നോട്ട് നിരോധനം
സാധാരണക്കാരെ
ഞെരിച്ച് കൊന്നപ്പോള്‍
മറീന ബീച്ച് ശൂന്യമായിരുന്നു !
പെരുമാള്‍ മുരുകന്‍
എഴുത്ത് നിര്‍ത്തിയപ്പോഴും,
കല്‍ബുര്‍ഗിയും, ധബോല്‍ക്കറും
ഗോവിന്ദ പന്‍സാരെയേയും
അക്ഷരവിരോധികള്‍ ഒന്നൊന്നായി
അരുംകൊല ചെയ്തപ്പോഴും
മറീന ബീച്ച് ശൂന്യമായിരുന്നു !
ദളിതരെ ചുട്ടെരിച്ചപ്പോഴും
മാട്ടിറച്ചി ഭക്ഷിച്ചവരെ
കൊന്നൊടുക്കിയപ്പോഴും
സ്ത്രീകളുടെ മാനത്തിന്
വിലപറഞ്ഞപ്പോഴും
പെണ്ണുടല്‍ തെരുവില്‍
പിച്ചിച്ചീന്തിയപ്പോഴും
മറീന ബീച്ച് ശൂന്യമായിരുന്നു !
ഒരു കൈയ്യില്‍ മകളും
തോളത്ത് ശവശരീരവുമായി
വയോധികന്‍ നിറകണ്ണുകളോടെ
കിലോമീറ്ററുകള്‍ സഞ്ചരിച്ചപ്പോഴും
മറീന ബീച്ച് ശൂന്യമായിരുന്നു !
ജല്ലിക്കെട്ടെന്ന
ക്രൂരവിനോദത്തിന് വേണ്ടിയവര്‍
പ്രതിഷേധത്തിന്റെ
വേലിയേറ്റം സൃഷ്ടിച്ചു.
ഒരു ജനതയുടെ മനസ്സില്‍
അടിഞ്ഞുകൂടിയ രോഷത്തിന്റെ
പ്രതിഫലനമാണത്രേ
നാം അവിടെകണ്ടത് !
അതുകൊണ്ട്,
നോട്ട് നിരോധനമെല്ലാം
മറീനയ്ക്ക് പുറത്ത് നില്‍ക്കട്ടെ
പ്രാധാന്യം ജല്ലിക്കെട്ടിനുതന്നെ.