T K Vinodan

മലയാള കവിതാദിനവും കാവ്യകേളിയും

മലയാള കവിതാദിനവും കാവ്യകേളിയും ഡിസംബര്‍ 16 (ധനു 1) മലയാള കവിതാദിനം ആയി ആചരിക്കാന്‍ കാവ്യകേളി എന്ന ഫെയ്സ് ബുക് കൂട്ടായ്മ തീരുമാനിച്ചു. മലയാള കവിതയില്‍ യുഗപരിവര്‍ത്തനത്തിനു തുടകം കുറിച്ച വീണപൂവ് ആദ്യം പ്രകാശനം ചെയ്യപ്പെട്ട ദിവസം എന്ന നിലയിലാണ് ധനു ഒന്ന് മലയാള കവിതാദിനം ആയി ആചരിക്കാന്‍ തെരഞ്ഞെടുത്തത്. ഭാഷയില്‍ നിന്ന് , സാഹിത്യത്തില്‍ നിന്ന്, കവിതയില്‍ നിന്ന് , വായനയില്‍ നിന്ന് തന്നെ, മനുഷ്യര്‍ , പ്രത്യേകിച്ച് പുതിയ തലമുറ അകന്നു പോകുന്നു എന്ന ആശങ്ക വ്യപകമാകുമ്പോള്‍ കവിതയോടും സാഹിത്യത്തോടും സവിശേഷമായ സ്നേഹമുള്ള കുറെ ഏറെപ്പേര്‍ സൈബര്‍ ലോകത്ത് ഒത്തുചേര്‍ന്ന് കവിത ആഘോഷമാക്കി മാറ്റുകയും കവിതയെയും കവിതയെ മുന്‍ നിര്‍ത്തി ജീവിതത്തെയും കുറിച്ച് ഗൌരവപൂര്‍ണ്ണമായ ആലോചനകളിലും ചര്‍ച്ചകളിലും ഏര്‍പ്പെടുകയും ചെയ്തതില്‍ നിന്ന് രൂപപ്പെട്ട ആശയമാണ് 'മലയാള കവിതാദിനം'. ഡിസംബര്‍ 16 ന് രാവിലെ 10 മുതല്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തില്‍ ഒരു പകല്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആലോചിക്കുന്നത്.



ഒന്നര വര്‍ഷത്തോളം മുമ്പ് പാബ്ലോ നെരൂദയുടെ നൂറ്റിയേഴാം ജന്മവാര്‍ഷികദിനത്തിലാണ് 'കാവ്യകേളി' രൂപം കൊള്ളുന്നത്‌. കവിതയിലും സാഹിത്യത്തിലും സവിശേഷ താത്പര്യമുള്ള കുറച്ചു പേര്‍ക്ക് ഒന്നിച്ചു കൂടാനുള്ള ഒരു സൈബര്‍ ഇടം എന്ന നിലയില്‍ ഈ ഗ്രൂപ്പ് തുടങ്ങുമ്പോള്‍ എങ്ങനെയാകും പ്രതികരണമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. പക്ഷേ , ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള കാവ്യാസ്വാദകരുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. സജീവമായ പ്രതികരണങ്ങള്‍ ഇങ്ങനെയൊരു ഗ്രൂപ്പിന്‍റെ അനിവാര്യത ബോദ്ധ്യപ്പെടുത്തി. പല കാലങ്ങളില്‍ പല ഭാഷകളില്‍ ഇന്നോളമുണ്ടായ നല്ല കവിതകളെക്കുറിച്ചുള്ള സജീവമായ ചര്‍ച്ചകളുടെ വേദിയായി അതിവേഗം കാവ്യകേളി മാറി. വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരായ ചിന്തകരും ലബ്ധപ്രതിഷ്ഠരായ കവികളും നിരൂപകരും കാവ്യാസ്വാദകരും വലിപ്പച്ചെറുപ്പങ്ങളില്ലാതെ ഒരേ മനസ്സോടെയാണ് ഇവിടെ ഇടപെടുന്നത്. ഇന്ന് ആയിരത്തി അറുന്നൂറിലേറെ അംഗങ്ങള്‍ കാവ്യകേളിയിലുണ്ട്.


