അഭിമുഖം: രതീ ദേവി / സോണിയാ ഷിനോയ്
മലയാളത്തിന്റെ പെണ്ശബ്ദങ്ങള് കരുത്താര്‍ജ്ജിക്കുന്നതിന്റെ അടയാളങ്ങള്‍ ഒന്നിന് പുറകെ ഒന്നെന്നവണ്ണം അനുദിനം ഉയര്‍ന്നു വരികയാണ്. പെണ്‍കരുത്തായി രെതിദേവിയുടെ പുതിയ പുസ്തകം “മേരി മഗ്ദലെനയുടെ (എന്റെയും) പെണ്‍സുവിശേഷം” (നോവല്‍) പ്രകാശിതമായിരിക്കുന്നു. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വച്ചേക്കാവുന്ന സ്ഫോടനാത്മകമായ ഒരു പ്രമേയം മുന്നോട്ട് വച്ചുകൊണ്ടാണ് 2014 ലെ ബുക്കര്‍ പ്രൈസിന് പരിഗണിക്കപ്പെട്ട ഈ പുസ്തകം, ഭാഷയ്ക്കും അതിര്‍ത്തികള്‍ക്കും അപ്പുറം പടരാന്‍ തയാറെടുക്കുന്നത്. 90 കളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘അടിമവംശം’ എന്ന ആദ്യ കൃതിക്ക് ശേഷം നീണ്ട ഇടവേളക്കൊടുവില്‍ വന്ന ഈ പുതിയ പുസ്തകത്തെ കുറിച്ചും, എഴുത്തിന്റെ വഴികളെ കുറിച്ചും രതീദേവി ഹൃദയം തുറന്നപ്പോള്‍
“മേരി മഗ്ദലെനയുടെ (എന്റെയും) പെണ്‍സുവിശേഷം” എന്ന പുതിയ പുസ്തകത്തെ എഴുത്തുകാരി സ്വയം എങ്ങനെ വിലയിരുത്തുന്നു.
ചരിത്രത്തിന്റെ ഒരു സ്ത്രീപക്ഷ വായനയായി ഇതിനെ വിശദീകരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ചരിത്രവഴികളില്‍ കുഴിച്ചു മൂടപ്പെട്ട അനേകം ഏടുകളില്‍ ഒന്നിന്റെ വ്യത്യസ്ഥമായ പുന:വായന. പുരുഷന് പറഞ്ഞു വച്ച കഥകളില്‍ പലയിടത്തും സ്ത്രീയുടെ അസാന്നിദ്ധ്യം നമ്മളനുഭവിക്കുന്നുണ്ട്.പെണ്ണിനെ മറച്ചു വച്ചുകൊണ്ട് എങ്ങനെയാണ് ഒരു ചരിത്രം പൂര്‍ണമാകുന്നത്? അങ്ങനൊരിടത്തേക്ക് ‘ഇതുകൂടി ചേര്‍ത്തുവായിക്കൂ’ എന്നു വിളിച്ചുപറയുന്നു ഈ പുസ്തകം. ഇതിനായി വളരെ ഗൌരവമേറിയ, ആഴമുള്ള പഠനങ്ങള്‍ നടത്തിയിരുന്നു. ചരിത്രത്തിന് പുറമേ ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, ആര്‍ക്കിയോളജി തുടങ്ങി ക്വാണ്ടം ഫിസിക്സ് വരെ. വേദങ്ങളും ഉപനിഷത്തുകളും തുടങ്ങി കമ്യൂണിസം വരെ നിരവധി വിഷയങ്ങള്‍. മുഖ്യധാരാ ചരിത്ര വിവക്ഷകളില്‍ കാണാത്ത പലതും നമുക്ക് ഇത്തരം സമാന്തര പഠനങ്ങളില്‍ കണ്ടെത്താനാവും. മഗ്ദലെന എന്ന സ്ത്രീയേകുറിച്ച്, അമ്മ മേരിയെകുറിച്ച്, യൂദായേകുറിച്ചു, ക്രിസ്തുവിനെ കുറിച്ച് പോലും ചരിത്രം പലതും പറയാതെ പോയിട്ടുണ്ട്. അവയൊരോന്നും ഇവിടെ ഈ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്കു മേലെയുള്ള തിരുത്തലുകളായി പുനരെഴുതിയിരിക്കുന്നു.
