Jyothi Tagore

മനസ്സിന് ശരിയെന്ന് തോന്നുന്ന ചില തെറ്റുകള്‍

വാതിലില്‍ തുടരെ മുട്ട് കേട്ടു.ആരോ പുറത്തുണ്ട്. സീല്‍ക്കാരങ്ങള്‍ പുളയ്ക്കുന്ന കിടപ്പറയിലേയ്ക്ക് ആ ശബ്ദം കടന്ന് വരാന്‍ വൈകിയതുമാകാം.രതിവേഗങ്ങളില്‍ നിന്ന് പിടഞ്ഞകന്ന് വസ്ത്രങ്ങള്‍ വാരിയണിയുന്നേരം ,ഉടല്‍ വിറച്ച് അവളെന്നെ നോക്കി. അല്‍പ്പം മുമ്പെ എന്റെ സിരകളില്‍ തീ പടര്‍ത്തിയ മിഴികളില്‍ നോക്കാന്‍ അധീരനായി ഞാന്‍ നിന്നു.വാതിലില്‍ മുട്ടുന്ന ശബ്ദത്തിന് പിന്നാലെ കോളിംഗ് ബെല്‍ അക്ഷമയോടെ ചിലച്ചു തുടങ്ങിയപ്പോഴാണ് പെട്ടു പോയ അപകടത്തിന്റെ ആഴം ഞാന്‍ തിരിച്ചറിഞ്ഞത്. അവളുടെ ഉടലിന്റെ വിറയല്‍ എന്റെ നെഞ്ചിടിപ്പായി പടരവെ, ഞാന്‍ സ്വയം വിളിച്ചു -


"ജാരന്‍ "


ബാത് റൂമിലേയ്ക്ക് എന്നെ ഒളിപ്പിക്കാന്‍ തുനിഞ്ഞ് ,പിന്നെയത് വേണ്ടെന്ന് വെച്ചവള്‍ എന്നെയും വലിച്ച് അടുക്കള വാതില്‍ വരെ എത്തിയതാണ്. സ്നേഹമയിയായ അയല്‍ക്കാരിയുടെ നിഴല്‍ അവരുടെ ടെറസ്സില്‍ കാണ്‍കെ അടുക്കളയുടെ ജന്നല്‍ വെട്ടത്തില്‍ നിന്നും ഞങ്ങള്‍ പിന്‍വാങ്ങി.ഒടുവില്‍ ഇനിയും തുറക്കാതിരിക്കാനാവാത്ത വിധം വൈകിയെന്ന് തോന്നി അവള്‍ കരഞ്ഞ് നില്‍ക്കെ,"ലോകമിതാ അവസാനിക്കാന്‍ പോകുന്നു " എന്ന മരവിപ്പോടെ ഞാന്‍ വാതില്‍ തുറന്നു. അവളുടെ ഭര്‍ത്താവിന്റെ കൈക്കരുത്ത് എന്നെ ജയിക്കില്ലെന്ന മനക്കണക്കിനപ്പുറം ഒരു ഉള്‍ഭയം അന്നേരം എന്നെ വലയം ചെയ്തു.


5b279f71-394c-49f4-876a-c5365d957f54


കടുത്ത വേനലില്‍ വിയര്‍ത്തും വല്ലാതെ തളര്‍ന്നും അവളുടെ മകനാണ് പുറത്തു നിന്നിരുന്നത്. ആ പ്രൈമറി ക്ലാസുകാരന്റെ അപരിചിതത്വം സ്ഫുരിക്കുന്ന കണ്ണുകള്‍ക്ക് മുന്നില്‍ ചൂളി ഒരടി പിന്നാക്കം വെച്ചു. പിന്നെ, അവനെ മറികടന്ന് ഇറങ്ങുന്നേരം, പുറത്തെ വേനല്‍ അവന്റെ കുഞ്ഞിക്കണ്ണുകള്‍ക്ക് സമ്മാനിച്ച ഇരുട്ടില്‍ നിന്നവന്റെ അമ്മയുടെ തേങ്ങല്‍ പൊട്ടി വീഴുന്നുണ്ടായിരുന്നു. ആ നോട്ടം മുറുകുന്നത് അവഗണിക്കാന്‍ കഴിയാഞ്ഞതെന്തെന്ന അദ്ഭുതത്തോടെ ഗേറ്റ് കടക്കുമ്പോള്‍ അകത്തെന്തോ വീണുടയുന്ന ശബ്ദം കേട്ടു.


ആ ദിവസം എന്റെ തലയ്ക്ക് മുകളില്‍ ഉരുകിയൊലിച്ച് കൊണ്ടേയിരുന്നു. ഓരോ തെറ്റും അതിന്റെ ലഹരിക്കുള്ളില്‍ മറച്ചു വെച്ചിരിക്കുന്ന കുറ്റബോധത്തിന്റെ മുള്‍മുനകള്‍ വീണ്ടുമെന്നെ മുറിവേല്‍പ്പിക്കാ നെത്തി. പശ്ചാത്തപിക്കാന്‍ പാപിക്ക് ഒരവസരം കൂടി- ഇത്തവണയും രക്ഷപ്പെട്ടിരിക്കുന്നു. ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനടുത്തെത്തുമ്പോഴെയ്ക്കും മാന്യതയുടെ പരകായപ്രവേശം പൂര്‍ത്തികരിച്ച് ഞാന്‍ പ്രസന്നത ഭാവിച്ചു. പരിചിതഭാവേന ചിരിച്ച മുറുക്കാന്‍ കടക്കാരന്റെ പതിവ് നിസ്സംഗതയിലേയ്ക്ക് ചുഴിഞ്ഞ് നോക്കാന്‍ തോന്നിയതെന്തേ-റിയര്‍വ്യു ഗ്ലാസിലൂടെ അയാളെ ഒളികണ്ണാല്‍ നോക്കി, ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.


