Shibin K

മലബാര്‍ ഗോള്‍ഡ്‌ അറിയണം ; കാക്കഞ്ചേരിയ്ക്ക് പറയാനുള്ളത്

തെരുവിലിറങ്ങിയും കടലിലിറങ്ങിയും പരിസ്ഥിതി സമരങ്ങള്‍ വ്യത്യസ്ഥവും ത്യാഗനിര്‍ഭരവുമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. മണ്ണും വായുവും ജലവും നശിപ്പിച്ചും, എതിര്‍ക്കുന്ന മനുഷ്യനെ ഭരണകൂടത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയും വ്യവസായശാലകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന മുതലാളിത്ത ധാര്‍ഷ്ഠ്യം ഒരു വശത്തും , കടലിലിറങ്ങി നിന്നോ അവനവന്റെ ചോരയില്‍ കുതിര്‍ന്നു നിന്നോ പ്രകൃതി ചൂഷണങ്ങളെ ചെറുക്കുമെന്ന സമരധീരത മറു വശത്തും ശക്തമാണ്.


13444524_566717016822071_2066399291_n


മലപ്പുറം ജില്ലയില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 2 കിലോമീറ്റര്‍ മാറി ദേശീയ പാതയോരത്ത് 539 ദിവസമായി കാക്കഞ്ചേരിയുടെ സമരപ്പന്തല്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. 1993 ല്‍ കാലിക്കറ്റ് സര്‍വകലാശാല കൈമാറിയ ഭൂമിയിലാണ് കിന്‍ഫ്ര വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നത് .വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ട സ്ഥലം വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ നല്‍കിയത് പ്രതിഷേധാര്‍ഹമായിരുന്നു. ഭക്ഷ്യ സംസ്‌കരണം, ഐ.ടി വ്യവസായം എന്നിവയാണ് ആരംഭിക്കുന്നത് എന്നതിനാല്‍ മാലിന്യം തുലോം കുറവായിരിക്കും എന്നായിരുന്നു പ്രദേശവാസികളുടെ പ്രതീക്ഷ. എന്നാല്‍ 2014 ആയപ്പോഴേക്കും ഭക്ഷ്യസംസ്‌കരണ മേഖലയിലുള്ള 30 സ്ഥാപനങ്ങളും ഐ.ടി മേഖലയിലുള്ള 26 സ്ഥാപനങ്ങളും 3000 വരുന്ന തൊഴിലാളികളുമുള്‍പ്പെടുന്ന വ്യവസായ പാര്‍ക്കായി കാക്കഞ്ചേരി മാറിയിരുന്നു. അതോടെ കാക്കഞ്ചേരി മലിനീകരിക്കപ്പെടാന്‍ ആരംഭിച്ചു.


13453878_566715503488889_1671482074_n


പിന്നീടാണ് വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്ക് മാറ്റി വച്ചിരുന്ന 2 ഏക്കര്‍ 25 സെന്റ് സ്ഥലത്ത് മലബാര്‍ ഗോള്‍ഡ് ആന്റ് പ്രൈവറ്റ് ലിമിറ്റഡിന് ആഭരണനിര്‍മാണശാല ആരംഭിക്കാന്‍ അനുമതി നല്‍കുന്നത്. ജീവഹാനിക്ക് കാരണമാകാവുന്ന രാസമാലിന്യങ്ങള്‍ പുറന്തള്ളുന്ന റെഡ് കാറ്റഗറിയില്‍ പെടുന്ന ഫാക്ടറി മുപ്പതോളം വരുന്ന ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും ഭീഷണിയാണ്. ഭക്ഷ്യോല്‍പ്പന്ന യുണിറ്റുകളുടെ പരിസരത്ത് രാസമാലിന്യം പുറന്തള്ളുന്ന ഫാക്ടറി ആരംഭിക്കാനുള്ള നീക്കം യുക്തിക്കു നിരക്കാത്തതു മാത്രമല്ല നിയമലംഘനവുമാണ്. ഹൈഡ്രോക്ലോറിക്ക് ആസിഡ് , നൈട്രിക്ക് ആസിഡ്, സള്‍ഫ്യൂരിക്ക് ആസിഡ്, കോപ്പര്‍ ഓക്‌സൈഡുകള്‍, കാഡ്മിയം, സിങ്ക്, നിക്കല്‍, റുഥിനിയം, സെലിനിയം, ടെലുറിയം, ഈയം, പ്ലാറ്റിനം, പലേഡിയം, മെര്‍ക്കുറി, എഎട്ടാസിയംസയനേഡ് തുടങ്ങി ശ്വാസകോശ രോഗങ്ങള്‍ക്കും കരള്‍ രോഗങ്ങള്‍ക്കും മാത്രമല്ല, മെറ്റല്‍ ഫ്യൂം ഫീവറും കാന്‍സറുമുള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ആഭരണ നിര്‍മാണശാലയുടെ പ്രവര്‍ത്തനം.


