Sree Parvathy
ഒരു കഥകളിയരങ്ങില്‍ നിന്നാണ്, ലളിതാവേഷം കെട്ടിയ പൂതന ഭൂമിയിലേയ്ക്കിറങ്ങി വന്നത്. ആടിയഭിനയിക്കുന്ന പെരുവണ്ണൂര്‍ കേശവനാശാന്‍റെ കണ്ണില്‍ നിന്ന് തീയ് ചിതറിയത് കാണാന്‍ മുന്നിലിരിക്കുന്നവര്‍ പോലും കണ്ടില്ല. കംസന്‍റെ വിറയ്ക്കുന്ന വാക്കുകളില്‍ നിന്ന് ഓടിയൊളിയ്ക്കാന്‍ കൊതിച്ച ലളിത മാത്രമായിരുന്നു അവളപ്പോള്‍ .കഥകളി വേഷം അഴിച്ചു വച്ച് ലളിത കേശവനാശാന്‍റെ മുന്നില്‍ കാഴ്ച്ചകാരിയായി നിന്നു. ആത്മാവില്ലാതെ ആടുന്ന ആശാന്‍റെ പിഴകള്‍ പൊറുക്കണേ എന്നു പ്രാര്‍ത്ഥിച്ച് ലളിത അധികം താമസിയാതെ കളരി വിട്ടിറങ്ങി.
ആട്ട വിളക്കിന്‍റെ ശോഭയില്‍ ആടിക്കൊണ്ടിരുന്ന ലളിതാ രൂപത്തിലുള്ള പൂതനയുടെ സൌന്ദര്യം താരതമ്യങ്ങള്‍ക്കുമപ്പുറമായിരുന്നു. മിനുക്കിന്‍റെ ശോഭയ്ക്കുമപ്പുറം ചമയക്കാരന്‍എ കൈവേലകള്‍ കടന്ന് പൂതനയാവേശിച്ച കേശവനാശാന്‍ അരങ്ങ് വാഴുക തന്നെയായിരുന്നു.
"കന്നൽക്കണ്ണികൾമൗലി രത്നകലികാരൂപം ധരിച്ചാദരാൽ
പൊന്നിന്മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാൾ
പിന്നെചെന്നവൾ ഗോകുലേ കുളിർമുലക്കുന്നിന്നുമീതേ ചിരം
മിന്നും ചന്ദ്രികപോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാൾ"
കാമോദരി രാഗം ശ്രീപദം വേണുവിന്‍റെ ശബ്ദത്തില്‍ ഒഴുകുന്നു. കേശവനാശാനിലൂടെ പുനര്‍ജ്ജനിച്ച് ഭൂമിയിലിറങ്ങിയ പൂതന മെല്ലെ നടന്നു. നിലാവുള്ള രാത്രിയില്‍ നീണ്ടു കിടക്കുന്ന റോഡിലൂടെ.
ഇപ്പോഴിങ്ങനെയൊരു ജന്‍മം വേണ്ടിയിരുന്നോ, അവള്‍ സ്വയമാലോചിച്ചു. വ്യവസ്ഥിതിയുടെ നിര്‍ബന്ധം.
തനൊരുക്കുന്ന വിധിയില്‍ ഈ വ്യവസ്ഥിതിയുടെ നാളത്തെ സാത്താന്‍മാര്‍ പിടഞ്ഞു തീരുമെന്നത് പൂതനയുടെ ആത്മവീര്യം കെടുത്തുന്നുണ്ടായിരുന്നു.
ചെകുത്താനായിരിക്കാം, പക്ഷേ അരും കൊലകള്‍ .
ഒരിക്കല്‍ ചോരയും നീരുമെടുത്ത് അറപ്പുമാറിയ തന്‍റെ മനസ്സ് ഇപ്പോള്‍ എത്ര നിര്‍മ്മലപ്പെട്ടു എന്നോര്‍ത്ത് അവള്‍ നടുങ്ങി.
പാടില്ല, ഘോര ആജ്ഞയാണ്, കാലത്തിന്‍റെ .
കൊടും വിഷം മുലകളിലേയ്ക്ക് പുരട്ടുമ്പോള്‍ എവിടെ നിന്നോ കേട്ട കുഞ്ഞിന്‍റെ കരച്ചില്‍ അവളെ ഉണര്‍ത്തി. അടിവയറ്റിലെ ഏതോ ഞരമ്പ് പിടയ്ക്കുന്നു, ഒരു കാലല്‍ .
