Jigish K

രതി പറയുന്നതിലെ ശരിയും തെറ്റും.

മലയാളിയുടെ മനസ്സ് അടച്ചിട്ട ഒരു ലോഡ്ജ് മുറിയാണ്. പുറത്തുവരാ‍നാവാതെ കുഴങ്ങുന്ന രതിവാസനകളുടെ രഹസ്യസങ്കേതം. രതി പറയുന്നതും പ്രവർത്തിക്കുന്നതും ചിന്തിക്കുന്നതുപോലും നിരോധിക്കപ്പെട്ട ഒരു സമൂഹത്തിൽ, അമർത്തിയ രതിയുടെ ഭാരം താങ്ങാനാവാതെ മലയാളി തന്റെ പൊള്ളുന്ന യുവത്വം ഉള്ളിൽ കരഞ്ഞു തീർക്കുന്നു. സാമ്പത്തികമായ വിവേചനം ഉയർത്തുന്ന വെല്ലുവിളിപോലെ തന്നെ പ്രധാനമാണ് ലൈംഗികദാരിദ്ര്യം ഉയർത്തുന്ന പ്രശ്നങ്ങളും. ഉള്ളതുപറഞ്ഞാൽ, സമ്പത്തുള്ളവനു മാത്രം കരഗതമാവുന്ന ഒന്നാണല്ലോ രതിയും. പറയുന്നത് ‘അശ്ലീല’മായതിനാൽ ഈയൊരു ദാരിദ്ര്യത്തെപ്പറ്റി ആരും പരാതിപ്പെടാറില്ലെന്നു മാത്രം. പ്രപഞ്ചസൌന്ദര്യത്തെത്തന്നെ നിയന്ത്രിക്കുന്ന ഈ വിസ്മയവികാരത്തെ ശീലം കൊണ്ട് നമ്മൾ അശ്ലീലമാക്കി. ഒരു തെറിയുടെ യെങ്കിലും അകമ്പടിയില്ലാതെ നമ്മൾ രതിയെപ്പറ്റി പറയുകയില്ലെന്നായി. വിഫലരതിയുടെ ഈ മന:ശ്ശാസ്ത്രം വിജയകരമായി ആഘോഷിക്കുകയാണ് അനൂപ് മേനോനും വി.കെ.പ്രകാശും ‘ട്രിവാൻഡ്രം ലോഡ്ജ് ’ എന്ന പുതിയ സിനിമയിലൂടെ. രതി പറയുന്നതിന്റെയും കേൾക്കുന്നതിന്റെയും ഗൂഢരസമാസ്വദിക്കാൻ നഗരത്തിലെ തീയറ്ററുകളിൽ യുവാക്കൾ ഒരിക്കൽക്കൂടി തിരക്കുകൂട്ടുന്നു. ഇരുട്ടിൽ ഉയർന്നു കേൾക്കുന്ന ആ കൂക്കുവിളിയിലും പൊട്ടിച്ചിരിയിലും ചൂളമടിയിലും രൂക്ഷമായ ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന മലയാളിയുവത്വത്തിന്റെ മുഴുവൻ ദുരന്തവും അടങ്ങിയിരിക്കുന്നു.

