Babu Ramachandran

നാണയ മൂല്യശോഷിത കാലത്തെ രാഷ്ട്രീയ കവിതകള്‍ : പരിഭാഷ : ബാബു രാമചന്ദ്രന്‍
സാധു / SARVESHWAR DAYAL SAXENA, HINDI POETRY

മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍
അയാളൊരിക്കലും വാ തുറന്നിരുന്നില്ല..

എല്ലാരും ആഞ്ഞുപിടിച്ച് നടക്കുമ്പോള്‍
എന്നുമയാള്‍ പിന്നിലായിപ്പോവുമായിരുന്നു.

സദ്യക്ക് ആളുകള്‍ ഇടിച്ചുകേറുന്നിടങ്ങളില്‍
ഏതെങ്കിലുമൊരു മൂലയ്ക്കല്‍ പോയി
പരിഭ്രമിച്ച് പതുങ്ങി നില്‍ ക്കും.

എല്ലാവരും സ്വസ്ഥമായി
കൂര്‍ക്കംവലിച്ചുറങ്ങുന്ന രാത്രികളില്‍
അയാള്‍ മാത്രം, പുറത്തെ ഇരുട്ടിലേക്ക്
കണ്ണും നട്ടങ്ങനെ ഇരിക്കുന്നത് കാണാം…

എന്നിട്ടും, അവിടെയൊരു വെടിപൊട്ടിയപ്പോള്‍
ആദ്യം മരിച്ചുവീണത്,
അയാള്‍ തന്നെയായിരുന്നു…

ഈ മഞ്ഞുകാലം/ MANGALESH DABRAL, HINDI POETRY.

കഴിഞ്ഞ മഞ്ഞുകാലത്ത്
എന്തൊരു തണുപ്പായിരുന്നു.
ഇത്തവണ അന്നത്തത്ര
തണുപ്പില്ലാതിരുന്നിട്ടുകൂടി,
അതോര്‍ക്കുമ്പോള്‍
എനിക്ക് വിരുവിരാന്ന് കുളിരുന്നു…
.
കഴിഞ്ഞ മഞ്ഞുകാലത്ത്
എന്റെ അമ്മ മരിച്ചു..
സൂക്ഷിച്ചുവെച്ചിരുന്ന ഒരു പ്രണയലേഖനം
എന്റെ കയ്യീന്ന് പോയി..
ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു.
ആ രാത്രികളില്‍ എവിടെയെല്ലാം
അലഞ്ഞുതിരിഞ്ഞിരുന്നെന്നു പോലും
നല്ല ഓര്‍മ്മയില്ല,
എങ്ങോട്ടൊക്കെ ഫോണ്‍ വിളിച്ചിരുന്നെന്നും.
എന്റെ സാധനങ്ങള്‍ വെറുതെ
എന്റെ തലയ്ക്കു തന്നെ
മറിഞ്ഞുവീണിരുന്നു, ആ ദിവസങ്ങളില്‍...!
.
ഈ മഞ്ഞുകാലത്ത്,
ഞാന്‍ കഴിഞ്ഞകൊല്ലത്തെ
തണുപ്പിന്റെ ഉടുപ്പുകള്‍ ഓരോന്നായി
എടുത്തുനോക്കി.
പുതപ്പ്, തൊപ്പി, സോക്സ്‌, മഫ്ളര്‍
അങ്ങനെ ഓരോന്നുമെടുത്ത്
തിരിച്ചും മറിച്ചും നോക്കി.
പിന്നെ ഓര്‍ത്തു..
ഈ മഞ്ഞുകാലം
എന്തിനെനിക്ക് അന്നത്തെപ്പോലെ
ദുഷ്കരമാവണം…
അതൊക്കെ കഴിഞ്ഞതാണല്ലോ …!

അവരും നിങ്ങളും / M A NUHMAN, TAMIL POETRY.

