Arya Suresh

കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ അറിയാന്‍

സര്‍വ്വകലാശാലകള്‍ രൂപീകൃതമായിരിക്കുന്നത് വിദ്യാര്‍ഥികളുടെ അക്കാദമികവും അനുബന്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഗുണപരമായ സംഘാടനത്തിനുമാണ്. അങ്ങിനെയെങ്കില്‍ അത് സ്വാഭാവികമായും അത് വിദ്യാര്‍ഥിക്ഷേമത്തില്‍ അധിഷ്ഠിമായിരിക്കണമല്ലോ. 1937 ല്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യയിലെ ഇതര സര്‍വ്വകലാശാലകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന കേരള സര്‍വ്വകലാശാല ആരംഭം കൊള്ളുന്നത്. പിന്നിട്ട കാലയളവില്‍ 150 അഫിലിയേറ്റഡ് കോളേജുകളിലായി ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് അധ്യയനം നടത്തി വരുന്നത്. ഇവരുടെ എല്ലാം അത്താണിയാകേണ്ട പ്രസ്തുത സ്ഥാപനം നിലവില്‍ അനുവര്‍ത്തിക്കുന്ന ഉദാസീനവും ഉത്തരവാദിത്വ രഹിതവുമായ സമീപനങ്ങളില്‍ നിരവധിയായ വിദ്യാര്‍ഥികള്‍ വല്ലാതെ നട്ടം തിരിയുകയാണ്.

അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളോട് 'കൊലച്ചതി 'യാണ് സര്‍വ്വകലാശാല പ്രതിവര്‍ഷം കാണിച്ചുപോരുന്നത്. ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ ആദ്യം ഓടി എത്തുന്നതിനേക്കാള്‍ വേഗത്തിലാണ് ഞങ്ങളുടെ 6 ആം സെമെസ്റ്റെര്‍ പരീക്ഷകള്‍ അവസാനിച്ചത്‌ . ശേഷം മാസം ഒന്നും കഴിഞ്ഞാണ് 5 ആം സെമെസ്റ്റെര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. അതും ഒച്ചിഴയുന്ന വേഗത്തില്‍ . 6 ആം സെമെസ്റ്റെര്‍ പരീക്ഷാ ഫലം ജൂണ്‍ അവസാനത്തോടെ വന്നു. അപ്പോഴേക്കും എം എ ക്ലാസ്സുകള്‍ കേരളത്തിന്‌ പുറത്തുള്ള പല യൂണിവേഴ്സിറ്റികളിലും തുടങ്ങിയിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവിടങ്ങളില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ പരീക്ഷകള്‍ എല്ലാം വിജയിച്ചു എന്ന തെളിവിലേക്കായി പ്രൊവിഷനന്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തത്. അത് കിട്ടിയ വിദ്യാര്‍ഥികളുടെ സന്തോഷംരാപ്പകലില്ലാതെ കഷ്ടപ്പെട്ട് റാങ്ക് നേടിയ വിദ്യാര്‍ഥികളെ അനുസ്മരിപ്പിക്കുന്നു.

പ്രൊവിഷന്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ലഭ്യമാകാത്തതു കൊണ്ടു മാത്രം ഉപരിപഠനം/ പ്രവേശനം നിഷേധിക്കപ്പെട്ട നിരവധിയായ വിദ്യാര്‍ഥിനികള്‍ ചുറ്റിനുമുണ്ട്. ജൂണില്‍ നടന്ന സര്‍വ്വകലാശാല വിവിധ വകുപ്പുകളിലേക്കുള്ള എം എ പ്രവേശനപരീക്ഷയുടെ ഫലം ഓഗസ്റ്റില്‍ വന്നു . പക്ഷെ, അക്കാദമിക് മാര്‍ക്കുകളുടെയും ഗ്രേസ് മാര്‍ക്കിന്റെയും ആകെ തുകയെടുത്താണ് അവസാനഫലം പ്രഖ്യാപിക്കുക. മാര്‍ക്കു കൂട്ടി ഫലം പ്രഖ്യാപിക്കുന്നതിലുള്ള അമാന്തം അനീതിയും ഗുരുതരമായ കൃത്യവിലോപവുമാണ്.

