Jisha Josh

തൃശൂരില്‍ സംഭവിച്ചത്

ഈ കഴിഞ്ഞ ഇരുപത്തി രണ്ടാം തീയതി രാത്രി ഏകദേശം പത്ത് മണിക്ക് തൃശ്ശൂരില്‍വെച്ച് രണ്ട്‌ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെയും അടക്കം എട്ടുപേരെ പോലീസ് അതിക്രൂരമായി തല്ലിച്ചതക്കുകയും ആറുപേര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയും ചെയ്യുകയുണ്ടായി. തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകാന്‍ ഓട്ടോ കാത്തുനില്‍ക്കുകയായിരുന്ന ചലച്ചിത്രവിദ്യാര്‍ത്ഥികളായ നാല് യുവാക്കളെ പൊതുസ്ഥലത്ത് മദ്യപിച്ചു എന്ന പേരില്‍ രണ്ട്‌ ബീറ്റ് പോലീസുകാര്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതോടെയാണ്‌ പ്രശ്നം ആരംഭിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന സിനിമാറ്റോഗ്രാഫെര്‍ ആയ നീതു ഈ പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും നീതുവിനെയും പോലീസ് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. സംഭവസ്ഥലത്തെത്തിച്ചേര്‍ന്ന നീതുവിന്‍റെ സുഹൃത്ത് ശ്രുതി, അഭിഭാഷകയായ ആശയെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയും നിയമസഹായം നല്‍കുന്നതിനുവേണ്ടി അവര്‍ സംഭവസ്ഥലത്തേക്ക് വരികയും ചെയ്തു. രാത്രിയായതിനാല്‍ മകന്‍ ഗൌതമിനും പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും ഒപ്പമാണ് ആശ അവിടെ എത്തിച്ചേര്‍ന്നത്. അതിനിടയില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്ഐ ലാല്‍കുമാര്‍ അടക്കം അഞ്ച്‌ വണ്ടി പോലീസുകാര്‍ അവിടെ എത്തിയിരുന്നു. അഡ്വ ആശ സ്ഥലത്തുണ്ടായിരുന്ന വെസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്ഐ സൂരജിനോട് കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ കാര്‍ പാര്‍ക്ക് ചെയ്ത് ഇവരുടെ സമീപത്തേക്ക് നടന്നുവരികയായിരുന്ന ഗൌതമിനെ അഞ്ചാറ് പോലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുവാന്‍ തുടങ്ങി. അത് തന്‍റെ മകനാണ് എന്ന്പറഞ്ഞ് ആശ തടുക്കാന്‍ ശ്രമിച്ചെങ്കിലും ഗൌതമിനെയും മറ്റ് യുവാക്കളെയും നീതുവിനെയും വണ്ടിയിലിട്ട് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പോലീസ് സ്റ്റേഷനിലെത്തിയ ശേഷവും കൊണ്ടുവരുന്ന വഴിക്കും പോലീസുകാര്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട് എന്ന് നീതു പറയുന്നു. “വനിതാപോലീസുകാര്‍ എന്നെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചാണ് കൊണ്ടുവന്നത്. തലയില്‍ ഒരു പോലീസുകാരി ശക്തമായി ഇടിച്ചിരുന്നു. പിന്നീട് എന്നെമാത്രം ഒരു മുറിയിലേക്ക് കൊണ്ടുപോയി എസ്ഐ ലാല്‍കുമാറും രണ്ട്‌ പോലീസുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ലൈംഗികമായിപോലും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.” നീതുവിന്‍റെ മാറിടത്തിലും തലയിലും പരിക്കുകളുണ്ട്. മര്‍ദ്ദനത്തില്‍ ഗൌതമിന്‍റെ തോളെല്ലും അനുരാഗിന്‍റെ കാലിന്‍റെ എല്ലും പൊട്ടിയിട്ടുണ്ട്.