9ebcf32e-6c4a-49d2-a0e9-b25f059626e3


രാത്രി ഏറെ വൈകിയിരുന്നു. പതിഞ്ഞ താളത്തില്‍ കേള്‍ക്കുന്ന, ഭാര്യയുടെ കൂര്‍ക്കം വലികളില്‍ ഉറക്കം മുറിഞ്ഞ് ഞാന്‍ കിടന്നു. അരണ്ട വെളിച്ചത്തില്‍ മാറിടം ഉയര്‍ന്നും താണും; കുറച്ച് മുടിയിഴകള്‍ അവയ്ക്ക് മേല്‍ വിലങ്ങനെ വീണും അവള്‍ ഗാഢമായി ഉറങ്ങുന്നു. എന്നെപ്പുണര്‍ന്ന് , ഉറക്കത്തിനിടയില്‍ അയഞ്ഞ് പോയ അവളുടെ കൈ വിടുത്തി ഞാന്‍ എഴുന്നേറ്റു. കല്യാണ നാളുകളില്‍ തേനൂറുന്ന നിലാവ് തന്ന ചന്ദ്രന്‍ , പിന്നെപ്പിന്നെ ഞങ്ങളുടെ അവഗണനയില്‍ പരിഭവിച്ച് ഉദിച്ച് നില്ക്കുന്ന പുറംദൃശ്യത്തിലേയ്ക്ക് ഞാന്‍ ജാലകം തുറന്നിട്ടു. ചന്ദ്ര കിരണങ്ങളിലെ നേര്‍ത്ത തണുപ്പേറ്റിട്ടും എന്റെയുള്ളിലെ ചൂട് കൂടി കൂടി വന്നു. മേഘശകലങ്ങല്‍ക്കിടയില്‍ ചന്ദ്രബിംബം മറയുന്നതും തെളിയുന്നതും , അതില്‍ മനസ്സര്‍പ്പിക്കാനാകാതെ ഞാന്‍ നോക്കി നിന്നു.


ഞങ്ങള്‍ പ്രണയിച്ചിരുന്ന കാലത്തെന്ന പോലെ, അവള്‍ സ്നേഹമയിയും സുന്ദരിയുമായി കാണപ്പെട്ടു. ഏറെ നാളുകള്‍ക്ക് ശേഷം അവളുടെ മുന്നില്‍ ഇരിക്കുമ്പോള്‍, തലേന്നത്തെ പകല്‍ എന്നില്‍ നിന്ന് മാഞ്ഞ് പോയിരുന്നില്ല- ആ പ്രൈമറി ക്ലാസുകാരന്റെ നോട്ടവും. "നിന്നിലേയ്ക്കുള്ള എന്റെ യാത്രകള്‍ തീര്‍ത്ഥാടനങ്ങളാണല്ലോ കുട്ടീ... പാപങ്ങള്‍ കുന്നു കൂടുമ്പോള്‍ വേറെന്ത് അത്താണിയാണുള്ളത്?"- മനസ്സ് മന്ത്രിച്ചു.


334cb66e-22cd-4b33-80f3-c2ed44f69c5b


"സുഖമാണോ നിനക്ക് " എന്ന പതിവ് ഔപചാരികതയോട് അവള്‍ ചിരിച്ചതേയുള്ളൂ.


"ചേട്ടന് സുഖമാണോ" എന്നവള്‍ ചോദിച്ചപ്പോള്‍ എനിക്ക് ചിരിക്കാന്‍ കഴിഞ്ഞതുമില്ല. റസ്റ്റോറന്റിന്റെ ഭിത്തികളില്‍, ചാഞ്ഞിറങ്ങുന്ന വെയിലിലേയ്ക്ക് നോട്ടം മാറ്റുമ്പോള്‍ അവള്‍ ചോദിച്ചു - "എന്താ വിശേഷിച്ച് "


"എന്താ....നിനക്ക് ധൃതിയുണ്ടോ" എന്ന് ചോദിച്ചപ്പോള്‍ അവള്‍ നിഷേധാര്‍ത്ഥത്തില്‍ ചുമലുയര്‍ത്തുകയും , മുന്നിലിരുന്ന ഐസ്ക്രീം ശ്രദ്ധാപൂര്‍വ്വം നുണയുകയും ചെയ്തു.


റസ്റ്റോറന്റിന്റെ അരികിലെ റോഡിലൂടെ നിരങ്ങി നീങ്ങിയ കാറിനെ പിന്തുടര്‍ന്ന് എന്റെ നോട്ടം തിരക്കൊഴിഞ്ഞ ബീച്ചിനെ ചുറ്റി വന്നു. അന്നേരം അവള്‍ നിറഞ്ഞ സ്നേഹത്തോടെ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.


"ചായ തണുത്ത് പോകും, കുടിക്ക്..." അവള്‍ കപ്പ് എന്റെ നേര്‍ക്കല്പം നിരക്കി വെച്ചു. ചുണ്ടുകളില്‍ ഐസ്ക്രീമിന്റെ നനവ്.


"എന്താ പറയാനുള്ളത്? കഴിഞ്ഞ തവണ കണ്ടപ്പോളും ഒന്നും മിണ്ടാതെ കുറെ നേരം...."