തിരുവനന്തപുരം നഗരത്തിലെ കോളേജുകളെ ഒഴിച്ചുനിര്‍ത്തിയാല്‍ കേരള സര്‍വ്വകലാശാലക്ക് കീഴിലുള്ള ഒട്ടു മിക്ക കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും പ്രൊവിഷന്‍ / ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ നല്‍കേണ്ട വിധം എങ്ങിനെയെന്ന് വ്യക്തതയില്ല. പരീക്ഷ എഴുതിയ ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ താനേ വീട്ടിലെത്തും എന്ന് വിശ്വസിക്കുന്നവര്‍ പോലും വിരളമല്ല. ഓഗസ്റ്റ്‌ അവസാനം മാത്രമാണ് 5,6 സെമിസ്റ്ററുകളിലെ മാര്‍ക്ക് ലിസ്റ്റുകള്‍ ലഭ്യമായത്. ഒപ്പം കണ്‍സോളിഡേറ്റെഡ് മാര്‍ക്ക് ഷീറ്റും . കലോത്സവത്തില്‍ പങ്കെടുത്തതിന്റെ ഗ്രേസ് മാര്‍ക്ക് ചേര്‍ക്കപ്പെടണമെങ്കില്‍, പങ്കെടുത്തത് ഏതു സെമിസ്റ്ററിലാണോ അതു തന്നെ വേണം.ഉപരിപടന പ്രവേശന വേളയില്‍ ബന്ധപ്പെട്ട മാര്‍ക്കുകള്‍ കൃത്യ സമയത്തു രേഖപ്പെടുത്തപ്പെടാതിരുന്നാല്‍ അപേക്ഷാര്‍ഥികള്‍ക്ക് എന്തു പ്രയോജനമാണുണ്ടാകുക.

സര്‍വ്വകലാശാലയുടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഉപരിപനത്തിനായുള്ള അപേക്ഷക സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കൃത്യ സമയത്ത് ഗ്രേസ് മാര്‍ക്ക് അടക്കം ഉള്‍പ്പെടുത്തി ഫലം പ്രഖ്യാപിക്കാത്തതിനാല്‍ ഞാനടക്കം നിരവധി പേര്‍ക്ക് ഉപരിപഠന സാധ്യത നഷ്ടമായി. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്ക് പഠനത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട ദിവസങ്ങളും എണ്ണപ്പെട്ടിരിക്കുന്നു. ഇനി ഗ്രേസ് ഇല്ലാത്ത 'ഗ്രേസ് മാര്‍ക്ക്' എല്ലാം കൂട്ടിയും കിഴിച്ചും പുതിയ മാര്‍ക്ക് ലിസ്റ്റ്‌ അച്ചടിച്ചു വന്ന ശേഷം മാത്രമേ അവിടെയും അപേക്ഷിക്കാനാകൂ . ഫലത്തില്‍ വിദ്യാര്‍ഥികളുടെ നഷ്ടം വിലപ്പെട്ട ഒരു വര്‍ഷം

എന്നിട്ടും എന്തിനീ ഗ്രേസ് മാര്‍ക്ക് പ്രഹസനം?? "എടീ, നീ കലാതിലകം ആണേലും ശരി, ആട്ടമൊക്കെ അങ്ങ് തട്ടേല്‍ മതി. ഇവിടെ വേണ്ട" എന്ന് പറഞ്ഞാട്ടി,ചാരുകസേരയിലിരുന്നു മുറുക്കിത്തുപ്പുന്ന ഒരു കാരണവരെയാണ് സര്‍വ്വകലാശാല അനുസ്മരിപ്പിക്കുന്നത്. പഠിച്ചു വാങ്ങിയ മാര്‍ക്ക് കുറവായിട്ടല്ല . മാസത്തോളം കുട്ടികള്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ആര്‍ജ്ജിച്ചതാണത്.

' കൊട്ടപ്പടി'യാണ് ഗ്രേസ് മാര്‍ക്ക്. പക്ഷെ കിട്ടണ്ടേ?? എന്‍ സീ സീ 'ബി' സര്‍ട്ടിഫിക്കറ്റ് നേടിയ വിദ്യാര്‍ഥിക്ക് എത്ര ഗ്രേസ് മാര്‍ക്ക് കിട്ടുമെന്ന് സര്‍വ്വകലാശാലക്കറിയില്ല. എന്‍ സീ സീ ഓഫീസിലും പിടിയില്ല ചോദിച്ചാല്‍ സര്‍ക്കുലറുകള്‍ അങ്ങോട്ടും ഇങ്ങോട്ടും അയച്ചിട്ടുണ്ട് എന്ന് പറയും. ഇനി വരുന്ന വഴിക്ക് 'വഴിതെറ്റി' പോയോ എന്നറിയില്ല.നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പുകള്‍ക്കും റിപ്പബ്ലിക്ക് ദിന പരേഡിനുമായി മാസങ്ങള്‍ പരിശീലിക്കുകയും സുവര്‍ണ്ണപ്പതക്കം കരസ്ഥമാക്കുകയും ചെയ്ത കേഡറ്റുകള്‍ക്കുപോലും തോക്ക് നിലത്തു വെച്ച് അര്‍ഹതപ്പെട്ട ഗ്രേസ് മാര്‍ക്കിനായി 'ഹാന്‍ഡ്സ് അപ്' ആയി സര്‍വ്വകലാശാലക്കു മുന്നില്‍ സറണ്ടര്‍ ചെയ്യേണ്ടി വരും

