Sandhya Vasu

ബ്രഹ്മപുരം ഖര മാലിന്യ പ്ലാന്റ് ജനതയോടു ചെയ്യുന്നത്

സംസ്ക്കാരവും ഭൗതിക പരിതസ്ഥിതിയും പരസ്പരം സ്വാധീനിച്ച് പുണര്‍ന്നുകിടക്കുന്നു. മനുഷ്യന്‍ വളര്‍ന്നതും പുരോഗതി പ്രാപിച്ചതും അവന്റെ ഭൗതിക പരിതസ്ഥിതിയെ ആശ്രയിച്ചാണ്. മറിച്ച് അങ്ങിനെ വളരുമ്പോള്‍ അതിനെഎങ്ങിനെ ഉപയോഗിക്കണമെന്നതും പരിപാലിക്കണമെന്നതും അവന്റെ സംസ്കാരത്തിന്റെ നിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ സംസ്ക്കാരത്തിന്റെ പുരോഗതിയുടെ അടയാളങ്ങള്‍ അവന്റെ പരിസരത്തുനിന്നും ഒപ്പിയെടുക്കാന്‍ കഴിയും. കാലത്തിന്റെ തുടര്‍ച്ചയില്‍ ഭൗതിക പരിതസ്ഥിതിയെ ചൂഷണം ചെയ്ത്, ഉത്പന്നങ്ങളുടെ എണ്ണം കൂട്ടുമ്പോള്‍ , ഉത്പ്പന്നങ്ങളോടൊപ്പം പുറന്തള്ളപ്പെടാന്‍ സാധ്യതയുള്ള ഉപോത്പ്പന്നങ്ങളെ പരുവപ്പെടുത്തിയെടുക്കാന്‍ അവന് കഴിയണം. ഇന്നിന്റെ ലോകം അത്തരത്തിലൊരു ശാസ്ത്രീയ പുരോഗതിയുടെ അടയാളപ്പെടുത്തല്‍ അനിവാര്യമാക്കിയിരിക്കുന്നു. ഉപോത്പ്പന്നങ്ങളെ ഉപകാരപ്രദമായ രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതിനും, മാലിന്യങ്ങളെ സംസ്ക്കരിക്കുന്നതിനും , ഉതകുന്ന നൂതന മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള പഠനവും പ്രയോഗവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ വ്യവസായ നഗരമെന്ന നിലയിലും ഉത്പാദന പ്രക്രിയയുടെ കേന്ദ്രമെന്ന നിലയിലും കൊച്ചി നഗരത്തിന് . അവയുടെ പ്രയോഗം ഏറെ അനിവാര്യമായിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് ബ്രഹ്മപുരം ഖരമാലിന്യ സംസ്ക്കരണ പ്ലാന്റുപോലൊന്ന് പുത്തന്‍ കുരിശു ഗ്രാമ പ‍ഞ്ചായത്തില്‍ സ്ഥാപിക്കാനിടയായതും.

