മനുഷ്യന്റെ പുരോഗതിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വിപ്ലവം ഉണ്ടാക്കിയ ഒന്നാണ് ചക്രത്തിന്റെ കണ്ടുപിടുത്തം . ബീ സീ നാലായിരമോ അതിനപ്പുറമോ ഉള്ള ഒരു കാലത്ത് ചക്രങ്ങള്‍ ഉപയോഗപ്പെടുത്തി എന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നത് . എന്നാല്‍ സൈക്കിള്‍ എന്ന അത്ഭുത വാഹനം ഈ ലോകത്തില്‍ എത്തിയിട്ട് കഷ്ടിച്ച് ഇരുനൂറു വര്ഷം മാത്രമേ ആയിട്ടുള്ളൂ .
1818 ഇല്‍ ജര്‍മ്മന്‍കാരനായ കാരന്‍ ട്രയിസ് ആണ് " ഡാന്ടി ഹോര്‍സ് " അഥവാ " ലോഫ് മെഷീന്‍ " എന്നറിയപ്പെട്ട രണ്ടു മര ചക്രങ്ങളുള്ള ഒരു പ്രാകൃത സൈക്കിള്‍ രൂപ കല്പ്പന ചെയ്തത് . അതിനു പെടലുകളോ സീറ്റൊ ഇല്ലായിരുന്നു . വിവിധ പരിഷ്ക്കാരങ്ങളിലൂടെ അത് ആധുനിക സൈക്കിളായി രൂപം പ്രാപിച്ചു .
യൂറോപ്പ്യന്‍ യൂനിയനിലെ പ്രധാനപ്പെട്ട ഒരു ചെറു രാജ്യമാണ് ഹോളണ്ട് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന നെതെര്‍ലെന്റ്റ് . 41, 526 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഉള്ള 1.6 കോടി ജനസംഖ്യ ഉള്ള ഈ രാജ്യം അതിന്റെ 20 ശതമാനത്തോളം സമുദ്ര നിരപ്പില്‍ നിന്നും താഴെയാണ് എന്നൊരു കൌതുകകരമായ വസ്തുത കൂടി ഉണ്ട് . ആംസ്റ്റെര്‍ഡാം ആണ് തലസ്ഥാന നഗരം . ഹേഗ് , റോട്ടര്‍ഡാം എന്നീ വലിയ പട്ടണങ്ങള്‍ ഈ രാജ്യത്തില്‍ ഉണ്ട് . ഡച്ച് ആണ് പ്രധാനഭാഷ . വളരെയധികം പ്രത്യേകതകള്‍ ഉള്ള ഒരു വിചിത്ര രാജ്യമാണ് നെതെര്‍ലെന്റ്റ് . മയക്കു മരുന്ന് , വേശ്യാവൃത്തി , സ്വവര്‍ഗ്ഗ വിവാഹം ഒക്കെ നിയമ വിധേയം . ദയാവധം അനുവദനീയം. പുരാതന കാസിലുകള്‍ , മനോഹരമായ ടുലിപ് പൂന്തോട്ടങ്ങള്‍ , പ്രസിദ്ധമായ വിന്‍ഡ് മില്ലുകള്‍ ഒക്കെ ഈ രാജ്യത്തെ അതി വിശേഷമാക്കുന്നു.
നെതെര്‍ലെന്റിന്റെ തലസ്ഥാനമായ ആംസ്റ്റെര്‍ഡാം പട്ടണവും ഒട്ടനവധി പ്രത്യേകതകള്‍ ഉള്ള ഒരു ഇടത്തരം നഗരമാണ് . കനാലുകളുടെ നഗരം , മ്യൂസിയങ്ങളുടെ നഗരം , കലകാരമാരുടെ നഗരം , ചുവന്ന കണ്ണാടിക്കൂടുകളുടെ നഗരം എന്നൊക്കെ പലതരം ഇരട്ടപ്പേരുള്ള ആംസ്റ്റെര്‍ഡാം ഏതൊരു സഞ്ചാരിക്കും സമ്മാനിക്കുന്ന കൌതുകങ്ങള്‍ അനവധി ആണ് .
പ്രശസ്ത മാധ്യമ പരിശീലകനായ രാജു റാഫേല്‍ എഴുതിയ " ആംസ്റ്റെര്‍ ഡാമിലെ സൈക്കിളുകള്‍ " വായിക്കാന്‍ കൈയ്യിലെടുത്തപ്പോള്‍ തന്നെ പുസ്തകത്തിന്റെ തലക്കെട്ടിലെ രണ്ടു വാക്കുകളും അതീവ ഹൃദ്യമായി തോന്നി . കാരണം കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചു അന്നും ഇന്നും എന്റെ ഇഷ്ടവാഹനമായ സൈക്കിളും ആറു തവണ എങ്കിലും നേരില്‍ കാണാന്‍ സാധിച്ച അംസ്റ്റെര്‍ ഡാം പട്ടണവും അദ്ദേഹം എങ്ങിനെ വിവരിക്കുന്നു എന്നറിയാന്‍ വല്ലാത്ത ഒരു കൌതുകം ഉണ്ടായിരുന്നു .
