മുറ്റത്തുനിറയുന്നൊരാർത്തനാദത്തിലും
മനതാരിലിളകുന്നു സന്തോഷപ്പൊൻതിര.
നാളേറെയായ്
ഒറ്റമുറിയിൽ തളച്ചിട്ട
എന്നെ പുണരുന്ന കുളിർ കാറ്റിൻ വന്യത!
എത്ര ദിനരാത്രങ്ങൾ അസ്വസ്ഥയായി ഞാൻ
നിന്മുന്നിൽ കണ്ണീരൊഴുക്കി നിന്നു.
ആ മനസ്സൊന്നു മാറുവാൻ യാചിച്ച്...
ഖിന്നയായ് പരിഭവം കാട്ടി-
പ്പിണങ്ങി നിന്നു.
നിന്നിലേക്കലിയുവാൻ വെമ്പുന്ന മനസ്സിന്റെ
ഭാരവും പേറിത്തനിച്ചിരുന്നു.
പ്രതികാര ഭാവത്തിൻ ഔന്നത്യ രൂപമായ്
എന്നെയകറ്റി നീ
മാറി നിന്നു.
കാലചക്രത്തിൻ കണക്കുകൾ തെറ്റിച്ച്
വിഘ്നങ്ങൾ മാറ്റി നീ മുന്നിൽ വന്നു,
എല്ലാം പൊറുക്കാൻ പഠിച്ചു നീയെങ്കിലും
എന്നിലെ ഞാനോ കുറുമ്പുകാട്ടി.
കാണാമറയത്ത് നില്ക്കുമ്പോളാണല്ലോ
കാണുവാനേറെക്കൊതിക്കുന്നതും.
കണ്ണീർക്കയത്തിൻ അലകളിലുഴലവേ
കാണുന്നു നിന്നിലെ രൂപമാറ്റം.
ശാന്തമായ് കാണുന്ന നീ തന്നെയല്ലയോ
ഉഗ്രനാം സംഹാരമൂർത്തിയായും
മാലോകർ മുന്നിലി-
ന്നാടിത്തിമിർപ്പതും
നെഞ്ചകം നീറി ഞാൻ നോക്കി നിന്നു.
എല്ലാമറിഞ്ഞിട്ടും മുന്നിലേക്കെത്തുവാൻ
വീണ്ടും കൊതിക്കുന്നതെന്തുകൊണ്ടോ.
നീയാണ് ധന്യത നീയാണ് സൗന്ദര്യം
നീയാണ് പൂർണ്ണത, സാക്ഷാത്കാരം.
നിന്നിൽ നിന്നുതിരുന്ന സുന്ദര ഗാനത്തിൽ
ശ്രുതിമീട്ടിയലിയുന്നു ആത്മാംശമായ്
നിറവായ്... നിനവായ് ... നന്മതൻ കണികയായ്
എന്നിലേക്കൊഴുകുക നിത്യ വസന്തമായ്.