Dr Pradeep Kumar K S

വഴിയോരക്കച്ചവടം ; മാറുന്ന സമീപനങ്ങൾ
 Dr Pradeep Kumar K S
 
വാണിജ്യ പ്രവർത്തനങ്ങൾ ആദിമ കാലത്ത് നടന്നിരുന്നത് പൊതു സ്ഥലങ്ങളിലും, വഴിയോരങ്ങളിലുമായിരുന്നു. ജനസംഖ്യയും, വാഹന ഗതാഗത സൗകര്യങ്ങളും വർദ്ധിച്ചതോടെ നിരത്തുകളിൽ കൂടുതൽ തിരക്കേറി. സൂപ്പർ മാർക്കറ്റുകളുടെയും, ഷോപ്പിംഗ് മാളുകളുടെയും വരവോട് കൂടി വഴിയോരക്കച്ചവടം നിയമവിരുദ്ധ പ്രവർത്തനമാണെന്ന ധാരണ സമൂഹത്തിലെ ഒരു വിഭാഗത്തിന് ഉണ്ടായി. നഗര സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് നിരക്കുന്നതല്ല വഴിയോരക്കച്ചവടം എന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഇതിനെതിരെ പലവിധത്തിലുള്ള പ്രചരണങ്ങൾ സംഘടിപ്പിക്കപ്പെട്ടു. പലസ്ഥലങ്ങളിലും വഴിയോര കച്ചവടക്കാരുടെ സാധനസാമഗ്രികൾ നശിപ്പിക്കുകയും, അവരുടെ ഉപജീവനം ഇല്ലാതാക്കുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ രൂപമെടുക്കുന്നത്.
വഴിയോരക്കച്ചവടം നിയമവിരുദ്ധ പ്രവർത്തനമാണെന്നും, ഇതിലെ തൊഴിലാളികൾ നടപ്പാതകളും, പൊതുസ്ഥലങ്ങളും കയ്യേറുന്നവരായും, ശല്യക്കാരായ കാണുന്ന സമീപനത്തിൽ മാറ്റം വന്നിരിക്കുന്നു. സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ വഴിയോര കച്ചവടക്കാെരുമായി ഇടപാട് നടത്തേണ്ട നിരവധി സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. പഴങ്ങൾ പച്ചക്കറികൾ,മത്സ്യം തുടങ്ങിയ സാധനങ്ങളും പാദരക്ഷകൾ, കുടകൾ നന്നാക്കുക തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്നതിൽ ഇവരുടെ പങ്ക് വലുതാണ്. നിത്യജീവിതത്തിനാവശ്യമായ സാധനങ്ങളും സേവനങ്ങളും മിതമായ വിലയ്ക്ക് നൽകുന്നതിലെ ഇവരുടെ പങ്ക് സുപ്രീം കോടതി പോലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
 
street 11
 
വഴിയോരക്കച്ചവടത്തിന് നിയമപരമായ പരിരക്ഷ ഉണ്ടെന്ന വസ്തുത സമൂഹം തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ നടത്തിയ നിരന്തര പോരാട്ടങ്ങൾ ഇതിനെ സഹായകരമായിട്ടുണ്ട്. മുൻകാലങ്ങളിൽ നഗരസഭ ഉദ്യോഗസ്ഥരും പോലീസും യാതൊരു മുന്നറിയിപ്പും കൂടാതെ, നിയമപരമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ ബലപ്രയോഗത്തിലൂടെ തൊഴിലാളികളുടെ കച്ചവട സാധന സാമഗ്രികൾ നശിപ്പിക്കുമ്പോൾ ഭയചകിതരായി ഒരക്ഷരം എതിർത്തു പറയാൻ ശേഷിയില്ലായിരുന്നു. ആ അരക്ഷിതാവസ്ഥയിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാൻ ഫെഡറേഷൻ്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നിയമവിരുദ്ധമായി ഒഴിപ്പിക്കൽ നടപടികൾ നടത്തുന്ന ഉദ്യോഗസ്ഥരുടെ നടപടികളെ ചോദ്യം ചെയ്യാനും, സംഘടിച്ച് ചെറുത്തുതോൽപ്പിക്കനും സംഘടന കരുത്തിൽ തൊഴിലാളികൾ ശക്തി നേടിയിരിക്കുന്നു. ഇന്ന് അന്തസ്സോട് കൂടി തൊഴിൽ ചെയ്യാൻ തൊഴിലാളികൾക്ക് ഇത് ആത്മവിശ്വാസം നൽകുന്നു.
 
