ഐ- ചില മൂന്നാം ലിംഗചിന്തകള്‍
എല്ലാ മേഘലകളെയും പോലെ സിനിമയും ആണ്‍കോയ്മയുള്ള മേഘലയാണ്‍. അപൂര്‍വം അപവാദങ്ങള്‍ ഉണ്ടെങ്കിലും സിനിമ നിര്‍മ്മിക്കുന്നതും സംവിധാനം ചെയ്യുന്നതും കഥ എഴുതുന്നതുമെല്ലാം പുരുഷന്മാര്‍ തന്നെ. കച്ചവട സിനിമകള്‍ മിക്കതും ആണത്തത്തിന്റെ ആഘോഷങ്ങളാണ്‍. പെണ്ണ് അവനു വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു ഉപകരണം മാത്രം. കഥ ആദ്യാന്തം ആണിന്റെതാണ്. അവന്റെ ആണത്തവും ധൈര്യവും പ്രദര്‍ശിപ്പിക്കാനുള്ള മാധ്യമം, പെണ്ണ് അവന് രക്ഷിക്കാനും ജീവിതംകൊടുക്കാനും നൃത്തം ചെയ്യാനും, ചെയ്യിപ്പിക്കാനും, അഹങ്കാരം ശമിപ്പിക്കാനും മാത്രമുള്ള ഉപകരണങ്ങളും.. ആണിനും പെണ്ണിനും അധീശത്ത-ആണ്‍മനസ്സുള്ള പ്രേക്ഷകസമൂഹം ഉള്ളിടത്തോളം കാലം കച്ചവടസിനിമയില്‍ ഇതൊക്കെ ഇങ്ങനെ തന്നെ നില്‍ക്കുകയും ചെയ്യും. നിലനില്‍ക്കുന്ന സാമൂഹ്യ മനസ്സാക്ഷിയെ ചൂഷണം ചെയ്തുകൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം കച്ചവടസിനിമകള്‍ മിക്കവയും ഈ പൊതുബോധത്തെ പ്രീതിപ്പെടുത്തുകയും, ആധിപത്യമൂല്യങ്ങളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
സാധാരണക്കാര്‍ക്ക് പരിചിതമല്ലാത്ത നീളന്‍ നിശാവസ്ത്രവുമണിഞ്ഞ് പൈപ്പ് പുകച്ച് മട്ടുപ്പാവിലൂടെ ഉലാത്തുന്ന ജാതിവാല്‍ പേറിയ ഉപരിവര്‍ഗ്ഗങ്ങളുടെ അന്തപ്പുരവിശേഷങ്ങളില്‍ കറുത്തവര്‍, അംഗവൈകല്യം സംഭവിച്ചവര്‍, സ്ത്രീകള്‍ തുടങ്ങിയവരൊക്കെ പരിഹസിക്കാനും സഹതാപം സൃഷ്ടിക്കാനും, ഹാസ്യമുണ്ടാക്കാനും മാത്രമുള്ളവരായിത്തീരുന്നു. ഇതുകൊണ്ടൊക്കെ തന്നെ മിക്ക കച്ചവടസിനിമകളും പാര്‍ശ്വവല്‍ക്കൃതജനതയുടെ പ്രശ്നങ്ങളെ പ്രതിനിധാനം ചെയ്യുന്നതില്‍ പരാജയമായിരുന്നു.ദക്ഷിണേന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആദ്യ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം മുതല്‍ ഇന്നെത്തി നില്‍ക്കുന്ന ത്രീഡി ചിത്രങ്ങള്‍ വരെ സാങ്കേതികതയുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും വിഷയം മേല്‍ പറഞ്ഞ വരേണ്യപ്രത്യയശാസ്ത്രങ്ങളുടെ അരക്കിട്ടുറപ്പിക്കല്‍ തന്നെ. ആദ്യകാലങ്ങളിലെ രാജാപ്പാര്‍ട്ടുകളാടിയ ചലച്ചിത്ര വ്യവസായം പിന്നീട് മേല്‍പ്പറഞ്ഞ പൈപ്പ് വലിക്കാരിലേക്കും പിന്നീട് നവോദ്ധാന കാലഘട്ടത്തില്‍ ‘വിപ്ലവ’ത്തിലേക്കും കടന്നു. ഈ വിപ്ലവകാലഘട്ടത്തില്‍; ഇന്നും ആഘോഷിക്കപ്പെടുന്ന പല മുഖ്യധാരാ സിനിമകളും പൊളിഞ്ഞ് പാളീസായ മുതലാളിയെയും അയാളുടെ മുതലാളിത്ത പ്രതിസന്ധികളെയും ഗതകാലപ്രൌഡികളില്‍ അഭിരമിക്കുന്ന തറവാടിത്തത്തെയും പ്രതിനിധാനം ചെയ്യുന്നതാണ്. ഈ സിനിമകളിലൊക്കെത്തന്നെയും പെണ്ണ്/കറുത്തവര്‍/തൊഴിലാളി/കീഴാളര്‍/സ്വവര്‍ഗ്ഗരതിക്കാര്‍/ മൂന്നാം ലിംഗക്കാര്‍ എന്നിവര്‍ക്കൊന്നും അവരവരുടെ ജീവിതസാഹചര്യങ്ങളുടെ നാണയപ്പെടുത്തലിന് ഇടം നല്‍കുന്നില്ല. മാത്രവുമല്ല, ഇവരൊക്കെ മുഖ്യധാരയില്‍ നിന്ന് പരിഹസിക്കപ്പെടേണ്ടവരോ ഒഴിച്ച് നിര്‍ത്തേണ്ടവരോ ആണെന്ന ബോധം സൃഷ്ടിക്കുകയും ചെയ്തു.
