വലിയ രണ്ടു ചെമ്പു പാത്രം പെങ്ങളെടുത്തു. അവള്‍ മൂത്തതാണ്. ഇടത്തരം വലുപ്പമുള്ള രണ്ടെണ്ണവും ചെറുത് ഒന്നും കുഞ്ഞനെടുത്തു. അവന്‍ ആവശ്യം നേടിയെടുക്കുന്നതില്‍ എന്നും മുന്നിലാണ്. കട്ടില്‍ വലിയേട്ടനും, ഫാനും ബെഞ്ചും ചീരേട്ടനും, കോട്ടത്തില്‍വിളക്കുവയ്ക്കാനുള്ള ചങ്ങലാട്ടയും അമ്മയുടെ കോളാമ്പിയും പിന്നെ ചാരു കസേരയും സുരയും എടുത്തു. പിന്നെ ചാരുകസേര വേണ്ടെന്ന് പറഞ്ഞ് ഇറയത്തുതന്നെ വച്ചു. അമ്മയുടെ കാതിലുണ്ടായിരുന്ന പഴയ ക്ളാവു പിടിച്ച കമ്മലും നാവുപിടിപ്പിച്ച താലിയുള്ള മാലയും രാവിലെ തന്നെ ഉരുക്കി ആറായി മുറിച്ച് കൊണ്ടുവന്നിരുന്നു സുര. അതും ഓരോന്നായി അവന്റെ ത്രാസില്‍ തൂക്കി ഓരോരുത്തര്‍ക്കും മാറ്റിവച്ചു.
അമ്മ മരിച്ചു. മിനിഞ്ഞാന്ന്. വീട്ടിലുണ്ടായിരുന്ന അമ്മയുടെ സാധനങ്ങളുടെ വീതംവയ്പാണ്. ചെറിയ മക്കളെല്ലാം മുറ്റത്ത് കളിക്കുന്നുണ്ട്. അമ്മയുടെ പേരിട്ട സുരയുടെ ഒരു വയസാകാറായ ചെറിയ മോളുടെ ചുറ്റുമാണ് എല്ലാവരും. അവള്‍ സുന്ദരിക്കുട്ടിയാണ്. അമ്മയുടെ പോലാണ് കണ്ണും മൂക്കും, ആ മുഖത്തിന്റെ വട്ടവും. ചെറിയ മോന്റെ കൈയിലാണ് അവള്‍. ഹോസ്റ്റലില്‍നിന്ന് എത്തിയതുമുതല്‍ അവന്റെ കൂടെയാണ്. അവന് രണ്ടുവയസുണ്ടായിരുന്നപ്പോള്‍ എടുത്ത ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഗ്രൂപ്പ് ഫോട്ടോയില്‍ അവന്റെ മുഖവും മോളുടെ മുഖവും ഒരുപോലെയുണ്ടെന്നാണ് അവന്‍ പറയുന്നത്. ഉണ്ടാവുമായിരിക്കും. കൊയമ്പത്തൂരില്‍നിന്ന് വന്ന മരുമക്കള്‍ തിരിച്ചുപോകാനുള്ള ഒരുക്കമാണ്. മക്കളുടെ അവരുടെ ഭാര്യമാര്‍ വന്ന് വിളിച്ചുകൊണ്ടുപോയി.
വീതംവയ്പ് നോക്കിനിന്ന ഇളയ മരുമകന്‍ പെങ്ങളെ വിളിച്ച് അകത്തേക്കുപോയി. എന്നടാ ചെക്കായെന്ന് അവളുടെ തമിഴ് കലര്‍ന്ന മലയാളം. ഇറയത്തുകൂടിയവര്‍ കേള്‍ക്കുന്നത് തെറ്റാണെന്ന മട്ടില്‍ അവള്‍ ശബ്ദം താഴ്ത്തി. അടുക്കളയില്‍ രാധയുമായി പെങ്ങള്‍ സംസാരിക്കുന്നത് കേട്ടു. അവള്‍ തിരികെവന്നപ്പോള്‍ കൈയിലൊരു ഹോര്‍ലിക്സിന്റെ ചില്ലുകുപ്പിയും ഒരു പത്രക്കടലാസും ഉണ്ടായിരുന്നു. അത് രാധ ചെറുപയറിട്ടുവയ്ക്കുന്നതാണ്. അടുക്കളയുടെ കമ്പിവലത്തട്ടില്‍ ഉണ്ടായിരുന്നത്. അതെന്തിനാണ് പെങ്ങള്‍ ഇപ്പോള്‍.
