കുട്ടനാട്ടിലെ കൊയ്ത്തൊഴിഞ്ഞ നെല്‍ വയലില്‍ ഇരവിനും പകലിനുമിടയിലെ കായല്‍പ്പരപ്പില്‍ കലയുടെ സൂര്യന്‍ ചെമ്പട്ടം വീശി വിടപറഞ്ഞ വേര്‍പാടിലാണ് നമ്മള്‍. കാവാലത്തെ ചാലയില്‍ പണിക്കര്‍ എന്ന കുട്ടനാടന്‍ കാര്‍ഷിക പ്രഭുകുടുംബത്തില്‍ ഗോദവര്‍മ്മ തിരുമുല്‍പ്പാടിന്റേയും കുഞ്ഞുലക്ഷ്മിയമ്മയുടേയും പുത്രനായി 1928 ഏപ്രില്‍ 28-ന് പിറന്ന കാവാലം നാരായണപ്പണിക്കര്‍ വംശജനിതകത്തിന്റെ ഊര്‍ജ്ജത്തില്‍ നിന്നും കൂടുതലും സഞ്ചരിച്ചത് ദ്രാവിഡദൃശ്യതാളങ്ങളിലൂടെയായിരുന്നു. അത് കാര്‍ഷിക സംസ്കൃതിയുടെ നിതാന്തതാളങ്ങളിലൂടെയും രംഗഭാഷാപരീക്ഷണങ്ങളുടെ നവഭാവുകത്വത്തിലൂടെയുമുളള വാമൊഴി വഴക്കങ്ങളുടെ സര്‍ഗ്ഗ കലാപത്തിന്റെ മുന്നേറ്റങ്ങള്‍ കൂടിയായിരുന്നു. നീതിവ്യവഹാരങ്ങളുടെ വക്കീല്‍ വഴിയാത്ര വിട്ട്, കലയുടെ സത്യവും സൗന്ദര്യശാസ്ത്രത്തിന്റെ നീതിയും തേടിയുളള ജാഗ്രതയുളള അന്വേഷണങ്ങളായിരുന്നു. കാവാലം നാരായണപ്പണിക്കര്‍ എന്ന സര്‍ഗ്ഗാധനന്റെ ജീവിത പാഠം.
എന്റെ നാട്ടിലെ കറുത്ത മണ്ണും അവിടുത്തെ ജീവതാളങ്ങളുമാണെന്നെ കലാകാരനാക്കിയതെന്ന് ആത്മാഭിമാനത്തോടെ പലകുറി പറഞ്ഞിട്ടുണ്ട് കാവാലം. കുട്ടനാട്ടിലെ ചേറ്റുപാടങ്ങളില്‍ നിന്നും കാവാലം കണ്ടെത്തിയ കലയുടെ കതിര്‍വെട്ടങ്ങള്‍ക്കുമീതെ മരണാനന്തരം ചിലര്‍ വ്യാഖ്യാനങ്ങള്‍ കൊണ്ട് വിഷം ചീറ്റുന്നു. അത് വരേണ്യ വ്യാഖ്യാനങ്ങള്‍ക്കായ് പേനയേന്തുന്ന ഫാസിസ്റ്റ് അജണ്ടകളുടേതാണ്. അസ്തിത്വത്തില്‍ ദേശവും അംശവും നല്കിയ അന്വേഷണ ജാഗ്രതകള്‍ സാര്‍ഗ്ഗാത്മക ഉൗര്‍ജ്ജമായി കാവാലം തിരിച്ചറിഞ്ഞ് പലകുറി വെളിപ്പെടുത്തിയതാണ്. എന്നിട്ടും ആ മണ്ണില്‍ അലിയും മുമ്പെ അദേഹത്തെ മേലാളകലയുടെ പരിഷ്കര്‍ത്താവായി മുദ്രകുത്തുവാനുളള ശ്രമം ചിലയിടങ്ങളില്‍ ബോധപൂര്‍വ്വം നടക്കുന്നുണ്ട്. കസവാടകളും ചിരാതും സ്വര്‍ണ്ണത്തളികയും ചന്ദനക്കുറിയും വാല്‍ക്കിണ്ടിയും മുദ്രകളാക്കിയ സുഭിക്ഷതയുടെ ദൃശ്യബിംബങ്ങളിലൂടെ മാത്രമായിരുന്നുവോ കാവാലത്തിന്റെ സര്‍ഗ്ഗസഞ്ചാരം? അല്ല..... ആ സര്‍ഗ്ഗയാത്ര ചിന്തിയ്ക്കുന്ന പ്രേക്ഷകന്റെ നഗ്നമായ കണ്ണുകള്‍ക്കും മനസ്സുകള്‍ക്കും മുന്നിലായിരുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്കറിയില്ലല്ലോ അരങ്ങിലെ ഇരുള്‍പ്പരപ്പിനെ കീറിമുറിച്ചെത്തുന്ന തീവെട്ടിതിളക്കത്തില്‍ കാവാലത്തിന്റെ മണ്ണിന്റെ കരുത്തുളള വര്‍ഗ്ഗചിന്തയില്‍ നിന്നും ഉയിര്‍ത്ത കരിങ്കുട്ടിയും കല്ലുരുട്ടിയും ആണ്ടപണ്ടാരങ്ങളും പാട്ടുപരിഷയുമെല്ലാം ഇവിടെ നേരിന്റെ പ്രകാശഗോപുരങ്ങളായി പുനര്‍ജനിച്ചുകൊണ്ടേയിരിക്കുമെന്ന്.
