മുഖാവരണങ്ങളില്‍ ഒളിച്ച്കളിക്കുന്ന മനുഷ്യരെക്കണ്ടു ചിരിക്കുന്നു ബുദ്ധന്‍ മുഖങ്ങളില്ലാതായ ഭീതിയില്‍ ഉഴലുന്ന മുഖങ്ങളെക്കണ്ടു ചിരിക്കുന്നു ബുദ്ധന്‍.
പൊട്ടിത്തെറിയുടെ പ്രകമ്പനങ്ങള്‍ പൊഖറാനില്‍ പ്രതിധ്വനിക്കുമ്പോള്‍, പാറിപ്പറക്കുന്ന അണുവികരണങ്ങളില്‍ പതിഞ്ഞു കാണാം ചിരിക്കുന്ന ബുദ്ധനെ.
ലോകം മുഴുവന്‍ കവര്‍ന്നെടുക്കും സമസ്തനാശമായ് ജലപ്രളയം ബാക്കിവച്ചതൊരു പേടകം മാത്രം അപ്പോഴും കാണാം ചിരിക്കുന്ന ബുദ്ധനെ.
പതിനെട്ട് ദിനം നീണ്ട കുരുക്ഷത്രയുദ്ധം പതിതനായ് തീര്‍ത്തു കുരുവംശമാകെ, പോര്‍ക്കളം രക്തപുഴകളായ് മാറി ശംഖൊലി കേട്ട് ചിരിക്കുന്ന ബുദ്ധന്‍.
യുദ്ധങ്ങള്‍,ഭൂകമ്പം,പട്ടിണിമരണങ്ങള്‍രോഗങ്ങള്‍ , വംശീയഹത്യകള്‍ പെരുക വേവേഴാമ്പലായ് കരയുന്ന മനുജനെ നോക്കിയിതാ വീണ്ടും,ബുദ്ധന്‍ ചിരിക്കുന്നു.
ഒന്‍പതാം മാസത്തിലെ പതിനൊന്നാം നാളില്‍ ഇരട്ടഗോപുരത്തിങ്കല്‍ പറന്നിറങ്ങുന്നു മതിഭ്രമം മൂത്തൊരാ മനുഷ്യരെ നോക്കി മാറ്റമേതുമില്ലാതെ ചിരിക്കുന്നു ബുദ്ധന്‍.
കണ്ണുതുറക്കാതെ ചിരിക്കുന്നു ബുദ്ധന്‍ രോദനം കേള്‍ക്കാതെ ചിരിക്കുന്നു ബുദ്ധന്‍.
യുഗയുഗാന്തരങ്ങളായ് ചിരിക്കുന്നു ബുദ്ധന്‍ ചിരിക്കുന്നു തൂണും,തുരുമ്പും,കല്ലുകളും.