ഇടതുകൈ കൊണ്ട് അവള്‍ പത്രക്കടലാസ് ടീപ്പോയുടെ മേലെ നിവര്‍ത്തിവച്ചു. ചെറുപയര്‍ പാത്രം വലതുകൈയില്‍ വളരെ ശ്രദ്ധയോടെ മേലോടു ചേര്‍ത്തു പിടിച്ചിട്ടുണ്ട്. അതിനുമേലെ പൊടി പിടിച്ചിട്ടുണ്ട്. അടുപ്പില്‍നിന്ന് പുകയടിച്ച് അതിന്റെ നീല മൂടിയുടെ നിറം മാറിയിരിക്കുന്നു. ചെറുപയര്‍ അവള്‍ പതുക്കെ കടലാസിലേക്ക് ചെരിഞ്ഞു. പഴക്കത്തിന്റെ പൂപ്പല്‍ മണം. കുറച്ചുമണികള്‍ താഴെ സിമന്റ്തറയില്‍ വീണു. അത് കുഞ്ഞന്‍ പെറുക്കി കടലാസിലിട്ടു. എന്നിട്ട് എല്ലാരെയും പോലെ പെങ്ങളുടെ മുഖത്തേക്ക് അല്‍പം അന്തംവിട്ടുനോക്കി. അവള്‍ ആഞ്ഞു ശ്വാസമെടുത്തിട്ട് പറഞ്ഞു. കൊറേ നാള് മുമ്പ് ഇത് അമ്മ വാങ്ങാന്‍ പറഞ്ഞിറ്റ് ഞാന്‍ ഇ്ടത്തേക്ക് വേണിച്ചതാണ്. ഇതും എല്ലാരിക്കും വേണം.
എല്ലാരും അവളെ തന്നെ നോക്കി. അത് നീ തന്നെ എടുത്തോ എന്ന് പറയാന്‍ ഒരുങ്ങിയതായിരുന്നു. അതിനിടെ ചീരേട്ടന്‍ ചോദിച്ചു. ഇദെത്രപ്പോരെയ്ണ്ട് ഏച്ചീ-. മൂന്നൂറാണ് വേണിച്ചിന്, എത്രയെങ്കിലും എട്ത്തിറ്റിണ്ടോയെന്നറീല- അവള്‍ പറഞ്ഞു. സുര അവന്റെ ഇലക്ട്രിക് ത്രാസെടുത്ത് കുറച്ച് കുറച്ചായി തൂക്കി നോക്കി ആറ് ഭാഗമാക്കി. താഴെ വീണ മണികള്‍ എല്ലാം അതില്‍ എടുത്തുവച്ചില്ലെന്നു തോന്നുന്നു. അവസാന ഭാഗത്തില്‍ അമ്പതു ഗ്രാമിന് അല്‍പം കുറവുണ്ട്.
പത്രക്കടലാസ് ശ്രദ്ധിച്ച് കീറി സുര അത് ടീപ്പോയുടെ ഓരോ വശത്താക്കിവച്ചു ഏറ്റവും കുറവുള്ളത് നടുവിലാണുള്ളത്. ഒന്ന് അവന്റെ നേരെയും. കുട്ടികള്‍ കളി മതിയാക്കി. അകത്തേക്ക് കയറിപ്പോയി. കുഞ്ഞുമോള്‍ മോന്റെ എളിയിലിരുന്ന് എന്തൊക്കെയോ ഒച്ചയുണ്ടാക്കി ചിരിക്കുന്നു. അവളെ കുളിപ്പിക്കാന്‍ നേരമായി.