പുസ്തകം ഒരേ പോലെ ഇംഗ്ലിഷിലും ഒപ്പം മലയാളത്തിലും വരികയാണല്ലോ. ‘പെണ്ണും’ ‘സുവിശേഷ’വും തീ പിടിച്ച പ്രയോഗങ്ങളാണ്. സ്വാഭാവികമായും പ്രതികരണങ്ങള്‍ പൊള്ളുന്നവയായിരിക്കും. വ്യത്യസ്തമായിരിക്കും. എന്താണ് എഴുത്തുകാരിയുടെ പ്രതീക്ഷ.
ലോകം ഇത്രയൊക്കെ മുന്നേറിയിട്ടും മനസില്‍ അന്ധത കൊണ്ട് നടക്കുന്നവര്‍ ഇപ്പൊഴും ഉണ്ടെന്നുള്ളത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്. ക്രിസ്തുവിന്റെ ജീവിതവും ചരിത്രവും ഇതിനുമുന്‍പും ലോകം പല കാഴചകളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ, പറഞ്ഞല്ലോ, ഇവിടെ മഗ്ദലെനയുടെയും, മഗ്ദലെനയിലൂടെ എന്റെയും, ബോധത്തിലുള്ള ഒരു സ്ത്രീപക്ഷ ചരിത്ര വായനയാണ് ഞാന്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ക്രിസ്തുവിന്റെ പ്രമുഖ ശിഷ്യയായി ആണെങ്കില്‍ മഗ്ദലെനയ്ക്കും ഉണ്ടാകുമല്ലോ, ചിലതൊക്കെ പറയാന്‍. ഞാന്‍ ഒരു ക്രിസ്ത്യാനിയല്ല, മുസ്ലിമെന്നോ ഹിന്ദുവെന്നോ ഒന്നും എന്നെ രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നുമില്ല. എന്നാല്‍ ക്രിസ്തുവിനെ എനിക്കിഷ്ടമാണ്. ആരാധനയും പ്രണയവുമാണ്. അങ്ങനൊരാളെ കുറിച്ച്, ലോകം മുഴുവന്‍ ആരാധിക്കുന്ന ഒരാളെ കുറിച്ച്, അദ്ദേഹം ഏഷ്യക്കാരനാണ് എന്റെ തറവാട്ടുകാരനാണ് എന്നു വിളിച്ച് പറഞ്ഞു ഓര്മിപ്പിക്കുമ്പോഴുള്ള അഭിമാനം വലുതാണ്. നീണ്ട പത്തുവര്‍ഷങ്ങളായി നടത്തി വന്ന ഗവേഷണങ്ങളുടെയും പഠനത്തിന്റെയും വെളിച്ചത്തിലാണ് ആ പുസ്തകം എഴുതിയിട്ടുള്ളത്.
കാലങ്ങളായി പുരുഷന്റെ കാഴ്ചയില്‍, പുരുഷന്റെ വാഴ്ച്ചയില്, ചരിത്രം അവന്റെ മാത്രം കഥ(His-story)യായി എഴുതി വായിക്കപ്പെട്ടു വരികയാണ്. നേരെത്തെ സൂചിപ്പിച്ചതു പോലെ ഓരോ ഘട്ടത്തിലും ചരിത്രം അതാതു സ്ഥാപിത താല്പര്യങ്ങള്ക്കനുസരിച്ച് വസ്തുതകളെ വളച്ചൊടിക്കുകയോ തിരസ്കരിക്കുകയോ ചെയ്തുകൊണ്ടിരുന്നു. മിക്കവാറും അതു പെണ്ണിന്റെ കഥകളുമാണ്. അവയില്‍ ചിലതൊക്കെ പെറുക്കിയെടുത്ത് വിളക്കിചേര്‍ത്തു കാണിക്കുമ്പോള്‍, വലിയ വിമര്‍ശനങ്ങള്‍ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. പരമ്പരാഗത സങ്കല്‍പ്പങ്ങളെ പുനരെഴുതുമ്പോഴുണ്ടായേക്കാവുന്ന ആക്രമണങ്ങളും ചെറുതാവാന്‍ വഴിയില്ല.