ചായക്കപ്പ് കൈയിലെടുത്ത് ഞാന്‍ വികാരശൂന്യമായി ചിരിച്ചു-" നിന്നോട് പറയാനുള്ള വാക്കുകളൊക്കെ എന്നേ തീര്‍ന്ന് പോയതാണ്..."


"സെന്റിമെന്റ്സാണോ, എനിക്ക് കേള്‍ക്കണ്ട." - അവള്‍ ചിറി കോട്ടി. "പണ്ടേ നമ്മള്‍ യോജിക്കാത്തത് ഇക്കാര്യത്തിലാണ്."


501ac3a1-1b6e-4845-ac95-5ef458b4a8b5


ആ നിമിഷങ്ങള്‍ വര്‍ഷങ്ങള്‍ക്ക് പിന്നില്‍ നിന്ന് ഉയിരെടുത്തതാണോ- എന്റെ പ്രണയിനിയുടെ കണ്ണുകളില്‍ പഴയ കുറുമ്പും വാശിയും. മുഖത്ത് വിടര്‍ന്ന കുസൃതി,കപ്പിലെ അവസാനതരി ഐസ്ക്രീം തരി തോണ്ടിയെടുക്കുന്ന ശ്രദ്ധയില്‍ അലിയിച്ച് കളഞ്ഞിട്ട് അവള്‍ മുഖമുയര്‍ത്തി.


"വീട്ടിലെന്തെങ്കിലും പ്രോബ്ലമുണ്ടോ?"ഒന്ന് ചിരിച്ചിട്ട് അവള്‍ തുടര്‍ന്നു"ഭാര്യയുമായി ​എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചോദിക്കുന്നില്ല"


ചുണ്ടുകളോടടുപ്പിച്ച ചായക്കപ്പ് വിലങ്ങനെ പിടിച്ച് ഞാനവളെ ചോദ്യപൂര്‍വ്വം നോക്കി.


"ഒരുപാട് കളവ് പറയുന്നയാള്‍ക്ക് ഞാനായെന്തിന് ഒരു ചാന്‍സ് കൂടി നല്‍കണം?" പൊട്ടിച്ചിതറി വീണ ചിരിയോടൊപ്പമായിരുന്നു അവള്‍ പരിഹാസ വചനം പൂര്‍ത്തിയാക്കിയത്."ആ കുട്ടി വളരെ നല്ലതാണെന്ന് എനിക്കറിയാം". പിന്നെ മറ്റാര്‍ക്കും ചിരിക്കാനാകാത്തത്ര സ്നേഹത്തോടെ എന്റെ കണ്ണുകളില്‍ നോക്കിച്ചിരിച്ചു.


3fb16eed-9a1f-4ad3-ba2e-889a3405cac5


പ്രണയപൂര്‍വ്വം സംഗമിക്കാനൊരുങ്ങുന്ന കമിതാക്കളെപ്പോലെ സൂര്യനും കടലും അരുണാഭയാര്‍ന്ന് തുടങ്ങി. ഇടയ്ക്കെപ്പോഴോ ടേബിളിലെത്തിയ ക്യഷ് ബില്‍ കൈയില്‍ ചുരുട്ടിപ്പിടിച്ചള്‍ ​എഴുന്നേറ്റു.സാന്ധ്യശോഭയില്‍ അവളെക്കാണാന്‍ എന്ത് ഭംഗിയാണ്.ക്രമാതീതമായി വളര്‍ന്ന് നില്‍ക്കുന്ന,കീഴ്ത്താടിയിലെ ഇരട്ട രോമങ്ങളെ നോക്കി, സംസാരിക്കുമ്പോള്‍ വിലങ്ങനെ ആടുന്ന തലയുടെ ചലനങ്ങള്‍ നോക്കി, എന്നെക്കാണുമ്പോള്‍ തിളങ്ങുന്ന കണ്ണുകളില്‍ നോക്കി ഞാനിരുന്നു. കടല്‍ കവര്‍ന്നെടുത്ത വെളിച്ചത്തിന്റെ അടരുകള്‍ അവളുടെ ചുമലിലെ നനുത്ത രോമങ്ങളിലേയ്ക്ക് പാറി വീണ് കൊണ്ടേയിരുന്നു. ടേബിളില്‍ കൈ കുത്തി എന്റെയരികിലേയ്ക്ക് കുനിഞ്ഞ് ഒട്ട് നാടകീയത നടിച്ച് അവള്‍ പറഞ്ഞു - "ഇരുള്‍ വീണാല്‍ ദൃംഷ്ടകള്‍ മുളയ്ക്കുന്ന നഗരപാതകള്‍ താണ്ടി വീട്ടിലെത്തേണ്ടതാണ് കൂട്ടുകാരാ..പോകാനനുവദിച്ചാലും."


ഇളകിയാടുന്ന, അവളുടെ ഷാളിന്റെ സ്പര്‍ശം എനിക്കപ്പോള്‍ കാറ്റിനേക്കാള്‍ ഹൃദ്യമായിത്തോന്നി.


കൗണ്ടറില്‍ നിന്ന് ചില്ലറയ്ക്ക് പകരം കിട്ടിയ മിഠായി രണ്ടായി പകുത്ത് എനിക്ക് മുന്നെ അവള്‍ റസ്റ്റാറന്റിന്റെ പടികളിറങ്ങി. അന്നേരം ഞാന്‍ വിളിച്ചു - "കുഞ്ചീ.."


