ഒരു പാട് നാളായത്രേ
ഈ കടലൊന്നുറങ്ങിയിട്ടു..
കുടിച്ചിട്ടും കുടിച്ചിട്ടും
വറ്റാത്ത കടലിന്റെ
ഉറവ് തേടിപ്പോയവര്‍
ഇനിയും മടങ്ങിയിട്ടില്ല
ആത്മരഹസ്യങ്ങളില്‍ സ്വയം നടുങ്ങി
സ്വപ്നങ്ങളില്‍ വഴി പിഴച്ചു
അടങ്ങാത്ത ചുഴികള്‍
താനേ ശപിക്കുമ്പോള്‍,
ഓരോ തിരയേറ്റത്തിലും
വായ് പിളരും നോവുകളില്‍
ഉപ്പ് കാറ്റിനാല്‍ നീറ്റലൊതുക്കുന്നവള്‍.
അരുതാത്ത കയ്പ്പുകള്‍
ഒരുപാടുണ്ടാഴത്തില്‍ ഉരുകാത്ത ശിലകളായ്,
വിരല്‍ നീട്ടിയ വെയില്ത്തുുമ്പില്‍
ഉമ്മ വെച്ചൊരു നുര
ആകാശ സ്വപ്നങ്ങളിലലിഞ്ഞില്ലാതാകുന്നു.
മുത്തും പവിഴവും പൂത്ത ചിരി കണ്ടു
സഞ്ചാരികള്‍ മടങ്ങുമ്പോള്‍
ആര്ത്തിലച്ചും കിതച്ചും
കണ്ണീരുപ്പ് ചുവച്ചും
കാത്തിരിപ്പില്‍ കരള്‍ തകര്ന്നും
ഉറങ്ങാതിരിക്കുന്നവള്‍..