പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യബിംബം മാഞ്ഞു തുടങ്ങിയിരുന്നു. മഞ്ഞുകാലമായതിനാല്‍ പകലിന്റെ ചൂട് വളരെ വേഗം ഇല്ലാതായി. മട്ടുപ്പാവില്‍ നിന്നുകൊണ്ടുള്ള എന്റെ നിരീക്ഷണത്തിന് തടസ്സം വിതച്ചുകൊണ്ട് എലുമ്പിച്ച വഴികളില്‍ അന്ധകാരം വ്യാപിച്ചു തുടങ്ങി. സമീപത്തെ അണ്ടി ആപ്പീസില്‍ നിന്ന് ജോലിക്കാര്‍ പോയെങ്കിലും നീളന്‍ ചിമ്മിനിയിലൂടെ പുക ഉയരുന്നുണ്ട്. തണുപ്പിന് കനം കൂടി വരുന്നത് കാരണം ഞാന്‍ അകത്തു കയറി കതകടച്ചു . കലുഷിതമായിരുന്ന പകലിനെക്കുറിച്ചുള്ള ചിന്തയിലേയ്ക്ക് കടക്കാന്‍ തുടങ്ങുമ്പോഴാണ് പുറത്തെ വാതിലില്‍ ആരോ ശക്തമായി മുട്ടുന്ന ശബ്ദം കേട്ടത്. കറണ്ടില്ലാത്തതിനാല്‍ ബല്ല് പ്രവര്‍ത്തിക്കുന്നില്ല. സാധാരണ മുറിയില്‍ കയറി കഴിഞ്ഞാല്‍ മറ്റു ശബ്ദങ്ങള്‍ എന്തുതന്നെ ആയാലും ശ്രദ്ധിക്കാത്ത ആളാണ് ഞാന്‍ .അന്നു ഞാന്‍ താഴേക്ക് ചെന്നു.
ഇരുട്ടില്‍ മദ്യലഹരിയില്‍ തപ്പിതടഞ്ഞാണ് യാത്ര. സ്റ്റെയറിന്റെ ഒരു ഭാഗം പൊളിഞ്ഞ് കിടക്കുന്നു, താഴെ നിലത്ത് ഇറങ്ങിയപ്പോല്‍ എന്തോ വഴുവഴുപ്പാര്‍ന്ന ദ്രാവകത്തിന്റെ നനവ്. ഞാന്‍ ശ്രദ്ധിച്ചു നോക്കി, ചോര കുഴമ്പുരൂപത്തില്‍ തളംകെട്ടി നില്‍ക്കുന്നു. ആര്‍ക്കോ അപകടം സംഭവിച്ചു എന്ന തിരിച്ചറിവില്‍ ഞാന്‍ വലിയ വായില്‍ നിലവിളിച്ചു. ദേവൂ... അതാ ദേവു ഉമ്മറത്തിരുന്നു കരയുകയാണ്. ഞാന്‍ വാതില്‍ക്കല്‍ ചെന്നു നോക്കി തറയില്‍ വാഴയില വിരിച്ചിരിക്കുന്നു, ചുറ്റും പൂക്കളും വിതറിയിരിക്കുന്നു.നിലവിളക്കും ശാമ്പ്രാണി തിരിയും കത്തിച്ചു വച്ചിരിക്കുന്നു. ശവസംസ്കാരത്തിനുള്ള തയാറെടുപ്പിലാണ്. വാഴയിലയില്‍ തുണിയില്‍ പൊതിയപ്പെട്ട് കിടക്കുന്നത് ആരാണ്. ആ മുഖം ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നില്ല. ഞാന്‍ മെല്ലെ ദേവുവിന്റെ അടുക്കല്‍ ചെന്നു അവള്‍ വലിയവായില്‍ നിലവിളിക്കുകയാണ്. എന്തിനാണ് ഇവര്‍ കരയുന്നത്. ദേവുവിന്റെ അഛനും അമ്മയും അവളുടെ കുഞ്ഞുനാളില്‍ തന്നെ മരിച്ചുപോയതാണ്. എന്റെ അഛനും അമ്മയും മരിച്ചിട്ട് കുറച്ച് നാളുകളായി.
