Jigish K

സെല്ലുലോയിഡ്; സിനിമയുടെ നഷ്ടചരിത്രം

ചരിത്രമെന്നത് ഒരു സവര്‍ണ്ണനിര്‍ മ്മിതിയാണെന്ന സത്യം പണ്ടേ അറിയാമെങ്കിലും അതിന്റെ കൊടുംക്രൂരതകള്‍ പരസ്യമായിപ്പറയാന്‍ നമുക്കിപ്പോഴും പേടിയാണ്. അപ്രിയസത്യത്തോടുള്ള പരമ്പരാഗതമായ ഭയം. ചാരത്തില്‍ മൂടിക്കിടന്ന ജെ.സി. ഡാനിയലിന്റെയും പി.കെ.റോസിയുടെയും ചരിത്രം ഇതാദ്യമായി സിനിമയില്‍ രേഖപ്പെടുത്താന്‍ ഒടുവില്‍ ഒരു കമല്‍ തന്നെ വേണ്ടിവന്നു. മലയാളസിനിമയുടെ പേര് കടല്‍ കടത്തിയ നമ്മുടെ വിശ്വോത്തരപ്രതിഭകള്‍ ക്കൊന്നും ഇതുവരെയും ഈ ദൌത്യം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. സെല്ലുലോയിഡ് എന്ന സിനിമ, തമസ്കരിക്കപ്പെട്ട ആ ചരിത്രത്തെ മലയാളിയുടെ മാടമ്പിമനസ്സിനു മുന്‍ പില്‍ അവതരിപ്പിച്ച് ആ രണ്ടു മനുഷ്യരോടും മരണാനന്തരനീതി പുലര്‍ ത്തിയിരിക്കുന്നു. മനസ്സാക്ഷി മരവിക്കാത്ത ആരെയും കുത്തിനോവിക്കുന്ന ഈ സത്യപ്രസ്താവത്തെ മികച്ച സിനിമയായി തെരഞ്ഞെടുത്ത്, കേരളവും എട്ടുപതിറ്റാണ്ടുകള്‍ വൈകിയ ഒരു കുറ്റസമ്മതം നടത്തിയിരിക്കുന്നു. ഗ്രേറ്റ്.

റോസി

മലയാളസിനിമയുടെ പിതാവായ ജെ.സി.ഡാനിയലിനെ ഒരുപക്ഷേ, നമ്മളറിയുന്നത് രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരവാര്‍ഡിന്റെ പേരിലാണ്. മരണത്തിനു തൊട്ടുമുന്‍പോ നിര്‍ഭാഗ്യവശാല്‍ , അതിനുശേഷമോ ചലച്ചിത്രകലാ‍കാരന്മാര്‍ക്കു നല്‍കിവരുന്ന ഒരു പുരസ്കാരത്തിന്റെ പേരു മാത്രമായിരുന്നു ഇതുവരെ ജെ.സി.ഡാനിയേല്‍ . എന്നാലിപ്പോള്‍ അങ്ങനെയല്ല. കേരളത്തിലെ സാമാന്യജനങ്ങള്‍ ക്ക് ഈ പേര് സുപരിചിതമായിരിക്കുന്നു. സിനിമയെന്ന മാധ്യമത്തിനു മാത്രം കരഗതമായ ഒരു സ്വാധീനം. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡ് എന്ന സിനിമയെ കേരളത്തിലെ സഹൃദയര്‍ ഏറ്റെടുത്തിരിക്കുന്നു. ജാതിവെറിയന്മാരായ തിരുവിതാംകൂറിലെ സവര്‍ണ്ണമേലാളന്മാര്‍ ചരിത്രത്തില്‍ നിന്നു തൂത്തെറിഞ്ഞ ഡാനിയലിനെയും റോസിയെയും മലയാളി ക്ഷമാപണത്തോടെ ഇന്നു നെഞ്ചിലേറ്റുന്നു. ഗൃഹാതുരത്വം നിറഞ്ഞ മനസ്സോടെ ഈ സിനിമയിലെ ഗാനങ്ങള്‍ പാടിനടക്കുന്നു. ഏഴു സംസ്ഥാന അവാര്‍ഡുകള്‍ നല്‍കി സര്‍ക്കാരും ഈ സിനിമയെ ബഹുമാനിക്കുന്നു. ഇതൊന്നും പോരാഞ്ഞ്, ഇതിനോടകം നമ്മുടെ ജീവിതശൈലിയായി മാറിക്കഴിഞ്ഞ കുറെ വിവാദങ്ങളും ഈ സിനിമയ്ക്കൊപ്പം നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്നു.