നാടകവേദി തത്വജ്ഞാനികളുടെ മേഖലയാണെന്നും അത് ലോകത്തെ വ്യാഖ്യാനിക്കുന്നവരുടേതല്ല, ലോകക്രമങ്ങളിലെ നീതിപൂര്‍വ്വം മാറ്റിമറിക്കുന്നവരുടേതാണെന്നു പറഞ്ഞ ബെന്‍തോള്‍ഡ് ബ്രെഹ്തിന്‍റെ വാക്കുകള്‍ കാവാലം എന്ന നാടകാചാര്യന്റെ ജീവിത സര്‍ഗ്ഗക്രിയാസഞ്ചാരങ്ങളുടെആന്തരചൈതന്യവുമായിചേര്‍ത്തുവയ്ക്കേണ്ടതുണ്ട്. അദ്ധ്വാനിച്ച് വിയര്‍ക്കുന്ന മനുഷ്യരുടെ ജീവതാളവും ഗോത്രസംസ്കൃതിയില്‍ ഉരുവുകൊണ്ട ദൃശ്യബോധവും ഭാരതീയ കലകളുടെ അകംപൊരുളറിഞ്ഞ അകക്കണ്ണും നാട്യശാസ്ത്രത്തിന്റെയും മര്‍മ്മം അനുഭവിച്ചറിഞ്ഞ മനക്കണ്ണും കാവാലം നാരായണപ്പണിക്കര്‍ എന്ന കലാകാരന്റെ നേര്‍ജീവിതസാക്ഷ്യങ്ങളായി നമുക്കുമുന്നില്‍ മങ്ങാതെ മായാതെ നില്പുണ്ട്.
ഭൂമിശാസ്ത്രപരമായി കുട്ടനാടിന്റെ ഹൃദയഭൂമിയാണ് കാവാലം. കാമ്പുറ്റ ക്രാന്തദര്‍ശനവും ക്രിയാത്മകതയും ചേര്‍ന്ന് ഒരു ജനതയുടെ വിശപ്പകറ്റാന്‍ കായികാദ്ധ്വാനത്തിലൂടെ പുനര്‍നിര്‍മ്മിക്കപ്പെട്ട ചേറ്റുപാടങ്ങളുടേതാണീ മനസ്സ്. ഈ ദേശം സ്ഥിതി ചെയ്യുന്നതാകട്ടെ സമുദ്ര നിരപ്പില്‍ നിന്നും നിരവധി അടി താഴ്ചയിലും. 1920- കളിലും 30-കളിലുമായി തിരുവതാംകൂര്‍ മഹാരാജാവിന്റെ നിര്‍ദ്ദേശപ്രകാരം ജോസഫ് മുരിക്കന്‍ പൊക്കിയെടുത്ത കുട്ടനാടന്‍ പദസമ്പത്തുകളാണ് നമ്മുടെ നാടിന്റെ വിശപ്പകറ്റിയത്. ആഗോളതലത്തില്‍ ഈ കാര്‍ഷിക സംസ്കൃതിക്ക് പ്രതിരോധത്തിന്റെ ഒരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. 1929 ഒക്ടോബര്‍ 29-ന് അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ചരിത്രത്തില്‍ ആദ്യമായി കുത്തനെ ഇടിഞ്ഞു. അടുത്ത മൂന്ന് ആഴ്ചകളില്‍ വിപണിക്ക് 40 ശതമാനം മൂല്യം നഷ്ടപ്പെട്ടു. “The Great depression” എന്ന് പേരിട്ടുവിളിച്ച ഈ സാമ്പത്തിക തളര്‍ച്ചയ്ക്ക് കാരണമായത് അതിനും ഏകദേശം ഒരു മാസം മുമ്പ്, സെപ്തംബര്‍ 14-ന് കസന്‍സാസിലെ വയലുകളില്‍ നിന്നും ഉയര്‍ന്ന പൊടിക്കാറ്റായിരുന്നു.
