ഇന്ത്യന്‍ പൊതുജനാരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ അനുബന്ധ മേഖലകളെ അത്യന്തം പ്രതികൂലമായി ബാധിയ്ക്കുന്ന സുപ്രധാനവുമായ തീരുമാനമാണ് മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍. ലോക്സഭ പാസാക്കിയ ബില്‍ രണ്ട് ഭേദഗതികളോടെയാണ് രാജ്യസഭ പാസാക്കിയത്. ഇതോടെ ഭേദഗതികള്‍ക്ക് പിന്തുണ തേടി ബില്‍ വീണ്ടും ലോക്സഭയിലെത്തും.തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും പ്രതിഷേധത്തിലാണ്. ചില സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ എന്ന വ്യാജേനയാണ് മൂന്നര ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള തീരുമാനം. ഇത് ഇന്ത്യന്‍ ആരോഗ്യ മേഖലയുടെ ഗുണനിലവാരത്തെ സാരമായി ബാധിയ്ക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നായിരുന്നു ലോക്‌സഭയില്‍ ബില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വോട്ടെടുപ്പിലൂടെ പാസാക്കിയത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രൂപഘടനയെ അപ്പാടെ മാറ്റിമറിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത ദേശീയ മെഡിക്കല്‍ ബില്‍. ഫലത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്റ്റിനെതിരായി വരുന്ന പുതിയ നിയമം അവ്യതതകളുടെ ആകെത്തുകയാണ്. ഡോക്ടര്‍മാര്‍ക്ക് എം ബി ബി എസ് ബിരുദം ആഭികാമ്യമാക്കുന്ന വ്യവസ്ഥ നിലവിലെ നിയമത്തില്‍ ഇല്ല. അതിനുപകരംമിക് ലെവല്‍ പ്രാക്ടീഷണര്‍ എന്ന പ്രയോഗമാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ഇത് വ്യാജ ഡോക്ടര്‍മാര്‍ക്ക് പൊതുസമ്മിതി നല്‍കുന്നതിനുള്ള അടവുനയമാണ്. എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സക്ക് അനുമതി കിട്ടും. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ എണ്ണത്തിന്‍റെ 30 ശതമാനം പേര്‍ക്കാണ് അതിനുള്ള അനുമതി കിട്ടുക. എംബിബിഎസ് യോഗ്യതയുള്ള 12 ലക്ഷം പേരാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമം വന്നാല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എംബിബിഎസ് യോഗ്യത ഇല്ലാത്ത മൂന്നരലക്ഷം പേര്‍ക്ക് കൂടി ചികിത്സക്ക് അനുമതി കിട്ടും. ആരോഗ്യമേഖലയില്‍ ആര്‍ക്കൊക്കെയാണ് അനുമതി കൊടുക്കുന്നതെന്ന് വ്യക്തത വരുത്തിയിട്ടുമില്ല.ഇതിന് പുറമെ ഡോക്ടമാര്‍ പ്രാക്ടീസ് ആരംഭിക്കുന്നതിന് മുന്‍പ് അവസാനവര്‍ഷ ദേശീയ പരീക്ഷക്ക് ബില്‍ ശുപാര്‍ശ ചെയ്യുന്നു. രാജ്യത്താകെ എംബിബിഎസ് അവസാനവര്‍ഷ പരീക്ഷ ഒറ്റ പരീക്ഷയാക്കുന്നതാണ് മറ്റൊരു വ്യവസ്ഥ. ഇതോടെ എംബിബിഎസ് പാസാകുന്ന വ്യക്തിക്ക് മറ്റൊരു എന്‍ട്രന്‍സും ഇല്ലാതെ തന്നെ ബിരുദാനന്തര ബിരുദ കോഴ്‌സ് പ്രവേശനത്തിനും അര്‍ഹത ലഭിക്കുന്നതിനും പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.
