Dr Sangeetha Chenampulli

ഒരു പകര്‍ച്ചവ്യാധിയും കുറേ സമസ്യകളും

ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരളം ഉള്‍പ്പടെ ലോകം മുഴുവന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ തുടങ്ങി ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞ COVID-19 ആരോഗ്യപരവും സാമ്പത്തികവുമായ ഒട്ടേറെ പ്രതിസന്ധികളിലേക്ക് ലോകത്തെ നയിച്ചു കഴിഞ്ഞു. ലോകമെമ്പാടും പൊതുഗതാഗത സംവിധാനങ്ങള്‍ അടക്കം പൂര്‍ണ്ണമായും നിശ്ചലമാകുന്ന ഇത്തരമൊരു പ്രതിസന്ധി ഒരുപക്ഷേ മറ്റൊരു കാലത്തും ഉണ്ടായിട്ടുമില്ല. കൊറോണക്ക് ശേഷമുള്ള ലോകക്രമം കൊറോണക്ക് മുന്‍പുള്ള ലോകക്രമത്തില്‍ നിന്നും വ്യത്യസ്തമാകും എന്നുമാത്രമേ ഇപ്പോള്‍ പറയാനാവൂ. ശാസ്ത്രലോകത്തിനു മുന്നില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു നിര്‍ണ്ണായക ഘട്ടം കൂടിയാണിത്.


kerala-map


ഒന്നായ ലോകം പലമടങ്ങായ പ്രതിസന്ധി


വര്‍ധിച്ച ഗതാഗത സൌകര്യങ്ങളും ചരക്കുകളുടെ രാജ്യാന്തര വിഭവ വിനിമയവും ലോകത്തെ വളരെ ചെറിയ ഒരു പ്രദേശമായി ചുരുക്കിയെടുത്തിട്ടുണ്ട്. വര്‍ധിച്ച തൊഴില്‍ സാധ്യതകള്‍ പോലുള്ള ഗുണങ്ങള്‍ ഉള്ളപ്പോള്‍ തന്നെ അത് പകര്‍ച്ചവ്യാധികളെ വ്യാപനത്തെ സംബന്ധിച്ചിടത്തോളം സങ്കീര്‍ണ്ണതകള്‍ കൂടി സൃഷ്ടിക്കുന്നുണ്ട്. ഒരു നഗരത്തിലോ ഏതാനും നഗരങ്ങളിലോ ഒതുങ്ങുന്നതായിരുന്നു പകര്‍ച്ചവ്യാധികളുടെ മുന്‍ അനുഭവങ്ങള്‍ എങ്കില്‍ സമീപകാലത്ത് അത് രാജ്യാന്തരതലത്തില്‍ പടര്‍ന്നു പിടിക്കുന്നു. കോവിഡ്-19 പോലൊരു ലോകവ്യാപക പകര്‍ച്ച മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ പല രാജ്യങ്ങളും വൈകുകയും ചെയ്തു. കേരളത്തില്‍ ആദ്യത്തെ കൊറോണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതേസമയത്ത് തന്നെയാണ് ഇറ്റലിയിലും രോഗബാധ ആരംഭിക്കുന്നത്.


