Roopima S

എന്‍ ഡി എ ഭരണത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികള്‍

ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും കഴിഞ്ഞ അഞ്ച് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണത്തില്‍ നിന്ന് കടുത്ത വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. അതുകൊണ്ടു തന്നെ ഈ ഭരണത്തിന്‍കീഴില്‍ ദുരിതമനുഭവിക്കു നാനാ വിഭാഗം ജനതയെയും ജനാധിപത്യ വിശ്വാസികളെയും വിശേഷിച്ച് വിദ്യാര്‍ത്ഥി സമൂഹത്തെയും സംബന്ധിച്ച് ഈ വരുന്നതെരഞ്ഞെടുപ്പ് നിര്‍ണായകമാണ് .രാജ്യത്തിന്റെ ബഹുസ്വരമായ നിലനില്പ്പിനെയാകെ അട്ടിമറിച്ചു കൊണ്ട് ആന്തരികമായി വെറുപ്പിന്റെയും വര്‍ഗ്ഗീയതയുടെയും താത്പര്യങ്ങളാണ് കഴിഞ്ഞ ഗവണ്‍മെന്റ് ജനങ്ങള്‍ക്കായി പങ്കുവച്ചത്. ഇന്ത്യയിലാകെ തുടരുന്ന അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും നിരന്തരമായ നീതി നിഷേധവുമാണ് ഭരണ മികവായി എടുത്തു കാട്ടാന്‍ ശേഷിക്കുന്നത്. സാമ്പത്തികാസമത്വവും സാധാരണ ജനതയ്ക്കും സ്ത്രീ- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമവുമള്‍പ്പെടെ രാജ്യം നേരിടുന്ന രൂക്ഷമായ പ്രതിസന്ധികളെ മുന്‍നിര്‍ത്തി ഇന്ത്യയുടെ ഭാവി ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ അപകടത്തിലാണെന്ന് ഇന്ത്യന്‍ യുവത തിരിച്ചറിയുന്നുണ്ട്


ഉന്നത വിദ്യാഭ്യാസ-ഗവേഷണ മേഖലയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും വിദ്യാര്‍ത്ഥി വിരുദ്ധവുമായ നിലപാടുകളുടെ തുടര്‍ച്ചയിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും കടന്നു പോയത്.സംവരണ അട്ടിമറികള്‍ മുതല്‍ അക്കാദമിക മേഖലയെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് അടിയറ വയ്ക്കുന്ന വിദ്യാഭ്യാസ നയങ്ങള്‍ക്കുവരെ ഇന്ത്യന്‍ യുവത സാക്ഷിയായി. ഇക്കഴിഞ്ഞ NDA ഗവണ്‍മെന്റിന്റെ ഭരണകാലയളവില്‍ വിദ്യാഭ്യാസ മേഖലയിലെ വിമര്‍ശനാത്മകമായി ചിന്തിക്കുന്ന, വിജ്ഞാന മേഖലയില്‍ സക്രിയമായി ഇടപെടുന്ന സ്ഥാപനങ്ങളുടെ കേന്ദ്രസ്ഥാനങ്ങളിലേയ്ക്ക് അക്കാദമിക യോഗ്യതകളെ അവഗണിച്ചു കൊണ്ടുള്ള നിയമനങ്ങള്‍ തുടര്‍ച്ചയായിരുന്നു. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ ഇന്ത്യയിലെമ്പാടും ഈ അജണ്ടക്കെതിരെ നടന്നു. 2016ല്‍ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍(യു.ജി.സി) പുറത്തിക്കിയ നിര്‍ദ്ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാര്‍ത്ഥികളുടെ കടന്നുവരവ് നിയന്ത്രിക്കുന്ന നടപടിയായിരുന്നു. നിരവധി ഫെല്ലോഷിപ്പുകള്‍ നേടിയിട്ടും ഗവേഷണ മേഖലയിലേക്ക് പ്രവേശനം സാധ്യമാകാതെ എത്രയോ വിദ്യാര്‍ത്ഥികളുടെ അവസരം നിഷേധിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയായി യു.ജി.സി ഇല്ലാതാക്കി ഉന്നത വിദ്യാഭ്യാസ കമ്മീഷന് രൂപം നല്കാനും ശ്രമങ്ങള്‍ നടന്നു. വളരെ കൃത്യമായി, കുത്തക താത്പര്യങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഗവേഷണ മേഖലയിലിടപെടാന്‍ അനുഗുണമായ സാഹചര്യം സൃഷ്ടിച്ച് നല്കുന്നതായിരുന്നു ഈ തീരുമാനങ്ങളെല്ലാം തന്നെ. NDA ഗവണ്‍മെന്റിന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലെല്ലാം വിദ്യാഭ്യാസ മേഖലയ്ക്കായി പരിമിതമായ തുക മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. 2014 ലെ ബി.ജെ.പി ഇലക്ഷന്‍ മാനിഫെസ്റ്റോ ജിഡിപി യുടെ ആറ് ശതമാനം വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് വാഗ്ദാനം ചെയ്തപ്പോള്‍ നിലവിലെ നീക്കിയിരുപ്പ് 3.3 ശതമാനം മാത്രമാണ്. ഇങ്ങനെ നിരന്തരമായ സാമ്പത്തിക നിയന്ത്രണം ഒരു വശത്ത് നടപ്പിലാക്കുമ്പോള്‍ തന്നെ, ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്‍പ്പെടെ ഫണ്ട് വിനിമയവും , ശ്രേഷ്ഠ പദവിയും കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പു നല്കുന്നത് എന്നത് ദുര്യോഗം. സെല്ഫ് ഫിനാന്‍സ് കോഴ്സുകള്‍ക്കും, ഔട്ട് കം ബേസ്ഡ് സിലബസിനും ശുപാര്‍ശ ചെയ്തത് കച്ചവട ലാക്ക് ലക്ഷ്യമിട്ടാണ്. ഇക്കഴിഞ്ഞ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയങ്ങള്‍ മുഴുവും ഇത്തത്തില്‍ രൂപപ്പെടുത്തിയതാണെന്ന് കാണാം..


