Dr Ajit Kumar G

ഡോ സി പിന്റോ - 'കാറ്റെടുക്കാത്ത ദീപം'

കാറ്റെടുക്കാത്ത ദീപ-


മാണോര്‍ക്കുക


കൊടുങ്കാറ്റടിക്കട്ടെ


കെട്ടുപോകില്ല ഞാന്‍


-പിന്റോഒരു ദിവസം അയാളുടെ സംശയം പരിഹരിക്കണമെന്നു തന്നെ തീരുമാനിച്ചു. കൈകളിലെ ബലക്കുറവ് കുറെ നാളുകളായി അയാളെ അലോസരപ്പെടുത്തുവാന്‍ തുടങ്ങിയിട്ട്. ആദ്യമൊക്കെ തനിക്ക് തോന്നുന്നതാവും എന്നേ കരുതിയുള്ളു. ബലക്കുറവ് മാത്രമല്ല ഇപ്പോള്‍ കൈകള്‍ ക്ഷയിച്ചും കാണാന്‍ തുടങ്ങി. ന്യൂറോളജി വിഭാഗത്തില്‍ പേശികളുടെ ബയോപ്സി ഉള്‍പ്പെടെയുള്ള പരിശോധനകളില്‍ സംശയം സ്ഥിരീകരിക്കപ്പെട്ടു. ഒരു ലക്ഷം ആള്‍ക്കാരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ രോഗമാണ് അത്. നാഡീ കോശങ്ങളിലെ ആന്റീരിയര്‍ ഹോണ്‍ സെല്ലുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്. അയാള്‍ പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കുന്ന് ആധുനിക വൈദ്യശാസ്ത്രം ഇതിന്റെ വ്യക്തമായ കാരണവും ചികില്‍സ ഇതുവരേയും കണ്ടെത്തിയിട്ടില്ലാത്ത രോഗമാണിത്. എല്ലാ പേശികളും തളരുകയും ക്രമേണ ശ്വസനം തടസ്സപ്പെടുകയും ചെയ്യും. അഞ്ചു വര്‍ഷത്തോളമാണ് ചലനം നഷ്ടപ്പെട്ട രോഗാവസ്തയില്‍ ലഭിക്കുന്ന ആയുര്‍ദൈര്‍ഘ്യം. നിശ്ചയിക്കപ്പെട്ട ഈ സമയപരിധിയിലെ ചലനം നഷ്ടപ്പെട്ട അവസ്ഥയില്‍ യൗവനം കുടുങ്ങിപ്പോയ കഥ ഡോ. സി പിന്റോയുടേതാണ്.തൊണ്ണൂറുകളില്‍ കലാലയ ജീവിതം നയിച്ചവര്‍ക്ക് ഡോ. പിന്റോ സുപരിചിതനാണ്. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ തൊണ്ണൂറുകളില്‍ ശക്തമായി പ്രതിഷേധിക്കപ്പെട്ടിരുന്നു, ഇന്ന് അവ യാഥാര്‍ത്ഥ്യമായിരിക്കുന്നു എങ്കിലും. കേരളത്തില്‍ വളര്‍ന്ന് കഴിഞ്ഞ മധ്യവര്‍ഗ്ഗ താല്പര്യങ്ങളുടെ പ്രത്യക്ഷ ഉദാഹരണമായ സ്വാശ്രയസ്ഥാപനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊപ്പം ഇക്കാലം തെരുവുകളിലെ പ്രക്ഷുബ്ധമായ സമരചരിത്രം കൂടി ഉള്‍പ്പെടുന്നതാണ്. ഇടത് പക്ഷത്തിന്റെ പ്രോത്സാഹനമുള്ള വിദ്യാര്‍ത്ഥി സമരത്തില്‍ വിദ്യാര്‍ത്ഥികളെ അന്യവര്‍ഗ്ഗത്തെ എന്നപോലെ അതിക്രൂരമായാണ് പോലീസ് വേട്ടയാടിയത്. `മെഡിക്കോസ് സമരത്തില്‍’ എന്ന സ്റ്റെന്‍സിലുകള്‍ നഗരത്തിലെ ബസുകളിലെ കണ്ണാടിയില്‍ ഏറെക്കാലം മങ്ങാതെ കിടന്നു. അന്ന് തിരുവനന്തപുരത്ത് സമരത്തിന്റെ മുന്‍ നിരയില്‍ ഒരു വിദ്യാര്‍ത്ഥി ഒപ്പമുള്ളവര്‍ക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ചുരുട്ടിയ മുഷ്ടിയ്കൊപ്പം ഉയരുന്ന ശബ്ദം ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാനാവില്ല. ആശുപത്രിയ്കുള്ളില്‍ കടന്ന് ഒരു നാള്‍ പോലീസ് വളഞ്ഞ് തല്ലുമ്പോഴും അവന്റെ ശബ്ദം പതറിയില്ല. തളരാതെ കൈകളും ഉയര്‍ത്തി തന്നെ പിടിച്ചിരുന്നു. പിന്റോ.