പോസ്റ്റുകളുടെ വൈവിദ്ധ്യവും വൈപുല്യവും കാവ്യകേളിയെ വ്യത്യസ്തമാക്കുന്നു. കുറേ കവികള്‍ സ്വന്തം കവിത എഴുതിയിടുന്നു, കുറേപ്പേര്‍ ഇഷ്ടം രേഖപ്പെടുത്തിയോ അഭിപ്രായമെഴുതിയോ സ്ഥലം വിടുന്നു എന്ന രീതിയിലുള്ള ഗ്രൂപ്പുകളുമായി കാവ്യകേളിയെ താരതമ്യം ചെയ്യാനാവില്ല. ഭാഷയെയും ശൈലിയെയും ഉള്ളടക്കത്തെയും കുറിച്ച് സൂക്ഷ്മമായുള്ള ചര്‍ച്ച നടക്കാറുണ്ട്. അംഗങ്ങളുടെ സ്വന്തം രചനകള്‍ മാത്രമല്ല പഴയതും പുതിയതുമായ അന്യഭാഷാരചനകള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം കവിതകളും ഇവിടെ വരുന്നു. തലനാരിഴകീറിയുള്ള നിരൂപണം നടക്കുന്നു. അന്യഭാഷാ കവിതകള്‍ അംഗങ്ങള്‍ തന്നെ തല്‍സമയ മൊഴിമാറ്റം നടത്തി താരതമ്യം ചെയ്യുന്നു. പൊതുവായ കാവ്യസിദ്ധാന്തങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. കവിതയുമായി പരോക്ഷ ബന്ധമുള്ള സാമൂഹിക-സാംസ്കാരിക-ഭാഷാ -കലാ-ചര്‍ച്ചകള്‍ നടക്കുന്നു. കവിതാരംഗത്തെവാര്‍ത്തകള്‍ - കവിയരങ്ങാകാം,കാവ്യ ചര്‍ച്ചയാകാം ,പുസ്തകപ്രകാശനമാകാം,പുരസ്കാരങ്ങളാകാം, കവികളുടെ വിശേഷങ്ങളാകാം--പങ്കു വയ്ക്കപ്പെടുന്നു.ദൃശ്യ- ശ്രവ്യ രൂപത്തിലും കാവ്യാസ്വാദനം നടക്കുന്നുണ്ട്. ജ്യോതിബായ്പരിയാടത്തിനെപ്പോലുള്ളവരുടെ കവിതാലാപനങ്ങളും ചിത്രകാരന്മാര്‍ കവിതകളെ അടിസ്ഥാനപ്പെടുത്തി വരയ്ക്കുന്ന ചിത്രങ്ങളും ഗ്രൂപ്പിന് പുതിയൊരു മാനം നല്‍കിയിട്ടുണ്ട്.