street 5
 
കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ വളരെ അനുഭാവപൂർണമായ നിലപാടാണ് ഈ തൊഴിൽ മേഖലയോട് സ്വീകരിച്ചിട്ടുള്ളത്. 2014 ലെ വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമത്തിനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്ത് ചട്ടവും സ്കീമും നടപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭകൾ നഗര കച്ചവട കമ്മറ്റികൾ രൂപീകരിച്ചിട്ടുള്ളത്. വഴിയോര കച്ചവടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും തീരുമാനമെടുക്കാനുള്ള അധികാരം നഗര കച്ചവട കമ്മിറ്റിക്കാണ്. കച്ചവടക്കാരുടെ സർവ്വേ നടത്തുക, തിരിച്ചറിയൽ കാർഡ് നൽകുക, കച്ചവട മേഖല നിശ്ചയിക്കുക, കച്ചവടക്കാരെ ഏതെങ്കിലും കാരണവശാൽ ഒരു സ്ഥലത്തുനിന്നും മാറ്റേണ്ടി വന്നാൽ അതിനുള്ള തീരുമാനം എടുക്കേണ്ടതും നഗര കച്ചവട കമ്മിറ്റിയാണ്. അങ്ങനെ മാറ്റുന്ന തൊഴിലാളികൾക്ക് മുമ്പ് ലഭിച്ചിരുന്ന വരുമാനം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിയിരിക്കണം തൊഴിലാളികളെ ഒഴിപ്പിക്കാൻ പാടുള്ളൂവെന്നും നിയമത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് തീരുമാനങ്ങളെല്ലാം നഗര കച്ചവട കമ്മിറ്റിയാണ് എടുക്കേണ്ടത്. ഈ കമ്മിറ്റിയിൽ 40 ശതമാനം തൊഴിലാളി പ്രാതിനിധ്യം ഉറപ്പാക്കിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ നഗരസഭകളിലും നഗര കച്ചവട കമ്മിറ്റി യിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നുവരുന്നു. 53 നഗരസഭകളിൽ ഇത് പൂർത്തിയാക്കിയിരിക്കുന്നു. 13 നഗരസഭകളിൽ കച്ചവട മേഖല തിരിച്ച് വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കോഴിക്കോട്, എറണാകുളം നഗരസഭകൾ തനത് ബൈല തയ്യാറാക്കി വിജ്ഞാപനം ചെയ്തിരിക്കുന്നു . അഞ്ചുവർഷം മുമ്പ് നടന്ന സർവ്വേ പുതുക്കുന്നതിന് ഭാഗമായിട്ട് വീണ്ടും സർവ്വേ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് വളരെ ചടുലമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുത്. നഗര സ്വഭാവമുള്ള 339 ഗ്രാമപഞ്ചായത്തുകളിലെ നഗര സ്വാഭവമുള്ള പ്രദേശത്തിൽ കൂടി വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയമം ബാധകമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.ആ പഞ്ചായത്തുകളിലും തൊഴിലാളികളുടെ സർവ്വേ നടത്തി കഴിഞ്ഞിരിക്കുന്നു. കോവിഡിന് ശേഷം കച്ചവടം പുനരാരംഭിക്കാനായി 9000 തൊഴിലാളികൾക്ക് 10,000 രൂപ വെച്ച് ബാങ്കുകൾ നിന്നും വായ്പാ സൗകര്യം ലഭ്യമാക്കി കൊടുത്തു. 400 പേർക്ക് രണ്ടാം ഗഡുവായി 20,000 രൂപ ലഭിച്ചിട്ടുണ്ട് . സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതിനുവേണ്ടി അസംഘടിത തൊഴിലാളികളുടെ ക്ഷേമനിധിയിൽ അംഗത്വം നൽകി. വഴിയോര കച്ചവടക്കാർക്ക് നിയമപരിരക്ഷ ലഭിക്കുന്നതിനു വേണ്ടി തർക്ക പരാതി പരിഹാര കമ്മറ്റിയും സർക്കാർ രൂപീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ചെയർമാൻ ആയിട്ടുള്ള സംസ്ഥാനതല ഉപദേശക സമിതിയും പ്രവർത്തിക്കുന്നുണ്ട്.
 
street 4
 
കോവിഡ് കാലത്ത് വലിയ പ്രതിസന്ധി നേരിട്ട തൊഴിൽ മേഖലയാണ് വഴിയോരക്കച്ചവടം. ചിലർ മുൻവിധികളോടെയാണ് ഈ തൊഴിൽ മേഖലയെ സമീപിച്ചത്. രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതലുകളും മാനദണ്ഡങ്ങളും സ്വീകരിച്ച് കച്ചവടം നടത്താൻ ശ്രമിച്ചപ്പോൾ പല സ്ഥലങ്ങളിലും അവർക്ക് വിലക്കേർപ്പെടുത്തി. ഇതര വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുമ്പോൾ വഴിയോര കച്ചവടക്കാരെ മാത്രം വിലക്കുന്ന ഉദ്യോഗസ്ഥ സമീപനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടി വന്നിട്ടുണ്ട്. വിവേചനപരമായ സമീപനം പാടില്ലെന്നും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വഴിയോര കച്ചവടക്കാർക്ക് തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കാൻ പാടില്ലെന്ന തർക്ക പരാതിപരിഹാര കമ്മിറ്റിയുടെ തീരുമാനങ്ങൾ ഒരു പരിധിവരെ കച്ചവടം പുനരാരംഭിക്കാൻ സഹായകരമായി. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കോവിഡ് കാലത്ത് സ്വീകരിച്ച കരുതൽ നടപടി ഏറെ ആശ്വാസകരമായത് വഴിയോര കച്ചവട തൊഴിലാളികൾക്കാണ്. വഴിയോര കച്ചവട തൊഴിലാളി മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ ഇനിയും ഉണ്ടാകണം. വഴിയോര കച്ചവട തൊഴിൽമേഖല ചൂഷണ വിമുക്തമായി തൊഴിലാളിക്കും സമൂഹത്തിനും ഒരുപോലെ ഗുണകരമാകുന്ന സ്ഥിതിയുണ്ടാകണം. ഇതിന് വഴിയോര കച്ചവട ഉപജീവന സംരക്ഷണനിയമം എല്ലാ അർത്ഥത്തിലും നടപ്പാക്കുകയും, തൊഴിലാളികളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായിട്ടുള്ള ഭൗതികസൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാര്യക്ഷമമായി ഇടപെടണം. നഗര ഗ്രാമ വ്യത്യാസമില്ലാത്ത കേരളത്തിൽ എല്ലാ ഗ്രാമ പഞ്ചായത്തുകളിൽ കൂടി നിയമം ബാധകമാക്കണം. പൊതു സ്ഥലങ്ങൾ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ പൊതു ഇടങ്ങളും നമ്മുടെ വികസന അജണ്ടയിൽ സ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിനായി പരിശ്രമിക്കാം.