K G Suraj

കവിതയും വനവും - ദിനാചരണങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ ..

കാടും കവിതയും അനുഭവങ്ങളുടെ വൈവിധ്യപാഠങ്ങളാണ്. ഐക്യരാഷ്ട്ര സഭയുടെ പാരീസില്‍ ചേര്‍ന്ന മുപ്പതാമത് സെഷനാണ് മാര്‍ച്ച് 21, ലോക കവിതാ ദിനമായി പ്രഖ്യാപിച്ചത്. ഡിസംബര്‍ 21 2012 ല്‍ ചേര്‍ന്ന ജനറല്‍കൗണ്‍സില്‍ യോഗം പ്രത്യേക പ്രമേയത്തിലൂടെ ഇതേ ദിവസം അന്താരാഷ്‌ട്ര വനം ദിനമായി ആചരിയ്ക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടു.ഭാഷയുടെ ബഹുസ്വരത കവിതയിലൂടെ ഊട്ടിയുറപ്പിയ്ക്കുകയും അങ്ങിനെ മണ്മറഞ്ഞുകൊണ്ടിരിയ്ക്കുന്നു ലോകത്തിന്റെ ഭാഷാ വൈവിധ്യത്തെ എല്ലാ വിഭാഗങ്ങളിലേക്കും പങ്കു വെയ്ക്കുക എന്നതെല്ലാമാണ് മാര്‍ച്ച് 21 ന്റെ സുപ്രധാന സന്ദേശം. കവിത ചൊല്ലല്‍, അനുബന്ധ പഠനം; നാടകം, നൃത്തം, സംഗീതം , ചിത്രകല അടക്കമുള്ള കലാരൂപങ്ങളുമായി കവിതയുടെ ഇടപെടലുകള്‍ ഉറപ്പാക്കുക ,സമാന്തര പ്രസാധകര്‍ക്ക് പിന്തുണ നല്‍കുക , മാധ്യമങ്ങളില്‍കവിതയുടെ ഇടം ആകര്‍ഷകമാക്കുക ;തുടങ്ങി കവിതയെ ഒരു ന്യൂനപക്ഷത്തിന്റെ ആസ്വാദന / ആവിഷ്‌ക്കാര മാധ്യമം എന്നതിനപ്പുറം പൊതുസമൂഹത്തിന്റെയാകെ ശബ്ദമായ് തീര്‍ക്കുക ; തുടങ്ങിയവയെല്ലാമാണ് ദിനം മുന്നോട്ടു വെയ്ക്കുന്ന ആശയ രാഷ്ട്രീയം.ഭൂമിയുടെ മൂന്നില്‍ ഒരു ഭാഗം വനഭൂമിയാണ്. 1.6 ദശാംശം മനുഷ്യര്‍ അടങ്ങുന്ന 2000 ല്‍അധികം വരുന്ന തദ്ദേശീയ സംസ്കാരങ്ങളും കാടിനെ അധികരിച്ചാണ് ഉപജീവനം സംഘടിപ്പിയ്ക്കുന്നത് . ഔഷധങ്ങള്‍, ഇന്ധനം, ഭക്ഷണം, വാസസ്ഥലം തുടങ്ങിയ രൂപങ്ങളിലെല്ലാം ബന്ധപ്പെട്ടവര്‍ കാടിനെ ആശ്രയിയ്ക്കുന്നു. ജൈവശാസ്ത്ര വൈവിധ്യങ്ങളുടേതായ പ്രസ്തുത ആവാസവ്യവസ്ഥ ഭൂമിയിലെ 80 ശതമാനം വരുന്ന മൃഗങ്ങള്‍, വൃക്ഷങ്ങള്‍, പ്രാണികള്‍ എന്നിവയുടെ വാസസ്ഥലമാണ്. കാടിന്റെ വിലമതിയ്ക്കാനാകാത്ത ജൈവ – സാമ്പത്തിക – സാമൂഹ്യ മൂല്യങ്ങള്‍ക്കുമേലും വനനശീകരണം അപകടകരമായ നിലയില്‍തുടരുകയാണ്. പ്രതിവര്‍ഷം 13 ദശലക്ഷം ഹെക്റ്റര്‍ വനം നശിപ്പിയ്ക്കപ്പെടുന്നു. വനനശീകരണം 12 മുതല്‍20 വരെ ശതമാനം ആഗോള ഹരിതഗൃഹ വാതകങ്ങളുടെ ഉത്പ്പാദനത്തിന് കാരണമാകുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പു നല്‍കുന്നു. ഇത് വ്യാപകമായ നിലയില്‍കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ചെയ്യുന്നു. അന്താരാഷ്‌ട്ര വനദിനം സവിശേഷമാകുന്നതും പ്രസ്തുത സാഹചര്യത്തിലാണ്. കാട് മനുഷ്യന് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് അത് ഊന്നിപ്പറയുന്നു. പട്ടിണി ഇല്ലായ്മ ചെയ്യുന്നതിനും പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനും ഭക്ഷ്യ സുരക്ഷയുടെ മേഖലയിലും കാടുകള്‍ക്ക് വലിയപ്രാധാന്യമാണുള്ളത്. അതുകൊണ്ടുതന്നെ വികസിത – വികസ്വര ഭരണകൂട വേര്‍തിരിവുകള്‍ക്കപ്പുറം വനങ്ങളുടെ സുസ്ഥിരമായ നിര്‍വ്വഹണം നിലവിലെയും അനന്തരവുമായ തലമുറകളുടെ ശോഭനഭാവിയ്ക്ക് അത്യന്താപേക്ഷിതമാകുന്നു.സാന്ദ്രത കുറഞ്ഞ സൂര്യപ്രകാശം നിര്‍ലോഭം ലഭ്യമാകുന്നതും തണല്‍കുറഞ്ഞതുമായ സ്വഭാവപ്രകൃതിയുള്ള വനപ്രദേശങ്ങളാണ് വുഡ് ലാന്റുകള്‍ . പ്രത്യേക ജനുസുകളിലെ മൃഗങ്ങളും വൃക്ഷങ്ങളുമാണ് ഇവിടങ്ങളില്‍കണ്ടുവരിക. പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍നിര്‍ണ്ണായക പങ്കുവഹിയ്ക്കുന്ന വുഡ് ലാന്റുകളുടെ ജൈവികത സംരക്ഷിയ്ക്കുക, മരങ്ങളില്‍നിന്നും ഉത്പ്പാദിപ്പിയ്ക്കുന്ന ഊര്‍ജ്ജത്തിലൂടെ സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്തുക തുടങ്ങിയ ആശയങ്ങളാണ് ആഗോള വനദിനം പങ്കുവെയ്ക്കുന്നത്.