ട്രിവാൻഡ്രം ലോഡ്ജ് ഒരു പ്രതീകമാണ്. ഒരിക്കലുമൊടുങ്ങാത്ത അസംതൃപ്തരതിയുടെ പ്രതീകം. പോയകാലത്തിന്റെ ഓർമ്മകൾ പേറി, കൊച്ചീക്കായലിൽ മുഖം നോക്കി നിൽക്കുന്ന ഈ പഴയ മന്ദിരത്തിന് ഒരു ഭാർഗവീനിലയത്തിന്റെ ആനച്ചന്തമൊക്കെയുണ്ട്. പൂമുഖത്ത് ഒരു കോണിൽ വിശ്രമിക്കുന്ന പുരാതനഗന്ധമുള്ള പിയാനോയുടെ സവിധത്തിലേക്കു കടന്നുവരുന്ന ആർതർ റെൽട്ടൻ എന്ന സംഗീതാധ്യാപകന്റെ ആ ഓപ്പണിംഗ് ഷോട്ട് ഗംഭീരം. നിഴലുകൾ ഇണചേരുന്ന ഇരുണ്ട മുറികൾ അവിടത്തെ അന്തേവാസികളുടെ മനസ്സിന്റെ ഉള്ളറകൾ തന്നെയാണ്. സമീപത്തുള്ള മെട്രോ നഗരത്തിന്റെ വൻപ്രലോഭനങ്ങൾ എരിപൊരിസഞ്ചാരം നടത്തുന്ന മനസ്സുമായി കഴിഞ്ഞുകൂടുന്ന ഒരു താഴ്ന്ന ഇടത്തരം സമൂഹത്തിന്റെ നെടുകെയുള്ള ഛേദം. അതാണ് ട്രിവാൻഡ്രം ലോഡ്ജ്. ചിരപരിചിതമല്ലാത്ത, വ്യത്യസ്തമായ ഈ പ്ലോട്ട് തന്നെയാണ് സിനിമയുടെ ഒന്നാമത്തെ ആകർഷണം.

ആരൊക്കെയാണ് ഇവിടത്തെ അന്തേവാസികൾ.? അബ്ദുവെന്ന അനാഥയുവാവാണ് ഈ ഇടത്താവളത്തിലെ മുഖ്യകഥാപാത്രം. എന്തു ജോലിയും ചെയ്യും. രതിയെന്തെന്നറിയാതെ മുതിർന്ന സാധുവായ ഒരുവൻ രതിജന്യമായ തന്റെ അസ്വസ്ഥതകൾ മറയില്ലാതെ പ്രകടിപ്പിക്കുമ്പോൾ ന്യായമായും പ്രേക്ഷകനു ചിരിവരും. ‘നല്ല പ്രായ’ത്തിൽ ദാരുണമായ ലൈംഗികദാരിദ്ര്യ മനുഭവിക്കുന്ന ശരാശരി മലയാളി, അബ്ദുവിൽ തന്റെ പ്രതിബിംബം കാണുന്നത് തികച്ചും സ്വാഭാവികം. സർക്കാർ സർവീസിൽ നിന്നുവിരമിച്ച് വക്കീലായ കോര സാറാണ് മറ്റൊരാൾ. ഒരിക്കലും നടപ്പിൽ വരാത്ത തന്റെ രതിഫാന്റസികൾ സഹവാസികളോടു ‘പറഞ്ഞുതീർക്കുന്ന’ പൊങ്ങച്ചക്കാരൻ. ഇനിയുമുണ്ട് ഈ ലോഡ്ജിലും പരിസരത്തുമായി പുതിയ നഗരജീവിതത്തിന്റെ സൂപ്പർ പ്രതിനിധാനങ്ങൾ. സിനിമാറിപ്പോർട്ടർ ഷിബു വെള്ളായണി, അഭിനയമോഹവുമായി അയാൾക്കൊപ്പം കൂടിയ സതീശൻ, സൂപ്പർതാരങ്ങളെ അനുകരിക്കുന്ന മൂന്നു മിമിക്രി കലാകാരന്മാർ, ലോഡ്ജിലെ കാന്റീൻ നടത്തിപ്പുകാരി പെഗ്ഗിയാന്റി...