പോലീസ് സ്റ്റേഷനില്‍ എത്തിയ ആശ താന്‍ ഒരു അഭിഭാഷകയാണെന്നും നീതുവിനും മറ്റുള്ളവര്‍ക്കും നിയമസഹായം നല്‍കുന്നതിനാണ് വന്നിരിക്കുന്നത് എന്നും തന്‍റെ കൂടെ വന്ന മകനെയാണ് അകാരണമായി പിടിച്ച് മര്‍ദ്ദിക്കുന്നത് എന്നും എസ്ഐയോട് പറയാന്‍ ശ്രമിച്ചെങ്കിലും ആശയെ പിടിച്ച് തള്ളുകയും കാലില്‍ ബൂട്ടിട്ട് ചവിട്ടി വീഴ്ത്തുകയുമാണ് ചെയ്തത് എന്ന് ആശ ആരോപിക്കുന്നു. “എന്നെ ഉപദ്രവിക്കുന്നതുകണ്ട് ഓടിയെത്തിയ എന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ മുഖത്ത് അടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയാണ് എസ്ഐ ചെയ്തത്. പിന്നീട് ഞങ്ങളെ പുറത്താക്കാന്‍ വനിതാപോലീസുകാരോട് അയാള്‍ ആജ്ഞാപിച്ചതനുസരിച്ച് അവര്‍ ഞങ്ങളെ പിടിച്ച് പുറത്താക്കുകയായിരുന്നു.” ഏകദേശം പുലര്‍ച്ചെ രണ്ടുമണിയോടെ നീതുവിനെ ആശയുടെ കൂടെ വിടുകയായിരുന്നു. ആശയും മകളും നീതുവും പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ശ്രുതിയും അപ്പോള്‍ത്തനെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഗൌതമിനും വിവേകിനും ജിജേഷിനും നിപുണിനും അനുരാഗിനും ജാമ്യം കിട്ടുന്നത്.

പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുമ്പോഴോ കസ്റ്റഡിയിലെടുക്കുമ്പോഴോ പാലിച്ചിരിക്കേണ്ട ഒരു മാനദനണ്ടവും ഈ കേസില്‍ പാലിച്ചിട്ടില്ല എന്ന് കാണാന്‍ സാധിക്കും. അറസ്റ്റ് ചെയ്ത വിവരം അവരുടെ മാതാപിതാക്കളെയോ അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കണം എന്ന നിയമം ഉണ്ടായിരിക്കെ ഇതൊന്നും പോലീസ് ചെയ്തിട്ടില്ല. നീതുവിനെ മണിക്കൂറുകളോളം പോലീസ് കസ്റ്റഡിയില്‍ വെച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമെ പോലീസിന് ഒരു സ്ത്രീയെ രാത്രിയില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള അധികാരമുള്ളൂ എന്നിരിക്കെ ഈ കേസില്‍ അത്തരത്തിലുള്ള എന്ത് സാഹചര്യമാണ് ഉണ്ടായിരുന്നത് എന്ന് പോലീസ് വിശദീകരിക്കേണ്ടി വരും. യുവാക്കള്‍ പൊതുസ്ഥലത്ത് മദ്യപിക്കുകയായിരുന്നു എന്ന് വാദത്തിന് അംഗീകരിച്ചാല്‍പോലും പോലീസിന് അവരെ മര്‍ദ്ദിക്കുവാനോ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനോ ഉള്ള അധികാരമില്ല. അതല്ലെങ്കില്‍ അവര്‍ പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കുകയോ, പൊതുമുതല്‍ നശിപ്പിക്കുകയോ, ആക്രമണവാസന കാണിക്കുകയോ ചെയ്തിരിക്കണം. ഈ കേസില്‍ ഇതൊന്നുംതന്നെ സംഭവിച്ചിട്ടില്ല. മറിച്ച്, തന്‍റെ കക്ഷികളുടെ ആവശ്യപ്രകാരം നിയമസഹായം നല്‍കാനെത്തിയ അഭിഭാഷകയെപ്പോലും പോലീസ് വെറുതെ വിട്ടില്ല. നിയമ സഹായം തേടാനുള്ള ഒരു പൌരന്‍റെ അടിസ്ഥാന അവകാശത്തെയും, തന്‍റെ ജോലി ചെയ്യാനുള്ള അഡ്വക്കേറ്റിന്‍റെ അവകാശത്തെയും ലംഘിക്കുകയാണ് പോലീസ് ചെയ്തത്.

കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂര്‍ നഗരത്തിന്‍റെ ഹൃദയത്തിലാണ് ഈസ്റ്റ് ജനമൈത്രി പോലീസ് സ്റ്റേഷന്‍ നിലനില്‍ക്കുന്നത്. ഏറ്റവും അധികം ഉത്സവങ്ങളും സാംസ്കാരിക പരിപാടികളും നടക്കുന്ന സ്ഥലം, രാഷ്ട്രീയത്തിലും, കലാ-സാംസ്കാരിക മേഖലകളിലും ബദലുകളുടെ അന്വേഷണം ഏറ്റവും കൂടുതല്‍ നടക്കുന്ന സ്ഥലം ഒരുപക്ഷെ തൃശ്ശൂറായിരിക്കും. ആണ്‍-പെണ്‍ ഭേദമന്യേ ജനങ്ങളുടെ പങ്കാളിത്തം ഇത്തരം പരിപാടികളില്‍ കാണാം. അങ്ങനെയുള്ള ഒരു സ്ഥലത്താണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇത്തരത്തിലുള്ള പോലീസ് അതിക്രമങ്ങള്‍ അരങ്ങേറുന്നത്. ഒരു വശത്ത് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളെപ്പറ്റി നിലവിളികളുയരുമ്പോള്‍, സ്ത്രീ സുരക്ഷയെക്കുറിച്ച് രാജ്യത്താകമാനം ചര്‍ച്ചകള്‍ നടക്കുമ്പോള്‍, അതിനുവേണ്ടി പുതിയ നിയമങ്ങള്‍ ഉണ്ടാക്കപെടുമ്പോള്‍, നിര്‍ഭയ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കപ്പെടുമ്പോള്‍ മറുവശത്ത് നിയമം നടപ്പിലാക്കണ്ട പോലീസ് തന്നെ സ്ത്രീകളെ അപമാനിക്കുകയും, തല്ലിച്ചതയ്ക്കുകയും ചെയ്യപ്പെടുന്നു. നിയമങ്ങള്‍ അപഹാസ്യവും നിസ്സഹായവുമായിത്തീരുന്നത് ഇങ്ങനെയൊക്കെയാണ്. ഒരു പോലീസ് സ്റ്റേഷനില്‍ ഒരു അഭിഭാഷകയ്ക്ക് പോലും കിട്ടാത്ത നീതി എങ്ങനെയാണ് സാധാരണക്കാരിയായ ഒരു സ്ത്രീക്ക് കിട്ടും എന്ന് നമ്മള്‍ വിശ്വസിക്കുക. ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ എന്ന ആശയത്തിന്‍റെ തന്നെ പരാജയമായിരിക്കും ഇത്തരം സംഭവങ്ങള്‍. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും പലവിധ ആവശ്യങ്ങള്‍ക്കായി കയറിയിറങ്ങിയ അനുഭവമുള്ള ഒരാള്‍ എന്ന നിലയ്ക്ക് പരാതിക്കാര്‍ക്ക് ഭയമോ ആശങ്കയോ കൂടാതെ സമീപിക്കാനുള്ള സാഹചര്യം നമ്മുടെ പോലീസ് സ്റ്റേഷനുകള്‍ ഒരുക്കുന്നില്ല എന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു. ഒന്നുകില്‍ നിങ്ങള്‍ മാന്യമല്ലാത്ത ഇടപെടലുകള്‍ കൊണ്ട് അപഹാസ്യരായിത്തീരും അല്ലെങ്കില്‍ ഭയപ്പെട്ടുപോകും. ഒടുവില്‍ ഇനിയൊരിക്കലും ഇവിടേയ്ക്ക് വരേണ്ടിവരല്ലേ എന്ന പ്രാര്‍ത്ഥനയോടെ നിങ്ങള്‍ പടിയിറങ്ങും. ഇത് എന്‍റെ മാത്രം അനുഭവമോ അഭിപ്രായമോ അല്ല. മറിച്ച്, ജീവിതത്തില്‍ ഒരുതവണയെങ്കിലും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയ ഏതൊരു സ്ത്രീയും പറയുന്ന അഭിപ്രായമായിരിക്കും.