അവര്‍ ജീപ്പില്‍ ഇരച്ചുവന്നു,
നിങ്ങളുടെ കതകില്‍ മുട്ടി,
ചോദ്യം ചെയ്യാനെന്നും പറഞ്ഞ്
നിങ്ങളെ വലിച്ചിഴച്ചോണ്ടുപോയി..
നിങ്ങളുടെ അമ്മ കരഞ്ഞുവിളിച്ചു,
കാലില്‍ വീണു മാപ്പിരന്നു..
അവര്‍ക്കു പിന്നാലെ
അമ്മ ക്യാമ്പില്‍ ചെന്നു.
നിങ്ങളെപ്പറ്റി ചോദിച്ചു..
ഇല്ല..
അവിടങ്ങനൊരാളേയില്ലെന്ന്
അവര്‍ പറഞ്ഞു,
നിങ്ങളെ കസ്റ്റഡിയിലെടുത്തിട്ടേയില്ലെന്നും..
നിങ്ങളുടെ ദേഹം, അവര്‍ കീറിമുറിച്ചു,
എല്ലുകള്‍ തല്ലിയൊടിച്ചു.
നിങ്ങളുടെ ചോരയും മണ്ണുമൊന്നായി..

ഇനിയിപ്പോള്‍ നിങ്ങളുടെ ഊഴമാണ്‌..

നിങ്ങള്‍ കാട്ടില്‍ നിന്നും
നടന്നുവന്നുകേറി..
എന്റെ കതകില്‍ മുട്ടി,
ചോദ്യം ചെയ്യാനെന്നും പറഞ്ഞ്
എന്നെ വലിച്ചിഴച്ചോണ്ടുപോയി..
എന്റമ്മ, കരഞ്ഞുവിളിച്ചു,
കാലില്‍ വീണു മാപ്പിരന്നു..
നിങ്ങള്‍ക്കു പിന്നാലെ
അമ്മ ക്യാമ്പില്‍ ചെന്നു.
എന്നെപ്പറ്റി ചോദിച്ചു..
ഇല്ല..
അവിടങ്ങനൊരാളേയില്ലെന്ന് നിങ്ങള്‍ പറഞ്ഞു,
എന്നെ കസ്റ്റഡിയിലെടുത്തിട്ടേയില്ലെന്നും..
എന്റെ ദേഹം നിങ്ങള്‍ കീറിമുറിച്ചു,
എല്ലുകള്‍ തല്ലിയൊടിച്ചു.
എന്റെ ചോരയും മണ്ണുമൊന്നായി..

തമ്പ്രാന്റെ കുതിരവണ്ടി / THENDRAL, TAMIL POETRY.

മ്പ്രാ..
ഇന്ന് രാവിലെ,
ഇങ്ങളെ കുതിരവണ്ടി
പാഞ്ഞുവന്ന് ഇന്നെ ഇടിച്ചിട്ട്‌..
ചോര കുടുകുടാന്ന്
തോട്‌ പോലങ്ങനെ ഒലിച്ച്‌..

നല്ല പളപളപ്പ്ള്ള
പുത്തന്‍ വണ്ട്യല്ലേ,
എന്താ തടഞ്ഞത്‌ എന്ന്
തിരിഞ്ഞൊന്ന് നോക്കുംകൂടി
ചെയ്തില്ല…
ഞാന്‍ ചാവാന്നേരം വിളിച്ച
വിളിക്കും ചെവി തന്നില്ല..

കൊഴപ്പല്ലാ..
നാളെ രാവിലത്തേക്ക്‌
വണ്ടിക്കാരന്‍ വന്ന്
വണ്ടീന്റെ ചക്രം
ചോരെല്ലാം തൊടച്ച്‌ നന്നാക്കിക്കോളും..
പക്ഷേ,
ഇങ്ങനെ ഇത്ര ആള്‌ടെ
ചോര ചക്രത്തിന്മേലായതിന്റെടയ്ക്കുന്നും
ഇന്റെത്‌ ഏതാണ്‌ന്ന്
എങ്ങനെ അറിയും..?

എന്റെ കവിതകളും, കിളിക്കുഞ്ഞും/ THENDRAL, TAMIL POETRY.