കൊച്ചിയുടെ ജീവിതം ഒരു നോവലിലേയ്ക്കു പകർത്തുകയെന്ന ലക്ഷ്യവുമായി ധ്വനി നമ്പ്യാർ എന്ന യുവതി ഇവർക്കിടയിലേക്കു കടന്നുവരുന്നതാണ് സിനിമയുടെ പ്രമേയപരിസരം. വിധുരനായ ലോഡ്ജ് ഉടമ രവിശങ്കറും പരേതയായ ഭാര്യ മാളവികയും ഇനിയും മരിക്കാത്ത അവരുടെ പ്രണയവും ഇതിനു സമാന്തരമായൊഴുകുന്നു. രതിയുടെ ചില്ലറവ്യാപാരം നടത്തുന്ന കന്യകാമേനോൻ എന്ന അഭിസാരിക പലരെയും പ്രലോഭിപ്പിച്ചുകൊണ്ട് ഈ പരിസരത്തു തന്നെ കറങ്ങുന്നുണ്ട്. അവളുമായുള്ള അബ്ദുവിന്റെയും ഷിബുവിന്റെയും കൂട്ടിമുട്ടലുകൾ ചിരിക്കാനും ചിലപ്പോഴൊക്കെ ചിന്തിക്കാനും വക നൽകുന്നു. സവർണ്ണതയുടെ കുലീനജാടയെയും ഒപ്പം കന്യകാത്വമെന്ന സങ്കല്പത്തെത്തന്നെയും ചോദ്യം ചെയ്യുന്ന പാത്രസൃഷ്ടിയാണ് ഒരുവേള, ‘കന്യകാമേനോനെ’ന്ന ഈ തെരുവുവേശ്യ. ഇപ്പറഞ്ഞ എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്ന രസച്ചരടായി ഗുപ്തരതിയുടെ സജീവസാന്നിധ്യവും ചിത്രത്തിലുടനീളമുണ്ട്. ഓരോരുത്തരും രതിയെ സംബന്ധിച്ച നമ്മുടെ സദാചാരനാട്യങ്ങളെ രസകരമായി, യുക്തിഭദ്രമായി ചോദ്യം ചെയ്യുകയും ഇത് സിനിമയുടെ സൌന്ദര്യമായി മാറുകയും ചെയ്യുന്നു.

അശ്ലീലസിനിമയെന്ന ലേബലിന്റെ നിഴലിൽ നിൽക്കുമ്പോഴും ഈ സിനിമ വെളിപ്പെടുത്തുന്ന ചില രസകരമായ വൈരുദ്ധ്യങ്ങളെപ്പറ്റി പറയാതെ വയ്യ. പാരമ്പര്യവാദികളുടെ തെറിവിളി തുടരുന്നതിനിടയിലും നഗരങ്ങളിൽ ഈ സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് അവയിൽ ഒന്നാമത്തേത്. പല്ലും നഖവുമുപയോഗിച്ച് പകൽ മുഴുവൻ സിനിമയെ എതിർക്കുന്ന സദാചാരികൾ പലരും സെക്കന്റ്ഷോയ്ക്ക് ക്ഷമയോടെ ക്യൂവിൽ നിൽക്കുന്നില്ലേ എന്നു സംശയിക്കണം. രതിയും തെറിയും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ബോധമുള്ളവർ തന്നെയാണ് സിനിമയ്ക്കു പിന്നിലുള്ളതെന്ന് ശ്രദ്ധാപൂർവം ചിത്രീകരിച്ച ഇതിലെ ഓരോ ഫ്രെയിമും സ്വയം വെളിപ്പെടുത്തുന്നുണ്ട്. പത്താളെ കൂടുതൽ കിട്ടാനാനുള്ള ‘ദൃശ്യസാധ്യത’കൾ തിരക്കഥയിൽ വേണ്ടുവോളമുണ്ടായിരുന്നിട്ടും അവയോട് നോ പറയാനുള്ള വിവേകം അവർ പാലിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ, ഒരു സിനിമ വിചാരിച്ചാൽ, തെറിച്ചുപോകുന്ന സദാചാരമാണ് നമ്മുടേതെങ്കിൽ അതങ്ങു തെറിച്ചുപോകുന്നതല്ലേ നല്ലത്.?