തൃശ്ശൂരില്‍ നടന്ന ഈ സംഭവത്തില്‍ ചില പോലീസുകാര്‍ കുറ്റക്കാരാണെന്ന് പ്രഥമദൃഷ്ട്യാതന്നെ ആര്‍ക്കും കണ്ടെത്തുവാന്‍ സാധിക്കും. തൃശൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഇന്ദിരാദേവി എസ്ഐ ലാല്‍കുമാറിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും മാര്‍ച്ച് മൂന്നിനുള്ളില്‍ അറസ്റ്റ് ചെയ്ത് കോടതിയുടെ മുന്നില്‍ ഹാജരാക്കാന്‍ ഐജിപിയോട് ആവശ്യപ്പെട്ടതും ഇതിനെ സാധൂകരിക്കുന്നു. പോലീസ് നിഷ്പക്ഷമായ സമീപനമാണ് ഈ കേസിനോട് പുലര്‍ത്തുന്നതെങ്കില്‍ ലാല്‍കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയാണ് ഐജിപി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, അത് ചെയ്യാതെ അറസ്റ്റ് വാറണ്ടിനെതിരെ സ്റ്റേ ഓര്‍ഡര്‍ വാങ്ങിയെടുക്കാനുള്ള അവസരം ലാല്‍കുമാറിന് ഉണ്ടാക്കിക്കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. അതുമാത്രമല്ല, മാര്‍ച്ച് മൂന്നാം തീയതി തൃശൂര്‍ അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഒരു പ്രസ്കോണ്‍ഫറന്‍സ് വിളിച്ച് പോലീസ് നടപടികളെ ന്യായീകരിക്കുകയും അഡ്വ ആശയ്ക്കെതിരെയും മറ്റ് പ്രതികള്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയുമുണ്ടായി. ഒരുപടികൂടി കടന്ന് സ്റ്റേഷനില്‍ വെച്ച് പോലീസ് ഷൂട്ട്‌ ചെയ്ത രംഗങ്ങള്‍ ഡിവിഡിയിലാക്കി മാദ്ധ്യമങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരിക്കുന്നു. കോടതിയിലുള്ള ഒരു കേസിന്മേല്‍ നടത്തിയ ഈ ഇടപെടല്‍ കോടതിയലക്ഷ്യമാണ് എന്ന നിയമ വസ്തുത നിലനില്‍ക്കുമ്പോള്‍ത്തന്നെ ഉത്തരവാദിത്വമുള്ള ഒരു പോലീസ് ഓഫീസര്‍ എന്ന നിലയില്‍ അസ്സിസ്റ്റന്റ് കമ്മീഷണറുടെ ധാര്‍മികതയും ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയടക്കം പോലീസ് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിച്ചതിനുശേഷം അവരുടെ വീഡിയോ എടുത്ത് മാദ്ധ്യമങ്ങള്‍ക്ക്‌ നല്‍കാന്‍ പോലീസിന് എന്തധികാരമാണുള്ളത്, അതിലെ ധാര്‍മികത എന്താണ്?

അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഉന്നയിച്ച മറ്റൊരാരോപണം ഗൂഡാലോചനയാണ്. വിബ്ജ്യോര്‍ അന്താരക്ഷ്ട്ര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ എഫ്ഐആര്‍ തിരുത്താന്‍ അഡ്വ ആശ എസ്ഐ ലാല്‍കുമാറിനോട് ആവശ്യപ്പെട്ടിരുന്നു എന്നും അതിന് തയ്യാറാകാതിരുന്ന ലാല്‍കുമാറിനോടുള്ള വിരോധമാണ് അദ്ദേഹത്തിനു നേരെയുള്ള ആശയുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനം എന്നും അസിസ്റ്റന്റ്‌ കമ്മീഷണര്‍ ആരോപിക്കുന്നു. ഇനി ഇത്തവണത്തെ വിബ്ജ്യോറുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങളും കേസിന്‍റെ പശ്ചാത്തലവും പറയാം.