2008 ജൂണ്‍ 20ന് പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്ലാന്‍്റിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതിന് കോര്‍പ്പറേഷന്‍ , ശ്രീശക്തി പേപ്പര്‍ മില്ലുമായി സഹകരിച്ചു മാലിന്യങ്ങളെ അവയുടെ ഉറവിടങ്ങളില്‍ വച്ചുതന്നെ വേര്‍തിരിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും അതിനു വേണ്ടി വീടുകളിലും വിവിധ സ്ഥാപനങ്ങളിലും ബാഗുകള്‍ നല്‍കുകയുംചെയ്തു. ശേഖരിക്കപ്പെട്ട അജൈവമാലിന്യങ്ങള്‍ക്ക് ബാഗൊന്നിനു നാലുരൂപ അന്‍പതു പൈസ നിരക്കില്‍ കൊടുക്കുകയുംചെയ്തിരുന്നു. ഇതില്‍വീഴ്ച വരുത്തുന്ന വീടുകള്‍ക്കുംകടകള്‍ക്കും പിഴ ചുമത്തി ഈ പ്രവര്‍ത്തനം കാര്യക്ഷമമാക്കി. ഇപ്രകാരം ശേഖരിക്കപെടുന്ന ജൈവമാലിന്യങ്ങളില്‍ നിന്നും വളം ഉല്‍പാദിപ്പിക്കുകയും അവ ഫാക്റ്റ് വഴി വിപണിയിലെത്തിക്കുകയുമാണ് ചെയ്തിരുന്നത്. ഇതോടൊപ്പം തന്നെ RDF ( റഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവല്‍) പ്ലാന്റിന്റെ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ആലത്തൂര്‍ ഇന്‍ഡസ്ടിയല്‍ എസ്റ്റേറ്റിലെ , പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും പെട്രോളും വൈദ്യുതിയും ഉത്പ്പാദിപ്പിക്കുന്ന പ്ലാന്റ് സന്ദര്‍ശിച്ച് അത്തരത്തിലൊന്ന് ബ്രഹ്മപുരത്തും സ്ഥാപിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു വരികയും , പുതിയ ഭരണ സമിതി അധികാരത്തില്‍ വരികയും ചെയ്തതോടെ കാര്യങ്ങള്‍ അവതാളത്തിലായി .നിലവിലുണ്ടായിരുന്നപ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുന്നതിനോ പുതിയ പ്ലാന്റുകള്‍ നിര്‍മ്മിക്കാനെടുത്ത തീരുമാനം നടപ്പിലാക്കാമോ ഉള്ള ഉത്തരവാദിത്വം പുതിയ ഭരണസമിതി നടപ്പാക്കിയില്ല. സ്വാഭാവികമായും, വേര്‍തിരിക്കല്‍ പ്രക്രിയയും വളമുല്പാദനവും RDF പ്ലാന്റിന്റെപ്രവര്‍ത്തനവും നി്ശ്ചലമായി മാലിന്യങ്ങള്‍ പ്ലാന്റില്‍ കുമിഞ്ഞുകൂടി. പ്ലാന്റില്‍നിന്നുള്ള ദുര്‍ഗന്ധം 4 കിലോമീറ്റര്‍ ദൂരെയുള്ള കരിമുഗളിലേയ്ക്കും മറുകരയിലുള്ള ചിറ്റാതുകര, ഇരുമ്പനംപ്രദേശങ്ങലിലേക്കും വരെ വ്യാപിച്ചു.

വരുമാനവര്‍ധനവ്‌ കാണിച്ച്, സമീപ മുനിസിപാലിറ്റികളിലെ മാലിന്യങ്ങള്‍ കൂടെ പ്ലാന്റില്‍കൊണ്ടു വരാന്‍ തീരുമാനമായതോടെ അവസ്ഥ തീര്‍ത്തും പരിതാപകരമായി. കൂടികിടക്കുന്ന ജൈവ മാലിന്യങ്ങളില്‍ പെറ്റുപെരുകിയ ഈച്ച, കൊതുക് മുതലായ പ്രാണികള്‍ സാംക്രമികരോഗങ്ങള്‍ പരത്തുന്നതിനുആക്കം കൂട്ടി ശ്വാസതടസ്സവും ത്വക്ക് രോഗങ്ങളും പ്രദേശ നിവാസികളെ വലച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നു കൂടിയത് 2013 ഫെബ്രുവരി മാസത്തില്‍ അഗ്നി ബാധക്കിടയാക്കി. എന്നാല്‍ ഇത് സ്വഭാവികമായുണ്ടായതല്ലെന്നും,ഒരേസമയം പ്ലാന്റിന്റെ ആറ് ഭാഗത്തുണ്ടായ അഗ്നിബാധ ,കുന്നുകൂടികിടക്കുന്ന മാലിന്യങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി കരാറുകാരന്‍ മനപൂര്‍വംസൃഷ്ടിച്ചതാണെന്ന് പ്രദേശത്തുകാര്‍പറയുന്നു. അഗ്നിബാധയെ തുടര്‍ന്ന് ഉയര്‍ന്ന വിഷപുകശ്വസിച്ച് കുട്ടികള്‍ ഉള്‍പ്പെടെ ആശുപത്രിയിലാകുകയും, പ്ലാന്റിലുണ്ടായിരുന്ന ഈച്ചയും കൊതുകും പ്ലാന്റിന് നാല് കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍പ്പോലും എത്തുകയും ചെയ്തു.