സിനിമകളെല്ലാം പ്രേക്ഷകർ കുടുംബസമേതം കണ്ടുകൊള്ളണമെന്നു കണ്ടുപിടിച്ചത് ആരാണെന്നറിയില്ല. കുടുംബത്തോടെ കാണാൻ കൊള്ളാത്തതിന്റെ പേരിൽ മുഖ്യധാരാസ്ത്രീകൾ അവഗണിച്ച ഈ സിനിമ ഭേദപ്പെട്ട ഒരു ഫെമിനിസ്റ്റ് ചിത്രമാണെന്നതാണ് വിചിത്രമായ മറ്റൊരു വൈരുദ്ധ്യം. വിവാഹജീവിതമെന്ന ദുരന്തത്തിൽ നിന്നു മോചിതയായി നോവൽ രചിക്കാനെത്തുന്ന നായിക തന്റെ പഴയ പങ്കാളിയെ വിശേഷിപ്പിക്കുന്നത് ‘പഴകി ദ്രവിച്ച ഭർത്താവ് ’ എന്നാണ്. ഈ പ്രയോഗത്തിന് ഒരു അറക്കവാളിന്റെ മൂർച്ചയുണ്ട്. കോര സാറടക്കമുള്ള എല്ലാ പുരുഷന്മാരെയും വെല്ലുന്ന അരാജകവാദിയായായാണ് ധ്വനിനമ്പ്യാരെ അവതരിപ്പിച്ചിട്ടുള്ളത്. സൈദ്ധാന്തിക ജാടയുമായി കോമാളിവേഷം കെട്ടുന്ന കെട്ടിയവന്റെ മറുവശത്ത് ശിശുസഹജമായ നിഷ്കളങ്കതയുമായി നിൽക്കുന്ന പാവം അബ്ദുവിനെ അവൾ ഇഷ്ടപ്പെട്ടുപോകുന്നത് സ്വാഭാവികം.

ധ്വനിയുടെ അടുത്ത സുഹൃത്തായ സെറീനയുടെ പുരുഷസമീപനവും അങ്ങേയറ്റം യാഥാർത്ഥ്യബോധമുള്ളതും സമകാലികവുമാണെന്നു പറയാം. ഭർത്താവ് എത്ര മന്ദബുദ്ധിയാണെങ്കിലും കിടക്കയിലെ അയാളുടെ മികച്ച പ്രകടനത്തെ വിലമതിക്കുന്ന സെറീനയുടെ ലോജിക്കിനെ അഭിനന്ദിക്കാതെ വയ്യ. മാത്രമല്ല, ‘നിന്റെ അമ്മ ഒരു വേശ്യയായിരുന്നു’ എന്നുപറയുന്ന അച്ഛനോട് രവിശങ്കർ ചോദിക്കുന്നത് ‘ബുദ്ധി കൊണ്ട് ആവാമെങ്കിൽ‌പ്പിന്നെ ശരീരം കൊണ്ടായിക്കൂടേ’ എന്നാണ്. ധ്വനിയും സെറീനയും മാത്രമല്ല, രതിവ്യാപാരം നടത്തുന്ന കന്യകയും ലോഡ്ജിലെ കാന്റീൻ നടത്തുന്ന പെഗ്ഗിയാന്റി പോലും സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമുന്നിലും അടിയറ വെക്കാത്ത സ്വതന്ത്രവ്യക്തിത്വമുള്ളവരത്രേ. അടിമമനോഭാവമുള്ള ഒരു സ്ത്രീപോലും ഈ സിനിമയുടെ ഫ്രെയിമിൽ വരുന്നതേയില്ല. ഇതൊരു സ്ത്രീവാദസിനിമയാണെന്നുറപ്പിക്കാൻ ഇത്രയൊക്കെ തെളിവുകൾ പോരേ.? ഒരുപക്ഷേ, ഇതുകൊണ്ടാവുമോ, കുടുംബത്തിൽപ്പിറന്ന സ്ത്രീകൾ ഒന്നടങ്കം ഈ സിനിമയെ അവഗണിച്ചത് എന്നും സംശയിക്കണം.

