Susanna G Saron

മഹാമാരികാലത്തെ അഭയാര്‍ത്ഥികളെക്കുറിച്ച്  

കൊറോണ ഭീതിയില്‍ രാജ്യം മുഴുവന്‍ നടുങ്ങുമ്പോഴും, രാജ്യം മുഴുവനായി ഇരുപത്തി ഒന്ന് ദിവസങ്ങള്‍ അടച്ചിടപ്പെടുമ്പോഴും ആശുപത്രി കിടക്കകള്‍ സജ്ജമാക്കപ്പെടുമ്പോഴും വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാതെ കേന്ദ്രവും സംസ്ഥാനങ്ങളും പെടാപാട് പെടുന്നതുമൊക്കെ ചാനല്‍ ചര്‍ച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുമ്പോഴും, അതേ പ്രാധാന്യത്തോടെ  ചര്‍ച്ച ചെയ്യപ്പെടേണ്ടതായ പ്രധാനപ്പെട്ട മറ്റു ചിലതുകൂടിയു ണ്ട്.


migrant-labourers-pti280320


ഈയിടെ മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ സംഭവമാണ് ലോക്ക് ഡൌണിനു ശേഷം രാജ്യ തലസ്ഥാനത്തു നിന്നും ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്തു തങ്ങളുടെ ജന്മനാട്ടില്‍എങ്ങനെയും എത്തിപ്പെടണം എന്നാശിച്ചു കിലോമീറ്ററുകള്‍ കാല്‍നടയായി കൈക്കുഞ്ഞുങ്ങളെ പോലും കൂടെക്കൂട്ടി നടന്നു നീങ്ങിയ ഒരു കൂട്ടം മനുഷ്യര്‍. പല കോണുകളില്‍നിന്നും പലതരത്തിലെ വിമര്ശനങ്ങള്‍ ഉണ്ടാകുമ്പോഴും, ഇത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയല്ലേ, മറ്റു മാര്‍ഗങ്ങള്‍ ഇല്ലാഞ്ഞിട്ടാലേ എന്ന് ഭരണകൂടം നെടുവീര്‍പ്പെടുമ്പോഴും, ഇവരെയൊക്കെ നാട് കടത്തണം എന്ന് ചില  സോഷ്യല്‍മീഡിയ സിംഹങ്ങള്‍ ഗീര്‍വാണം മുഴക്കുമ്പോഴും നമ്മള്‍ ചിന്തിക്കേണ്ടത് ഇത് ശേരിക്കും ഇതൊരു ലോക്ക് ഡൗണ്‍  പ്രശ്നം മാത്രം ആണോ എന്നതാണ്. വളരെ അടുത്ത് നിന്ന് നോക്കുമ്പോള്‍ അങ്ങനെ തോന്നുമെങ്കിലും ഇത് കാലങ്ങളായി ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളുടെയും, മാറി മാറി വന്ന സര്‍ക്കാരുകള്‍ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്കും കൊടുത്ത പ്രാധാന്യം എത്രത്തോളമായിരുന്നു എന്നതിന്റെയും ഒരു പ്രതിഫലനം കൂടി ആണെന്നതാണ് വാസ്തവം.