അടിസ്ഥാന രഹിതവും അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടും വിമര്‍ശനാത്മകവും സാമൂഹികവുമായ വിഷയങ്ങള്‍ക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ടും കേന്ദ്ര ഗവണ്‍മെന്‍റിന്റെ പ്രതിലോമകരമായ ഇടപെടലുകള്‍ തുടര്‍ന്നു വരുന്നു. ഗവേഷണ പ്രവര്‍ത്തനത്തിനുള്ള വിഷയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും വിദ്യാര്‍ത്ഥികള്‍ക്ക് അന്യമാവുന്ന നിലയിലേയ്ക്ക് കേന്ദ്ര സര്‍വകലാശാലകളുടെ അക്കാദമിക സംവിധാനത്തെ സംഘപരിവാര്‍ അജണ്ടകള്‍ ഹൈജാക്ക് ചെയ്യുന്നതാണ് ഒടുവിലത്തെ വാര്‍ത്ത.ഗവേഷണ മേഖലയിലെ സാമ്പത്തിക സഹായങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടും അടിസ്ഥാന വിഭാഗങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികളെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഭാഗമാകുന്നത് തടയാന്‍ ഫെല്ലോഷിപ്പുകള്‍ ക്ഷണിക്കാതിരുന്നും നടത്തിയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഇത്തരം ബൗദ്ധികമായ അമര്‍ച്ചകളും നടമാടുന്നത്. ചോദ്യം ചോദിക്കുന്ന പ്രതികരിക്കുന്ന എത്ര യുവാക്കളെയാണ് നമുക്ക് ഈ കാലഘട്ടത്തില്‍ നഷ്ടമായത്. രോഹിത് വെമുലയും നജീബ് അഹമ്മദും നമുക്കിടയില്‍ നിന്ന് ഇത്തരത്തില്‍ നഷ്ടപ്പെട്ടവരാണ്. പൊതുമണ്ഡലത്തില്‍ നിന്ന് ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ ക്കര്‍, എം.എം കല്‍ ബുര്‍ഗി , ഗൗരി ലങ്കേഷ് എന്നിങ്ങനെ എത്രയോ ബൗദ്ധിക ജീവിതങ്ങളെയാണ് സംഘ പരിവാരം നിഷ്കാസനം ചെയ്തത്. വിജ്ഞാനത്തിന്റെ നിര്‍മ്മിതിയും സാമൂഹ്യ നവീകരണവും അസാധ്യമാകുന്ന ഒരു ഇടമാണ് സംഘപരിവാര്‍ സ്വപ്നം കാണുന്നത്. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ചിന്തിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സംഘപരിവാര്‍ താത്പര്യങ്ങള്‍ക്കു മുന്നില്‍ അധാര്‍മ്മികമായ മൗനം പാലിക്കുന്ന കോണ്‍ഗ്രസിന്റെ കപടമതേതര മുഖം കാര്യങ്ങളെ കൂടുതല്‍ ആശങ്കയോടെ കാണേണ്ടതിന്റെ സൂചനകളാണ് നല്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരവും മതേതരവുമായ സ്വഭാവം നിലനിര്‍ത്തുന്നതിനും ഭരണഘടനയിലൂന്നിയ ഭാവിയെ നിര്‍മ്മിക്കുന്നതിനും നാം മാറി ചിന്തിച്ചേ മതിയാവൂ.രൂപിമ.എസ്
ഗവേഷക
മലയാള വിഭാഗം
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ,കാലടി.