ചെറുമിക്കിടാത്തിയാം നങ്ങേലിയേന്‍
ചേറിന്റെ ചൂരുള്ള പെണ്ണൊരുത്തി..
ആറും വയലും വിരുന്നൊരുക്കും
‘വയലാറ’താണെന്റെ ജന്മദേശം..
പുലരി പടികടന്നെത്തും മുന്നേ
പുലയക്കിടാത്തിയേന്‍ പാടത്തെത്തും..
ചെമ്മാനം ചോക്കണ നേരം വരേ..
ചേറിനെച്ചോറാക്കും വേലചെയ്യും..
കൊയ്ത്തും മെതിയും മരമടിയും
കൊണ്ട് പുലര്‍ന്നേന്റെ ‘പുലക്കുടി’യും
അരിവാളും പട്ടിണീമേന്റെയൊപ്പം
കൂടെപ്പെറപ്പുപോല്‍ കൂട്ടുകൂടി..
തമ്പ്രാനും, തമ്പ്രാട്ടീം പോണദിക്കില്‍
തായത്ത് കെട്യോര്‍ക്ക് പോയിക്കൂടാ..
തമ്പ്രാനെതിരെയെഴുന്നെള്ളുമ്പോള്‍
തായത്ത്കെട്യോരോ പാത്തു നില്‍ക്കും
പുലയക്കിടാത്തിക്കോ മൊലമറയ്ക്കാന്‍
പാടില്ലായെന്നത് കല്പനതാന്‍
കല്‍പ്പന കല്ലും പിളര്‍ക്കും കാലം
ഏനേന്റെ മൊലമൂടി നടന്നതില്ല..
നാണവും മാനവും മാളോര്‍ക്കല്ലേ
കീഴാളരെങ്ങിനെ മാളോരാവും..
മേനിക്കറുപ്പിന്നഴകുഴിയാന്‍
തമ്പ്രാനും പാത്തു കുടിയിലെത്തും..
ഇരുളിലോ തമ്പ്രാക്കള്‍ പുലമറക്കും
പുലരുമ്പോള്‍ “പുല”പിന്നെ പലവിധമായ്
പുലയക്കിടാത്തിക്ക് കിടാത്തനൊപ്പം
പുലരാനും വേണമനുമതികള്‍..
ഏന്റെ കുടിയിലുമന്നൊരുനാള്‍
ഇരുളിന്‍ മറപറ്റി തമ്പ്രാനെത്തി
കൂടെപ്പിറപ്പാമരിവാളപ്പോള്‍
തുണയായീ ചെറുമീടെ മാനം കാത്തു
അങ്ങിനെ കാലങ്ങള്‍ പോയീടവേ..
‘മൊലക്കര’ മെന്നൊരു ‘നേമം’ വന്നൂ
കീഴാളപ്പെണ്ണിന്റെ മൊലയളന്ന്
വലുപ്പത്തിനൊത്ത കരം പിരിവും
ചെറുമിക്കിടാത്തിയാം നങ്ങേലി യേന്‍
കരിവീട്ടിപോലൊരു പെണ്ണൊരുത്തി
നെഞ്ചിന്‍ പുറത്തെ മുഴപ്പ് പോലെ
ഉറപ്പും കരുത്തുമകത്തുമുള്ളോള്‍
നങ്ങേലിപ്പെണ്ണിന്റെ മൊലയളക്കാന്‍
തമ്പ്രാനും കൂട്ടരും കുടിയിലെത്തി..
മൊലമുഴുപ്പളക്കുവാന്‍ കൈനീളവേ
അരയിലെയരിവാളില്‍ കരം മുറുക്കി
അതുകണ്ട് വിറപൂണ്ട തമ്പ്രാക്കൂട്ടം
ആളെണ്ണം കൂട്ടിത്തിരിച്ചു വന്നേ..
ആളോളോരായിരം വന്നെന്നാലും
മൊലക്കരം കൊടുക്കാനേനൊരുക്കമല്ല..
ചെറുമിക്കിടാത്തിയാം നങ്ങേലി യേന്‍
ചേറിന്റെ ചൂരുള്ള പെണ്ണൊരുത്തി..
വാഴേലത്തുമ്പൊന്നു മുറിച്ചെടുത്തു..
അരിവാളാല്‍ മുലയറുത്തതില് വച്ചു..
“കൊണ്ടോയ്ക്കൊടുക്കെടാ പട്ടികളേ
പൊന്നമ്പ്രാനേന്റെ മൊലമുഴുപ്പ് ”
ആര്‍ത്തലറിക്കൊണ്ടേ കാളിയെപ്പോല്‍
നങ്ങേലി മണ്ണില്‍ പിടഞ്ഞു തീര്‍ന്നു..
നങ്ങേലിതന്‍ ചോര കുടിച്ച മണ്ണോ..
ചോന്നു തുടുത്തുപോയന്നു തന്നെ
നങ്ങേലി വയലാറില്‍ വിതച്ച വിത്തോ
നാടാകെ വിപ്ലവപ്പൂക്കളായി..
ചെറുമിക്കിടാത്തിയാം നങ്ങേലിയേന്‍
ചേറിന്റെ ചൂരുള്ള പെണ്ണൊരുത്തി..!!