ഡോ മന്‍മോഹന്‍ സിങിനെ കഴിവുകെട്ട പ്രധാനമന്ത്രി എന്നു വിളിക്കാന്‍ വാഷിംങ്ടണ്‍ പോസ്റ്റ് സന്നദ്ധമായി. തിരുത്തണമെന്ന ആവശ്യം തള്ളി വീണ്ടും വിശേഷണം ആവര്‍ത്തിച്ചു. ഇന്ത്യയുടെ ദേശീയ വരുമാനം ഇടിഞ്ഞതു കൊണ്ടോ, കാര്‍ഷിക മേഖല തകര്‍ന്നതു കൊണ്ടോ മൂലധന നിക്ഷേപം ചുരുങ്ങിയതു കൊണ്ടോ, വിലകയറ്റം വര്‍ദ്ധിച്ചതു കൊണ്ടോ വ്യാപാര കമ്മി ഉയര്‍ന്നതു കൊണ്ടോ ഒന്നുമല്ല വാഷിങ്ങ്ടണ്‍ പോസ്റ്റ് പ്രകോപിതമായത്. ദാരിദ്ര്യം കുറയാത്തതു മൂലമോ കര്‍ഷകആത്മഹത്യ പെരുകിയതി മൂലമോ അല്ല കഴിവുകെട്ടവനെന്നു വിളിച്ചത്. മറിച്ച് ആഗ്രഹിക്കുന്ന അളവില്‍ ഇന്ത്യ സ്വീകരിക്കുന്നില്ല എന്നതാണു പ്രകോപനത്തിനു കാരണം. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ കുറേ നാളുകളായി (അവിടത്തെ ബഹുരാഷ്ട്ര കുത്തക കോര്‍പ്പറേഷനു വേണ്ടി) ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍, അദ്ദേഹം ആവശ്യപ്പെടുക മാത്രമല്ല ചെയ്യുന്നത്. നല്ല സമ്മര്‍ദ്ദം പ്രയോഗിച്ചു വരുകയാണ്. ചില്ലറ വില്‍പ്പന മേഖല വാള്‍മാര്‍ട്ട് , ടെസ്‌കോ, മെട്രോ തുടങ്ങിയ ബഹുരാഷ്ട്ര കോര്‍പ്പറേഷനു വേണ്ടി തുറന്നിട്ടു കൊടുക്കണമെന്നതാണ് ഒരാവശ്യം.ഇപ്പോള്‍ത്തന്നെ ഏകബ്രാന്റ് ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം വിദേശ മൂലധന നിക്ഷേപം അനുവദിച്ചിട്ടുണ്ട്. ബഹുബ്രാന്റ് ഉത്പന്നങ്ങള്‍ക്കും അങ്ങനെ അനുവദിക്കണമെന്നാണ് ആവശ്യം. പെന്‍ഷന്‍ ഫണ്ട് വിദേശ സ്ഥാപനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് മറ്റൊരു ആവശ്യം. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോടാനുകോടി ഡോളറിന്റെ വിനിമയം നടത്തുന്ന പെന്‍ഷന്‍ ഫണ്ടുകളുണ്ട്. പെന്‍ഷന്‍ തുക ഓഹരി വ്യാപാരത്തിനു ഉപയോഗിക്കുകയാണ് അവയുടെ രീതി . ഇന്‍ഡ്യയിലെ പെന്‍ഷന്‍കാരുടെ പക്കല്‍ നിന്നും സമാഹരിക്കുന്ന തുക അവര്‍ക്ക് ഓഹരി വ്യാപാരം നടത്താന്‍ ലഭ്യമാക്കണമെന്നാണ് ആവശ്യം. നേരിട്ടോ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്നോ ആയിരിക്കും ഓഹരി ഇടപാടുകള്‍ നടത്തുക.മറ്റൊരു ആവശ്യം ഇന്‍ഷുറന്‍സ് ബാങ്കിങ്ങ് മേഖലകളുമായി ബന്ധപ്പെട്ടതാണ്. ഇന്‍ഷൂറന്‍സില്‍ ഇപ്പോള്‍ത്തന്നെ 26 ശതമാനം വിദേശപങ്കാളിത്തം അനുവദിച്ചിട്ടുണ്ട്. ബാങ്കിംഗില്‍ 33 ശതമാനവും. ഇവ രണ്ടും 46 ശതമാനമായി ഉയര്‍ത്താനാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്.
