ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്ന കോവിഡ്19 രോഗബാധ ഇന്ത്യാമഹാരാജ്യത്തിലും അതിന്റെ താണ്ഡവം തുടങ്ങിയിരിക്കുന്നു.ഈ രോഗത്തിന് കാരണമായ പുതിയ കൊറോണ വൈറസിനെ പറ്റിയുള്ള പഠനങ്ങള്‍ അതിന്റെ പ്രാരംഭദിശയില്‍ എത്തിയിട്ടേ ഉള്ളൂ.ലഭ്യമായ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വൈറസിനെ പ്രതിരോധിക്കാന്‍ വ്യക്തിശുചിത്വത്തിലൂടെയും ,സാമൂഹ്യഅകലം പാലിക്കുന്നതിലൂടെയും സാധിക്കും.
ഈ പശ്ചാത്തലത്തിലാണ് രാജ്യം മുഴുവനും 14 മണിക്കൂര്‍ നീണ്ട ഒരു കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെടുന്നത്.കൊറോണ അണുക്കള്‍ മനുഷ്യശരീരത്തിന് പുറത്ത് 12 മണിക്കൂര്‍ നേരം മാത്രമേ ജീവിക്കുകയുള്ളൂ എന്നും അതിനാലാണ് 14 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് എന്നുമുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തലങ്ങും വിലങ്ങും പ്രചരിക്കുന്നുണ്ട്.ഇത് സത്യമാണെങ്കില്‍ മറ്റ് ലോകരാജ്യങ്ങളെല്ലാം 14 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോവിഡ് ബാധയില്‍ നിന്നും രക്ഷ പ്രാപിച്ചേനേ!
തങ്ങള്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങള്‍ പറയുന്നതെല്ലാം അക്ഷരം പ്രതി ശരിയാണെന്ന് വിശ്വസിക്കുകയും,ആ കാര്യങ്ങള്‍ക്കെല്ലാം ന്യായീകരണങ്ങള്‍ കണ്ട്പിടിച്ച് കൊണ്ട് അതിനെല്ലാം ശാസ്ത്രീയ അടിത്തറ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന, വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. പ്ളാസ്റ്റിക്ക് പ്രതലങ്ങളിലും സ്റ്റീല്‍ പാത്രങ്ങളിലും ഏകദേശം മൂന്ന് ദിവസത്തോളം ഈ വൈറസ് ജീവനോടെയിരിക്കും എന്നാണ് ശാസ്ത്രലോകം നമ്മോട് പറയുന്നത്.കാര്‍ഡ്ബോര്‍ഡ് പെട്ടിയുടെ പ്രതലങ്ങളില്‍ 24 മണിക്കൂറിനുശേഷവും കൊറോണ വൈറസിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
സത്യം ഇതായിരിക്കെ,ഇമ്മാതിരിയുള്ള സന്ദേശങ്ങള്‍ സമൂഹത്തില്‍ തെറ്റാദ്ധാരണകള് പ്രചരിപ്പിക്കുന്നു.വ്യാജമായി സ്യഷ്ടിക്കുന്ന ഇത്തരം സുരക്ഷാബോധങ്ങള് മൂലം യഥാര്‍ത്ഥ
പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ജനങ്ങള്‍ നിരാകരിച്ചേക്കാം.ഇത് വൈറസ് ബാധ കൂടുതല്‍ രൂക്ഷമാകുന്നതിനേ സഹായിക്കൂ.
വൈറസിന്റെ സമൂഹവ്യാപനം നിലനിലനില്‍ക്കുന്ന ഇറ്റലി, ഇറാന് തുടങ്ങിയ പല രാജ്യങ്ങളിലും ലോക്ഡൗണുകള്‍ സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.രോഗം കൂടുതല്‍ നാശം വിതച്ച നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ലോക്ഡൗണുകള്‍ നിലനില്‍ക്കുന്ന സമയത്തും അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനായി തിരഞ്ഞെടുത്ത സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അവിടെ തുറന്ന് പ്രവര്‍ത്തിക്കും.പക്ഷെ 14 മണിക്കൂറോ 24 മണിക്കൂറോ കര്‍ഫ്യൂ നടത്തിയാല്‍ വൈറസിനെ വരുതിയിലാക്കാം എന്നത് മലര്‍പ്പൊടിക്കാരന്റെ വെറും സ്വപ്നം മാത്രമാണ്.
ലോകത്തിലെ ഏറ്റവും മികച്ച ഒരു പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. അതേസമയം കേരളത്തില്‍ ജനസാന്ദ്രത മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. രോഗവ്യാപനം തടയുന്നതിന് ചിട്ടയായ നടപടിക്രമങ്ങളും ആത്മാര്‍ത്ഥമായ പൊതുജനസഹകരണവും അത്യന്താപേക്ഷിതമാണ്.ശാസ്ത്രീയ വഴികളിലൂടെ ആചാരങ്ങളും അന്ധവിശ്വാസങ്ങളും മാറ്റി നിറുത്തി യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ട് ഒത്തൊരുമിച്ച് നമുക്കീ വിപത്തിനെ നേരിടാം.
പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടവ
1.കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടവിട്ട് കഴുകുന്നത് ശീലമാക്കുക.20 സെക്കന്‍ഡ് നേരമെങ്കിലും കഴുകണം.70% ഈഥൈയില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ഹാന്‍ഡ് സാനിട്ടൈസറും ഫലപ്രദമാണ്.വൈറസിന്റെ ലിപ്പിഡ് ആവരണം സോപ്പ് ഇല്ലാതെയാക്കുന്നതിനാലാണ് വൈറസ് നശിക്കുന്നത്.2.രോഗബാധിതരായ ആളുകളില്‍ നിന്നും 1 മീറ്റര്‍ അല്ലെങ്കില്‍ 3 അടിയെങ്കിലും അകലം പാലിക്കണം.
3.നിങ്ങളുടെ മുഖം,കണ്ണ്,മൂക്ക് എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
4.ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായും മൂക്കും,തൂവാല കൊണ്ടോ റ്റിഷ്യൂ കൊണ്ടോ പൊത്തിപ്പിടിക്കണം. അതിനുശേഷം അവ നശിപ്പിച്ചു കളയണം.
5.ജോലിസ്ഥലത്തും വീട്ടിലും സാധാരണ തൊടാന്‍ സാധ്യതയുള്ള എല്ലാ പ്രതലങ്ങളും(ഉദാ- കതകിന്റെ പിടികള്‍,മേശപ്പുറം,കീ ബോര്‍ഡ്,ഫോണ്‍ മുതലായവ) ഡിറ്റര്‍ജന്റോ ബ്ളീച്ചിംഗ് ലായനിയോ ഉപയോഗിച്ച് വ്യത്തിയാക്കേണ്ടതാണ്.
6.ആശുപത്രി സന്ദര്‍ശനം കഴിവതും ഒഴിവാക്കുക .
7.ആലിംഗനം/ഹസ്തദാനം പോലെ സ്പര്‍ശിച്ചുകൊണ്ടുള്ള സാമൂഹികആശംസകള് ഒഴിവാക്കുക.
8.കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരെ പരിചരിക്കുന്നവരും മാത്രമേ മാസ്ക് ധരിക്കേണ്ടതുള്ളൂ.
9.രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ ,വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.