ചരിത്രത്തിന്റെ സ്ത്രീപക്ഷ വായന എന്നു പറഞ്ഞല്ലോ. ഇതിലെ പ്രമേയം, ഉള്ളടക്കം സമകാലീനതയെ ഏതെല്ലാം വിധത്തില്‍ ബന്ധിപ്പിക്കുന്നു
പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ, ഈ പുസ്തകം ഒരു സമകാലീക വിഷയത്തെ നേരിട്ട് ചര്‍ച്ച ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ സമകാലീനതയുമായി ബന്ധിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ യാതൊരു ശ്രമവും ഇതിലില്ല. എന്നാല്‍ വ്യവസ്ഥിതികളോട് കലഹിച്ചുകൊണ്ട് പുതിയൊരു സമൂഹം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന യുവത എല്ലാകാലത്തും എന്നതുപോലെ ഇവിടെ ഈ നോവലിലും പ്രക്ഷോഭത്തിലാണ്. കാലത്തിനതീതമായി സ്വത്വബോധം അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെയും ഫ്യൂഡല്‍ ശക്തികളോട് പൊരുതി ജീവിക്കുന്ന സമൂഹത്തേയും ഇവിടെയും കാണാം.
ക്രിസ്തുവും ഛെ യും സമൂഹത്തിനു രണ്ടു വ്യത്യസ്ഥ ബിംബങ്ങളാണ്. എങ്ങനെയാണ് അവരെ സാദൃശ്യപ്പെടുത്തുന്നത്.
ക്രിസ്തുവിനെ ഞാന്‍ മനസ്സിലാക്കുന്നത് ഒരു മതസ്ഥാപകന്‍ എന്ന നിലയിലല്ല. അതിനപ്പുറം ഒരു കാലഘട്ടത്തില്‍ ആ സമുദായത്തില്‍ നിലനിന്നിരുന്ന പുരോഹിതാധീശത്തിനും അനീതികള്‍ക്കും എതിരെ പോരാടിയ ഒരു വിപ്ലവകാരിയായിട്ടാണ്. ബൈബിളും അതുമായി ബന്ധപ്പെട്ട മറ്റുഗ്രന്ഥങ്ങളും വായിക്കുമ്പോള്‍ തന്നെ നമുക്കത് കാണാനാവും. റോമന്‍ ഭരണത്തിന് കീഴില്‍ മതത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ പുരോഹിതവര്‍ഗ്ഗം നടത്തിയിരുന്ന കൊള്ളയും കൊലയും ഒക്കെ. ഇതിനെതിരെ ചമ്മട്ടിയെടുത്ത ക്രിസ്തുവാണ് ഇവിടെ എന്റെ ക്രിസ്തു. ആക്രമങ്ങളും അസമത്വങ്ങളും മാത്രം പ്രചരിപ്പിച്ച അന്നത്തെ മതമേലാളന്മാര്ക്കെതിരെ ക്രിസ്തു പൊരുതുമ്പോളൊക്കെയും അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ചൂഷണങ്ങള്‍ക്കെതിരെ ഗര്‍ജ്ജിക്കുന്ന ഛെഗുവേരയെ ഞാന്‍ കാണുന്നു. രണ്ടുപേരും സ്വന്തം ജനത്തിനുവേണ്ടി രക്തസാക്ഷികളായവര്‍.
പെണ്ണ് ചരിത്രത്തെ പുന:വായിക്കുമ്പോള്‍, വിമര്‍ശിക്കുന്നവരോടുള്ള വിശദീകരണം എന്താണ് .