അന്നത്തെ ആ Dust Boul-ന് കാരണമായത് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അമേരിക്ക നടപ്പാക്കിയ കാര്‍ഷികരംഗത്തെ അമിതമായ യന്ത്രവല്ക്കരണവും ഉല്പാദനവുമായിരുന്നു. ഏകദേശം ഒരു നൂറ്റാണ്ടിനപ്പുറം വിവിധങ്ങളായ Economic Depression- നുകളെ അതിജീവിച്ച് അമേരിക്ക അവരുടെ World domination നിലനിര്‍ത്തി. ആ കാലഘട്ടത്തിടയിലാണ് കുട്ടനാട്ടില്‍ വിശക്കുന്നവന്റെ നിശ്ശബ്ദമാക്കപ്പെടുന്ന നിലവിളികളില്‍ നിന്നുളള ഉയിര്‍പ്പും മാനവികതയുടെ മാനിഫെസ്റ്റോയുമായി കൃഷിയിടങ്ങള്‍ കതിരണിഞ്ഞത്. കുട്ടനാട്ടിലെ കാവാലം ചാലയില്‍ തറവാട് ജോസഫ് മുരിക്കന്റെ ദൗത്യങ്ങളെ ഏറ്റെടുക്കുകയും പാടശ്ശേഖരങ്ങളെ സംരക്ഷിച്ചുയര്‍ത്തുകയും ചെയ്തു. ആ താവഴിയിലെ ജനിതക കരുത്തുമായാണ് കാവാലം നാരായണപ്പണിക്കര്‍ തന്റെ സര്‍ഗ്ഗസഞ്ചാരങ്ങളെ സാര്‍ത്ഥകമാക്കിയത്.
കാവാലം എന്ന പേരില്‍ പെരുമനേടിയ നാരായണപ്പണിക്കരുടെ കലയുടെ ഭൂമിശാസ്തവും, കുട്ടനാടിന്റെതുപോലെ അസാധാരണമായയിരുന്നു. കുട്ടനാടിന്റെ തനതുകല കീഴാളന്റെ കലയാണ്. അവിടുത്തെ ചേറ്റുമണ്ണിലൂടെ നടക്കുന്നതിനുപോലും അസാധാരണമായ ഒരു മെയ് വഴക്കവും താളവും വേണം. ഇവിടുത്തെ വാമൊഴിപ്പാട്ടുകള്‍ വയലില്‍ വിയര്‍ത്ത് പണിയുന്നോരുടെ അദ്ധ്വാനഭാരത്തെ ലഘൂകരിക്കുവാനായി ഉത്ഭവം കൊണ്ടതാണ്. ഈ ദ്രാവിഡ ജീവിതത്തിന്റെ കരുത്തടയാളങ്ങള്‍ കാവാലം എന്ന മനുഷ്യന്റെ ഇരുപ്പിലും നടപ്പിലും നോട്ടത്തിലുമുണ്ടായിരുന്നു. സോപാനത്തെ തിരുവരങ്ങില്‍ വിരിച്ച കൈതോലപ്പായയില്‍ മനോഹരമായി ചമ്രം പടിഞ്ഞിരുന്നാണ് അദ്ദേഹം തന്റെ നെഞ്ചൂക്കുളള കാഴ്ചപ്പാടുകള്‍ പലപ്പോഴും പങ്കുവെച്ചിട്ടുളളത് . വീട്ടിലും ആഢ്യത്ത്വമുളള ഇരിപ്പിടങ്ങള്‍ക്കപ്പുറം കുത്തിയിരുന്ന് ഫോണ്‍വിളിക്കുന്ന ജീവിതശൈലിയും ചടുലചലനങ്ങളും അസാധാരണമായൊരു കാഴ്ചയായിരുന്നു. ഈ ശരീരഭാഷകളിലും അംഗവിക്ഷേപങ്ങളിലും നിസ്വാര്‍ത്ഥവും സാത്വികവുമായ ഗ്രാമീണതയും ഗോത്രജീവിതത്തിന്റെ തിരുശേഷിപ്പുമുണ്ടായിരുന്നു.