തൃശ്ശൂരില്‍ കഴിഞ്ഞ ഒമ്പതുവര്‍ഷമായി നടന്നു വരുന്ന ഒരു ഡോക്യുമെന്റെറി-ഷോര്‍ട്ട് ഫിക്ഷന്‍ ഫിലിം ഫെസ്റ്റിവല്‍ മാത്രമല്ല വിബ്ജ്യോര്‍. അതൊരു കൂട്ടായ്മയാണ്. ഇന്ത്യയിലുടനീളം നടക്കുന്ന അതിജീവന സമരങ്ങളുടെ പ്രതിനിധികളും, ബദല്‍ രാഷ്ട്രീയ അന്വേഷണങ്ങളുടെ വാക്താക്കളും, അനീതിക്കും അടിച്ചമര്‍ത്തലിനും ഇരയായവരും ഒക്കെ ഈ കൂട്ടായ്മയുടെ ഭാഗമാണ്. ബഹുസ്വരതയും, ജനാധിപത്യവും പരമാവധി കാത്തുസൂക്ഷിക്കാന്‍ ഇതിന്‍റെ സംഘാടകര്‍ പാലിക്കാറുണ്ട്. ഇത്തവണത്തെ വിബ്ജ്യോറില്‍ ശ്രീനഗര്‍ സ്വദേശിയായ ബിലാല്‍ എ ജാന്‍ സംവിധാനം ചെയ്ത ‘ഓഷ്യന്‍ ഓഫ് ടിയേഴ്സ്’ എന്ന സിനിമ കാണിച്ചിരുന്നു. 1991 ല്‍ ഇന്ത്യന്‍ സൈനികൊദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്ത സ്ത്രീകളുടെ ജീവിതമാണ് ഈ സിനിമയുടെ വിഷയം. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍പേഴ്സന്‍ ആയിട്ടുള്ള പിഎസ്‌ബിടി എന്ന ഇന്ത്യന്‍ ഗവണ്മെണ്ടിന്‍റെ ഒരു ഏജന്‍സിയാണ്. എന്നാല്‍ ഇത് പാകിസ്താന്‍ ഫണ്ട് ചെയ്തിട്ടുള്ള സിനിമയാണെന്നും, രാജ്യദ്രോഹ സിനിമയാണെന്നും ആരോപണം ഉന്നയിച്ച് ബിജെപി-ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ സിനിമ കാണിക്കുന്നതിനെതിരെ ഭീഷണിയുയര്‍ത്തിയിരുന്നു. സുരക്ഷാപ്രശ്നങ്ങള്‍ മൂലം സംഘാടകര്‍ പോലീസ് സംരക്ഷണത്തിന് ശ്രമിച്ചെങ്കിലും, പോലീസ് സിനിമ പ്രദര്‍ശിപ്പിക്കരുത് എന്നാണ് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രദര്‍ശിപ്പിക്കും എന്ന നിലപാടില്‍ സംഘാടകര്‍ ഉറച്ചുനിന്നതോടെ സിനിമയുടെ കോപ്പി വേണം എന്നായി പോലീസ്. മേളയില്‍ പ്രദര്‍ശിപ്പിക്കുവാനാണ് സംവിധായകര്‍ ചിത്രങ്ങള്‍ അയച്ചുതരുന്നത് എന്ന് സംഘാടകര്‍ പറഞ്ഞതോടെ എന്നാല്‍ സംഘപരിവാറുകാര്‍ വന്ന് ഇതൊക്കെ അടിച്ചുതകര്‍ക്കട്ടെ എന്ന്‍ പറഞ്ഞ് പോലീസുകാര്‍ ആദ്യം പോവുകയും അല്‍പനേരത്തിനുള്ളില്‍ തിരിച്ചുവരികയും ചെയ്തു.

സിനിമ തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ കുറച്ചുപേര്‍ മുദ്രാവാക്യം വിളികളോടെ വന്ന് ചലച്ചിത്രമേള നടക്കുന്ന സംഗീത നാടക അക്കാദമിയില്‍ കയറി വസ്തുവകകള്‍ തല്ലിത്തകര്‍ക്കുകയും, തീയറ്ററിനുള്ളിലേക്ക് കയറി പ്രദര്‍ശനം മുടക്കാനും ശ്രമിച്ചു. കാണികള്‍ ഒന്നടങ്കം ഗോബാക്ക് വിളിച്ച് പ്രതിരോധിച്ചതുമൂലം അക്രമികള്‍ നിസ്സഹായരായി. പക്ഷെ, ഈ സമയമത്രയും സംഘപരിവാറുകാര്‍ക്ക് മൌനാനുവാദം നല്‍കിക്കൊണ്ട് എസ്ഐ ലാല്‍കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് നോക്കിനില്‍ക്കുകയായിരുന്നു. ഒടുവില്‍, ഗതികെട്ട് അവര്‍ അക്രമികളെ കസ്റ്റഡിയില്‍ എടുത്ത് പുറത്തെത്തിച്ച് സുരക്ഷിതമായി പറഞ്ഞയച്ചു. ആര്‍ക്കെതിരെയും ഒരു നടപടിയും പോലീസ് കൈക്കൊണ്ടില്ല. അതിനടുത്ത ദിവസം അഡ്വ ആശയുടെ സഹായത്തോടെ സംഘാടകര്‍ പോലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും ആശയുടെ അടുത്ത് എസ്ഐ ലാല്‍കുമാര്‍ വളരെ മോശമായി പെരുമാറുകയായിരുന്നു. ഇതിനെതിരെ ആശ കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