സ്ത്രീയുടെ എഴുത്തിനെ അളക്കാന്‍ സമൂഹം ഇന്നും ചില പഴയ അളവുകോലുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പെണ്ണിന്റെ കിളികൊഞ്ചലുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇപ്പോഴും അധികമുള്ളത്. സ്ത്രീകള്‍ സാമൂഹിക പ്രസക്തിയുള്ള ആശയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലും അതിനു പരിധികള്‍ പരതുന്നു. ആക്ഷേപവും പുച്ഛവും വിതറുന്നു. എല്ലാ പുരുഷന്മാരും എന്നല്ല ഉദ്ദേശിച്ചത്. സ്ത്രീയുടെ സാമൂഹിക സമത്വം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു തലമുറ വികസിച്ചു വരുന്നു എന്നുള്ളത് ആശാവഹമാണ്. എന്നാല്‍ ഇപ്പൊഴും പുരുഷ കേന്ദ്രീകൃതമായി തുടരുന്ന നമ്മുടെ സമൂഹത്തില്‍, പുരുഷനും സ്ത്രീയുമടങ്ങുന്ന ഒരു വലിയ വിഭാഗം ഇന്നും ഇത്തരമൊരു മനോനില പിന്തുടരുന്നവര് തന്നെയാണ്. പക്ഷേ, ഒന്നു ചിന്തിക്കൂ, എനിക്കു ചുറ്റും ലോകം വേദനിക്കുമ്പോള്‍, അനാഥരുടെ നിലവിളികള്‍ ഉയരുമ്പോള്‍, അടിച്ചമര്‍ത്തപ്പെട്ട ജീവിതങ്ങള്‍ ഉരുകുമ്പോള്‍ എനിക്കെങ്ങനെയാണ് പ്രണയത്തെക്കുറിച്ചോ പൂക്കളെ കുറിച്ചോ മാത്രം എഴുതാനാവുന്നത്...? എന്റെ സഹജീവികള്‍ നേരിടുന്ന ദുരന്തങ്ങളെ കുറിച്ച് ഒരു വാക്ക് ശബ്ദിച്ചില്ലെങ്കില്‍ എങ്ങനെയാണ് ഞാനീ ഭൂമിയുടെ ഭാഗഭാക്കാവുന്നത്...? തീര്‍ച്ചയായും ലോകത്തിന് ഒരു പെണ്‍വശം ഉണ്ടായിരുന്നു. ബോധപൂര്‍വ്വം ശ്രദ്ധിക്കപ്പെടാതെ, പലയിടത്തായി ചിതറിച്ചു കളഞ്ഞ സമാന്തര നിരീക്ഷണങ്ങള്‍ അതു തെളിയിക്കുന്നുമുണ്ട്.
എന്തുകൊണ്ട് മഗ്ദലെന ? ആത്മാമ്ശം എത്രത്തോളം ഉള്‍പ്പെടുത്തിയിരിക്കുന്നു .
ചരിത്രത്താല്‍ തെറ്റി വരയ്ക്കപ്പെട്ട ഒരു പെണ്‍കഥാപാത്രമാണ് മഗ്ദലെന. പെണ്ണെന്ന മൌലിക സങ്കല്പത്തില് ഒതുക്കി അവതരിപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ ഔന്നിത്യവും ബൌദ്ധികതയും പുലര്‍ത്തിയിരുന്നത് കൊണ്ട് ബോധപൂര്‍വ്വം അവളെ തരംതാഴ്ത്തി കാണിച്ചിരിക്കുന്നു. ഇവിടെ മഗ്ദലെനയും ഞാനും തമ്മില്‍ സാദൃശ്യപ്പെട്ടിരിക്കുന്നു. സ്വന്തം സ്വത്വബോധത്തിലും സ്വാതന്ത്ര്യത്തിലും ജീവിക്കാന്‍ ശ്രമിച്ച്, സമൂഹത്തിനു മുന്നില്‍ ഒറ്റപ്പെട്ടുപോയ ഒരുപാട് സ്ത്രീകളുടെ പ്രതിനിധിയാണ് മഗ്ദലെന. അങ്ങനെ മഗ്ദലെന ഞാനാകുന്നു, നീയാകുന്നു. നോവലില്‍ ഒരു ഭാഗത്ത് ജെറുസലേം ദേവാലയത്തിന്റെ ഇടവഴിയിലൂടെ നടന്നു വന്ന് മ്ഗ്ദലെന എന്റെ ഹൃദയത്തിലേക്ക് അലിയുന്നുണ്ട്. മഗ്ദലെനയും ലക്ഷ്മിയും ഒരൊറ്റ സ്വത്വമാകുകയാണ് അവിടെ.