Novel-Coronavirus-780x515-1


എന്നാല്‍ രോഗവ്യാപനത്തെ ഗൌരവമായി എടുത്ത് ലോക്ക്ഡൌണ്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഉണ്ടായ താമസം ഇറ്റലിയില്‍ വ്യാപക പകര്ച്ചക്കും അനേകം മരണങ്ങള്‍ക്കും കാരണമായി. ആദ്യഘട്ടത്തില്‍ തുടങ്ങി കാണിച്ച ജാഗ്രതയും ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട സമീപനങ്ങള്‍ സംബന്ധിച്ച മുന്നൊരുക്കവുമാണ് കേരളത്തില്‍ വ്യാപക പകര്‍ച്ച ഇതുവരെയും നടക്കാത്തതിന്റെ കാരണം. ചതുരശ്ര കിലോമീറ്ററില്‍ എണ്ണൂറ്റി അമ്പതിലേറെപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്ത് രോഗവ്യാപനം തടയുക എന്നത് ഒട്ടും എളുപ്പമല്ല. മാത്രമല്ല ജനസംഖ്യയുടെ നല്ലൊരു ശതമാനം പ്രവാസികളായ സംസ്ഥാനം കൂടിയാണ് കേരളം. പണ്ടുമുതലേ രാജ്യാന്തര യാത്രകള്‍ക്ക് വാതില്‍ തുറന്നിട്ട പ്രദേശം. ഇത് രോഗസാധ്യതകളെ വളരെയേറെ കൂട്ടുന്നു. ഈ രോഗകാലത്തിനു ശേഷം സ്വയംപര്യാപ്തമായ, ഉത്പാദന-ഉപഭോഗ തുലനം നിലനില്‍ക്കുന്ന ഒരു സമൂഹമായി എങ്ങനെ മാറാം എന്ന വലിയ ചോദ്യത്തെ കേരളം നേരിടേണ്ടതുണ്ട്.ക്യൂബയെപ്പോലുള്ള മാതൃകകള്‍ നമുക്കു മുന്നിലുണ്ട്.സേവന മേഖലയെയും പ്രവാസികളെയും മാത്രം ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയില്‍ നിന്ന് മാറി സഞ്ചരിക്കാനുള്ള വഴികള്‍ നമുക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു.


ഇത് ശാസ്ത്രത്തിന്‍റെ അവസാനമോ


ഈ കൊറോണക്കാലം ലോകത്തിനു മുന്നില്‍ വെക്കുന്ന കുറേയേറെ ചോദ്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും എന്തുകൊണ്ട് ഇത്തരമൊരു പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ആകുന്നില്ല എന്നതാണ്. ആധുനിക വൈദ്യശാസ്ത്രം വളരെയേറെ വികാസം പ്രാപിച്ച വസൂരിയെ ലോകത്തുനിന്ന് തുരത്തിയ, എയ്ഡ്സിനു പോലും മരുന്ന് കണ്ടെത്തിക്കഴിഞ്ഞ ലോകത്താണ് നിലവിലെ തലമുറ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ വൈദ്യശാസ്ത്രം നിസ്സഹായമാകുന്ന ഒരു ഘട്ടം നമുക്ക് അപരിചിതമാണ്. എന്നാല്‍ വൈറസുകളുടെ സ്വഭാവങ്ങള്‍ മനസ്സിലാക്കിയാല്‍ അതില്‍ അത്ഭുതമില്ലെന്ന് കാണാനാവും. ആതിഥേയ കോശത്തിന് അകത്തുമാത്രം നിലനില്‍പ്പുള്ള പരാദ ജീവകോശങ്ങളാണവ. ജനിതക വസ്തുവും അതിനെച്ചുറ്റി ഒരു പ്രോട്ടീന്‍ ആവരണവും മാത്രം സ്വന്തമായുള്ള വൈറസുകള്‍ ആതിഥേയ കോശത്തില്‍ സ്വന്തം ജനിതകവസ്തു കുത്തിവെച്ച് കോശങ്ങളെ നശിപ്പിക്കുന്നു. ആതിഥേയകോശത്തിന് കേടുപറ്റാതെ വൈറസിനെ നശിപ്പിക്കുക പ്രയാസമാണ്. ജനിതക മാറ്റത്തിലൂടെ സ്വയം പുതുക്കി അവ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനങ്ങളെയും മരുന്നുകളെയും കബളിപ്പിക്കാറുമുണ്ട്. COVID-19 അഥവാ SARS-CoV-2 ഏതാനും മാസങ്ങളുടെ മാത്രം പഴക്കമുള്ള ജനിതകമാറ്റം വന്ന വൈറസാണ്. കഴിഞ്ഞ നവംബറിലാണ് ചൈനയിലെ വുഹാനില്‍ ഇത് തിരിച്ചറിയപ്പെടുന്നത്. അതിന്‍റെ ജനിതക ഘടന മുഴുവനായി മനസ്സിലാക്കിയത് അടുത്തയിടെ മാത്രമാണ്.