ഇനി അസ്സിസ്റ്റന്റ് കമ്മീഷണര്‍ മുകളില്‍ പറഞ്ഞ ഗൂഡാലോചനയിലേക്ക് വരാം. സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ചുനോക്കിയാല്‍ ഇതൊരു ഗൂഡാലോചനതന്നെയാണെന്ന് ആര്‍ക്കും മനസിലാകും. അത് അഡ്വ ആശയുടെതല്ല, മറിച്ച് എസ്ഐ ലാല്‍കുമാറിന്‍റെതായിരിക്കും എന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതിയാകും. എസ്ഐ ലാല്‍കുമാറിന്‍റെ ചരിത്രമറിയാവുന്നവര്‍ ഒരുപക്ഷെ അദ്ഭുതപ്പെടില്ല. കാരണം ഒരു ജാപ്പനീസ് കോര്‍പ്പറേറ്റ് കമ്പനിക്കെതിരെ അതിജീവന സമരം നടത്തുന്ന കാതിക്കുടത്തെ നാട്ടുകാരോട് “നിങ്ങളുടെ ചോര ഞാന്‍ വീഴ്ത്തും” എന്ന് വെല്ലുവിളിച്ച് പിഞ്ചുകുട്ടികളെയടക്കം മാരകമായി തല്ലിച്ചതച്ച ചരിത്രമുണ്ട് ഇദ്ദേഹത്തിന്. കഞ്ചാവ്-മയക്കുമരുന്ന് വേട്ടയുടെ പേര് പറഞ്ഞ് ബോബ് മാര്‍ലിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ടീ ഷര്‍ട്ടുകള്‍, മാല, ലോക്കറ്റ് എന്നിവ ധരിച്ചുവരുന്നവരെ പിടികൂടുക, വണ്ടി കസ്റ്റഡിയില്‍ എടുക്കുക എന്നിവയൊക്കെ അദ്ദേഹമാണ് തുടങ്ങിവെച്ചത്. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനത്ത് എസ്ഐ ആയിരിക്കാന്‍ സര്‍വ്വഥാ യോഗ്യന്‍ ഇങ്ങനെയുള്ള ഒരാളെ രക്ഷിക്കാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് കൈവിട്ടു ശ്രമിക്കണമെങ്കില്‍ ലാല്‍കുമാര്‍ എന്ന വ്യക്തിയുടെ സ്വാധീനം എത്രമാത്രമുണ്ടെന്ന് നമുക്കൂഹിക്കാം. പക്ഷെ, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഇത്തരം വ്യാജാരോപണങ്ങളുമായി മുന്നോട്ടുപോകുന്നത് പോലീസുകാരോടുള്ള ജനങ്ങളുടെ വിശ്വാസം തകരാനേ ഇടവരുത്തു.

മനുഷ്യരെയും, അവരുടെ കൂട്ടായ്മകളില്‍ നിന്നുടലെടുക്കുന്ന രാഷ്ട്രീയത്തെയും, വിയോജിപ്പിന്‍റെ ശബ്ദങ്ങളെയും ഭയപ്പെടുന്ന ഒരു ഭരണകൂടം സ്വീകരിക്കുന്ന അടിച്ചമര്‍ത്തലിന്‍റെ ചെറിയ ചില ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങള്‍. ഇതില്‍ നിന്നും നമ്മള്‍ പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ വരാന്‍പോകുന്നത് ഭീതിതമായ ഒരു കാലമായിരിക്കും. അത് വിദൂരമല്ലതാനും. സര്‍വ്വകലാശാലകളിലും, പൊതുവിടങ്ങളിലും, മുക്കിലും മൂലയിലും നമ്മളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒളിക്യാമറകള്‍ നല്‍കുന്ന സന്ദേശമെന്താണെന്ന്, എതിര്‍പ്പിന്‍റെ ശബ്ദം ഉയര്‍ത്തുന്നവരെ, മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ തല്ലിയൊതുക്കുന്നതിന്‍റെ അര്‍ത്ഥമെന്താണെന്ന് നമ്മള്‍ ഇനിയെങ്കിലും മനസിലാക്കിയെ പറ്റൂ.