ആദ്യ കൃതിയായ അടിമവംശം അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നല്ലോ, ആ പുസ്തകത്തെ കുറിച്ച്.
വളരെ ചെറുപ്രായത്തില്‍ തന്നെ വായനയും എഴുത്തും എന്റെ കൂടെയുണ്ടായിരുന്നു. പുരോഗമന ചിന്തകളെയും സ്ത്രീയുടെ സ്വത്വബോധത്തെയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്ന എന്റെ കുടുംബ പശ്ചാത്തലം അതിനു സഹായകവുമായിരുന്നു. 17നും 23നും ഇടയിലുള്ള പ്രായത്തിലാണ് അടിമവംശം എന്ന പുസ്തകത്തിലെ എല്ലാ കഥകളും എഴുതിയിട്ടുള്ളത്. പഠിക്കുന്ന കാലത്തും പിന്നീട് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കാലങ്ങളിലും പരിചിതമായ സ്ത്രൈണ ജീവിത പരിസരങ്ങളാണ് ആ കഥകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീയുടെ വൈയക്തിക അനുഭവങ്ങളിലൂടെ അവളുടെ സാമൂഹികാവസ്ഥ വരച്ചു കാട്ടാനുള്ള ശ്രമങ്ങളാണവ.
ചെറുപ്രായത്തില്‍ തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ എത്തിപ്പെട്ടത് എങ്ങനെ.
മുന്‍പും പലയിടത്തും സൂചിപ്പിച്ചതു പോലെ, കമ്യൂണിസ്റ്റ് അനുഭാവമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. തോപ്പില്‍ ഭാസി, എം. എന്‍. ഗോവിന്ദന് നായര്‍, ശങ്കരനാരായണന് തമ്പി, തുടങ്ങിയ മുതിര്‍ന്ന നേതാക്കളൊക്കെ വീട്ടില്‍ വരുമായിരുന്നു. ചിലപ്പോള്‍ താമസിക്കുകയും ചെയ്തിരുന്നു. ചെറുപ്പം മുതലേ ഇവരുടെയൊക്കെ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും കണ്ടു വളര്‍ന്ന ഒരാളാണു ഞാന്‍. അവരോടു കഷ്ടതകള്‍ പറയാനെത്തുന്ന ആളുകളുടെ ദുരന്ത ദുരിത കഥകള്‍ എന്നെ വേദനിപ്പിച്ചിരുന്നു. എനിക്കു ചുറ്റിലും ചൂഷണം ചെയ്യപ്പെടുന്ന ഒരു വലിയ വിഭാഗം ഉണ്ടെന്നും അവരുടെ നീതിക്കു വേണ്ടി പോരാടണം എന്നും എനിക്ക് തോന്നിതുടങ്ങിയത് അങ്ങനെയാണ്.
ലൈംഗീക തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഒരു സ്ത്രീയുടെ പ്രവര്‍ത്തനം ഇക്കാലത്ത് പോലും വെല്ലുവിളികള്‍ മാത്രം നിറഞ്ഞതാണ്. എങ്ങനെയാണ് ഒരു ചെറുപ്പക്കാരിക്കു അക്കാലത്ത് അതു സാധിച്ചത് ? ആ അനുഭവങ്ങള്‍ ഒന്നു പങ്കു വയ്ക്കാമോ ? ആ പ്രവര്‍ത്തനങ്ങള്‍ എഴുത്തിനെ എങ്ങനെ സഹായിച്ചിട്ടുണ്ടോ.