ഡോ ജെ സി ഡാനിയേല്‍

യഥാര്‍ത്ഥത്തില്‍ എന്താണ് ഈ സിനിമ പറയാന്‍ ശ്രമിക്കുന്നത്.? എട്ടു പതിറ്റാണ്ടുകള്‍ ക്കു മുന്‍പ്, സിനിമയെന്നത് കേട്ടുകേള്‍ വി മാത്രമായിരുന്ന ഒരു കാലത്ത് ഡാനിയലെന്ന സാഹസികനായ മലയാളി അമിതാവേശത്തില്‍ സ്വയം മറന്ന് സിനിമയെന്ന സ്വപ്നത്തെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ചതിന്റെ ദുരന്തകഥയാണിത്. ഒപ്പം, ഈ മനുഷ്യനെ തമസ്കരിക്കാന്‍ തൊലിവെളുപ്പുള്ള നമ്മുടെ പൂര്‍വികര്‍ ചേര്‍ ന്നു നടത്തിയ ഹീനശ്രമങ്ങളെക്കുറിച്ചുള്ള ഒട്ടും സുഖകരമല്ലാത്ത ഒരോര്‍ മ്മപ്പെടുത്തലും.

1928-ല്‍ വിഗതകുമാരന്‍ എന്ന മലയാളത്തിലെ ആദ്യ സിനിമയുടെ നിര്‍മ്മാണദൌത്യം വിജയകരമായി ഏറ്റെടുത്ത ജെ.സി.ഡാനിയലിനെയാണ് ചിത്രത്തിന്റെ ആദ്യപകുതിയില്‍ നാം കാണുന്നത്. ദളിത് യുവതിയായ റോസി സിനിമയില്‍ നായര്‍ സ്ത്രീയായി വേഷമിട്ടതിന്റെ പേരില്‍ സിനിമയുടെ ആദ്യപ്രദര്‍ ശനം തന്നെ അട്ടിമറിക്കപ്പെടുന്നു. സംവിധായകന്‍ അധിക്ഷേപിക്കപ്പെടുന്നു. റോസിയും കുടുംബവും ക്രൂരമായി ആക്രമിക്കപ്പെടുന്നു. ഇരുളിന്റെ മറവില്‍ , സ്വന്തം ജീവനും കയ്യില്‍പ്പിടിച്ച് അവര്‍ ഓടിമറയുകയാണ്. അഥവാ ബലപ്രയോഗത്താല്‍ , ചരിത്രത്തില്‍ നിന്ന് ഒരു സ്ത്രീയെ മാറ്റി നിര്‍ത്തുകയാണ്. കുറ്റബോധത്താല്‍ പ്രേക്ഷകനെ നീറ്റുന്ന സീക്വന്‍സ്. സിനിമയിലഭിനയിച്ചു എന്ന ക്രിമിനല്‍ കുറ്റത്തിന് ഒരു പാവം ദളിത് യുവതിയെ നാടുകടത്തിയ നമ്മുടെ പാരമ്പര്യം കേമം തന്നെ ഇന്നു കാണുമ്പോള്‍ , കല്‍പ്പിതകഥയെന്നു പോലും തോന്നാവുന്ന ഈ ദൃശ്യഖണ്ഡത്തിന് പാരമ്പര്യത്തെ സംബന്ധിച്ച മലയാളിയുടെ എല്ലാ അഹങ്കാരങ്ങളെയും പൊങ്ങച്ചങ്ങളെയും റദ്ദു ചെയ്യാന്‍ പോന്ന കരുത്തുണ്ട്.