ഇരുത്തിയില്‍നിന്ന് എണീറ്റ് നടുവിലെ കടലാസ് കഷണമെടുത്ത് സുരയുടെയും ഏച്ചിയുടെയും കടലാസിലേക്ക് ചെറുപയറിട്ടുകൊടുത്തു. ഇത്രേം നാള് അമ്മ എന്റൊപ്പരല്ലേ നിന്നിന്, അത് മതി എനക്ക്. ബാക്കി എന്നാന്ന് വച്ചാ എടുത്ത് പോയിക്കോ എല്ലാരും, പിന്നെ ഈ വഴിക്ക് കാണറ്- എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ വന്നില്ല.
അകത്ത് പോയി കിടന്നാലോയെന്നാലോചിച്ചു. ഏച്ചി ഒഴിച്ചുവച്ച ചെറുപയര്‍ പാത്രമെടുത്ത് അടുക്കളിയിലേക്ക് നടന്നു. കമ്പിവലത്തട്ടില്‍ വച്ചു. അവള്‍ ഉച്ചയ്ക്കേക്ക് എല്ലാര്‍ക്കുമുള്ള ഭക്ഷണം ആക്കുകയാണ്. എല്ലാം മനസ്സിലായ പോലെ അവള്‍ ചിരിച്ചു. അടുപ്പിലിരുന്ന ചട്ടിയില്‍നിന്ന് കയിലില്‍ കറിയെടുത്ത ഉപ്പുനോക്കി. പിന്നെ എന്റെ നേര്‍ക്ക് നീട്ടി. വല്യേട്ടന് ഇത്രപ്പോര ഉപ്പ് മതിയാകോ.
മനസ്സില്‍ എന്തൊക്കെയോ പിടയ്ക്കുന്നു. അകത്തേയ്ക്കുനടന്നു. കട്ടിലില്‍ കുഞ്ഞുമോളെ ഉറക്കിക്കിടത്തിയിട്ടുണ്ട്. അവളെ ഉണര്‍ത്താതെ പതിയെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു. ആ കുഞ്ഞു മുഖത്തേക്ക് കുറച്ച്നേരം നോക്കിയിരുന്നു. എവിടെയോ അവള്‍ക്ക് മോന്റെ ഛായയുണ്ടെന്ന് തോന്നി. എറയത്ത് അവര്‍ പിന്നെയും എന്തൊക്കെയോ പറയുന്നതും കേട്ടു കണ്ണടച്ചു കിടന്നു. മൂത്ത മരുമോള്‍ ഷെല്‍ഫിനടത്തു കൂട്ടിയിട്ട സഞ്ചികളില്‍ എന്തോ ഒച്ചയിട്ട് പരതിയിട്ട് പുറത്തേക്ക് പോയി.
ഒരു വൈകുന്നേരമാണ് അമ്മ കൈയില്‍ കത്തുന്ന ചിമ്മിണിക്കൂടുമായി വീട്ടിലേക്ക് കയറിവന്നത്. കുറച്ച് തുണിയും ടൌണിലെ ജ്വല്ലറിയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഏതോ ആഭരണം വാങ്ങിയപ്പോള്‍ കിട്ടിയ പേഴ്സും തുണിക്കെട്ടിലാക്കിയിരുന്നു.
ഞാനിനി ആടെ നിക്കുന്നില്ലടാ.. ഓനെന്നെ തല്ലിപ്പൊറത്താക്കുന്നത് വരെ കാക്കാനാകൂല്ല. അതാ ഞാനിങ്ങേക്ക് വന്നെ. രാധയോട് കൊറച്ച് വെള്ളമെടുക്കാന്‍ പറ.- ഇരുത്തിക്ക് മേലെ സാധനങ്ങള്‍ എടുത്തുവച്ച് ചിമ്മിണിക്കൂട് കെടുത്തി അമ്മ പറഞ്ഞു.