ലിംഗപദവിയുള്ള പെണ്ണ് ഇത്രമാത്രം തരം താഴ്തപ്പെടുന്നുണ്ടെങ്കില്‍ സമൂഹ മനസ്സാക്ഷിയുടെ കണ്ണില്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ‘ആണു പെണ്ണും കെട്ട’വരുമായ മൂന്നാം ലിംഗക്കാരുടെ കാര്യം പറയാനുണ്ടൊ ? ആണ്, പെണ്ണ്- ഇതിലേതെങ്കിലും ലിംഗത്തില്‍പ്പെടാത്തവര്‍ കൊള്ളരുതാത്തവരാണ്. പല മുന്‍ കാല ചിത്രങ്ങളിലെയും സ്ത്രൈണതയുള്ള ഡാന്‍സ് മാസ്റ്റര്‍മാരെ ചിത്രീകരിച്ചിരുന്നത് ഹാസ്യത്തിന് വേണ്ടിയാണ്. ‘ചാന്ത്പൊട്ട്’ എന്ന സിനിമയില്‍ മൂന്നാം ലിംഗക്കാരെ അല്ലെങ്കില്‍ അവരുടെ അവസ്ഥയെ തല്ലുകൊള്ളാത്ത അസുഖമായാണ് കാണിച്ചിരിക്കുന്നത്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന അല്ലെങ്കില്‍ ആധിപത്യമൂല്യബോധങ്ങള്‍ക്കപ്പുറമുള്ളതെല്ലാം വൈകൃതങ്ങളാണ്.
ഒരു കച്ചവട സിനിമ അത്തരത്തില്‍ ചിത്രീകരിക്കുന്നതില്‍ പ്രശ്നമൊന്നുമില്ലെന്ന് തോന്നിയേക്കാം. എന്നാല്‍ ഇത്തരം സിനിമകള്‍ പൊതുബോധത്തെയും സ്വാധീനിച്ചേക്കാം. ചാന്ത് പൊട്ട് എന്ന സിനിമയെ കുറിച്ച് ട്രാന്‍സ് ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കല്‍ക്കി സുബ്രഹ്മണ്യം പറഞ്ഞത്, ‘ലാല്‍ ജോസിന്റെ ചാന്ത്പൊട്ട് ഞങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കാതെയുള്ള ഒരു ഭീകരാക്രമണമാണ്’ എന്നാണ്. ഇത്തരം ഭീകരാക്രമണങ്ങള്‍ ഇപ്പോള്‍ ഹാസ്യവും കഴിഞ്ഞ് പരിഹാസത്തിലേക്കും അവരുടെ സാന്നിധ്യത്തെ പോലും നിരാകരിക്കുന്ന തരത്തിലുമുള്ളതായി മാറുന്നത് ശങ്കറിന്റെ ഏറ്റവും പുതിയ ‘ഐ’ എന്ന തമിഴ് സിനിമയില്‍ കാണാം.
‘ഐ’ ഒറ്റ നോട്ടത്തില്‍ ഒരു മുതലാളിത്തവിരുദ്ധ സിനിമ എന്നോ കോര്‍പ്പറേറ്റ് വിരുദ്ധ സിനിമ എന്നോ ഒക്കെയുള്ള തോന്നല്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ആ സിനിമ സ്വയം ഒരു കച്ചവട സിനിമയുടെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊണ്ട സിനിമയാണ്. ഒട്ടുമിക്ക കമ്പനികളുടെയും പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയ സിനിമ കൂടിയാണ്. പരസ്യമോഡലായ നായികയോടുള്ള ആരാധന നായകന്‍ പ്രകടിപ്പിക്കുന്നത് അവള്‍ അഭിനയിച്ച പരസ്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഉത്പന്നങ്ങള്‍ വാങ്ങിക്കൊണ്ടാണ്.