കടംബ്രയാര്‍, ചിത്രപുഴ,മനക്കതോട് എന്നീ മൂന്ന് ജല ശ്രോതസുകള്‍ സംഗമിക്കുന്നതിനു സമീപമായാണ് പ്ലാന്റിന്റെ സ്ഥാനം. ആദ്യഘട്ടങ്ങളില്‍ പ്ലാന്റിലുണ്ടാകുന്ന ഈര്‍പ്പവും മലിന ജലവും ശുദ്ധീകരിക്കുവാനുള്ള സംവിധാനം പ്ലാന്റില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ക്രമേണ ഈ സംവിധാനംതകരാറിലായി. ഇതു പുന:സ്ഥാപിക്കുവാനുള്ള യാതൊരുശ്രമവും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. തല്‍ഫലമായിവിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളത്തിന്റെ ആശ്രയം മലിനമാക്കപ്പെട്ടു ,മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞു. വെള്ളത്തിന്റെ PhD മൂല്യം പരിധിയില്‍ കൂടുതലാകുകയും, ക്ലോറൈഡിന്റെ അളവ് 1247.84mg/L ആകുകയും ചെയ്തു. സാധാരണയായി 75mg/L എന്നതോതിലാണിത്. ഇ-കോളിബാക്ട്ടീരിയയുടെ സാന്നിധ്യവുംവെള്ളത്തില്‍ ഉയര്‍ന്ന തോതില്‍കാണപ്പെടുന്നു. കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക്മാലിന്യങ്ങള്‍, പഴയവാഹനങ്ങള്‍, കെട്ടികിടക്കുന്നമലിനജലം ഇവയാണ് നിലവില്‍ പ്ലാന്റില്‍ കാണപെടുന്നത്.

അടുത്തകാലത്തായി മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍കരാര്‍ കൊടുത്തിട്ടുണ്ടെന്നു പറയപെടുന്നു. പക്ഷെ കൂടി കിടക്കുന്ന മാലിന്യങ്ങളോ, മാലിന്യങ്ങള്‍ എത്തിക്കുന്ന വാഹനങ്ങളോ ശ്രദ്ധിച്ചാല്‍ അങ്ങിനെ ഒരു പ്രതീതി ഉണ്ടാകുന്നില്ല. വളനിര്‍മാണംപുനരാരംഭിച്ചു എന്ന് അധികൃതര്‍ പറയുന്നുവെങ്കിലും നാട്ടുകാര്‍ വിശ്വസിക്കുന്നില്ല, മാത്രമല്ല ഇടക്കാലത്ത് കരാറുകാരന്‍ നേരിട്ട് വിറ്റഴിച്ച വളത്തില്‍പ്ലാസ്റ്റിക്കും കുപ്പിച്ചില്ലുംഉണ്ടായിരുന്നു എന്നും അവര്‍ആരോപിക്കുന്നു .

ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങളോടൊപ്പം സാമൂഹിക പ്രശ്നങ്ങള്‍ കൂടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട് . പ്ലാന്റിന്സമീപമുള്ള പ്രദേശങ്ങള്‍കൂടാതെ കരിമുകള്‍, ചിട്ടാതുകര, ഇരുമ്പനംതുടങ്ങിയ പ്രദേശങ്ങള്‍ പോലുംദുര്‍ഗന്ധ പൂരിതമാണ് . കടമ്പ്രയാറിനു മറുകരയുള്ള രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് കോളേജിലേയും ക്രിസ്തു ജയന്തിസ്കൂളിലേയും വിദ്യാര്‍ത്ഥികളുംഈ ദുര്‍ഗന്ധവും വിഷ വായുവും ശ്വസിച്ചാണ് തങ്ങളുടെഅധ്യായനദിനങ്ങള്‍ തള്ളിനീക്കുന്നത്. അതുകൊണ്ടു തന്നെ പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെല്ലെ മെല്ലെ സ്ഥാപനങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ വലയുന്നതിനാല്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടി വെള്ള പദ്ധതിക്കായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഇതുവരെയും യാഥാര്‍ത്ഥമായിട്ടില്ല. മറ്റൊരു പ്രധാന സാമൂഹ്യ പ്രശ്നം വിവാഹവുമായി ബന്ധപ്പെട്ടതാണ് .ആരോഗ്യ പ്രശ്നങ്ങള്‍ ഭീതിതമായ നിലയില്‍ വര്‍ദ്ധിക്കുന്നതിനാല്‍ ആണ്‍ പെണ്‍ ഭേദമെന്യേ വിവാഹം തടസ്സപ്പെടുന്ന നിരവധിയായ സംഭവങ്ങള്‍ ചുറ്റുവട്ടത്തിനു പറയാനുണ്ട്. സ്വാഭാവിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനോ വെള്ളം കുടിക്കുന്നതിനു പോലുമോ പലപ്പോഴും അയല്‍ പ്രദേശങ്ങളിലുള്ളവര്‍ പോലും മടിക്കുന്നു . ഹതഭാഗ്യരായൊരു ജനതയുടെ അതിവിദൂരമല്ലാത്ത ഒറ്റപ്പെടലിന്റെ ആദ്യ ഘട്ടമായി ഇതെല്ലാം വിലയിരുത്തപ്പെടേണ്ടതുണ്ട്.