ആ അനുഭവങ്ങള്‍ പറഞ്ഞാല്‍ തീരില്ല. നമ്മുടെ നാട്ടില്‍, ജീവിതത്തിന്റെ ദുരിതങ്ങളാണ് നല്ലൊരു ശതമാനം പേരെയും ഈ തൊഴിലില്‍ എത്തിക്കുന്നത്. വേശ്യകളെ സൃഷ്ടിക്കുന്ന ഈ സമൂഹം തന്നെ ഏറ്റവും നീചമായ രീതിയില്‍ അവളെ നോക്കികാണുന്നു. അവരുടെ മനുഷ്യാവകാശങ്ങള്‍ക്കും വിലയുണ്ടെന്ന് ഞാന്‍ വിശ്വസിച്ചു. അവരെയും അത് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അവരുടെ കേസുകളും അവര്‍ക്കുവേണ്ടിയുള്ള മറ്റ് നിയമപ്രവര്‍ത്തനങ്ങളും നടത്തി. പലപ്പോഴും സമൂഹം എന്നെയും കണ്ണുകള്‍ ചുളുപ്പിച്ചു നോക്കികൊണ്ടിരുന്നു. എന്നാല്‍ ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സോടെ, ആത്മധൈര്യത്തോടെയാണ് ഞാന്‍ ആ പ്രതിബന്ധങ്ങളെ നേരിട്ടത്. നൊമ്പരപ്പെടുത്തുന്ന എത്രയോ അനുഭവങ്ങള്‍. ഒരനുഭവം പറയാം. 25/26 വയസ്സു പ്രായമുള്ളപ്പോഴാണ്, ഒരിക്കല്‍, തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ വച്ച് ഒരു പോലീസുകാരന് ഒരു സ്ത്രീയെ വേശ്യയെന്നാരോപിച്ചു അടിക്കുന്നു. അവരുടെ കരച്ചില് എന്നെ ഉലച്ചു. ഒന്നും ആലോചിച്ചില്ല. ലാത്തിയില്‍ കയറിപ്പിടിച്ചു. വലിയ ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് അയാളെന്നെ അവരുടെ ‘പിമ്പ്’ എന്നു വിളിച്ചപ്പോള്‍ മനസ്സ് നുറുങ്ങി, പൊട്ടി കരയണമെന്നു തോന്നി. പക്ഷേ, കരഞ്ഞില്ല. വല്ലാത്തൊരു ആത്മധൈര്യമായിരുന്നു. നീതിക്കു വേണ്ടിയുള്ള ഇടപെടലുകള്‍ പലപ്പോഴും സാഹസികവും ഒറ്റപ്പെടുത്തപ്പെടുന്നതും ആയിരുന്നു. തീര്‍ച്ചയായും ഈ അനുഭവങ്ങള്‍ എന്റെ എഴുത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ആദ്യ കഥാസമാഹാരമായ അടിമവംശത്തില്‍.
ചെറുപ്പം മുതല്ക്കേ വായന ശീലം ഉള്ള ഒരാളാണല്ലോ. ‘പെണ് സുവിശേഷ’ രചനയ്ക്കായി ധാരാളം പുസ്തകങ്ങള്‍ വായിച്ചതായും പറഞ്ഞിട്ടുണ്ട്. സ്വാധീനിച്ച/ ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയാണ്? മലയാളത്തിലും മറ്റുഭാഷകളിലും.
എഴുത്തിലെ എന്റെ ഇഷ്ടങ്ങള്‍ മലയാളത്തിലേക്കു ഒതുക്കി നിര്‍ത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, ബഷീര്‍, ആനന്ദ്, ഓ. വി. വിജയന് എന്നിവരൊക്കെ എന്റെ ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ആണ്. മാധവിക്കുട്ടിയുടെ ശൈശവ നിഷ്കളങ്കതയോടെയുള്ള എഴുത്തുകളും സാറാ ജോസഫിന്റെ കൃതികളും എനിക്കിഷ്ടമാണ്. സ്വാധീനിച്ച എഴുത്തുകാരെ കുറിച്ചു പറയുമ്പോള്‍ അവര്‍ ദേസ്തവയെസ്കിയും കസാന്ത്സാകീസുമാണ്. എല്ലാ അര്‍ത്ഥത്തിലും, ഭാഷയെ ശുദ്ധീകരിച്ച് സ്വാംശീകരിച്ചയാളാണ് കസാന്ത്സാകീസ്. അങ്ങനോരാള്ക്കേ തന്റെ എഴുത്തില്‍ ഇത്രയും ദാര്‍ഡ്യവും ധൈര്യവും കൊണ്ടുവരാനാവൂ.