പഠനം കഴിഞ്ഞ് ഡോക്ടറായി വിഴിഞ്ഞം, കല്ലറ, ഭരതന്നൂര്‍ എന്നിവിടങ്ങളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ജോലി ചെയ്ത് കേവലം അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് കൈകള്‍ തളരാന്‍ പോകുന്നതും ശബ്ദം നഷടപ്പെടുന്നതുമായ അപൂര്‍വരോഗത്തിന്റെ വഴിയിലാണ് താന്‍ സഞ്ചരിക്കുന്നതെന്ന് പിന്റോ അറിയുന്നത്. ചികില്‍സ ലഭ്യമല്ലാത്ത ഈ രോഗവുമായി പിന്നെ കടന്നു പോയ അഞ്ചു വര്‍ഷം ഭാര്യയായ ബെറ്റ്സിയുടെ വിട്ടുവീഴ്ചയില്ലാത്ത പരിചരണത്തിന്റെ ആശ്രയത്തോടെ മാത്രമായിരുന്നു. അടുത്ത സുഹ്രത്തുക്കള്‍ പിന്റോയുടെ ദയനീയമായ അവസ്ഥ അഭിമുഖീകരിക്കുവാന്‍ കൂട്ടാക്കിയില്ല. വിരലുകള്‍ പോലും ചലിപ്പിക്കാനാവാതെ തളര്‍ന്ന കൈകാലുകളുടെ ചിത്രം പിന്റോയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ കടന്നു വരാന്‍ ഒരാളും ആഗ്രഹിക്കുകയില്ല.പ്രായോഗികവാദിയായ  ഒരു രാഷ്ട്രീയക്കാരന്റെ മനസ്സുമായല്ല പിന്റോ ജീവിച്ചത്. അതിലുപരി അവന്റെ എഴുത്തുകള്‍ സഹപാഠികള്‍ക്കിടയിലും പൊതു സമൂഹത്തിലും സജീവ സാന്നിധ്യമായിരുന്നു. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച നോവലുകളും കവിതകളും അസാധാരണമായ അവന്റെ സര്‍ഗ്ഗവൈഭവത്തിന്റെ അടയാളങ്ങളാണ്. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ആകുലതകള്‍ കവിതയിലും കഥകളിലും വരച്ചിടുന്നു. `കാറ്റെടുക്കാത്ത ദീപമാണോര്‍ക്കുക, കൊടുങ്കാറ്റടിക്കട്ടെ കെട്ടുപോകില്ല ഞാന്‍` തളര്‍ച്ചയിലും അയാള്‍ കുലുങ്ങിയില്ല. സമരത്തെ കുറിച്ചും പിന്റോ കവിതയെഴുതി.`സമരത്തില്‍ ജയിച്ചവന്‍ സമാരാധ്യനായി, തോറ്റവന്‍ വഴിയാധാരവും, ക്ലാസില്‍ കരുത്തവന്‍ വെയിലത്തസംബ്ലിയില്‍, കാറില്‍ വരുന്നവന്‍ പ്രാര്‍ത്ഥന ചൊല്ലും, സാറിന്റെ മകന്‍ പ്രതിജ്ഞയും, മുണ്ടുടത്തവന് മുന്നില്‍ സീറ്റില്ല, മൂന്നക്കം കൊടുത്തവന് മുഴുവന്‍ സീറ്റും…. എല്ലാറ്റിനും തോറ്റ ഞാന്‍ ഒരു കവിയാവും’. സമരവും സമരത്തിലെ ആശയങ്ങളും മാത്രമല്ല തന്റെ ജീവിതം കൂടി പരാജയപ്പെടുന്നതിന്റെ ഘട്ടത്തിലും കവിതയിലൂടെ ജീവിതം തുടരുമെന്ന പ്രതീക്ഷയാണ് `തോറ്റ് പഠിച്ചവര്‍’ എന്ന ഈ കവിത. ആക്രി, മകള്‍ തുടങ്ങി ശ്രദ്ധേയമായ കവിതകള്‍ രോഗാതുരമായ ഘട്ടത്തില്‍ ബെറ്റ്സിയുടെ സഹായത്താല്‍ പൂര്‍ത്തിയാക്കിയവയാണ്. തന്റെ രോഗത്തിന്റെ വഴികളെക്കുറിച്ച് പക്ഷേ പിന്റോ ഒന്നും പറഞ്ഞില്ല.