"എന്‍റെ കാലമേ, നീയെന്നെ തന്നെ ഈ പരീക്ഷണത്തിനൊരുക്കിയല്ലോ. ഒരു കുഞ്ഞിന്‍റെ മാതൃത്വം മോഹിച്ച എനിക്കു നീ ആയിരം കുഞ്ഞി വായുടെ ദാഹം തീര്‍ക്കാന്‍ കനിവു നല്‍കി, പക്ഷേ ."
ഇല്ല . തളര്‍ന്നിരുന്നു കൂടാ .
"കൊണ്ടൽനിര കൊതികോലും കോമളമാം തവമേനി
കണ്ടീടുന്ന ജനങ്ങടെ കണ്ണുകളല്ലോ സഫലം
കണ്ണുനീർകൊണ്ടു വദനം കലുഷമാവാനെന്തുമൂലം
തൂർണ്ണം ഹിമജലംകൊണ്ടു പൂർണ്ണമാമംബുജമ്പോലെ
പല്ലവമൃദുലമാകും പാദം പാണികൊണ്ടെടുത്തു
മെല്ലവേ മുഖത്തണച്ചു മന്ദം പുഞ്ചിരിതൂകുന്നു"
"കണ്ണാ . ചിരിച്ചു കൊണ്ട് അന്ന് നീ നോക്കിയ നോട്ടം ഞാനിന്നും മറന്നിട്ടില്ല, " പൂതന മെല്ലെ വരികള്‍ മൂളിക്കൊണ്ടു നടന്നു.
ഇരുണ്ട വഴിയില്‍ അവള്‍ ഒറ്റയ്ക്കായിരുന്നു. ഗ്രാമത്തിന്‍റെ നിര്‍മ്മലതയില്‍ അവള്‍ എപ്പോഴോ കേശവനാശാനിലേയ്ക്ക് വീണ്ടും ചാഞ്ഞു. എത്ര അനായാസമായാണ്, ആശാന്‍ പൂതനയെ അവതരിപ്പിക്കുക. പിന്നെ സുഭദ്ര .
അര്‍ജ്ജുനന്‍റെ മുന്നില്‍ നമ്രമുഖിയായി ആട്ടവിളക്കിന്‍റെ ശോഭയില്‍ സുഭദ്ര നില്‍ക്കുന്നതു കണ്ടാല്‍ ആരാണ്, അവളെ മോഹിച്ചു പോകാത്തത്. കഥകളി അഭിനയത്തില്‍ കേശവന്‍ ആശാനെ കടത്താന്‍ ആരുമില്ല, നവരസങ്ങളും എത്ര ആയാസേനയാണ്‍ പ്രതിഫലിക്കുക .
നടത്തത്തിന്‍റെ ഒഴുക്കില്‍ ഒരു കുഞ്ഞു കരച്ചില്‍ അവളെ കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തൈലിലേയ്ക്ക് തിരിച്ചെടുത്തു.
അകക്കണ്ണിലൂടെ അറിയാനാകുന്നുണ്ട്, ഇവന്‍ നാളെ കാലുനാട്ടാന്‍ പോകുന്ന ലോകങ്ങള്‍ .ധാര്‍ഷ്ട്യത്തോടെ നേരിടാന്‍ പോകുന്ന പെണ്ണുടലുകള്‍ ,എരിയുന്ന തീയ്, അലറുന്ന ജീവനുകള്‍ . അകക്കാഴ്ച്ചകള്‍ പൂതനയ്ക്ക് ഊര്‍ജ്ജം പകര്‍ന്നു.
പുനര്‍ജ്ജന്‍മത്തിലെ തന്‍റെ ആദ്യ കുഞ്ഞ് .
കരഞ്ഞു മയങ്ങിയ അവനിലേയ്ക്ക് വളരെയെളുപ്പം പൂതന ആവാഹിക്കപ്പെട്ടു. ചുരുണ്ട മുടി, ഉണങ്ങിയ നീര്‍ത്തടാകം പോലെ കവിളുകള്‍ ,
"എന്‍റെ കാലമേ ഇത്ര പരീക്ഷണമോ ."