നായികയെ നായകന്‍ സ്വപ്നം കാണുന്നത് പോലും അവള്‍ അഭിനയിച്ച പരസ്യങ്ങളുടെ ഉത്പന്നങ്ങളായാണ്. മൊബൈല്‍ ഫോണായും ബൈക്കായും അവള്‍ അവതരിക്കുന്നു. നായികയുടെ ശരീരത്തിന്റെ ക്ലോസ് അപ്പുകളും ചൂഴ്ന്നുനോട്ടങ്ങളുമെല്ലാം ഈ കച്ചവടസിനിമയിലുമുണ്ടായിരുന്നു. (നായകന്റെ ശരീരപ്രദര്‍ശനവും ഉണ്ടായിരുന്നു എന്നത് നിരാകരിക്കുന്നില്ല. )ഇതിനിടയില്‍ പ്രശസ്ത ഹെയര്‍ സ്റ്റൈലിസ്റ്റ് ആയ ഓസ്മാ ജാസ്മിന്റെ രൂപത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രം കടന്നുവരുന്നത്. ആദ്യം തന്നെ ഓസ്മാ ജാസ്മിന്‍ വരുന്നു എന്ന ആകാംക്ഷ പ്രേക്ഷകന്‍ കൊടുക്കുന്നു. മിക്ക സിനിമകളെയും പോലെ അടി മുതല്‍ മുടി വരെ എന്ന രീതിയിലാണ് അവരെ പരിചയപ്പെടുത്തുന്നത്. നെയില്‍പ്പോളിഷ് ചെയ്ത മനോഹരമായ കാലുകളില്‍ തുടങ്ങി ശരീരവും താണ്ടി മുഖത്തേക്കെത്തുമ്പോഴുള്ള കാണികളുടെ പ്രതികരണം ഉറക്കെ കേള്‍ക്കാമായിരുന്നു. കാണികള്‍ മാത്രമല്ല, ലിംഗേശന്‍ എന്ന നായകന്റെ പ്രതികരണവും പരിഹാസവും എല്ലാം പെട്ടന്നായിരുന്നു. പിന്നീട് പരസ്യചിത്രീകരണത്തിന് പ്രശ്നമുണ്ടാവാതിരിക്കാന്‍ അവരുമായി മനസ്സില്ലാമനസ്സോടെ വിട്ടുവീഴ്ച ചെയ്യുകയാണ് നായകന്‍. ലിംഗേശന്‍ അവരുടെ കൂടെയുള്ള ഓരോ നിമിഷവും അവര്‍ അയാളെ വശീകരിക്കാന്‍ ശ്രമിക്കുന്നതായും അയാള്‍ക്ക് അത് അസഹ്യമാവുന്നതായും കാണിക്കുന്നു. അവസാനം മദ്യപിച്ച ലിംഗേശനെ തന്റെ കിടപ്പുമുറിയിലെത്തിച്ച ഓസ്മാ ജാസ്മിന്‍ ലിംഗേശനെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നു. മദ്യപിച്ചിരുന്നെങ്കിലും ലിംഗേശന്‍ അതിന് വഴങ്ങുന്നില്ലെന്ന് മാത്രമല്ല, ‘നീയൊരു മനുഷ്യനാണോ ?’ എന്നു കൂടി ചോദിച്ച് ലിംഗപദവി മാത്രമല്ല, മനുഷ്യപദവി പോലും നിഷേധിക്കുന്നു. പ്രണയിക്കാനുള്ള അവരുടെ അവകാശത്തെപ്പോലും നിഷേധിച്ച് അവര്‍ക്ക് ഒരു വില്ലന്‍ പരിവേഷവും കൊടുക്കുന്നു. ലിംഗേശന്റെ പ്രണയനിഷേധവും പരിഹാസവുമാണ് ഓസ്മാ ജാസ്മിനെ ലിംഗേശന്റെ പുതിയ രൂപമാറ്റത്തിനുള്ള കാരണക്കാരിയാക്കിയത്. അതിനോടുള്ള പ്രതികാരമെന്നോണം ലിംഗേശന്‍ ഓസ്മയുടെ ശരീരം നിറയെ മുടി വളരാനുള്ള മരുന്നു കൊടുക്കുന്നു. ദേഹാസകലം രോമം വളര്‍ന്ന ഓസ്മയെ പിന്നീടും ലിംഗേശന്‍ കണക്കറ്റ് കളിയാക്കുന്നുണ്ട്.
