള്‍ ഒരു വലിയ തലയും നേര്‍ത്ത കാലും കയ്യും ഉള്ള മനുഷ്യശിശു ഏറെ കാലവും മറ്റുള്ളവരെ ആശ്രയിച്ചാവും സ്വന്തം കാര്യം നടത്തിയെടുക്കുക .പിന്നെയും എത്രയോ കാലം വേണ്ടിവരും അവനോ അവള്‍ക്കോ സ്വയം പര്യാപ്തതയില്‍ എത്താന്‍.
എന്നാല്‍ ഏതൊരു നാല്ക്കാലി മൃഗവും ജനിച്ചു നിമിഷങ്ങള്‍ക്കകം കൈകാല്‍ കുടഞ്ഞു എഴുന്നേറ്റതും വീണും പിന്നെയും എഴുന്നേറ്റതും അമ്മയുടെ അകിട് തേടിപ്പിടിച്ചു ജീവിക്കാന്‍ ആവശ്യം വേണ്ടുന്ന ഭക്ഷണം കണ്ടെത്തുന്നു. കൊറോണ വയറസും ജനിച്ചുടനെ തന്നെ ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേക്ക് കയറി അതിന്റെ വംശം വര്‍ധിപ്പിക്കുന്നു.
മനുഷ്യന്റെ ആത്യന്തിക ലക്ഷം നിലനില്‍പ്പാണ്. അതിനു അവന് ഭക്ഷണം കഴിക്കയും വളരുകയും പെറ്റുപെരുകുകയും ചെയ്യും . നിലനില്‍പ്പിനായി പ്രകൃതി മനുഷ്യന്റെ ഉള്ളില്‍ ചില രഹസ്യങ്ങള്‍ ഉള്ളടക്കം ചെയ്തു വയ്ക്കും . വായു ശ്വസിക്കുക , ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക വളരുക , പ്രത്യുത്പാദനം നടത്തുക എന്നിവ ഒരു പരിശീലനവും ഇല്ലാതെ ഏതൊരു മനുഷ്യജീവിക്കും സാധ്യമാണ്. എന്നാല്‍ ഇതുമാത്രം പോരാ. ഒരു മനുഷ്യനും ജനിച്ചു വീണുടനെ പ്രത്യുത്പാദനപ്രക്രിയയില്‍ ഏര്‍പ്പെടുന്നില്ല . അത് അമ്മയുടെയും അച്ഛന്റെയും കുടുംബത്തിന്റെയും കരുതലിലൂടെ വളര്‍ന്നു അയല്പക്കക്കാരുടെയും സമപ്രായക്കാരുടെയും ഇടപെടലിലൂടെ പിന്നെ അധ്യാപകരുടെ അധ്യാപനത്തിലൂടെ, കാമുകന്റെ , കാമുകിയുടെ ഭര്‍ത്താവിന്റെ ഭാര്യയുടെ സ്നേഹ പരിലാളനങ്ങളിലൂടെയും ഉണ്ടായിവരുന്ന ഒരു ബന്ധം (relation ) കൊണ്ടാണ് നമ്മള് വളരുന്നത് . അതായതായ് Need to relate is of utmost importance for a human being than anything else .
പ്രാണവായു പോലെ തന്നെ ഇത്, അതായത് മറ്റുള്ളവരുമായി നിരന്തരബന്ധത്തിലായിരിക്കുക എന്നത് അതി പ്രധാനമാണ് . അത് ഒരു ചോദനയാണ്. എവിടെയെങ്കിലും ഒരിടത്തു കൊണ്ട് നിറുത്തി ഭക്ഷണവും മറ്റു സര്‍വ സംവിധാനങ്ങളും നല്കിയാലും മറ്റുള്ളവരുമായി ബന്ധം പുലര്‍ത്താനുള്ള അവസരം നേരിട്ടോ അല്ലാതെയോ നല്‍കാതിരുന്നത് നിലനില്‍പ്പ് വളരെ പ്രയാസമാകും . ഒരുപക്ഷെ അതിനെ നിര്‍ബന്ധിതമായി ശ്വാസം തടസ്സപ്പെടുത്തപ്പെടുന്ന അവസ്ഥയോട് വേണം ഉപമിക്കാന്‍ .അതുകൊണ്ടാണ് മനുഷ്യര്‍ നിവര്‍ത്തിയില്ലാതെ ഘട്ടങ്ങളിലില്‍ ഒരു അപമാനകരമായ ബന്ധത്തില്‍ (Abusive relationship)പോലും തുടരാന്‍ കാരണം .ഒരു പരിധിവരെ ഫോണോ ഇന്റെര്‍നെറ്റോ ഒക്കെ ഒരു ചെറിയ പരിധിവരെ സഹായകരമായേക്കാം , മറ്റുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍. പക്ഷെ ഇതൊന്നും മനുഷ്യരുമായി ഇടപെടേണ്ട ആവശ്യത്തെ പകരവയ്ക്കാന്‍ അവയ്ക്കൊന്നും സാധിക്കില്ല.