1585633203-4859


ഒരു സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് കിലോമീറ്ററുകള്‍ താണ്ടി സ്ത്രീകളും കുട്ടികളും അടക്കമുള്ള അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ജീവനെ ഭയന്ന് പാലായനം ചെയ്തപ്പോള്‍ നമ്മള്‍ മറന്നത് ജീവനോപാധി കണ്ടെത്താന്‍അവര്‍ നഗരങ്ങളിലേക്ക് പാലായനം ചെയ്ത ഇന്നലെകളെയാണ്. സ്വന്തം നാടും വീടും എന്തേ ഇവര്‍ക്ക് അന്യമാകുന്നു എന്ന ചോദ്യവും അവശേഷിക്കപ്പെടുന്നു. ഇപ്പോള്‍ അവര്‍ നടത്തിയ യാത്ര ഇത്രയും അധികം ശ്രദ്ദിക്കപ്പെടുമ്പോഴും ഇന്നലെകളില്‍ അവര്‍ നടന്നു നീങ്ങിയ വഴികള്‍ ആരും അത്രകണ്ട് ശ്രദ്ധിക്കുന്നുമില്ല. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും സര്‍ക്കാര്‍ കണക്കില്‍പെടാത്ത എന്നാല്‍അവിടെത്തന്നെ ഉപജീവനം കണ്ടെത്തി ഉണ്ടുറങ്ങി താമസിച്ചു പോരുന്ന അന്തര്‍സംസ്ഥാന തൊഴിലാളികളെ കാണാനാവും. അതെ നഗരങ്ങളില്‍തന്നെ വന്‍കിട സ്വകാര്യ ദേശീയ-അന്തര്‍ ദേശീയ കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന പ്രൊഫെഷനലുകളെയും മറ്റുജീവനക്കാരെയും കാണാനാവും. ഇതില്‍രണ്ടാമത്തെ കൂട്ടര്‍ ഏറെക്കുറെയും സമൂഹത്തില്‍അനുവദനീയമായ എല്ലാ പ്രിവിലേജുകളും ആസ്വദിക്കാന്‍ ആവുന്നവരാണ്. അവര്‍ക്ക് നിലവിലുള്ള പ്രശ്നത്തിന്റെ വ്യാപ്തി ഏറെക്കുറെ ആരംഭത്തില്‍ തന്നെ മനസിലാക്കാന്‍ ഉള്ള കഴിവും സംവിധാനങ്ങളും, വേണ്ടിവന്നാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനുമുള്ള സാധ്യതകളും പ്രയോജനപ്പെടുത്താനാവും. അത് കൂടാതെ വീട്ടില്‍നിന്നും ജോലി ചെയ്യാനുള്ള സൗകര്യവും ഉണ്ട് വിവിധ കമ്പനികള്‍ നല്‍കുന്നുണ്ട്. മറുവശത്തു നമ്മുടെ രാജ്യത്തെ പ്രധാന നഗരങ്ങളെ പടുത്തുയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച ഒരു ജനതയാണ്. ഗ്രാമങ്ങളിലോ ചേരികളിലോ ജനിച്ചു വളര്‍ന്നു, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ഒരു വിഭാഗം ഇന്ത്യക്കാര്‍. മികച്ച ജീവിത സൗകര്യങ്ങള്‍ സ്വപ്നം കണ്ടുകൊണ്ടു സ്വന്തം നാടും വീടും വിട്ട് പാലായനം ചെയ്തു അകലങ്ങളില്‍നഗരങ്ങള്‍ പടുത്തുയര്‍ത്തുന്ന ഇവര്‍ക്ക് പക്ഷെ ആ നഗരങ്ങള്‍ സ്വന്തമായിരുന്നോ? ആ ചോദ്യത്തിന്റെ ഉത്തരമാണൊ നമ്മള്‍ ഡല്‍ഹിയില്‍ കണ്ടത്? അല്‍പ്പം വേദനിപ്പിക്കുന്നതാണെങ്കിലും ആ നഗരം ഒരിക്കലും അവരുടേതായിരുന്നില്ല എന്നതാണ് സത്യം. രാജ്യത്തു പ്രതീക്ഷിക്കാതെ ഉണ്ടായ പ്രതിസന്ധിയില്‍ അവര്‍ പാടെ ഒറ്റപ്പെട്ടു. അവര്‍ പണിതുയര്‍ത്തിയ നഗരത്തില്‍തന്നെ അവര്‍ അനാഥരായി, അവരെ സഹായിക്കാന്‍ ഗവണ്മെന്റുകള്‍ക്കു പോലും ആയില്ല. അവര്‍ പണിത അംബരചുംബികളായ സൗധങ്ങളില്‍ മറ്റൊരു വിഭാഗം വിരസത മാറ്റാന്‍ പണിപ്പെടുമ്പോള്‍, അവര്‍ തിരികെ നടക്കുകയായിരുന്നു, എവിടെ നിന്ന് വന്നോ അവിടേക്കുതന്നെ, കയ്യില്‍ ഭക്ഷണമില്ലാതെ, കുടിക്കാന്‍ വെള്ളമില്ലാതെ കിലോമീറ്ററുകളോളം നടന്നു അവര്‍ പോയത് നമുക്കിടയിലെ അസമത്വത്തിന്റെ നേര്‍ചിത്രം തന്നെയല്ലേ ? അതുകൊണ്ടുതന്നെ സാമൂഹിക അകലം പാലിക്കുന്നതും ലോക്ക് ഡൗണും എല്ലാം ഉള്‍പ്പെടുന്ന ഒരു വിഭാഗത്തിന് കേവലം വിരസത സമ്മാനിക്കുന്ന ഒരു കാലയളവാണെന്നു തോന്നുമ്പോഴും മറ്റൊരു വിഭാഗത്തിന് ഈ കാലയളവ് കാലാകാലങ്ങളായി അവര്‍ അനുഭവിക്കുന്ന ഉച്ചനീചത്വങ്ങളുടെ മൂര്‍ത്തീഭാവം വിളിച്ചോതുന്ന ദിവസങ്ങളായി മാറുകയാണ്.