നൂറേക്കര്‍ ഭൂമി പ്ലാന്റിന് ആവശ്യമില്ലെന്നും വളരെ കുറച്ചു ഭൂമി മാത്രംഉപയോഗിച്ച് പുതിയ പ്ലാന്റ്നിര്‍മ്മിക്കുമെന്നും മിച്ചമുള്ള സ്ഥലം വ്യവസായസ്ഥാപനങ്ങള്‍ നിര്‍മിക്കുമെന്നത്തിനു വേണ്ടി ഉപയോഗിക്കുമെന്നും 2011 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇതിനുള്ള പ്രാരംഭ നടപടികള്‍ ഒന്നും തന്നെ ഇതു വരെ ആരംഭിച്ചിട്ടില്ല . കോര്‍പ്പറേഷന്‍ അധീനതയിലുള്ള ഒരു പ്രദേശത്തു സംസ്ഥാന സര്‍ക്കാരിന്റെ സംരഭങ്ങള്‍ തുടങ്ങുന്നതിന് ധാരാളം സാങ്കേതിക തടസ്സങ്ങള്‍ നില നില്‍ക്കുമ്പോള്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ വളരെ ലാഘവത്തോടെ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നോക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും, ഒരു വലിയ നഗരത്തിന്റേയും നാലു കൊച്ചു പട്ടണങ്ങളുടേയും മാലിന്യഭാരം പേറേണ്ടി വരുന്ന മൂന്നു ഗ്രാമങ്ങളുടെ ദുരിതം കണ്ടില്ലെന്നു നടിക്കുന്നു. ഈ ദുരിതം പുറം ലോകത്തെത്താതിരിക്കാന്‍ പ്ലാന്റിന്റെ വാതിലുകള്‍ കൊട്ടിയടച്ച് ആര്‍ക്കും പ്രവേശനമനുവദിക്കാതെ , സന്ദര്‍ശനത്തിന് മേയറുടെ സമ്മതപത്രം വേണമെന്നു ശഠിക്കാന്‍ കാവല്‍ക്കാരെ ചട്ടം കെട്ടി,റിപ്പോര്‍ട്ട്ചെയ്യാന്‍ വരുന്നരെ ഭയപ്പെടുത്തി ആട്ടിയോടിക്കാന്‍ ശ്രമിക്കേണ്ട അവസ്ഥയിലാണ് ഭരണകൂടം . എന്തുകൊണ്ടും സുതാര്യമായിരിക്കേണ്ട ഒരു പദ്ധതിയെ ഭരണാധികാരികളുടെ കെടു കാര്യസ്ഥത മൂലം, രഹസ്യമായി കൈകാര്യം ചെയ്യേണ്ടി വരിക എന്നത് ലജ്ജാകരമാണെതില്‍ പക്ഷം രണ്ടില്ല . ജനങ്ങളുടെ പണമുപയോഗിച്ചുകൊണ്ടുണ്ടാക്കിയ പദ്ധതിയെ കുറിച്ച് ഒളിഞ്ഞും മറഞ്ഞും നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യേണ്ട അവസ്ഥ തികച്ചും പരിതാപകരമാണ്. ഒരു ഫോട്ടോ എടുക്കുന്നത് പോലും ഭരണകൂടം ഭയക്കുന്നു.