അന്നത്തെ കലാലയ പ്രക്ഷോഭങ്ങളില്‍ തലസ്ഥാനത്തെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന പിന്റോ എഴുത്തുകാരന്‍ കൂടിയാണ്. കക്കാട് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന്റെ കവിതകള്‍ക്ക് ലഭിച്ചു. ആനുകാലികങ്ങളില്‍ കവിതയും നോവലും പ്രസിദ്ധീകരിച്ച് കൊണ്ട് അറിയപ്പെടാന്‍ തുടങ്ങിയ പിന്റോ രോഗത്തിനിടയിലും പതറാതെ കലാജീവിതത്തെ മുറുകെ പിടിച്ചു. ഭാര്യയായ ബെറ്റ്സിയുടെ സഹായത്തോടെ. 2005 ല്‍, പിന്റോ 35- ം വയസ്സില്‍ അന്തരിക്കുമ്പോള്‍ ശൈത്യം, അഗ്നിയെ ചുംബിച്ച ചിത്ര ശലഭം, ഭഗവന്നൂര്‍ പറയുന്നത്, വിരല്‍സ്പര്‍ശം തുടങ്ങിയ നോവലുകളും പിന്റോയുടെ കവിതകള്‍, മകള്‍ എന്നീ കവിതാസമാഹാരങ്ങളും ആക്രി എന്ന ഒറ്റ കവിതാ പുസ്തകവും പിന്റോയുടെ സര്‍ഗ്ഗ സൃഷ്ടികളായി അവശേഷിപ്പിച്ചു.`ജീവിതമെന്നത് ഓര്‍മ്മകളാണ്. ഒരു കൂട്ടം ആളുകളുടെ മനസ്സിലൂടെ വിസ് മൃതമായും അനുസ്മരിക്കപ്പെട്ടും അത് പരിണമിച്ചു കൊണ്ടേയിരിക്കുന്നു’, പിയറി നോറ, ചരിത്രത്തെ കുറിച്ച് പറയുന്നു. ഏതൊരാളും ചിലര്‍ക്ക് പ്രിയപ്പെട്ടയാള്‍ ആയിരിക്കും. ചിലര്‍ക്ക് ഇഷ്ടമില്ലാത്തയാളും. വിരുദ്ധ പക്ഷങ്ങളിലേയ്ക് ഇങ്ങനെ വ്യാപരിക്കുന്ന ഒന്നാണ് ജീവിതം. ദുര്‍ബലമായ മനുഷ്യസമൂഹത്തില്‍ അപൂര്‍വമായി അവര്‍ക്ക് ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യാവുന്ന ചിലര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു പ്രതീക്ഷയായി. അത്തരം അപൂര്‍വതകളില്‍ ഒന്നായി പരിണമിക്കേണ്ട ഒരു വ്യക്തിത്വമായിരുന്നു പിന്റോ. സമൂഹം ആശ്രയിക്കാമെന്ന് കാത്തിരുന്നയാള്‍ തന്റെ യൗവനത്തില്‍ സ്വന്തം ചലനത്തിനായി പോലും പരാശ്രയത്തില്‍ പെടുന്ന ദൗര്‍ഭാഗ്യതയാണ് പിന്റോയുടെ ജീവിതത്തില്‍ കാണേണ്ടി വന്നത്. എങ്കിലും വിസ്തൃതമായ ഭൂഗോളത്തിലെ ഒരു മൂലയിലെ കുറെപ്പേര്‍ക്ക് പിന്റോയുടെ ജീവിതം അത്തരം ദീപ്തമായ ഒരു ഓര്‍മ്മയാണ്. അത് പങ്കു വയ്ക്കുന്ന സായാഹ്നങ്ങളാണ് കഴിഞ്ഞ പത്തു വര്‍ഷമായി നടത്തിവരുന്ന `പിന്റോ സ്മാരക പ്രഭാഷണം’.