477f7f6b-6893-4932-aa96-d07189e62c17-VPC_CORONAVIRUS_GOOGLE_SYMPTOMS_WIDE_vidblocks


ഇപ്പോഴും വ്യാപനം, കോശശരീരത്തിന് പുറത്ത് എത്ര സമയം നിലനില്‍ക്കാം, രോഗലക്ഷണങ്ങള്‍ തുടങ്ങി പലകാര്യങ്ങളിലും അവ്യക്തതയുണ്ട്. മാത്രമല്ല ആന്‍റി വൈറല്‍ മരുന്നുകളും വാക്സിനുകളും വികസിപ്പിക്കാന്‍ മാസങ്ങള്‍ നീണ്ട ക്ലിനിക്കല്‍ ട്രയല്‍ അടക്കം അനേകം കടമ്പകള്‍ കടക്കേണ്ടതുണ്ട്. അതുവരെ നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നേരിടുക മാത്രമേ നിര്‍വ്വാഹമുള്ളൂ. ഓര്‍ക്കേണ്ട മറ്റൊരു കാര്യം ജലദോഷപ്പനിയായി തള്ളിക്കളഞ്ഞേക്കാമായിരുന്ന അസുഖത്തെ കൃത്യമായി തിരിച്ചറിഞ്ഞ് അനേകം ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത് ശാസ്ത്രം തന്നെയാണ്. ഈ അവസ്ഥയെ മറികടക്കാന്‍ ശാസ്ത്രമല്ലാതെ മറ്റൊരു ആശ്രയവും ഇല്ലതാനും. ഭാവിയിലും ഇത്തരം പ്രതിസന്ധികളെ നേരിടേണ്ടി വന്നേക്കാം. കാരണം കാലാവസ്ഥാ വ്യതിയാനം വൈറസുകളുടെ വ്യാപനത്തെ സഹായിക്കാം. എങ്കിലും പ്രതിസന്ധികളില്‍ നിന്ന് പുറത്തേക്കുള്ള വഴി കാട്ടാന്‍ ശാസ്ത്രത്തിനേ കഴിയുകയുള്ളൂ.


ഐസൊലേഷനും മിററിഗേഷനും


വാക്സിനുകളോ മറ്റ് ആന്‍റി വൈറല്‍ മരുന്നുകളോ കണ്ടുപിടിച്ചിട്ടില്ലാത്ത നിലക്ക് രോഗവ്യാപനം തടയാനുള്ള ഏക വഴി രോഗബാധിതര്‍ക്ക് മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നത് മാത്രമാണ്. വളരെ വേഗത്തില്‍ അനേകം പേരിലേക്ക് പടരുന്ന വൈറസാണ് COVID-19. ഈ പകര്‍ച്ചാനിരക്ക് ഒന്നില്‍ താഴെയായി നിലനിര്‍ത്തുക എന്നതാണ് വെല്ലുവിളി. അതിന് ഐസോലേഷന്‍ മാത്രമാണ് നിലവിലെ അവസ്ഥയില്‍ പരിഹാരം. രോഗവ്യാപനം മൂന്നാം ഘട്ടമായ സാമൂഹ്യവ്യാപനത്തിലേക്ക് കടക്കും മുന്പ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച കൊറിയയും, ജപ്പാനും പോലുള്ള രാജ്യങ്ങള്‍ക്ക് രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. അതെ സമയം ഒരു പാട് പേര്‍ കാറപകടങ്ങളില്‍ മരിച്ചു പോയതുകൊണ്ട് കാര്‍ നിര്‍മ്മാണ ശാലകള്‍ അടച്ചിടാറില്ല എന്നും അതുപോലെ കൊറോണയെ പേടിച്ച് അമേരിക്ക അടച്ചിടില്ലെന്നും ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം പതിനായിരം കവിഞ്ഞു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. കേരളത്തിലും ഐസോലേഷന്‍ നിലവില്‍ ഫലം കണ്ടിട്ടുണ്ട്.മാത്രമല്ല രോഗബാധിതരുടെ സഞ്ചാര പാത കൃത്യമായി നിര്‍ണ്ണയിച്ച്, റൂട്ട് മാപ്പ് തയ്യാറാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത് രോഗം പടരാതിരിക്കാന്‍ സഹായിക്കുന്നുണ്ട്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ രോഗവിവരങ്ങളും, സഞ്ചാര പഥങ്ങളും രഹസ്യമായി സൂക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഗുണത്തെക്കാള്‍ ദോഷമേ ചെയ്യുകയുള്ളൂ. തമിഴ്നാട്ടില്‍ വളരെ ചുരുക്കം കേസുകളെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എങ്കിലും ഇതിനകം തന്നെ സാമൂഹ്യ വ്യാപനം നടന്നതായി സംശയിക്കുന്നു.