images


കോറോണക്കാലത് രാജ്യത്ത് അടിന്തരമായി നടപ്പാക്കിയ വിവിധ പരിപാടികളില്‍ ബോധവല്‍ക്കരണങ്ങളും പെടും. മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഇപ്പറഞ്ഞ പരിപാടികള്‍ അരങ്ങേറുമ്പോള്‍ അതു മനസിലാക്കി അതേപടി മുന്നോട്ടു പോകാനാവുന്ന സാമൂഹിക ചുറ്റുപാടുകളല്ല ഒരു ശരാശരി ഭാരതീയനുള്ളത്. ബോധവല്‍ക്കരണങ്ങള്‍ ഈ അവസരത്തില്‍ തികച്ചും പ്രധാനമാണെങ്കിലും, ചിലപ്പോഴെങ്കിലും അത് എന്തുകൊണ്ട് ശരിയായ രീതിയില്‍ ടാര്‍ഗറ്റ് പോപുലേഷനിലേക്ക് എത്തുന്നില്ല എന്ന ചോദ്യവും വളരെ പ്രസക്തമാണ്. എല്ലാ ആശയവിനിമയ മാര്ഗങ്ങളും ഉപയോഗിച്ച് രോഗം പടരുന്നത് എങ്ങനെ തടയാം എന്ന സന്ദേശം എകദേശം നൂറ്റിമുപ്പത് കോടി ഇന്ത്യക്കാരിലേക്കും എത്തിക്കാന്‍ ശ്രമിക്കുമ്പോഴും മേല്‍പ്പറഞ്ഞ മാധ്യമങ്ങള്‍ ഉപയോഗിക്കാനും, ആ സന്ദേശങ്ങളെ വേണ്ട രീതിയില്‍ വ്യാഖ്യാനിക്കാനും പാലിക്കാനും ഉള്ള ചുറ്റുപാടുകള്‍ ഇല്ലാത്ത ബഹുഭൂരിപക്ഷത്തെയാണ് നമ്മള്‍ അറിഞ്ഞോ അറിയാതെയോ മറന്നുപോകുന്നത്. കൂട്ടം കൂടുന്നതും, ശുചിത്വമില്ലായ്മയായും ഈ രോഗം വേഗത്തില്‍പടരുന്നതിന്റെ ആക്കം കൂട്ടുന്നതിനാല്‍ അത് ഒഴിവാക്കണം എന്ന് ബോധവല്‍ക്കരിക്കുമ്പോഴും, വീടുകള്‍ക്കുള്ളിലെ ഓവര്‍ ക്രവുഡിങ്ങും, ജലദൗര്‍ലഭ്യതയും, ശുചിത്വമില്ലായ്മയെ പോഷിപ്പിക്കുന്ന പല ഘടകങ്ങളെയും  കണക്കിലെടുക്കേണ്ടതുണ്ട്. ഇങ്ങനെ പ്രാഥമികമായി ലഭിക്കേണ്ട പലതും വ്യക്തികളുടെയും കുടുംബങ്ങളുടെയും മാത്രം ചുമതല ആകുമ്പോഴും, നമ്മള്‍ പഴിക്കുന്നത് പാലായനം ചെയ്യേണ്ടി വരുന്ന ആള്‍ക്കൂട്ടത്തെ തന്നെയാണ്. പലപ്പോഴും നമ്മള്‍ അനുഭവിക്കുന്ന ഓരോ പ്രാഥമിക സൗകര്യങ്ങളും സാധാരണക്കാരില്‍ സാധാരണക്കാരായ ഓരോ ഇന്ത്യക്കാരനും ലഭ്യമാകാതെ പോകുന്ന പ്രിവിലേജുകള്‍ തന്നെയാണ്.