ഭാഷാപരമായും കുട്ടനാടിന്റെ വാമൊഴിവഴക്കങ്ങളും പാട്ടുകളും കേരളത്തിലെ നാടോടിവിജ്ഞാനീയശാഖയില്‍ വേറിട്ടുനില്ക്കുന്നവയാണ്. അതിപുരാതനമായ ഒരു ഗോത്രസാമൂഹിക പാരമ്പര്യം ഈ ദേശത്തിന് അവകാശപ്പെടാന്‍ ഇല്ലാത്തതിനാല്‍ ദ്രാവിഡഭാഷ അഥവാ ചെന്തമിഴനേക്കാള്‍ തെളിമലയാളമാണ് കുട്ടനാടിന്റെ വാമൊഴിവഴക്കം . മലയാളഭാഷ തമിഴില്‍ നിന്നും സംസ്ക്കരിക്കപ്പെടുന്ന കാലഘട്ടത്തിലാണ് കുട്ടനാടിന്റെ കാര്‍ഷിക സംസ്കൃതിയും കതിരണിഞ്ഞത്. കാവാലം കവിതകളിലും പാട്ടുകളിലും തെളിമയാര്‍ന്നൊഴുകിയതും അമ്മ മലയാളത്തിന്റെ ഈ വാക്കും വരികളുമായിരുന്നു. "കാവാലം കവിതകള്‍, കണ്ണീര്‍ മങ്ക, പ്രേമരശ്മികള്‍, കലിസന്തരണം" എന്നിങ്ങനെ നാലു കവിതാസമാഹാരങ്ങളും 240 ഓളം ചലച്ചിത്രഗാനങ്ങളും ഒട്ടേറെ ലളിതാഗാനങ്ങളും നാടകഗാനങ്ങളും നാടന്‍പാട്ടുകളുടെ അര്‍ത്ഥയുക്തങ്ങളായ പുനര്‍നിര്‍മ്മിതികളും കാവാലം മലയാളഗാന ശാഖയ്ക്കായ് സംഭാവന ചെയ്തിട്ടുണ്ട്.
ഇതില്‍ പലതിനും തനിമയാര്‍ന്ന ശൈലിയില്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ചലച്ചിത്രഗാനരചന അദ്ദേഹത്തിന് വ്യതിരിക്തമായ ഒരു ശൈലിയും താളവും ദര്‍ശനവുമായിരുന്നു. ഈണമിട്ടശേഷം പാട്ടെഴുതുവാന്‍ അദ്ദേഹത്തിന് വിമുഖതയുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയ്ക്ക് സംവിധാനം ഒരുക്കുമ്പോള്‍ പി. ഭാസ്ക്കരന്‍മാഷ്, കെ.ടി. മുഹമ്മദ് . ഒ.എന്‍. വി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ രചനകള്‍ സന്ദര്‍ഭാനുയോജ്യം ഗാനങ്ങളായി ചിട്ടപ്പെടുത്തുവാന്‍ ബഷീറിയന്‍ പദസമ്പത്തോടെ നാടന്‍ശൈലി വച്ചൊരു സംഘഗാനത്തിന് രചന നല്‍കി അനുഗ്രഹിച്ചത് കാവാലം സാറായിരുന്നു. “ ആ നമ്മള്‍ കണ്ടീലൊന്നുംഈ ദുനിയാവറിവീലൊന്നും “ -എന്ന് തുടങ്ങന്ന വരികള്‍ ചലച്ചിത്രത്തിന് നന്നായി പ്രയോജനപ്പെട്ടു. സ്ക്കൂള്‍ ഓഫാ ഡ്രാമ പഠനകാലം മുതല്‍ കാവാലം സാറുമായുണ്ടായ ശിഷ്യബന്ധത്തിന്റെ സ്നേഹപാരിതോഷികമായാണ് , മറ്റ് പ്രതിഭകള്‍ക്കൊപ്പം ഒരു ഗാനം കാവാലം എഴുതിതന്നത്. തൃക്കണ്ണാപുരത്തെ പൂമുഖത്തിരുന്ന് സംഗീതസംവിധായകന്‍ ഷഹബാസ് അമന്റെ ഹാര്‍മോണിയശ്രുതികള്‍ക്കൊപ്പം കാവാലം ര്‍പാട്ടുരചന പാടിയും പറഞ്ഞും തന്നത് മറ്റൊരനുഗ്രഹം. ഓര്‍മ്മകളില്‍ നിറയുന്ന സുഭഗമായൊരീണമായി , ചുവന്ന വെറ്റലക്കറകാട്ടിയുള്ള ദീപ്തമായ ചിരിയുമായ് കാവാലം സാര്‍ ഓര്‍മ്മയിലിങ്ങനെ തെളിഞ്ഞു നില്‍പുണ്ട്.