അച്ചടിഭാഷയിൽ സംസാരിക്കുന്ന സർവഗുണസമ്പന്നനായ ഒരു താടിക്കാരനെത്തന്നെയാണ് അനൂപ് മേനോൻ ഈ സിനിമയിലും അവതരിപ്പിക്കുന്നത്. കോടീശ്വരനെങ്കിലും ഏകാകിയായ രവിശങ്കറും വലിയൊരളവിൽ പ്രണയ/ലൈംഗികദാരിദ്ര്യമനുഭവിക്കുന്നുണ്ട്. എന്നാൽ, ധ്വനിയെന്ന സൌന്ദര്യധാമം ഉയർത്തുന്ന പ്രലോഭനങ്ങളെ അയാൾ നേരിടുന്ന രീതി ആ കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ സവിശേഷമാക്കി മാറ്റുന്നു. ധ്വനിയോട് , ‘ഈ നിമിഷം നിന്നെ കിടക്കയിലേക്ക് വലിച്ചിടാൻ എനിക്ക് എളുപ്പം കഴിയും. എന്നാൽ, അത് ചെയ്യാതിരിക്കാ നാണല്ലോ ബുദ്ധിമുട്ട് ’ എന്നയാൾ നിസ്സംഗനാവുന്നിടത്ത് ഈ കഥാപാത്രത്തിന്റെ നഷ്ടപ്രണയം വിശുദ്ധമായിത്തീരുന്നുണ്ട്. ഇവിടെ, സിനിമയുടെ ദർശനം പരമ്പരാഗതചാലുകളിൽ നിന്നു പുറത്തേക്ക് വളരുന്നുമുണ്ട്.

ദൃശ്യമാധ്യമമേന്ന നിലയിൽ സിനിമയോട് നൂറുശതമാനവും നീതി പുലർത്തുന്ന വിഷ്വലുകളാണ് പ്രദീപ് നായർ ഈ സിനിമയ്ക്കു വേണ്ടി പകർത്തിയിട്ടുള്ളത്. ഹെലികാം സിനിമാറ്റോഗ്രഫിയുടെ സൌന്ദര്യം തന്നെയാണ് ഈ ദൃശ്യങ്ങളെ പ്രേക്ഷകനറിയാതെ അവന്റെ ഹൃദയതാളമാക്കി മാറ്റുന്നത്. അവയിൽ എം .ജയചന്ദ്രന്റെ മനോഹരമായ ശബ്ദപഥവും കൂടി ലയിക്കുമ്പോൾ ‘നീരിൽ വീഴും പൂക്കൾ’ പോലെ നമ്മളും സിനിമയോടു ചേർന്നൊഴുകുന്നു.

അഭിനയത്തെപ്പറ്റിയാണെങ്കിൽ, ബ്യൂട്ടിഫുൾ എന്ന സിനിമയ്ക്കു ശേഷം തന്റെ പതിവു മാനറിസങ്ങൾ മാറ്റിവെച്ച് സ്വയം നിഷേധിക്കാനുള്ള ഒരവസരം കൂടി ജയസൂര്യക്കു ലഭിക്കുന്നു. അനൂപിന്റെ കനിവിൽ വിദഗ്ദ്ധമായ ഒരു ഇമേജ് ബ്രേക്കിംഗ്. ഒപ്പം ഒരു ഇമേജ് ബിൽഡിംഗും. ഒരു ശരാശരിനടൻ ഇതാദ്യമായി പ്രൊഫഷണൽ സ്വഭാവത്തോടെ ഒരു കഥാപാത്രത്തെ കൈപ്പിടിയിൽ ഒതുക്കുന്ന കാഴ്ച കൌതുകകരമാണ്. 999 സ്ത്രീകളെ അനുഭവിച്ച് ആയിരാമത്തെ സ്ത്രീയെ തേടുന്ന’ കോരസാറിനെ പി.ബാലചന്ദ്രൻ ഉജ്വലമാക്കി. കൃത്യതയുള്ള ഭാവങ്ങളുമായി ഹണിറോസിന്റെ ധ്വനി നമ്പ്യാരും സ്കോർ ചെയ്തു. യുക്തിഭദ്രമായ തിരക്കഥയും വ്യക്തിത്വമുള്ള കഥാപാത്രങ്ങളും അഭിനയത്തിൽ നടീനടന്മാരെ നന്നായി സഹായിച്ചിട്ടുണ്ട്. അനൂപ് മേനോൻ സംസാരിക്കുമ്പോൾ ഒരു സൂപ്പർതാരത്തെ ഓർമ്മവരുന്നതിന്റെ കുറ്റം നടന്റെയോ താരത്തിന്റെയോ എന്നു തിരിച്ചറിയാനാവുന്നില്ല. എനിവേ, നടനേക്കാൾ ആ എഴുത്തുകാരൻ തന്നെയാണ് മുന്നിൽ.