മുഖ്യധാരയിലെത്തിയ പല ട്രാന്‍സ്ജെന്‍ഡേഴ്സും ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് നിലനില്‍ക്കുന്നത്. ഓസ്മാ ജാസ്മിന്‍ സിനിമയില്‍ പരിചയപ്പെടുത്തുന്ന തരത്തിലുള്ള നമ്പറ് വണ്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് ആണെങ്കില്‍ അവര്‍ എത്രമാത്രം യാതനകള്‍ അനുഭവിച്ചായിരിക്കും അവിടെ എത്തിയിരിക്കുക. എന്നാല്‍ അത്തരം ഒരു ട്രന്‍സ്ജെന്‍ഡര്‍ അമിതലൈംഗികാസക്തിയുള്ള- ആണിനെ കണ്ടാല്‍ കടന്നാക്രമിക്കുന്ന വര്‍ഗ്ഗമാണെന്നും മുഖ്യധാരയിലുള്ള അവരുടെ സാന്നിധ്യം പോലും ഒരു അപായസൂചനയാണ് എന്ന തരത്തിലുമുള്ള സന്ദേശമാണ് സിനിമ നല്‍കുന്നത്.
‘ഐ’ എന്ന സിനിമയിലെ മൂന്നാം ലിംഗക്കാരെ അപമാനിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ലിംഗ സംഘടനകള്‍ സംവിധായകന്‍ ശങ്കറിന്റെ വീടിന്‍ മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം സംഘടിപ്പിച്ചു.
ഓസ്മാ ജാസ്മിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതു ഒജാസ് രജനി എന്ന മൂന്നാം ലിംഗത്തില്‍പ്പെട്ട വ്യക്തി തന്നെയാണ്. പ്രമുഖ മെയ്ക്കപ്പ് ആര്ടിസ്റ്റ് കൂടിയാണ് ഒജാസ്. എന്നാല്‍ താന്‍ സിനിമ കണ്ടിട്ടില്ലെന്നും സംവിധായകനായ ശങ്കര്‍ പറഞ്ഞത് അതേ പടി ചെയ്യുകയായിരുന്നു എന്നും മൂന്നാം ലിംഗക്കാരെ അപമാനിക്കുന്ന തരത്തില്‍ ശങ്കര്‍ ഒന്നും ചെയ്യില്ലെന്നുമാണ് തന്റെ വിശ്വാസം എന്നും അവര്‍ പ്രതികരിച്ചു.
നിലവില്‍ സമൂഹത്തില്‍ ട്രാന്‍സ് ജെന്‍ഡേഴ്സ് ഒരുപാട് വിവേചനങ്ങളും ബുദ്ധിമുട്ടുകളും കുടുംബത്തിലും സാമൂഹത്തിലും അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 2014 ഏപ്രിലില്‍ സുപ്രീം കോടതി ഇവര്‍ക്കനുകൂലമായ ഉത്തരവിറക്കുന്നത്.
ട്രാന്‍സ് ജെന്‍ഡേഴ്സിനെ മൂന്നാം ലിംഗക്കാരായി പരിഗണിക്കണമെന്നും മറ്റ് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണങ്ങള്‍ അവര്‍ക്കും ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെടുകയുണ്ടായി.
ഈ കഴിഞ്ഞ ഡിസംബറില്‍ ലീലാ ആല്‍ക്കോണ്‍ എന്ന അമേരിക്കന്‍ ട്രാന്‍സ്ജെന്‍ഡറിന്റെ ആത്മഹത്യ ലോകത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ടു. തങ്ങളും ഒരു മനുഷ്യനെപ്പോലെ എല്ലാ അവകാശങ്ങളോടെയും പരിഗണിക്കപ്പെടുന്ന ദിവസം മാത്രമേ തനിക്ക് വിശ്രമമുണ്ടാവൂ എന്ന് അവര്‍ തന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതുകയുണ്ടായി. പൊതുസാമൂഹ്യബോധം ലിംഗപദവി ‘കൊടുത്തി‘ട്ടുള്ള സ്ത്രീകള്‍ക്ക് പ്രതിരോധിക്കേണ്ടി വരുന്നത് പുരുഷാധിപത്യത്തെയാണെങ്കില്‍ മൂന്നാം ലിംഗക്കാര്‍ക്ക് നേരിടേണ്ടി വരുന്നത് ലിംഗാധിപത്യത്തെക്കൂടിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളേണ്ടി വരുമ്പോള്‍ പോലും ക്രൂരവും വിവേചനപരവുമായ ഇത്തരം സിനിമകള്‍ക്കെതിരെ ശബ്ദിക്കേണ്ടതുണ്ട്.. അതിന് പുരുഷന്‍ വാഴുന്ന സിനിമാ രംഗത്തേക്ക് മറ്റ് ലിംഗക്കാരും കടന്നു വരികയും ഇത്തരം വിവേചനങ്ങളെ നേരിടേണ്ടതുമുണ്ട്.