മോള് അമ്മയുടെ തുണിക്കെട്ട് കൊണ്ടുപോയി അകത്തുവച്ചു. വെള്ളം കുടിച്ചുകൊണ്ടിരിക്കെ അമ്മ പറഞ്ഞു- തൂറിയ തീട്ടാണ് ഓന്‍. തിരിഞ്ഞു നോക്കൂല ഇനി. അമ്മ കുളിച്ച് ചോറുണ്ടു. മോളുടെ കൂടെയാണ് കിടന്നത്. അന്ന് ആര്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സുരയുടെ കൂടെ തറവാട്ടിലായിരുന്നു അമ്മ. ഇളയമകന് അവകാശപ്പെട്ടതാണല്ലോ തറവാട്. അമ്മയ്ക്ക് അവനെയായിരുന്നു ഏറ്റവും ഇഷ്ടം. എല്ലാര്‍ക്കും അതെ. വെള്ളാരം കണ്ണുള്ള, സായിപ്പിനെ പോലെ വെളുത്ത് ചുവന്ന്.
ഭാര്യ പിണങ്ങിപ്പോയപ്പോള്‍ സുര വീട്ടില്‍ തനിച്ചായി. അവന്റെ ജ്വല്ലറി പൂട്ടിപ്പോയി. അവന് ചൂടുപനി വന്നു. രണ്ടുദിവസമായപ്പോ മൂത്ത ഏടത്തിയമ്മ വന്ന് വിവരം അമ്മയോട് പറഞ്ഞു. -ഓന്റെ ഓളോട് പറ വന്ന് നോക്കാന്‍- എന്നു പറഞ്ഞെങ്കിലും അതു മാറുന്നതുവരെ മൂന്നുനേരവും അമ്മ കഞ്ഞിയും ഉപ്പും തേങ്ങയുമില്ലാത്ത കറിയും അവനു കൊണ്ടുകൊടുത്തു. പനിമാറി കുളിച്ച് അവന്‍ വീട്ടില്‍ വന്നു. മക്കളോടൊപ്പം കളിച്ചു. ഭാര്യയെ വിളിച്ചുകൊണ്ടുവന്നപ്പോള്‍ വീട്ടില്‍വന്നിട്ടാണ് തറവാട്ടിലേക്ക് പോയത്. അമ്മ അപ്പോഴും ഒന്നും പറഞ്ഞില്ല.
അവന്റെ കുട്ടികളെ കാണാന്‍ അമ്മ പോയിരുന്നു. രണ്ടുതവണയും. അവനോടോ ഭാര്യയോടോ സംസാരിക്കാന്‍ കൂട്ടാക്കാതെ കുട്ടിയെ കൈയിലെടുത്ത് നെറുകില്‍ പതിയെ ഉമ്മവച്ച് വേഗം തന്നെ ആശുപത്രി മുറിക്ക് പുറത്തുകടന്നു. അതിന് മുമ്പ് മുണ്ടിന്റെ കോന്തലയിലെ കെട്ടില്‍നിന്ന് ചുരുണ്ടുകൂടിയ നോട്ടുകളിലൊന്ന് കിടക്കയില്‍വച്ചു.