1990ല്‍ പയ്യന്നൂര്‍ കോളേജിലെ മലയാളം അസോസിയേഷന്റെ ഉല്‍ഘാടനത്തിനെത്തിയപ്പോഴാണ് ഈ അരങ്ങുനക്ഷത്രത്തെ ആദ്യമായി നേരില്‍ കണ്ടത്. പിന്നീട് കൈരളി ടിവിയിലും മനോരമയിലും റിപ്പോര്‍ട്ടര്‍ ടിവിയിലും ജീവനക്കാരനായി പ്രവര്‍ത്തിച്ചപ്പോള്‍ ഉള്‍ക്കാമ്പുള്ള പ്രോഗ്രാമുകള്‍ക്കായ് എത്തിച്ചേരാറുള്ളത് ദേവരാജന്‍മാസ്റ്ററുടെയും ഒ.എന്‍.വി. സാറിന്റെയും കാവാലം സാറിന്റെയും സാന്നിദ്ധ്യത്തിലേയ്ക്കായിരുന്നു. ദൃശ്യപാഠങ്ങളില്‍ ചിരസ്മരണകള്‍ അവശേഷിപ്പിച്ച് അവര്‍ യാത്രയായി. ഒടുവില്‍ കാവാലം സാറിനെ കണ്ടത് ഇക്കഴിഞ്ഞ മേടമാസത്തിലാണ്. അന്ന്.... വില്യം ഷേക്സ്പിയറിന്റെ ഹാംലെറ്റിന്, നൂറോളം ചവിട്ടുനാടകകലാകാരന്മാരെ വച്ച് രംഗഭാഷയൊരുക്കുന്ന വിവരം അദ്ദേഹത്തെ അറിയിച്ചു, നിര്‍ദ്ദേശങ്ങള്‍ തേടി വിശ്വമഹാകവിയെ മറ്റൊരു കലയിലേയ്ക്കും അനുരൂപീകരണത്തിലേയ്ക്കും സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കരുതലിന്റെ സൌന്ദര്യശാസ്ത്രങ്ങള്‍ ഹൃദയവിശാലതയോടെ അദ്ദേഹം പകര്‍ന്നു നല്‍കി. സര്‍ഗ്ഗാത്മകതയുടെ നാനാര്‍ത്ഥങ്ങള്‍ തേടി അലയുന്നവര്‍ക്കും അന്വേഷിക്കുന്നവര്‍ക്കും മുമ്പില്‍ ആര്‍ദ്രമായൊരഭയവും പ്രകാശഗോപുരവുമായിരുന്നു കാവാലം സാര്‍.