സിനിമയിലെ അവശ്യഘടകമായി പാട്ടുകളെ മാറ്റിയെഴുതിയത് ചാനലുകളാണല്ലോ.? റഫീക്ക്, രാജീവ് എന്നിവർ രചിച്ച് എം ജയചന്ദ്രൻ ഈണമിട്ട രണ്ടു ഗാനങ്ങൾ ചിത്രത്തിൽ ഒട്ടിച്ചു ചേർത്തിരിക്കുന്നു. മാർക്കറ്റിംഗിന്റെ അനിവാര്യതയെക്കുറിച്ചോർത്താൽ, ഇത് ക്ഷമിക്കാവുന്ന തെറ്റു തന്നെ. രവിശങ്കറിന്റെ പുത്രൻ അർജുന്റെ കുരുന്നുപ്രണയം ചിത്രീകരിച്ചും ഇടയ്ക്ക് ഡയലോഗുകൾ തിരുകിയും ഗാനങ്ങളിൽ അല്പം പുതുമ വരുത്തിയിട്ടുണ്ട്.

ഇത്രയുമൊക്കെ പറഞ്ഞതിനർത്ഥം, മലയാളസിനിമാചരിത്രത്തിലെ നിർണ്ണായകമായ ഒരു ലാൻഡ്മാർക്കാണ് ‘ട്രിവാൻഡ്രം ലോഡ്ജ്’ എന്നല്ല. സമകാലികമായ ജീവിതസന്ദർഭങ്ങൾ കോർത്തെടുത്ത് മികച്ച സിനിമറ്റോഗ്രഫിയും സംഗീതവും നൽകി നിലവാരമുള്ള ഫോർമാറ്റിൽ നിർമ്മിച്ച ഒരു കമേഴ്സ്യൽ ചിത്രമാണിതെന്നത്രേ. ‘സിനിമ’യുടെ അർത്ഥമറിഞ്ഞുള്ള നല്ല പ്രൊഡക്ഷനുകൾ മലയാളത്തിലിപ്പോൾ വളരെ അപൂർവമായതിനാൽ ഇക്കാര്യം എടുത്തു പറയണം. ഈയിടെയായി, സൂപ്പർതാരങ്ങളുടെ വമ്പൻ മസാലപ്പടങ്ങൾ എട്ടുനിലയിൽ പൊട്ടുകയും സമൂഹത്തിന്റെ പുറമ്പോക്കിൽ ജീവിക്കുന്നവരുടെ ചെറുജീവിതചിത്രങ്ങൾ പ്രേക്ഷകരുടെ മനം കവരുകയും ചെയ്യുന്നതിന്റെ പൊരുളെന്തെന്ന് നാം ആലോചിക്കണം.

ചില കാര്യങ്ങൾ വ്യക്തമാണ്. നാലുകെട്ടുകളിലും വള്ളുവനാടൻ വരേണ്യഭാഷയിലും തളഞ്ഞുകിടന്ന മലയാളസിനിമ അതിൽനിന്നു പുറത്തുവന്നിരിക്കുന്നു. നടപ്പുജീവിതത്തിന്റെ സങ്കീർണ്ണതകൾ ഫ്രെയിമിലേക്കു കടന്നുവരുന്നു. പ്രാദേശികഭാഷാഭേദങ്ങൾ സിനിമയുടെ ഫാഷനായി മാറുന്നു. സദാചാരനാട്യങ്ങൾ കടപുഴകുന്നു. പഴകിദ്രവിച്ച ദൃശ്യസങ്കല്പങ്ങൾ കാലഹരണപ്പെടുന്നു. ഇതൊക്കെ നല്ല നിമിത്തങ്ങൾ തന്നെ. അയഥാർത്ഥമായ ഗൃഹാതുരത്വത്തിൽ മുഴുകിക്കഴിയുന്നതിനേക്കാൾ എത്രയോ നല്ലതാണ് അപ്രിയമെങ്കിലും സമകാലികമായ സത്യത്തിനു കാതോർക്കുന്നത്. അല്ലേ.?