വീണ്ടും അലറിക്കരയുന്ന ഉടലുകളുടെ തീക്ഷ്ണത അവളെ പൊള്ളിച്ചു. കുഞ്ഞിനെ മെല്ലെയുണര്‍ത്തി, അവനിലേയ്ക്ക് തന്‍റെ മാതൃത്വത്തെ ഉണര്‍ത്തി വിടുമ്പോള്‍ പൂതന കരയുകയായിരുന്നു. കുഞ്ഞു ചുണ്ടുകള്‍ കൊണ്ട് അവനേല്‍പ്പിക്കുന്ന പിടച്ചിലുകള്‍, കൊച്ചരിപ്പല്ലുകള്‍ കൊണ്ടുള്ള ചെറിയ നോവുകള്‍ , അധിക നേരം കഴിയുന്നതിനു മുന്‍പു തന്നെ എല്ലാം ശാന്തം. തുറിച്ച കണ്ണുകളുമായി അവന്‍ മടിയില്‍ കിടക്കുന്നു.
അവനെ തിരികെ തൊട്ടിലില്‍ കിടത്തി പൂതന എഴുന്നേറ്റു. ഹൃദയത്തിന്‍റെ പിടച്ചില്‍ സഹിക്കാനാകുന്നില്ല. ഭാവിയില്‍ ഇവന്‍ ഭീകരനാകുമെന്നു കൌരുതി ഇപ്പോഴേ ഇല്ലാതാക്കണോ . അന്ന് ശിക്ഷിച്ചാല്‍ പോരെ .
കാലത്തിനോട് അവള്‍ക്ക് ഈര്‍ഷ്യ തോന്നി. പക്ഷേ ഏല്‍പ്പിച്ച ജോലിയില്‍ പിഴവില്ല. വാക്ക് ഒന്നേയുള്ളൂ, ആ വാക്കിനു മേല്‍ താന്‍ അടിമയാണ്.
നനഞ്ഞ കണ്ണുകളുമായി ഉലഞ്ഞ വസ്ത്രം വാരിച്ചുറ്റി ലളിത വേഷം തിരിച്ച് റോഡിലേയ്ക്കിറങ്ങി. അന്ധകാരം കനത്തിരിക്കുന്നു. തനിയ്ക്കുണ്ടോ ഭയം. പരിചിതമായ വഴികള്‍ പോലെ പൂതനയെ വഴികള്‍ കൂടുതല്‍ ഇരുട്ടിലേയ്ക്ക് ഒറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
ചെറിയ മഞ്ഞ് പൊഴിയുന്നു. തണുപ്പിന്‍റെ വിരിപ്പിനുമേല്‍ ഒടുങ്ങാത്ത മാതൃത്വത്തിന്‍റെ വൈകാരികതാപവുമായി പൂതന നടന്നു കൊണ്ടേയിരുന്നു.
പെട്ടെന്ന് കേട്ട ഒച്ചയില്‍ പൂതന ഒന്നു നടുങ്ങി. എന്താണ്, സംഭവിച്ചതെന്ന് മനസ്സിലാകുന്നതിനു മുന്‍പ് അറിയാത്ത ഗന്ധത്തിന്‍റേയും സ്വരങ്ങളുടേയും നടുക്ക് അവള്‍ വീണു പോയി. ഒരു കൂട്ടം മനുഷ്യര്‍ . കാലത്തിന്‍റെ വാക്കുകളില്‍ സാത്താന്‍മാര്‍ .
പൂതന അല്‍പ്പനേരത്തേയ്ക്ക് നിസ്സഹായയായ ഒരു പെണ്ണു മാത്രമായിപ്പോയി. തന്നിലുള്ള ദൈവികത്വത്തെ മറന്ന് ആണുടലിന്‍റെ ധാര്‍ഷ്ട്യത്തില്‍ നിന്ന് തന്‍റെ ശരീരത്തെ രക്ഷിക്കാനുള്ള അലമുറയില്‍ അവള്‍ അറിയാതെ പെട്ടു പോയി.