2010 ല്‍ രാജു റാഫേല്‍ സ്കോളര്‍ഷിപ് നേടി ഹോളണ്ടിലെ റേഡിയോ നെതെര്‍ലെന്റില്‍ പരിശീലനത്തിന് ആംസ്റ്റെര്‍ഡാം നഗരത്തില്‍ എത്തുന്നയിടത്താണ് പുസ്തകം ആരംഭിക്കുന്നത് . ആംസ്റ്റെര്‍ഡാമിലെ നഗരക്കാഴ്ച്ചകള്‍ ചിത്രീകരിക്കുന്നതിനിടയില്‍ എടുത്ത ചിത്രങ്ങളില്‍ എല്ലാം സൈക്കിളുകള്‍ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിച്ച ലേഖകന്‍ പിന്നീട് തന്റെ ശ്രദ്ധയും പഠനവും ഗവേഷണവും ഈ സൈക്കിളിനു മേലെ ആക്കി എന്നതാണ് പ്രധാന വഴിത്തിരിവ് . അങ്ങിനെയൊരു വഴിത്തിരിവ് ഉണ്ടായിരുന്നില്ല എങ്കില്‍ ഒരുപക്ഷെ ഇങ്ങനെ ഒരു പുസ്തകം തന്നെ രചിക്കപ്പെടുമായിരുന്നില്ല എന്ന് പറയാം .
ഇരുപത്തഞ്ചു ലക്ഷത്തോളം മാത്രം ജനസംഖ്യ ഉള്ള ആംസ്റ്റെര്‍ഡാം നഗരത്തില്‍ ഇരുപത്തെട്ടു ലക്ഷം സൈക്കിളുകള്‍ ഉണ്ട് എന്നത് ഒരു നല്ല സ്ഥിതിവിവര കണക്കു ആയിരിക്കും . എന്നാല്‍ സൈക്കിള്‍ ഒരു രാജ്യത്തിന്റെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ചരിത്രത്തിന്റെയും അവിഭാജ്യ ഘടകം ആയി മാറിയ വിവരണം ആണ് ഈ പുസ്തകത്തിന്റെ ഹൃദയം . ഓരോ ഡച്ച് കാരനും അത് തീരെ ചെറിയ കുട്ടിയോ ബാലനോ ബാലികയോ യുവാവോ യുവതിയോ മധ്യവയസ്കനൊ വൃദ്ധനോ ആരും ആകട്ടെ അവര്‍ക്ക് പറ്റിയ ഒരു സൈക്കിള്‍ അവരോടൊപ്പം ഉണ്ടാവും . ധനികനൊ ദരിദ്രനോ ഭൂ ഉടമയോ വ്യവസായിയോ സീ ഈ ഓ യോ പ്രൊഫസറോ പൈലറ്റോ ഒക്കെ എത്ര അഭിമാനത്തോടെയാണ് സ്വന്തം സൈക്കിള്‍ ചവുട്ടി തങ്ങളുടെ ജോലി സ്ഥലത്തോ നഗരം ചുറ്റി കാണാനോ എത്തുന്നത് .
നമ്മുടെ ഒരു സുഹൃത്തിനെയോ വളര്ത്തു നായയെ വാക്കിംഗ് സ്റ്റിക് പോലെയോ സദാ സമയവും സൈക്കിള്‍ കൊണ്ട് നടക്കാന്‍ പാകത്തിലാണ് ഒരു രാജ്യം മുഴുവന്‍ ഒരുക്കിയിരിക്കുന്നത് . സൈക്കിളുകള്‍ക്ക് പ്രത്യേകം പാതകള്‍ , അല്ലാത്തയിടത്ത് മുന്‍ഗണന ഉള്ള പാതകള്‍ , പ്രത്യേക സിഗ്നലുകള്‍ , ബസ്സിലും ട്രെയിനിലും സൈക്കിള്‍ കൂടെ കൊണ്ടുപോകാനുള്ള പ്രത്യേക സംവിധാനങ്ങള്‍,ഒരു നഗരത്തില്‍ നിന്നും വാടകയ്ക്ക് എടുക്കുന്ന സൈക്കിള്‍ മറ്റൊരു നഗരത്തിലോ രാജ്യത്തോ തന്നെ തിരികെ എല്പ്പിക്കാനുള്ള സംവിധാനങ്ങള്‍, രാജ്യാന്തര സൈക്കിള്‍ പാതകള്‍ , എന്തിനും ഏതിനും സൈക്കിള്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുന്ന ഒരു സഞ്ചാരിക്ക് എന്തെല്ലാം സേവനങ്ങള്‍ ആവശ്യമുണ്ടോ അതെല്ലാം ഈ രാജ്യത്ത് ലഭ്യമാണ് .
