Kadakampally Surendran

അടുക്കള പൂട്ടാതിരിക്കാന്‍ , അടുപ്പു കൂട്ടി സമരം

സി.പി.ഐ(എം) നേതൃത്വത്തില്‍ ഡിസംബര്‍ 1 ന് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയ പാതയില്‍ അടുപ്പുകൂട്ടി സമരം സംഘടിപ്പിക്കുകയാണ്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളടെ ജനദ്രോഹനടപടികള്‍ക്കെതിരെയാണ് കുടുംബങ്ങള്‍ പാതയോരത്ത് അടുപ്പുകൂട്ടി ഭക്ഷണംപാകം ചെയ്ത് പ്രതിഷേധിക്കുന്നത്. സംസ്ഥാനത്താകെ കുടുബാംഗങ്ങളൊന്നാകെ സമരത്തില്‍ അണിചേരുകയാണ്.

വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്ന ജനജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് തള്ളികൊണ്ട് പാചക വാതക വില വര്‍ദ്ധിപ്പിക്കുകയും സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 6 ആയി പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. 3 സബ്സിഡി സിലിണ്ടറുകള്‍ സംസ്ഥാനം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നു . റേഷന്‍ സബ്സിഡി ബാങ്കുകളിലൂടെ നല്‍കുമെന്ന പ്രഖ്യാപനം വഴി സംസ്ഥാനത്തെ 85 ലക്ഷം കാര്‍ഡുടമകളില്‍ 70 ലക്ഷം പേര്‍ക്കും റേഷന്‍ വിലയ്ക്ക് അരി കിട്ടാത്ത അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഒരു കുടുബത്തിന് വര്‍ഷത്തില്‍ 12 സബ്സിഡി സിലിണ്ടറുകളെങ്കിലും നല്‍കുക, വര്‍ദ്ധിപ്പിച്ച പാചകവാതക വില പിന്‍വലിക്കുക, പാചകവാതക ക്ഷാമം പരിഹരിക്കുക, കേരളത്തിലെ റേഷന്‍ സമ്പ്രദായം അട്ടിമറിക്കാതിരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തുന്ന അടുപ്പുകൂട്ടി സമരത്തില്‍ എല്ലാ ജനവിഭാഗങ്ങളും അണിനിരക്കേണ്ടതുണ്ട്. അനുദിനം അസഹ്യമാകുന്ന സാധാരണക്കാരന്റെ ജീവിതപ്രയാസങ്ങളെ അതിസംബോധന ചെയ്യുന്ന ഉജ്വലമായ ഈ സമരത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ഉള്ളടക്കം നവമാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നമുക്കണിനിരക്കാം

* വിലക്കയറ്റം തടയുക

* പാചകവാതക സിലിണ്ടര്‍ നിയന്ത്രണം നീക്കുക

* സംസ്ഥാനത്തെ റേഷന്‍ സമ്പ്രദായം അട്ടിമറിക്കരുത്

*അടുക്കള പൂട്ടാതിരിക്കാന്‍ അടുപ്പുകൂട്ടി സമരം