8വര്‍ഷങ്ങള്‍ക്കുമുമ്പെ പ്രിയപ്പെട്ട ഭരത് മുരളിയേട്ടന്റെ സാന്നിദ്ധ്യത്തില്‍ സംഗീതനാടക അക്കാദമിയില്‍ ഇടശ്ശേരിയുടെ കൂട്ടുകൃഷി-എന്ന നാടകത്തിന്റെ റിഹേഴ്സല്‍ നേരത്ത്, എനിക്കൊരു പെണ്‍കുഞ്ഞ് പിറന്നുവെന്നറിയിച്ചുള്ള ഫോണ്‍ വിളി എത്തിയ വേളയില്‍, കുഞ്ഞിന് വിമലകല- എന്ന പേര് നന്നായിരിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞത് സ്നേഹാര്‍ദ്രമായ് മുഴങ്ങുന്നുണ്ടിപ്പോഴും മനസ്സില്‍. പിന്നീടൊരു നാള്‍ സോപാനത്തില്‍ വച്ച് കണ്ടപ്പോള്‍ മുഖവുരയായി കുഞ്ഞിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. അവന്തികയെന്ന് പേരിട്ടെന്നറിയിച്ചപ്പോള്‍ ഉജ്ജയിനിയിലേക്കും കാളിദാസനിലേക്കും പടര്‍ന്നു. പലപ്പോഴും അറിവിന്റെ പുതിയ ഭൂഖണ്ടങ്ങളാണ് കാവാലം സാറിന്റെ കൂടിക്കാഴ്ചകള്‍ മനസ്സില്‍ നിറച്ചത്. ഓരോ അറിവിനുമൊപ്പം അതിന്റെ പുതു വ്യാഖ്യാനങ്ങളും രംഗസാധ്യതകളും അദ്ദേഹം പറയുമായിരുന്നു. ചിന്തകളെയും ആഖ്യാനങ്ങളേയും സ്വയം നവീകരിക്കുക എന്നത് കാവാലം എന്ന കലാകാരന്റെ സവിശേഷതയായിരുന്നു.
ഒടുവിലീ രംഗവേദി വിട്ടകലുമ്പോഴും അഭിജ്ഞാന ശാകുന്തളം രംഗാവതരണത്തിന്റെ പുതു രംഗവ്യാഖ്യാനത്തിലൂടെ അദ്ദേഹം അതു വീണ്ടും തെളിയിച്ചു. സോപാനത്തിലെ കാവാലം ശിഷ്യ ഗണങ്ങള്‍ക്കൊപ്പം മഞ്ജുവാര്യര്‍ അരങ്ങില്‍ മികവാര്‍ന്ന അഭിനയ ഭാഷ സൃഷ്ടിച്ചതും കാവാലത്തിന്റെ സര്‍ഗ്ഗ ദിശാബോധത്തിലൂന്നിയ സംവിധാനത്തിലൂടെയാണ്. ഈ അരങ്ങു ഭാഷ കാവാലം എന്ന നാടകാചാര്യന്‍ കാളിദാസന്റെ ശാകുന്തളയെ സര്‍വ്വംസഹയായ വസുധയോടു രംഗവ്യാഖ്യാനം സൃഷ്ടിച്ചുകൊണ്ടുള്ള ഭരതവാക്യത്തിന്റെ തിളക്കം കൂടിയായിരുന്നു.
എഴുത്തുചിന്തകള്‍ വൈയക്തികാനുഭവങ്ങളിലേയ്ക്ക് തെല്ലിട ചേക്കേറിയത് കാവാലം എന്ന മനുഷ്യന്റെ ഗ്രാമ്യമാനസത്തെ തിരിച്ചറിയുവാന്‍ തന്നെയാണ് . തികച്ചും പ്രാദേശികമായ സംസ്കൃതിയില്‍ നിന്നും മലയാള-ഭാരതീയ നാടകത്തിന്റെ അമരക്കാരിലൊരാളായി കെ.എന്‍. പണിക്കര്‍ എന്ന പേരില്‍ അദ്ദേഹം ആഗോളതലത്തില്‍ ഉന്നത ശീര്‍ഷനായി നിലകൊണ്ടു. കാവാലത്തിന്റെ രംഗചലനകളും ദൃശ്യഭാഷകളും മേലാള മുദ്രകളുടെതോ വരേണ്യ പൊങ്ങച്ചങ്ങളുടേതോ അല്ലെന്ന് രത്തന്‍തിയത്തേയും പ്രബീര്‍ഗുഹയേയും പോലുള്ള ഇന്ത്യന്‍ നാടകസംവിധായകര്‍ വിലയിരുത്തിയിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ അനേകം കഥാപാത്രങ്ങളും മറയില്ലാതെ നമുക്ക് മുമ്പിലുണ്ട്. ചേറ്റുപാടങ്ങളില്‍ നിന്നും കയറിവന്നവര്‍ ഒരുക്കുന്ന നാടകം കളിയാണ് "തെയ്യതെയ്യത്തിന്റ" സവിശേഷരചന- അത് തെയ്യാട്ടക്കാരന്‍ രാമുണ്ണിയെപ്പോലെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു വംശപ്രതിനിധിയെ നടുനായകസ്ഥാനത്ത് അവരോധിക്കുന്നു. അതോടൊപ്പം രാമുണ്ണിയുടെ അകമനസ്സിലൂടെ നാടകീയയാത്ര നടത്തി രാമന്റെയുെം രാമായണത്തിന്റെയും ദു:ഖങ്ങളെ അതേറ്റെടുക്കുന്നു. സമ്പത്തുള്ളവനില്‍ നിന്നും ഇല്ലാത്തവനിലേയ്ക്ക് മൂലധനത്തെ സംക്രമിപ്പിക്കുന്ന കഥാപാത്രമാണ് കരിങ്കുട്ടി നാടകത്തിലെ കേന്ദ്രകഥാപാത്രമായ കരിങ്കുട്ടി. വടക്കന്‍ മലബാറിലെ പുരാവൃത്തത്തെ അവലംബിച്ചുള്ള ശക്തമായ സ്ത്രീപക്ഷരചനയാണ് കല്ലുരുട്ടി. പ്രകൃതിചൂഷണത്തേയും നെറികെട്ട സമൂഹത്തെയുെം പ്രതിരോധത്തിന്റെ പ്രതീകമായി കല്ലുരുട്ടി- എന്നപെണ്‍ കഥാപാത്രം മലയാള നാടക വേദിയില്‍ നിലകൊളളുന്നു തിളക്കത്തോടെ.
