Dileep Malayalapuzha

മംഗള്‍യാന് സര്‍വ്വമംഗളം

ചൊവ്വയുടെ ചുരുളഴിക്കാന്‍ മംഗള്‍യാന്‍ യാത്ര തുടരുകയാണ്. ലക്ഷ്യം പിഴക്കാതെ അടുത്ത സെപ്തംബറില്‍ പേടകം ചുവപ്പന്‍ ഗ്രഹ പഥത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല്‍പ്പത് കോടി കിലോമീറ്റര്‍ താണ്ടി മംഗള്‍യാന്‍ ലക്ഷ്യം കണ്ടാല്‍ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാ ദൌത്യത്തില്‍ വിജയം നേടുന്ന രാജ്യമാകും ഇന്ത്യ. ഗോളാന്തര പര്യവേഷണങ്ങളില്‍ ഐഎസ്ആര്‍ഒയുടെ സുപ്രധാ ചുവടുവയ്പാകും ഇത്. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്രയാന്‍-ഒന്നിനെ പോലെ അത്ഭുതം സൃഷ്ടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ. ചൊവ്വയില്‍ ജീവന്റേയും ജലത്തിന്റേയും സാന്നിധ്യമടക്കമുള്ള കാര്യങ്ങള്‍ മംഗല്‍യാന്‍ പഠനവിഷയമാക്കും.

ഏറ്റവും ആധുനികമായ അഞ്ച് പരീക്ഷണ ഉപകരണങ്ങളാണ് പേടകത്തിലുള്ളത്.. മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ആണ് ഇവയില്‍ പ്രധാനം . മാര്‍സ് കളര്‍ ക്യാമറ, ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍, തെര്‍മല്‍ ഇന്‍ഫ്രാറെഡ് സ്പെക്ടോമീറ്റര്‍, മാര്‍സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോംപസിഷന്‍ അലൈസര്‍ എന്നിവയാണ് മറ്റ് ഉപകരണങ്ങള്‍. ചൊവ്വയുടെ 375 കിലോമീറ്റര്‍ അടുത്തെത്തി ചൊവ്വയെ നിരീക്ഷിച്ച് ചിത്രങ്ങളും വിവരങ്ങളും ഭൂമിയിലേക്ക് അയക്കുകയാണ് മംഗള്‍യാന്‍ ദൌത്യം. ചൊവ്വയുടെ ലോലമായ അന്തരീക്ഷം, ഉപരിതലം, ധാതുക്കള്‍, ധ്രൂവങ്ങള്‍, വിവിധ ഗര്‍ത്തങ്ങള്‍ തുടങ്ങിയവയെല്ലാം പഠന വിധേയമാക്കും.

ഐഎസ്ആര്‍ഒ പൂര്‍ണമായി സ്വന്തം സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച മംഗള്‍യാന്‍ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വാദൌത്യമാണെന്ന പ്രത്യേകതയുമുണ്ട്. മംഗള്‍യാന്‍ ദൌത്യത്തിന് 450 കോടിയാണെങ്കില്‍ നാസയുടെ ദൌത്യമായ മാവന്‍ നാലായിരം കോടിയാണ് ചിലവ്. ഘട്ടംഘട്ടമായി പേടകത്തിന്റെ ഭ്രമപണപഥം ഉയര്‍ത്തി ചൊവ്വയിലേക്ക് തൊടുക്കുന്ന സാങ്കേതികവിദ്യയാണ് ഐഎസ്ആര്‍ഒ ഉപയോഗിച്ചത്. ഇന്ധച്ചിലവ് കുറക്കാന്‍ ഇതുമൂലം കഴിയുന്നു എന്നതാണ് നേട്ടം.

ഇന്ത്യയുടെ ബഹിരാകാശ കവാടമായി അറിയപ്പെടുന്ന ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്ന് നവംബര്‍ അഞ്ചിനാണ് മംഗല്‍യാന്‍ വിക്ഷേപിച്ചത്. ലോകത്തെ ഏറ്റവും വിശ്വസീീയമായ വിക്ഷേപണ വാഹമായ പിഎസ്എല്‍വിയുടെ എക്സ്എല്‍ ശ്രേണിയിലുള്ള റോക്കറ്റാണ് ഉപഗ്രഹത്തെ ആദ്യ ഭ്രമപണപഥത്തിലെത്തിച്ചത്. തുടര്‍ന്ന് അഞ്ച് ഘട്ടങ്ങളിലായി ഭ്രമണപഥം ഉയര്‍ത്തി ഉപഗ്രഹത്തെ 1,92,874 കിലോമീറ്ററെന്ന കൂടിയ ദൂരത്തില്‍ എത്തിച്ചു. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ഭൂഭ്രമണപഥത്തില്‍ നിന്ന് മംഗള്‍യാന്‍ വഴിതിരിച്ചു വിട്ടു.