ദേസ്തവയെസ്കിയാണ് എന്റെ മനസ്സില്‍ ഇത്രയും അഗാധമായ സഹജഭാവം നിറച്ചതെന്ന് പറയാം. കുട്ടികാലത്ത് ഒരു ട്രയിന്‍ അപകടത്തില്‍ 100 പേര് മരിച്ചെന്നു കേട്ടാല്‍, “പാവങ്ങള്‍, മരിക്കുന്നതല്ലേ നല്ലത്…” എന്നു ചിന്തിച്ചിരുന്ന ഒരാളില്‍ നിന്ന്, ഒരു ഏറുമ്പിന്റെ ജീവന് പോലും, ജീവന്റെ ഓരോ കണികയ്ക്കും ഭൂമിയില്‍ അവരുടേതായ അവകാശങ്ങളുണ്ടെന്ന ബോധ്യത്തിലേക്ക് എന്നെ വളര്‍ത്തിയത് അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. വായന പോലെ എന്നെ വളര്‍ത്തിയ മറ്റൊന്നില്ല. രതി ദേവിയെന്ന എഴുത്തുകാരിയെ മാത്രമല്ല, മനുഷ്യാവകാശ പ്രവര്‍ത്തകയെ, വ്യക്തിയെ, രൂപപ്പെടുത്തിയത്, ദാറ്ഡ്യവും പക്വതയും പകര്‍ന്നത് പോലും വായനമാത്രമാണ്. ഒരുപാട് ആള്‍ക്കൂട്ടങ്ങളില്‍, സൌഹൃദങ്ങള്‍ക്കിടയില്‍ ഇടപെടുമ്പോഴും അതിനെക്കാളൊക്കെ എന്നും ഏറെ പ്രിയതരം എനിക്കു പുസ്തകങ്ങള്‍ തന്നെയാണ്.
ആദ്യ പുസ്തകത്തിന് ശേഷം ഇത്ര ദീര്‍ഘമായ ഒരു ഇടവേള
പറഞ്ഞു നിരുത്തിയതിന്റെ തുടര്ച്ചയാണതു. എഴുത്തുകാരിയാവണം എന്ന മോഹം എന്നില്‍ നിറച്ചത് എന്റെ വായനയാണ്. എന്നെ സ്വാധീനിച്ച ലോകോത്തര എഴുത്തുകാരെ പോലെ ഒരു മികച്ച സാഹിത്യകാരി ആവണമെന്ന് ഞാന്‍ സ്വപ്നം കണ്ടു. അതെന്റെ അമ്മയുടെ സ്വപ്നം കൂടിയായിരുന്നു. ധാരാളമായി എന്തൊക്കെയോ എഴുതുന്ന ഒരു ശരാശരി എഴുത്തുകാരി എന്നതിനേക്കാള്‍, ഏറ്റവും തൃപ്തമായ, മികച്ച ചിലത് എഴുതുക എന്നതായിരുന്നു എന്റെ ആഗ്രഹം. ആ ഒരു വലിയ യജ്ഞത്തിനായി എനിക്കു എന്നെ ഒരുക്കണമായിരുന്നു. അതിനായി ഊര്‍ജ്ജം സംഭരിക്കണമായിരുന്നു. ഈ പത്തു വര്‍ഷങ്ങള്‍ ഞാന്‍ എന്റെ പുസ്തകത്തിനായുള്ള അന്വേഷണങ്ങളിലും പഠനങ്ങളിലുമായിരുന്നു.
പുസ്തകത്തെ ചുറ്റി പറ്റി ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു
പുതിയ പുസ്തകങ്ങളെ പ്രതിയുള്ള വിവാദങ്ങളില്‍ പുതുമയില്ലല്ലോ. ആക്ഷേപങ്ങള്‍ ഉള്ളവര്‍ അവരുടെ ആരോപണങ്ങള്‍ തെളിയിക്കട്ടെ. അപ്പോള്‍ മറുപടി കൊടുക്കാം.