അവര്‍ അഞ്ചു പേരുണ്ടായിരുന്നു. കൊണ്ടു പോയത് അടുത്തുള്ള ടൌണിലെ അവര്‍ വാടകയ്ക്ക് എടുത്തിട്ട ചെറിയ വീട്ടിലേയ്ക്ക്. പൂതന പിടഞ്ഞു കൊണ്ടേയിരുന്നു. മുറിയില്‍ അലസമായി വിരിച്ചിട്ട കിടക്കയ്ക്കു മുകളിലേയ്ക്ക് തളര്‍ന്നു വീഴുമ്പോള്‍ അവളില്‍ കനലുകള്‍ ആളാന്‍ തുടങ്ങിയിരുന്നു. കംസന്‍ എവിടെയോ ഇരുന്ന് അലറി ചിരിക്കുന്നു, ഗദയുയര്‍ത്തി ബലഭദ്രന്‍ അടുത്തു വരുന്നു, നിരാലംബയായി സീതാ ദേവി രാവണനെ നോക്കി ശാപവാക്കുകള്‍ ഉരുവിടുന്നു.
ചരിഞ്ഞു വീണ പൂതനയുടെ മുകളിലേയ്ക്ക് ഉടലുകളില്‍ ചൂട് പിടിച്ച് ആരൊക്കെയോ അമര്‍ന്നപ്പോള്‍ അവളുടെ ശരീരവും ചൂട് ഏറ്റു വാങ്ങി പുകയാന്‍ ആരംഭിച്ചു.
അണ്ടഗോളങ്ങളെ തന്നിലേയ്ക്കാവാഹിച്ച് ജന്‍മരഹസ്യങ്ങളുടെ കലവറ തേടി ആണുടലുകള്‍ യാത്ര തുടങ്ങിയപ്പോള്‍ പൂതന നിസ്സംഗയായിരുന്നു. മൃതിയുടെ കാളകൂട വിഷം പുരുഷത്വത്തിന്‍റെ അവസാന തുള്ളിയോടൊപ്പം ചോരയും ഊറ്റിയെടുത്തു തുടങ്ങിയപ്പോള്‍ വേര്‍പെടാനാകാത്ത ശരീരങ്ങളില്‍ അഗ്നി പടര്‍ന്ന് കത്താന്‍ തുടങ്ങി, അതു വ്യാപിച്ചു, കണ്ടു നിന്നവരിലേയ്ക്കും ശീല്‍ക്കാരത്തിലമര്‍ന്നവരിലേയ്ക്കും.
ഒടുവില്‍ ജീവന്‍റെ അവസാന തുള്ളിയും സ്വയമേറ്റു വാങ്ങി പൂതന കിടക്ക വിട്ടെഴുന്നേറ്റു. ഇതൊരു ബോണസ്, കാലത്തിനു. നിരന്തരം ആവര്‍ത്തിക്കുന്ന ആണ്‍ധിക്കാരത്തിന്‍റെ തലയ്ക്കേറ്റ അടി.
അടുത്ത വീട്ടില്‍ കുഞ്ഞിന്‍റെ കരച്ചില്‍ കയറുമ്പോള്‍ പൂതന ലളിതയുടെ മുഖം കൈവിട്ടിരുന്നു. തന്‍റെ മുഖത്തേന്തിയ ഭീകരതയെ സ്തന്യത്തിലാവാഹിച്ച് കുഞ്ഞിനു പാല്‍ കൊടുക്കുമ്പോള്‍ അവളില്‍ ഞരമ്പുകള്‍ പിടഞ്ഞില്ല. കണ്ണുകളില്‍ എരിഞ്ഞ ജ്വാലയ്ക്ക് പ്രതികാരത്തിന്‍റെ നിറം മാത്രമായിരുന്നു.
താന്‍ ജീവനെടുത്ത ഒരാളുടെ മുഖത്തും കരുണയൂറുന്ന കണ്ണുകള്‍ കാണാന്‍ കഴിയാത്തതോര്‍ത്ത് പിന്നീടവള്‍ ദുഖിച്ചില്ല. തന്നെ കൊതിപ്പിക്കുന്ന ചിരിയില്ലെന്നോര്‍ത്ത് വേദനിച്ചില്ല. ആത്മനിവേദ്യം പോലെ ഓരോ യാത്രയിലും അവള്‍ ചിരിച്ചു. ഇതെന്‍റെ അവകാശമെന്ന മട്ടില്‍ ഉറക്കെ ചിരിച്ചു.
* പൂതനയുടെ വേഷം ആട്ടക്കഥയില്‍ മോഹിനി ആയി മാത്രമേ ഇപ്പോള്‍ ആടാറുള്ളൂ. അതായത് കണ്ണനു പാല്‍ കൊടുക്കാന്‍ മോഹിനീ രൂപം കെട്ടി വരുന്ന പൂതനയാണത്.