ബംഗലുരുവിലെ ഐഎസ്ആര്‍ഒ സെന്ററില്‍ (ഐസ്ട്രാക്ക്)നിന്ന് നല്‍കിയ കമാന്റ് കൃത്യമായി സ്വീകരിച്ചതോടെയാണ് ചൊവ്വയിലേക്ക് പേടകം വഴി തിരിഞ്ഞത്. പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ 1328.89 സെക്കന്റ് ജ്വലിപ്പിച്ചതിലൂടെ പേടകത്തിന്റെ വേഗത കൂടി. ഭൂമിയുടെ ആകര്‍ഷണവലയം വിജയകരമായി ഭേദിക്കാന്‍ മംഗള്‍യാന് കഴിഞ്ഞു. ബഹിരകാശ ദൌത്യങ്ങളില്‍ വമ്പന്മാര്‍ തോറ്റമ്പിയിടത്താണ് ഐഎസ്ആര്‍ഒക്ക് നിര്‍ണായക വിജയം നേടിയത്. ഇതുവരെയുള്ള 51 ചൊവ്വാ ദൌത്യങ്ങളില്‍ 31 ഉം പിഴച്ചത് ഭൂവലയം ഭേദിക്കുമ്പോഴായിരുന്നു.

ഡിസംബര്‍ നാലിന് ഭൂമിയുടെ ആകര്‍ഷണവലയം പൂര്‍ണമായി വിട്ട് മംഗല്‍യാന്‍് 9.25 ലക്ഷം കിലോമീറ്ററിപ്പുറത്തേക്ക് കുതിച്ചു. ഒരു ഇന്ത്യന്‍ നിര്‍മിത പേടകം എത്രയും ദൂരം എത്തുന്നത് ആദ്യമാവും. പൂര്‍ണമായി സൂര്യന്റെ ആകര്‍ഷണ വലയത്തിലായതോടെ പേടകത്തിന്റെ വേഗത സെക്കന്റില്‍ 32 കിലോമീറ്ററായി ഉയരുകയും ചെയ്തു. തുടര്‍ന്ന് നടന്ന പാത തിരുത്തല്‍ പ്രക്രിയയും വിജയകരമാക്കാന്‍ ഐഎസ്ആര്‍ഒക്ക് കഴിഞ്ഞു. ഇത്തരത്തില്‍ മൂന്ന് തിരുത്തല്‍ കൂടി വേണ്ടി വരുമെന്നാണ് കരുതുന്നത്.

ഭൂമിയുടെ പരിധി വിട്ട് മുന്നൂറ് ദിവസത്തെ യാത്രയില്‍ നേരിയ തോതില്‍ കണക്കുകൂട്ടല്‍ പിഴച്ചാല്‍ പോലും പേടകം ലക്ഷ്യം തെറ്റി മറയും. സൂര്യനില്‍ നിന്നുള്ള വികരണങ്ങളും മറ്റ് ഗ്രഹങ്ങളുടേയും ഉല്‍ക്കകളുടേയും സാന്നിധ്യവുമെല്ലാം ഭീഷണിയായുണ്ട്. ദൂരം കൂടുന്തോറും ഉപഗ്രഹത്തെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും പ്രശ്നം സൃഷ്ടിക്കാം. ഭൂമിയിലെ നിയന്ത്രണ കേന്ദ്രങ്ങളില്‍ നിന്നുള്ള കമാന്റുകള്‍ ഉപഗ്രഹത്തിലെത്താന്‍ 20 മിനിട്ട് വേണ്ടിവരും. തിരികെ എത്താനും ഇതേ സമയം വേണ്ടിവരും. ഇതു കൂടാതെ ഭൂമിക്കും ചൊവ്വക്കുമിടയില്‍ ചൊവ്വ വരുന്ന 17 ദിവസത്തെ ബ്ളാക്ക് ഔട്ടും മറിച്ചുള്ള 14 ദിവസത്തെ വൈറ്റ് ഔട്ടും ഉപഗ്രഹവുമായുള്ള വിനിമയത്തിനു തടസമാകും.

ഉപഗ്രഹത്തിലെ തന്നെ സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ വഴി ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാനാവുമെന്നാണ് ഐഎസ്ആര്‍ഒയുടെ വിലയിരുത്തല്‍.2014 സെപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കും. തുടര്‍ന്ന് 327 കിലോമീറ്റര്‍ അടുത്തുള്ള നിശ്ചിത ഭ്രമണപഥത്തിലേക്ക് ഉറപ്പിക്കുന്ന പേടകം ആറുമാസം ചൊവ്വയെ വലം വച്ച് ചൊവ്വയെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്ക് അയക്കും.