ശാസ്ത്രീയമായഒരു പഠനവും അതിന്റെ പ്രയോഗവും പ്ലാന്റിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. മാലിന്യങ്ങള്‍ പരമാവധി അവയുടെ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ചു ശേഖരിക്കണം . വളനിര്‍മാണ പ്ലാന്റിന്റെ കാര്യക്ഷമത ഉറപ്പു വരുത്തണം . RDF പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങളെയും മറ്റു അജൈവമാലിന്യങ്ങളെയും സംസ്കരിക്കുന്നതിനായിപ്ലാന്റുകള്‍ സ്ഥാപിക്കണം. പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന യന്ത്ര സാമഗ്രികളെ പ്രവര്‍ത്തിപ്പിക്കുവാനും ,മറ്റുള്ളവയെ പ്രവര്‍ത്തനസജ്ജമാക്കുന്നതിനോ പുന:സ്ഥാപിക്കുന്നതിനോ കഴിയണം . മുന്‍ ഭരണസമിതി ആലോചിച്ച സാംസ്കാരിക കേന്ദ്രത്തിന്റെ നിര്‍മാണവും ഗ്രീന്‍ ബെല്‍ട്ട് സങ്കല്‍പ്പനത്തിന്റ യാഥാര്‍ത്ഥ്യവും നടപ്പിലാക്കി സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ക്ക് തടയിടണം . എങ്കില്‍മാത്രമേ കൊച്ചി നഗരത്തിന്റെ മാലിന്യ പ്രശ്നങ്ങള്‍ക്കൊരു ശാശ്വത പരിഹാരവും ഗ്രാമീണര്‍ക്ക് നല്ല ഒരു ജീവിതവുമുണ്ടാകൂ, എങ്കില്‍ മാത്രമേ നാളെയുടെ തലമുറക്ക് , ഇന്നിന്റെ അടയാളങ്ങളില്‍ / ചുറ്റുപാടുകളില്‍ നിന്നും ഒപ്പിയെടുക്കുമ്പോള്‍ , അതില്‍ നമുക്ക് എന്തെങ്കിലും അഭിമാനത്തിനുള്ള ഉള്ള വകയുണ്ടാകൂ.

ബധിര കര്‍ണ്ണങ്ങളോട്

  • നഗരലോലുപതകളുടെ മാലിന്യം പേറേണ്ടത് ഗ്രാമങ്ങളോ ?
  • ആസൂത്രണം ചെയ്യപ്പെട്ട ഒരു പദ്ധതി ഭരണ മാറ്റത്തിലും അതിന്റെ തുടര്‍ച്ച സൂക്ഷിക്കേണ്ടതല്ലേ?
  • മാലിന്യം ഉത്ഭവസ്ഥാനത്ത് തന്നെ സംസ്ക്കരിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതല്ലേ?
  • പൊതുഫണ്ടിന്റെ വിനിയോഗം വഴി നിലവില്‍ വരുന്ന പദ്ധതികള്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും സുതാര്യമാകേണ്ടതല്ലേ?
  • നിലവിലുള്ള ഖരമാലിന്യ പ്ലാന്റ് നന്നായി പ്രവര്‍ത്തിക്കുന്നുവെന്നു എന്നവകാശപ്പെടുമ്പോള്‍ കോടികള്‍ മുടക്കി എന്തിനാണ് പുതിയൊരു പ്ലാന്റിനെപ്പറ്റി ആലോചിക്കുന്നത്?
  • അ‍ഞ്ചുവര്‍ഷം മാത്രം പഴക്കമുള്ള, നിലവിലുള്ള പ്ലാന്റ് മാറ്റി പുതിയൊരു പ്ലാന്റ് സ്ഥാപിക്കുന്നുവെന്നു സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. അങ്ങിനെയെങ്കില്‍ അതുവഴി ഉണ്ടാകുന്ന ധന ദുര്‍വ്യയം ജനങ്ങള്‍ക്കു മേല്‍ അധിക ബാധ്യതയാകില്ലേ ?
  • കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഭൂമിയില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അവകാശവുമില്ലായിന്നിരിക്കെ, പുതിയ പ്ലാന്റും, മിച്ചമുള്ളതില്‍ പുതിയ സംരഭങ്ങളും ആരംഭിക്കുമെന്ന് ആവര്‍ത്തിച്ചുപറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനല്ലേ?
  • ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് നല്ല വായുവും നല്ല വെള്ളവും നിഷേധിക്കേണ്ടതുണ്ടോ?
  • ഖര മാലിന്യ പ്ലാന്റ് ഗ്രാമങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുക വഴി ഗ്രാമീണ ജനതയ്ക്ക് നഷ്ടമായ വിദ്യാഭ്യാസത്തിനും സാമൂഹിക ജീവിതത്തിനും ഭരണകൂടം ഉത്തരവാദിയല്ലേ ?
  • ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഒരു വലിയ സാമൂഹിക ദുരന്തമാകുന്നതുവരെ നാം കാത്തിരിക്കേണ്ടതുണ്ടോ?

ചോദ്യങ്ങള്‍ തുടരേണ്ടതുണ്ട് സമരങ്ങളും ; ഭരണകൂടം വിവേകത്തോടെ പ്രതികരിക്കും വരെ