"ഓ..." എന്ന് ആശ്ചര്യപ്പെട്ട് അവള്‍ തിരിഞ്ഞ് നിന്നു. പടിഞ്ഞാറെ ചക്രവാളത്തില്‍ നിന്ന് വിസരിച്ച് എത്തുന്ന പ്രകാശത്തില്‍ അവ്യക്തമായിപ്പോയ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞു-"എനിക്കൊന്ന് കുമ്പസാരിക്കണം"


6622c5a9-1c4d-46b9-9b74-b1020e79163e


വലിയ തമാശ കേട്ടതു പോലെ അവള്‍ ഉച്ചത്തില്‍ ചിരിച്ചു. ഞാവന്‍ പതറി ചുറ്റും നോക്കി. എന്നിട്ട് രഹസ്യം പോലെ പറഞ്ഞു-"ഐ ആം സീരിയസ്...എനിക്ക് നിന്റെ മുന്നിലൊന്ന് കുമ്പസാരിക്കണം."


അവള്‍ ചിരി അമര്‍ത്തി എന്നെ നോക്കി-"ഞാനെന്താ പ്രീസ്റ്റാണോ?"


മുന്നോട്ടാഞ്ഞ് നടന്ന അവള്‍ക്കൊപ്പമെത്തി ആ വിരലുകള്‍ ചേര്‍ത്തമര്‍ത്തി."എനിക്കിത് വയ്യ..."


"എന്ത് ?" അവള്‍ കഴുത്ത് വെട്ടിച്ച് നോക്കി.


"നീ ചിന്തിച്ചിട്ടില്ലെ, നമ്മള്‍ എന്ത് കൊണ്ട് വിവാഹിതരായില്ലായെന്ന്.."


"എന്നെങ്കിലും ഞാനാവശ്യപ്പെട്ടിട്ടുണ്ടോ" എന്ന് മറുചോദ്യം.


എനിക്ക് തുടരണമെങ്കില്‍ ​മറുപടി ആവശ്യമായിരുന്നു.


"നീ മനസ്സില്‍ ആഗ്രഹിച്ചിട്ടില്ലേ..ഒരു വട്ടമെങ്കിലും??"


അവള്‍ വീണ്ടും ചിരിച്ചു-"കള്ളം പറഞ്ഞിട്ടെന്തിനാ,ഒരു വട്ടമല്ല...നൂറ് തവണ കൊതിച്ചിട്ടുണ്ട്."


അര്‍ദ്ധോക്തിയില്‍ വേദന കലര്‍ത്തി അവള്‍ തിരകളെ നോക്കി നിന്നു.


ആരോ ഉപേക്ഷിച്ച പഴയൊരു ചെരുപ്പ് തിരമാലകളാലുയര്‍ന്ന് എന്റെ കാല്‍ച്ചുവട്ടിലെത്തി.


ഞാനത് തട്ടി വീണ്ടും തിരമാലകള്‍ക്ക് തന്നെ നല്‍കി.


a13952a7-e3fa-441a-b861-17b77de10e5c


"പക്ഷെ...."അവളുടെ ശബ്ദം ദുര്‍ബലമായി."പക്ഷെ ഒരിക്കല്‍ പോലും എനിക്ക് പ്രണയം തിരികെ ലഭിച്ചില്ല" വാക്കുകള്‍ക്ക് സൂചിമുനയുടെ കൃത്യത.


തണുത്ത് തുടങ്ങിയ കടലില്‍ നിന്ന് അവസാനത്തെ ഉഷ്ണക്കാറ്റ് എന്നെത്തേടിയെത്തി.


"ഒരുപാടിഷ്ടമാണെന്നെ...എനിക്കറിയാം."എന്റെ അരികിലേയ്ക്ക് ചേര്‍ന്ന് നിന്നവള്‍ മന്ത്രിച്ചു. "പക്ഷെ, അതൊരിക്കലും പ്രണയമല്ല."


(അവളെ നോക്കാതിരിക്കാന്‍ മാത്രം) ‍ഞാന്‍ മിഴി നട്ടിരുന്ന പാറക്കൂട്ടത്തില്‍ ഒരു തിര വീണ് പൊട്ടിച്ചിതറി.


"പ്രണയത്തില്‍ സന്ദേഹങ്ങളില്ല...തീരുമാനങ്ങളേയുള്ളു. ചോദ്യങ്ങളില്ല...ഉത്തരങ്ങളേയുള്ളു."


തിരമാലകള്‍ ശക്തി പ്രാപിക്കുന്നത് കാല്‍വിരല്‍ കൊണ്ട് ഞാനറിഞ്ഞു. എങ്കിലും ഞാന്‍ കടലിലേയ്ക്ക് കുറെക്കൂടി ഇറങ്ങി നിന്നു.തിരമാലകളുടെ ശബ്ദത്തില്‍ അവളുടെ വാക്കുകള്‍ നേര്‍ത്തു പോകുന്നത് എനിക്കപ്പോള്‍ ആശ്വാസമായിത്തോന്നി.


"നമ്മള്‍ ഒരുമിച്ചായിരുന്ന നിമിഷങ്ങളിലൊന്നും എനിക്ക് ഉത്തരങ്ങള്‍ക്കായി പരതേണ്ടി വന്നിട്ടില്ല. എന്റെ എല്ലാ ഉത്തരങ്ങളും ചേട്ടന്‍ തന്നെയായിരുന്നു".തിരമാലകള്‍ എന്റെ കാതുകള്‍ക്ക് ചുറ്റും ആര്‍ത്തിരമ്പി.


aa76ae56-d82e-4481-bba8-4345aa68e1c9


"കേറ് ചേട്ടാ.."അവള്‍ കൈകാട്ടി വിളിച്ചു.കണ്ണുകളില്‍ സ്നേഹത്തിന്റെ പിടയല്‍."തിരകള്‍ കൂടുന്നു...ഇങ്ങ് കേറി വാ..."


