Indu G K

കൊറോണക്കാലത്തെ ഭൗമ ദിനം ഓര്‍മ്മിപ്പിക്കുന്നത്

ഏപ്രില്‍ 22, ഭൗമദിനം. പുരോഗതിയുടെ നാള്‍വഴികളില്‍ എന്നോ മനുഷ്യന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ ഭൂമിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യപ്പെടുന്ന ദിവസം. ലക്ഷങ്ങള്‍ വരുന്ന ഭൂമിയുടെ ജീവസമ്പത്തില്‍ ഒന്ന് മാത്രമായിരിക്കേ, ഭൂമിയുടെ അവകാശികള്‍ എന്ന് ചിന്തിക്കുന്ന മനുഷ്യന്റെ ചെയ്തികള്‍ എത്രമാത്രം ഭൂമിയെ ക്ഷയിപ്പിച്ചു എന്ന് ചിന്തിപ്പിക്കുന്ന ദിവസം. ലോകജനത കഴിഞ്ഞ അന്‍പതു വര്‍ഷങ്ങളായി, പരിസ്ഥിതി സംരക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ 22ന് ഭൗമദിനം ആചരിച്ചു വരുന്നു.


11


1969 ജനുവരിയില്‍ കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറ തീരത്തിനോട് ചേര്‍ന്ന ഒരു ഓഫ് ഷോര്‍ എണ്ണകിണറില്‍നിന്നുണ്ടായ പെട്രോളിയം ചോര്‍ച്ചയോട് അനുബന്ധിച് പതിനായിരക്കണക്കിന് കടല്‍ പക്ഷികളും, മത്സ്യങ്ങളും, ഡോള്‍ഫിനുകളും എല്ലാം ചത്തുപൊങ്ങുകയുണ്ടായി. ഈ സംഭവം അന്ന് ലോകശ്രദ്ധയാകര്‍ഷിക്കുകയും, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വല്യ തോതില്‍ ചര്‍ച്ചചെയ്യപെടുകയും ചെയ്തു. തുടര്‍ന്ന് അതേ വര്‍ഷം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന യുനെസ്‌കോ ഉച്ചകോടിയില്‍ ഭൂമിയിയ്ക് വേണ്ടി ഒരു ദിവസം മാറ്റി വയ്ക്കുന്നത്തിനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും, ആദ്യമായി അങ്ങനെ ഒരു കാര്യം Environmental Teach in എന്ന പേരില്‍ നടപ്പിലാക്കിയത് 1970 ഏപ്രില്‍ 22ന് യുഎസില്‍ ആണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒതുങ്ങി നിന്ന ആ പരിപാടി പില്കാലത്ത് എര്‍ത്ത് ഡേ എന്ന പേരില്‍ രാജ്യം മുഴുവന്‍ ഏറ്റെടുത്തു. 1990കള്‍ക്ക് ശേഷം, പ്രതേകിച്ചു 1992ലെ എര്‍ത്ത് സബ്മിറ്റിനു ശേഷം ആണ് ലോകരാജ്യങ്ങള്‍ ഭൗമദിനം ആചാരിക്കാന്‍ തുടങ്ങിയത്.


33


ശാസ്ത്ര സാങ്കേതിക വ്യവസായ രംഗങ്ങളിലെ വളര്‍ച്ച മനുഷ്യനേ ഭൂമിയില്‍നിന്നും അകറ്റുകയും, ഭൗമ വിഭവങ്ങള്‍ തന്റെ അവകാശം ആണെന്ന ചിന്ത ജനിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെതിരേയുള്ള ബോധവല്‍ക്കരണം രണ്ടു തട്ടില്‍ നിന്നുകൊണ്ടാണ് ചെയ്യേണ്ടത്. പരിസ്ഥിതി പ്രശ്‌നങ്ങളെ പറ്റി ഒട്ടുമേ ബോധവാന്മാര്‍ അല്ലാത്ത സാമാന്യ ജനങ്ങളെ ഉത്‌ബോധിപ്പിക്കുകയാണ് ഒന്ന്. രണ്ടാമത്തേത് എല്ലാം അറിഞ്ഞിട്ടും ഉചിതമായ നയങ്ങള്‍ നടപ്പിലാക്കാന്‍ മടിക്കുന്ന ലോകരാജ്യങ്ങളിലെ ശക്തി കേന്ദ്രങ്ങളെ വീണ്ടും വീണ്ടും ചിന്തിക്കാന്‍ നിര്‍ബന്ധിക്കുക എന്നതാണ്. ഈ രണ്ടു വിഷയങ്ങളെയും ഓര്‍മ്മിപ്പിക്കുകയാണ് ഓരോ ഭൗമദിനവും ചെയ്യുന്നത്.