image


പ്രതിപക്ഷ നേതാവ് ഗവണ്മെന്റിന് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു ലോക്ക് ഡൌണ്‍ അല്ല മിററിഗേഷന്‍ ആകണം നമ്മുടെ നയം എന്നത്. അതായത് പ്രായമായവരേയും ദുര്‍ബലരേയും പരിഗണിക്കാതെ ആരോഗ്യമുള്ള, രക്ഷപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന നയമാണ് മിററിഗേഷന്‍. രോഗം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ഇറ്റലി ഈ നയമാണ് സ്വീകരിക്കുന്നത്. എന്നാല്‍, ഓരോ മനുഷ്യനും ഏറെ പ്രധാനപ്പെട്ടതാണ് എന്നും ജീവിതത്തിന്‍റെ ലാഭനഷ്ടക്കണക്കുകള്‍ ജീവനുമേല്‍ അടിച്ചേല്‍പ്പിക്കരുത് എന്നും നാം മറന്നുകൂടാ.


പൊതുമേഖല വഴികാട്ടുന്നു


കൊറോണ അതിജീവനപ്പോരാട്ടം മുതലാളിത്തത്തിന്‍റെ പരിമിതികളിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട്. ഏറ്റവും ആധുനികമായ ചികിത്സാ സംവിധാനങ്ങള്‍ ഉള്ള ഇറ്റലിയും അമേരിക്കയും ബ്രിട്ടണും കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ വിയര്‍ത്തു കൊണ്ടിരിക്കുന്നു. ആരോഗ്യ മേഖല ഏതാണ്ട് പൂര്‍ണ്ണമായും സ്വകാര്യവത്കരിക്കപ്പെട്ടതാണ്. എല്ലാവര്ക്കും പ്രാപ്യവും സൌജന്യവുമായ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ ഇവിടങ്ങളില്‍ ഇല്ല. പണമുള്ളവര്‍ക്ക് മാത്രം അത്യാധുനിക ചികിത്സ ലഭിക്കുന്നു, അല്ലെങ്കില്‍ ഇന്‍സഷൂറന്‍സ് പോളിസികളെ ആശ്രയിക്കേണ്ടി വരും.


download (2)