"കല്ലുരുണ്ടാലോ... ഭൂമിയുരുളും മാനം ഉരുളും
മാനവും ഭൂമിയും ഉരുണ്ടാലോ കാറ്റുരുളും കടലുരുളും" -
എന്ന വായ്ത്താരി ചൊല്ലും പാട്ടും കല്ലുരിട്ടിയെ പ്രപഞ്ച കരുത്തിനോട് ചേര്‍ത്തു നിര്‍ത്തുന്നു. വട്ടി പ്പണക്കാരന്റെ തല വെട്ടി അധര്‍മ്മത്തിനെതിരെ ക്ഷുഭിത മാനസം പ്രകാശിപ്പിക്കുന്ന 'അവനവന്‍ കടമ്പ'യിലെ ഇരട്ടക്കണ്ണന്‍ പക്കിയും കാവാലത്തിന്റെ അടിസ്ഥാന വര്‍ഗ്ഗചിന്താ ബോധത്തില്‍ നിന്നും ഉത്ഭവംകൊണ്ട കഥാപാത്രമാണ്. അങ്ങിനെ ഉദാഹരിക്കാവുന്ന വെെവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ കാവാലത്തിന്റെ മണ്ണില്‍ നിലയുറപ്പിച്ചുളള രംഗസൃഷ്ടികളായി നമുക്കു മുന്നിലുണ്ട്. ഇതിനാല്‍ തന്നെ സുഭിക്ഷമായ അത്താഴത്തിനും വെടിപറച്ചിലിനു ശേഷം ആലസ്യത്തോടെ ആസ്വദിയ്ക്കുവാന്‍ പടച്ചുണ്ടാക്കിയ 'ഉത്തമ' വരണ്യേ മേലാള കലയല്ല കാവാലത്തിന്റേത്. അത് മനുഷ്യന്റെ ആദിമദ്ധ്യാന്തങ്ങളെ തിരിച്ചറിയുന്ന, കറുത്ത മണ്ണില്‍ കുരുത്ത് കീഴാള ജനതയുടെ കലിയുടെ കരുത്തിന്റെ മാനിഫെസ്റ്റോയാണെന്ന് മറക്കാതിരിയ്ക്കുക. തുളളല്‍ കലയില്‍ കുഞ്ചന്‍ നമ്പ്യാര്‍ കണ്ടെത്തിയ ജനകീയ നവേത്ഥാനം - സംഗീത രംഗത്ത് പാശ്ചാത്യ സംഗീതോപകരണമായ വയലിനെ ശുദ്ധകര്‍ണാട്ടിക് സംഗീത ശാഖയിലേയ്ക്ക് ഇഴചേര്‍ത്ത ഷട്കാല ഗോവിന്ദമാരാരുടെ സര്‍ഗ്ഗ വിപ്ലവം, ഇതിനൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ് മറയില്ലാത്ത അരങ്ങില്‍ കാവാലം കാവാലത്തില്‍ നിന്നും കണ്ടെടുത്ത ദ്രാവിഡതനിമയുളള ദൃശ്യതാളങ്ങളുടെ ലോകങ്ങള്‍.