|
|
ചെറുകിട വ്യാപാരത്തിലും , പെന്‍ഷന്‍ രംഗത്തും ബാങ്കിങ്ങ് ഇന്‍ഷുറന്‍സ് രംഗങ്ങളിലും വിദേശ മൂലധന നിക്ഷേപത്തിനു ഇത്രമാത്രം വ്യഗ്രത എന്തെന്ന ചോദ്യം പ്രസക്തം തന്നെ. അതിനൊരു പശ്ചാത്തലമുണ്ട്. 2008 ല്‍ അമേരിക്കയിലും ജപ്പാനിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും വന്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായല്ലോ. 2010ല്‍ വീണ്ടും പ്രതിസന്ധി ആവര്‍ത്തിച്ചു. ഇനി ഒരു മൂന്നോ നാലോ വര്‍ഷം കൂടി പ്രതിസന്ധി തുടരുമെന്നാണ് വിദഗ്ധര്‍ കണക്കു കൂട്ടുന്നത്. ദേശീയ വരുമാന തകര്‍ച്ചയും വര്‍ദ്ധിച്ച തൊഴിലില്ലായ്മയും ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയുമാണ് പ്രതിസന്ധിയുടെ മുഖമുദ്രകള്‍. കമേര്‍ഷ്യല്‍ ബാങ്കിംഗ് , മര്‍ച്ചന്റ് ബാങ്കിങ്ങ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ പെന്‍ഷന്‍ ഫണ്ടുകള്‍, ഹെഡ്ജ് ഫണ്ടുകള്‍ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളുടെ ജനവിശ്വാസം നഷ്ടപ്പെടുകയും അവയുടെ ഓഹരി വിലകള്‍ ഇടിയുകയും ലാഭം ചുരുങ്ങുകയും ചെയ്തു. പലരും അക്ഷരാര്‍ത്ഥത്തില്‍ പാപ്പരായി. പിടിച്ചു നില്‍ക്കാനും വളര്‍ച്ച നേടാനും അവര്‍ക്ക് പുറം നിക്ഷേപങ്ങള്‍ കൂടിയേ കഴിയൂ. അതായത് പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് കൂടുതല്‍ നിക്ഷേപ വഴികള്‍ തരപ്പെടണം,നിക്ഷേപ സാധ്യതകള്‍ തുറന്നു കിട്ടണം. ഈ പരിതസ്ഥിതിയിലാണ് അമേരിക്കയിലെയും മറ്റും പെന്‍ഷന്‍ ഫണ്ടുകള്‍ , ഇന്ത്യയിലെ പെന്‍ഷന്‍ മേഖല തുറന്നു കിട്ടണമെന്ന ആവശ്യവുമായി മുന്നോട്ട് വരുന്നത്. രാജ്യത്ത് നിലവിലുള്ള പെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിച്ച് പുതിയ പെന്‍ഷന്‍ പദ്ധതി അഥവാ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിന്റെ പ്രയോജനം വിദേശമൂലധനത്തിനാണ്. ഇത് കേവലം യാദ്യച്ഛികമല്ല. എല്ലാ രംഗങ്ങളിലും വിദേശമൂലധനവുമായി സഹകരിക്കുക ഇന്ത്യ തുടര്‍ന്നു വരുന്ന പൊതു സാമ്പത്തിക നയത്തിന്റെ ഭാഗമാണ്. ഉത്പ്പാദന വിതരണ ധനകാര്യ മേഖലകളിലെല്ലാം വിദേശനിക്ഷേപമാകാം എന്ന നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുളളത്. ഇതുവരെ പൂര്‍ണ്ണമായും പൊതുമേഖലയിലായിരുന്ന റെയില്‍വ്വേയില്‍ വിദേശമൂലധന നിക്ഷേപമാകാം എന്ന നിര്‍ദ്ദേശം റെയില്‍വെ മന്ത്രാലയം തന്നെ മുന്നോട്ടു വച്ചിട്ടൂണ്ട്.
പെന്‍ഷന്‍ തൊഴിലാളിയുടെ അവകാശമാണെന്നും അതു നല്‍കുക രാജ്യത്തിന്റെ കടമയാണെന്നും 1982 ഡിസംബര്‍ 17 ന് നഖാര കേസ് തീര്‍പ്പു കല്‍പ്പിച്ചു കൊണ്ട് ബഹു സുപ്രീം കോടതി വിധിച്ചിരുന്നു. വിരമിച്ച വ്യക്തിക്കു അല്ലലില്ലാതെ മാന്യമായും സ്വതന്ത്രമായും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ കഴിയണമെന്നും സേവനകാലത്തേതിനു തുല്യമായ ജീവിതസാഹചര്യം ഉണ്ടാകണമെന്നും വിധിന്യായം വിശദമാക്കി. വിധിന്യായത്തെ വിഗണിച്ചു കൊണ്ടാണ് 2004 ല്‍ പുതിയ പെന്‍ഷന്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ബില്‍ പാസ്സാക്കിയിട്ടില്ല. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിശോധനയിലാണ്. എന്നാല്‍ അതൊന്നും പരിഗണിക്കാതെയാണ് 2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത് .