ഞാന്‍ പേടിച്ചിരുന്നപോലെ
അവര്‍ വന്നു.
എന്നെ ഉന്തിമാറ്റി
അകത്തെക്കിടിച്ചു കേറി
മുറിയുടെ ഓരോ മുക്കും മൂലയും
ഇളക്കിമറിച്ച് പരിശോധിച്ചശേഷം
അവരിപ്പോള്‍
സ്ഥലം വിട്ടതെയുള്ളൂ.

പേടിച്ചരണ്ട എന്റെ കിളിക്കുഞ്ഞിനെയും
അവര്‍ കസ്റ്റഡിയിലെടുത്ത
എന്റെ കവിതകളെയും
അധികം താമസിയാതെ തന്നെ
ഞാന്‍ തിരിച്ചുപിടിക്കുമായിരിക്കും…
പക്ഷെ, അവ രണ്ടും
ഇനി ഒരിക്കലും
പഴയപോലായിരിക്കില്ല..!

ശ്രദ്ധിച്ച് കേള്‍ക്കണം, സര്‍ …! / THENDRAL, TAMIL POETRY.

ശ്രദ്ധിച്ച് കേള്‍ക്കണം –

എപ്പോള്‍ വേണമെങ്കിലും
ഒരു മലമ്പാമ്പു വന്നെന്റെ
അസ്ഥികള്‍ ഞെരിച്ചുടച്ച്
എന്നെ ഉടലോടെ വിഴുങ്ങാം..

ഏതു നിമിഷവും
ഒരു തിരമാല കുത്തിക്കുതിച്ചുവന്ന്
എന്റെ കരണത്തടിച്ച്
എന്നെ ചുരുട്ടിമടക്കിക്കൊണ്ട് പോവാം..

ഇന്നു ഞാന്‍ സ്വസ്ഥമായി പാര്‍ക്കുന്ന
ഈയിടം, എപ്പോള്‍ വേണമെങ്കിലും
ഇടിഞ്ഞു താണു പോയെന്നും വരാം..

അതൊക്കെ ശരി തന്നെ,
പക്ഷെ… ഇപ്പോഴത്തെ പ്രശ്നം
അതൊന്നുമല്ല സര്‍ …!
എന്റെ വാതില്‍ക്കല്‍ തലയിടിച്ച്
” ആകാശം ഇടിഞ്ഞു വീഴുന്നേ,
എന്നെ രക്ഷിക്കണേ….’-യെന്ന്
അലമുറയിട്ടുകൊണ്ടിരിക്കുന്ന
ആ കോഴിക്കുഞ്ഞിനെ
ഞാനെന്റെ വീട്ടിനുള്ളിലേക്ക്
കയറ്റണോ വേണ്ടേ..?

വേതാളശവം / VARAVARA RAO, TELUGU POETRY.

ലോക്കപ്പില്‍ നിന്നും ശവം
തൂക്കിയെടുത്ത്
തോളത്തിട്ട്, ഞാന്‍
നടന്നു വരികയായിരുന്നു..
പെട്ടന്ന്,
തോളത്തു നിന്നൊരു ഒച്ച..
ഞാനെന്റെ മരണത്തെക്കുറിച്ച്
വിവരിച്ചാല്‍ സുഹൃത്തെ,
നിങ്ങള്‍ പറയാമോ
അത് സ്വഭാവികമോ
കൊലപാതകമോ എന്ന്..?
ഒന്നാമത് നീയൊരു ശവം,
അതിനും പുറമേ
ലോക്കപ്പിലിരുന്നും
വാതുറക്കുന്നു..
അപ്പോള്‍ ഉറപ്പാണ്,
നിന്നെയവര്‍ കൊന്നതു തന്നെ..!
സത്യം
വിളിച്ചുപറഞ്ഞതു കേട്ട്
ശവം ആഹ്ലാദിച്ചു..
എങ്കിലും, ജീവനോടിരിക്കുമ്പോള്‍
ഒരാള്‍ വാ തുറക്കുന്നത്
അപരാധമായതിനാല്‍
അത് കേള്‍ക്കാന്‍
നിന്നു കൊടുക്കാതെ
ശവം അവിടെ നിന്നും മുങ്ങി,
അടുത്ത നാള്‍
മറ്റൊരു ലോക്കപ്പില്‍ പൊങ്ങി..