അമേരിക്കയില്‍ കൊറോണ പരിശോധനക്കുള്ള ചിലവ് ഏതാണ്ട് 87000 ഇന്ത്യന്‍ രൂപയാണ്. രോഗത്തിന്‍റെ പല ഘട്ടങ്ങളില്‍ പലതവണ പരിശോധന നടത്തേണ്ടി വരും. മാത്രമല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സക്കും വെന്റിലേറ്റര്‍ സംവിധാനത്തിനും ഭീമമായ തുക വേറെയും നല്‍കേണ്ടതുണ്ട്. ഇത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ചികിത്സ അപ്രാപ്യമാകുന്നതിനും അതുവഴി സാമൂഹ്യ വ്യാപനത്തിനും വഴിവെക്കുന്നു. കേസുകളുടെ എണ്ണം ഭീമമായി ഉയര്‍ന്ന ശേഷം മാത്രമാണ് അമേരിക്കയില്‍ ടെസ്റ്റിംഗ് സൌജന്യമാക്കിയത്. കേരളത്തില്‍ ഇത് വരെ അമ്പതിനായിരത്തില്‍ പരം സാമ്പിളുകള്‍ പരിശോധിച്ചു കഴിഞ്ഞു. പരിശോധനയും ചികിത്സയും സൌജന്യമാണെന്ന് മാത്രമല്ല ആശുപത്രിയില്‍ മികച്ച ഭക്ഷണമടക്കം സൗജന്യമായി ലഭ്യമാക്കുന്നു. കേരളത്തില്‍ ശക്തമായ ഒരു പൊതുജനാരോഗ്യ സംവിധാനം നിലനില്‍ക്കുന്നത് കൊണ്ടാണിത് സാധ്യമാകുന്നത്.


1957 ല്‍ ആരോഗ്യ ബില്‍ വിതച്ചതാണ് നാമിപ്പോള്‍ കൊയ്തെടുക്കുന്നത്. രോഗത്തെ നിയന്ത്രണ വിധേയമാക്കിയ ചൈനയും, ആരോഗ്യപ്രവര്‍ത്തകരെ അയച്ചുകൊടുത്ത് ലോകത്തിനു കൈ നീട്ടുന്ന ക്യൂബയും വിജയിക്കുന്നതും അവിടുത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ മികവുകൊണ്ടാണ്, സോഷ്യലിസത്തില്‍ അധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥ നിലനില്‍ക്കുന്നത് കൊണ്ടാണ്. ടെക്സാസിന്റെ ഭരണാധികാരി ഡാന്‍ പാട്രിക് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിനെക്കാള്‍ പ്രായമായവര്‍ ത്യാഗത്തിനു തയ്യാറായി ജോലിക്ക് ഹാജരാവുകയാണ് വേണ്ടത് എന്ന് പറഞ്ഞിരുന്നു.


socialism-4-770x433


മനുഷ്യരുടെ ജീവനേക്കാള്‍ മുതലാളിത്ത സമ്പദ് വ്യവസ്ഥ ഊന്നുന്നത് ലാഭത്തിലാണ് എന്നതിന് ഇതില്‍ പരം വേറൊരു ഉദാഹരണത്തിന്റെ ആവശ്യമില്ല. കൊറോണക്ക് ശേഷം ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരും എന്നത് വാസ്തവമാണ്. പക്ഷേ അതിനുള്ള പരിഹാരം കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നയങ്ങളല്ല. മറിച്ച് സമ്പത്തിന്‍റെ സന്തുലിതമായ വിതരണവും പൊതുമേഖലയെ ശക്തിപ്പെടുത്തലുമാണ്. ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള പ്രധാനപ്പെട്ട മേഖലകള്‍ പൊതുമേഖലയില്‍ നിലനിര്‍ത്തിയാലേ ഭാവിയിലെ പ്രതിസന്ധികളെ നേരിടാനാവൂ. സ്പെയിന്‍ കൊറോണയെ പ്രതിരോധിച്ചത് എല്ലാ സ്വകാര്യ ആശുപത്രികളും ദേശസാത്കരിച്ചുകൊണ്ടാണ്. കൊറോണക്ക് ശേഷമുള്ള ലോകക്രമം വലിയ അഴിച്ചുപണികള്‍ ആവശ്യപ്പെടുന്നുണ്ട്. അത് സോഷ്യലിസത്തില്‍ അധിഷ്ഠിതമായ പൊതുമേഖലക്ക് പ്രാധാന്യം നല്‍കുന്ന ഒന്നാകട്ടെ എന്നാശിക്കാം.