|
|
നിലവില്‍ പെന്‍ഷന്‍ നല്‍കുന്നതു സര്‍ക്കാരാണ്. അതിലേക്കായി തൊഴിലാളി പ്രത്യേകമായി തുകയൊന്നും സര്‍ക്കാരിനു നല്‍കേണ്ടതില്ല. എന്നാല്‍ പെന്‍ഷന്‍ വേണമെങ്കില്‍ തൊഴിലാളി അവരുടെ സര്‍വ്വീസ് കാലയളവില്‍ പ്രതിമാസം കൃത്യമായ തുക സര്‍ക്കാരിലേക്ക് നല്‍കണം എന്നതാണ് പുതിയ വ്യവസ്ഥ. അതായത് സ്വന്തം ശമ്പളത്തില്‍ നിന്ന് പെന്‍ഷന്‍തുക മാറ്റിവെക്കണം. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനം തൊഴിലാളിയും അത്ര തന്നെ തുക സര്‍ക്കാരും അടക്കണം. അറുപതു വയസ്സു പൂര്‍ത്തിയാക്കി വിരമിക്കുമ്പോള്‍ പ്രസ്തുത തുകയുടെ 60 ശതമാനം പിന്‍വലിക്കാം. 60 വയസ്സിനു മുമ്പേ വിരമിക്കുകയാണെങ്കില്‍ 20 ശതമാനമേ പിന്‍വലിക്കാവൂ. അവശശേഷിക്കുന്ന 40 ശതമാനം തുക നിശ്ചിത മാസ വരുമാനം നേടിത്തരുന്ന ഏതെങ്കിലും ഇന്‍ഷുറന്‍സ് പോളിസിയില്‍ നിക്ഷേപിക്കണം.അങ്ങനെ കിട്ടുന്ന വരുമാനമായിരിക്കും പെന്‍ഷന്‍. നിക്ഷേപ സംബന്ധികളായ ജോലികള്‍ നിര്‍വ്വഹിക്കാന്‍ പെന്‍ഷന്‍ ഫണ്ടുകളെ ചുമതലപ്പെടുത്തും.
പെന്‍ഷന്‍ ഫണ്ടുകള്‍ എന്നാല്‍ പെന്‍ഷന്‍ തുക എന്നല്ല അര്‍ത്ഥം. പെന്‍ഷന്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തപ്പെട്ട ഏജന്‍സികള്‍ എന്നാണ്. തങ്ങളുടെ കൈവശം എത്തിച്ചേരുന്ന കോടിക്കണക്കിനു രൂപ പ്രസ്തുത ഫണ്ടുകള്‍ ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കും. ഓഹരി കമ്പോളത്തില്‍ ഇപ്പോള്‍ത്തന്നെ വിദേശധന മൂലധനത്തിനു പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന-അര്‍ദ്ധ സര്‍ക്കാര്‍-പ്രാദേശിക സര്‍ക്കാര്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും സാമൂഹ്യസുരക്ഷാപെന്‍ഷന്‍കാരുടെയും കോടിക്കണക്കിനു രൂപയുടെ പെന്‍ഷന്‍ തുക ഓഹരികമ്പോളത്തിലെ ചൂതാട്ടത്തിനു ലഭിക്കുമെന്നതാണ് വിദേശമൂലധനത്തെ സന്തോഷിപ്പിക്കുന്നത്. ഓഹരി വിപണി മെച്ചമെങ്കില്‍ ലാഭം കിട്ടും. നഷ്ടമെങ്കില്‍ നിക്ഷേപസംഖ്യ നഷ്ടപ്പെട്ടതു തന്നെ.
|
|
പങ്കാളിത്ത പെന്‍ഷനില്‍ ചേരുന്നവര്‍ക്ക് ജനറല്‍ പ്രോവിഡന്റ്ഫണ്ടുണ്ടാവില്ല. വിരമിച്ചയാള്‍ മരിച്ചാല്‍ ആശ്രിതര്‍ക്കു ലഭിക്കുന്ന കുടുംബപെന്‍ഷന്‍ ഇല്ലാതാകും.സര്‍വ്വീസ് ജിവനക്കാരുടെ ശമ്പള പരിഷ്‌കരണത്തോടൊപ്പമുള്ള പെന്‍ഷന്‍ പരിഷ്‌കരണവും ഇല്ലാതാവും. വിലവര്‍ദ്ധന കണക്കിലെടുത്തു ക്ഷാമബത്താ വര്‍ദ്ധനവും ഇല്ലാതാവും. നിലവിലുള്ള പെന്‍ഷന്‍കാരുടെ പെന്‍ഷനും കര്‍ഷകതൊഴിലാളി പെന്‍ഷന്‍ വാര്‍ദ്ധക്യകാലപെന്‍ഷന്‍ മുതലായവക്കും പില്‍ക്കാലത്ത് പെന്‍ഷന്‍ ഫണ്ടുകളെ ഏല്‍പ്പിക്കേണ്ടതായി വരും.