പുതിയ ഭേദഗതി പ്രകാരം 25 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ദേശീയ മെഡിക്കല്‍ കമ്മീഷനായിരിക്കും മെഡിക്കല്‍ രംഗത്തെ അന്തിമ അതോറിറ്റി. ഇതോടെ മെഡിക്കല്‍ കൗണ്‍സില്‍ എന്ന സംവിധാനം അപ്പാടെ ഇല്ലാതാവുംകുകയും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് ബന്ധപ്പെട്ടവര്‍ ഡോക്ടര്‍മാര്‍ അല്ലെങ്കില്‍ പോലും കമ്മീഷന്റെ ഭാഗമായി പ്രവര്‍ത്തിയ്ക്കുന്നതിനാകും. ഇത് ആരോഗ്യ രംഗത്തും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും അനലഭഷണീയമായ പ്രവണതകള്‍ക്ക് ഇടം നല്‍കും. ആരോഗ്യ മേഖല അപ്പാടെ കോര്‍പ്പറേറ്റ് വത്ക്കരണത്തിനും വിധേയമാകും. സ്വാഭാവികമായും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശ അടിസ്ഥാന അവകാശങ്ങളടക്കം ആരോഗ്യമേഖലയിലെ അതിലംഘിയ്ക്കപ്പെടും. ബില്‍ പ്രകാരം മെഡിക്കല്‍ കമ്മീഷന് കീഴില്‍ രൂപീകരിക്കുന്ന സ്വതന്ത്ര ബോര്‍ഡുകളായിരിക്കും മെഡിക്കല്‍ കോളജുകള്‍ക്ക് അഗീകാരം നല്‍കുന്നത്. ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര ചികിത്സാ, പഠന ഗവേഷണ മേഖലകളുടെ തകര്‍ച്ചയ്ക്കു വഴിയൊരുക്കുന്ന നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ഇന്ത്യന്‍ ആരോഗ്യവ്യവസ്ഥിതിയുടെ അടിസ്ഥാന ശിലകളെ തകിടം മറിയ്ക്കുക തന്നെചെയ്യും. ആരോഗ്യ വിദ്യാഭ്യാസം, ശാസ്ത്രം, ആരോഗ്യപരിരക്ഷ തുടങ്ങിയ മേഖലകളില്‍ രാജ്യം ഇതഃപര്യന്തം നേട്ടങ്ങളില്‍ നിന്നും കുതിച്ചുചാട്ടങ്ങളില്‍ നിന്നുമെല്ലാമുള്ള പിന്‍നടപ്പാണ് ദേശീയ ആരോഗ്യ കമ്മീഷന്‍ ബില്‍. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ ശക്തിപ്പെടുത്തേണ്ടതിനുപകരം ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിച്ച് ഉദ്യോഗസ്ഥ ഭരണം അടിച്ചേല്‍പ്പിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം കൂടിയാണിത്. രോഗീക്ഷേമ കേന്ദ്രീകൃതമാകേണ്ട ആരോഗ്യവ്യവസ്ഥയെ വന്‍കിട കുത്തകകള്‍ക്കുതീറെഴുതുന്നതിനുള്ള പരസ്യ ആഹ്വാനമാണിത്. ബില്ലിലൂടെ ആരോഗ്യവിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ദരിദ്രര്‍, പിന്നാക്കക്കാര്‍, പാര്‍ശ്വവത്കൃതര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് അപ്രാപ്ര്യമാകും.
രാജ്യത്തിന്റെ ആരോഗ്യ വിദ്യാഭ്യാസം, ശാസ്ത്രം, ആരോഗ്യപരിരക്ഷ തുടങ്ങിയ മേഖലകളില്‍ കേരളം മുന്നോട്ടുവെയ്ക്കുന്ന മാതൃകാ ബദലിനെയടക്കം ദുര്‍ബലപ്പെടുത്താനാകുന്ന വിധം ഇടപെടലുകള്‍ സാധ്യമാക്കാന്‍ സാധ്യതയുള്ള ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ കര്‍ശനമായ ജാഗ്രതയും കൂട്ടായ പ്രതിരോധവും ആവശ്യമുണ്ട്. ആരോഗ്യ രംഗത്തെ ക്യൂബന്‍ മോഡല്‍ പോലെ വിഖ്യാതമായ കേരള മോഡലിനെ സര്‍വ്വ സജ്ജം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ വൈതരണികളെ അതിജീവിയ്ക്കുന്നതിനാകൂ. അതിന് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ നയത്തെ സമസ്ത തലങ്ങളിലും സുദൃഢമാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ആശുപത്രികളെ രോഗീ സൗഹൃദവും സേവന സജ്ജവുമാക്കി പ്രസ്തുത കടമ ഫലപ്രദം നടപ്പിലാക്കാം.