തിരമാലകള്‍ക്കൊപ്പം അവളിലേയ്ക്ക് വീശിയടിക്കണണെന്നും ഗാഢമായി ചുംബിക്കണമെന്നം തോന്നി.കൈ നീട്ടിപ്പിടിച്ച് കടലിലേയ്ക്ക് ഇറങ്ങി വരാന്‍ തുനിഞ്ഞ അവളെ ഞാന്‍ തടഞ്ഞു.തിരമാലകള്‍ അവളുടെ പാദങ്ങളെ ചുംബിച്ച് മടങ്ങി-കടല്‍ക്കാറ്റില്‍ പാറിക്കളിക്കുന്ന മുടിയും വസ്ത്രങ്ങളും...കരയിലേയ്ക്ക് കയറും വഴി ഞാനവളുടെ കരം ഗ്രഹിച്ചു.കീഴ്ത്താടിയിലെ ഇരട്ടരോമങ്ങളെ സ്പര്‍ശിച്ചപ്പോള്‍ അവള്‍ ചിരിച്ചു- "ഇനി വരുമ്പോള്‍ ഞാനിത് ത്രെഡ് ചെയ്തിട്ട് വരാം."


ഞാനും ചിരിച്ചു.തിരമാലകള്‍ വീണ്ടും തട്ടിയെറിഞ്ഞ ചെരുപ്പ് ഇത്തവണ അവല്‍ ഇടതുകാലിനാല്‍ ചവുട്ടിപ്പിടിച്ചു.


എന്റെ മുഖത്തിനരികെ കുനിഞ്ഞ ശിരസ്സില്‍ നോക്കി ഞാന്‍ തുടര്‍ന്നു - "എനിക്ക് കുമ്പസാരിക്കാന്‍ മറ്റൊരു ദേവാലയമില്ല, നീ കേള്‍ക്കണം "


പിന്‍വാങ്ങുന്ന തിര, കാല്‍ചുവട്ടിലെ ചെരുപ്പിനെ വലം വെച്ചൊഴുകുന്നത് ശ്രദ്ധിച്ച് അവള്‍ നിന്നു. അവളുടെ അശ്രദ്ധയുടെ അസൗകര്യത്തില്‍ ഞാന്‍ തുടര്‍ന്നു.


"തെറ്റുകളില്‍ നിന്ന് തെറ്റുകളിലേയ്ക്കുള്ള ആര്‍ത്തി പിടിച്ച ഓട്ടമാണെനിക്കെന്നും ജീവിതം....


b249ae6e-ad61-4cc6-aa18-dd9455c3fe76


നിന്റെ പ്രണയം തിരിച്ചറിഞ്ഞ നാളുകളില്‍ എന്നെ ഏറ്റവുമധികം അലട്ടിയതും ഒരു തീരുമാനത്തിലേയ്ക്കെത്താതെ പോയതും മറ്റൊന്നും കൊണ്ടല്ല... "


അവള്‍ തലയുയര്‍ത്തി എന്നെ നോക്കി.അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകള്‍ തിളങ്ങുന്നു.


"എനിക്കന്ന് ഒന്നിലധികം സ്ത്രീകളുമായി അടുപ്പമുണ്ടായിരുന്നു.അതിലൊരാളാ.."


"വേണ്ട...പറയണ്ട."


സമുദ്രയാനങ്ങളില്‍ നിന്ന് വരുന്ന പ്രകാശമാകാം അവളുടെ കവിളില്‍ തട്ടിപ്പൊലിഞ്ഞ് കൊണ്ടിരുന്നു. ഞാന്‍ പെട്ടന്ന് അധീരനായി.


"എനിക്കറിയാമായിരുന്നു" അവല്‍ മുന്നോട്ട് നടന്നു.ചവിട്ടടിയില്‍ നിന്ന് സ്വതന്ത്രമായ ചെരുപ്പിനെ വലംവെച്ച് ഒരു തിര മടങ്ങിപ്പോയി. മണ്ണില്‍ പാതി പുതഞ്ഞു കിടക്കുന്ന ചെരുപ്പിനെ ഒന്ന് നോക്കിയിട്ട് ഞാനവളെ അനുഗമിച്ചു.


"എന്നിട്ടും നീയെന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നോ?!"


14f07315-7f18-49c7-a350-41768f0abb09


കാലുയര്‍ത്തി തിരമാലകളുടെ ഒഴുക്കിനെ തട്ടിത്തെറുപ്പിച്ച് നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു -"ഓരോരുത്തരും ജീവിതത്തെക്കാണുന്നത് ഓരോ രുപത്തിലല്ലേ... " ഒന്ന് നിര്‍ത്തി എന്റെ കാലൊച്ചയ്ക്ക് കാതോര്‍ത്ത് , മുന്നിലേയ്ക്ക് തന്നെ നോക്കി അവള്‍ തുടര്‍ന്നു -" മനുഷ്യര്‍ ഏകനായിരിക്കുമ്പോള്‍ തെറ്റെന്ന വാക്കിന് പ്രസക്തിയെയില്ല. സമൂഹത്തില്‍ കഴിയുമ്പോഴാണ് പ്രവര്‍ത്തികളെ തെറ്റെന്നും ശരിയെന്നും തിരിച്ചറിയുന്നത്"


തിരിഞ്ഞ് എന്നെ നോക്കിച്ചോദിച്ചു -"ശരിയല്ലേ?"