ഈ ഒരു പശ്ചാതലത്തിലൂടെ തന്നെയാണ് 2020ലെ ഭൗമദിനവും കടന്ന് പോകുന്നത്. Climate Action  എന്നതാണ് ഈ വര്‍ഷത്തെ ചര്‍ച്ചാ വിഷയം. പാരീസ് എഗ്രിമെന്റ്‌നു ശേഷം കാര്‍ബണ്‍ എമിഷന്‍ പരമാവധി കുറയ്ക്കാന്‍ ഓരോ രാജ്യവും നിര്ബന്ധിതരാവുന്ന ഈ ഘട്ടത്തിലും ആരും അതിനുവേണ്ട പദ്ധതികള്‍ എവിടെ എത്തി എന്ന് ഈ ദിവസം പോലും പറഞ്ഞു കണ്ടില്ല. കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്‌നങ്ങളെയും മാറ്റി നിര്‍ത്തി എന്ത് വികസനമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണുക തന്നെ.


12


ഈ ഭൗമദിനത്തില്‍ കാണുന്ന മറ്റൊരു കാഴ്ച, കോവിഡ് 19 എന്ന വൈറസിന് മുന്നില്‍ ലോകം പകച്ചു നില്‍ക്കുമ്പോള്‍, ഭൂമി തന്റെ മരവിച്ച ഞരമ്പുകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റേതാണ്. മനുഷ്യന്‍ വീടിനുള്ളില്‍ ഒതുങ്ങിയതോട് കൂടി വായുവും, പുഴകളും കടല്‍ത്തീരങ്ങളും എല്ലാം മാലിന്യമുക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. പഠനങ്ങള്‍ പറയുന്നത് കാര്‍ബണ്‍ എമിഷന്‍ അഞ്ച് ശതമാനത്തോളം ഈ വര്‍ഷം കുറയും എന്നാണ്. ഇന്ത്യയിലെ തന്നെ പല നഗരങ്ങയിലും വായുമലിനീകരണത്തോടൊപ്പം ശബ്ദമലിനീകരണവും നന്നേ കുറഞ്ഞിരിക്കുന്നു. വാസസ്ഥലങ്ങളിലേയ്ക് തിരിച്ചെത്തുന്ന പക്ഷിമൃഗാദികളും മനുഷ്യനെ നോക്കി ചിരിക്കുന്നുണ്ടാകണം. കോവിഡ് നമുക്ക് കാണിച്ചു തരുന്നത് ആവശ്യവും ആര്‍ത്തിയും തമ്മില്‍ ഉള്ള വ്യത്യാസങ്ങളാണ്. അത് ഭൂമിയെ എങ്ങനെ നശിപ്പിക്കുന്നു എന്നതാണ്.


sdg+13+grande+en


പ്രകൃതി വിഭവങ്ങളില്‍ ഒരു ഭാഗം മനുഷ്യനുള്ളത് തന്നെയാണ്. അത് എങ്ങനെ എപ്പോള്‍ ഉപയോഗിക്കുന്നു എന്നതാണ് പ്രശ്‌നം. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിലേയ്ക് നമ്മള്‍ കടക്കുമ്പോള്‍ ആണ് പ്രകൃതി പലതരത്തില്‍ പ്രതികരിക്കുന്നത്. ഭൗമചക്രം മുന്നോട്ട് പോകാന്‍ മനുഷ്യന്‍ വേണമെന്നില്ല എന്ന് തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു.ഭൂമിയോടും ഭൗമവിഭവങ്ങളോടും ഉള്ള നമ്മുടെ സമീപനം മാറണം. നമ്മുടെ ജീവിതരീതി മാറണം. നയങ്ങള്‍ മാറണം. ഈ കോവിഡ് കാലത്തല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നാം ഇതൊക്കെ തിരിച്ചറിയാന്‍ പോകുന്നത്.


Indu G K, Assistant Professor
University College, Thiruvananthapuram