പ്രസ്തുത സാംസ്കാരിക – പാരിസ്ഥിതിക പശ്ചാത്തലത്തിലാണ് മാനവീയം തെരുവിടം സ്ട്രീറ്റ് ലൈബ്രറി www.aksharamonline.com ന്റെ സഹകരണത്തോടെ മാര്‍ച്ച് 21 ന് മാനവീയം വീഥിയില്‍(വെള്ളയമ്പലം, തിരുവനന്തപുരം) കവിതാ – വനം ദിനവുമായി ബന്ധപ്പെട്ട് ലോക – പ്രാദേശിക കവിതകളുടെ അവതരണം / ചര്‍ച്ച , വൃക്ഷത്തൈ നടല്‍, മഴ നടത്തം തുടങ്ങിയവ സംഘടിപ്പിച്ചത് .തെരുവില്‍ ഉറക്കെ ചൊല്ലിയിരുന്ന കവിതയുടെ കടമ്മനിട്ട / ഡി വിനയചന്ദ്രന്‍ മാസ്റ്റര്‍ കാലത്തെയാണ് ഔപചാരികതകള്‍ അശേഷമില്ലാതിരുന്ന കവിതയുടെ/ പരിസ്ഥിതിയുടെ വൈകുന്നേരം തിരികെപ്പിടിയ്ക്കുകയും സ്നേഹ സൗഹാര്‍ദ്ദങ്ങള്‍ക്കെതിരായ അരാഷ്ട്രീയതയെ അപ്രസക്തമാക്കുകയും ചെയ്തത്.


മാലിന്യ സംസ്‌ക്കരണം, വിഭവശോഷണം, ഊര്‍ജ്ജ ദുരുപയോഗം, അനധികൃത പ്രകൃതി ചൂഷണം, ജലത്തിന്റെ അശാസ്ത്രീയമായ ഉപഭോഗം തുടങ്ങിയ ജീവത്തായ രാഷ്ട്രീയ പ്രശ്നങ്ങള്‍ പാരിസ്ഥിതിക സന്തുലനത്തിന് കൊടിയ ഭീഷണിയുയര്‍ത്തുന്ന സമകാലീനതയില്‍പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ പ്രസക്തിയും പ്രാധാന്യവും കവിതാ – വനം ദിനത്തിലൂടെ ആവര്‍ത്തിച്ചുറപ്പിയ്ക്കപ്പെടുകയായിരുന്നു . മനുഷ്യനും പ്രകൃതിയും തമ്മില്‍പുലര്‍ത്തേണ്ട ജൈവബന്ധം തകര്‍ച്ചയിലേയ്ക്കു കൂപ്പുകുത്തുന്ന സമകാലീനതയില്‍സമഭാവനയുടെ സ്നേഹരാഷ്ട്രീയം ഉള്ളടക്കവുമാകുന്ന തുടര്‍ പരിപാടികള്‍ക്ക് എല്ലാ സുഹൃത്തുക്കളുടേയും പിന്തുണയും സഹായവും അഭ്യര്‍ത്ഥിയ്ക്കുന്നു.


സ്നേഹാദരങ്ങളോടെ
കെ ജി സൂരജ്
ചീഫ് എഡിറ്റര്‍