ശരിയെന്നോ തെറ്റെന്നോ അര്‍ത്ഥമില്ലാതെ ഞാന്‍ തലയാട്ടി. ബീച്ചില്‍ നിന്ന് റോഡിലേയ്ക്ക് കെട്ടിയിരിക്കുന്ന ഭംഗിയുള്ള പടവുകളില്‍ നോട്ടം തറച്ച് കൊണ്ടവള്‍ അല്‍പ്പനേരം നിന്നു. പിന്നെ എന്നെ നോക്കി തുടര്‍ന്നു.


"മറ്റൊരാളുടെ സാന്നിദ്ധ്യത്തില്‍ ശരികളോ തെറ്റുകളോ ആകുന്ന പ്രവര്‍ത്തികളെ നമുക്കെങ്ങനെ സ്വയം നിര്‍വചിക്കാനും തിരുത്താനും കഴിയും?, അതിന് മറ്റൊരാളുടെ കൂട്ട് വേണം"


പെട്ടന്ന് പടവുകള്‍ ഓടിക്കയറി, പകുതിക്ക് വെച്ചവള്‍ തിരിഞ്ഞ് നിന്നു -"നിന്റെ തെറ്റുകള്‍ തിരുത്താന്‍ എനിക്കൊരവസരം തന്നില്ലല്ലോ ചേട്ടാ.."


blog-wayang-kulit-1


അവളുടെ കണ്ണിലെ സ്നേഹം എന്റെ ചങ്കില്‍ സൂചിമുനകളായ ഏതാനം നിമിഷങ്ങള്‍..


"....ഞാനത് ആഗ്രഹിച്ചിരുന്നു. ചേട്ടന്റെ രാസവേഗങ്ങള്‍ എന്നിലെത്തി പൂര്‍ണ്ണമാകുന്ന നിമിഷങ്ങള്‍... "


പിന്നെയൊന്നും പറയാതെ ,യാത്ര പോലും ചോദിക്കാതെ; പടപുകള്‍ കയറി, വണ്ടി സ്റ്റാര്‍ട്ട് ചെയ്തവള്‍ പോയി. കടലില്‍ നിന്നുയര്‍ന്ന് വന്ന രാക്ഷസത്തിരകള്‍ എന്നെയും തീരത്തെയും അപ്പാടെ വിഴുങ്ങി. ഉപ്പ് മണക്കുന്ന കാറ്റ് എന്റെ രോമകൂപങ്ങളെ മാന്തിപ്പൊളിച്ചു.ആ കടല്‍ തീരത്ത് ഞാനപ്പോള്‍ തനിച്ചായി.


ആകാശം മുട്ടി നില്‍ക്കുന്ന ഫ്ലാറ്റുകളും വെളിച്ചം നിറം തേച്ച കടകളും , അവയ്ക്കിടയില്‍ പേടിപ്പെടുത്തുന്ന ട്രാഫിക്ക് നിറഞ്ഞ നിരത്തുകളും ,ഓരത്തായി അഴുക്ക് മണക്കുന്ന ഓടകളും നഗരത്തെ അടയാളപ്പെടുത്തി.സ്പീഡോമീറ്ററിലെ ഡിജിറ്റല്‍ സംഖ്യകളുടെ നൃത്തം തെല്ലും വക വെയ്ക്കാതെ ഞാന്‍ ആക്സലേറ്ററില്‍ കാലമര്‍ത്തി. എങ്കിലും നഗരത്തിരക്കിന്റെ പത്മവ്യൂഹത്തില്‍ ഏറെ വൈകാതെ ഞാന്‍ കുടുങ്ങിപ്പോയി. ലക്ഷ്യമില്ലാപ്പാച്ചിലിനിടയിലും സമയം എന്നെ അലോസരപ്പെടുത്തി- വാച്ചില്‍ ഇടയ്ക്കിടെ നോക്കുകയും കാരണമേതുമില്ലാതെ ഞാന്‍ അസഹ്യപ്പെടുകയും ചെയ്തു് കൊണ്ടേയിരുന്നു. ഇടയ്കെപ്പോഴോ തുറന്ന് കിട്ടിയ അര്‍ദ്ധാവസരത്തില്‍ തന്നെ ടോള്‍ പാതയുടെ അപ്രാച്ച് റോഡിലേയ്ക്ക് കാര്‍ തിരിച്ചു. പുതിയതായി പണി കഴിപ്പിച്ച , ബി.ഒ.റ്റി. റോഡിന്റെ സ്വാഗതകമാനം വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നത് ദൂരെ നിന്നേ കാണാം- ടോള്‍ ഗേറ്റിന് മുന്നില്‍ വാഹനങ്ങളുടെ ചെറുനിര. തൊട്ടു മുമ്പിലായി കാണുന്ന കവലയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ അഞ്ച് മിനിട്ട് കൊണ്ട് വീട്ടിലെത്താം. വാഹനം കവലയിലേയ്ക്ക് നീങ്ങുമ്പോള്‍ ഒരു മീറ്റിങ്ങിന്റെ ദൃശ്യം കണ്ടു. പ്രസംഗിക്കുന്നത് പഴയൊരു സൃഹൃത്താണ്. റോഡിന്റെ ഓരം ചേര്‍ത്ത് വണ്ടി നിര്‍ത്തി. വിഷയം ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ ( പുറകിലെ തുണി ബാനറില്‍ പച്ച അക്ഷരങ്ങള്‍) നന്നേ ചെറിയ ആള്‍ക്കൂട്ടം. അതിലെന്റെ ഉറ്റചങ്ങാതിയുടെ തല കണ്ടപ്പോളാണ് ഓര്‍ത്തത്- ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യോഗമാണ്. പരിപാടി അറിയിപ്പ് എനിക്കും കിട്ടിയിരുന്നു.ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നേരം ഫോണ്‍ ചിലച്ചു തുടങ്ങി.സ്ക്രീനിലെ പേരിനൊപ്പം ഒരു പ്രൈമറി ക്ലാസുകാരന്റെ മുഖം താക്കീത് പോലെ മനസ്സില്‍തെളിഞ്ഞു വന്നു.