disease-326x245


നമ്മള്‍ പിന്തുടര്‍ന്ന് പോരുന്ന വ്യവസ്ഥിതിയുടെ മറ്റൊരു മുഖംമാണിത് . ചില വിഭാഗങ്ങള്‍ക്ക്  ഇപ്പോഴും അത്ര സുലഭമല്ലാത്ത അടിസ്ഥാന വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ പരിപാലനം, ഓരോ പൗരനും ലഭിക്കേണ്ട സാമൂഹിക സുരക്ഷാ എന്നിവയുടെ ഒക്കെ ദൗര്‍ലഭ്യം ഈ അസമത്വം നിലനിക്കുന്നതിനു മുഖ്യ പങ്കു വഹിക്കുന്നുണ്ട്. ഗവണ്മെന്റിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ ജിഡിപിയുടെ 4% മാത്രമാണ് വിദ്യാഭ്യാസത്തിനു ചിലവഴിക്കുന്നത്. ആരോഗ്യമേഖലയ്ക്കായി ചിലവഴിക്കുന്നതോ വെറും 1.28 ശതമാനവും. രാജ്യസുരക്ഷയുടെ അളവുകോല്‍സൈനികബലവും ആയുധശേഖരങ്ങളുടെ വലിപ്പവും രാജ്യാതിര്‍ത്തികളുടെ സംരക്ഷണവും മാത്രമാണ് എന്ന നമ്മുടെ ചിന്ത മാറേണ്ട സമയം ഏറെ അതിക്രമിച്ചിരിക്കുന്നു.


Novel-Coronavirus-780x515-1


ഈ കൊറോണക്കാലം ഒരു പാഠമാണ്, രാജ്യസുരക്ഷ കെട്ടിപ്പടുക്കേണ്ടത് വെടിക്കോപ്പുകളിലും അണ്വായുധങ്ങളിലും മാത്രമല്ല പൗരന്മാരുടെ ആരോഗ്യത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കൂടി ആകണമെന്ന പാഠം. രാജ്യസുരക്ഷക്ക് ഭീഷണി ശത്രുരാജ്യങ്ങളും അവരുടെ പോര്‍വിളികളും മാത്രമല്ല ഏതുനേരവും പൊട്ടിപ്പടരാവുന്ന പകര്‍ച്ചവ്യാധികളും കൂടിയാണെന്ന പാഠം. രാജ്യാഭിവൃത്തിയുടെ അഭിഭാജ്യഘടകങ്ങളായ അധ്വാനിക്കുന്ന വലിയൊരു ജനവിഭാഗത്തെ കൂടി കരുതണം എന്ന പാഠം. ബോധവല്‍ക്കരണം കേവലം സന്ദേശങ്ങള്‍ മാത്രമായി ഒതുങ്ങാതെ അത് പാലിക്കപ്പെടുന്നതിനുള്ള സാമൂഹിക ചുറ്റുപാട് ഓരോ പൗരനും ഉണ്ടെന്നു ഉറപ്പു വരുത്തണമെന്ന പാഠം. അതുകൊണ്ടു തന്നെ ഇനിയെങ്കിലും നമ്മുടെ യാത്ര ഒരു സമഗ്രവികസനത്തിലേക്കാവട്ടെ, ജാതിയുടെയും, വര്‍ഗത്തിന്റെയും, ഭാഷയുടെയും ഒന്നും അതിര്‍വരമ്പുകളാല്‍ ആരെയും മാറ്റി നിര്‍ത്താതെ ഉള്ള ഒരു വളര്‍ച്ചയിലേക്ക്കൊറോണക്കാലത്തെ ചില ചിന്തകള്‍.