ഇതര യൂറോപ്പ്യന്‍ നഗരങ്ങളില്‍ ഒന്നും കാണാന്‍ പറ്റാത്ത ഈ സൈക്കിള്‍ പ്രേമം ഡച്ച് കാരെ പിടികൂടിയത് എങ്ങിനെയാണ് എന്ന് ഇനിയും പൂര്‍ണമായും മനസ്സിലായില്ല . " എവെരി സൈക്കിള്‍ ഈസ് ഗ്രീന്‍ " എന്ന മുദ്രാവാക്യം ഇതിലും ഭംഗിയായി ലോകത്തെ പഠിപ്പിച്ച മറ്റൊരു രാജ്യവും ഇല്ലതന്നെ . ഒരുപക്ഷെ നെതെര്‍ലെന്റിന്റെ നിരപ്പുള്ള ഭൂപ്രകൃതി അതില്‍ വലിയ ഒരു ഘടകം ആയിരിക്കാം . പെട്രോളിന് തീ വില നല്കുന്ന കേരളത്തില്‍ സൈക്കിള്‍ പ്രായോഗികം ആകാതെ പോയതും ഈ ഭൂപ്രകൃതിയില്‍ ഉള്ള വ്യത്യാസം ആയിരിക്കാം . പക്ഷെ എടുത്തുപറയേണ്ട ഒരു വ്യത്യാസം ഡച്ച് ജനതയുടെ സൈക്കിള്‍ ഉപയോഗിക്കുന്ന മനോഭാവം ആണ് . എത്ര ഉയര്‍ന്ന ജോലിയും ഉള്ള ആളും സൈക്കിള്‍ ഉപയോഗിക്കാനും പത്തോ ഇരുപതോ കിലോമീറ്റര്‍ ചവിട്ടി ജോലി സ്ഥലത്ത് എത്താനോ യാതൊരു മടിയോ മലയാളിയുടെ പൊള്ളയായ ദുരഭിമാനമോ ഇല്ല .
രാജുവിന്റെ " ആംസ്റ്റെര്‍ ഡാമിലെ സൈക്കിളുകള്‍ " ഒരു സാധാരണ യാത്രാ വിവരണ ഗ്രന്ഥം അല്ല . അങ്ങേയറ്റം വിലപ്പെട്ട ഒരു പരിസ്ഥിതി സൌഹൃദ സന്ദേശം നല്കുന്ന ഒരു മനോഹര ഗ്രന്ഥം ആണ് . ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നതും അത് തന്നെ . വളരെ ലളിതമായ ഇതിന്റെ ഭാഷയും ചരിത്രവും സൈക്കിള്‍ വിശേഷങ്ങളും ഒക്കെ ഇടകലര്‍ത്തിയുള്ള ആഖ്യാന ശൈലിയും ഒക്കെ ഈ പുസ്തകം നല്ല ഒരു വായനാനുഭവം സമ്മാനിക്കുന്നു. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഈ പുസ്തകം വായിച്ചു മടക്കി വെക്കുമ്പോള്‍ രണ്ടു ചെറിയ നിര്‍ദ്ദേശങ്ങള്‍ എനിക്കുണ്ട് . പുസ്തകത്തില്‍ വര്‍ണ്ണ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാകുമായിരുന്നു. അദ്ദേഹം ഈ പരിശീലനം കഴിഞ്ഞു മടങ്ങി എത്തിയപ്പോള്‍ സ്വന്തം തൊഴില്‍ ദായകരില്‍ നിന്ന് നേരിട്ട ചില ദുരനുഭവങ്ങളുടെ വിവരണം ഒഴിവാക്കാമായിരുന്നു എന്നും തോന്നുന്നു
ഗ്രാമങ്ങളും സൈക്കിളും ഒക്കെ ഉണ്ടായിരുന്ന ഒരു കുട്ടിക്കാലം ഇഷ്ടപെടുന്ന ഓരോ മലയാളിയും തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം.കാരണം ഞാനും അത്തരം നഷ്ടബോധത്തില്‍ ജീവിക്കുന്ന ഒരു മലയാളി ആണ് .
ഒരു സൈക്കിള്‍ രാജ്യം നമുക്കും സ്വപ്നം കാണാന്‍ കഴിയുമോ ?