images (8)


ഫോണ്‍ കട്ട് ചെയ്ത് കീശയിലിട്ട് രാഘവേട്ടന്റെ കടയ്ക്ക് മുന്നിലെത്തിയപ്പോള്‍ ഒരു നാടന്‍ സര്‍ബത്ത് കുടിക്കാന്‍ തക്ക പരവേശം. നാരാങ്ങ പിഴിയുന്ന കൂട്ടത്തില്‍ രാഘവേട്ടന്റെ കുശലം-"കാണാനേയില്ലല്ലോ മോനേ..."


"നീ ഇവിടില്ലേ, ഇപ്പോള്‍..." ചോദ്യം കേട്ട് കടയ്ക്കുള്ളിലേയ്ക്ക് നോക്കി-ദേവസ്യ സാറ്. സിഗററ്റിനായി നീട്ടിയ വിരലുകള്‍ ധൃതിപ്പെട്ട് പിന്‍വലിച്ചു. നറുനീണ്ടി മണക്കുന്ന സര്‍ബത്ത് നുകര്‍ന്ന് സാറിന്റെ സ്നേഹസ്പര്‍ശത്തിലിരിക്കുമ്പോഴും അവളുടെ വിളികള്‍ ഫോണിന്റെ ഈണമായി ഒഴുകിയെത്തുന്നുണ്ടായിരുന്നു.


ഫോണ്‍ സൈലന്റ് മോഡിലേക്ക് മാറ്റി, സാറിനോടും രാഘവേട്ടനോടും സംസാരിച്ച് ഞാനിരുന്നു.മനസ്സിന്റെ കുളിര്‍മ്മയിലേയ്ക്ക് പ്രസംഗത്തിന്റെ ആവേശം അലയടിച്ച് എത്തുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അത് ശ്രദ്ധിച്ച് ദേവസ്യ സാര്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു- "പറയുന്നതൊക്കെ ശരി തന്നാ... പക്ഷെ ആരോട് പറയാന്‍? ശരിയെ തെറ്റുകള്‍ കൊണ്ട് വെട്ടുക.പിന്നെ കൂട്ടത്തില്‍ ചെറിയ തെറ്റാണോ വലിയ തെറ്റാണോ ശരിയെന്ന് തര്‍ക്കിക്കുക....ഒടുവില്‍ ഏത് അവശേഷിച്ചാലും ലാഭം ഒരേ കൂട്ടര്‍ക്ക് തന്നെ..."-ദേവസ്യ സാറിന്റെ വാക്കുകളില്‍ പഴയ കണക്ക് വാദ്ധ്യാരുടെ ഭാഷ. നെഞ്ചിനോട് ചേര്‍ന്നിരുന്ന് വിറക്കുന്ന ഫോണിനെച്ചൂണ്ടി -"ഫോണ്‍ വന്നാല്‍ എടുക്കാതിരിക്കന്നതും തെറ്റ് തന്നെയാ.." സ്വന്തം ഫലിതം ആസ്വദിച്ച് ചിരിച്ച് ഫോണ്‍ എടുക്കാന്‍ അനുവാദം തരുംപോലെ കൈയാംഗ്യം കാണിച്ചു.ഫോണ്‍ അറ്റന്‍ഡ് ചെയ്ത് കൊണ്ട് ഞാന്‍ കടയില്‍ നിന്നിറങ്ങി. പ്രഭാഷകന്റെ വാക്കുകളും ഫോണ്‍ സംഭാഷണവും ഇടകലര്‍ന്ന് കേട്ട് കൊണ്ട് ഞാന്‍ കവലയിലെ ഇരുട്ടിലേയ്ക്ക് നീങ്ങി."ഹലോ.."


844ec075-2e9f-4312-b5b6-7003229e1c21


"ഹലോ...നീയെന്താ പേടിച്ച് പോയോ?"മറുതലയ്ക്കല്‍ ശൃഗാരത്തിന്റെ ചൂട്.
"പരിസ്ഥിതിയുടെ സ്വാഭാവികത മാനിക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി" എന്ന് പ്രഭാഷകന്‍.


ഞാന്‍ നിശബ്ദനായി.
"നീയിത്ര പേടിത്തൂറിയായിപ്പോയല്ലോ..."- മറുതലയ്ക്കല്‍ നീണ്ടു നില്‍ക്കുന്ന ചിരി.
"ഉപഭോഗമാണ് വികസനത്തിന്റെ അടിസ്ഥാനമെന്ന് കരുതുന്നവര്‍ അനിവാര്യമായ ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരും..." പ്രസംഗകന്‍ അടുത്ത പോയിന്റിലേക്ക് കടക്കുകയാണ്.


"മോന്റെ മട്ടും മാതിരിയുമൊക്കെ കണ്ടപ്പോള്‍..."ഞാന്‍ വിക്കി. "അവനെന്തോ സംശയമുള്ളതു പോലെ..."