1966-ലാരംഭിക്കുന്ന സിനിമയുടെ രണ്ടാം പകുതിയില്‍ , എല്ലാവരും മറന്നുകഴിഞ്ഞ ഡാനിയലിനെ നാം കാണുന്നു. അയാളുടെ നഷ്ടചരിത്രം കണ്ടുപിടിച്ച് രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ കാണുന്നു. യുക്തിഭദ്രമല്ലാത്ത യുക്തികള്‍ നിരത്തി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അതിനു തുരങ്കം വെയ്ക്കുന്നതു കണുന്നു. ആദ്യമലയാളസിനിമ ബാലനാണെന്ന വ്യാജചരിത്രത്തിലെ സത്യം കാണുന്നു. മനസ്സിലെ ജാതിക്കറ മറച്ചുപിടിച്ച് മാന്യരായി നടക്കുന്ന നമ്മളെത്തന്നെ കാണുന്നു. ഒടുവില്‍ നിരാലംബനായി, ആരാലും തിരിച്ചറിയപ്പെടാതെ മലയാളസിനിമയിലെ ചരിത്രപുരുഷന്‍ മരിക്കുന്നതു കാണുന്നു.

പഴയകാലത്തെയും സ്ഥലത്തെയും മനുഷ്യരെയും ഭാഷയെയും തനിമയാര്‍ന്ന സൌന്ദര്യത്തോടെ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ചരിത്രത്തെ പുനര്‍നിര്‍ മ്മിക്കുമ്പോള്‍ പൊതുവെ സംഭവിക്കാറുള്ള മെലോഡ്രാമയില്‍ നിന്ന് ഈ സിനിമ ഏറെക്കുറെ മുക്തമായിട്ടുണ്ട്. പരിചരണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ ക്കൊന്നും മുതിരുന്നില്ലെങ്കിലും മാധ്യമത്തിലുള്ള അസാധാരണമായ ഒരു കയ്യടക്കം സിനിമയെ തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകന്റെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്നുണ്ട്. വിസ്താരസാധ്യതകളില്‍ പരന്നുപോകാമായിരുന്ന ഒരു തിരക്കഥയെ രണ്ടുമണിക്കൂര്‍ ഒമ്പതുമിനിറ്റിലേയ്ക്ക് വെട്ടിയൊതുക്കിയിട്ടുണ്ട്. ഡാനിയലിന്റെയും റോസിയുടെയും സ്വപ്നനഷ്ടം തീര്‍ത്ത വ്യഥകള്‍ നമ്മുടെ മനസ്സിനെ നീറ്റുകയും കണ്ണുകളെ ഈറനണിയിക്കുന്നുമുണ്ട്.

ജെ.സി. ഡാനിയല്‍ പൃഥ്വീരാജിന്റെ കരിയറിലെ ഒരു മികച്ച വേഷം തന്നെയാണ്. മൂന്നു കാലങ്ങളുടെ ശരീരഭാഷകള്‍ ആവശ്യപ്പെടുന്ന കഥാപാത്രം. താരത്തിന്റെ പതിവുമാനറിസങ്ങള്‍ ഒഴിവാക്കി അദ്ദേഹം അതിനോടു നീതിപുലര്‍ത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ , ചാന്ദ്നിയെന്ന പെണ്‍കുട്ടി റോസിയെന്ന കഥാപത്രത്തിനു നല്‍കിയ അസാധാരണമായ മിഴിവാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഈ പുതുമുഖനടിയുടെ ശരീരഭാഷയും ഭാവപ്രകടനവും അത്രമേല്‍ മനോഹരമാണ്. നിനച്ചിരിക്കാതെ, ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാ സാഹിബിനെയും വയലാര്‍ രാമവര്‍മ്മയെയും സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും മറച്ചുവെയ്ക്കുന്നില്ല. വേണുവെന്ന ക്യാമറാമാന്റെ കൃത്യതയുള്ള ഫ്രെയിമുകള്‍ കമലിനെ ഈ ചരിത്രദൌത്യത്തില്‍ വേണ്ടത്ര സഹായിച്ചിട്ടുണ്ട്. പാട്ടുകളെപ്പറ്റി ഒന്നും പറയാനില്ല. മലയാളിയുടെ മുഴുവന്‍ ഗൃഹാതുരത്വവും റഫീക് അഹമ്മദ്, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ , എം ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് രണ്ടു ഗാനങ്ങളിലേയ്ക്ക് കുറുക്കിയിരിക്കുന്നു. സിതാര, ശ്രീറാം, വൈക്കം വിജയലക്ഷ്മി എന്നിവര്‍ ഇവയ്ക്കു നല്‍ കിയ ഭാവപ്രകാശനവും ചരിത്രമായിരിക്കുന്നു.