അമ്മ പോയ ദിവസം ഓഫീസിലായിരുന്നു. ഉച്ചയ്ക്ക് ചോറുണ്ണാന്‍ എടുത്തുവയ്ക്കുന്നതേയുണ്ടായിരുന്നുള്ളൂ. റിസപ്ഷനില്‍ ഫോണ്‍ വന്നിട്ടുണ്ടെന്ന് ആരോ വിളിച്ചുപറഞ്ഞു. അവളായിരുന്നു. വേഗം വരണം, അമ്മയ്ക്ക് കൂടുതലാണെന്ന് പറഞ്ഞ് മറുപടിക്ക് നില്‍ക്കാതെ ഫോണ്‍ വച്ചു. ഓട്ടോ പിടിച്ച് വീട്ടിലെത്തുമ്പോള്‍ അപ്രത്തെ കല്യാണിയേച്ചി എറയത്തുണ്ട്. അകത്ത് അമ്മയുടെ അടുത്ത് അവളും മൂത്തമോനുമുണ്ട്. ശ്വാസമെടുക്കാന്‍ അമ്മ നന്നേ വിഷമിക്കുന്നുണ്ട്. പതുക്കെ വിളിച്ചു. കട്ടിലിനു താഴെ ഇരുന്നു. ശോഷിച്ചുപോയി കൈ അമ്മ മെല്ലെ മുഖത്തുചേര്‍ത്തു. കണ്ണുകലങ്ങുന്നു. കല്യാണിയേച്ചി ഗ്ളാസില്‍ വെള്ളം തനന് അമ്മയ്ക്ക് കൊടുക്കാന്‍ പറഞ്ഞു. പതിയെ ഒരിറക്ക് കുടിച്ച് അമ്മ ചുറ്റിലും നോക്കി. അവള്‍ അമ്മയെ വിളിച്ചു. അമ്മ കേള്‍ക്കുന്നുണ്ടെന്ന് തോന്നിയില്ല. അവള്‍ അമ്മയുടെ വായിലേക്ക് ഗ്ളാസ് പതിയെ ചേര്‍ത്തു. ഒരിറക്ക്. പിന്നെ വായില്‍നിന്ന് വെള്ളം പതിയെ പുറത്തേക്ക് ഒഴുകി. മുഖത്തുവച്ചിരുന്ന അമ്മയുടെ കൈ തണുത്തു. കല്യാണിയേച്ച് അമ്മയുടെ കൈപിടിച്ചുനോക്കി. പറഞ്ഞു. - ബാലാ, അമ്മ പോയിന്.
കണ്ണില്‍ ഇരുട്ടു മൂടുന്നു. എവിടെയൊക്കെയോ വേദനിക്കുന്നുണ്ട്. അത് നെഞ്ചിനകത്ത് ഉരുണ്ടുകൂടി കനംവച്ചു. അറിയാതിരുന്ന ഏതോ ഒച്ചയില്‍ കരച്ചില്‍ പുറത്തേക്ക് വന്നു. അവള്‍ ചുമല്‍ പിടിച്ച് എഴുന്നേല്‍പിച്ചു. കുതറി മുറിയില്‍ കയറി വാതിലടച്ചു. തലയിണയില്‍ മുഖമമര്‍ത്തി ആകാവുന്ന അത്രയും ഉറക്കെ അമ്മയെ വിളിച്ചു.
എവിടെനിന്നോ ആരോ ഒച്ചയിടുന്നു. ഒരു മുഴക്കമായി അതു കേള്‍ക്കുന്നുണ്ട്. അവള്‍ ചുമല്‍ കുലുക്കി വിളിച്ചു. -ഏട്ടന്‍ എന്തോ പറഞ്ഞ് ഒച്ചപ്പാടാക്ക്ന്നാ.. ഒന്ന് നിങ്ങള് പോയി നോക്കിയാട്ടേ..
വലിയേട്ടനാണ്. കുടിച്ചിട്ടുണ്ട്. ഇത്ര സമയം കൊണ്ട് എവിടെ നിന്നാണാവോ.
ഇറയത്തിന്റെ സിമന്റ് തറയിലും ടീപ്പോയുടെ മേലെയും ചെറുപയര്‍മണികള്‍ ചിതറിക്കിടക്കുന്നുണ്ട്. ഏട്ടന്‍ ഒച്ചയിട്ടുകൊണ്ട് ആരെയൊക്കെയോ ചീത്ത വിളിച്ച് റോഡിലേക്ക് കയറി നടന്നുപോയി. അമ്മയുടെയും അച്ഛന്റെയും പേര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.