"ഹ..ഹ...ഹഹഹ..."അവള്‍ ചിരി നിര്‍ത്തുന്നില്ല."അവന്‍ സ്കൂളില്‍ നിന്ന് വന്നതേ ആകെ ദേഷ്യം പിടിച്ചാണ്...
അന്ന് കൊടുത്തു വിട്ട സൈഡ് ഡിഷ് അവനത്ര പിടിച്ചില്ല"


"വികസനസംസ്ക്കാരം തന്നെയാണ് പ്രധാനപ്രശ്നം.." പ്രഭാഷകന്‍ സ്വയം വിമര്‍ശനത്തിലാണ്.


"ജലസ്രോതസ്സുകളായ കുന്നുകളുടെയും വയലുകളുടെയും നീര്‍ച്ചോലകളുടെയും നാശം മൂലം പ്രതിസന്ധിയിലായിരിക്കുന്ന കേരളത്തിന് പഞ്ചിമഘട്ടത്തിന്റെ നാശം താങ്ങാനാകാത്ത..."


പ്രസംഗം പാതി വഴിയില്‍ മുറിച്ച് കൊണ്ടവള്‍ കൊഞ്ചി-"ഞാനിപ്പോള്‍ വിളിച്ചത്...."


0ebe8ea4-b114-45e4-926f-4f4b76d7bd82


"അതെ സുഹൃത്തുക്കളെ ഞാന്‍ നിങ്ങളോട് പറയാനാഗ്രഹിക്കുന്നത്.." അയാള്‍ സദസ്സിന്റെ ശ്രദ്ധ ക്രോഡീകരിക്കുകയാണ്.
അവളുടെ ശബ്ദത്തില്‍ വിയര്‍പ്പിന്റെ ഗന്ധം കലര്‍ന്ന് തുടങ്ങി.-"ഇന്ന് ഞാന്‍ തനിച്ചേയുള്ളൂ.ഒറ്റയ്ക്കിരുന്ന് ബോറടിച്ചപ്പോള്‍ നിന്റെ സ്വരമൊന്ന് കേള്‍ക്കണമെന്ന് തോന്നി"


"...ഭൂമിയിലെ വിഭവങ്ങള്‍ കൊണ്ട് എല്ലാവരുടെയും ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുതകുന്ന ഒരു വികസനകാഴചപ്പാട്..."


"എനിക്കൊന്ന് കാണണമെന്ന് തോന്നി"-അവള്‍ കുറുകി.


അമര്‍ത്തിയ മൂളലിനാല്‍ അവള്‍ക്ക് ഉറപ്പു നല്‍കി,ഞാന്‍ കാറിന് നേരെ നടന്നു.


"ആര്‍ത്തിയും ആസക്തിയും തിരിച്ചറിഞ്ഞ് മാത്രമെ.." സൈഡ് ഗ്ലാസ് ഉയര്‍ത്തി, ഏ.സി. ഓണ്‍ ചെയ്തതോടെ പുറത്തെ ശബ്ദങ്ങള്‍ നേര്‍ത്തു പോയി.വീട്ടിലേയ്ക്ക് തിരിയുന്ന റോഡിലൂടെ ദേവസ്യ സാര്‍ നടന്നു പോകുന്നത് മിന്നായം പോലെ ഞാന്‍ കണ്ടു. കാര്‍ ഇരമ്പി നീങ്ങിയപ്പോഴും പ്രസംഗം ദൂരെയെന്നോണം കേള്‍ക്കുന്നുണ്ടായിരുന്നു."സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് വ്യക്തിപരമായ പോംവഴികള്‍ തേടുന്ന കേരളം, ഉപഭോഗഭ്രാന്തിനാല്‍ നയിക്ക..."


images (5)


ടോള്‍ ഗേറ്റിനരികിലെത്തി ടിക്കറ്റിനായി പണം നീട്ടി. രണ്ട് എന്‍ട്രി റോഡുകള്‍ കടന്നാല്‍ അവളുടെ വീട്ടിലേയ്ക്ക് കടക്കാം-ഞാന്‍ കണക്കു കൂട്ടി.
അന്നേരം ,പിന്നില്‍ ആളൊഴിഞ്ഞ് പോയ കവലയില്‍ എന്റെ സുഹൃത്ത് കേരളത്തിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള വേവലാതികള്‍ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു.


വീട്ടിലേയ്ക്ക് തിരിയുന്ന ഇരുട്ടില്‍ ദേവസ്യ സാറിന്റെ ഖദര്‍ ഷര്‍ട്ടിന്റെ വെണ്മ അലിഞ്ഞലിഞ്ഞില്ലാതെയായി.


വീട്ടില്‍ സീരീയലിന്റെ വിരസയാമങ്ങളിലും ,ഭാര്യ ഭക്ഷണവുമായി കാത്തിരുന്ന് ഉറങ്ങിപ്പോയി.


കടല്‍ത്തീരത്തെ അരണ്ട വെളിച്ചത്തില്‍ എന്റെ പ്രണയിനി എന്നെക്കുറിച്ചോര്‍ത്ത് മിഴി നിറച്ച് നിന്നു. പിന്നെ കാല്‍പ്പാടുകള്‍ തിരയില്‍ അലിയിച്ച് നടന്നു പോയി.


എല്ലാത്തിനും മീതെ; സ്പീഡോ മീറ്ററിലെ ഡിജിറ്റല്‍ സംഖ്യകള്‍ ഭ്രാന്തമായി കുതിച്ചു പാഞ്ഞ് കൊണ്ടേയിരുന്നു.