കവികളെയുംകവിതകളെയും ആസ്പദിച്ചുള്ള കാര്‍ട്ടൂണുകളും ഗ്രാഫിക് ചമ്പു എന്ന കാര്‍ട്ടൂണ്‍ പരമ്പരയുമുണ്ട്. പലപ്പോഴും ചര്‍ച്ചകളും വിവര്‍ത്തനങ്ങളും ആഴ്ചകളോളം നീണ്ടു പോകാറുണ്ട്. ചര്‍ച്ചകള്‍ എത്ര ചൂട്പിടിച്ചാലും ആശയങ്ങളെയല്ലാതെ ആരും ആരെയും വ്യക്തിപരമായി ആക്രമിക്കരുതെന്ന പൊതു മര്യാദ മിക്കവാറും പാലിക്കുന്നത് കൊണ്ട് ഗ്രൂപ്പിന്‍റെ ക്രമസമാധാനനില ഒരിക്കലും വഷളായിട്ടില്ല. ഉടമസ്ഥനോ മാനേജരോ ഇല്ലാത്തകൂട്ടായ്മയായത് കൊണ്ട് പെരുമാറ്റ മര്യാദകള്‍ അംഗങ്ങള്‍ തന്നെ കൂട്ടായി ചര്‍ച്ച ചെയ്തു അഭിപ്രായം രൂപവത്കരിക്കുകയാണ് പതിവ്. ഒരാള്‍ പോസ്റ്റിട്ടാല്‍ ഇഷ്ടപ്പെടാം , വിമര്‍ശിക്കാം, തിരുത്താം. പുകഴ്ത്താം. അതോക്കെ പരസ്പര ബഹുമാനത്തോടെ മാത്രമേ ഇവിടെ ഉണ്ടാകാറുള്ളൂ. ലോകത്തെ ഒരു ഭാഷയിലെയും ഒരു പ്രശസ്ത കവിയുടെയും ജന്മവാര്‍ഷികമോ ചരമവാര്‍ഷികമോ കാവ്യകേളിയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകാറില്ല. ഒരു തല്‍സമയറഫറന്‍സ് ഗ്രന്ഥത്തി ന്‍റെ പങ്കും ഗ്രൂപ്പ് നിര്‍വ്വഹിക്കാറുണ്ട്. കവിത,കവികള്‍ , കവിതാചരിത്രം എന്നിവയുമായി ബന്ധപ്പെട്ട സംശയനിവൃത്തിക്ക് പുറത്തെല്ലാ യിടത്തും ശ്രമിച്ച് പരാജയപ്പെട്ടാല്‍ പല അംഗങ്ങളും ഗ്രൂപ്പിനെയാണ് ആശ്രയിക്കുക. സംശയം പോസ്റ്റു ചെയ്‌താല്‍ ആരില്‍നിന്നെങ്കിലും ഉത്തരം കിട്ടുമെന്നുറപ്പാണ് . രാവിലെ ഒരു ചോദ്യമിട്ടാല്‍ സൂര്യനസ്തമിക്കും മുന്‍പ് ഉത്തരം കിട്ടിയിരിക്കുമെന്നാണ് പാതി കളിയായും പാതി കാര്യമായും അംഗങ്ങള്‍ തന്നെ പറയാറുള്ളത്. പണ്ട് വായിച്ചു മറന്ന ഒരു കവിതയുടെയോ ഒരു കവിയുടെയോ പുസ്തകത്തിന്‍റെയോ വിശദ വിവരം കിട്ടണം എന്നുണ്ടെങ്കിലും ഇതാണ് പതിവ്. ഇത്രയുമൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും തോന്നിയേക്കാം കാവ്യകേളിയില്‍ ഒന്ന് ചേര്‍ന്ന് നോക്കിയാലോ എന്ന്. ചങ്ങാതിക്കൂട്ടത്തിനു സംഘബലം കൂടുന്നതില്‍ ഗ്രൂപ്പിന് സന്തോഷമേയുള്ളൂ. പക്ഷെ മിനിമം രണ്ടു കാര്യങ്ങളില്‍ വിട്ടു വീഴ്ചയില്ല. ഒന്ന്, കവിതയുമായിയാതൊരു ബന്ധവുമില്ലാത്ത പോസ്റ്റുകള്‍ ഒഴിവാക്കണം. രണ്ട്, കൂട്ടായ്മയുടെ രഹസ്യം പരസ്പര സ്നേഹവും പരിഗണനയുമാണ് എന്നത് കൊണ്ട് അത് സൂക്ഷിച്ചേപറ്റൂ. സൈബര്‍ സ്പെയ്സല്ലേ എന്തുമാകാം എന്ന രീതി ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടില്ല ഇവിടെ. ഈ മര്യാദകളില്‍ വിശ്വസിക്കാത്തതുകൊണ്ട് ചുരുക്കം ചിലര്‍വിട്ടുപോയിട്ടുണ്ട്. പലരെയും ഒഴിവാക്കേണ്ടിയും വന്നിട്ടുണ്ട്.ഈ കാര്യങ്ങളില്‍ നിഷ്കര്‍ഷ പുലര്ത്തിയതുകൊണ്ടാണ് പല കവിതാഗ്രൂപ്പുകളും കൊഴിഞ്ഞുപോയെങ്കിലും കാവ്യകേളി നില നില്‍ക്കുന്നത്.


കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ കാവ്യകേളി അംഗങ്ങളുടെ 3 കൂടിച്ചേരലുകള്‍ നടന്നു. കാവ്യകേളിയില്‍ പങ്കു വെയ്ക്കപ്പെടുകയും സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ആശയങ്ങള്‍ സൈബര്‍ ലോകത്തിനു പുറത്തുള്ള സമൂഹത്തിലേക്കു എത്തിക്കേണ്ടത്‌ ആവശ്യമാണെന്ന കൂട്ടായ തീരുമാനത്തില്‍ നിനാണ് മലയാള കവിതാദിനം എന്ന ആശയം രൂപപ്പെട്ടത്. കവിതാദിനം എങ്ങനെ ആചരിക്കണം എന്നതിന്റെ വിശദാംശങ്ങള്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്നതെയുള്ളൂ. എല്ലാ കാര്യങ്ങളിലും എന്നതുപോലെ കവിതാദിനത്തിന്റെ കാര്യത്തിലും കൂട്ടായി വിശദമായി ചര്‍ച്ച ചെയ്ത് തികച്ചും ജനാധിപത്യപരമായാണ് തീരുമാനമെടുക്കുക. കാവ്യകേളിയില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖരായ കവികളും നിരൂപകരും കാവ്യാസ്വാദകരും കവിതാടിനത്തില്‍ പങ്കെടുക്കും എന്നറിയിച്ചിട്ടുണ്ട്. കവിതയില്‍ താത്പര്യമുള്ള എല്ലാവരെയും മലയാള കവിതാദിനത്തില്‍ പങ്കെടുക്കാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.