സ്വതന്ത്രമായി പലതരം ബന്ധങ്ങളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയെ ഒരിടത്തു ഒറ്റയ്ക്കിരുത്തിയാല്‍ ആദ്യം അയാള്‍ അത് വളരെ കുറച്ചു സമയം ആസ്വദിച്ചേക്കാം , എന്നാല്‍ അത് വളരെ അധികം സമയം തുടര്‍ന്നുപോകാന്‍ സാധിക്കയില്ല. ഇത് തന്നെയാണ് കൊടും കുറ്റവാളികള്‍ക്ക് ഏകാന്ത തടവ് എന്ന ഒരു ശിക്ഷണമാര്‍ഗം ചില രാജ്യങ്ങള്‍ നടപ്പിലാക്കുന്നത്. അത് വധ ശിക്ഷയേക്കാള്‍ ഭയാനകമത്രെ . അതുകൊണ്ടാണ് പരിഷ്കൃത രാജ്യങ്ങള്‍ ഒന്നും ഏകാന്ത തടവ് ഒരു ശിക്ഷണ മാര്‍ഗമായി തെരഞ്ഞെടുക്കാത്തതും . വശശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരെ ശിക്ഷാദിവസത്തോടടുപ്പിച്ചു ഏകാന്ത തടവില്‍ ആക്കുമെങ്കിലും അവര്‍ ആത്മഹത്യയോ മറ്റോ ചെയ്യാതിരിക്കാന്‍ ജയില്‍ അധികാരികള്‍ ശ്രദ്ധിക്കുകയും ചെയ്യും.
ഏകാന്തത ശ്വാസം പിടിക്കുംപോലെയാണെന്നു പറഞ്ഞല്ലോ. ശ്വാസം പിടിച്ചുവയ്ക്കാന്‍ ഓരോരുത്തരുടെ ശേഷി വ്യത്യസ്ഥമായിരിക്കും. നല്ല ആരോഗ്യവാനായ മനുഷ്യന് കുറച്ചു അധിക സമയം ശ്വാസം പിടിച്ചിരിക്കാന്‍ സാധിച്ചേക്കും . അത്പോലെ മറ്റുള്ളവരുമായി ബന്ധം വിച്ഛേദിച്ചു സമാധാനമായി ഇരിക്കാനുള്ള മനുഷ്യരുടെ കഴിവും വിഭിന്നമായിരിക്കും . എന്നാല്‍ ആര്‍ക്കും അധിക സമയം അത് സാധിക്കില്ല.സാഹചര്യം ഏകാന്തത എത്ര അനിവാര്യമാക്കിയാലും. ആ ഏകാന്തതയ്ക്കു ശേഷം സുഖകരമായ പഴയ ജീവിതം ഉറപ്പാണ് എന്ന അവസ്ഥയിലും . അത്കൊണ്ട് തന്നെയാണ് കൊറോണ വ്യാപനം തടയാന്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴയുന്നവര്‍ക്കും വീട്ടില്‍ ക്വാറന്റൈനെയില് കഴിയുന്നവര്‍ക്കും ജീവതം ദുസ്സഹമാകുന്നത് . അഥവാ ഐസൊലേഷനും ക്വാറന്റൈനും വിധേയമാകുന്നവര്‍ക്കു ഏകാന്തത്തടവ് തന്നെയാണ്. അവിടെ അവര്‍ക്കു ഉണ്ടാകുന്ന മാനസിക ക്ലേശത്തില്‍ നിന്ന് മോചനം നല്കാന് കരുതല്‍ നടപടികള്‍ അത്യാവശ്യമാണ് .
സമൂഹവുമായി ബന്ധപ്പെട്ടിരിക്കേണ്ടതിന്റെ തോത്, പലര്‍ക്കും പലതായിരിക്കും. ഒരു രാഷ്ട്രീയ പ്രവര്ത്തകന് അത് വളരെ അധികവും ഒരു ഗുമസ്തന് അത് താരതമ്യേന കുറവും ആയിരിക്കും അവിടെയും വ്യക്തിപരമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഒരു അന്തര്മുഖന് അത് എളുപ്പമാകുന്നതുപോലെ എളുപ്പമാകില്ല ഒരു ബഹിര്മുഖന് . സാഹചര്യം മോശമാണ് എന്ന് ഉറപ്പുണ്ടെങ്കിലും മനുഷ്യന് ഏകാന്തത സാധ്യമല്ല ഇതിനു കാരണം നമ്മുടെ തലച്ചോര്‍ സ്ഥിരമായി മറ്റുള്ളവരുമായി ബന്ധം പുലര്ത്തുംതരത്തില് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു .
ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടാകാനുള്ള ഒരു കാരണം ഇത് അവര്‍ സ്വയം തെരഞ്ഞെടുക്കുന്ന ഒരു അവസ്ഥയല്ല എന്നതാണ്. ബലപ്രയോഗമില്ലെങ്കിലും നിര്‍ബന്ധിതമാണ് ഒറ്റപ്പെടല്‍, ആശുപത്രിയില്‍ ഉള്ളവര്‍ക്ക് ഒരു ഇന്സ്ടിട്യൂഷണലൈസ്ഡ് സപ്പോര്‍ട് സിസ്റ്റം ഉണ്ട്. എന്നാല്‍ വീട്ടില്‍ ഒറ്റപ്പെടുന്നവര്‍ക്കു അത് ഇല്ല . അയാളുടെ ചോദന ആ തടങ്കലില്‍ നിന്ന് രക്ഷപ്പെടുക എന്നതായിരിക്കും. എന്നാല്‍ അതിനുള്ള സാധ്യത തിരയുമ്പോള്‍ പലപ്പോഴും അവര്‍ മറ്റു പ്രശ്നങ്ങളിക്കെ ചെന്ന് പെടുന്നു .
ഇതിനെ തരണം ചെയ്യാന്‍ താഴെപറഞ്ഞ മാര്‍ഗങ്ങള്‍ അവലംബിക്കാം
ഐസൊലേറ്റ് ചെയ്യപ്പെടേണ്ട ഒരു രോഗിയെ തിരിച്ചറിഞ്ഞാല്‍ കൌണ്സലിങ്ങും പിന്തുണയും നല്‍കുക. അയാള്‍ കുറച്ചു ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ അയാള്‍ക്കും കുടുംബത്തിനും സമൂഹത്തിനും വന്നു ചേരുന്ന ആദായം എന്ത് എന്നത് നന്നായി ബോധ്യപ്പെടുത്തുക . ഇത് ചെയ്യേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണ്
സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഒക്കെ കൂടുതല്‍ സമയം ഫോണ്‍ മുഖേനയോ മറ്റ് സാമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയോ സ്ഥിരമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുക. ഒറ്റക്കാണെന്ന തോന്നല്‍ ഉണ്ടാകാതെ നോക്കുക. വീഡിയോ കോള്‍, കോണ്‍ഫറന്‍സ് കോള്‍ എന്നവ ഇന്നത്തെ കാലത്തു സാധ്യമാണല്ലോ.
പഴയ ഹോബികള്‍ പൊടിതട്ടിയെടുക്കാന്‍ പ്രേരിപ്പിക്കുക , അതിനുള്ള വസ്തുക്കള്‍ ലഭ്യമാക്കുക
ഇഷ്ടമുള്ള ഭക്ഷണം, പാട്ടു സിനിമ എന്നിവ ആസ്വദിക്കാന്‍ സാഹചര്യം നല്‍കുക
സന്തോഷം ഉളവാക്കുന്ന വാര്‍ത്തകള്‍ മാത്രം പങ്കുവയ്ക്കുക (ഇതത്ര എളുപ്പമല്ല , ഇന്റര്‍നെറ്റ് യുഗത്തില്‍ )
കൊറോണ ഭീതിയാകലുന്ന കാലത്തേക്കുള്ള ചില പദ്ധതികള്‍ തയ്യാര്‍ ചെയ്യുക
നമ്മള് മനസിലാക്കേണ്ട ഒരു കാര്യം ഇതൊന്നും സ്പര്ശനത്തിന്റേതായിട്ടുള്ള സുരക്ഷ പ്രദാനം ചെയ്യില്ല എന്നുള്ളതാണ്. ആദ്യം ഒരു ശിശു ജനിക്കുമ്പോള്‍ പരിസരമറിയുന്നതു സ്പര്‍ശനത്താലാണ്, കാഴ്ചയാലോ കേള്‍വിയാലോ അല്ല, അമ്മയുടെ സ്പര്‍ശനം എല്ലാക്കാലത്തും നിലനില്‍ക്കുന്നത് മറ്റു വ്യക്തികളുടെ സ്പര്ശനത്തിലും തലോടലിലൂടെയും തന്നെയാണ് . അതില്ലാതെ യാകുന്ന കാലഘട്ടത്തില്‍ ഏറ്റവും ശ്രദ്ധിച്ചു ആശ്വാസം പകര്‍ന്നാല്‍ മാത്രമേ അത്തരം ഒറ്റപ്പെട്ട വ്യക്തികളുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ സാധിക്കൂ എന്നതാണ് സമൂഹവും ആരോഗ്യപ്രവര്‍ത്തകരും മനസിലാക്കേണ്ടത്.