അപേക്ഷ കൊടുത്തിട്ടേക്കാം .ഒരു പക്ഷെ പഠിച്ചിറങ്ങി കല്യാണമൊക്കെ കഴിഞ്ഞു രണ്ടു കുട്ടികളൊക്കെ ആകുമ്പോള്‍ "ഗ്രേസ് മാര്‍ക്ക്" കിട്ടിയേക്കും. അത് മക്കളുടെ പേരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റുന്ന അക്കൗണ്ട്‌ ആക്കി തന്നാല്‍ നന്നായിരുന്നേനെ. എങ്കിലും പിള്ളേരെ ഇവിടെ വിടണോ എന്ന് ആലോചിക്കേണ്ടി ഇരിക്കുന്നു. എല്ലാത്തിനും ഉപരി ജീവിതത്തിലെ അപ്രതീക്ഷിതമായ പ്രതിസന്ധികളെ എങ്ങനെ നേരിടാമെന്നും , അതിനെ എങ്ങനെ ചെറുത്തു നിര്‍ക്കാമെന്നുമാണ് എന്‍ സീ സീ എന്നെ പഠിപ്പിച്ചത്. പഠിപ്പ് പൂര്‍ണ്ണമായോ എന്ന് പരീക്ഷിക്കുകയാണ് ഈ സമസ്യയിലൂടെ എന്‍ സീ സീ യും സര്‍വ്വകലാശാലയും ചെയ്യുന്നത്.

ഇതില്‍ നിന്നെല്ലാം സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പാഠങ്ങളനവധി പഠിക്കുന്നു. പഠിക്കാന്‍ കോളേജില്‍ പോകണം.എന്നാല്‍ അഭിശപ്തമായ, പൂതലിച്ച ഇന്ത്യന്‍ ബ്യുറോക്രാസിയുടെ ആദ്യ പാഠങ്ങള്‍ പഠിക്കാന്‍ സര്‍വ്വകലാശാലയില്‍ തന്നെ പോകണം. ശുപാര്‍ശയുടെ 'പെട്രോള്‍ ഒഴിക്കാതെ വലിയൊരളവ് ഫയല്‍ വണ്ടിയും നീങ്ങില്ല.എന്തിനാണ് വിദ്യാര്‍ഥികള്‍ക്ക് ഇങ്ങനെയൊരു സര്‍വ്വകലാശാല ? ഇന്ത്യന്‍ റെയില്‍വേയുമായി മത്സരത്തിലാണ് സര്‍വ്വകലാശാല. സേവനത്തിന്റെ കാര്യത്തിലല്ലെന്നു മാത്രം. ആപ്തവാക്യവും ഉടനെ മാറ്റേണ്ടി വരുമെന്നാണ് തോന്നുന്നത്."കണ്‍മണി വ്യജ്യതെ പ്രജ്ഞ "( കൈയിലിരിപ്പിലൂടെ വിവരം (അഥവാ വിവരക്കേട്) വെളിവാകും ) എന്നതാണ് ആശയം എങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തികളില്‍ നിന്ന് ഞങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്?

ചൂണ്ടുവിരലിനെ അതിവിദഗ് ധ മായി ഉപയോഗിക്കുന്നവരാണ് നമ്മുടെ ഉദ്യോഗവര്‍ഗ്ഗം. ആ ചൂണ്ടു പലക എപ്പോഴും മറ്റൊരു മേശയെ കാണിച്ചു തരുന്നു. പരസ്യത്തില്‍ പറയുന്ന പോലെ പൈസ വസൂലാകുന്ന ചെരുപ്പ് തന്നെ വാങ്ങണം നടന്നു തേയാതിരിക്കാന്‍ .ഇതിനിടയില്‍ ഞങ്ങള്‍ക്കായി മിനക്കെട്ട, പുഞ്ചിരി തൂകിയ , ഒരു സഹോദരിയോടെന്ന പോലെ ഇടപെട്ട, സഹാനുഭൂതി കാണിച്ച ചുരുക്കം ചില മുഖങ്ങളെ മറക്കുന്നില്ല. നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷയും പ്രചോദനവും.

ഞാനിപ്പോള്‍ സര്‍വ്വകലാശാലയുടെ ഗേറ്റിനു പുറത്താണ് . നടുനിരത്തില്‍ പൊരിവെയിലില്‍ മഹാകവി കുമാരനാശാനെ കാണാം .ആ 'വെള്ള പൂശിയ' കെട്ടിടത്തെ നോക്കി ഉപഗുപ്തനെപോലെ അപേക്ഷിക്കുവാന്‍ തോന്നി.

“ദാഹിക്കുന്നു ഭഗിനീ, കൃപാരസ-

മോഹനം കുളിര്‍ തണ്ണീരിതാശു നീ"