13457718_566716263488813_475853189_n


പഴയ ആഭരണങ്ങള്‍ പുതുക്കിപ്പണിയാനും പുതിയ ആഭരണങ്ങള്‍ നിര്‍മിക്കാനും ഭൂഗര്‍ഭ ജലം വരെ ഊറ്റിക്കുടിക്കുമെന്ന് പ്രദേശവാസികള്‍ ഭയക്കുന്നു. സമരസമിതി രൂപം നല്‍കിയ അന്വേഷണ കമ്മീഷന്‍ വിവരാവകാശം ഉള്‍പ്പടെയുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി ആഭരണ നിര്‍മാണശാല സ്ഥാപിക്കപ്പെട്ടാലുള്ള പരിണിത ഫലങ്ങളെ കുറിച്ച് മനസ്സിലാക്കുകയും തുടര്‍ന്ന് കമ്പനി ആരംഭിക്കില്ല എന്ന ഉറപ്പ് ലഭ്യമാകുന്ന വരെ സമരം എന്നു തീരുമാനിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്‍പ്പടെ ഏഴോളം ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ഈ ചര്‍ച്ചകളെല്ലാം കമ്പനി സ്ഥാപിക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്.


13472423_566714446822328_494359412_n


540 സമരദിനങ്ങള്‍ക്കിടെ ജനകീയ സമരം ഭീഷണിയും പ്രലോഭനവും ജാമ്യമില്ലാ കേസുമുള്‍പ്പടെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോയി. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം സമരം കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നു. ആഴ്ച്ചയില്‍ പലവട്ടം പല വലിപ്പത്തില്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യം നല്‍കുന്ന ജനാധിപത്യത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്ക് കാക്കഞ്ചേരിയിലെ ത്യാഗനിര്‍ഭരമായ സമരപോരാട്ടത്തെ അഭിസംബോധന ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ജനകീയ സമരം വേണോ പരസ്യം വേണോ എന്ന ചോദ്യത്തിന് പരസ്യം മതി എന്നതായിരിക്കും മുഖ്യധാരാമാധ്യമങ്ങളുടെ മറുപടി എന്നതില്‍ അതിശയിക്കേണ്ടതുമില്ല.


13473990_566714440155662_888856556_n


മനുഷ്യരാശിയുടെ നിലനില്‍പ്പു തന്നെ അപകടത്തിലാകുന്ന സാഹചര്യത്തില്‍ ലോകത്താകമാനം പ്രകൃതിക്കു വേണ്ടിയുള്ള മുറവിളി ശക്തിയാര്‍ജിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തവിധം നമ്മുടെ പരിസ്ഥിതി രാഷ്ട്രീയം പോലും ഹൈജാക്ക് ചെയ്യപ്പെടുന്നുണ്ട്. പ്രകൃതി മ്യൂസിയം പോലെ നാം നോക്കിക്കാണുന്ന ഒന്നാണെന്നുള്ള പ്രചരണം ഒരു വശത്തും യാന്ത്രികമായി എഎള്ളയടിച്ച് വില്‍ക്കാനുള്ളതാണെന്നുള്ള പ്രചരണം മറു വശത്തും ശക്തമാണ്. ഇതിനിടയില്‍ യഥാര്‍ത്ഥത്തില്‍ രൂപപ്പെടേണ്ടിയിരുന്ന പരിസ്ഥിതി രാഷ്ട്രീയം ഇല്ലാതാവുകയാണ് ചെയ്തത്.


ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളിലിരുന്ന് മുട്ടോളം വലുപ്പത്തില്‍ പടര്‍ന്നു പന്തലിച്ച ബോണ്‍സായികളെ മുറിയില്‍ വച്ച് താലോലിക്കാന്‍ നമ്മളെ പഠിപ്പിച്ചത് മൂലധനമാണ്. തൊട്ടപ്പുറത്തുള്ള കിണര്‍ മലിനീകരിക്കപ്പെടുമ്പോള്‍ പോലും നിശബ്ദരായിരിക്കാന്‍പോന്ന മധ്യവര്‍ഗ്ഗ ആലസ്യം നമ്മളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. അതേസമയം പ്രകൃതിയും മനുഷ്യനും രണ്ടല്ലെന്നും മനുഷ്യന്‍ പ്രകൃതിക്കകത്താണെന്നുമുള്ള ഏംഗല്‍സിന്റെ നിരീക്ഷണം കാക്കഞ്ചേരിയുള്‍പ്പടെയുള്ള സമരങ്ങള്‍ ഉറപ്പിച്ചെടുക്കുന്നുണ്ട്. മലബാര്‍ ഗോള്‍ഡ് ഗോ ബാക്ക് എന്ന മുദ്രാവാക്യം ഒരു നാടിന്റെ ജീവിതത്തില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രത്തില്‍ കാക്കഞ്ചേരി എന്ന സമര ഭൂപടം നിവര്‍ന്നു നില്‍ക്കുകതന്നെ ചെയ്യും.
.