പിന്നെ ആരാണിത് ഞാന്‍ ദേവൂനെ വിളിച്ചു അവള്‍ കേള്‍ക്കാത്തതുപോലെ ഇരുന്നു കരയുകയാണ്. വല്ലാത്ത വിഷമത്തോടുകൂടി ഞാന്‍ അവളുടെ അടുത്തിരുന്നു അവളുടെ മുഖത്ത് ശ്രദ്ധിച്ചുനോക്കി ഒരു ഭാവ വെത്യാസവും കാണുന്നില്ല. മെല്ലെ അവളെ തട്ടി വിളിക്കാന്‍ ശ്രമിച്ചു! ഒരു ഞെട്ടലായിരുന്നു ഫലം. അവളുടെ ശരീരം പൊള്ളയായിരിക്കുന്നു. ഞാന്‍ വീണ്ടും വീണ്ടും അവളെ കയറി പിടിച്ചു പക്ഷേ ശരീരം ഇല്ല!! ഈശ്വരാ ഇനി ദേവുവാണോ മരിച്ചത്. ഞാന്‍ അയല്‍വാസിയായ മുത്തശ്ശനോട് തിരക്കി, എന്താണ് സംഭവിച്ചത്? അദ്ദേഹം ഒന്നും മിണ്ടുന്നില്ല ആ മുഖത്ത് ദുഃഖം തളംകെട്ടി നില്‍ ക്കുവാണ്. ഞാന്‍ അയാളെ തോണ്ടി വിളിച്ചു, ഈശ്വരാ!! അയാള്‍ക്കും ശരീരം ഇല്ല. എല്ലാവരുടെയും ശരീരം പൊള്ളയായ് പോയിരിക്കുന്നു. ഇവരെല്ലാം ആത്മാക്കളാണോ? മുന്നില്‍ കിടക്കുന്ന ശരീരം ആരുടേതാണെന്ന് ഓര്‍ക്കുവാന്‍ കഴിയുന്നില്ല. ഞാന്‍ ഇത്രയും നേരം ദേവൂനെ കാത്തു മട്ടുപ്പാവില്‍ നില്‍ക്കയായിരുന്നില്ലേ. പിന്നെ എപ്പോഴാണ് താഴേക്കിറങ്ങിയത്? അവ്യക്തമായ ചില ദൃശ്യങ്ങള്‍ മാത്രം, കോണിയുടെ മുകളിലത്തെ കൈവരിയില്‍ എന്റെ ശരീരം ശക്തമായി ഇടിച്ചത് ഓര്‍ക്കുന്നു. പക്ഷെ എപ്പോഴാണ് ഇതൊരു മരണവീടായ് മാറിയത്. കാത്തിരിപ്പിന്റെ വിരസതയും മരണത്തിന്റെ മരവിപ്പും ഒരുപോലെയാണ്. ഞാന്‍ വീണ്ടും ആ ശരീരത്തിലും ദേവൂനെയും മാറിമാറി നോക്കി....ആ ശവശരീരത്തിന്റെ മൂക്കിന്റെ വലതു ഭാഗത്ത് തനിക്കുള്ളതുപോലെ ഒരു മറുകുണ്ട്. ദേവൂന്റെ കരച്ചില്‍ ശ്രദ്ധിച്ചു എന്നെ വിട്ടിട്ട് പോയോ ചേട്ടാ എന്നാണ്.ശവശരീരത്തില്‍ ഒന്നുകൂടി നോക്കിയ ഞാന്‍ ഞെട്ടിപോയ്!!! അതിന് എന്റെ രൂപം.അവിടെ തളംകെട്ടി കിടക്കുന്നത് എന്റെ ചോരതന്നെ. കാത്തിരിപ്പിന്റെ വിരസതയില്‍ നിന്ന് മരണത്തിന്റെ മരവിപ്പിലേക്ക്.,