കമല്‍ എന്ന സംവിധായകനെക്കുറിച്ചുള്ള മുന്‍വിധികള്‍ ഈ സിനിമ തെറ്റിച്ചു. ഒരുപക്ഷേ, സവര്‍ണ്ണതയെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ തന്നെ പല ചിത്രങ്ങളെയും റദ്ദുചെയ്യുന്നതാണ് ഈ സിനിമയെന്നു പറയാം. എല്ലാ മേഖലകളിലും ഒളിഞ്ഞും തെളിഞ്ഞും ഇന്നും തുടരുന്ന സവര്‍ണ്ണമേധാവിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. ചേലങ്ങാട്ട് ഗോപാലകൃഷ്ണനെഴുതിയ ഡാനിയലിന്റെ ജീവചരിത്രവും വിനു അബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലുമാണ് സിനിമയ്ക്കാധാരം. ഇതില്‍ , ഡാനിയലിനോ റോസിയ്ക്കോ ആര്‍ക്കാണു പ്രാധാന്യം നല്‍കുകയെന്നത് ചലച്ചിത്രകാരന്റെ തീരുമാനമാണ്. റോസിയെ തമസ്കരിച്ചെന്നും പൈങ്കിളിവല്‍ക്കരിച്ചെന്നുമുള്ള ആരോപണങ്ങളിലെ യുക്തിഭദ്രതയെപ്പറ്റി എനിക്കു സംശയമുണ്ട്. രണ്ടുപേരോടും നീതിപുലര്‍ത്തുന്ന മാനവികസമീപനമാണ് എനിക്കു കാണാന്‍ കഴിഞ്ഞത്. 85 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു സിനിമക്കാരന്‍ പോലും കൈവെയ്ക്കാതിരുന്ന ഈ ചരിത്രഖണ്ഡത്തെ ആദ്യമായി സിനിമയില്‍ അവതരിപ്പിച്ചു എന്നതു തന്നെയായിരിക്കും ഈ സിനിമയുടെ ഒന്നാമത്തെ പ്രസക്തി. വിവാദങ്ങള്‍ക്കിടയില്‍ , ഈ സത്യം കാണാതെപോകരുതല്ലോ.?

പ്രാഥമികമായി, ഏതൊരു സിനിമയെയും അതിന്റെ യഥാര്‍ത്ഥ സ്പേസില്‍ പ്രതിഷ്ഠിക്കാനാണ് നിരൂപകര്‍ ശ്രമിക്കേണ്ടതെന്നു തോന്നുന്നു. അതിനുശേഷം അതിന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അതുണ്ടാവുന്നില്ല. ടോട്ടല്‍ സിനിമയെ കാണാന്‍ ശ്രമിക്കാതെ, സിനിമ തന്നെ കാണാന്‍ മെനക്കെടാതെ, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പരിമിതവൃത്തത്തില്‍ നിന്നുകൊണ്ട് അതിനെ കീറിമുറിക്കാനുള്ള ഒരു പ്രവണത ഏറിവരുന്നതായി കാണുന്നു. ബോധപൂര്‍വമോ അബോധപൂര്‍വമോ എന്നു നിശ്ചയമില്ല; ഈ സമീപനം വിശാലമായ ഒരു മാനവികതയില്‍ നിന്നകന്നു പോവുകയും പലപ്പോഴും പ്രതിലോമപരമായ ഒരു തീവ്രവാദത്തിലെത്തിച്ചേരുകയും ചെയ്യുന്നതായി കാണാം. സിനിമയും അതില്‍ സര്‍ഗ്ഗാത്മകത മുതല്‍മുടക്കിയ കലാകാരനും അകാരണമായി ക്രൂശിക്കപ്പെടുന്ന ഈ അവസ്ഥ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്.